From Wikipedia, the free encyclopedia
വയലുകളും പറമ്പുകളും ചരൽപ്രദേശങ്ങളുമുൾപ്പെടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന പക്ഷിയാണ് പനങ്കാക്ക (Indian Roller).കർണ്ണാടക, തെലങ്കാന, ഒറീസ്സ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാനപക്ഷി കൂടിയാണ് പനങ്കാക്ക.
പനങ്കാക്ക | |
---|---|
An Indian Roller (ssp. benghalensis) from Bandhavgarh National Park, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Coraciidae |
Genus: | Coracias |
Species: | C. benghalensis |
Binomial name | |
Coracias benghalensis (Linnaeus, 1758) | |
Synonyms | |
Corvus benghalensis |
ഏകദേശം മാടപ്രാവിന്റെ വലിപ്പമുള്ള ഇവയുടെ ദേഹം തടിച്ചതും, തല വലിപ്പമുള്ളതും, വാൽ ചെറുതുമാണ്. പനങ്കാക്കയുടെ തല, കഴുത്ത്, ശരീരത്തിന്റെ മുകൾഭാഗം എന്നിവയ്ക്ക് തവിട്ട് നിറമാണ്. ചിറകുകളും ശരീരത്തിന്റെ അടിഭാഗവും ഇളം നീലനിറത്തിലാണ് കാണപ്പെടുന്നത്. പറക്കുന്ന സമയത്ത് ചിറകുകൾ കൂടുതൽ ഭംഗിയുള്ളതായി തോന്നും. ചിറകുകളിൽ തിളക്കമുള്ള കടും നീലയും കറുപ്പും ഇളംനീലയും കലർന്നുകിടക്കുന്നത് പക്ഷിക്ക് അസാധാരണമായ ഭംഗികൊടുക്കുന്നു. ചിറകുകളിൽ പ്രതേകിച്ചും രണ്ടുമൂന്നുതരം നീലയുണ്ട്. ഊതനിറവും ചിറകിൽ പ്രധാനമായ ഒരു ഛായാഭേദമാണ്. മുഖത്തും കഴുത്തിലും ചാരനിറവും ഊതയും കലർന്ന വരകളാണ് കാണുക. തവിട്ടു നിറമുള്ള മാറിടത്തിൽ നെടുനീളെ അനവധി വെള്ള വരകളുണ്ട്. വയറു നേർത്ത കാവി നിറവും അടിവയർ ഇളം നീലയുമാണ്. ഇതിന്റെ ശബ്ദം വളരെ പരുക്കനായ ‘ക്രോ- ക്രോ- കെ- കെ’ എന്നും മറ്റുമാണ്.
സാധാരണയായി ഈ പക്ഷി പനയുടെ പട്ടക്കൈകളിലും ടെലിഫോൺ കമ്പിത്തൂണുകളിലും വൈദ്യുതകമ്പികളിലും തലപോയ തെങ്ങ്, പന എന്നിവയുടെ മുകളിലും ഇരിക്കുന്നതായാണ് കാണുക. പനങ്കാക്ക തൻറെ ഇരിപ്പിടത്തിൽ കണ്ണിമ പൂട്ടാതെ ചുറ്റും നോക്കി കൊണ്ടേയിരിക്കും. ഏതെങ്കിലും ഒരു ചെറിയ ജീവി ശ്രദ്ധയിൽപ്പെട്ടാൽ മതി സാവധാനം താഴേക്ക് പറന്നു തുടങ്ങും. വലിയ ഇരയാണ് കിട്ടുന്നതെങ്കിൽ കല്ലിലോ മരത്തിലോ അടിച്ച് കൊന്നതിനു ശേഷമാണ് ഭക്ഷിക്കുക.
ഏപ്രിൽ മെയ് മാസങ്ങളിലാണ് ഇവ ഇണചേരുന്നത്. തലപോയ തെങ്ങോ പനയോ ഉണ്ടെങ്കിൽ തീർച്ചയായും അതിന്മേൽ മാത്രമേ കൂടുകെട്ടുകയുള്ളൂ. ഈ മരങ്ങളുടെ തലയ്ക്കൽ മഴവെള്ളം കെട്ടിനിന്നു ദ്രവിച്ചതുകാരണം ഒന്നുരണ്ടടി ആഴമുള്ള കുഴികളുണ്ടാവും. ഈ കുഴികളിൽ സ്വല്പം ചപ്പും പുല്ലും കൊണ്ടുചെന്നിട്ടാൽ പനങ്കാക്കയുടെ കൂടുകെട്ടൽ കഴിഞ്ഞു. പനയും തെങ്ങും കിട്ടിയിലേങ്കിൽ വൃക്ഷഭിത്തികളിലുള്ള പോടുകളും മരപൊത്തുകളും ഉപയോഗിക്കും.
പനങ്കാക്കയുടെ മുട്ടകൾ നല്ല തൂവെള്ളയാണ്. 4 – 5 വരെ മുട്ടകളാണ് ഓരോ തവണയും ഇടാറുള്ളത്. ഇവ വിരിഞ്ഞാൽ കണ്ണുകൂടി തുറക്കാത്ത വെറും മാംസപിണ്ഡങ്ങളാണ് പുറത്തുവരിക. ഈ കുഞ്ഞുങ്ങൾ വളരെ വേഗം വളരുന്നു. അവ പറന്നുതുടങ്ങുമ്പോൾ വലിയ പക്ഷികൾ അവയെ ഇലക്കൂട്ടങ്ങൾ യഥേഷ്ടമുള്ള വൃക്ഷങ്ങളിൽ കൊണ്ടുപോയി ഇരുത്തും. ഇങ്ങനെ ഒളിഞ്ഞിരിക്കുന്ന പനങ്കാക്കകുട്ടികളുടെ ശബ്ദം മുതിർന്നവയുടെ ശബ്ദം പോലെ അല്ല. ഈ പ്രതേക ശബ്ദം കേട്ടാൽ അല്ലാതെ പനങ്കാക്കയുടെ കുഞ്ഞുങ്ങളെ കണ്ടുപിടിക്കാൻ തുലോം വിഷമമാണ്. കുഞ്ഞുങ്ങൾ മുതിർന്നാൽ കുടുംബം പിരിഞ്ഞു ഒറ്റക്ക് ജീവിക്കുവാൻ തുടങ്ങും.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.