മദ്ധ്യേഷ്യയേയും ദക്ഷിണേഷ്യയേയും വേർതിരിക്കുന്ന പർവതനിരയാണ് ഹിന്ദുകുഷ്.[1] അഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്തു നിന്നും ആരംഭിച്ച് മദ്ധ്യഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഇത് വളരെ ചരിത്രപ്രാധാന്യമുള്ള ഒരു മലനിരയാണ്. ഇന്നത്തെ അഫ്ഗാനിസ്താനിൽ 2,50,000 ച മൈൽ[1] പ്രദേശത്ത് വ്യാപിച്ച് കിടക്കുന്ന ഈ മലനിരയുടെ ഭാഗങ്ങൾ പാകിസ്താന്റെ വടക്കുഭാഗത്തേക്കും കടന്നു നിൽക്കുന്നു. പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലെ ചിത്രാൽ മേഖലയിലുള്ള തിറിച്ച് മീർ ആണ്‌ ഹിന്ദു കുഷിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി. ഇതിന്റെ ഉയരം 7,708 മീറ്ററാണ്‌. പാമിറിന്റേയും കാരക്കോറത്തിന്റേയും ഏറ്റവും പടിഞ്ഞാറുള്ള തുടർച്ചയാണ്‌ ഹിന്ദുകുഷ് ഹിമാലയത്തിന്റെ ഭാഗമാണ്‌.

Thumb
ഹിന്ദുകുഷ്

അഫ്ഗാനിസ്താന്റെ വടക്കുകിഴക്കുള്ള ചൈന, പാകിസ്താൻ, താജ്കിസ്താൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ ഒന്നുചേരുന്നിടത്തുള്ള കാരക്കോറം മലനിരകളിൽ നിന്നു തുടങ്ങി, തെക്കുപടിഞ്ഞാറുഭാഗത്തേക്ക് നീണ്ടുകിടക്കുന്ന ഹിന്ദുക്കുഷ്, രാജ്യത്തിന്റെ മദ്ധ്യഭാഗത്തെ കുന്നിൻപ്രദേശങ്ങളിലൂടെ ഹെറാത്തിന്റെ വടക്കുകിഴക്കായി പാരോപാമിസസ് മലയായി ഹരി നദീതടത്തിൽ ചെന്നവസാനിക്കുന്നു. വ്യാപിച്ചു കിടക്കുന്നു. അഫ്ഗാനിസ്താന്റെ വടക്കും തെക്കും ഭാഗങ്ങളെ രണ്ടായി തിരിക്കുന്ന ഈ മലനിര, രാജ്യത്തിന്റെ കാലാവസ്ഥ, മണ്ണിന്റെ ഗുണനിലവാരം, ജലലഭ്യത, ഗതാഗത വാർത്താവിനിമയോപാധികളുടെ മാർഗ്ഗം തുടങ്ങിയവയൊക്കെ നിർണ്ണയിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു.[2][1] ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ജനവംശങ്ങളുടെ ഇപ്പോഴത്തെ മിശ്രണം നിർണ്ണയിക്കുന്നതിൽ ഈ മലനിരയുടെ പങ്ക് അസാമാന്യമാണ്. മദ്ധ്യേഷ്യയിൽ നിന്നുള്ള ആക്രമണോൽസുകരായ വിവിധ വർഗ്ഗക്കാരുടെ കടന്നുവരവിനെ തടഞ്ഞ് പടിഞ്ഞാറോട്ട് തിരിച്ചുവിട്ട്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറൻ മേഖലയെ സംരക്ഷിച്ചുനിർത്തുന്നതിൽ ഹിന്ദുകുഷ് വഹിച്ച പങ്ക് വളരെ വലുതാണ്.[1] പന്ത്രണ്ടാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയും യൂറോപ്പും വരെ ആക്രമിച്ചു തകർത്ത മംഗോളിയൻ മുന്നേറ്റത്തെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടക്കുന്നതിൽ നിന്നും തടുത്തുനിർത്തിയതിൽ ഹിന്ദുകുഷിന്റെ ഭൂമിശാസ്ത്രഘടന ഒരു പ്രധാനഘടകമാണ്. [3]

അഫ്ഗാനിസ്താന്റെ വടക്കുകിഴക്കു ഭാഗത്ത് ഹിന്ദുകുഷ്, 7000 മീറ്റർ ഉയരമുള്ളതാണ്‌. രാജ്യത്തിന്റെ മദ്ധ്യഭാഗത്തേക്കെത്തുന്തോറൂം ഉയരം കുറഞ്ഞു കുറഞ്നു വരുന്നു. കാബൂളിന്റെ തൊട്ടു പടിഞ്ഞാറുള്ള ഹിന്ദു കുഷിന്റെ ഭാഗമായ കുഹി ബാബ മലനിര 5000 മീറ്ററോളം ഉയരമുള്ളതാണ്‌. ഇവിടെ നിന്നാണ്‌ അഫ്ഗാനിസ്താനിലെ പ്രധാനപ്പെട്ട നദികളെല്ലാം ഉൽഭവിക്കുന്നത്. സൂർഖബ് അഥവാ ഖുണ്ഡസ്, ബാൽഖബ്, ഹരി റൂദ്, ഹിൽമന്ദ്, അർഘന്ദാബ്, കാബൂൾ തുടങ്ങിയവയാണ്‌ ഈ നദികൾ[2].

പേരുകൾ

പുരാതനനാമങ്ങൾ

Thumb
അഫ്ഗാനിസ്താന്റെ ഭൂമിശാസ്ത്രഭൂപടം

ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് ഇറാനികൾ, ഈ മലനിരയെ ഉപാരി സയേന (upari saena) എന്നാണ് വിളീച്ചിരുന്നത്. പരുന്തിനും മുകളിൽ എന്നാണ് ഉപാരി സയേന എന്ന വാക്കിനർത്ഥം. പരുന്തിനും പറക്കാനാകാത്ത ഉയരത്തിലുള്ള മലകൾ എന്നു വിവക്ഷ[2].

ബി.സി.ഇ. 330-ലെ അരിസ്റ്റോട്ടിലിന്റെ മീറ്റിയോറോളജിക്ക എന്ന ഗ്രന്ഥത്തിൽ ഹിന്ദുകുഷിനേയും ഹിമാലയത്തേയും ചേർത്ത് പാർനസോസ് എന്ന പേരിലാണ് പരാമർശിക്കുന്നത്. അലക്സാണ്ടറുടെ അധിനിവേശത്തിനു ശേഷം ഗ്രീക്കുകാർ പാർനസോസ് എന്നതിനു പകരം പാരോ പാമിസസ് എന്ന് മാറ്റി വിളിക്കുകയും ഈ പേര് ഹിന്ദുകുഷിന് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു[1].

അതുപോലെ ഈ മലനിരക്ക് തെക്കുകിഴക്കായുള്ള ഇന്നത്തെ കാബൂൾ ഉൾപ്പെടുന്ന സമതലമേഖലക്ക് ബി.സി.ഇ. ആദ്യ സഹസ്രാബ്ദത്തിൽ ഗ്രീക്കുകാർ വിളീച്ചിരുന്ന പേരാണ് പാരോപനിസഡേ (paropanisadae)/പാരോപമിസഡേ എന്നത്. ഇറാനിയൻ വാക്കായ പാരാ-ഉപാരിസയേന (ഉപാരിസയേനക്കപ്പുറത്തുള്ള ദേശം) എന്ന വാക്കിൽ നിന്നായിരിക്കണം പാരോപനിസഡേ എന്ന വാക്ക് വന്നതെന്ന് കരുതപ്പെടുന്നു. ഹിന്ദുക്കുഷിന്റെ പടിഞ്ഞാറേ അറ്റത്ത് ഹെറാത് നഗരത്തിന്റെ വടക്കും വടക്കുകിഴക്കുമായി അഫ്ഗാനിസ്താനെ തുർൿമെനിസ്താനുമായി വേർതിരിക്കുന്ന മലനിരയെ ഇന്നും പാശ്ചാത്യഭൂമിശാസ്ത്രജ്ഞർ പാരോപാമിസസ് നിരകൾ (paropamisus) എന്നാണ് വിളിക്കുന്നത്[2][1].

അലക്സാണ്ടറുടെ കാലശേഷം ചില എഴുത്തുകാർ ഈ മലനിരയെ കോക്കാസസ് എന്നും ഇന്ത്യൻ കോക്കാസസ് എന്നും വിളിച്ചിരുന്നു. ഗ്രീക്ക് ഐതിഹ്യങ്ങളിൽ ഭൂമിയുടെ അറ്റമായി കണക്കാക്കുന്ന മലയാണ് കോക്കാസസ്. അലക്സാണ്ടർ ഇതും മറികടന്നു എന്നു കാണിക്കത്തക്ക രീതിയിൽ അദ്ദേഹത്തെ പ്രസന്നനാക്കുന്നതിനായിരിക്കണം ഗ്രീക്ക് സൈനികർ ഈ മലനിരയെ കോക്കാസസ് എന്ന് വിളീച്ചത് എന്നു കരുതുന്നു[1]. അതുപോലെ കാബൂളിന് വടക്ക് ഈ മലനിരകൾക്കിടയിൽ അലക്സാണ്ടർ സ്ഥാപിച്ച നഗരം കോക്കാസസിലെ അലക്സാണ്ട്രിയ എന്നുമാണ് അറിയപ്പെട്ടിരുന്നത്.

ചൈനീസ് സഞ്ചാരിയായ ഷ്വാൻ സാങ്ങിന്റെ രേഖകളിൽ, ഹിന്ദുക്കുഷ് നിരകളെ പോളുവോക്സിന (poluoxina) എന്നാണ് പരാമർശിക്കുന്നത്[4]. ഇതും പുരാതന ഇറാനിയൻ നാമത്തോട് സാദൃശ്യം പുലർത്തുന്നതാണ്[2].

ഹിന്ദുകുഷ്

പതിനാലാം നൂറ്റാണ്ടിന്റെ ആദ്യത്തോടെയായിരിക്കണം ഈ മലനിരയെ ഹിന്ദുകുഷ് എന്നു വിളിക്കാൻ തുടങ്ങിയത്. ഹിന്ദുക്കളുടെ കൊലയാളി എന്നാണ് ഈ വാക്കിനർത്ഥം. 1334-ആമാണ്ടീൽ ഇവിടം സന്ദർശിച്ച, മൊറോക്കൻ സഞ്ചാരി ഇബ്ൻ ബത്തൂത്ത, ഇതിനെ ഹിന്ദുകുഷ് എന്നാണ്‌ പരാമർശിക്കുന്നത്. ഈ മലനിരകളിലെ കഠിനമായ തണുപ്പും, മഞ്ഞും നിമിത്തം, ഇന്ത്യയിൽ നിന്നും കൊണ്ടുവരുന്ന അടിമകൾ കൂട്ടത്തോടെ ഇവിടെ മരണമടയാറുണ്ടായിരുന്നു. ഹിന്ദുക്കളുടെ കൊലയാളി എന്ന് ഇതിനെ വിളിക്കാനുള്ള കാരണം ഇതാണെന്നാണ് ബത്തൂത്തയുടെ അഭിപ്രായം. എന്നാൽ ഹിന്ദുക്കളുടെ കൊലയാളി എന്നരീതിയിലുള്ള പേരിന്റെ ഉരുത്തിരിയൽ സംശയകരമാണ്. ഹിന്ദുമല എന്നർത്ഥമുള്ള ഹിന്ദു കുഹ് എന്ന വാക്കിന് മാറ്റം സംഭവിച്ചാണ് ഹിന്ദുകുഷ് ആയതെന്നും അഭിപ്രായമുണ്ട്.[2][1]

ചുരങ്ങൾ

Thumb
അഫ്ഘാനിസ്താനിലെ ചുരങ്ങൾ

കാബൂളിനു തൊട്ടുവടക്കായുള്ള മലകളാണ് യഥാർത്ഥത്തിൽ ഹിന്ദുകുഷ്. ഈ ഭാഗത്ത് മലനിരക്ക് വീതി കുറവാണ്. ഇവിടെയുള്ള നിരവധി ചുരങ്ങളിലൂടെ മലനിര മുറിച്ചുകടക്കാൻ സാധിക്കും. ഈ ചുരങ്ങളിലൊന്നിനെ സൂചിപ്പിക്കാനായിരിക്കണം ഹിന്ദുകുഷ് എന്ന പേര് ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്നു കരുതുന്നു. ഇവിടെയുള്ള 7 ചുരങ്ങളെക്കുറിച്ച് ബാബർ പരാമർശിക്കുന്നുണ്ട്[5][2]. ഹിന്ദുകുഷിനു കുറുകെയുള്ള പ്രധാനചുരം, സലാങ് ചുരവും തുരങ്കവുമാണ്. ഇത് മലയുടെ വടക്കുഭാഗത്തേയും, കാബൂൾ ഉൾപ്പെടുന്ന തെക്കുഭാഗത്തേയും യോജിപ്പിക്കുന്നു[2].

എന്നാൽ അലക്സാണ്ടറും ബാബറും പോലെയുള്ള പോരാളികൾ ഹിന്ദുകുഷ് കടന്നത്, താരതമ്യേന ഉയരമേറിയ ചുരങ്ങളിലൂടെയാണ്. മേഖലയിലെ വിഷമം പിടിച്ചതും താരതമ്യേന ഉയരത്തിലുള്ളതുമായ (11640 അടി) ഖവാക്ക് ചുരം വഴിയാണ് അലക്സാണ്ടർ ഹിന്ദുകുഷ് മുറിച്ചുകടന്നതെങ്കിൽ ക്വിപ്ചാക് ചുരം (13900 അടി) വഴിയാണ് ബാബർ ഹിന്ദുകുഷ് കടന്നത്.[6]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.