അമേരിക്കൻ വ്യവസായിയും സാമൂഹ്യ പ്രവർത്തകനും From Wikipedia, the free encyclopedia
ബിൽ ഗേറ്റ്സ് എന്നറിയപ്പെടുന്ന വില്യം ഹെൻറി ഗേറ്റ്സ് മൂന്നാമൻ (William Henry Gates III) (ജനനം: 28 ഒക്ടോബർ 1955)[2] പ്രശസ്തനായ ഒരു അമേരിക്കൻ വ്യവസായിയും സാമൂഹ്യപ്രവർത്തകനുമാണ്. ലോകത്തെ ഏറ്റവും വലിയ പേഴ്സണൽ കമ്പ്യൂട്ടർ സോഫ്റ്റ്വേർ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ സ്ഥാപകരിലൊരാളും നിലവിലെ ചെയ്ർമാനുമാണ്. ഒന്നര പതിറ്റാണ്ടോളമായി ലോകത്തെ ധനികരുടെ പട്ടികയിൽ മൂൻനിരയിലുള്ള[3] ഗേറ്റ്സ് 1995 മൂതൽ 2009 വരെയുള്ള കാലയളവിൽ, 2008 ഒഴികെയുള്ള വർഷങ്ങളിൽ ലോകത്തെ ഏറ്റവും വലിയ ധനികനായിരുന്നു.[4] 2011-ൽ ഏറ്റവും ധനികനായ അമേരിക്കക്കാരനും ലോകത്തെ രണ്ടാം സ്ഥാനക്കാരനുമായിരുന്നു.[5][6] മൈക്രോസോഫ്റ്റിൽ സി.ഇ.ഒ., മുഖ്യ സോഫ്റ്റ്വേർ രൂപകൽപകൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്ന അദ്ദേഹം ഇപ്പോൾ കമ്പനിയുടെ അദ്ധ്യക്ഷനാണ്. കൂടാതെ കമ്പനിയുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയുമാണ് (6.4%).[7] നിരവധി പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ബിൽ ഗേറ്റ്സ്.
വില്യം ഹെൻറി ഗേറ്റ്സ് III | |
---|---|
Bill Gates | |
ജനനം | സിയാറ്റിൽ, വാഷിങ്ടൺ, യു.എസ്.ഏ | ഒക്ടോബർ 28, 1955
കലാലയം | |
തൊഴിൽ | മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ കോ-ചെയർമാൻ |
തൊഴിലുടമ | |
Net worth | 6100 കോടി ഡോളർ (2012)[1] |
ജീവിതപങ്കാളി(കൾ) | മെലിൻഡ ഗേറ്റ്സ് (1994-ഇതുവരെ) |
കുട്ടികൾ | മൂന്ന് |
പുരസ്കാരങ്ങൾ |
|
വെബ്സൈറ്റ് | മൈക്രോസോഫ്റ്റ് കോർപ്പറേഷൻ ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ |
Signature | |
പെഴ്സണൽ കമ്പ്യൂട്ടർ വിപ്ലവത്തിന് തുടക്കം കുറിക്കുകയും അതിന്റെ വളർച്ചയിൽ അവിഭാജ്യഘടകമാകുകയും ചെയത മൈക്രോസോഫ്റ്റ്, ബിൽ ഗേറ്റ്സും പോൾ അലനും ചേർന്നാണ് സ്ഥാപിച്ചത്. മൈക്രോസോഫ്റ്റിന്റെ മേധാവിയായിരിക്കുമ്പോൾ, മൽസരക്ഷമമല്ലാത്ത സ്ഥിതി സൃഷ്ടിക്കുന്ന കച്ചവടതന്ത്രങ്ങളുടെ പേരിൽ, ബിൽഗേറ്റ്സ് ഏറെ വിമർശിക്കപ്പെട്ടിട്ടുണ്ട്. പിൽക്കാലത്ത് നിരവധി സാമൂഹ്യപ്രവർത്തനരംഗങ്ങളിൽ ഗേറ്റ്സ് പങ്കുകൊള്ളുന്നു. 2000-ത്തിൽ ബിൽ ഗേറ്റ്സും ഭാര്യ മെലിൻഡയും ചേർന്ന് രൂപം നൽകിയ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനിലൂടെ വിവിധ സന്നദ്ധ-ശാസ്ത്രഗവേഷണസ്ഥാപനങ്ങൾക്ക് വൻതുകകൾ സംഭാവന നൽകുന്നു.
അമേരിക്കയിലെ സിയാറ്റിലിൽ ഹെൻറി ഗേറ്റ്സ് സീനിയർ, മേരി മാക്സ്വെൽ എന്നിവരുടെ മകനായി 1955-ൽ ബിൽ ഗേറ്റ്സ് ജനിച്ചു. പിതാവ് ഒരു പ്രമുഖനായ വക്കീൽ ആയിരുന്നു. മാതാവ്, ഫസ്റ്റ് ഇന്റർസ്റ്റേറ്റ് ബാങ്ക് സിസ്റ്റം, യുണൈറ്റെഡ് വേ എന്നിവയിൽ ഡയറക്ടർ ബോർഡംഗമായിരുന്നു. അമ്മയുടെ പിതാവ് ജെ.ഡബ്ല്യു മാക്സ്വെൽ ഒരു നാഷനൽ ബാങ്കിന്റെ പ്രസിഡൻഡുമായിരുന്നു. ബിൽ ഗേറ്റ്സിനെ ഒരു വക്കീലാക്കുവാനായിരുന്നു അവർക്ക് ആഗ്രഹം.[8]
13- വയസിൽ അദ്ദേഹം സിയാറ്റിലിലെ ലേക്സൈഡ് സ്കൂളിൽ ചേർന്നു.[9] ഗ്രേഡ് 8-ൽ ആയിരുന്നപ്പോൾ സ്കൂളിലെ മദേഴ്സ് ക്ലബ് കുട്ടികൾക്കായി ഒരു എ.എസ്.ആർ. ടെലിടൈപ് ടെർമിനലും ഒരു ജി.ഇ. കംപ്യൂട്ടർ ഉപയോഗിക്കാനുള്ള ടൈം സ്ലോട്ടും വാങ്ങി.[10] ഈ കമ്പ്യൂട്ടറിനായി ബേസിക് ഭാഷയിൽ പ്രോഗ്രാമുകൾ തയ്യാറാക്കുന്നതിൽ ഗേറ്റ്സ് തൽപരനായി. അദ്ദേഹത്തിന്റെ താൽപര്യം മാനിച്ച് ഗണിതക്ലാസുകളിൽ നിന്നും വിട്ടുനിൽക്കുന്നതിന് അദ്ദേഹത്തെ അനുവദിക്കുകയും ചെയ്തു. ആളുകൾക്ക് കമ്പ്യൂട്ടറുമായി ടിക്-ടാക്-ടോ കളിക്കാനുതകുന്ന ഒരു പ്രോഗ്രാമായിരുന്നു ആദ്യമായി ഗേറ്റ്സ് ഇതിൽ വികസിപ്പിച്ചത്. നിർദ്ദേശങ്ങൾ കൃത്യമായി പ്രാവർത്തികമാക്കാനുള്ള ഈ യന്ത്രത്തിന്റെ കഴിവ് ഗേറ്റ്സിനെ അതിലേക്ക് അത്യാകർഷിതനാക്കി.
മദേഴ്സ് ക്ലബ് സംഭാവനകൾ മുഴുവൻ തീർന്നപ്പോൾ ഗേറ്റ്സ്, പോൾ അലൻ, റിക് വീലാൻഡ്, കെന്റ് ഇവാൻസ് എന്നീ നാല് ലേക്സൈഡ് വിദ്യാർത്ഥികൾ ഡി.ഇ.സി. പി.ഡി.പി. മിനി കമ്പ്യൂട്ടർ പോലെയുള്ള കമ്പ്യൂട്ടറുകൾ കണ്ടെത്തി ഉപയോഗിക്കാനാരംഭിച്ചു. ഇക്കാലത്ത്, കമ്പ്യൂട്ടർ സെന്റർ കോർപ്പറേഷന്റെ ഒരു പി.ഡി.പി-10 കമ്പ്യൂട്ടറിലെ ഓപറേറ്റിംഗ് സിസ്റ്റത്തിലെ തകരാറുകൾ മുതലെടുത്ത്, അനുവദിച്ചതിലും കൂടുതൽ കമ്പ്യൂട്ടർ സമയം ചിലവഴിച്ചതിനാൽ, ഒരു വേനൽക്കാലം മുഴുവൻ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിൽ ഈ വിദ്യാർത്ഥികൾ വിലക്കപ്പെടുകയും ചെയ്തു.[11] വിലക്ക് ഒഴിവാക്കപ്പെട്ടപ്പോൾ നാലു വിദ്യാർത്ഥികളും കമ്പ്യൂട്ടർ സമയത്തിന് പകരമായി സി.സി.സി യുടെ സോഫ്റ്റ്വയറിലെ തകരാരുകൾ കണ്ടുപിടിച്ചു തരാം എന്ന ഒരു ധാരണയിലെത്തി. ടെലിടൈപ്പ് ടെർമിനൽ ഉപയോഗിക്കുന്നതിനു പകരം, ഗേറ്റ്സ് നേരിട്ട് സി.സി.സി. കാര്യാലയത്തിലെത്തി അവിടത്തെ കമ്പ്യൂട്ടറുകളിൽ ഓടിയിരുന്ന വിവിധ ഭാഷകളിലുള്ള സോഫ്റ്റ്വയർ സോഴ്സ് കോഡുകൾ പഠിക്കുകയും ചെയ്തു. 1970-ൽ സി.സി.സി. പ്രവർത്തനം നിർത്തുന്നതുവരെയും ഈ രീതി തുടർന്നു.
അടുത്ത വർഷം ഇൻഫൊർമെഷൻ സയൻസ് ഇൻകോർപ്പറേറ്റഡ് ഈ നാലു വിദ്യർത്ഥികളെയും കോബോൾ ഭാഷയിൽ, ഒരു പേ-റോൾ പ്രോഗ്രം എഴുതുവാൻ സമീപീച്ചു. പ്രതിഫലം ആയി കമ്പ്യൂട്ടർ സമയവും പണവും വാഗ്ദാനം ചെയ്തു. സ്കൂൾ അധികാരികൾക്ക് ഗേറ്റ്സിന്റെ പ്രോഗ്രാമിങ് കഴിവുകൾ മനസ്സിലായതിനെത്തുടർന്ന് ക്ലാസുകളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്താനുള്ള ഒരു പ്രോഗ്രാം എഴുതിച്ചു. തന്നെ കൂടുതൽ പെൺകുട്ടികൾ ഉള്ള ക്ലാസിൽ ഉൾപ്പെടുത്തുന്ന രീതിയിൽ അദ്ദേഹം പ്രൊഗ്രാമിൽ വ്യതിയാനങ്ങൾ വരുത്തി. 17- ആം വയസിൽ അദ്ദേഹം പോൾ അലനുമായി ചേർന്ന് ട്രാഫ്-ഒ- ഡാറ്റ എന്ന ഒരു സംരംഭം ആരംഭിച്ചു. ഇന്റൽ 8008 പ്രോസ്സസർ അടിസ്ഥാനമാക്കിയുള്ള ട്രാഫിക് കൗണ്ടറുകളാണ് ഈ സ്ഥാപനത്തീലൂടെ നിർമ്മിച്ചത്.[12] 1973-ന്റെ തുടക്കത്തിൽ യു.എസ്. പ്രതിനിധിസഭയിൽ കോൺഗ്രഷണൽ പേജ് ആയും ഗേറ്റ്സ് ജോലി നോക്കിയിരുന്നു.[13]
1973-ൽ ലേക്സൈഡ് സ്കൂളിൽ നിന്നും ബിൽ ഗേറ്റ്സ് ബിരുദം നേടി. ബിരുദത്തിന്റെ സാറ്റ് നിലവാരത്തിൽ 1600-ൽ 1590 മാർക്ക് അദ്ദേഹത്തിന് ലഭിച്ചിരുന്നു.[14] തുടർന്ന് ഹാർവാർഡ് കോളജിൽ ചേർന്നു.[15] ഹാർവാർഡിൽ വച്ചാണ് അദ്ദേഹം ഭാവി ബിസിനസ് പങ്കാളിയായ സ്റ്റീവ് ബാമറെ കണ്ടുമുട്ടിയത്. (പിൽക്കാലത്ത് ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം ബാമറെയാണ് ആ സ്ഥാനത്ത് നിയോഗിച്ചത്.)
ഹാർവാഡിലെ രണ്ടാംവർഷം, അദ്ദേഹത്തിന്റെ പ്രൊഫസർമാരിലൊരാളായ ഹാരി ലൂയിസിന്റെ കോംബിനടോറിക്സ് പാഠത്തിലെ നിർദ്ധാരണം ചെയ്യപ്പെടാത്ത പ്രശ്നങ്ങളുടെ ശ്രേണിക്ക് പരിഹാരമായി ഒരു പാൻകേക്ക് സോർട്ടിങ് അൽഗരിതം ബിൽ ഗേറ്റ്സ് വിഭാവനം ചെയ്തു.[16] ഗേറ്റ്സിന്റെ ഈ പരിഹാരരീതി 30 വർഷത്തിലധികം ഏറ്റവും വേഗതയേറിയ രീതിയായി നിലനിന്നു.[16][17] അതിനെ തുടർന്നുവന്ന പരിഹാരരീതി അതിനേക്കാൾ 1 ശതമാനം മാത്രം വേഗതയേറിയതായിരുന്നു.[16] ഹാർവാഡിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനായിരുന്ന ക്രിസ്റ്റോസ് പപാദിമിത്ര്യൂവിനൊപ്പം ചേർന്ന് അദ്ദേഹം തന്റെ പ്രശ്നപരിഹാരരീതിയെ ഔദ്യോഗികപ്രബന്ധമായി പ്രസിദ്ധികരിച്ചു.[18]
ഹാർവാഡിലെ പഠനകാലത്ത് ഗേറ്റ്സിന് പ്രത്യേക പഠനപദ്ധതികളൊന്നുംതന്നെ ഉണ്ടായിരുന്നില്ല.[19] അധികസമയവും അദ്ദേഹം സ്കൂളിന്റെ കമ്പ്യൂട്ടറിൽ ചിലവഴിച്ചു. 1974-ൽ ഹണിവെല്ലിൽ പ്രോഗ്രാമറായി ജോലി നോക്കിയിരുന്ന പോൾ അല്ലനുമായി, ബിൽ ഗേറ്റ്സ് സുഹൃദ്ബന്ധം നിലനിർത്തിയിരുന്നു.[20] അടുത്ത വർഷം, ഇന്റൽ 8080 സി.പി.യു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സ് (മൈക്രോ ഇൻസ്റ്റ്റുമെന്റേഷൻ ഏൻഡ് ടെലിമെട്രി സിസ്റ്റംസ്) ആൾട്ടെയർ 8800 പുറത്തിറങ്ങി. ഗേറ്റ്സും അലനും ഇത് ഒരു സോഫ്റ്റ്വെയർ കമ്പനി തുടങ്ങാനുള്ള അവസരമായി കണ്ടു.[21] ഈ തീരുമാനം മാതാപിതാക്കളെ അദ്ദേഹം അറിയിച്ചു, അവരും ഇതിനു അനുകൂലമായിരുന്നു.[19]
പോപുലർ ഇലക്ട്രോണിക്സിന്റെ ജനുവരി 1975-ലെ ലക്കത്തിൽ ഗേറ്റ്സ് ഓൾട്ടെയർ 8800 മൈക്രോകമ്പ്യൂട്ടർ പുറത്തിറങ്ങിയതുമായി ബന്ധപ്പെട്ട ഒരു ലേഖനം കണ്ടതിനെത്തുടർന്ന് ബിൽഗേറ്റ്സ് കമ്പ്യൂട്ടർ നിർമ്മാതക്കളായ മിറ്റ്സുമായി (മൈക്രോ ഇൻസ്റ്റ്റുമെന്റേഷൻ ഏൻഡ് ടെലിമെട്രി സിസ്റ്റംസ്) ബന്ധപ്പെടുകയും താനും കൂട്ടരും ഈ പ്ലാറ്റ്ഫോമിനായി ഒരു ബേസിക് ഇറ്റർപ്രെട്ടർ നിർമ്മിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു.[22] എന്നാൽ ഈ സമയത്ത് ഗേറ്റ്സിന്റെയും അല്ലന്റെയും കൈവശം ഓൾട്ടെയർ കമ്പ്യൂട്ടർ ഇല്ലായിരുന്നു എന്നു മാത്രമല്ല അതിനായി പ്രോഗ്രാമും തയ്യാറാക്കിയിരുന്നുമില്ല. മിറ്റ്സിന്റെ ഇക്കാര്യത്തിലുള്ള താൽപര്യം അറിയുക എന്നതുമാത്രമായിരുന്നു അപ്പോഴത്തെ ലക്ഷ്യം. എന്നാൽ മിറ്റ്സ് കമ്പനിയുടെ പ്രസിഡണ്ടായിരുന്ന എഡ് റോബർട്ടസ് അവരെ ഒരു പ്രദർശനത്തിനായി ക്ഷണിച്ചു. എതാനും ആഴ്ച്ച കൊണ്ട് അവർ ഒരു മിനികമ്പ്യൂട്ടറിൽ ഓടുന്ന ഒരു ഓൾട്ടെയർ എമുലേറ്ററും തുടർന്ന് ഒരു ബേസിക് ഇറ്റർപ്രട്ടറും വികസിപ്പിച്ചു. ആൽബുക്കർക്കിയിലെ മിറ്റ്സ് ആസ്ഥാനത്തു നടന്ന പ്രദർശനം ഒരു വിജയമായിരുന്നു, അവരുടെ ഇറ്റർപ്രെട്ടർ, ഓൾട്ടെയർ ബേസിക്ക് എന്ന നാമത്തിൽ വിതരണം ചെയ്യാൻ കരാറിലെത്തി. ഇതോടൊപ്പം പോൾ അലനെ മിറ്റ്സിൽ ജോലിക്കെടുക്കുകയും ചെയ്തു.[23] 1975 നവംബറിൽ ഗേറ്റ്സ് ഹാർവാർഡിൽ നിന്നും അവധി എടുത്ത് പോൾ അലനൊടൊപ്പം ജോലിചെയ്യാൻ ചേർന്നു, അവർ മൈക്രോ-സോഫ്റ്റ് (Micro-Soft) എന്ന നാമത്തിൽ ആൽബുക്കർക്കിയിൽ ഒരു ഓഫീസ് തുടങ്ങി.[23] ഒരു വർഷത്തിനകം, പേരിനിടയിലെ ഹൈഫൻ ഒഴിവാക്കി. 1976-നവംബർ 26-ന് "മൈക്രോസോഫ്റ്റ്" എന്ന വ്യാപാരനാമം ന്യൂ മെക്സിക്കോ സംസ്ഥാനത്തിലെ സ്റ്റേറ്റ് സെക്രട്ടറിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തു.[23]
കമ്പ്യൂട്ടർ ഹോബിയിസ്റ്റുകൾക്കിടയിൽ മൈക്രോസോഫ്റ്റിന്റെ ബേസിക് വളരെ പ്രശസ്തമായിരുന്നു. ഇതിന്റെ മാർക്കറ്റിലിറക്കുന്നതിനുമുമ്പ് ചോർന്ന ഒരു വ്യാജപതിപ്പ് പരക്കെ വിതരണം ചെയ്യപ്പെടുകയും ഉപയോഗിക്കപ്പെടുന്നുമുണ്ടെന്നും ബിൽ ഗേറ്റ്സ് മനസ്സിലാക്കി. 1976 ഫെബ്രുവരിയിൽ അദ്ദേഹം ഹോബിയിസ്റ്റുകൾക്ക് മിറ്റ്സ് ന്യുസ് ലെറ്ററിൽ ഒരു തുറന്ന കത്ത് എഴുതി. പ്രതിഫലം ഇല്ലാതെ ഉയർന്ന നിലവാരം ഉള്ള സോഫ്റ്റ്വയർ നിർമ്മിക്കുവാനും, വിതരണം ചെയ്യാനും മിറ്റ്സിനു കഴിയില്ലെന്ന് അദ്ദേഹം ഈ കത്തിൽ സൂചിപ്പിച്ചു.[24] മിക്കവാറും ഹോബിയിസ്റ്റുകളുടെ അസംതൃപ്തിക്ക് ഇത് ഇടയാക്കിയെങ്കിലും സോഫ്റ്റ്വയർ ഡെവലപ്പർമാർ പ്രതിഫലം ആവശ്യപ്പെടാൻ സാധിക്കണം എന്ന വിശ്വാസത്തിൽത്തന്നെ ഗേറ്റ്സ് തുടർന്നു. 1976-ന്റെ അവസാനം, മൈക്രോസോഫ്റ്റ് മിറ്റ്സിൽനിന്നും സ്വതന്ത്രമാകുകയും വിവിധ കമ്പ്യൂട്ടറുകൾക്കായി പ്രൊഗ്രാമിംഗ് ഭാഷാ സോഫ്റ്റ്വയറുകൾ നിർമ്മിക്കുന്നത് തുടരുകയും ചെയ്തു.[23] 1979 ജനുവരി 1-നു കമ്പനി ആസ്ഥാനം ആൽബുക്കർക്കിയിൽ നിന്നും വാഷിങ്ടണിലെ ബെല്ലിവ് (Bellevue), എന്ന സ്ഥലത്തേക്കു മാറ്റി.[22]
മൈക്രോസോഫ്റ്റിന്റെ ആദ്യവർഷങ്ങളിൽ എല്ലാ ജീവനക്കാർക്കും കമ്പനി ബിസിനസിൽ വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നു. കച്ചവടകാര്യങ്ങളുടെ മേൽനോട്ടത്തിനൊപ്പം പ്രോഗ്രാമുകൾ എഴുതുകയും ഗേറ്റ്സ് ചെയ്തിരുന്നു. ആദ്യ 5 വർഷത്തിൽ കമ്പനി പുറത്തിറക്കിയ എല്ലാ സോഫ്റ്റ്വെയറിന്റെയും ഓരോ വരിയും ഗേറ്റ്സ് പരിശോധിക്കയും ഉചിതമെന്നു തോന്നുന്ന രീതിയിൽ മാറ്റി എഴുതുകയും ചെയ്തിരുന്നു.[25]
1980-ൽ പുതിയതായി പുറത്തിറക്കാൻ പോകുന്ന ഐ.ബി.എം. പി.സി. എന്ന പേഴ്സനൽ കംപ്യൂട്ടറിൽ ഉൾപ്പെടുത്താനായി, ഒരു ബേസിക് ഇറ്റർപ്രെട്ടർ വികസിപ്പിക്കാനായി ഐ.ബി.എം. മൈക്രോസോഫ്റ്റിനെ സമീപിച്ചു.[26] ഐ.ബി.എം. വക്താക്കൾ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വേണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ, അക്കാലത്ത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന സി.പി/എം (CP/M) ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിർമ്മാതാക്കളായ ഡിജിറ്റൽ റിസർച്ചിനെ (ഡി.ആർ.ഐ.) ഗേറ്റ്സ് അവർക്ക് നിർദ്ദേശിച്ചു.[27] എന്നാൽ ഐ.ബി.എമ്മും ഡി.ആർ.ഐയും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. തുടർന്നു ഐ.ബി.എം. വക്താവായ ജാക്ക് സാംസ്, ഗേറ്റ്സിനെ സമീപിച്ച് ലൈസൻസിങ്ങ് ഉടമ്പടി സംബന്ധമായ പ്രശ്നത്തെപ്പറ്റി അറിയിക്കുകയും ആയതിനാൽ സ്വീകാര്യമായ ഒരു ഓപ്പറേറ്റിങ് സിസ്റ്റം വേണം എന്നും ആവശ്യപ്പെട്ടു. സിയാറ്റിൽ കമ്പ്യൂട്ടർ പ്രോഡക്റ്റ്സിലെ (എസ്.സി.പി.) ടിം പാറ്റേഴ്സൺ, ഐ.ബി.എം. പി.സിക്ക് സമാനമായ ഹാർഡ്വെയറിനു വേണ്ടി നിർമ്മിച്ചതും സി.പി./എം സദൃശ്യവുമായ 86-ഡോസ് (ക്യു-ഡോസ്) എന്ന ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കാമെന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ ഗേറ്റ്സ് ഐ.ബി.എമ്മിനെ അറിയിച്ചു. ഇതിനകം മൈക്രോസോഫ്റ്റ് എസ്.സി.പിയുമായി ഒരു കരാറിലെത്തുകയും 86-ഡോസിന്റെ സമ്പൂർണ്ണമായ വിതരണാവകാശം പിന്നീട് മുഴുവൻ ഉടമസ്ഥാവകാശവും സ്വന്തമാക്കി. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ഐ.ബി.എം. പി.സിക്കായി വേണ്ട മാറ്റങ്ങൾ വരുത്തിയതിനു ശേഷം പി.സി.-ഡോസ് എന്ന പേരിൽ ഒറ്റത്തവണവിലയായ 50,000 ഡോളറിന് ഐ.ബി.എമ്മിന് നൽകുകയും ചെയ്തു.[28]
മറ്റു ഹാർഡ്വെയർ നിർമ്മാതാക്കൾ, ഐ.ബി.എം. പി.സിയുടെ പകർപ്പുകൾ ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽക്കണ്ട ഗേറ്റ്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പകർപ്പവകാശം ഐ.ബി.എമ്മിന് നൽകിയിരുന്നില്ല.[28] സംഭവിച്ചത് അതുതന്നെയായിരുന്നു, ഐ.ബി.എം. പിസിയുടെ പകർപ്പുകൾ നിർമ്മിച്ച വിവിധ ഹാർഡ്വെയർ നിർമ്മാതാക്കൾക്കായുള്ള എം.എസ്-ഡോസിന്റെ വൻ വില്പ്പന, മൈക്രൊസൊഫ്റ്റിനെ, പേഴ്സനൽ കംപ്യൂട്ടർ സോഫ്റ്റ്വെയർ വിപണിയിലെ ഒരു പ്രധാനിയാക്കി മാറ്റി.[29] ഐ.ബി.എമ്മിന്റെ പേര് ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പമുണ്ടായിരുന്നെങ്കിലും പുതിയ കമ്പ്യൂട്ടറിന്റെ പിന്നിലെ മൈക്രോസോഫ്റ്റിന്റെ പ്രാധാന്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞു. ഗേറ്റസാണോ "ഈ യന്ത്രത്തിനു പുറകിലെ സൂത്രധാരൻ?" എന്നുവരെ "പി.സി. മാഗസിൻ" എഴുതി.[26] 1981 ജൂൺ 25-ന് മൈക്രോസോഫ്റ്റ് പുനഃസംഘടിപ്പിച്ചപ്പോൾ അതിന്റെ മേൽനോട്ടം ഗേറ്റ്സിനായിരുന്നു. കമ്പനി വാഷിങ്ടൺ സംസ്ഥാനത്ത് പുതുക്കി രജിസ്റ്റർ ചെയ്യുകയും ബിൽ ഗേറ്റ്സ് അതിന്റെ പ്രസിഡൻഡായൂം ബോർഡ് അദ്ധ്യക്ഷനായും മാറി.[22]
മൈക്രോസോഫ്റ്റിന്റെ പുനരുദ്ധാരണം 1981, ജൂൺ 25-നു നടന്നു, വാഷിങ്ടണിൽ ഇൻകോർപ്പറേറ്റ് ചെയ്ത്, ബിൽ ഗേറ്റ്സ് പ്രസിഡന്റും, ബോർഡ് ചെയർമാനുമായി സ്ഥാനം എറ്റെടുത്തു. 1985 നവംബർ 20-ന് മൈക്രോസോഫ്റ്റ് വിൻഡോസ് പുറത്തിറക്കി. ഐ.ബി.എമ്മുമായി ചേർന്ന് ഓ ഏസ് 2 എന്ന ഓപറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി, ഓ ഏസ് 2 തുടക്കത്തിൽ നല്ല വിജയമായിരുന്നെങ്കിലും ഐ.ബി.എമ്മുമായുള്ള അഭിപ്രായവ്യത്യാസങ്ങളാൽ 1991 മേയ് 16-ന് മൈക്രോസോഫ്റ്റ് ഈ സംരംഭത്തിൽനിന്നും പിന്മാറി വിൻഡോസ് എൻ.ടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.