From Wikipedia, the free encyclopedia
അസ്ഥിമത്സ്യങ്ങളിലെ ഒരു പ്രധാനവിഭാഗമായ ടെലിയോസ്റ്റിയൈ (Teleosteii)യിലെ ഒരു ഗോത്രമാണ് അക്കാന്തോപ്ടെറിജിയൈ.[1] അക്കാന്തോപ്ടെറി (Acanthoptery),[2] പെർക്കോമോർഫി ( Percomorphi) എന്നീ പേരുകളും ഇതിനുണ്ട്.[3]കശേരുകികളിലെ ഏറ്റവും വലിയ ഗോത്രമാണിത്; ഭൂരിപക്ഷവും കടൽമത്സ്യങ്ങളാണ്. ഇവയെ മൊത്തത്തിൽ മുള്ളുകളുള്ള റേകളോടുകൂടിയ (spiny- rayed) മത്സ്യങ്ങളെന്നു പറയാം. പത്ര(fins)ങ്ങളിൽ മുള്ളുകൾ കാണപ്പെടുന്നു. പൃഷ്ട-ഗുദ-അധരപത്രങ്ങളുടെ അഗ്രറേകൾ തമ്മിൽ കൂടിച്ചേരാതെ മുള്ളുകളായി തീരുന്നു. ഇവ ഈ പത്രങ്ങളിൽ അവിടവിടെ അല്പം വെളിയിലേക്കു തള്ളിനില്ക്കാറുണ്ട്. ശ്രോണീപത്രം സാധാരണ കാണാറില്ല. ശ്രോണീപത്രമുള്ള മത്സ്യങ്ങളിൽ അവ വക്ഷോഭാഗത്തോ ഗളഭാഗത്തോ (thoracic) ആണ് കാണപ്പെടുക. ശ്രോണീമേഖല (pelvic girdle) അല്പം മുന്നോട്ടു നീങ്ങി ക്ളൈത്ര (clithrum)വുമായി ബന്ധിച്ചിരിക്കുന്നു. ശ്രോണീപത്രവും സാധാരണയായി ഉദരത്തിന്റെ മുൻഭാഗത്തേക്ക് നീങ്ങിയാണിരിക്കുന്നത്. മാക്സിലയെ (maxilla) ചുറ്റി ഒരു പ്രീമാക്സില (premaxilla) കാണപ്പെടുന്നു. മാക്സിലയിൽ പല്ലുകൾ കാണാറില്ല. വളർച്ചയെത്തിയ മത്സ്യങ്ങളിൽ വാതാശയ (swimbladder)ത്തിന് നാളി ഇല്ല. ശല്ക്കങ്ങൾ സാധാരണഗതിയിൽ റ്റീനോയ്ഡ് (ctenoid)കളാണ്. ചുരുക്കം ചില മത്സ്യങ്ങളിൽ മാത്രം ആദിമമത്സ്യങ്ങളിലേതുപോലുള്ള ചക്രാഭ ശല്ക്ക(cycloid scales)ങ്ങളും കാണാറുണ്ട്.[4]
അക്കാന്തോപ്ടെറിജിയൈ | |
---|---|
Labidesthes sicculus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
(unranked): | Acanthomorpha |
Superorder: | Acanthopterygii |
Orders | |
See text |
സീനോസോയിക് മഹാകല്പം മുതൽ അക്കാന്തോപ്ടെറിജിയൻ മത്സ്യങ്ങളാണ് പ്രധാന സമുദ്രജീവികൾ. ക്രിട്ടേഷ്യസ് കല്പത്തിന്റെ മധ്യത്തോടുകൂടിയാണ് ആദ്യമായി ഇവ പ്രത്യക്ഷപ്പെട്ടത്. വളരെക്കാലം കഴിയുംമുമ്പ് അനുകൂലവികിരണത്തിന് ഇവ വിധേയമായി. ഇയോസീൻ (Eocene) കല്പമായപ്പോഴേയ്ക്കും[5] അക്കാന്തോപ്ടെറിജിയൻ അഥവാ പെഴ്സിഫോം (Perciform)[6] മത്സ്യങ്ങളിലെ പ്രധാന ഗോത്രങ്ങളായ പ്ളൂറോനെക്റ്റിഫോർമിസ് (Pleuronectiformes),[7] ടെട്രാഓഡോണ്ടിഫോർമിസ് (Tetraodontiformes),[8] ലോഫൈഫോർമിസ് (Lophiiformes) തുടങ്ങിയവയെല്ലാം വികാസം പ്രാപിച്ചുകഴിഞ്ഞിരുന്നു.[9] സിക്ലിഡേ (Cichlidae) മത്സ്യകുടുംബത്തിലെ അംഗങ്ങൾ ആഫ്രിക്കയിലും തെ. അമേരിക്കയിലുമുള്ള ശുദ്ധജലതടാകങ്ങളിൽ സുലഭമാണ്. സെൻട്രാർക്കിഡേ (Centrarchidae),[10] പെഴ്സിഡേ (Percidae),[11] അനബാന്റിഡേ (Anabantide) തുടങ്ങിയ മറ്റ് പെഴ്സിഫോം മത്സ്യകുടുംബങ്ങളിലെ അംഗങ്ങളും ശുദ്ധജലത്തിൽ കാണുന്നവയാണ്.[12] കയാസ്മോഡോണ്ടിഡേ (Chiasmodontidae), ബ്രോറ്റ്യൂലിഡേ (Brotulidae), സൈക്ളോപ്റ്റെറിഡേ (Cyclopteridae) എന്നിവ ഉൾപ്പെടുന്ന മത്സ്യകുടുംബങ്ങൾ ആഴക്കടൽ ജീവിതത്തിന് അനുയോജ്യമായ സവിശേഷതകളോടുകൂടിയവയാണ്.[13] സ്കോംബ്രിഡേ (Scombridae),[14] സ്ട്രൊമാറ്റിഡേ (Stromateidae),[15] കോറിഫേനിഡേ (Coryphaenidae) എന്നീ കുടുംബങ്ങളിൽപ്പെട്ടവ ആഴക്കടലിലോ പുറങ്കടലിലോ വസിക്കുന്നവ(Pelagic)യാണ്.[16] കടൽത്തീരങ്ങളിലും പുറംകടലിലും പവിഴപ്പുറ്റു(coralreef)കളിലും ലഗൂണു(lagoon)കളിലും ജീവിക്കാൻ കഴിവുള്ള അക്കാന്തോപ്ടെറിജിയനുകൾ അനുകൂലനഭദ്രതയ്ക്ക് ഉത്തമോദാഹരണങ്ങളാണ്.
അക്കാന്തോപ്ടെറിജിയൈ മത്സ്യഗോത്രത്തിൽ 17 ഉപഗോത്രങ്ങളും 137-ഓളം കുടുംബങ്ങളും ഉദ്ദേശം 1,200 ജീനസുകളുമുണ്ട്.
ചൂരമത്സ്യങ്ങളും (Tunas) അയലയും ഉൾപ്പെടുന്ന സ്കോബ്രിഡേ കുടുംബത്തിനാണ് ഏറ്റവും സാമ്പത്തിക പ്രാധാന്യം. സ്കീനിഡേ (Sciaenidae),[17] സെറാനിഡേ (Serranidae),[18] സ്കോർപീനിഡേ (Scorpaenidae),[19] കരാജ്ഞിഡേ (Carangidae),[20] സിക്ലിഡേ, പെഴ്സിഡേ (Percidae) എന്നീ വിഭാഗങ്ങളിലെ മത്സ്യങ്ങളും വാണിജ്യപ്രാധാന്യമുള്ളവയാണ്.[21] അക്വേറിയങ്ങളിൽ വളർത്താറുള്ള 'സൂര്യ' മത്സ്യങ്ങൾ, നീലമത്സ്യങ്ങൾ തുടങ്ങിയവ ഈ ഗോത്രത്തിൽപ്പെടുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.