Remove ads

മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണ്‌ ദില്ലിയിൽ സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം (ഹുമയൂൺസ് ടോംബ്). ന്യൂ ഡെൽഹിയിലെ കിഴക്കേ നിസാമുദ്ദീൻ പ്രദേശത്താണ്‌ മുഗൾ വാസ്തുശൈലിയിലുള്ള ഈ കെട്ടിടസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഹുമയൂണിന്റെ പ്രധാന ശവകുടീരം കൂടാതെ മറ്റു പലരുടേയും ശവകുടീരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ശവകുടീരത്തിന്റെ ഇത്തരത്തിലുള്ള വാസ്തുശിൽപരീതി ഇന്ത്യയിൽ ആദ്യത്തേതാണ്‌.[3] 1565-70 കാലഘട്ടത്തിൽ പണിതീർത്ത ഈ സ്മാരകത്തിൽ ഇന്ത്യൻ വാസ്തുശിൽപ്പരീതിയിൽ പേർഷ്യൻ രീതിയുടെ സങ്കലനമാണ് ദർശിക്കാനാകുക.[4]

വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
ഹുമയൂണിന്റെ ശവകുടീരം, ഡെൽഹി
آرامگاه همایون‎
Thumb
ഹുമയൂണിന്റെ ശവകുടീരം - 1562-1571 കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ടത്
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Area27.04, 53.21 ഹെ (2,911,000, 5,727,000 sq ft)
മാനദണ്ഡംii, iv[2]
അവലംബം232
നിർദ്ദേശാങ്കം28°35′36″N 77°15′02″E
രേഖപ്പെടുത്തിയത്1993 (17th വിഭാഗം)
Endangered ()
വെബ്സൈറ്റ്delhitourism.gov.in/delhitourism/tourist_place/humayun_tomb.jsp
അടയ്ക്കുക
വസ്തുതകൾ
മുഗൾ സാമ്രാജ്യം
Thumb

സ്ഥാപകൻ
ബാബർ

മുഗൾ ചക്രവർത്തിമാർ
ഹുമായൂൺ · അക്ബർ · ജഹാംഗീർ
ഷാജഹാൻ · ഔറംഗസേബ്

ഭരണകേന്ദ്രങ്ങൾ
ആഗ്ര · ദില്ലി · ഫത്തേപ്പൂർ സിക്രി

ചരിത്രസ്മാരകങ്ങൾ
ഹുമയൂണിന്റെ ശവകുടീരം
താജ് മഹൽ · ചെങ്കോട്ട
പുരാണാ കില · ആഗ്ര കോട്ട
ഹിരൺ മിനാർ · ലാഹോർ കോട്ട
ബാദ്ഷാഹി മോസ്ക് · ഷാലിമാർ പൂന്തോട്ടം
പേൾ മോസ്ക് · ബീബി ക മക്ബറ

മതങ്ങൾ
ഇസ്ലാം · ദിൻ ഇലാഹി

അടയ്ക്കുക

ഹുമായൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായിരുന്ന ഹമീദ ബാനു ബേഗമാണ് ശവകുടീരത്തിന്റെ നിർമ്മാണത്തിന് ഉത്തരവിട്ടത്. ഹുമയൂണിന്റെ കല്ലറക്കുപുറമേ പ്രധാന കെട്ടിടത്തിലും അനുബന്ധകെട്ടിടങ്ങളിലുമായി ഒട്ടനവധി കല്ലറകളും, നമസ്കാരപ്പള്ളികളും ഈ ശവകുടീരസമുച്ചയത്തിലുണ്ട്. അതുകൊണ്ട് ഈ ശവകുടീരത്തിനെ മുഗളരുടെ കിടപ്പിടം (Dormitory of Mughals) എന്ന് അറിയപ്പെടാറുണ്ട്.[4] ഈസാ ഖാന്റെ ശവകുടീരം, ബൂഹാലിമയുടെ ശവകുടീരം, അഫ്‌സർവാലാ ശവകുടീരം (ഉദ്യോഗസ്ഥരുടെ ശവകുടീരം), ക്ഷുരകന്റെ ശവകുടീരം തുടങ്ങിയവ ഈ സമുച്ചയത്തിലെ അനുബന്ധക്കെട്ടിടങ്ങളാണ്.

Remove ads

പ്രധാന കെട്ടിടം

Thumb
പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറേ കവാടം

വിശാലമായ ഒരു ചഹാർ ബാഗിന്റെ മദ്ധ്യത്തിലാണ്‌ ഈ ശവകുടീരത്തിലെ പ്രധാനകെട്ടിടം സ്ഥിതി ചെയ്യുന്നത്. ഹഷ്ട് ബിഹിഷ്ട് എന്നറിയപ്പെടുന്ന കെട്ടിടനിർമ്മാണശൈലിയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എട്ടു പറുദീസകൾ എന്നാണ്‌ ഹഷ്ട് ബിഹിഷ്ട് എന്നതിനർത്ഥം. മദ്ധ്യത്തിൽ വിശാലമായ ഒരു മുറിയും അതിനു ചുറ്റുമായും എട്ടു മുറികളും അടങ്ങുന്നതാണ്‌ ഈ രൂപകല്പ്പന[3]. 12000 ചതുരശ്രമീറ്റർ വിസ്താരമുള്ള ഒരു തട്ടിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തിന് 47 മീറ്റർ ഉയരമുണ്ട്. വെണ്ണക്കല്ലുകൊണ്ടുള്ള വലിയ മകുടത്തിനു മുകളിലെ പിച്ചളകൊണ്ടുള്ള കൂർത്തഭാഗത്തിനു തന്നെ 6 മീറ്റർ ഉയരമുണ്ട്. കരിങ്കല്ലടുക്കി പണിതിട്ടുള്ള കെട്ടിടത്തിന്റെ ബാഹ്യഭാഗം മുഴുവൻ ചുവന്ന മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ച് ഭംഗിയാക്കിയിരിക്കുന്നു. ഇത്ര വൻ‌തോതിൽ മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ സ്മാരകമാണിത്. കെട്ടിടത്തിനു മുകളിലെ ചെറിയ മകുടങ്ങളിൽ മുൻപ് നീലനിറത്തിലുള്ള ഓട് പതിച്ചിരുന്നു. ലോകാത്ഭുതമായ താജ് മഹലിന്റെ രൂപകൽപ്പന ഈ കെട്ടിടത്തിനോട് വളരെയേറെ സാദൃശ്യമുള്ളതാണ്.[4]

Thumb
ഹുമായൂണിന്റെ കല്ലറ

പ്രധാന കെട്ടിടത്തിനു ചുറ്റുമുള്ള സമചതുരാകൃതിയിലുള്ള തോട്ടത്തിന് നാലുവശത്തും കവാടങ്ങളുണ്ട്. ഇതിൽ പടിഞ്ഞാറുവശത്തുള്ള കവാടമാണ് പ്രധാനപ്പെട്ടത്. ഈ കവാടത്തിലൂടെയാണ് സഞ്ചാരികൾ അകത്തേക്ക് പ്രവേശിക്കുന്നത്. 16 മീറ്റർ ഉയരമുള്ള ഈ കവാടത്തിന്റെ വശങ്ങളിലും മുകളിലെ നിലയിലും മുറികളുണ്ട്.[5] എന്നാൽ മുഗൾഭരണകാലത്ത് തെക്കുവശത്തുള്ള കവാടത്തിനാണ് ഈ കവാടത്തേക്കാൾ പ്രാധാന്യമുണ്ടായിരുന്നത്. തെക്കേ കവാടം രാജകീയകവാടം എന്നറിയപ്പെടുന്നു.[6] തോട്ടത്തിലെ വെള്ളച്ചാലുകൾക്ക് ആകെ 3 കിലോമീറ്റർ ദൈർഘ്യമുണ്ട്.[7]

പ്രധാനകെട്ടിടത്തിന്റെ മദ്ധ്യഭാഗത്തുള്ള വിശാലമായ തളത്തിൽ ഹുമായൂണിന്റെ കല്ലറ സ്ഥിതി ചെയ്യുന്നു. ഈ കെട്ടിടത്തിന്റെ ചുറ്റുമായുള്ള മുറികളിൽ മറ്റു മുഗൾ പ്രമുഖരുടെ കല്ലറകളുമുണ്ട്. ഹുമായൂണിന്റെ ഭാര്യയായ ഹമീദാ ബേഗം, ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോ, പിൽക്കാല ചക്രവർത്തിമാരായ ജഹന്ദർ ഷാ, ഫാറുഖ്സിയാർ, റഫി ഉൾ-ദർജത്, ആലംഗീർ രണ്ടാമൻ എന്നിവർ ഇതിൽച്ചിലരാണ്. ഇതിനു പുറമേ കെട്ടിടത്തിനു പുറത്തുള്ള തട്ടിലും, തട്ടിന്റെ വശങ്ങളിലായുള്ള അനേകം അറകളിലുമായി അനവധി കല്ലറകൾ കാണാം.

Remove ads

മറ്റു നിർമ്മിതികൾ

Thumb
ഹുമയൂൺ ശവകുടീരസമുച്ചയത്തിലേക്ക് സന്ദർശകർ പ്രവേശിക്കുന്ന പടിഞ്ഞാറുഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന വിവിധ സ്മാരകങ്ങളിലേക്ക് ചൂണ്ടുന്ന വഴികാട്ടി. വലതുവശത്തു കാണുന്നത് ഈസാഖാന്റെ ശവകുടീരവളപ്പിന്റെ കവാടമാണ്

ഈസാ ഖാന്റെ ശവകുടീരവും പള്ളിയും

Thumb
ഈസാ ഖാന്റെ ശവകുടീരം

ഹുമയൂൺ ശവകുടീരത്തിലെ അനുബന്ധസ്മാരകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈസാ ഖാന്റെ ശവകുടീരം (ഷേർഷാ സൂരിയുടെ രാജസഭയിലെ ഒരു പ്രഭുവായിരുന്നു ഈസാ ഖാൻ നിയാസി). പടിഞ്ഞാറുവശത്തുനിന്നും സമുച്ചയത്തിലേക്ക് സന്ദർശകർ പ്രവേശിക്കുന്ന വാതിലിന് വലതുവശത്തായിത്തന്നെ കാണുന്ന കെട്ടിടമാണിത്. പൊളിഞ്ഞ കവാടവും ചുറ്റുമതിലോടുകൂടിയതുമായ അഷ്ടഭുജാകൃതിയിലുള്ള ഒരു കെട്ടിടമാണ് ഈസാ ഖാന്റെ ശവകുടീരം. കുടീരം സ്ഥിതി ചെയ്യുന്ന വളപ്പിൽ പടിഞ്ഞാറുവശത്തായി ഒരു നമസ്കാരപ്പള്ളിയുമുണ്ട്. 1547-ൽ പണിതീർത്ത ഈ കുടീരം, ഹുമയൂണിന്റെ ശവകുടീരത്തേക്കാൾ 20 വർഷം പഴക്കമേറിയതാണ്. ഈ ശവകുടീരം സ്ഥിതിചെയ്യുന്ന വളപ്പിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ജനവാസമുണ്ടായിരുന്നു.[8]

ബു ഹാലിമ സമുച്ചയം

Thumb
ബു ഹാലിമ ശവകുടീരം

ഹുമയൂൺ ശവകുടീരസമുച്ചയത്തിലേക്ക് പടിഞ്ഞാറേ വശത്തു നിന്നും പ്രവേശിക്കുന്ന സന്ദർശകർ ആദ്യം പ്രവേശിക്കുന്ന ഉദ്യാനമാണ് ബു ഹാലിമ ഉദ്യാനം. ഈ ഉദ്യാനത്തിന്റെ പടിഞ്ഞാറേ അറ്റത്ത് വലതുവശത്തായാണ് മുകളിൽപ്പറഞ്ഞ ഈസാ ഖാന്റെ ശവകുടീരത്തിലേക്കുള്ള പ്രവേശനകവാടം.

ബു ഹാലിമ ഉദ്യാനത്തിന്റെ യഥാർത്ഥകവാടം അതിന്റെ കിഴക്കുവശത്താണ്. സന്ദർശകർക്ക് പ്രവേശിക്കുന്നതിനായി പടിഞ്ഞാറുവശത്തെ മതിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ പൊളിച്ചുമാറ്റുകയായിരുന്നു. കിഴക്കുവശത്ത് ഒരു വലിയ കവാടമുണ്ട്. ബുഹാലിമ കവാടം എന്നറിയപ്പെടുന്ന ഈ കവാടത്തിലൂടെയുള്ള പാത, ഹുമയൂണിന്റെ ശവകുടീരത്തിന്റെ (പ്രധാന കെട്ടിടം) പടിഞ്ഞാറേ കവാടത്തിലേക്ക് നീളുന്നു.

ബു ഹാലിമ ഉദ്യാനത്തിന്റെ വടക്കുകിഴക്കുമൂലയിലായി ഒരു തട്ടിന്റെ രൂപത്തിലുള്ള ബു ഹാലിമയുടെ ശവകുടീരവും സ്ഥിതി ചെയ്യുന്നുണ്ട്. എങ്കിലും ബു ഹാലിമ എന്ന വ്യക്തിയെക്കുറിച്ച് വലിയ അറിവുകളില്ല.[9]

അറബ് സെറായ്

Thumb
അറബ് സെറായ് കവാടം
Thumb
അറബ് സെറായ് കവാടം, ബു ഹാലിമ കവാടം, അഫ്‌സർവാലാ ശവകുടീരം എന്നിവ ചിത്രീകരിച്ചിരിക്കുന്ന 1803-ലെ ഒരു ചിത്രം.

ബു ഹാലിമ കവാടത്തിലൂടെ കിഴക്കോട്ട് കടക്കുമ്പോൾ വലതുവശത്തായി കാണുന്ന കവാടമാണ് അറബ് സെറായ് കവാടം. ഈ കവാടത്തിനുള്ളിലുള്ള ഭാഗം അറബ് സെറായ് എന്നറിയപ്പെടുന്നു. ഹുമയൂൺ ശവകുടീരത്തിന്റെ നിർമ്മാണത്തിനായി പേർഷ്യയിൽ നിന്നെത്തിയ ശിൽപ്പികൾ അറബ് സെറായിലാണ് വസിച്ചിരുന്നത്. അറബ് സെറായ് കവാടത്തിന്റെ മുൻ‌വശം കേടുകൂടാതെ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പിൻ‌വശം നാശോന്മുഖമായ അവസ്ഥയിലാണ്. ചുമന്ന മണൽക്കല്ലും വെണ്ണക്കല്ലും ഉപയോഗിച്ചുള്ള അലങ്കാരപ്പണികൾ നടത്തിയിട്ടുള്ള അറബ് സെറായ് കവാടം പ്രധാനമായും ദില്ലിയിൽ നിന്നും ലഭിക്കുന്ന ക്വാട്സൈൽ കല്ലുകൊണ്ടാണ് പണിതിരിക്കുന്നത്. 1560-61 ആണ് ഇതിന്റെ നിർമ്മാണകാലം.[10]

അഫ്‌സാർവാലാ ശവകുടീരവും പള്ളിയും

അഫ്‌സാർവാലാ ശവകുടീരവും പള്ളിയും അറബ് സെറായ് വളപ്പിനകത്താണ് സ്ഥിതി ചെയ്യുന്നത്. ഉദ്യോഗസ്ഥൻ എന്നാണ് അഫ്‌സർവാലാ എന്ന വാക്കിനർത്ഥം. 1566 ആണ് ഈ ശവകുടീരത്തിന്റേയും പള്ളിയുടേയും നിർമ്മാണകാലഘട്ടം.[11]

ബാബറിന്റെ ശവകുടീരം

Thumb
ബാബറിന്റെ ശവകുടീരം

ഹുമായൂൺ ശവകുടീരസമുച്ചയത്തിൽ പ്രധാനകെട്ടിടത്തിന് ചുറ്റുമായുള്ള ചാർബാഗ് ഉദ്യാനത്തിന്റെ തെക്കുകിഴക്കേ മൂലയിൽ ഒരു ചെറിയ ശവകുടീരമന്ദിരമുണ്ട്. ഇതാണ് ബാബറുടെ ശവകുടീരം എന്ന പേരിൽ അറിയപ്പെടുന്നത്. പതിനാറാം നൂറ്റാണ്ടിന്റെ അവസാനമാണ് ഇതും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു സ്ത്രീയുടേയും പുരുഷന്റേയും കല്ലറകളാണ് ഇതിനകത്തുള്ളത്.[12]

Remove ads

പുനരുദ്ധാരണം

Thumb
പുനരുദ്ധാരണപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ

കാലപ്പഴക്കം മൂലം ഹുമായൂണിന്റെ ശവകുടീരത്തിനു വന്നുചേർന്ന ശോഷണാവസ്ഥകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നുണ്ട്. 2000-2003 കാലഘട്ടത്തിൽ ആഗാ ഖാൻ ട്രസ്റ്റ് ഫോർ കൾച്ചർ, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമായിച്ചേർന്ന് പ്രധാനശവകുടീരത്തിനു ചുറ്റുമുള്ള 30 ഏക്കർ തോട്ടം നവീകരിച്ചിരുന്നു. തോട്ടത്തിനിടയിലൂടെയുള്ള വെള്ളച്ചാലുകൾ, നടപ്പാത എന്നിവ നവീകരിച്ചതിനൊപ്പം മുഗൾ ചക്രവർത്തിമാർക്ക് താല്പര്യമുണ്ടായിരുന്ന 2500-ഓളം ചെടികളും തോട്ടത്തിൽ ആ കാലയളവിൽ നട്ടുവളർത്തി.[7]

പ്രധാനകെട്ടിടത്തിനു ചുറ്റുമുള്ള 12000 ചതുരശ്രമീറ്റർ വിസ്ത്രീർണ്ണമുള്ള തട്ടിൽ പണ്ട് ക്വാർട്ടസൈൽ കല്ല് വിരിച്ചിരിക്കുകയായിരുന്നു. 1950-ൽ ഈ കൽവിരിപ്പിനു മുകളിൽ സിമന്റ്കോൺക്രീറ്റ് പാകി നിരപ്പാക്കിയിരുന്നു. സ്മാരകത്തിന്റെ ചരിത്രമൂല്യം നഷ്ടപ്പെടുത്തിയ ഈ നടപടിയെ തിരുത്തിക്കൊണ്ട് 2009-10 കാലത്ത് സിമന്റ് കോൺക്രീറ്റ് ഇളക്കിക്കളഞ്ഞ് പഴയ കല്ലുകൾ ഉയർത്തി സമനിരപ്പിൽ പാകുകയും ചെയ്തു. ഇതിൽ ചില കല്ലുകൾക്ക് 2000 കിലോഗ്രാം വരെ തൂക്കമുണ്ടായിരുന്നു. [13]

പ്രധാന കെട്ടിടത്തിന്റെ അടിത്തട്ടിന്റെ വശങ്ങളിലുള്ള ചെറിയ അറകളിലെ കാലപ്പഴക്കം കൊണ്ട് തേപ്പ് അടർന്നു പോയ ഭാഗങ്ങൾ ഇപ്പോൾ ചുണ്ണാമ്പുകൂട്ട് ഉപയോഗിച്ച് പുനർനിർമ്മിക്കുന്നുണ്ട്. ഇവിടെ മുൻപ് ഉണ്ടായിരുന്ന രീതിയിൽ ചിത്രപ്പണികളും, വാതിലുകളും[൧] ഇപ്പോൾ‌ പുനഃസ്ഥാപിക്കുന്നുണ്ട്.[14]

Remove ads

ചിത്രശാല

Remove ads

കൂടുതൽ അറിവിന്‌

കുറിപ്പുകൾ

  • ^ 1947-ലെ ഇന്ത്യ-പാകിസ്താൻ വിഭജനത്തെത്തുടർന്നുള്ള വൻ പലായനസമയത്ത് ഈ ശവകുടീരം ഒരു ദുരിതാശ്വാസകേന്ദ്രമായി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് ശവകുടീരത്തിന്റെ താഴെത്തട്ടിലുള്ള വാതിലുകൾ പൊളിച്ച് വിറകായി ഉപയോഗിച്ചു.[14]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads