Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് മലയാളചലച്ചിത്രമാണ് സ്വപ്നാടനം. കെ.ജി. ജോർജ്ജ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റാണി ചന്ദ്ര, ഡോ: മോഹൻദാസ്, എം.ജി. സോമൻ, മല്ലിക, പി.കെ. വേണുക്കുട്ടൻ നായർ എന്നിവർ അഭിനയിച്ചിരിക്കുന്നു. സാമ്പ്രദായിക രീതികളിൽ നിന്നു് വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിച്ചിട്ടു കൂടി ഈ ചിത്രം സാമ്പത്തികമായി വിജയമായിരുന്നു. നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഈ ചിത്രം മികച്ച ചിത്രത്തിനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും, മികച്ച മലയാളചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരവും നേടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് എം.ജി. സോമന് മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു.
സ്വപ്നാടനം | |
---|---|
സംവിധാനം | കെ.ജി. ജോർജ്ജ് |
നിർമ്മാണം | ടി. മുഹമ്മദ് ബാപ്പു |
രചന | കെ.ജി. ജോർജ്ജ്, പമ്മൻ |
കഥ | പലായനം by പ്രൊഫ.ഇ മുഹമ്മദ് (സൈക്കൊ മുഹമ്മദ്)[1] |
അഭിനേതാക്കൾ | റാണി ചന്ദ്ര, ഡോ: മോഹൻദാസ്, എം.ജി. സോമൻ, മല്ലിക, പി.കെ. വേണുക്കുട്ടൻ നായർ |
സംഗീതം | ഭാസ്കർ ചന്ദവർക്കർ |
ഛായാഗ്രഹണം | രാമചന്ദ്ര ബാബു |
സ്റ്റുഡിയോ | കേരള ഫിലിം ചേമ്പർ ഓഫ് കോമേഴ്സ് |
റിലീസിങ് തീയതി | 1976 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
നാഡീവ്യൂഹരോഗം ബാധിച്ച ഡോ. ഗോപി എന്ന കേന്ദ്രകഥാപാത്രം മനോരോഗ പരിശോധനയുടെ ഭാഗമായി തൻ്റെ ഭൂതകാലത്തെ ഡോക്ടേഴ്സിനു മുന്നിൽ പുനരാവിഷ്‌കരിക്കുമ്പോൾ ഫ്ലാഷ്‌ബാക്കിലാണ് കഥ മുന്നോട്ട് പോകുന്നത്. പൊരുത്തമില്ലാത്ത ദാമ്പത്യത്തിൻ്റെ കഥയാണിത് - കഴിഞ്ഞുപോയ പ്രണയത്തിൻ്റെ ഓർമ്മകളാൽ വലയുന്ന സെൻസിറ്റീവും അന്തർമുഖനുമായ ഭർത്താവ്, ധനികയും സ്വാർത്ഥയുമായ ഭാര്യ - ദൈനംദിന ജീവിതത്തിലെ വർദ്ധിച്ചുവരുന്ന സമ്മർദ്ദങ്ങൾ ഭർത്താവിനെ എങ്ങനെ ബാധിക്കുന്നു എന്നതാണ് വിഷയം.
ഒരു വിധവയായ അമ്മയുടെ ഏക മകനായ ഗോപിയെ, ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ, ഗോപി തൻ്റെ മകൾ സുമിത്രയെ വിവാഹം കഴിക്കും എന്ന ധാരണയിൽ ധനികനായ അമ്മാവൻ മെഡിക്കൽ കോളേജിൽ ഡോക്ടർ പഠനത്തിന് പ്രവേശനം നേടിക്കൊടുത്തു. കോളേജിൽ പഠിക്കുമ്പോൾ ഗോപി ഒരു സഹ വിദ്യാർത്ഥിനിയുമായി പ്രണയത്തിലാകുന്നു, എന്നാൽ അവൻ്റെ അമ്മ ആ പെൺകുട്ടിയെ കാണുകയും വിവാഹനിശ്ചയം കഴിഞ്ഞ ഗോപിയെ ഉപേക്ഷിക്കാൻ അവളെ പ്രേരിപ്പിക്കുകയും ചെയ്തപ്പോൾ അവർ പിരിയുന്നു. ധനികയായ മുറപ്പെണ്ണുമായുള്ള ഗോപിയുടെ വിവാഹം നടക്കുന്നു, പക്ഷേ അഭിരുചിയിലോ സ്വഭാവത്തിലോ പരസ്പരം ചേരാതെ തുടക്കം മുതൽ തന്നെ വിവാഹബന്ധം താറുമാറാകുന്നു. കൂടാതെ ഗോപിയെ തൻ്റെ മുൻ പ്രണയത്തിൻ്റെ ഓർമ്മകൾ വേട്ടയാടുന്നു. അന്തർമുഖനായ ഗോപി മാനസിക വൈകല്യം ബാധിച്ച് നാടുവിട്ട് ഒരു മാനസികരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നു. അവിടെവച്ച് ഗോപിയുടെ മനോരഹസ്യങ്ങൾ ഡോക്ടർമാർ മനസിലാക്കുന്നു. അവിടെവച്ച് തൻ്റെ കാമുകിയായിരുന്ന കമലത്തെ അതിലൊരു ഡോക്ടറുടെ ഭാര്യയായി കണ്ടുമുട്ടുന്നു. ആശുപത്രിയിൽ നിന്നും പുറത്തുചാടിയ ഗോപിയെ കണ്ടെത്തി നാട്ടിൽ ബന്ധുക്കളുടെ അടുത്തേക്ക് എത്തിക്കുന്നതോടെ കഥ പൂർത്തിയാകുന്നു.
സൈക്കോ എന്ന തൂലികനാമത്തിൽ അറിയപ്പെട്ടിരുന്ന പ്രൊഫ. ഇ മുഹമ്മദിന്റെ[2] പലായനം എന്ന കഥയെ ആസ്പദമാക്കിയാണ് സ്വപ്നാടനത്തിന്റെ തിരക്കഥ പമ്മൻ എഴുതിയത്. കേരളത്തിലെ ആദ്യ മനഃശാസ്ത്ര എഴുത്തുകാരിൽ ഒരാളാണ് സൈക്കോ മുഹമ്മദ്. അദ്ദേഹത്തിന്റെ സുഹൃത്തായിരുന്നു ഈ ചിത്രത്തിന്റെ നിർമ്മാതാവ് ടി മുഹമ്മദ് ബാപ്പു എന്ന പാർസി മുഹമ്മദ്. ഇരുവരും മലപ്പുറം ജില്ലയിലെ മാറഞ്ചേരി സ്വദേശികൾ ആണ്. മനഃശാസ്ത്ര വിദഗ്ദനായ സൈക്കോ മുഹമ്മദിന്റെ മുന്നിൽ വന്ന ഒരു കെയ്സാണ് പലായനം എന്ന കഥക്കാധാരം. സാഹിത്യകാരൻ ഉറൂബ് ആണ് പലയാനം എന്ന പേരിനെ സ്വപ്നാടനം എന്നാക്കിയത് എന്ന് സൈക്കോ പറയുന്നു.[1]
ക്ര.നം. | താരം | വേഷം |
---|---|---|
1 | റാണി ചന്ദ്ര | സുമിത്ര |
2 | ഡോ. മോഹൻദാസ് | ഡോ. ഗോപി & പരമേശ്വരൻ |
3 | മല്ലിക സുകുമാരൻ | റോസി |
4 | എം.ജി. സോമൻ | മോഹൻ (റോസിയുടെ അനുജൻ) |
5 | കെ.പി.എ.സി. അസീസ് | സുമിത്രയുടെ ചേച്ചിയുടെ ഭർത്താവ് |
6 | ടി.ആർ. ഓമന | ഗോപിയുടെ അമ്മ |
7 | പി.കെ. വേണുക്കുട്ടൻ നായർ | സുമിത്രയുടെ അച്ഛൻ |
8 | പ്രേമ | കല്യാണിയമ്മ |
9 | പി.കെ. എബ്രഹാം | സൈക്യാട്രിസ്റ്റ് വേണുഗോപാൽ |
10 | ഐസക് തോമസ് | സൈക്യാട്രിസ്റ്റ് |
11 | സോണിയ ഐസക് | കമലം (ഗോപിയുടെ കാമുകി) |
12 | ആനന്ദവല്ലി | വേലക്കാരി |
13 | കെ.പി.എ.സി. അസീസ് |
പി ജെ ഈഴക്കടവ് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ഭാസ്കർ ചന്ദവർക്കർ ആണ്.
ക്ര.നം. | ഗാനം | ഗായകർ | വരികൾ | നീളം (m:ss) |
---|---|---|---|---|
1 | "കണ്ണീർക്കടലിൽ" | പി ബി ശ്രീനിവാസ് | പി ജെ ഈഴക്കടവ് | |
2 | "പണ്ടു പണ്ടൊരു" | പി.സുശീല | പി ജെ ഈഴക്കടവ് | |
3 | "സ്വർഗ്ഗ ഗോപുര വാതിൽ" | എസ് ജാനകി | പി ജെ ഈഴക്കടവ് | |
4 | "വേദന നിന്ന് വിതുമ്പുന്ന" | കെ പി ബ്രഹ്മാനന്ദൻ | പി ജെ ഈഴക്കടവ് |
ക്ര.നം. | നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|---|
1 | കെ ജി ജോർജ്ജ് | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1975 |
2 | ടി മുഹമ്മദ് ബാപ്പു | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച പ്രാദേശിക ചിത്രം (മലയാളം) | 1975 |
3 | കെ ജി ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1975 |
4 | ടി മുഹമ്മദ് ബാപ്പു | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1975 |
5 | കെ ജി ജോർജ്ജ് | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 1975 |
6 | പമ്മൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 1975 |
7 | ഭാസ്കർ ചന്ദാവാർക്കർ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംഗീതസംവിധാനം | 1975 |
8 | റാണി ചന്ദ്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച നടി | 1975 |
9 | എം ജി സോമൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടൻ | 1975 |
10 | മല്ലിക സുകുമാരൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടി | 1975 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.