ഷിയാ ഇസ്‌ലാം
ഇസ്ലാം മതത്തിലെ ഒരു വിഭാഗമാണ് ഷിയാ മുസ്ലീം സമൂഹം. From Wikipedia, the free encyclopedia
ഇസ്‌ലാം മതത്തിലെ ഒരു വിഭാഗമാണ് ഷിയാ മുസ്‌ലിം സമൂഹം. ബഹുഭൂരിപക്ഷമായ സുന്നികൾ കഴിഞ്ഞാൽ ഇസ്‌ലാം മതത്തിൽ അംഗസംഖ്യയിൽ ഏറ്റവും കൂടുതലുള്ള സമൂഹമാണ് ഷിയാക്കൾ. രാഷ്ട്രീയ വീക്ഷണങ്ങളിലെ അഭിപ്രായ ഭിന്നതയാണ് ഷിയാ - സുന്നി വിഭാഗീയതയുടെ ഹേതു. തിരഞ്ഞെടുപ്പിലൂടെയുള്ള ഭരണ നേതൃത്വം ആണ് നിലവിൽ വരേണ്ടത് എന്ന് സുന്നികൾ വാദിക്കുമ്പോൾ അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ കുടുംബ പരമ്പരയ്ക്കാണ് (അഹ്‌ലുൽ ബൈത്ത്) നേതൃത്വത്തിന് അവകാശമെന്ന് ഷിയാക്കൾ വിശ്വസിക്കുന്നു. [1] 2009 ലെ അമേരിക്കൻ ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ കണക്ക് പ്രകാരം ലോകത്താകമാനമുള്ള ഇസ്‌ലാം മത വിശ്വാസികളിൽ 10 -13 % വരെ പ്രാതിനിധ്യം ഷിയാവിഭാഗത്തിനുണ്ട്. [2] ഏകദേശം ഇരുനൂറ് ദശലക്ഷം വരുന്ന ഷിയാ മുസ്‌ലീങ്ങളിൽ മുക്കാൽ ഭാഗവും അധിവസിക്കുന്നത് ഇറാൻ, അസർബൈജാൻ, ഇറാഖ്, സൗദി അറേബ്യ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഘാനിസ്ഥാൻ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.
പേരിനു പിന്നിൽ
ഷിയാ എന്ന പദം ശീഅത്തു അലി എന്ന അറബി വാചകത്തിൽ നിന്നുമാണ് രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ് ശീഅത്തു അലി എന്നതിന്റെ അർത്ഥം.[3] ഈ വാചകം ക്രമേണ ഷിയാ എന്ന പേര് മാത്രമായി ലോപിക്കുകയും എ ഡി 1100 ന് (ഹിജ്റ 500) ശേഷം ഈ വിഭാഗം മുസ്‌ലിംങ്ങൾ ഷിയാ മുസ്‌ലിംകൾ എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. [4]

ചരിത്രം
അന്ത്യ പ്രവാചകന്റെ മരണശേഷം മുസ്‌ലീം സമൂഹത്തെ നയിക്കേണ്ടതാരെന്ന വിഷയത്തെ ചൊല്ലി വിത്യസ്ത അഭിപ്രായ പ്രകടനങ്ങൾ അനുയായികൾക്കിടയിൽ ഉൾതിരിഞ്ഞിരുന്നു. പ്രവാചകൻ അന്ത്യനിദ്ര പ്രാപിച്ചപ്പോൾ അന്നത്തെ ഇസ്‌ലാമിക പ്രമുഖർ നബിയുടെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളും, അദ്ദേഹത്തിന്റെ സന്തത സഹചാരിയും, സർവ്വോപരി പ്രായത്തിൽ മുതിർന്നയാളുമായ അബുബക്കർ സിദ്ദീഖിനെ ഖലീഫയായി തിരഞ്ഞെടുത്തു. ബഹുഭൂരിപക്ഷ പിന്തുണയിൽ ഭരണ നേതൃത്വം അബൂബക്കർ ഏറ്റെടുത്തെങ്കിലും ചുരുക്കം ചില പ്രവാചകാനുചരന്മാർ ഭരണനേതൃത്വം അലി ഏറ്റെടുക്കണമെന്ന ആഗ്രഹം വെച്ച് പുലർത്തിയിരുന്നു.[5] സുന്നി-ഷിയാ വിഭജനത്തിന്റെ പ്രധാന കേന്ദ്രബിന്ദുവായി പിൽകാലത്ത് അലി മാറുവാനിടയായ സാഹചര്യം ഇതായിരുന്നു. പ്രധാന പ്രവാചകാനുചരന്മാർ ആരും തന്നെ അധികാരമോഹികളായിരുന്നില്ല തങ്ങളെ ഭരണാധിപന്മാരാക്കാനുള്ള തീരുമാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ഛ് മാറി നിന്നവരായിരുന്നു അബൂബക്കറും ഉമറും. എന്നാൽ ശക്തമായ സമ്മർദ്ദത്താൽ മാത്രം ഖലീഫ പദവി പിന്നീടവർ ഏറ്റെടുക്കുകയായിരുന്നു. അലിയുടെ കാര്യവും വിത്യസ്തമായിരുന്നില്ല. സ്ഥാനമോഹം ഒട്ടുംതന്നെയില്ലാത്ത വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അലി.[6]
കേവലം വിത്യസ്ത നിർദേശങ്ങളായി ഗണിക്കപ്പെട്ടിരുന്ന ഇത്തരം നിർദേശ പ്രകടനങ്ങൾ പ്രധാന ചർച്ചയായി മാറുന്നത് മൂന്നാം ഖലീഫ ഉസ്മാൻറെ കാലത്താണ്. അബൂബക്കറിന്റെ ശേഷം ഉമർ രണ്ടാം ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ടു. ഏകാഭിപ്രായത്തിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടും അധികാരമേറ്റെടുക്കാൻ ഉമർ വിസ്സമ്മതം പ്രകടിപ്പിച്ചു. അലിയടക്കമുള്ളവരുടെ നിർബന്ധത്തത്താൽ ഭരണമേറ്റെടുത്ത ഉമറിൻറെ കാലശേഷം മൂന്നാം ഖലീഫയായി ഉസ്മാൻ നേതൃത്വമേറ്റെടുത്തു. നിർദേശിക്കപ്പെട്ടവരിൽ അവസാന ഘട്ട തിരഞ്ഞെടുപ്പിൽ അലി, ഉസ്മാൻ, സഅദ് എന്നിവർ ബാക്കിയാവുകയും, അതിൽ നിന്ന് ഉസ്മാൻ തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു. ജനങ്ങൾക്ക് അധികാരിയെ ചോദ്യം ചെയ്യാനുള്ള സാഹചര്യം ഖിലാഫത്തിൽ നില നിന്നിരുന്നു. ഉസ്മാൻ ഈ അധികാരം ഒന്ന് കൂടി വിശാലമാക്കി നൽകി.[7] ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാനും കലാപം സൃഷ്ടിക്കുവാനും ചില ഈജിപ്ഷ്യൻ, ഇറാഖ് നിവാസികൾ ശ്രമിച്ചു. ഉസ്മാന്റെ ഭരണകാലത്തെ ചില നടപടികളിൽ അസഹിഷ്ണുക്കളായവർ അദ്ദേഹത്തെ കൊലപ്പെടുത്തി.[8] ഉസ്മാന്റെ ആകസ്മിക മരണത്തെ തുടർന്ന് അലി നാലാം ഖലീഫയായി സ്ഥാനമേറ്റു.
വിഭജനാരംഭം

കലാപ കലുഷിതമായ സാമ്രാജ്യത്തിൻറെ അധിപനായി അധികാരമേറ്റ അലി രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായിരുന്നു പ്രാമുഖ്യം നൽകിയത്. എന്നാൽ ഉസ്മാൻറെ ഘാതകരെ തേടിപ്പിടിച്ചു പ്രതികാരം നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ചിലർ വാദിച്ചു. എണ്ണൂറോളം പേരാണ് ഉസ്മാൻ വധത്തിന് പിന്നിലുണ്ടായിരുന്നത് അവരാകട്ടെ വിത്യസ്ത ദേശക്കാരും ആയിരുന്നു. അവിടെയൊക്കെയും വലിയതോതിലുള്ള അംഗബലവും അവരാർജ്ജിച്ചിരുന്നു. കലാപകാരികളും കൊലയാളികളും സൈന്യത്തിൽ നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച സൈന്യത്തിൽ ഉസ്മാൻറെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്നു. ആയിരകണക്കിന് ആളുകൾ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തിറങ്ങുകയും ചെയ്തു. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറന്നതോടെ നിസ്സഹായനായ അലി പ്രതിക്രിയക്ക് മുൻപ് രാജ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന തീരുമാനമെടുത്തു.
ഇതോടെ ഖലീഫ അലി ഉസ്മാന്റെ ഘാതകർക്കെതിരിൽ ശക്തമായ നടപടി എടുക്കാൻ ശ്രമിക്കുന്നില്ല എന്ന പരാതി തുടക്കത്തിലേ നേരിടേണ്ടിവന്നു. ഇക്കൂട്ടത്തിൽ പ്രവാചകന്റെ പത്നിയായ ആയിശയുടെ നേതൃത്വത്തിൽ ഒരു നിവേദക സംഘം അലിയെ കാണാനും തങ്ങളുടെ ആശങ്കകൾ അറിയിക്കാനും അലിയുടെ സന്നിധിയിലേക്ക് പുറപ്പെട്ടു. ഉസ്മാന്റെ കൊലപാതകികൾക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് അലിയെ കാണാൻ നീങ്ങിയ ഈ നിവേദക സംഘവുമായി ചർച്ച നടത്തിയ അലി സംഭവഗതികൾ വിശദീകരിച്ചു സാവകാശം ആരാഞ്ഞു. പ്രതിക്രിയ നടപ്പാക്കുമെന്ന അലിയുടെ വാക്ക് വിശ്വസിച്ച നിവേദകർ തിരിച്ചു പോകാൻ ഒരുങ്ങി. രാത്രി ബസ്റായിൽ നിന്നുള്ള സൈനികർ നിവേദക സംഘത്തെ ആക്രമിച്ചു.[9] ബസ്റ സൈനികരെ കൊന്നൊടുക്കി സംഘം വിജയം നേടിയെങ്കിലും അലിയുടെ സൈന്യവുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് ഈ പോരാട്ടം പരിണമിച്ചു. ഒട്ടകത്തിന്റെ യുദ്ധം എന്ന പേരിലറിയപ്പെട്ട ഈ ഏറ്റുമുട്ടലിൽ അലിയുടെ സൈന്യം ആയിഷയുടെ അനുയായികളെ കീഴടക്കി. എന്നാൽ ഖലീഫ അലി നിവേദക സംഘത്തിന് മാപ്പു നൽകുകയും തിരിച്ചയക്കുകയും ചെയ്തു. ഉസ്മാൻറെ വധത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ നീതി നടപ്പാക്കുമെന്ന ഉറപ്പും നൽകി. മടക്കത്തിനൊരുങ്ങിയ നിവേദക സംഘത്തിലെ പ്രമുഖരെല്ലാം നിഗൂഢ കൊലയാളി സംഘങ്ങളാൽ കൊല്ലപ്പെട്ടിരുന്നു. അതിനാൽ ആയിഷയെ വൻ സൈനിക സംഘത്തിൻറെ പാതിരാപ്പോട് കൂടിയാണ് അലി മടക്കി അയച്ചത്. അലിയുമായി സന്ധി ചെയ്ത ആയിഷ പിന്നീടു പൊതുജീവിതത്തിൽ നിന്ന് പിൻവാങ്ങി. അതേസമയം ഉസ്മാന്റെ ബന്ധുവായ ഡമാസ്കസിലെ ഗവർണ്ണർ മുആവിയ വധാസൂത്രകരെ പിടികൂടാതെ അലിയുടെ നേതൃത്വത്തെ അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേതുടർന്ന് അലിയുടെ സൈന്യവും മുആവിയയുടെ സൈന്യവും ഏറ്റുമുട്ടി.'സിഫിൻ യുദ്ധം' എന്ന പേരിലാണ് ഈ ഏറ്റുമുട്ടൽ ചരിത്രരേഖകളിൽ അറിയപ്പെടുന്നത്.
എന്നാൽ ഏറ്റുമുട്ടലിനോട് താൽപര്യമില്ലാതിരുന്ന അലി വിജയം പടി വാതിക്കൽ എത്തി നിൽക്കെ മുആവിയയുടെ സൈന്യവുമായി സന്ധി ചെയ്തു പിൻവാങ്ങി. [10] ഇത് അലിയുടെ സൈന്യത്തിൽ പെട്ട ചിലരുടെ കടുത്ത എതിർപ്പിനിടയാക്കി. [11]9 അലി സിറിയയിലെ അധികാരം പിടിച്ചെടുക്കണമെന്നായിരുന്നു അവരുടെ ആവിശ്യം എന്നാൽ അലി അതിനോട് വിസ്സമ്മതം പ്രകടിപ്പിച്ചു. കാർക്കശ്യവാദികളായ ഇവരിൽ ചിലർചേർന്ന് അലിയെ കൊലപ്പെടുത്തി[12]. ഉസ്മാൻറെ വധത്തിലും ആയിശയെ അക്രമിച്ചതിലും അലിയെ വധിച്ചതിലും പിന്നിൽ ചരട് വലിച്ചത് ഒരേ നിഗൂഢ സംഘമായിരിക്കാമെന്ന് ചരിത്രകാരന്മാർ സംശയം പ്രകടിപ്പിക്കുന്നു. [13]
അലിക്ക് ശേഷം ഭൂരിപക്ഷാഭിപ്രായത്തെ തുടർന്ന് ഭരണം ഹസ്സൻ ഏറ്റെടുത്തു. അലിയുടെ മൂത്ത പുത്രനായിരുന്നു ഹസ്സൻ. പിതാവിനെ പോലെ തന്നെ അധികാരത്തോട് ആസക്തി ഇല്ലാതിരുന്ന ഹസ്സൻ ആറു മാസത്തെ ഭരണ ജീവിതത്തിന് ശേഷം സ്വതാത്പര്യ പ്രകാരം ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. സാമ്രാജ്യത്തിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാൻ വേണ്ടി ആയിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. തുടർന്ന് തനിക്ക് ശേഷം ഭരണകർത്താവിനെ തിരഞ്ഞെടുക്കേണ്ടത് പൊതു ജനമായിരിക്കണം എന്ന കരാറിൻ മേൽ മുആവിയയ്ക്ക് ഹസ്സൻ അധികാരം കൈമാറി.[14] എഡി 670 ഇൽ ഹസ്സനും, ഏ.ഡി 680-ൽ മുആവിയയും മരണമടഞ്ഞു. മുആവിയക്ക് ശേഷം ഭരണാധിപനായി മകൻ യസീദ് അധികാരമേറ്റെടുത്തു. തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റമായ ഖിലാഫത്തിന് തിരശീലയിട്ട് രാജാധിപത്യത്തിന് കളമൊരുങ്ങി. അന്തരീക്ഷം കലാപകലുഷിതമാകാൻ തുടങ്ങി. പലരും യസീദിന്റെ അധികാരത്തിനെതിരെ രംഗത്തിറങ്ങി. അലിയുടെ രണ്ടാമത്തെ മകനായ ഹുസൈനോട് ഖലീഫ പദവി ഏറ്റെടുക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു. അധികാരമേറ്റെടുക്കാൻ വിസ്സമ്മതിച്ചെങ്കിലും വ്യവസ്ഥ പാലിക്കാതെ ഭരണം ഏറ്റെടുത്ത യസീദിനെ അനുകൂലിക്കാൻ ഹുസൈനും സംഘവും തയ്യാറല്ലായില്ല. ഭരണത്തിൽ നിന്നും വിട്ട് നിൽക്കണമെന്നും പൊതുജനം ഭരണാധികാരിയെ തീരുമാനിക്കട്ടെയെന്നും ഹുസൈൻ വാദിച്ചു. [15] യസീദ് അത് ചെവി കൊള്ളാതെ തനിക്കെതിരെ നിൽക്കുന്നവർക്കെതിരെ നടപടികൾ എടുക്കാൻ തുടങ്ങി. ഇതോടെ യസീദിന്റെ നേതൃത്വം അംഗീകരിക്കാതിരുന്ന കൂഫ പ്രവിശ്യയിലെ ജനങ്ങൾ അധികാരമേറ്റെടുത്ത് തങ്ങൾക്ക് മാര്ഗ്ഗദർശനമേകണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് ഹുസൈനെ കൂഫയിലേക്ക് ക്ഷണിച്ചു. ക്ഷണമേറ്റെടുത്ത് ഹുസൈൻ കൂഫയിലേക്ക് യാത്രയായി.[16] ഹുസൈൻ കൂഫയിൽ എത്തുകയും നിർബന്ധ വിധേയമായി അധികാരമേറ്റെടുക്കുകയും ചെയ്താൽ ഉണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട യസീദ് ഹുസ്സൈന്റെ സംഘത്തെ തടയാനും, മദീനയിലേക്ക് തിരിച്ചയക്കാനും ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിച്ചു. കൂഫയിലേക്കുള്ള വഴിയിൽ വെച്ചു ഹുസ്സൈനെയും സംഘത്തെയും തടഞ്ഞ ഇബ്നു സിയാദ് പോരാട്ടം നടത്തി. ഹുസ്സൈനടക്കം നിരവധിപേർ ഈ യുദ്ധത്തിൽ കൊലപ്പെട്ടു.[17]
ഇതോടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫ സംബ്രദായത്തിന് പകരം രാജാധിപത്യം നിലവിൽ വന്നതോടെ രാജാധിപത്യത്തോടും, ഹുസ്സൈന്റെ അറും കൊലയോടും രോഷമുണ്ടായിരുന്നവർ സംഘടിക്കാൻ തുടങ്ങി. പ്രവാചക കുടുംബത്തിൽ പെട്ടവരെ മാത്രം അധികാരമേൽപ്പിച്ചിരുന്നുവെങ്കിൽ ആദ്യ ഖലീഫയായി അലി അധികാരമേറ്റെടുത്തിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവർ വിശ്വസിച്ചു. പ്രവാചക കുടുംബത്തിൽ അവശേഷിച്ച അവസാന കണ്ണിയായ ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലിയെ(അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ) നേതാവായി കരുതിക്കൊണ്ട് 'ശീഅത്തു അലി'യെന്ന പേരിലറിയപ്പെട്ട ആ സംഘം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അടിച്ചമർത്തലുകളും പീഢനങ്ങളും അവരെ കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം മറുഭാഗത്ത് തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.[18]. ഈ സംഭവ വികാസങ്ങളോടെ ഇസ്ലാമിക സമുദായം രാഷ്ട്രീയ പരമായി പല തട്ടുകളായി. യസീദിന്റെ രാജവാഴ്ചയെ അനുകൂലിച്ച ചെറിയ വിഭാഗമാളുകൾ പിന്നീട് അലിഞ്ഞില്ലാതെയായി. യസീദിന്റെ കുടുംബ വാഴ്ച്ചയോടും, ശീഅത്തു അലിക്കാരുടെ അധികാര വാഴ്ച്ച സിദ്ധാതത്തോടും ഒരു പോലെ അകലം പാലിച്ച, പ്രവാചക കുടുംബത്തെ ആദരിക്കുകയും അതേ സമയം തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്ത ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം പിൽകാലത്ത് പ്രവാചക ചര്യ പിന്തുടരുന്നവർ എന്നർത്ഥം ദ്യോതിപ്പിക്കുന്ന അഹ്ൽ അസ്സുന്ന വൽ ജമാഅഃ (സുന്നി) എന്നറിയപ്പെട്ടു. [19]
അധികാരം പ്രവാചക കുടുംബത്തിൽ നിക്ഷിപ്തമാകണം എന്നാഗ്രഹിക്കുന്നവർ ഷിയാ വിഭാഗമായി പരിണമിച്ചു.[20] എ ഡി 1100 ന് (ഹിജ്റ 500) ശേഷം രാഷ്ട്രീയമായും പരികൽപ്പനമായും ഇരു ധ്രുവങ്ങളിലായതോടെ വിഭജിപ്പ് പൂർണ്ണമായി തീർന്നു.
സംഘർഷങ്ങൾ
ആദ്യകാലങ്ങളിൽ അമവി ഭരണകൂടം ശീഅത്ത് അലിക്കാരെ അതിക്രൂരമായി പീഢിപ്പിച്ചതും, ഖർമാഷ്യൻസ്, അബീദികൾ പോലുള്ള ഇസ്മായിലി ഷിയാ വിഭാഗ ഗോത്രങ്ങൾ നടത്തിയ അതി ക്രൂര അതിക്രമങ്ങളും ഒഴിച്ചു നിർത്തിയാൽ സുന്നി-ഷിയാ സായുധ കലഹങ്ങൾ ധാരാളമായൊന്നും ചരിത്രത്തിൽ അരങ്ങേറിയിട്ടില്ല. രാജാക്കന്മാർ അധികാരത്തിനായി പരസ്പരം നടത്തിയ യുദ്ധങ്ങളാണ് ഇതിനൊരപവാദം. ചില ചരിത്രകാരന്മാർ ഇവയും വിഭാഗീയ പരിധിയിൽ ഉൾപ്പെടുത്താറുണ്ട്. സൂഫികളുടെ ഇടപെടലുകൾ ശണ്ഠകളുടെ അളവുകൾ കുറക്കുവാൻ കാരണമായി തീർന്നിട്ടുണ്ട്. ഷിയാക്കളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ആരോഗ്യപരമായ സംവാദങ്ങളിലേക്ക് തിരിച്ചു വിട്ടതിൽ സൂഫികളുടെ പങ്ക് ചെറുതല്ല. സൈദ്ധാന്തികമായി ഷിയാ വാദങ്ങളെ നേരിടാൻ സുന്നി പണ്ഡിതരെയും, ഭരണാധികാരികളെയും സൂഫികൾ പ്രേരിപ്പിച്ചിരുന്നു. സൂഫികളുടെ സൗഹാർദ്ദപരമായ ഇടചേരലുകൾ സുന്നി വീക്ഷണങ്ങൾ പലതും സ്വീകരിക്കുന്നതിൽ ഷിയാ വിഭാഗത്തെ പ്രേരിതമാക്കിയിരുന്നു.[21] ഇത്തരത്തിൽ പരിവർത്തിക്കപ്പെട്ട സൈദികളും, ഇസ്നാ അശരികളും സിദ്ധാന്തപരമായി സുന്നികളെ നേരിടാൻ ഉത്സാഹം കാട്ടിയ ഷിയാ ധാരകളാണ്. മംഗോളിയൻ അധിനിവേശത്തിനെതിരെ സൂഫി- ഷിയാ പോരാട്ട സംഘങ്ങൾ ഒന്നിച്ചാണ് യുദ്ധം ചെയ്തിരുന്നത്. വസ്തുതകൾ ഇങ്ങിനെ ആയിരുന്നാലും തങ്ങളുടെ അധികാര പരിധിയിൽ അതാത് ആശയപ്രചാരകരെ മത തലപ്പത്ത് ഇരുത്തുവാൻ ഇരുകൂട്ടരും പരിശ്രമിച്ചിരുന്നു. സഫാവീദ്, ഫാഥ്വിമി ഭരണ കൂടങ്ങൾ തങ്ങൾ കീഴടക്കിയ പ്രദേശങ്ങളിൽ സുന്നി പണ്ഡിതർക്ക് പകരം ഷിയാ പണ്ഡിതരെയായിരുന്നു നീതിപീഠങ്ങളിലും മതസ്ഥാപനങ്ങളുടെയും അമരത്ത് നിയമിച്ചിരുന്നത്. തിരിച്ചു സെങ്കിദ്, അയ്യൂബി, ഓട്ടോമൻ, മുഗൾ ഭരണകൂടങ്ങൾ തങ്ങളുടെ അധികാര കേന്ദ്രങ്ങളിൽ ഷിയാ പണ്ഡിതർക്ക് ബദലായി സുന്നി മദ്ഹബീ പണ്ഡിതരെ പ്രതിഷ്ഠിച്ചു. വാടക കൊലയാളികളായ ഷിയാ അസാസീനുകൾ ഉയർത്തിയ ഭീഷണി ഒഴിച്ച് നിർത്തിയാൽ പത്തൊമ്പത് ഇരുപത് നൂറ്റാണ്ടുകളിൽ അറേബ്യായിൽ സലഫിസം ഉയർന്നു വരുന്നത് വരെ പറയത്തക്ക വൻ കലഹങ്ങളൊന്നും റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. വഹാബിയൻ ചിന്താഗതി ഉയർന്ന് വന്നതോടെ സൈദ്ധാന്തിക പരമായി ഇരു കൂട്ടരും പരസ്പരം നേരിടുന്ന സ്ഥിതിക്ക് ഭംഗം വരുത്തി സായുധ കലഹമായി അവ മാറി. സലഫികൾ തങ്ങൾക്ക് ആധിപത്യമുള്ള സ്ഥലങ്ങളിൽ ഷിയാക്കളെ കൂട്ടക്കൊലയ്ക്കിരയാക്കി.[22] [23] ഷിയാക്കളും അവർക്കാധിപത്യമുള്ള മേഘലകളിൽ അതിക്രമങ്ങൾ നടത്തി. മദ്ധ്യപൂർവേഷ്യയിൽ ഇന്നും ഇത്തരം ശണ്ഠകൾ തുടർന്ന് പോരുന്നുണ്ട്. സുന്നികളിൽ സലഫികളും, ഷിയാ വിഭാഗത്തിൽ ഇസ്മായേലികളും കാർക്കശ്യത്തിൽ പേര് കേട്ടവരാണ്. [24]
പ്രമുഖ വിഭാഗങ്ങൾ
ദൈവശാസ്ത്രപരമായ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ശിയാ വിഭാഗം തന്നെ വിവിധ വിഭാഗങ്ങളായി വേർതിരിഞ്ഞിരിക്കുന്നു.

- റ്റ്വെൽവേഴ്സ് എന്നറിയപ്പെടുന്ന ഇസ്നാ അശരികൾ
അടിസ്ഥാന വിശ്വാസങ്ങൾ
ശിയാ വിശ്വാസികൾ പൊതുവായി പിന്തുടരുന്ന ദൈവശാസ്ത്രത്തിൻറെ അടിസ്ഥാന തത്ത്വങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. അതേ സമയം എല്ലാ ശിയാ വിഭാഗങ്ങളും ഒരേ അളവിൽ ഇവ അംഗീകരിച്ചു കൊള്ളണമെന്നില്ല.
- തൗഹീദ് അഥവാ ദൈവത്തിൻറെ ഏകത്വം.
- അദാല അഥവാ നീതി.
- പ്രവാചകത്വം.
- ഇമാമത്ത്. പ്രവാചകൻമാർക്ക് പുറമേ മനുഷ്യസമൂഹത്തെ നയിക്കാനായി ദൈവം ഇമാമുമാരെ നിയമിച്ചു തന്നിരിക്കുന്നു. എന്നാൽ ആരൊക്കെയാണ് ഇമാമുകൾ എന്ന വിഷയത്തിൽ വിവിധ ശിയാ വിഭാഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം നില നിൽക്കുന്നുണ്ട്.
- ഇസ്മത്ത് അഥവാ പാപസുരക്ഷിതത്വം. ദൈവത്താൽ നിയോഗിക്കപ്പെടുന്ന പ്രവാചകൻമാരും ഇമാമുമാരും സമ്പൂർണ്ണമായി പാപകർമ്മങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നവരായിരിക്കും എന്ന വിശ്വാസം.
- വിശ്വാസത്തിലെ ദ്വാഹിറും (ظاهر) (വിശ്വാസത്തിൻറെ ബാഹ്യമായ പ്രത്യക്ഷീകരണം) ബാത്വിനും (باطن) (വിശ്വാസത്തിൻറെ ആന്തരികമായ പ്രത്യക്ഷീകരണം). വിശ്വാസത്തിന് ബാഹ്യവും ആന്തരികവുമായ വശങ്ങളുണ്ടെന്നും ബാഹ്യവശം മാത്രമാണ് പൊതുജനങ്ങൾക്ക് പ്രാപ്യമായതെന്നുമുള്ള ഈ വിശ്വാസം ഉയർത്തിപ്പിടിക്കുന്നത് ഇസ്മാഈലീ ശിയാക്കളാണ്.
- തഅ്‌വീൽ അഥവാ വ്യാഖ്യാനം. പ്രവാചകൻമാർക്കും ഇമാമുമാർക്കും മാത്രമേ മത പാഠങ്ങൾ വ്യാഖ്യാനിക്കാനുള്ള അവകാശമുള്ളൂ എന്ന ഈ വിശ്വാസവും പൊതുവായി ഇസ്മാഈലീ വിഭാഗത്തിൻറേതാണ്.
- ഖിയാമത്ത്. ഈ ലോകത്തിനു ശേഷം മനുഷ്യൻറെ നൻമ തിൻമകൾ വിചാരണ ചെയ്യപ്പെടുന്ന പരലോകത്തെക്കുറിച്ചുള്ള വിശ്വാസം.
നിർബന്ധ മതകർമങ്ങൾ
- നമസ്കാരം. ദിവസേനയുള്ള 5 നേരത്തെ പ്രാർത്ഥന.
- ഹജ്ജ് അഥവാ മക്കയിലേക്കുള്ള തീർത്ഥാടനം.
- ഖുമുസ്. ഖുമുസ് എന്നാൽ അഞ്ചിൽ ഒരു ഭാഗം എന്നാണർത്ഥമാക്കുന്നത്. സമ്പത്തിൻറെ അഞ്ചിലൊരു ഭാഗം നിർബന്ധമായും ഇമാമിനു നൽകുക.
- ജിഹാദ് അഥവാ സമരം.
- അംറ് ബിൽ മഅ്‌റൂഫ് (നന്മ കൽപിക്കുക).
- നഹ്‌യുൻ അനിൽ മുൻകർ (തിൻമ വിരോധിക്കുക)
- തവല്ലുഅ് (അഹ്‌ലുൽ ബൈത്തിനെ (പ്രവാചക കുടുംബത്തെ)) സ്നേഹിക്കുന്നവരെ സ്നേഹിക്കുക.
- തബർറുഅ് (അഹ്‌ലുൽ ബൈത്തിനോട് ശത്രുത വെച്ചു പുലർത്തുന്നവരോട് എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുക)
പ്രമുഖരായ ശിയാ പണ്ഡിതർ
- മുഹമ്മദ് യഅ്‌ഖൂബ് കുലൈനി
- അബൂ ജഅ്‌ഫർ അൽ-ത്വൂസി
- നാസിറുദ്ദീൻ അൽ-ത്വൂസി
- ബാഖിർ മജ്‌ലിസി
ആധുനിക കാലത്തെ പ്രമുഖ ശിയാ വ്യക്തികൾ
- ആയത്തുല്ല ഖുമൈനി
- ആയത്തുല്ല അലി അൽ-സീസ്താനി
- സയ്യിദ് മുഹമ്മദ് ബാഖിർ സദ്ർ
- അലി ശരീഅത്തി
- ആയത്തുല്ല അലി ഖാംനിഇ
- ഹസൻ നസ്റുല്ല
ഇതു കൂടി കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.