ശീഷ് മഹൽ (ലാഹോർ കോട്ട)

പാകിസ്താനിലെ ലാഹോർ കോട്ടയുടെ ഭാഗമായ കെട്ടിടം From Wikipedia, the free encyclopedia

ശീഷ് മഹൽ (ലാഹോർ കോട്ട)

പാകിസ്താനിലെ ലാഹോർ കോട്ടയുടെ ഭാഗമായി സ്ഥിതിചെയ്യുന്ന ഒരു കൊട്ടാരമാണ് ശീഷ് മഹൽ (ഉർദു: شیش محل). കോട്ടയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ഷാബുർജ് ബ്ലോക്കിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായി ആയിരക്കണക്കിനു ദർപ്പണങ്ങൾ പതിപ്പിച്ച മതിലുകളും മേൽക്കൂരയുമാണ് ഈ കൊട്ടാരത്തിലെ പ്രധാന ആകർഷണം. പിയത്ര ദുരെ ശൈലിയിൽ വിലപിടിപ്പേറിയ രത്നക്കല്ലുകളും വെളുത്ത മാർബിളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഈ കൊട്ടാരത്തെ 'സ്ഫടിക കൊട്ടാരം' (Palace of Mirrors) എന്നും വിളിക്കാറുണ്ട്. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ 1631-32 കാലഘട്ടത്തിൽ പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. മുഗൾ ഭരണാധികാരികൾ ലാഹോർ കോട്ടയിൽ നിർമ്മിച്ച 21 നിർമ്മിതികളിൽ ഉൾപ്പെടുന്ന ഈ കൊട്ടാരത്തെ 'ലാഹോർ കോട്ടയുടെ കിരീടത്തിലെ രത്നം' എന്നുവിശേഷിപ്പിക്കാറുണ്ട്.[1] ലാഹോർ കോട്ടയിലെ ശീഷ് മഹൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങളെ 1981-ൽ യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

വസ്തുതകൾ ശീഷ് മഹൽ, അടിസ്ഥാന വിവരങ്ങൾ ...
ശീഷ് മഹൽ
شیش محل
Thumb
ശീഷ് മഹലിന്റെ മുൻവശം
Thumb
അടിസ്ഥാന വിവരങ്ങൾ
തരംകൊട്ടാരം
വാസ്തുശൈലിമുഗൾ വാസ്തുവിദ്യ
സ്ഥാനംലാഹോർ, പഞ്ചാബ് Pakistan
നിർദ്ദേശാങ്കം31°35′23″N 74°18′47″E
നിർമ്മാണം ആരംഭിച്ച ദിവസം1631
പദ്ധതി അവസാനിച്ച ദിവസം1632
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിആസിഫ് ഖാൻ
അടയ്ക്കുക

വാക്കിന്റെ ഉത്ഭവം

Thumb
ശീഷ് മഹൽ എന്ന വാക്കിന് സ്ഫടിക കൊട്ടാരം എന്നാണ് അർത്ഥം

'ശീഷ് മഹൽ' എന്ന വാക്കിന് ഉർദ്ദു ഭാഷയിൽ 'സ്ഫടികങ്ങളുടെ കൊട്ടാരം' എന്നാണർത്ഥം.[2] ദർപ്പണങ്ങളും വെളുത്ത മാർബിളുകളും നിറഞ്ഞ ഭിത്തിയും മേൽക്കൂരയും ഈ കെട്ടിടത്തെ ഒരു സ്ഫടിക കൊട്ടാരമാക്കിത്തീർക്കുന്നു.[3] ആഗ്ര കോട്ടയിലും ആംബർ കോട്ടയിലും ശീഷ് മഹൽ പോലുള്ള നിർമ്മിതികളുണ്ട്.

ചരിത്രം

Thumb
ഉൾവശത്തെ കാഴ്ച

മുഗൾ ചക്രവർത്തിയായിരുന്ന അക്ബർ 1556-ൽ ലാഹോർ കോട്ട പണികഴിപ്പിച്ചു.[4] അദ്ദഹത്തിനു ശേഷം വന്ന മുഗൾ ഭരണാധികാരികൾ ഇവിടെ കൂടുതൽ കെട്ടിടങ്ങൾ നിർമ്മിച്ചു. വിലപിടിപ്പേറിയ മാർബിളുകളും മറ്റും ഉപയോഗിച്ച് ലാഹോർ കോട്ടയെ സമ്പന്നമാക്കിയത് ഷാജഹാനായിരുന്നു.[5] അദ്ദേഹം ഇവിടെ ദിവാൻ-ഇ-ഖാസ്, മോത്തി മസ്ജിദ്, നൗലാഘാ പവിലിയൻ, ശീഷ് മഹൽ, വിശ്രമമുറികൾ എന്നിവ നിർമ്മിച്ചു. ജഹാംഗീറിന്റെ കാലത്തു നിർമ്മിക്കപ്പെട്ട ഷാ ബുർജ് ബ്ലോക്കാണ് ശീഷ് മഹൽ നിർമ്മിക്കുന്നതിനായി ഷാജഹാൻ തിരഞ്ഞെടുത്തത്. രാജാക്കന്മാരുടെ തന്ത്രപ്രധാനമായ യോഗങ്ങൾ നടന്നിരുന്ന ഈ കെട്ടിട സമുച്ചയത്തിൽ മന്ത്രിമാർ, രാജകുമാരന്മാർ എന്നിങ്ങനെ വളരെ കുറച്ചു പേർക്കു മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളൂ.[6] 1628 മുതൽ 1634 വരെ ഷാജഹാൻ ലാഹോർ കോട്ടയിൽ ധാരാളം മന്ദിരങ്ങൾ നിർമ്മിച്ചു. വിലപിടിപ്പേറിയ വെളുത്ത മാർബിളുകൾ ഉപയോഗിച്ചുള്ള നിർമ്മിതികൾക്കാണ് അദ്ദേഹം മുൻതൂക്കം നൽകിയിരുന്നത്. മുഗൾ ഭരണശേഷം അധികാരത്തിൽ വന്ന സിഖ് ഭരണാധികാരികളും ലാഹോർ കോട്ടയിൽ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സിഖ് ഭരണാധികാരിയായിരുന്ന രാജാ രഞ്ജിത് സിങ്ങിന്റെ ഇഷ്ട കേന്ദ്രങ്ങളിലൊന്നായിരുന്നു ശീഷ് മഹൽ. ഇതിനോടു ചേർന്ന് അന്തഃപുരത്തിലെ സ്ത്രീകൾക്കു താമസിക്കുന്നതിനായി ഒരു മുറി അദ്ദേഹം നിർമ്മിച്ചിരുന്നു.[4] പ്രശസ്തമായ കോഹിനൂർ രത്നം സൂക്ഷിച്ചിരുന്നതും ശീഷ് മഹലിലായിരുന്നു.[7]

ഘടന

Thumb
ശീഷ് മഹലിനുള്ളിൽ ധാരാളം ദർപ്പണങ്ങളുണ്ട്

അർദ്ധ അഷ്ടഭുജാകൃതിയിലാണ് ശീഷ് മഹൽ നിർമ്മിച്ചിരിക്കുന്നത്. പ്രധാന ഭാഗത്ത് മാർബിൾ കൊണ്ടു നിർമ്മിച്ച അഞ്ചു കമാനങ്ങളുണ്ട്. ഇവ ഓരോന്നും രണ്ടു തുണുകളിലായി നിർത്തിയിരിക്കുന്നു. ദർപ്പണങ്ങളും രത്നക്കല്ലുകളും വെളുത്ത മാർബിളുകളും കൊണ്ട് കൊട്ടാരമാകെ അലങ്കരിച്ചിരിക്കുന്നു. തിളക്കമുള്ള വസ്തുക്കൾ പ്രത്യേക ജ്യാമിതീയ രൂപത്തിൽ അലങ്കരിച്ചിരുന്ന ഇന്തോ - പേർഷ്യൻ കലാരീതിയായ പിയത്ര ദുരെ ശൈലിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.[8][9] കോൺവെക്സ് ദർപ്പണം ഉൾപ്പെടെ ആയിരക്കണക്കിനു ദർപ്പണങ്ങളും മൊസൈക്ക് ശകലങ്ങളും പതിപ്പിച്ച ഭിത്തിയാണ് ഇവിടെയുള്ളത്. ദർപ്പണങ്ങളുടെയും മാർബിളുകളുടെയും സാന്നിദ്ധ്യം മൂലം കൊട്ടാരമാകെ പ്രകാശ പൂരിതമായി കാണപ്പെടുന്നു. ശീഷ് മഹലിന്റെ മേൽക്കൂരയിൽ ആദ്യകാലത്ത് ധാരാളം ചിത്രങ്ങളുണ്ടായിരുന്നു. ഇവ പിന്നീട് മാറ്റുകയും വിവിധ വർണ്ണങ്ങളിലുള്ള മൊസൈക്ക് സ്ഥാപിക്കുകയും ചെയ്തു.[1]

സംരക്ഷണം

Thumb
നിറമുള്ള ഗ്ലാസുകളും ശീഷ് മഹലിൽ ഉപയോഗിച്ചിട്ടുണ്ട്

മുഗളൻമാർക്കു ശേഷം സിഖുകാരും ബ്രിട്ടീഷുകാരും ശീഷ് മഹൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ സംരക്ഷിച്ചുവന്നു. 1904-05 കാലഘട്ടത്തിൽ ഇവിടുത്തെ മേൽക്കൂരയുടെ ചില ഭാഗങ്ങൾ അടർന്നു വീണു. 1927-ൽ ബ്രിട്ടീഷ് പുരാവസ്തു വകുപ്പ് കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ചു. 1960-കളിലും കൊട്ടാരത്തിനു കേടുപാടുകൾ സംഭവിച്ചിരുന്നു.[10] 1975-ൽ പാകിസ്താൻ ഭരണകൂടം ശീഷ് മഹലിനെ ഒരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. 1981-ൽ ശീഷ് മഹൽ ഉൾപ്പെടെ ലാഹോർ കോട്ടയിലെ എല്ലാ കെട്ടിടങ്ങളും യുനെസ്കോ ലോകപൈതൃക കേന്ദ്രങ്ങളിൽ ഉൾപ്പെടുത്തി. 2006-ലാണ് ഇവിടെ അവസാനമായി അറ്റകുറ്റപ്പണികൾ നടന്നത്.[11]

ചിത്രശാല

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

പുറംകണ്ണികൾ

Wikiwand - on

Seamless Wikipedia browsing. On steroids.