മനസ്സ് ദുഷിച്ച ചിന്തകൾക്ക് വശംവദമായി ദുർമാർഗ്ഗത്തിലൂടെ സഞ്ചരിക്കാതിരിക്കാനായി മനസ്സ്, വാക്ക്, ശരീരം എന്നിവയാൽ ദൈവത്തെ ചിട്ടപ്രകാരം ആരാധിക്കുകയെന്നതാണ് വ്രതാനുഷ്ടാനത്തിന്റെ പരമമായ ലക്ഷ്യം. ഒപ്പം മറ്റുള്ളവരുടെ വിശപ്പ് നമ്മളും അനുഭവിച്ചു അറിയുക എന്ന തത്ത്വവും ഇതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ഉപവാസമിരുന്നാൽ ശരീരത്തിലെ ദഹനേന്ദ്രിയങ്ങൾക്ക് അൽപ്പം വിശ്രമവും ലഭിക്കുന്നുവെന്നാണു വിശ്വാസം. വ്രതങ്ങളിൽ ഏകാദശി, ഷഷ്ടി, പ്രദോഷം, അമാവാസി, പൌർണ്ണമി, നവരാത്രി, ശിവരാത്രി, ശബരിമല മണ്ഡലകാലം, തിരുവാതിര, തിങ്കളാഴ്ച വ്രതം എന്നിങ്ങനെ പലതുണ്ട്. സ്ത്രീ-പുരുഷഭേദമില്ലാതെ ബാലവൃദ്ധ ഭേദമില്ലാതെ കുടുംബത്തിലെ എല്ലാവരും വ്രതാനുഷ്ടാനങ്ങൾ ഒരു ശീലമാക്കിയാൽ സകുടുംബ ഐശ്വര്യം ഉണ്ടാകുമെന്നാന് ഹൈന്ദവവിശ്വാസം. വ്രതമെടുക്കുന്നവർ അരി ഗോതമ്പ് തുടങ്ങിയ ധാന്യഭക്ഷണം, മാംസാഹാരം, മദ്യപാനം പുകവലി തുടങ്ങി ലഹരി ഉപയോഗം, അമിത സംസാരം, പരദ്രോഹചിന്ത എന്നിവ ഒഴിവാക്കുകയും; കിടക്ക ഉപയോഗിക്കാതെ ഉറങ്ങുകയും ചെയ്യണമെന്നാണ് വിധി. എന്നാൽ പഴങ്ങൾ, കരിക്കിൻവെള്ളം, ശുദ്ധജലം എന്നിവ ഉപയോഗിക്കാം. കൂടാതെ ക്ഷേത്രദർശനവും നാമജപവും പാവപെട്ടവർക്ക് അന്നദാനം, വസ്ത്രം മുതലായവ ദാനം നടത്തുകയും, സ്ത്രീകളെ ബഹുമാനിക്കുകയും ചെയ്യണം എന്നാണ് പൊതുവായ താന്ത്രിക വിധി. ഓരോരോ വ്രതങ്ങൾക്കും വ്യത്യസ്തമായ ഉദ്ദേശവും ഫലസിദ്ധിയുമുണ്ട്.
പക്ഷവ്രതങ്ങൾ
ഏകാദശിവ്രതം
ഏകാദശിവ്രതാനുഷ്ഠാനം പൊതുവിൽ എല്ല്ലാദേവന്മാർക്കും പ്രത്യേകിച്ച് വിഷ്ണുവിനും പ്രീതികരമാണ്.ഇഹലോകസുഖവും പരലോകസുഖവും ഫലം. സൂര്യോദയത്തിന്ന് ദശമിസംബന്ധമുള്ള ഏകാദശിയാണ് ഭൂരിപക്ഷ ഏകാദശി. ദ്വാദശീ സംബന്ധമായ ഏകാദശി "ആനന്ദപക്ഷം" എന്നറിയപ്പെടുന്നു. ഇവയെ പിതൃപക്ഷമെന്നും ദേവപക്ഷമെന്നും പറയാറുണ്ട്. പൈതൃകകർമ്മങ്ങൾക്ക് ദശമിസംബന്ധമുള്ള ഏകാദശിയാണ് വിശേഷം. ദ്വാദശീ സംബന്ധമുള്ളത് ദേവപ്രീതികരമായി പറയപ്പെടുന്നു.
- നിയമങ്ങൾ
ശാല്യന്നം (അരിഭക്ഷണം) ഭക്ഷിക്കരുത്. ദശമിയും ദ്വാദശിയും ഒരിക്കലൂണ്. ഏകാദശിനൾ (ശുദ്ധോപവാസം) പൂർണ്ണ ഉപവാസം അനുഷ്ടിക്കണം. ഇങ്ങനെ മൂന്ന് രാത്രി ഊണുപേക്ഷിക്കണം. പകലുറങ്ങരുത്. ശുദ്ധോപവാസദിവസം തുളസീതീർത്ഥം സേവിക്കാം. ഏകാദശീവ്രതം പാരണക്ക് ശേഷം മാത്രമേ പൂർത്തിയാകൂ. ഭജന, സത്സംഗം, പുണ്യക്ഷേത്രദർശനം ഇവ നടത്തി ദ്വാദശിനാൾ പാരണ കഴിച്ചു വ്രതം അവസാനിപ്പിക്കണം. വെളുത്തപക്ഷം ഏകാദശിയാണു ഉത്തമം. ഏകാദശീ വ്രതം എടുത്തയാൾ പകൽ ഉറങ്ങാൻ പാടില്ല.
- ഹരിവാസരം
ഏകാദശിയുടെ അന്ത്യഖണ്ഡവും (തിഥിയുടെ അവസാന നാലിലൊന്ന്)15നാഴികയും(ഒരു നാഴിക =24/60=2/5മണിക്കൂർ=40മിനിറ്റ്) ദ്വാദശിയുടെ ആദ്യ15 നാഴികയും ഉൾപ്പെട്ട 30നാഴികക്ക് ഹരിവാസരം എന്നറിയപ്പെടുന്നു. എല്ലാ ഏകാദശീ വ്രതങ്ങളും പ്രാധാന്യമുള്ളവ തന്നെ ആണെങ്കിലും വൈകുണ്ഠൈകാദശി, ശയനൈകാദശി[1], ഉത്ഥാനൈകാദശി എന്നിവയും കേരളത്തിൽ ഗുരുവായൂർ ഏകാദശി [2], തിരുവില്വാമല, നെല്ലുവായ്, തൃപ്രയാർ, കടവല്ലൂർ എന്നീക്ഷേത്രങ്ങളീലെ ഏകാദശിയും അധികം പ്രധാനമാണ്. എല്ലാ വ്രതങ്ങളും അനുഷ്ഠിക്കുന്നതുകൊണ്ട് ശ്രേയസ്സുണ്ടാകും എന്നാൽ ഏകാദശിവ്രതം അനുഷ്ഠിക്കാതിരുന്നാൽ ദോഷമുണ്ട്.
- ദ്വാദശി
എകാദശി വ്രതത്തിനുശേഷം ദ്വാദശി വിശിഷ്ടമാണ്. ശ്രാവണദ്വാദശിയും വൈശാഖദ്വാദശിയും അധികം പ്രധാനം.
ഷഷ്ടിവ്രതം
സന്താനശ്രേയസ്സിനും സുബ്രമണ്യപ്രീതിക്കും അനുഷ്ടിക്കുന്ന വ്രതം. ഉദയാല്പരം ആറു നാഴികയുള്ള വെളുത്ത ഷഷ്ടിയാണ് വ്രതം. കന്നിയിലെ ഹലഷഷ്ടി, തുലാത്തിലെ സ്കന്ദഷഷ്ടി, വ്രുശ്ചികത്തിലെ വെളുത്തഷഷ്ടി, ധനുവിലെ ചമ്പാഷഷ്ടി, കുംഭത്തിലെ കറുത്തഷഷ്ടി മുഖ്യം.
പ്രദോഷം
ത്രയോദശിതിഥിയിൽ സായം സന്ധ്യയുടെ ആരംഭമാണ് പ്രദോഷമെന്നു അറിയപ്പെടുന്നത്. അതിൽ അസ്തമയത്തിനു തൊട്ടുപിമ്പുള്ള വേളയാണ് പ്രദോഷസമയം. ശിവപ്രീതിക്കായി അനുഷ്ടിക്കുന്ന വ്രതമാണ്. ആ സമയത്ത് മനുഷ്യൻ മാത്രമല്ല വിഷ്ണു മുതലായ ദേവന്മാരും പ്രദോഷരുദ്രനെ സേവിക്കുന്നു. പ്രദോഷനൃത്തോത്സുകരാകുന്നു. ദേവിയുടെ സന്തോഷത്തിനായി ദേവിയെ പീഠത്തിലിരുത്തി നടരാജരാജൻ നൃത്തം ചെയ്യുന്ന സമയമാണിത്. പ്രാതസ്നാനശേഷം ശുഭവസ്ത്രം, ഭസ്മലേപനം, രുദ്രാക്ഷമാല ഇവ ധരിച്ച് നമഃശിവായ മന്ത്രജപവും ഉപവാസവുമായി കഴിയുന്നു. പ്രദോഷ ശനിയാഴ്ച വ്രതം അതിവിശേഷം.
അമാവാസി വ്രതം
പിതൃപ്രീതിക്കു-സമ്പത്ത്, ആരോഗ്യം, സന്താനപുഷ്ടി ഇവയും ഫലം.രാവിലെ പുണ്യതീർത്ഥസ്നാനം, പിതൃബലി സമർപ്പനം, ഒരിക്കലൂണ് ഇവ വേണം. ഭദ്രകാളി പ്രീതിക്ക് വേണ്ടിയും അമാവാസി വ്രതം എടുക്കാറുണ്ട്. കാളി ക്ഷേത്ര ദർശനം, രാത്രി പതിനൊന്നരയ്ക്ക് ശേഷം ഭദ്രകാളിയെ പ്രാർഥിക്കുന്നതും പ്രധാനം.
പൌർണ്ണമി വ്രതം
ദേവീപ്രീതിക്കു വേണ്ടി ഒരിക്കലൂണ്, പുലർച്ചെ കുളി, ക്ഷേത്രദർശനം എന്നിവ പ്രധാനം. ദുർഗ്ഗ, ഭദ്രകാളി, ഭഗവതി, മഹാലക്ഷ്മി, പാർവതി, ഭുവനേശ്വരി ക്ഷേത്രങ്ങളിൽ പ്രധാനം. ദേവി ആദിപരാശക്തിയുടെ എല്ലാ ഭാവങ്ങൾക്കും പ്രധാനം.
അഷ്ടമിവ്രതം
ശിവപ്രീതികരം. ഏകാദശിപോലെ നോൽക്കുന്നു. വൈക്കത്ത് ശ്രീകോവിലിൽ വൃശ്ചികമാസത്തിലെ അഷ്ടമിക്കാണ് വ്യാഘ്രപാദമഹർഷിക്ക് പ്രത്യക്ഷമായി കാണാനായത് എന്നതിനാൽ വൈക്കത്ത് പ്രധാനം.
ആഴ്ച വ്രതങ്ങൾ
അർക്കവ്രതം
സർവ്വവേദസ്വരൂപനും പ്രപഞ്ചധാരിയും ജഗദാധാരവുമായ ആദിത്യനെ ഉദ്ദേശിച്ച് ആചരിച്ചുവരുന്ന വ്രതമാണ് ഇത്. ഞായറാഴ്ച ഉദയത്തിനുമുമ്പ് എഴുന്നേറ്റ് കുളിച്ച് മൗനമായി ഗായത്രീമന്ത്രജപത്തോടുകൂടി ഹിരണ്യഗർഭനായ സൂര്യനെ ഉപാസിക്കണം. സൂര്യസ്തോത്രങ്ങൾ ചൊല്ലുകയും ആകാം.ഞായറാഴച ഒരുനീരം മാത്രം ആഹാരം കഴിക്കാം. സൂര്യാസ്തമയത്തിനുശേഷം ഉപവാസം വേണം. ജനങ്ങൾക്ക് ധർമ്മവൃദ്ധിയും സർവ്വപാപഹരവുമാണ് അർക്കവ്രതം.
ഞായറാഴ്ച വ്രതം
സൂര്യനെ കൂടാതെ ശിവനെ സങ്കൽപ്പിച്ചും ഞായറാഴ്ച വ്രതം എടുക്കാറുണ്ട്. ആദിത്യന്റെ ദൈവമായ ശിവന് ഞായറാഴ്ച പ്രധാനമാണ്. ആയുസ്, ആരോഗ്യം, ഐശ്വര്യം, രോഗമുക്തി, ആപത്തിൽ രക്ഷ, അപകടമുക്തി തുടങ്ങിയവ ഫലം.
സോമവാരവ്രതം (തിങ്കളാഴ്ച നോയമ്പ്)
ഇഷ്ടവരപ്രാപ്തിക്കും ഉത്തമ ദാമ്പത്യത്തിനും സുമംഗലികൾ ദീർഘസൗമംഗല്യത്തിനും അനുഷ്ഠിക്കുന്ന പ്രധാന വ്രതമാണ് സോമവാരവ്രതം. ഇത് തിങ്കളാഴചനോമ്പ് എന്നും അറിയപ്പെടുന്നു. പാർവതിദേവിയെയും ശിവനെയും സങ്കല്പിച്ചു എടുക്കുന്ന വ്രതം.
- തിങ്കളാഴ്ചവ്രതം എടുക്കുന്നു. ഭർത്താവിന്റെ ആയുസ്സിനും കുടുംബത്തിന്റെ ഐശ്വര്യത്തിനും സുഖദാമ്പത്യത്തിനും വേണ്ടി പൊതുവേ സ്ത്രീകൾ കൂടുതലായി
ചൊവ്വാഴ്ച വ്രതം
ഭദ്രകാളിയെ സങ്കൽപ്പിച്ചു എടുക്കുന്ന വ്രതം. ഭഗവതിയുടെ പ്രീതി, സർവ ഐശ്വര്യം, രോഗമുക്തി, ദുരിത മോചനം തുടങ്ങിയവ ഫലങ്ങൾ.
ബുധനാഴ്ച വ്രതം
സരസ്വതി പ്രധാനമായ വ്രതം. വിദ്യാർത്ഥികൾക്ക് വിശേഷം.
വ്യാഴാഴ്ച ഒരിക്കൽ
മഹാവിഷ്ണു, കൃഷ്ണൻ, ധന്വന്തരി ഉൾപ്പെടെ മറ്റു വിഷ്ണു അവതാരങ്ങൾ എന്നിവർക്ക് പ്രാധാന്യം. നോമ്പായി ആചരിക്കുന്നു. ദൈവാനുഗ്രഹം, ഐശ്വര്യം, രോഗമുക്തി, സൗഭാഗ്യം, ദുഖശാന്തി, ദുരിതമുക്തി എന്നിവ ഫലം.
വെള്ളിയാഴ്ച വ്രതം
ദേവി പ്രീതി മുഖ്യം. പരാശക്തി, ഭുവനേശ്വരി, മഹാലക്ഷ്മി, അന്നപൂർണേശ്വരി തുടങ്ങിയ ഭഗവതി പ്രധാനമായ വ്രതം. സർവ്വ ഐശ്വര്യം, ഇഷ്ട സിദ്ധി, സാമ്പത്തിക ഉയർച്ച, ഉത്തമ വിവാഹം തുടങ്ങിയവ ഫലം.
ശനിയാഴ്ച ഒരിക്കൽ
ശാസ്താവിനും ഹനുമാനും മുഖ്യം, ശനിദോഷ ശാന്തി, ദുരിതമോചനം, അപകടമുക്തി, രോഗമുക്തി എന്നിവ ഫലം.
വാർഷിക വ്രതങ്ങൾ
നവരാത്രി വ്രതം
നവരാത്രികാലം വ്രതമായി ആചരിക്കാറുണ്ട്. ആദിപരാശക്തിയായ ദേവിയെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി തുടങ്ങിയ പല ഭാവങ്ങളിൽ സങ്കല്പിച്ചു എടുക്കുന്ന വ്രതം. പ്രധാനമന്ത്രി നരേന്ദ്രമോദി നവരാത്രിവ്രതോപാസകനാണ്[3]
ദീപാവലി വ്രതം
സർവ ഐശ്വര്യം, ദുരിതമുക്തി എന്നിവ ഉദ്ദേശിച്ചു മഹാവിഷ്ണു, മഹാലക്ഷ്മി അല്ലെങ്കിൽ കൃഷ്ണൻ, ശ്രീരാമൻ എന്നിവരെ ഉദ്ദേശിച്ചു എടുക്കുന്ന വ്രതം.
തൃക്കാർത്തിക വ്രതം
ദേവി പ്രീതികരമായ വ്രതം. ദുർഗ്ഗ, ഭുവനേശ്വരി, മഹാലക്ഷ്മി തുടങ്ങിയ ദേവി ഭാവങ്ങൾ പ്രധാനം.
തൈപ്പൂയ വ്രതം
മകര മാസത്തിലെ ഏറ്റവും ശ്രദ്ദേയ ദിനമാണ് തെപ്പൂയം. പരമ പ്രധാനമാണ് തൈപ്പൂയ വ്രതവും. ഭഗവാൻ സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തി ആഗ്രഹ സാഫല്യം നേടാൻ ഉത്തമമായ ദിനമാണ് തൈപ്പൂയ ദിനം. സന്താനങ്ങൾക്ക് അഭിവൃദ്ധി, ശത്രുദോഷ ശമനം, ഇഷ്ട വിവാഹം എന്നിവയ്ക്ക് ഉത്തമമാണ് തൈപ്പൂയ വ്രതം. തൈപ്പൂയത്തിൻറെ പിറ്റേദിവസം സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി വ്രതം അവസാനിപ്പിക്കാം.
ഭരണി വ്രതം
ഭദ്രകാളിയുടെ തിരുനാൾ ആണ് ഭരണി. കഠിനമായ ദുരിതങ്ങൾ, ദുഃഖങ്ങൾ, രോഗങ്ങൾ എന്നിവയിൽ നിന്ന് മുക്തിക്കായി എടുക്കുന്ന വ്രതം. ഭദ്രകാളി പ്രധാനം. മകരം, കുംഭം, മീനം മാസങ്ങളിലെ ഭരണി ദിവസം വിശേഷം.
വിഷു വ്രതം
സർവ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി മഹാവിഷ്ണു, കൃഷ്ണൻ എന്നിവരെ ആരെയെങ്കിലും ഉദ്ദേശിച്ചു വിഷു ദിവസം എടുക്കുന്ന വ്രതം.
ശിവരാത്രി വ്രതം
മറ്റുവ്രതങ്ങൾ ഒന്നും അനുഷ്ഠിക്കാത്തവർ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാൽ സകലവ്രതങ്ങളൂം അനുഷ്ഠിച്ച ഫലം ഉണ്ടത്രേ!
തിരുവാതിര നോമ്പ്
ഉമാമഹേശ്വരപ്രീതിയെ ഉദ്ദേശിച്ചുഌഅ വ്രതമാണ് ആർദ്രാ വ്രതം അഥവാ തിരുവാതിരനോമ്പ്. മാർഗ്ഗശീർഷ (വൃശ്ചികത്തിലെ കറുത്തവാവിനുശേഷം പ്രഥമമുതൽ ധനുവിലെ കറുത്തവാവുവരെ)ആർദ്രാ നാൾ ആണ് മഹേശ്വരന്റെ പിറന്നാൾ.അന്ന് മിക്കവാറും വെളുത്തവാവ് ആയിരിക്കും. കേരളത്തിൽ ധനുവിലെ തിരുവാതിര എന്നേ നോക്കാറുള്ളൂ. ഭക്തന്മാർ ആർദ്രാ ജാഗരണം, ആർദ്രാ വ്രതം, ആർദ്രാ ദർശനം എന്നിവ ആചരിക്കുന്നു. തിരുവാതിര പകലുള്ള നാൾ വ്രതം, രാത്രി ഉള്ള ദിവസം ജാഗരണം.രാത്രി ആർദ്രാ ദർശനം. ഇതാണ് ക്രമം ആർദ്രാ വ്രതത്തിന് ശാല്യന്നം പാടില്ല.നൈവിളക്ക് വെച്ച ആർദ്രാ ദർശനം പാപപരിഹാരമാണ്. ചിദംബരത്ത് പ്രധാനം. മാർഗ്ഗശീർഷ മാസം തുടങ്ങുന്നതോടെ സ്ത്രീകൾ രാവിലെ തുടിച്ചുകുളിയും തിരുവാതിർക്കളിയും. ഫലമൂലങ്ങളൂം മാത്രം കഴിച്ചു ഉപവാസം എന്നിവ ആരംഭിക്കുന്നു.
അഷ്ടമിരോഹിണി വ്രതം
കൃഷ്ണനായി അവതരിച്ച ചിങ്ങമാസത്തിലെ അഷ്ടമിയും രോഹിണിയും ചേർന്ന ദിവസം ഉപവസിച്ച അർദ്ധരാത്രി ചന്ദ്രനുദിക്കും വരെ ഭവവാന്റെ അവതാരം പ്രതീക്ഷിച്ചിരിക്കണം ചന്ദ്രനുദിച്ചാൽ പൂജ കഴിച്ച പാരണ ആകാം. പകൽ ശാല്യന്നം പാടില്ല.
ശ്രാവണി ഉപാകർമ്മം
ധർമ്മത്തിലേക്ക് അടുപ്പിക്കുന്നതും ധർമ്മരക്ഷാപ്രതിജ്ഞ പുതുക്കുന്നതുമായ ഈ പുണ്യദിനത്തിൽ പൂണൂൽ ധരിക്കുന്നതും രാഖി ബന്ധിക്കുകയും ചെയ്യുന്നു. 'രക്ഷാബന്ധനം' എന്നപേരിൽ ദേശീയമായാചരിക്കുന്നതും ശ്രാവണി ഉപാകർമ്മത്തിന്റെ ജനകീയ രൂപമാണ്.
ഇതും കാണുക
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.