Remove ads
തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ ചേലക്കരയ്ക്കടുത്ത് വെങ്ങാനെല്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവീമ്പിലപ്പൻ മഹാശിവക്ഷേത്രം.[1]. മഹാകാലഭാവത്തിലുള്ള, അത്യുഗ്രമൂർത്തിയായ പരമശിവനാണ് ഇവിടത്തെ പ്രധാനപ്രതിഷ്ഠ. കൂടാതെ ശ്രീകോവിലിൽ മഹാവിഷ്ണുവിന്റെ സങ്കല്പവും ഉപദേവതകളായി പാർവ്വതി, ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, മണികണ്ഠൻ, അന്തിമഹാകാളൻ, ഭദ്രകാളി, നാഗദൈവങ്ങൾ എന്നിവർക്ക് പ്രതിഷ്ഠകളുമുണ്ട്. കുംഭമാസത്തിലെ ശിവരാത്രിയും വൃശ്ചികമാസത്തിലെ വൈക്കത്തഷ്ടമിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. ഇവ കൂടാതെ ധനുമാസത്തിൽ തിരുവാതിരയും അതിവിശേഷമാണ്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.
വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°42′12″N 76°20′14″E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | തൃശ്ശൂർ |
പ്രദേശം: | ചേലക്കര |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം, ശിവരാത്രി |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | കൊച്ചിൻ ദേവസ്വം ബോർഡ് |
ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലം നിരവധി വീമ്പുമരങ്ങളാൽ സമ്പന്നമായിരുന്നു. അത്തരത്തിലൊരു വലിയ വീമ്പുമരത്തിനടിയിൽ ഒരു ദിവസം കണ്ടെത്തിയ ശിവലിംഗമാണ് ഇന്ന് ഇവിടെ മുഖ്യപ്രതിഷ്ഠയായിരിയ്ക്കുന്നത്. അടുത്തുള്ള പാഴ്ച്ചെടികൾ വെട്ടാനോ മറ്റോ വന്ന ഒരാൾ, തന്റെ കയ്യിലുണ്ടായിരുന്ന അരിവാളിന് മൂർച്ച കൂട്ടാൻ അടുത്തുള്ള കല്ലിൽ ഉരച്ചുനോക്കിയപ്പോൾ അതിൽ നിന്ന് രക്തപ്രവാഹമുണ്ടാകുകയും പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നമ്പൂതിരിമാർ അവിടെ പൂജ നടത്തുകയും ചെയ്തു. കാലാന്തരത്തിൽ അവിടെ മഹാദേവന് ക്ഷേത്രം ഉയർന്നുവരികയും പൂജാദികാര്യങ്ങൾ നടത്തുകയും ചെയ്തു. വീമ്പുമരച്ചുവട്ടിൽ കുടികൊണ്ട മഹാദേവൻ, തന്മൂലം തിരുവീമ്പിലപ്പൻ എന്നറിയപ്പെട്ടു.
തനതായ കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് തിരുവീമ്പിലപ്പൻ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. വെങ്ങനല്ലൂർ തിരുവീമ്പിലപ്പൻ ക്ഷേത്രം കേരളത്തിലെ മനോഹരങ്ങളായ ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടുത്തെ വട്ടശ്രീകോവിലും, കിഴക്കേനടയിലെ കൂറ്റൻ ഗോപുരവും, വലിയമ്പല സമുച്ചയവും എല്ലാം ശ്രദ്ധേയമാണ്. വളരെയേറെ വിസ്താരമേറിയതാണ് ഇവിടുത്തെ ക്ഷേത്രമതിലകം. കൂറ്റൻ മതിൽക്കെട്ടിനാൽ ചുറ്റപ്പെട്ടതാണ് ഈ ക്ഷേത്ര മൈതാനം. ക്ഷേത്രത്തിന്റെ മുന്നിൽ അഭിമുഖമായി എടത്തറക്കോവിൽ എന്നുപേരുള്ള ഒരു ചെറിയ ശ്രീകൃഷ്ണക്ഷേത്രവുമുണ്ട്. വിശ്വരൂപദർശനഭാവത്തിലുള്ള ശ്രീകൃഷ്ണനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. പടിഞ്ഞാറോട്ടാണ് ദർശനം. ഈ ക്ഷേത്രത്തിനടുത്താണ് പ്രസിദ്ധമായ ക്ഷേത്രക്കുളം. ഉഗ്രദേവതകളായ പരമശിവന്റെയും ശ്രീകൃഷ്ണന്റെയും ഉഗ്രത കുറയ്ക്കാനാണ് ഇരുമൂർത്തികൾക്കും ഇടയിൽ കുളം പണിതതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഈ കുളം പിന്നിട്ട് അല്പം കൂടി നടന്നാൽ ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിന് മുന്നിലെത്താം. 2005-ലാണ് ഈ ഗോപുരം പണികഴിപ്പിച്ചത്. ഇതിലൂടെ കടന്നാൽ അതിവിശാലമായ മതിലകത്തെത്താം.
കിഴക്കേ നടയിൽ സാമാന്യം വലുപ്പത്തിൽ ഒരു നടപ്പുര പണിതിട്ടുണ്ട്. ഇതും താരതമ്യേന പുതിയ കാലത്തെ നിർമ്മിതിയാണ്. മഴ നനയാതെ ദർശനം നടത്താൻ ഇത് ഉപകരിയ്ക്കുന്നു. ഏകദേശം മൂന്ന് ആനകളെ വച്ചെഴുന്നള്ളിയ്ക്കാനുള്ള സൗകര്യമുള്ള ഈ നടപ്പുരയിൽ വച്ചാണ് ചോറൂൺ, വിവാഹം, തുലാഭാരം തുടങ്ങിയ കർമ്മങ്ങൾ നടക്കുന്നത്. ഉത്സവക്കാലത്ത് പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവ നടക്കുന്നതും ഇവിടെത്തന്നെയാണ്. ക്ഷേത്രത്തിൽ കൊടികയറി ഉത്സവമില്ലാത്തതിനാൽ കൊടിമരം പ്രതിഷ്ഠിച്ചിട്ടില്ല. എന്നാൽ, ബലിക്കൽപ്പുര പണിതിട്ടുണ്ട്. സാമാന്യം വലുപ്പമുള്ള ബലിക്കൽപ്പുരയാണ് ഇവിടെയുള്ളത്. മനോഹരമായ നിരവധി കൊത്തുപണികളാൽ സമ്പന്നമായ ഈ ബലിക്കൽപ്പുരയുടെ ഒത്ത നടുക്ക് ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. അസാമാന്യ വലുപ്പമുള്ള ബലിക്കല്ലാണിത്. ഏകദേശം പത്തടി ഉയരം വരും. തന്മൂലം പുറത്തുനിന്ന് നോക്കുന്ന ഭക്തർക്ക് ശിവലിംഗം കാണാൻ സാധിയ്ക്കില്ല. ശിവന്റെ പ്രധാന സേനാനിയായ ഹരസേനനെയാണ് വലിയ ബലിക്കല്ല് പ്രതിനിധീകരിയ്ക്കുന്നത്. കൂടാതെ ചുവട്ടിലായി എട്ട് ചെറിയ ബലിക്കല്ലുകളും കാണാം. ഇവ ഉപസൈന്യാധിപന്മാരെ പ്രതിനിധീകരിയ്ക്കുന്നു. ബലിക്കല്ലിന് നേരെ മുകളിലായി ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.
ക്ഷേത്രമതിലകത്ത് തെക്കുകിഴക്കേമൂലയിലാണ് ദേവസ്വം ഓഫീസും മറ്റ് അനുബന്ധ കെട്ടിടങ്ങളും സ്ഥിതിചെയ്യുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു 'ബി' ഗ്രേഡ് ദേവസ്വമാണ് വെങ്ങാനെല്ലൂർ ദേവസ്വം. തിരുവില്വാമല ഗ്രൂപ്പിന്റെ കീഴിലാണ് ഇത് വരുന്നത്. ചേലക്കര ഭാഗത്ത് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും ഈ ദേവസ്വത്തിന്റെ കീഴിലാണ്. തെക്കേ നടയിൽ മതിലകത്തുതന്നെ ഒരു കുളം കാണാം. ഇതൊരു തീർത്ഥക്കുളമായാണ് കണക്കാക്കിവരുന്നത്. അതിനാൽ ഇതിൽ ആരും കുളിയ്ക്കാറില്ല. തെക്കേ നടയിൽ നിന്ന് പുറത്തേയ്ക്ക് വാതിലും പണിതിട്ടില്ല. പകരം അല്പം മാറിയാണ് സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറേ നടയിൽ പാർവ്വതീനടയിലും ചെറിയൊരു നടപ്പുര പണിതിട്ടുണ്ട്. ഇതിന് പഴക്കവും വലുപ്പവും കുറവാണ്. ഇവിടെ സാധാരണയായി പരിപാടികൾ നടത്താറില്ല.
വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒരു തറയിൽ കിഴക്കോട്ട് ദർശനമായാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. പരിവാരസമേതരായ നാഗദൈവങ്ങളുടെ ഒരു പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ശിവക്ഷേത്രമായതിനാൽ ഇവിടെ നാഗരാജാവായി വാഴുന്നത് ശിവന്റെ കണ്ഠാഭരണമായ വാസുകിയാണ്. കൂടാതെ, നാഗയക്ഷി, നാഗകന്യക, നാഗചാമുണ്ഡി, മറ്റുള്ള ഉത്തമമധ്യമാധമസർപ്പങ്ങൾ തുടങ്ങിയവരും ഇവിടെയുണ്ട്. എല്ലാമാസത്തിലെയും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യം നാളിൽ സർപ്പബലിയും പതിവാണ്. വടക്കുഭാഗത്ത് പ്രത്യേകം തീർത്ത ചെറിയൊരു ചതുരശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. പേരൂർ തേവർ എന്നാണ് ഇവിടെ സുബ്രഹ്മണ്യൻ അറിയപ്പെടുന്നത്. ഏകദേശം ആറടി ഉയരം വരുന്ന വിഗ്രഹം, വലതുകൈ കൊണ്ട് ഭക്തരെ അനുഗ്രഹിച്ച് ഇടതുകൈ അരയിൽ കുത്തിനിൽക്കുന്ന വേലായുധസ്വാമിയുടേതാണ്. മകരമാസത്തിലെ തൈപ്പൂയം, തുലാമാസത്തിലെ സ്കന്ദഷഷ്ഠി എന്നിവയാണ് ഇവിടെയുള്ള പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, എല്ലാ മാസത്തിലെയും വെളുത്തപക്ഷത്തിലെ ഷഷ്ഠിയും ഇവിടെ അതിവിശേഷമായി ആചരിച്ചുവരുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ശ്രീകോവിലിനോടുചേർന്നുതന്നെ ഇവിടെ ചെറിയൊരു ഗണപതിപ്രതിഷ്ഠയും കാണാം. കുട്ടി ഗണപതി എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. പണ്ട് ഇവിടെയടുത്തുള്ള ക്ഷേത്രക്കുളത്തിൽ കുളിയ്ക്കുകയായിരുന്ന കുട്ടികൾക്ക് അവിടെനിന്നുകിട്ടിയതാണ് ഈ ഗണപതിയെ എന്നാണ് വിശ്വാസം. അതിനാലാണ് പ്രതിഷ്ഠയെ കുട്ടി ഗണപതി എന്നുവിളിയ്ക്കുന്നതും. ഏകദേശം ഒരടി മാത്രം ഉയരം വരുന്ന ബാലഗണപതിയുടെ വിഗ്രഹമാണ് ഇവിടെയുള്ളത്. ഇതും കിഴക്കോട്ടാണ് ദർശനം. ചില വിശേഷദിവസങ്ങളിൽ പൂജയുണ്ടെന്നൊഴിച്ചാൽ മറ്റ് വിശേഷങ്ങളൊന്നും ഇവിടെയില്ല. വടക്കുകിഴക്കേമൂലയിൽ വലിയൊരു അരയാൽത്തറയിൽ ശിവസ്വരൂപമായ അന്തിമഹാകാലന്റെയും ഭദ്രകാളിയുടെയും പ്രതിഷ്ഠകളുണ്ട്. ചേലക്കരയ്ക്ക് തെക്ക് പങ്ങാരപ്പിള്ളിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ അന്തിമഹാകാളൻ കാവ് ക്ഷേത്രത്തിലെ പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. ഇവിടെ ഇവരുടെ സാന്നിദ്ധ്യം വന്നത് അജ്ഞാതമാണ്. എങ്കിലും നിത്യേന ഇവർക്കും പൂജകളുണ്ടാകാറുണ്ട്.
അസാമാന്യ വലുപ്പമുള്ള ഒറ്റനില വട്ടശ്രീകോവിലാണ് ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിൽ, നിലവിൽ ഓടുമേഞ്ഞിട്ടാണ് കാണപ്പെടുന്നത്. ചെമ്പോല മേയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്തേയ്ക്ക് കയറാനുള്ള സോപാനപ്പടികളും കരിങ്കല്ലിലാണ് തീർത്തിരിയ്ക്കുന്നത്. അകത്തേയ്ക്ക് നേരിട്ട് കയറാവുന്ന രീതിയിലുള്ള പടികളാണ് ഇവ. അകത്തേയ്ക്കുള്ള വാതിലിനിരുവശവും ദ്വാരപാലകരൂപങ്ങൾ കാണാം. ദ്വാരപാലകരെ വണങ്ങി, മുകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന മണിയടിച്ചശേഷമേ തന്ത്രിയ്ക്കും മേൽശാന്തിയ്ക്കും മറ്റും അകത്ത് കയറാൻ അനുവാദമുള്ളൂ. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്താണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം മൂന്നടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. അത്യുഗ്രമൂർത്തിയായ മഹാകാലനായാണ് പ്രതിഷ്ഠാസങ്കല്പം. സ്വയംഭൂലിംഗമായതിനാൽ ചെത്തിമിനുക്കലുകളൊന്നും നടത്തിയിട്ടില്ല. വീമ്പുമരച്ചുവട്ടിൽ പ്രത്യക്ഷപ്പെട്ട ശിവലിംഗം എന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ് ശിവലിംഗം കാണപ്പെടുന്നത്. അലങ്കാരം നടക്കുമ്പോൾ സ്വർണ്ണത്തിലും വെള്ളിയിലും തീർത്ത ചന്ദ്രക്കലകളും തിരുമുഖവും കൂവളത്തില, തുമ്പപ്പൂ, രുദ്രാക്ഷം തുടങ്ങിയവ കൊണ്ടുള്ള മാലകളും ചാർത്തി ശിവലിംഗം അതിമനോഹരമായി കാണാവുന്നതാണ്. ശിവലിംഗത്തിന്റെ അതേ പീഠത്തിൽ വൈഷ്ണവപ്രതീകമായി ഒരു സാളഗ്രാമവും കാണാം. ഇരുശക്തികളും ചേർന്ന് ശങ്കരനാരായണഭാവവും പ്രതിഷ്ഠയ്ക്ക് സങ്കല്പിച്ചുവരുന്നു. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ തിരുവീമ്പിലപ്പൻ വെങ്ങാനെല്ലൂരിൽ കുടികൊള്ളുന്നു.
58 ഭീമൻ കഴുക്കോലുകൾ വച്ചുറപ്പിച്ച ശ്രീകോവിലാണ് ഇവിടെയുള്ളത്. ഈ ഓരോ കഴുക്കോലിലും വിവിധ ദേവീദേവന്മാരുടെ രൂപങ്ങൾ കാണാം. വെങ്ങാനെല്ലൂരിലെ ദാരുശില്പങ്ങൾ കാഴ്ചക്കാരുടെ മനം മയക്കുന്നതാണ്. ശ്രീകോവിലിന് തെക്കുവശത്തെ ഇടനാഴിയിൽ തെക്കോട്ട് ദർശനമായി ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും ഗണപതിയുടെയും പ്രതിഷ്ഠകൾ കാണാം. ഒന്നരയടി മാത്രം ഉയരം വരുന്ന ചെറിയൊരു ശിവലിംഗമാണ് ദക്ഷിണാമൂർത്തിയ്ക്ക്. ഗണപതിവിഗ്രഹത്തിന് രണ്ടടി ഉയരം കാണും. വലത്തോട്ട് തുമ്പിക്കൈ നീട്ടിനിൽക്കുന്ന ചതുർബാഹുവായ ഗണപതിയാണിവിടെ. പുറകിലെ വലതുകയ്യിൽ മഴുവും പുറകിലെ ഇടതുകയ്യിൽ കയറും മുന്നിലെ ഇടതുകയ്യിൽ മോദകവും ധരിച്ച ഗണപതി, മുന്നിലെ വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്നു. പടിഞ്ഞാറേ നടയിൽ ഭഗവാന് അനഭിമുഖമായി പാർവ്വതീദേവിയുടെ പ്രതിഷ്ഠയുണ്ട്. ഇത് പിൽക്കാലത്തുണ്ടായ പ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു. ഏകദേശം മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹം സ്വയംവരപാർവ്വതിയുടെ സങ്കല്പത്തിലാണ്. ഒരുകയ്യിൽ താമരപ്പൂ ധരിച്ചുനിൽക്കുന്ന ദേവിയെ എല്ലാ മുപ്പെട്ട് തിങ്കളാഴ്ചകളിലും വന്ദിയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കുന്നു. വടക്കുവശത്ത്, അഭിഷേകജലം ഒഴുക്കിവിടാൻ ഓവ് പണിതിട്ടുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.
ശ്രീകോവിലിനെ ചുറ്റി നാലമ്പലം പണിതിരിയ്ക്കുന്നു. അതിവിശാലമായ നാലമ്പലമാണ് ഇവിടെയുള്ളത്. കരിങ്കല്ലിൽ തീർത്ത നാലമ്പലത്തിന്റെ പുറംചുവരുകൾ വിളക്കുമാടത്താൽ അലംകൃതമാണ്. എട്ടുനിലകളോടുകൂടിയ വിളക്കുമാടത്തിന്റെ ഓരോ നിലയിലും പിച്ചളയിൽ പൊതിഞ്ഞ ദീപങ്ങൾ കാണാം. സന്ധ്യയ്ക്കുള്ള ദീപാരാധനാസമയത്ത് ഇവ കൊളുത്തിവച്ചിരിയ്ക്കുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. നാലമ്പലത്തോടനുബന്ധിച്ച് കിഴക്കുഭാഗത്ത് വലിയമ്പലവും പണിതിട്ടുണ്ട്. ഇവിടെ വച്ചാണ് നവരാത്രിക്കാലത്ത് പൂജവെപ്പും മറ്റും നടത്തുന്നത്. ഇതിന്റെ തെക്കേ വരിയിൽ തവിലും നാദസ്വരവും സൂക്ഷിച്ചിട്ടുണ്ട്. നിത്യേന രാവിലെയുള്ള പള്ളിയുണർത്തലിനും അഞ്ചുപൂജകൾക്കും സന്ധ്യയ്ക്കുള്ള ദീപാരാധനയ്ക്കുമെല്ലാം ഇവിടെ നാദസ്വരവായനയുണ്ടാകും. ഇതുകടന്ന് അകത്തെത്തുമ്പോൾ പ്രവേശനകവാടത്തിന് ഇരുവശവുമായി രണ്ട് വാതിൽമാടങ്ങളും കാണാം. ഇവയിൽ തെക്കുഭാഗത്തെ വാതിൽമാടത്തിലാണ് വിശേഷാൽ പൂജകളും ഗണപതിഹോമം അടക്കമുള്ള ഹോമങ്ങളും നടത്തുന്നത്. വടക്കേ വാതിൽമാടം നാമജപത്തിനും വാദ്യമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. ഇവിടെയാണ് ചെണ്ട, മദ്ദളം, തിമില, ഇടയ്ക്ക, മരം, ചേങ്ങില, ഇലത്താളം തുടങ്ങിയ വാദ്യങ്ങൾ സൂക്ഷിച്ചുവയ്ക്കുന്നത്. തെക്കുകിഴക്കേമൂലയിൽ പതിവുപോലെ തിടപ്പള്ളി പണിതിട്ടുണ്ട്; വടക്കുകിഴക്കേമൂലയിൽ കിണറും.
അതിവിചിത്രമായ ഒരു കാഴ്ചയാണ് നാലമ്പലത്തിനകത്തേയ്ക്ക് കടക്കുമ്പോൾ ആദ്യം കാണാൻ സാധിയ്ക്കുക. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ ഒരു പ്രതിമ ഇവിടെ ശ്രീകോവിലിന് അഭിമുഖമായി തൂക്കിയിട്ടിരിയ്ക്കുന്നത് കാണാം. ഇതിന് ഒരു ചിറകേയുള്ളൂ എന്നൊരു പ്രത്യേകതയുമുണ്ട്. ഒരു ശിവക്ഷേത്രത്തിൽ ഗരുഡസാന്നിദ്ധ്യം എങ്ങനെ വന്നു എന്നതിനുപിന്നിൽ പറയുന്ന കഥ ഇങ്ങനെയാണ്: ഒരിയ്ക്കൽ, ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ഇവിടെയുണ്ടായിരുന്ന മൂത്താശ്ശാരി മരത്തിൽ ഒരു ഗരുഡരൂപം സൃഷ്ടിച്ചു. അപാരമായ ചൈതന്യമുണ്ടായിരുന്ന ആ രൂപത്തിന് അപ്പോൾത്തന്നെ ജീവൻ വയ്ക്കുകയും അത് പറന്നുപോകുകയും കുപിതനായ മൂത്താശ്ശാരി, തന്റെ കയ്യിലുണ്ടായിരുന്ന ഉളി മുകളിലേയ്ക്കെറിയുകയും ഗരുഡന്റെ ഇടത്തേ ചിറക് ഉളികൊണ്ട് നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ വീണ്ടും പ്രതിമയായി മാറിയ ആ രൂപം, ഇന്നത്തെ സ്ഥലത്ത് സ്ഥാപിയ്ക്കുകയായിരുന്നുവത്രേ. സംഗതി എന്തായാലും അപാരമായ ഒരു ചൈതന്യം ഇതിനുണ്ടെന്നത് നിശ്ചയമാണ്. ശ്രീകോവിലിലെ വിഷ്ണുസാന്നിദ്ധ്യത്തിന്റെ തെളിവായി ഇത് കണക്കാക്കപ്പെടുന്നു.
നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത മുറിയിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ കാണാം. വലതുകൈ മുട്ടിൽ വച്ചുനിൽക്കുന്ന അമൃതകലശശാസ്താവാണ് ഇവിടെ പ്രതിഷ്ഠ. തന്മൂലം രോഗശമനത്തിന് ഇവിടത്തെ ശാസ്താവിന്റെ ഭജന ഉത്തമമായി കണ്ടുവരുന്നു. വലതുകയ്യിൽ അമൃതകലശം ധരിച്ച ശാസ്താവ്, ഇടതുകൈ താഴേയ്ക്ക് വച്ചിരിയ്ക്കുകയാണ്. നീരാജനമാണ് അയ്യപ്പന്റെ പ്രധാന വഴിപാട്. മണ്ഡലകാലത്ത് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം ഇവിടെ വച്ചാണ്. അതിനായി പ്രത്യേകം മണ്ഡപം തന്നെ ഇവിടെ കാണാം. ഇതിനടുത്തന്നെയാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും കാണാൻ സാധിയ്ക്കുക. ധാര, ശംഖാഭിഷേകം, പിൻവിളക്ക്, കൂവളമാല എന്നിവയാണ് തിരുവീമ്പിലപ്പന്റെ പ്രധാന വഴിപാടുകൾ. പാർവ്വതീസമേതനായതിനാൽ ഉമാമഹേശ്വരപൂജ (ദമ്പതിപൂജ), സ്വയംവര പുഷ്പാഞ്ജലി, വേളിയോത്ത് ചൊല്ലൽ തുടങ്ങിയവയും ഇവിടെ അതിവിശേഷമാണ്. പാർവ്വതീദേവിയ്ക്ക് പട്ടും താലിയും ചാർത്തുന്നതാണ് പ്രധാന വഴിപാട്.
നാലമ്പലത്തിനകത്ത് വടക്കുകിഴക്കേമൂലയിൽ പ്രത്യേകം തീർത്ത ഒരു മുറിയിൽ പടിഞ്ഞാറോട്ട് ദർശനമായി ഒരു അപൂർവ്വപ്രതിഷ്ഠയുണ്ട്. മണികണ്ഠൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രതിഷ്ഠ, ശിവഭൂതഗണങ്ങളിൽ പെട്ട ഒരാളായാണ് സങ്കല്പിയ്ക്കപ്പെടുന്നത്. വളരെ ചെറിയൊരു ശിവലിംഗമാണ് ഇവിടെ പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. ഒരടി ഉയരമേ ഇതിനുള്ളൂ. ക്ഷേത്രത്തിലെ മഹാദേവന്റെ മുഖ്യസംരക്ഷകനായാണ് മണികണ്ഠനെ കണ്ടുവരുന്നത്. നിത്യവും വിളക്കുവയ്പുണ്ടെന്നൊഴിച്ചാൽ ഈ മൂർത്തിയ്ക്ക് മറ്റ് വഴിപാടുകളോ, വിശേഷദിവസങ്ങളോ ഒന്നുമില്ല.
ശ്രീകോവിലിന് ചുറ്റുമായി അകത്തെ ബലിവട്ടം പണിതിരിയ്ക്കുന്നു. അഷ്ടദിക്പാലകർ (കിഴക്ക് - ഇന്ദ്രൻ, തെക്കുകിഴക്ക് - അഗ്നി, തെക്ക് - യമൻ, തെക്കുപടിഞ്ഞാറ് - നിരൃതി, പടിഞ്ഞാറ് - വരുണൻ, വടക്കുപടിഞ്ഞാറ് - വായു, വടക്ക് - കുബേരൻ & ചന്ദ്രൻ, വടക്കുകിഴക്ക് - ഈശാനൻ എന്ന ക്രമത്തിൽ), സപ്തമാതൃക്കൾ (തെക്കുഭാഗത്ത് ഒറ്റക്കല്ലിൽ - കിഴക്കുനിന്ന് ബ്രാഹ്മി, മാഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, കൗമാരി, ചാമുണ്ഡി എന്ന ക്രമത്തിൽ), വീരഭദ്രൻ (സപ്തമാതൃക്കൾക്കൊപ്പം - കിഴക്കുഭാഗത്ത്), ഗണപതി (സപ്തമാതൃക്കൾക്കൊപ്പം - പടിഞ്ഞാറുഭാഗത്ത്), ബ്രഹ്മാവ് (വടക്കുകിഴക്കിനും കിഴക്കിനുമിടയിൽ), അനന്തൻ (തെക്കുപടിഞ്ഞാറിനും പടിഞ്ഞാറിനുമിടയിൽ), ശാസ്താവ് (തെക്കിനും തെക്കുപടിഞ്ഞാറിനുമിടയിൽ), സുബ്രഹ്മണ്യൻ (പടിഞ്ഞാറിനും വടക്കുപടിഞ്ഞാറിനുമിടയിൽ), ദുർഗ്ഗാദേവി (വടക്കുപടിഞ്ഞാറിനും വടക്കിനുമിടയിൽ), നിർമ്മാല്യധാരി (വടക്കിനും വടക്കുകിഴക്കിനുമിടയിൽ ശിവലിംഗരൂപത്തിൽ - ഇവിടെ ചണ്ഡികേശ്വരൻ) എന്നിവരെ പ്രതിനിധീകരിയ്ക്കുന്ന ബലിക്കല്ലുകൾ ഇവിടെ കാണാം. ശീവേലിസമയത്ത് ഇവയിൽ ബലിതൂകുന്നു. ബലിക്കല്ലുകൾ ദേവന്റെ/ദേവിയുടെ വികാരഭേദങ്ങളാണെന്ന് വിശ്വസിച്ചുവരുന്നതിനാൽ അവയിൽ ചവിട്ടുന്നതും തൊട്ടുതലയിൽ വയ്ക്കുന്നതും നിരോധിച്ചിരിയ്ക്കുന്നു.
-->
നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് വെങ്ങാനെല്ലൂർ തിരുവീമ്പിലപ്പൻ ക്ഷേത്രം. പുലർച്ചെ നാലുമണിയ്ക്ക് നിയമവെടിയോടെയും തുടർന്ന് ഏഴുതവണയുള്ള ശംഖുവിളിയോടെയും തവിൽ, നാദസ്വരം, കുഴിത്താളം തുടങ്ങിയ വാദ്യങ്ങളോടെയും ഭഗവാനെ പള്ളിയുണർത്തി അഞ്ചുമണിയ്ക്ക് നടതുറക്കുന്നു. നിർമ്മാല്യദർശനമാണ് ആദ്യ ചടങ്ങ്. തലേന്നുചാർത്തിയ അലങ്കാരങ്ങളോടുകൂടി കാണപ്പെടുന്ന ശിവലിംഗം ദർശിച്ച് ഭക്തർ നിർവൃതിയടയുന്നു. തുടർന്ന് അഭിഷേകച്ചടങ്ങുകൾ തുടങ്ങും. ആദ്യം എണ്ണ കൊണ്ടും, പിന്നീട് ക്രമത്തിൽ ശംഖതീർത്ഥം, ഇഞ്ച, കലശതീർത്ഥം എന്നിവ കൊണ്ടും അഭിഷേകങ്ങൾ നടത്തിയശേഷം പുതിയ മാലകളും തിരുമുഖവും ചന്ദ്രക്കലകളും കൊണ്ട് ഭഗവദ്സ്വരൂപം അലങ്കരിച്ച് ആദ്യ നിവേദ്യമായി മലർ, ശർക്കര, കദളിപ്പഴം എന്നിവ നേദിയ്ക്കുന്നു. ആറുമണിയ്ക്ക് ഉഷഃപൂജയും തുടർന്ന് എതിരേറ്റുപൂജയും ഗണപതിഹോമവും നടത്തുന്നു. ഏഴുമണിയ്ക്ക് ഉഷഃശീവേലി. തന്റെ ഭൂതഗണങ്ങൾക്ക് അന്നം നൽകുന്നത് ഭഗവാൻ നേരിട്ടുകാണുന്നു എന്ന സങ്കല്പത്തിൽ നടത്തുന്ന ചടങ്ങാണിത്. നാലമ്പലത്തിനകത്ത് ഒന്നും, പുറത്ത് മൂന്നും പ്രദക്ഷിണങ്ങൾ നടത്തുന്ന ഈ ശീവേലി കഴിഞ്ഞാൽ ഉടനെ അലങ്കാരങ്ങൾ മാറ്റി ധാര തുടങ്ങും. ശിവലിംഗത്തിനുമുകളിൽ പാത്രം വച്ച് വെള്ളം ഇറ്റിയ്ക്കുന്ന ചടങ്ങാണ് ധാര. തുടർന്ന് ഒമ്പത് വെള്ളിക്കുടങ്ങളിൽ ജലം കൊണ്ടുവന്ന് ഒഴിയ്ക്കുന്ന അതിവിശേഷമായ നവകാഭിഷേകവും നടത്തും. നിത്യേന നവകാഭിഷേകം നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് വെങ്ങാനെല്ലൂർ തിരുവീമ്പിലപ്പൻ ക്ഷേത്രം. ഇതിനുശേഷം എട്ടുമണിയോടെ പന്തീരടി പൂജ. നിഴലിന് പന്ത്രണ്ടടി നീളം വരുന്ന സമയത്തെ പൂജയാണ് പന്തീരടി പൂജ എന്നറിയപ്പെടുന്നത്. ഇതും കഴിഞ്ഞ് പത്തുമണിയ്ക്ക് ഉച്ചപ്പൂജയും പത്തരയ്ക്ക് ഉച്ചശീവേലിയും നടത്തി പതിനൊന്നുമണിയ്ക്ക് നടയടയ്ക്കുന്നു.
വൈകീട്ട് അഞ്ചുമണിയ്ക്ക് വീണ്ടും നടതുറക്കുന്നു. സന്ധ്യയ്ക്ക് സൂര്യാസ്തമയസമയമനുസരിച്ച് ദീപാരാധന നടത്തുന്നു. ഈ സമയത്ത് ക്ഷേത്രത്തിനകത്തും പുറത്തും കൊളുത്തിവച്ചിട്ടുള്ള ദീപങ്ങളെല്ലാം കൊളുത്തിവയ്ക്കും. അതിമനോഹരമായ ഒരു കാഴ്ചയാണ് ഈ സമയത്തുണ്ടാകുക. വിശേഷാവസരങ്ങളിൽ ഈ സമയത്ത് പണ്ഡിതരായ ബ്രാഹ്മണർ ഒരുമിച്ചിരുന്ന് വേദപാരായണം നടത്തുന്ന പതിവുമുണ്ട്. ദീപാരാധന കഴിഞ്ഞാൽ ഏഴുമണിയോടെ അത്താഴപ്പൂജയും തുടർന്ന് അത്താഴശീവേലിയും നടത്തുന്നു. ഇതിനുശേഷമാണ് അത്യപൂർവ്വമായ തൃപ്പുക എന്ന ചടങ്ങ്. ഭഗവാനെ പള്ളിയുറക്കുന്ന സങ്കല്പത്തിലുള്ള ചടങ്ങാണ് തൃപ്പുക. ശ്രീകോവിലിനകത്ത് സുഗന്ധപൂരിതമായ അഷ്ടഗന്ധപ്പുക സൃഷ്ടിച്ച് ഭഗവാനെ പള്ളിയുറക്കുന്നതാണ് ഈ ചടങ്ങ്. തൃപ്പുക കഴിഞ്ഞ് രാത്രി എട്ടുമണിയോടെ ക്ഷേത്രനട വീണ്ടും അടയ്ക്കുന്നു.
സാധാരണ ദിവസങ്ങളിലെ പൂജാക്രമങ്ങളാണ് മേൽ സൂചിപ്പിച്ചത്. വിശേഷദിവസങ്ങളിലും ഉദയാസ്തമനപൂജയുള്ള അവസരങ്ങളിലും ഗ്രഹണം നടക്കുന്ന ദിവസങ്ങളിലും ഇവയ്ക്ക് മാറ്റമുണ്ടാകും. വൈക്കത്തഷ്ടമിനാളിൽ രാവിലെ ഒരുമണിക്കൂർ നേരത്തേ നടതുറക്കുകയും വിശേഷാൽ അഷ്ടമിദർശനമുണ്ടാകുകയും ചെയ്യും. അന്നുരാത്രി നടയടയ്ക്കുന്നതും വളരെ വൈകിയാണ്. ശിവരാത്രിനാളിൽ രാത്രി നടയടപ്പും തന്മൂലം തൃപ്പുകയുമില്ല. പകരം രാത്രിയിലെ ഓരോ യാമത്തിലും വിശേഷാൽ പൂജയും അതിനോടനുബന്ധിച്ചുള്ള കലശാഭിഷേകവുമാണ് നടത്തുക. എല്ലാ മാസവും വരുന്ന പ്രദോഷവ്രതദിവസം സന്ധ്യയ്ക്ക് വിശേഷാൽ അഭിഷേകവും നടത്താറുണ്ട്. ഈ ദിവസങ്ങളിലെല്ലാം സന്ധ്യയ്ക്ക് വേദപാരായണവുമുണ്ടാകും.
മലപ്പുറം ജില്ലയിലെ പൊന്നാനിയ്ക്കടുത്ത് കാലടി ഗ്രാമക്കാരായ പടിഞ്ഞാറേടത്തുമനയ്ക്കാണ് ക്ഷേത്രത്തിലെ തന്ത്രാധികാരം. മേൽശാന്തി, കീഴ്ശാന്തി നിയമനങ്ങൾ ദേവസ്വം ബോർഡ് വകയാണ്.
വൃശ്ചികമാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന അഷ്ടമിനാളിലാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷമായ വൈക്കത്തഷ്ടമി നടത്തുന്നത്. കഷ്ടിച്ച് 80 വർഷം മാത്രം പഴക്കം വരുന്ന ഈ ആഘോഷം, ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. തിരുവീമ്പിലപ്പന്റെ നടയിൽ ഈ ആഘോഷം തുടങ്ങിയത് സ്ഥലത്തെ തമിഴ് ബ്രാഹ്മണരുടെ വകയായാണ്.[2] ഇവരിൽ ചിലർ മുടങ്ങാതെ വൈക്കം ക്ഷേത്രത്തിൽ പോയി അഷ്ടമിദർശനം നടത്തിയിരുന്നവരായിരുന്നു. വാഹനസൗകര്യങ്ങളില്ലാതിരുന്ന അക്കാലത്ത് മൂന്നുദിവസങ്ങളെടുത്ത് കാൽനടയായും തോണിയിൽ കയറിയുമൊക്കെയാണ് അവർ യാത്ര ചെയ്തിരുന്നത്. ഏറെക്കാലം അത്തരത്തിൽ നടത്തിയിരുന്ന അവർക്ക് പ്രായാധിക്യം കാരണം അത് തുടരാൻ പറ്റാതായപ്പോൾ പകരം വെങ്ങാനെല്ലൂരിൽ വച്ച് ആഘോഷിച്ചുകൂടേ എന്ന് ആലോചിയ്ക്കുകയും അത്തരത്തിൽ തുടങ്ങുകയും ചെയ്തതാണ് വെങ്ങാനെല്ലൂരിലെ അഷ്ടമിദർശനം. അന്നേദിവസം പുലർച്ചെ ഒരു മണിക്കൂർ നേരത്തേ (നാലുമണിയ്ക്ക്) നടതുറക്കും. തുടർന്ന് അഷ്ടമിദർശനം. ഈ സമയത്തെ ദർശനം അതിവിശേഷമായി കണ്ടുവരുന്നു. അന്നേദിവസം വേദജ്ഞരായ ബ്രാഹ്മണരുടെ വകയായി ശ്രീരുദ്രമന്ത്രം കൊണ്ടുള്ള ലക്ഷാർച്ചനയും പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയവയുടെയും മൂന്ന് ആനകളുടെയും അകമ്പടിയോടെയുള്ള വിശേഷാൽ കാഴ്ചശീവേലികളുമുണ്ടാകും. അഷ്ടമിനാളിൽ വൈക്കത്ത് പോകാൻ സാധിച്ചില്ലെങ്കിൽ വെങ്ങാനെല്ലൂരിൽ തൊഴുതാലും മതി എന്നാണ് നാട്ടുകാരുടെ വിശ്വാസം. ധാരാളം കലാപരിപാടികളും അഷ്ടമിയോടനുബന്ധിച്ച് നടത്തിവരാറുണ്ട്.
തൃശ്ശൂർ ചേലക്കര ജഗ്ഷനിൽ നിന്നും അടുത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേലക്കര ജഗ്ഷനിൽ നിന്നും ടെമ്പിൾ റോഡു വഴി ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെ കിഴക്കേ ഗോപുരനടയിൽ എത്തി ചേരാം.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.