From Wikipedia, the free encyclopedia
വിശ്വനാഥൻ ആനന്ദ് [Tamil: விஸ்வநாதன் ஆனந்த்] ഇന്ത്യയിൽ നിന്നുള്ള ചെസ്സ് ഗ്രാൻഡ്മാസ്റ്ററും ഫിഡെയുടെ മുൻലോക ചെസ്സ് ചാമ്പ്യനുമാണ്. ലോകചെസ്സ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരൻ, ചെസ്സ് ഓസ്കാർ ലഭിച്ച ആദ്യ ഏഷ്യാക്കാരൻ ഇന്ത്യയിലെ പ്രഥമ ഗ്രാൻഡ് മാസ്റ്റർ എന്ന നിലയിൽ പ്രശസ്തനാണ് ഇദ്ദേഹം. 1997 മുതൽ തുടർച്ചയായി ലോകത്തിലെ ഒന്നാം നമ്പർ ചെസ്സ് താരമായ ആനന്ദ്, ഫിഡെയുടെ സ്ഥാനക്രമപട്ടികയിൽ 2800-ൽ അധികം പോയിന്റ് നേടിയിട്ടുള്ള ആറ് താരങ്ങളിൽ ഒരാളുമാണ്.2007-ൽ മെക്സിക്കോയിലും 2008-ൽ ജർമ്മനിയിലെ ബേണിലും 2010ലും 2012ൽ മോസ്കോയിലും നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിജയിച്ചുകൊണ്ട് ആനന്ദ് ലോക ചാമ്പ്യൻപട്ടം അഞ്ച് തവണ കരസ്ഥമാക്കുകയുണ്ടായി[2]. ലോകം കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ചെസ്സ്താരങ്ങളിലൊരാളായി അറിയപ്പെടുന്നു. ആദ്യ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടി. 2014 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദ് മാഗ്നസ് കാൾസനോട് പരാജയപ്പെട്ടു.[3]
വിശ്വനാഥൻ ആനന്ദ് | |
---|---|
മുഴുവൻ പേര് | വിശ്വനാഥൻ ആനന്ദ് |
രാജ്യം | ഇന്ത്യ |
സ്ഥാനം | ഗ്രാൻഡ് മാസ്റ്റർ |
ലോകജേതാവ് | 2000–02 (ഫിഡെ) 2007–13 |
ഫിഡെ റേറ്റിങ് | 2767 (നവംബർ 2024) (No. 4 on the May 2012 FIDE ratings list)[1] |
ഉയർന്ന റേറ്റിങ് | 2817 (മേയ് 2011) |
തമിഴ്നാട്ടിൽ 1969 ഡിസംബർ 11-ന് [4] ആണ് ആനന്ദിന്റെ ജനനം. ആറാം വയസ്സിൽത്തന്നെ ചെസ്സ്കളി തുടങ്ങി. അമ്മയായിരുന്നു ആദ്യഗുരു.ആനന്ദിന്റെ അച്ഛനും ചെസ്സ്കളിയിൽ താല്പര്യം ഉണ്ടായിരുന്നു. വേഗത്തിലുള്ള മികച്ച കളി കൊണ്ട് വിദഗ്ദ്ധരുടെ ശ്രദ്ധയാകർഷിച്ച ആനന്ദ് ഇന്ത്യൻ ചെസിലെ അത്ഭുതബാലനായി പേരെടുത്തു.പതിനാലാം വയസ്സിൽ കോയമ്പത്തൂരിൽ വെച്ച് ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പ് നേടി. 1986-ൽ ആനന്ദ് ദേശീയ ചാമ്പ്യൻപട്ടം നേടി. 1987-ൽ ഫിലിപ്പീൻസിൽ നടന്ന ലോകജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനന്ദ് കിരീടം നേടി.അന്ന് ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ താരമായിരുന്നു ആനന്ദ്.അതേവർഷം തന്നെ ആനന്ദ്, ചെസ്സിലെ മികവിന്റെ അംഗീകാരമായി കണക്കാക്കപ്പെടുന്ന ഗ്രാന്റ്മാസ്റ്റർ പദവിയും കരസ്ഥമാക്കി ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി ആനന്ദ്. 1991-92-ൽ ഇറ്റലിയിൽ നടന്ന റെഗ്ഗിയോ എമിലിയ ടൂർണമെന്റിൽ കിരീടം നേടിയതാണ് ആനന്ദിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന്. അക്കാലത്തെ ഏറ്റവും മികച്ച ചെസ്സ്താരങ്ങളെല്ലാം അണിനിരന്ന ടൂർണമെന്റായിരുന്നു അത്. ലോകചെസ്സ്സിലെ ആദ്യരണ്ട് സ്ഥാനം ഏറെക്കാലം അടക്കിഭരിച്ച റഷ്യക്കാരായ കാസ്പറോവും കാർപ്പോവിനെയും പരാജയപ്പെടുത്തിയായിരുന്നു ആനന്ദിന്റെ വിജയം.1995-ൽ ന്യൂയോർക്കിൽ നടന്നലോകചാപ്യൻഷിപ്പിൽ ആനന്ദ് ഗാരി കാസ്പറോവിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി.1997-ൽ നടന്ന ഫിഡേലോകചാപ്യൻഷിപ്പിലും ആനന്ദിന് രണ്ടാംസ്ഥാനം ലഭിച്ചിരുന്നു.കാർപ്പോവ് ആയിരുന്നു അന്ന് ചാപ്യൻ.2000-ലും 2002-ലും ഫിഡേലോകകപ്പ് ആനന്ദിനായിരുന്നു. സ്പെയിനിലാണ് താമസിക്കുന്നതെങ്കിലും ഇന്ത്യയിൽ ചെസ്സ് കളിയുടെ വളർച്ചക്കുള്ള പലപരിപാടികളിലും ആനന്ദ് മുൻകൈ എടുക്കുന്നുണ്ട്.
മൈ ബെസ്റ്റ് ഗെയിംസ് ഓഫ് ചെസ്സ് എന്ന പേരിൽ ഒരു പുസ്തകവും ആനന്ദ് എഴുതിയിട്ടുണ്ട്. ഇത് ഇംഗ്ലീഷ്ജർമൻഭാക്ഷകളിൽ പ്രസിദ്ധീകരിച്ചു.
2000ൽ ആനന്ദ് ലോകചെസ്സ് ചാപ്യൻഷിപ്പിൽ കിരീടവും നേടി. ഇറാനിലെ ടെഹ്റാനിലായിരുന്നു ഈ ലോകചെസ്സ് ചാപ്യൻഷിപ്പ് നടന്നത്. ആ ടൂർണമെന്റിൽ ഒരു തവണപോലും തോൽവി അറിയാതെയാണ് ആനന്ദ് കിരീടം നേടിയത്.
2007-ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദാണ് കിരീടം നേടിയത്. മെക്സിക്കോയിൽ നടന്ന ടൂർണമെന്റിൽ 14 റൗണ്ടുകളിൽ നിന്നായി ഒൻപത് പോയന്റ് നേടിയാണ് ആനന്ദ് തന്റെ രണ്ടാം ലോക കിരീടം നേടിയത്. ടൂർണമെന്റിൽ ഒരു കളി പോലും പരാജയപ്പെടാതെയായിരുന്നു ഈ നേട്ടം. 1972ൽ ബോബി ഫിഷറിനു ശേഷം ലോക ചെസ്സ് കിരീടവും ഒന്നാം റാങ്കും ഒരേ സമയം നേടുന്ന റഷ്യക്കാരനല്ലാത്ത ആദ്യ കളിക്കാരനാണ് ആനന്ദ്[5].
2000-ത്തിൽ തന്നെനോക്കൗട്ട് രീതിയിൽ ആനന്ദ് ലോകചാമ്പ്യൻഷിപ്പ് നേടിയിരുന്നെങ്കിലും വ്ലാഡിമർ ക്രാംനിക് കളിക്കാനില്ലാതിരുന്ന ഈ ടൂർണമെന്റിലെ വിജയത്തിന് മാറ്റ് കുറവായിരുന്നു.
മെക്സിക്കോ ടൂർണമെന്റിൽ ലോകത്തെ ഏറ്റവും മികച്ച മറ്റ് എട്ട് കളിക്കാരോടൊപ്പം മാറ്റുരച്ച ആനന്ദ് മാത്രമായിരുന്നു ടൂർണമെന്റിൽ പരാജയമറിയാതിരുന്നത്. ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിൽ നോക്കൗട്ട് രീതിയിലും, റൗണ്ട് റോബിൻ രീതിയിലും പരാജയമറിയാതെ കിരീടം നേടിയ ഒരേ ഒരു കളിക്കാരനുമാണ് ആനന്ദ്[5].
റഷ്യയുടെ വ്ലാദിമിർ ക്രാംനിക്കിനെ തോല്പിച്ചാണ് 2008 ബോൺ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദ് ജേതാവായത്.[6] 11-ആം ഗെയിമിൽ ഒരു സമനില മാത്രം മതിയായിരുന്ന ആനന്ദ് 24 നീക്കത്തിൽ സമനില കൈവരിച്ച് ചാമ്പ്യൻപട്ടം ഒരിക്കൽക്കൂടി കരസ്ഥമാക്കി.
2012 മോസ്കോയിൽ നടന്ന ലോക കിരീടപോരാട്ടത്തിൽ ബോറിസ് അബ്രഹാമോവിച്ച് ജെൽഫൻഡിനെ ടൈബ്രേക്കറിൽ പരാജയപ്പെടുത്തി അഞ്ചാമത്തെ ലോകകിരീടവും തുടർച്ചയായ നാലാമത്തെ ലോകകിരീടവും കരസ്തമാക്കി. മോസ്കോയിലെ ശബ്ദം കടക്കാത്ത ട്രെറ്റ്യാക്കോവ് ഗ്യലറിയിലായിരുന്നു മത്സരം.
2013 ചെന്നൈ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസനോട് പരാജയപ്പെട്ട ആനന്ദിന് ലോകകിരീടം നഷ്ടമായി.[7]
2014 നവമ്പർ 5 മുതൽ 25 വരെ നടക്കുന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ആനന്ദ് മാഗ്നസ് കാൾസനോട് പരാജയപ്പെട്ടു.
1997 മുതൽ ഇതു വരെ ലോക ചെസ്സ് റാങ്കിങ്ങിൽ ആദ്യ മൂന്നിൽ ആനന്ദിനിടമുണ്ട് . 2002 മേയ് മുതൽ പങ്കെടുത്ത ഒരു ടൂർണമെന്റിലും ആദ്യ മൂന്നു സ്ഥാനങ്ങളിൽ താഴെയായിരുന്നിട്ടില്ല[5].
സ്പെയിനിലെ മാഡ്രിഡിൽ ആനന്ദിനുള്ള വിശേഷണം'ഹിജോ പ്രഡലിക്ടോ' എന്നാണ്. പ്രശസ്തനായ മകൻ എന്നതാണതിനർത്ഥം.
പരമ്പരാഗതരീതിക്കൊപ്പം അതിവേഗരീതിയിലുള്ള (റാപ്പിഡ്)ടൂർണമെന്റുകളിലും ആനന്ദ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.