വടക്കൻ കേരളത്തിൽ ഉടലെടുത്ത വീരാരാധനാപരമായ നാടോടിപ്പാട്ടുകളാണ് വടക്കൻ പാട്ടുകൾ. വടക്കേ മലബാറിലെ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലെ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട പുത്തൂരം,തച്ചോളി തുടങ്ങിയ തറവാടുകളിലെ അഭ്യാസികളുടെ ജീവചരിത്രവും അവരെ പ്രകീർത്തിക്കലുമാണ് വടക്കൻ പാട്ടുകളിലെ സാരം. നാടൻ പാട്ടുകളുടെ രൂപത്തിലുള്ള വടക്കൻ പാട്ടുകൾ “പാണന്മാർ“ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് വടക്കൻ പാട്ടുകളിൽ തന്നെ പറയുന്നു. വടക്കൻ പാട്ടുകളെ അധികരിച്ച് നിരവധി മലയാളചലച്ചിത്രങ്ങൾ പുറത്ത് ഇറങ്ങിയിട്ടുണ്ട് .

പശ്ചാത്തലം

വടക്കൻ പാട്ടുകൾ നൂറ്റാണ്ടുകളായി വാമൊഴിയായി തലമുറയിൽ നിന്നും തലമുറയിലേക്കു പകർന്നു കിട്ടിയതാണ്. കാലാന്തരത്തിൽ ചില കൂട്ടലോ കുറക്കലോ വന്നിട്ടുണ്ടാകാമെങ്കിലും അവയിന്നും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നു. പതിനേഴോ പതിനെട്ടോ നൂറ്റാണ്ടുകളിലാണ് ഇത് രചിക്കപ്പേട്ടിട്ടുള്ളത്. എന്നാൽ ഇതിലെ കഥാപാത്രങ്ങൾ അതിനു മുൻപ് ജീവിച്ചിരുന്നവരാകാം."പുത്തൂരം വീട്" എന്ന തീയർ തറവാട്ടുകാരും,"തച്ചോളി മാണിക്കോത്ത് മേപ്പയിൽ"എന്ന നായർ തറവാട്ടുകാരും ആണ് ഇവരിൽ പ്രമുഖർ.[1] [2][3]ഇവരെക്കുറിചചുള്ള വീര കഥകളാണ് വടക്കൻ പാട്ടുകളിൽ അധികവും. അങ്ങനെ തച്ചോളിപ്പാട്ടുകളും പുത്തൂരം പാട്ടുകളും എന്നും രണ്ട് പാട്ടു സമാഹാരങ്ങളുണ്ട്. തച്ചോളി ഒതേനൻ, ആരോമൽ ചേകവർ, ഉണ്ണിയാർച്ച, പാലാട്ട് കോമൻ, പാലാട്ട് കുഞ്ഞിക്കണ്ണൻ, ആരോമലുണ്ണി, പയ്യമ്പള്ളി ചന്തു എന്നിവയും ഇവയിൽ ഉൾപ്പെടാത്ത ചില ഒറ്റപാട്ടുകളും നിലവിൽ ഉണ്ട് അവയിൽ പ്രധാനമായും പൂമതെ പൊന്നമ്മ, മതിലേരി കന്നി, കുറൂളി ചേകോൻ, തച്ചോളികുഞ്ഞിചന്ദു തുടങ്ങി ധാരാളം വീര കഥാപാത്രങ്ങളെ നമുക്കു വടക്കൻ പാട്ടുകളിൽ കണ്ടെത്താം. ഇവർ മധ്യകാല യൂറോപ്പിലെ മാടമ്പിമാരെ ഓർമ്മിപ്പിക്കുന്നു.[1]

തരംതിരിവ്

വടക്കൻ പാട്ടുകളെ മൂന്നായി തരം തിരിചിട്ടുണ്ട്. പ്രധാനമായും പുത്തൂരം പാട്ടുകൾ, തച്ചോളി പാട്ടുകൾ, ഒറ്റ പാട്ടുകൾ എന്നിങ്ങനെ ആണ്.

പുത്തൂരം പാട്ടുകൾ

പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യോദ്ധാക്കൾക്ക് പേര്‌കേട്ട പുത്തൂരം വീട്ടുകാരെ പറ്റിയുള്ളവയാണ് പുത്തൂരം പാട്ടുകൾ, കടത്താനാട്ടിലെ ഈ പുത്തൂരം വീട്ടുകാർ തീയർ തറവാട്ടുകാരായിരുന്നു. ആരോമൽ ചേകവർ, അദ്ദേഹത്തിന്റെ സഹോദരി ഉണ്ണിയാർച്ച, കണ്ണപ്പനുണ്ണി എന്നി വീര കേസരികളെ വാഴ്ത്തിപാടുന്ന പാട്ട് ആണ് പുത്തൂരം പാട്ടുകൾ. ഇതിൽ തന്നെ ആരോമൽ ചേകവർ പകിട കളിക്കാൻ പോയ കഥയും, പുത്തരിയങ്കം വെട്ടിയ കഥയും ഉള്കൊള്ളുന്നവയാണ്. കുടിപകയ്ക്ക് വേണ്ടി ആരോമൽ ചേകവർ അങ്കത്തട്ടിൽ അരിങ്ങോടർ ചേകവരുമായി അങ്കം വെട്ടി ജയിച്ചതിന് ശേഷം മച്ചുനൻ ചന്തു ചേകവർ ചതിയിൽ പെടുത്തി വധിക്കുകയായിരുന്നു എന്നാണ് കഥയുടെ ഇതിവൃത്തം.

തച്ചോളി പാട്ടുകൾ

കടത്തനാട് വടകരയ്ക്ക് അടുത്തുള്ള മേപ്പയിൽ മാണിക്കോത്ത് എന്ന ഒരു നായർ തറവാട് ആണ് തച്ചോളി പാട്ടുകളിൽ പ്രതിപാതിക്കുന്നത്. തച്ചോളി ഒതേനൻ എന്ന ഒരു കടത്തനാടാൻ യോധാവിനെ പറ്റിയുള്ള പാട്ട് ആണ് തച്ചോളി പാട്ടുകൾ. തച്ചോളി ഒതേനൻ കൂടാതെ തച്ചോളി അമ്പാടി, തച്ചോളി ചന്തു, പയ്യമ്പള്ളി ചന്തു ചേകവർ, പാലാട്ട് കോമൻ, പൊന്നാപുരം കോട്ടയിൽ കേളു മൂപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വീര കേസരികളെയും പാട്ടിൽ പറയുന്നു. ലോകനാർക്കാവിലെ ആറാട്ടു ദിവസം കതിരൂർ ഗുരുക്കളുമായി തെറ്റിപ്പിരിയുകയും ഇരുവരും അങ്കം കുറിക്കുകയും ചെയ്തു. അങ്കത്തിൽ ഗുരുക്കളെ വധിച്ച ശേഷം ഒതേനൻ, കളരിയിൽ മറന്നിട്ട കട്ടാരമെടുക്കുവാൻ മടങ്ങിപ്പോവുകയും മായൻകുട്ടി എന്ന മാപ്പിളയുടെ വെടിയേറ്റ് മരിച്ചു. കതിരൂർ ഗുരുക്കളുടെ സുഹൃത്തായിരുന്ന പരുന്തുങ്കൽ എമ്മൻ പണിക്കരാണ് ഈ മാപ്പിളയെ ഏർപ്പാടാക്കിയത്. 32 വയസ്സായിരുന്നു അന്ന് ഒതേനന്, ഇതാണ് കഥയുടെ ഇതിവൃത്തം.

വടക്കൻ പാട്ട് സിനിമകൾ

വടക്കൻപാട്ടിലെ മിത്തുകളെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.[4]1961ൽ പ്രദർശനത്തിനെത്തിയ ഉദയായുടെ ഉണ്ണിയാർച്ചയാണ് ഇവയിൽ ആദ്യത്തേത്. 1978ൽ പ്രദർശനത്തിനെത്തിയ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായ തച്ചോളി അമ്പു ഒരു വടക്കൻപാട്ട് ചിത്രമായിരുന്നു. മറ്റൊരു പ്രധാന ചിത്രം 1989ൽ പ്രദർശനത്തിനെത്തിയ ഒരു വടക്കൻ വീരഗാഥ ആണ്. ഈ ചിത്രത്തിലെ അഭിനയത്തിനു മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരം ലഭിച്ചിരുന്നു.[5]" മലയാളത്തിലിറങ്ങിയ വടക്കൻപാട്ട് സിനിമകളിലധികവും ശാരംഗപാണി യുടെ തിരക്കഥയിൽ ഉള്ളവയാണ്.

തുടങ്ങിയവയാണ് ഈ ഗണത്തിൽ പെടുത്താവുന്ന മറ്റു ചിത്രങ്ങൾ.

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.