ലോക തൊഴിലാളി ദിനം From Wikipedia, the free encyclopedia
മെയ് മാസം ഒന്നിനാണ് മെയ് ദിനം ആഘോഷിക്കുന്നത്. ലോക തൊഴിലാളി ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നു. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മേയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനം എന്നാണ് ഇത് ലോകമെമ്പാടും അറിയപ്പെടുന്നത്. എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായി മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്.[1] മേയ് ദിനം ലോകമെമ്പാടുമുള്ള സാമൂഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമാണ് ഇത്. ഇതിന്റെ പ്രചോദനം അമേരിക്കയിൽ നിന്നും ഉണ്ടായതാണെന്ന ഒരു വാദവുമുണ്ട്.[2] എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.
സർവ്വരാജ്യ തൊഴിലാളി ദിനം | |
---|---|
ഔദ്യോഗിക നാമം | സർവ്വരാജ്യ തൊഴിലാളി ദിനം |
ഇതരനാമം | മെയ് ദിനം |
ആചരിക്കുന്നത് | തൊഴിലാളിവർഗ്ഗം, തൊഴിലാളിസംഘടന |
ആഘോഷങ്ങൾ | തെരുവ് ജാഥകൾ, പ്രകടനങ്ങൾ |
തിയ്യതി | മെയ് 1 |
ബന്ധമുള്ളത് | മെയ് ദിനം, തൊഴിലാളി ദിനം |
1886 ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു. സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു ഹേമാർക്കറ്റ് കൂട്ടക്കൊല. യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിയുകയും, ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും ആയിരുന്നു.[2] 1904 ൽ ആംസ്റ്റർഡാമിൽ വെച്ചു നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിന്റെ വാർഷിക യോഗത്തിലാണ്, എട്ടുമണിക്കൂർ ജോലിസമയമാക്കിയതിന്റെ വാർഷികമായി മെയ് ഒന്ന് തൊഴിലാളി ദിനമായി കൊണ്ടാടുവാൻ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികൾ മെയ് ഒന്നിന് ജോലികൾ നിറുത്തിവെക്കണമെന്നുള്ള പ്രമേയം യോഗം പാസ്സാക്കി.[3]
അർജന്റീനയിൽ മെയ് ഒന്ന് പൊതു അവധി ദിവസമാണ്.[4] അന്നേ ദിവസം തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെട്ട ദിവസത്തിന്റെ വാർഷികം എന്ന നിലയിൽ ധാരാളം ആഘോഷങ്ങൾ അരങ്ങേറുന്നു. പ്രാദേശികമായി ചെറുയോഗങ്ങൾ സംഘടിപ്പിക്കുന്നു. പരസ്പരം ആശംസകൾ കൈമാറുകയും, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്. 1909 ൽ മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ പോലീസ് ഒമ്പത് തൊഴിലാളികളെ വെടിവെച്ചു കൊല്ലുകയുണ്ടായി, അർജന്റീനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയായി ഇതു കണക്കാക്കുന്നു.[5] ഹുവാൻ.ഡി.പെറോൺ എന്നയാളുടെ നേതൃത്വത്തിൽ വന്ന തൊഴിലാളി വർഗ്ഗ സർക്കാരാണ് ഈ ദിനം വളരെ പ്രാധാന്യത്തോടെ കൊണ്ടാടുവാൻ തീരുമാനിച്ചത്. 1966 ൽ ഒംഗാനിയായുടെ ഏകാധിപത്യഭരണം മെയ് ദിനാഘോഷങ്ങളെ അർജന്റീനായിൽ നിരോധിച്ചു.
മെയ് ഒന്ന് ബൊളീവിയയിൽ പൊതു അവധി ദിനമാണ്. തൊഴിലാളികൾ ഈ ദിനത്തെ പ്രാധാന്യത്തോടെ സ്മരിക്കുന്നു. [6]
ബ്രസീലിൽ മെയ് ഒന്ന് പൊതു അവധി ദിനമാണ്. മെയ് ഒന്നിന് യോഗങ്ങൾ സംഘടിപ്പിച്ചും, പ്രകടനങ്ങൾ നടത്തിയും ഈ ദിനം ജനങ്ങൾ അചരിക്കുന്നു.[7]
മേയ് ഒന്ന് ദേശീയ അവധിയാണ്.
അമേരിക്കൻ ഐക്യനാടുകളിൽ സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളി ദിനം.
സെപ്തംബർ മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് കാനഡയിൽ ഔദ്യോഗികമായി തൊഴിലാളി ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്.[8] എന്നിരുന്നാലും സർവ്വരാജ്യ തൊഴിലാളി ദിന കാനഡയിൽ ആഘോഷിക്കാറുണ്ട്, പക്ഷേ പൊതു അവധി പ്രഖ്യാപിച്ചിട്ടില്ല എന്നു മാത്രം.
മേയ് ഒന്ന് ഈജിപ്തിൽ ശമ്പളത്തോടൊകൂടിയ അവധിയാണ്. ഘാന, കെനിയ, ലിബിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, ടാൻസാനിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളിൽ മേയ് ദിനം ആചരിക്കുന്നു.
ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ലെബനൻ, ഫിലിപ്പൈൻസ്, വിയറ്റ്നാം, ഉത്തരകൊറിയ എന്നീ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്.
ഓസ്ട്രേലിയയിലും ന്യൂ സിലാന്റിലും തൊഴിലാളി ദിനം മറ്റ് ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്.
റഷ്യ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, പോളണ്ട്, ഓസ്ട്രിയ, സ്വീഡൻ, തുർക്കി മുതലായ രാജ്യങ്ങളിൽ മേയ് ദിനം പൊതു അവധിയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.