കേരളത്തിലെ ഒരു ഹൈന്ദവ ആത്മീയനേതാവും സന്യാസിനിയുമാണ് മാതാ അമൃതാനന്ദമയി (ജനനനാമം: സുധാമണി, സെപ്റ്റംബർ 27, 1953). "അമ്മ" എന്നും ആശ്ലേഷിക്കുന്ന വിശുദ്ധ" (Hugging Saint) എന്ന പേരിലും ലോകമെമ്പാടുമുള്ള അനുയായികൾക്കിടയിൽ അറിയപ്പെടുന്ന അമൃതാനന്ദമയിയുടെ ആസ്ഥാനം കരുനാഗപ്പള്ളിയ്ക്കടുത്തുള്ള പറയകടവിലാണ്.
ജനനം,ബാല്യം
കൊല്ലം ജില്ലയിലെ കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ അമൃതപുരി എന്ന് അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്]) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി 1953 സെപ്റ്റംബർ 27-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. നാലാം ക്ലാസിന് ശേഷം സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.[1].
മാതാ അമൃതാനന്ദമയി നാൾവഴികൾ
- 27/09/1953 : കന്നി മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ജനനം
- 1979 : മാതാ അമൃതാനന്ദമയി എന്ന പേര് സ്വീകരിച്ചു
- 1981 : മാതാ അമൃതാനന്ദമയി മിഷൻ രജിസ്റ്റർ ചെയ്തു
- 1981 : മാതാ അമൃതാനന്ദമയി മഠം, മിഷൻ ട്രസ്റ്റ്, ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ ആരംഭിച്ചു
- 1987 മെയ്മാസം : അമേരിക്കയിലേക്ക് ആദ്യ വിദേശയാത്ര
- 1987 ജൂലൈ : പാരീസ് യാത്ര
- 1988 : ആദ്യ ബ്രഹ്മസ്ഥാന ക്ഷേത്രം കൊടുങ്ങല്ലൂരിൽ തുടങ്ങി,
- വിദേശരാജ്യമായ മൗറിഷ്യസിൽ ഉൾപ്പെടെ ആകെ 22 ബ്രഹ്മസ്ഥാനങ്ങൾ
- 1989 ഒക്ടോബർ : പ്രഥമ ശിഷ്യനായി സ്വാമി അമൃത സ്വരൂപാനന്ദപുരിക്ക് സന്യാസ ദീക്ഷ നൽകി
- 1990 : അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ടെക്നോളജി - ആദ്യ ഉന്നത വിദ്യാഭ്യാസ കേന്ദ്രം
- 1991 : റഷ്യ സന്ദർശനം
- 1994 : കോയമ്പത്തൂർ എട്ടിമടയിൽ അമൃത എൻജിനീറിങ്ങ് കോളേജ് തുടങ്ങി
- 1996 : അമൃതകുടീരം - പാവപ്പെട്ടവർക്ക് വീടുകൾ നൽകുന്ന പദ്ധതി ആരംഭം
- 1998 : ഇടപ്പള്ളിയിൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് സെൻറർ ആരംഭിച്ചു
- 2003 : ആയൂർവേദ കോളേജ് ആരംഭം, അമൃത വിശ്വവിദ്യപീഠത്തിന് കൽപ്പിത സർവകലാശാല പദവി
- 2012 : ചൈന സന്ദർശനം
- 2019 : അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസ് കോയമ്പത്തൂരിൽ ആരംഭിച്ചു
- 2022 : ഹരിയാനയിലെ ഫരീദാബാദിൽ അമൃത സ്കൂൾ ഓഫ് മെഡിസിൻ തുടങ്ങി[2]
അമൃതപുരി
കൊല്ലത്തിനടുത്ത് ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്. തിരുവനന്തപുരത്ത് നിന്നും 110 കി.മി വടക്കായും കൊച്ചിയിൽ നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. പറയകടവിൽ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിൽ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമാണ് അമൃതപുരി. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ ഇവിടം ലോകശ്രദ്ധ ആകർഷിക്കുന്നു.[3]
മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്
ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ, ആശുപത്രികൾ എന്നിവ സ്ഥാപിച്ചു[അവലംബം ആവശ്യമാണ്]. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്[അവലംബം ആവശ്യമാണ്]. 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി.[4]
ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു[അവലംബം ആവശ്യമാണ്]. പാവപ്പെട്ടവർക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകൾ മാതാ അമൃതാനന്ദമയീമഠം നിർമിച്ച് നൽകിയിട്ടുണ്ട്[5].
പുരസ്കാരങ്ങളും ബഹുമതികളും
- 1993, 'ഹിന്ദു വിശ്വാസങ്ങളുടെ നേതാവ് '[not in citation given] (ലോക മത പാർലിമെന്റ്)[1]
- 1993, ഹിന്ദു നവോത്ഥാന പുരസ്കാരം (Hinduism Today)
- 1998, കെയർ & ഷെയർ ഇന്റർനാഷണൽ ഹ്യൂമറ്റേറിയൻ അവാർഡ്. (Chicago)
- 2002, കർമ യോഗി പുരസ്കാരം (യോഗാ ജേണൽ)[6]
- 2002,ദ വേൾഡ് മൂവ്മെന്റ് ഫോർ നോൺ വയലൻസിന്റെ അഹിംസക്കുള്ള ഗാന്ധി കിങ്ങ് പുരസ്കാരം (യു എൻ, ജനീവ)[7] · [8]
- 2003, ചിക്കാഗോ നഗരമായ നാപർവില്ലയുടെ വിശിഷ്ട പൗരത്വം (Honorary Citizenship Award of Naperville)[9]
- 2004, അന്താരാഷ്ട്ര ജീവകാരുണ്യ് സംഘടനയായ ഓർഡൻ ബൊനാരിയയിൽ(Orden Bonaria)വിശിഷ്ടാംഗത്വം[10]
- 2005, മഹവീർ മഹാത്മാ പുരസ്കാരം (ലണ്ടൻ)[11]
- 2005, സെന്റെനറി ലെജെന്ററി പുരസ്കാരം International Rotarians (Cochin)[12]
- 2006, ജേംസ് പാർക്ക്സ് മോർട്ടൊൻ അന്തർമത പുരസ്കാരം (ന്യൂ യോർക്ക്)[13]
- 2006, സന്ത് ജ്ഞാനേശ്വര വിശ്വസമാധാന പുരസ്കാരം (പൂനെ)[14]
- 2007, ലെ പ്രിക്സ് സിനെമ വെറിറ്റെ (സിനെമ വെറിറ്റെ,പാരിസ്)[15]
- 2010, ഹ്യൂമൺ ലെറ്റേഴ്സിൽ ഹോണററി ഡോക്ടറേറ്റ് ബിരുദം (സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒഫ് ന്യൂ യോർക്ക്) Buffalo campus.[16]
- 2010, ധർമഖഡ്ഗം അവാർഡ്,(പഴശ്ശിരാജാ നാഷണൽ റോയൽ അവാർഡ്)[17]
- 2012 വിശ്വരത്ന പുരസ്കാരം ഹിന്ദു പാർലമെൻറ്[18]
- 2013 U S ഗവൺമെന്റ് ആസ്ഥാനമായ കാപ്പിറ്റോൾ ഹിൽ മന്ദിരത്തിലേക്ക് യു.എസ് ജനപ്രതിനിധിസഭയായ കോൺഗ്രസിന്റെ അംഗങ്ങളാൽ ക്ഷണിക്കപ്പെട്ടു.[19]
പദവികൾ
- മാതാ അമൃതാനന്ദമയീ മഠം - സ്ഥാപക, ചെയർപേഴ്സൺ [20]
- എംബറേസിംഗ് ദി വേൾഡ് - സ്ഥാപക.[21]
- അമൃത വിശ്വവിദ്യാപീഠം - ചാൻസലർ [22]
- അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്(AIMS) - സ്ഥാപക [23]
- ലോക മത പാർലമെന്റ് - അന്താരാഷ്ട്ര ഉപദേശക സമിതി അംഗം[24]
- ബാർസലോണയിലെ അന്താരാഷ്ട്ര ജീവജകാരുണ്യ സംഘടനയായ ഓർഡൻ ബൊനേരിയയിലെ വിശിഷ്ടാംഗം [10]
- സ്വാമി വിവേകാനന്ദ സാർദ്ധശതി, അഖിലഭാരതീയ ആഘോഷസമിതിയുടെ അധ്യക്ഷ.[25]
അന്തർദേശീയ സമ്മേളനങ്ങളിൽ
മാതാ അമൃതാനന്ദമയി അഭിസംബോധന ചെയ്ത അന്തർദേശീയ സമ്മേളനങ്ങൾ
- 1993, സർവ്വമത സമ്മേളനം-ചിക്കാഗോ(the Parliament of the World's Religions)
- 1995, ഐക്യരാഷ്ട്രസഭ- ന്യൂയോർക്ക്( Interfaith Celebration of the 50th Anniversary of the United Nations )
- 2000, ലോക സമാധാന സമ്മേളനം-ന്യൂയോർക്ക്(World Peace Summit of Religious & Spiritual Leaders-UN)
- 2002, അന്തർദേശീയവനിതാസമ്മേളനം-ജനീവ(the Global Peace Initiative of Women-UN)
- 2004, ലോക മത പാർലമെന്റ്-ബാർസലോണ(Parliament of World's Religions)
- 2006, ന്യൂയോർക്ക്(James Parks Morton Interfaith Awards)
- 2007, സിനിമ വെറൈറ് ഫെസ്റ്റിവൽ- പാരിസ് (Cinéma Vérité Festival)
- 2008, അന്തർദേശീയവനിതാസമ്മേളനം-ജയ്പൂർ (keynote address of the Global Peace Initiative of Women)
- 2009, അന്തർദേശീയ വിവേകാനന്ദ ഫൌണ്ടേഷൻ-ഉദ്ഘാടനം- നവദില്ലി(inauguration of Vivekananda International Foundation)
- 2012, ഐക്യരാഷ്ട്രസഭയുടെ അലയൻസ് ഓഫ് സിവിലൈസേഷൻസ് സാംസ്കാരിക കൂട്ടായ്മ - ഷാങ്ഹായ്,ചൈന(UN Alliance of Civilizations)
വിവാദങ്ങൾ
അമൃതാനന്ദമയി ആശ്രമത്തിന്റെ സമ്പാദ്യത്തെക്കുറിച്ചും മറ്റു ക്രമക്കേടുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ചില വ്യക്തികളും സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട് [26][27][28] കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ നികുതിയടക്കുന്നില്ലെന്ന് കാട്ടി ഓംബുഡ്സ്മാന് പരാതി നൽകിയ സി പി എം ആലുംപീടിക ബ്രാഞ്ച് സെക്രട്ടറി വിജെഷിനെ ആശ്രമത്തിൽ വിളിച്ചുവരുത്തി അമൃതാനന്ദമയി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത് വന്നത് ഏറെ വിവാദമായിരുന്നു.[29]
കൊലപാതകങ്ങൾ
2012-ൽ കൊല്ലത്തെ അമൃതാനന്ദമയി ആശ്രമത്തിൽ ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന ആരോപണത്തിൽ ബിഹാർ സ്വദേശി സത്‌നാം സിങ്ങ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് മാനസികാസ്വാസ്ഥ്യം കാണിച്ചതിനാൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ വച്ച് സത്നാം മരണപ്പെട്ടു. മരണത്തിന്റെ ദുരൂഹത ഒട്ടേറെ ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും അവസരമൊരുക്കി. ആശ്രമത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിലും, മരണത്തിലും ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധം ഉണ്ടോ എന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കണം എന്നു ബി ജെ പി യും ഹിന്ദു സംഘടനകളും ആവശ്യപ്പെട്ടിരുന്നു. [30][31]
ഗെയ്ൽ ട്രെഡ്‌വെൽ
അമൃതാനന്ദമയിയുടെ മുൻ ശിഷ്യയായിരുന്ന ഗെയ്ൽ ട്രെഡ്‌വെൽ(ഗായത്രി) എന്ന ഓസ്ത്രേലിയൻ പൗരയുടെ ഓർമ്മകളായി പ്രസിദ്ധീകരിച്ച ഹോളി ഹെൽ: എ മെമയിർ ഓഫ് ഫെയ്ത്ത്, ഡിവോഷൻ ആൻഡ് പ്യൂർ മാഡ്നെസ് (വിശുദ്ധ നരകം: വിശ്വാസത്തിൻെറയും ആരാധനയുടെയും ശുദ്ധഭ്രാന്തിൻെറയും ഓർമക്കുറിപ്പ്) എന്ന പുസ്തകത്തിൽ അമൃതാനന്ദമയിയേയും ആശ്രമത്തേയും പറ്റി ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചിരുന്നു. അമൃതാനന്ദമയിയെ ഒരു ആക്രമണകാരിയായ സ്ത്രീയായി ഗയ്‌ൽ ഈ പുസ്തകത്തിൽ വിവരിക്കുന്നതായി പത്രങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അമൃതാനന്ദമയി ഗെയ്‌ലിനെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും ആരോപണം ഉയരുന്നു.[32][29] ഭക്തരായി നല്കുന്ന സംഭാവനകളെ സ്വർണ്ണമാക്കി നികുതി വെട്ടിക്കാൻ ശിഷ്യകളുടെ വസ്ത്രത്തിനിടയിൽ തിരുകി കടത്താറുണ്ടെന്നും, ബ്രഹ്മചാരിണിയായി അറിയപ്പെട്ടിരുന്ന ഗെയ്‌ലിനോട് പല പുരുഷാനുയായികളും ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരു സന്യാസി ഗെയ്‌ലിനെ പല തവണ ബലാൽസംഗം ചെയ്തിട്ടുണ്ടെന്നും ആരോപിക്കുകയുണ്ടായി. [33][34][35]
അവലംബം
കൂടുതൽ വിവരങ്ങൾക്ക്
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.