സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പ് From Wikipedia, the free encyclopedia
സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള ഭാഷാ പതിപ്പാണ് മലയാളം വിക്കിപീഡിയ.[1] അറിവു പങ്കു വയ്ക്കുക, വിജ്ഞാനം സ്വതന്ത്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെ ഉയർന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും, വിജ്ഞാനതൃഷ്ണയുമുള്ള ഓൺലൈൻ സമൂഹമാണ് മലയാളം വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്നത്.
Screenshot | |
വിഭാഗം | ഇന്റർനെറ്റ് വിജ്ഞാനകോശ പദ്ധതി |
---|---|
ലഭ്യമായ ഭാഷകൾ | മലയാളം |
ഉടമസ്ഥൻ(ർ) | വിക്കിമീഡിയ ഫൗണ്ടേഷൻ |
യുആർഎൽ | ml.wikipedia.org |
വാണിജ്യപരം | അല്ല |
അംഗത്വം | ഐച്ഛികം |
ആരംഭിച്ചത് | 2002 |
2002 ഡിസംബർ 21-ന് അക്കാലത്ത് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി വിനോദ് എം.പി.യാണ് മലയാളം വിക്കിപീഡിയ ഇപ്പോഴുള്ള യൂ.ആർ.എൽ ആയ http://ml.wikipedia.org/ ലേക്ക് മാറ്റാനും അത് സജീവമാക്കാനുമുള്ള പ്രയത്നങ്ങൾക്കും തുടക്കമിട്ടത്.[2] പക്ഷേ അതിനു മുൻപ് പരീക്ഷണ വിക്കി രൂപത്തിലോ മറ്റോ മലയാളം വിക്കിപീഡിയ നിലനിന്നിരുന്നു എന്നു കാണുന്നുണ്ട്. പക്ഷെ സ്വന്തം ഡൊമൈൻ മലയാളത്തിന് ഉണ്ടായിരുന്നില്ല. മാത്രമല്ല വിക്കി സമൂഹവും ഇല്ലായിരുന്നു. 2002 ഡിസംബർ 21 തൊട്ടാണ് ഇപ്പോഴുള്ള വെബ്ബ് വിലാസത്തിൽ മലയാളം വിക്കിപീഡിയ ആരംഭിച്ചത്. അതിനാൽ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബർ 21 ന് എന്ന് പറയാം. ആ ദിവസം വിനോദ് എഴുതിയ മലയാളം അക്ഷരമാല എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ വിജ്ഞാനസംബന്ധിയായ ആദ്യ ലേഖനമെന്നു കരുതുന്നു. http://ml.wikipedia.org/ എന്ന വിലാസത്തിലെക്ക് മാറിയ ശേഷം രണ്ട് വർഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി നിലനിർത്താൻ പ്രയത്നിച്ചതും വിനോദ് തന്നെയാണ്. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ ചെയ്തിരുന്നത്. വിവിധ മലയാളി ഓൺലൈൻ ഗ്രൂപ്പുകളിലും, ചർച്ചാവേദികളിലും മലയാളം ശരിയായി വായിക്കാനും എഴുതാനുമുള്ള സഹായങ്ങൾ അന്വേഷിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകൾ കാണുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്ത് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശ മലയാളികളായിരുന്നു.
മലയാളം പോലുള്ള ഭാഷകൾക്ക് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ ആദ്യമൊന്നും പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇത്തരം ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കാൻ പ്രസ്തുത ലേഖനം എഴുതിയ ആൾ ഉപയോഗിച്ച ഫോണ്ടും കമ്പ്യൂട്ടർ വ്യവസ്ഥയും തന്നെ ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. യുണികോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി മലയാളം കമ്പ്യൂട്ടറിനു വഴങ്ങുന്ന ഒന്നായി. മലയാളം (യൂണിക്കോഡ് അക്ഷരവിഭാഗം) സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് മലയാളം വിക്കിപ്പീഡിയ സജീവമായത്.
പക്ഷേ ഒന്നോ രണ്ടോ പേർ ചേർന്ന് ഇത്രയും ബൃഹത്തായ ഒരു പദ്ധതി മുന്നോട്ട് കൊണ്ടു പോകുന്നത് അസാദ്ധ്യം ആയതിനാൽ മലയാളം വിക്കിപീഡിയയുടെ തുടക്കം വളരെ മന്ദഗതിയിലായിരുന്നു. 2002-ൽ തുടങ്ങിയിട്ടും 2006 വരെ മലയാളം വിക്കിയിൽ കാര്യമായ പുരോഗതിയുണ്ടായില്ല. 2004 മധ്യത്തോടെ മലയാളം യുണിക്കോഡ് എഴുത്തു സാമഗ്രികൾ സജീവമായിത്തുടങ്ങിയിരുന്നു. ബ്ലോഗുകളിലും മറ്റും പ്രചരിച്ച ഇത്തരം ടൈപ്പിങ്ങ് ഉപകരണങ്ങളുടെ സഹായത്തോടെ ഏതാനും പേർ വിക്കിപീഡിയയിലും സ്ഥിരമായി എഴുതിത്തുടങ്ങി. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും ഇക്കാലത്ത് ചെറിയ ലേഖനങ്ങളായിരുന്നു അധികവും. അവ മൊത്തത്തിൽ നൂറെണ്ണം പോലും തികഞ്ഞിരുന്നുമില്ല. 2004 ഡിസംബറിലാണ് മലയാളം വിക്കിയിൽ നൂറു ലേഖനങ്ങൾ തികയുന്നത്. 2005 മധ്യത്തോടെ പിന്നെയും പുതിയ അംഗങ്ങൾ എത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഒരു മാസത്തിനുശേഷം ഇതേയാൾ ആദ്യത്തെ ബ്യൂറോക്രാറ്റുമായി. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മലയാളം വിക്കി ഏകദേശം സ്വയം പര്യാപ്തമായി.
മലയാളികൾക്ക് മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ള അജ്ഞത മൂലം മലയാളം വിക്കിപീഡിയയുടെ വളർച്ച ഇഴഞ്ഞിഴഞ്ഞ് നീങ്ങുകയായിരുന്നു. 2006ലാണ് ഇതിനുമാറ്റം കണ്ടുതുടങ്ങിയത്. യൂണീക്കോഡ് മലയാളം ഉപയോഗിച്ച് കേരളത്തിലും മറുനാടുകളിലും ഉള്ള അനേകർ മലയാളത്തിൽ ബ്ലോഗു ചെയ്യുവാൻ തുടങ്ങി. ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ്ങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിക്കിപീഡിയയിലേക്ക് തിരിഞ്ഞു. അങ്ങനെ ഏതാനും സജീവപ്രവർത്തകർ വിക്കിപീഡിയയിലെത്തിയതോടെ ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10ന് മലയാളം വിക്കിയിൽ അഞ്ഞൂറാമത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000-വും, നവംബറിൽ 1500ഉം ആയി ഉയർന്നു. ഈ കുതിപ്പ് ഇപ്പോഴും തുടരുകയാണ്. 2007 ജനുവരി 15-നു ലേഖനങ്ങളുടെ എണ്ണം 2000-ഉം, ജൂൺ 30ന് 3000 ലേഖനങ്ങൾ എന്ന നാഴികക്കല്ലും മലയാളം വിക്കിപീഡിയ പിന്നിട്ടു .
നിലവിൽ മലയാളം വിക്കിയിൽ 86,474 ലേഖനങ്ങൾ ഉണ്ട്.
മലയാളം വിക്കിയുടെ തുടക്കത്തിൽ വരമൊഴി എന്ന പ്രോഗ്രാം ആണ് മലയാളം വിക്കി പ്രവർത്തകർ മലയാളം ടൈപ്പ് ചെയ്യാൻ വ്യാപകമായി ഉപയോഗിച്ചു കൊണ്ടിരുന്നത്. മലയാളം അക്ഷരങ്ങളുടെ മൊഴി സ്കീമിലുള്ള വിവിധ കീകോംബിനേഷൻ പഠിച്ചെടുക്കുന്നതോടെ അതേ കീകോമ്പിനേഷൻ ഉപയോഗിക്കുന്ന വേറെ ഉപാധികളും ഉപയോഗിക്കാം എന്നായി. അങ്ങനെ ബ്രൗസറിലേക്ക് നേരിട്ടു മലയാളം ടൈപ്പു ചെയ്യാവുന്ന ഒരു ടൂൾ ആയ കീമാൻ എന്ന പ്രോഗ്രാം ഉപയോഗിക്കാൻ തുടങ്ങി.
ഭൂരിപക്ഷം പേരും മൊഴി വ്യവസ്ഥയിലുള്ള ലിപിമാറ്റ സാമഗ്രി ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യുന്നത്. എഴുതേണ്ട മലയാളവാക്കുകൾക്കു സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങൾ ഉപയോഗിച്ച് ടൈപ്പുചെയ്യുന്ന മംഗ്ലീഷ് രീതിയെ ശാസ്ത്രീയമായി ലിപിമാറ്റം (Transliteration) എന്നു പറയുന്നു. ലിപിമാറ്റം തന്നെ പല രീതിയിലും ആവാം. ഇപ്പോൾ മലയാളത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ലിപിമാറ്റരീതി മൊഴി എന്ന വ്യവസ്ഥയാണ്. 1998 മുതൽ പ്രചാരത്തിലുള്ള മൊഴിയിൽ മലയാളികൾ പൊതുവായി ഉപയോഗിക്കുന്ന മംഗ്ലീഷ് കീ കോമ്പിനേഷൻ തന്നെയാണ് ഒരോ മലയാള അക്ഷരത്തിനും ഉപയോഗിച്ചിരിക്കുന്നത്. മറ്റൊരു പ്രധാനലിപിമാറ്റ രീതി സ്വനലേഖ ആണു്.
ബാഹ്യ ഉപകരണങ്ങളുടെയൊന്നും സഹായമില്ലാതെ വിക്കിയിൽ നേരിട്ട് മലയാളം ടൈപ്പു ചെയ്യാവുന്ന ഇൻബിൽറ്റ് ടൂൾ മലയാളം വിക്കിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതുപയോഗിച്ച് ലിപിമാറ്റ രീതിയിലും ഇൻസ്ക്രിപ്റ്റ് രീതിയിലും മലയാളം ടൈപ്പ് ചെയ്യാൻ കഴിയുന്നതാണു്. ഇപ്പോൾ യുണികോഡ് ലിപിവ്യവസ്ഥ വഴി ഫോൺ വഴിയും കമ്പ്യൂട്ടർ വഴിയും വിക്കിപീഡിയയിൽ എഴുതാൻ കഴിയും.
വിക്കിപീഡിയയിലെ ഒരു ലേഖനത്തിനും കൃത്യമായൊരു രചയിതാവില്ല. അതായത് ഒരു ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ചവർ പലരുണ്ടാവും. കൂടുതൽ കണ്ണുകൾ കാണുകയും തിരുത്തുകയുംചെയ്യുമ്പോൾ ലേഖനങ്ങളുടെ ഗുണനിലവാരം ഉയരുന്നു എന്നതാണ് മലയാളം വിക്കിപീഡിയയുടെയും മറ്റ് വിക്കികളുടെയും പ്രവർത്തന തത്ത്വം. ഉദാഹരണത്തിന് ഒറ്റവരി ലേഖനത്തെ മറ്റ് ഉപയോക്താക്കൾ വന്ന് കൂടുതൽ വിവരങ്ങൾ ചേർത്ത് വലുതാക്കി എടുക്കാറുണ്ട്. ചാലക്കുടി എന്ന ലേഖനം ഇരുപതോളം പേർ ചേർന്ന് 700-ഓളം തവണ വെട്ടിയും തിരുത്തിയും വിവരങ്ങൾ കൂട്ടിച്ചേർത്തും എഴുതിയതാണ്.
ഇങ്ങനെ അനേകം വിക്കിപീഡിയരുടെ ശ്രമഫലമായി ഇന്ന് മലയാളം വിക്കിപീഡിയയിൽ ചെറുതും വലുതുമായി 86,474-ൽ ഏറെ ലേഖനങ്ങൾ ഉണ്ട്. എല്ലാ മാസവും മുന്നൂറോളം പുതിയ ലേഖനങ്ങൾ ചേർക്കപ്പെടുന്നു. പല ലേഖനങ്ങളും സചിത്ര ലേഖനങ്ങൾ ആണ്. ലേഖനങ്ങളിലെ ചിത്രങ്ങളും വിക്കിപീഡിയർ തന്നെയാണ് സംഭാവന ചെയ്യുക. മലയാളം വിക്കിപീഡിയയിൽ ഉള്ള ലേഖനങ്ങളിൽ ഇ.എം.എസ്. നമ്പൂതിരിപ്പാട്, എ.കെ. ആന്റണി, വി.എസ്. അച്യുതാനന്ദൻ, മാണി മാധവ ചാക്യാർ, രാജാ രവിവർമ്മ, തുടങ്ങിയവരുടെ ജിവചരിത്ര ലേഖനങ്ങൾ, സിന്ധു നദീതട സംസ്കാരം, കേരളത്തിലെ നാട്ടുരാജ്യങ്ങൾ, മാമാങ്കം , തുടങ്ങിയ ചരിത്ര ലേഖനങ്ങൾ, സൂപ്പർനോവ, ജ്യോതിശാസ്ത്രം, തുടങ്ങിയ ശാസ്ത്ര ലേഖനങ്ങൾ, കേരളത്തിലെയും ലോകത്തിലെ പല സ്ഥലങ്ങളെയും കുറിച്ചുള്ള ഭൂമിശാസ്ത്ര ലേഖനങ്ങൾ, ഇസ്ലാം മതം, ക്രിസ്തുമതം, ഹിന്ദുമതം, തുടങ്ങിയ മതപരമായ ലേഖനങ്ങൾ, കണ്ണ്, ചെവി, ആന, വിശറിവാലൻ കൂരമാൻ, തുടങ്ങിയ ജീവശാസ്ത്ര ലേഖനങ്ങൾ, സദ്യ, ചോക്കളേറ്റ് കേക്ക്, തുടങ്ങിയ ഭക്ഷണ സംബന്ധിയായ ലേഖനങ്ങൾ, ഖസാക്കിന്റെ ഇതിഹാസം, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (മലയാളചലച്ചിത്രം) തുടങ്ങിയ സിനിമ / നോവൽ സംബന്ധിയായ ലേഖനങ്ങൾ, കുട്ടിയും കോലും, കിശേപ്പി, ക്രിക്കറ്റ്, തുടങ്ങിയ കളികളെക്കുറിച്ചുള്ള ലേഖനങ്ങൾ, ലളിത കലകളെയും ക്ഷേത്രങ്ങളെയും കുറിച്ചുള്ള ലേഖനങ്ങൾ, എന്നുവേണ്ട, മലയാളം അറിയാവുന്ന വായനക്കാർക്ക് വിജ്ഞാനപ്രദമായ എന്തും വിക്കിപീഡിയയിൽ ലേഖനങ്ങൾക്ക് വിഷയമാവുന്നു.
ഒരു വിജ്ഞാനകോശമെന്ന നിലയിൽ വിക്കിപീഡിയയുടെ ഏറ്റവും വലിയ പ്രത്യേകത അതിനു കൈവരിക്കാവുന്ന വ്യാപ്തിയാണ്. ഒരു പേപ്പർ വിജ്ഞാനകോശത്തിന് അതിന്റെ വലിപ്പത്തിൽ നിയന്ത്രണം പാലിക്കേണ്ടതിനാൽ ഉൾക്കൊള്ളിക്കാനുള്ളതിലേറെ ഒഴിവാക്കാനുള്ള വിഷയങ്ങളായിരിക്കും ഉണ്ടാവുക. ഇവിടെയാണ് വിക്കിപീഡിയ വ്യത്യസ്തമാകുന്നത്. ഓൺ-ലൈൻ വിജ്ഞാനകോശമായതിനാൽ വിജ്ഞാനപ്രദമായ ഏതു ചെറുവിഷയത്തെയും വിക്കി സ്വാഗതം ചെയ്യുന്നു. ഒരുദാഹരണമെടുത്താൽ, മലയാളത്തിൽ പ്രസിദ്ധീകൃതമായ ചെറുതും വലുതുമായ വിജ്ഞാനകോശങ്ങളിലൊന്നും ഒരുപക്ഷേ കുട്ടിയും കോലും എന്ന കളിയെക്കുറിച്ച് ഒരു ലേഖനം കണ്ടേക്കില്ല. വളരെ നിസ്സാരമെന്നു തോന്നാവുന്ന ഈ വിഷയത്തെക്കുറിച്ചും അറിയാൻ താല്പര്യമുള്ളവർ കാണും എന്നതിൽ സംശയമില്ലല്ലോ. മലയാളം വിക്കിപീഡിയയിൽ ഏറ്റവും താല്പര്യത്തോടെ തിരുത്തപ്പെടുന്ന ലേഖനങ്ങളിലൊന്നാണിത്.
കേരളത്തിനുള്ളിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചു തന്നെ സമഗ്രമായ വിവര ശേഖരമൊന്നും ഇന്റർനെറ്റിൽ കിട്ടിയേക്കില്ല. ഉള്ളവയാകട്ടെ കേവലം ട്രാവൽ ഗൈഡിന്റെ സ്വഭാവമുള്ളതായിരിക്കും. ഈ ഒരു കുറവുനികത്താനും വിക്കിയിലെ ഉപയോക്താക്കൾ പരമാവധി ശ്രമിക്കുന്നുണ്ട്. ചാലക്കുടി എന്ന ലേഖനം ഉദാഹരണം.
നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായങ്ങൾ വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്ത് പാഠപ്പുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്ക് മലയാളം വിക്കിപീഡിയ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്.
വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്ന് വിക്കിമീഡിയ ഫൌണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിക്ഷ്ണറി, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, പകർപ്പവകാശകാലാവധി കഴിഞ്ഞ പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, ഓൺലൈൻ പരിശീലനം നൽകുന്ന വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ട്. ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിക്ക്ഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ട്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം.
മേൽപ്പറഞ്ഞവയിൽ മിക്കവയ്ക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ട്. പകർപ്പവകാശകാലാവധി കഴിഞ്ഞ് പൊതുസഞ്ചയത്തിലെത്തിയ ഒട്ടേറെ പുസ്തകങ്ങൾ നാമിപ്പോഴും വിലകൊടുത്തു വാങ്ങേണ്ടിവരുന്നുണ്ട്. ഇതിനൊരു പരിഹാരമാണ് വിക്കിഗ്രന്ഥശാല. അദ്ധ്യാത്മരാമായണം, സത്യവേദപുസ്തകം, വിശുദ്ധ ഖുർആൻ, കുഞ്ചൻനമ്പ്യാരുടെ കൃതികൾ, നാരായണീയം, കൃഷ്ണഗാഥ, ജ്ഞാനപ്പാന എന്നിങ്ങനെ ഒട്ടേറെ അമൂല്യ ഗ്രന്ഥങ്ങൾ മലയാളം വിക്കിസോഴ്സിൽ സമാഹരിച്ചുവരുന്നു.
സൗജന്യ ബഹുഭാഷാ നിഘണ്ടു തയ്യാറാക്കാനുള്ള പരിശ്രമങ്ങളും മലയാളം വിക്കിനിഘണ്ടുവിൽ നടക്കുന്നുണ്ട്. മലയാളം വാക്കുകൾക്ക് തത്തുല്യമായ ഇതരമലയാള പദങ്ങളും അന്യഭാഷാ പദങ്ങളും ചേർത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ സംരംഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു.
വിദ്യാർത്ഥികൾക്കും മറ്റും ആവശ്യമായ പഠനസഹായികളും മറ്റും പുതുതായി രചിച്ചു ചേർക്കുന്ന വിക്കിപുസ്തകശാലയും കേരളീയർക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. നിലവിൽ ഈ സംരംഭത്തിൽ വലിയ പ്രവർത്തനങ്ങളില്ല. എന്നാൽ മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ആർക്കും രചിച്ചുചേർക്കാവുന്ന ഈ പദ്ധതി വരും കാലങ്ങളിൽ ഏറെപ്രയോജനപ്പെട്ടേക്കും.
മലയാളം വിക്കിപീഡിയയുടെ സഹോദര സംരംഭങ്ങളും അവയുടെ വെബ്‌വിലാസങ്ങളും താഴെച്ചേർക്കുന്നു:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.