Remove ads
From Wikipedia, the free encyclopedia
മനുഷ്യർക്ക് സ്വന്തം ജീവിതം സ്വയം അവസാനിപ്പിക്കാനോ സ്വമേധയാ ദയാവധത്തിന് വിധേയരാകാനോ ഉള്ള സ്വാതന്ത്ര്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ആശയമാണ് മരിക്കാനുള്ള അവകാശം. മാരകമായ അസുഖം, ഭേദപ്പെടുത്താനാവാത്ത വേദന, എന്നിവ മൂലം ജീവിതം തുടരാൻ താൽപ്പര്യമില്ലാത്തവരെ, മറ്റുള്ളവരുടെ സഹായത്തോടെയുള്ള ആത്മഹത്യ (അസിസ്റ്റീവ് സൂയിസൈഡ്) അല്ലെങ്കിൽ ആയുസ്സ് നീട്ടിക്കൊണ്ടുപോകുന്ന ചികിത്സ നിർത്തിക്കൊണ്ട് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം എന്ന നിലയിൽ ആണ് ഇത് വിശദീകരിക്കുന്നത്. ഈ തീരുമാനം എടുക്കാൻ ആർക്കാണ് അധികാരം ലഭിക്കുക എന്ന ചോദ്യം പലപ്പോഴും ചർച്ചാവിഷയമാണ്.
മരിക്കാനുള്ള അവകാശത്തിന്റെ വക്താക്കൾ സാധാരണഗതിയിൽ ഒരാളുടെ ശരീരവും ജീവിതവും അയാൾക്ക് സ്വന്തമാണെന്ന് അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും, യുക്തിരഹിതമായ ആത്മഹത്യകൾ തടയുന്നതിനുള്ള നിയമാനുസൃതമായ രാഷ്ട്ര താൽപ്പര്യം പലപ്പോഴും ചർച്ചാവിഷയമാണ്.
ആത്മഹത്യയെക്കുറിച്ചുള്ള മതപരമായ വീക്ഷണങ്ങൾ വ്യത്യസ്ഥമാണ്. അഹിംസാ രീതിയിൽ ഭക്ഷണം ത്യജിച്ചുകൊണ്ടുള്ള ആത്മഹത്യാ രീതികൾ ഹിന്ദു, ജൈന സമ്പ്രദായങ്ങളിൽ ഉള്ളപ്പോൾ കത്തോലിക്കാ മതത്തിൽ ആത്മഹത്യ ഗുരുതരമായ പാപമായി കണക്കാക്കുന്നു.
രോഗ ചികിത്സയിൽ നിരവധി മെഡിക്കൽ മുന്നേറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പുതിയ ഉപകരണങ്ങളും സാന്ത്വന പരിചരണത്തിന്റെ വികാസവും മനുഷ്യരെ മുമ്പത്തേക്കാൾ കൂടുതൽ കാലം ജീവിക്കാൻ അനുവദിച്ചു. ഈ മെഡിക്കൽ മുന്നേറ്റങ്ങൾക്കും പരിചരണത്തിനും മുമ്പ്, അബോധാവസ്ഥയിലും, കോമ അവസ്ഥയിലും ആയിരുന്നവരുടെ ജീവിത കാലയളവ് ശ്വസനം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ സഹായിക്കാൻ ശരിയായ മാർഗ്ഗമില്ലാത്തതിനാൽ ഹ്രസ്വമായിരുന്നു. മെഡിക്കൽ സാങ്കേതികവിദ്യയുടെ പുരോഗതിയോടെ, ബോധമില്ലാത്ത രോഗികളുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള ചോദ്യം ഉയർന്നുവന്നു. അതോടൊപ്പം ഒരാൾക്ക് ജീവിക്കാനുള്ള അവകാശമുണ്ടെങ്കിൽ, മരിക്കാനുള്ള അവകാശവും ഉണ്ടാവണം എന്നതരത്തിൽ ചർച്ചകൾ വന്നു.[1] [2] മരിക്കാനുള്ള അവകാശം സാർവത്രികമാണോ, ചില സാഹചര്യങ്ങളിൽ ( ടെർമിനൽ അസുഖം പോലുള്ളവ) മാത്രമേ ബാധകമാകുകയൊള്ളോ, അല്ലെങ്കിൽ അത് നിലവിലുണ്ടോ എന്നതിനെക്കുറിച്ചുള്ള രണ്ടാമത്തെ ചർച്ച ബയോഎതിക്സിൽ നിലനിൽക്കുന്നു. 'ജീവിക്കാനുള്ള അവകാശം' എന്നത് 'ജീവിക്കാനുള്ള ബാധ്യത'യുടെ പര്യായമല്ലെന്നും പ്രസ്താവിക്കുന്നു. ആ കാഴ്ചപ്പാടിൽ, ജീവിക്കാനുള്ള അവകാശത്തിന് മരിക്കാനുള്ള അവകാശവുമായി സഹവർത്തിക്കാനാകും. [3]
മരിക്കാനുള്ള അവകാശം പലരും പിന്തുണയ്ക്കുകയും നിരസിക്കുകയും ചെയ്യുന്നു. ഈ അവകാശത്തിനെ അനുകൂലിക്കുന്ന വാദങ്ങളിൽ ഇവ ഉൾപ്പെടുന്നു:
ഇതിനെതിരായ വാദങ്ങളിൽ ഇവ ഉൾപ്പെടുന്നു:
2016 ജൂൺ വരെയുള്ള കണക്ക് അനുസരിച്ച് ഓസ്‌ട്രേലിയ, കാനഡ,[5] കൊളംബിയ, ബെൽജിയം, ലക്സംബർഗ്,[6] നെതർലാൻഡ്‌സ്, , സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിൽ ചിലതരത്തിലുള്ള സ്വമേധയായുള്ള ദയാവധം നിയമപരമാണ്.
ദയാവധം ഒരു ആരോഗ്യ പ്രശ്‌നമായതിനാൽ, ഓസ്‌ട്രേലിയൻ ഭരണഘടന പ്രകാരം ഇതിന്റെ നിയമനിർമ്മാണവും മാനേജ്മെന്റും സ്റ്റേറ്റ് സർക്കാരുകളുടെ പരിധിയിലാണ്.
1996–1997 കാലഘട്ടത്തിൽ നോർത്തേൺ ടെറിട്ടറിയിൽ ദയാവധം നിയമവിധേയമായിരുന്നു. ഓസ്‌ട്രേലിയയിലെ ടെറിട്ടറികൾക്ക് ദയാവധം സംബന്ധിച്ച് നിയമനിർമ്മാണം നടത്താൻ കഴിയില്ലെന്ന് ഉറപ്പുവരുത്താൻ പ്രധാനമന്ത്രി ജോൺ ഹോവാർഡിന് കീഴിലുള്ള ഫെഡറൽ സർക്കാർ നോർത്തേൺ ടെറിട്ടറി (-സെൽഫ്-ഗവൺമെന്റ്) ആക്റ്റ് 1978 ഭേദഗതി ചെയ്തു.[7] ഇത് നോർത്തേൺ ടെറിട്ടറിയിലെ ദയാവധം നിയമവിരുദ്ധമാക്കി. ആറ് ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളിൽ ഒരേ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫെഡറൽ സർക്കാരിന് കഴിയില്ല.[8]
ഫിസിഷ്യൻ സഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കിക്കൊണ്ട് 2017 നവംബർ 29 ന് വിക്ടോറിയൻ സർക്കാർ വോളണ്ടറി അസിസ്റ്റഡ് ഡൈയിംഗ് ആക്റ്റ് 2017 (വിക്ടോറിയ) പാസാക്കി.[9] നിയമങ്ങൾ 2019 ജൂൺ 19 മുതൽ പ്രാബല്യത്തിൽ വന്നു, ഇതിൽ ദുർബലരെ സംരക്ഷിക്കുന്നതിനായി 68 സുരക്ഷാ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിട്ടുണ്ട്.[10] 2020 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, നിയമപരമായ സഹായത്തോടെ മരണം സാധ്യമാകുന്ന ഏക ഓസ്‌ട്രേലിയൻ സംസ്ഥാനമാണ് വിക്ടോറിയ, എന്നിരുന്നാലും വോളണ്ടറി അസിസ്റ്റഡ് ഡൈയിംഗ് ആക്റ്റ് 2019 പാസാക്കിയതിനെത്തുടർന്ന് ഇത് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ ഉടൻ പ്രാബല്യത്തിലാകും.[11]
2002 ൽ ബെൽജിയൻ പാർലമെന്റ് ദയാവധം നിയമവിധേയമാക്കി.[12]
സഹായത്തോടെയുള്ള ആത്മഹത്യയ്ക്കുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് 2015 ഫെബ്രുവരി 6 ന് കാനഡയിലെ സുപ്രീം കോടതി വിധിച്ചു. കോടതിയുടെ വിധി ഫിസിഷ്യൻ സഹായത്തോടെയുള്ള ആത്മഹത്യകളെ ഗുരുതരമായതും, അസഹനീയവും പരിഹരിക്കാനാകാത്തതുമായ അസുഖം, രോഗം അല്ലെങ്കിൽ വൈകല്യം എന്നിവയുൾപ്പെടെ ഒരു മെഡിക്കൽ അവസ്ഥയുള്ള വ്യക്തിക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു . നിലവിലുള്ള നിയമത്തിന് പകരമായി പുതിയ ഭരണഘടനാ നിയമം തയ്യാറാക്കാൻ കനേഡിയൻ പാർലമെന്റിനെ അനുവദിക്കുന്നതിനുള്ള വിധി 12 മാസത്തേക്ക് നിർത്തിവച്ചു.[13]
2016 ജൂൺ 17 ന് കാനഡയിലെ പാർലമെന്റിന്റെ ഇരുസഭകളും നിയമം പാസാക്കുകയും കാനഡയ്ക്കുള്ളിൽ ദയാവധം അനുവദിക്കുന്നതിന് റോയൽ അസ്സന്റ് ലഭിക്കുകയും ചെയ്തു.[14][5]
1997 മെയ് 20 ന് , കൊളംബിയയിലെ ഭരണഘടനാ കോടതി, ഗുരുതര രോഗബാധിതരായ രോഗിയുടെ സഹായത്തോടെയുള്ള ആത്മഹത്യയ്ക്ക് മെഡിക്കൽ അധികാരികളെ ഉത്തരവാദിയാക്കാൻ കഴിയില്ല എന്ന് പ്രസ്താവിക്കുകയും ചുരുങ്ങിയ സമയത്തിനുള്ളിൽ ദയാവധം നിയന്ത്രിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുകയും ചെയ്തു."[15]
രോഗബാധിതരായ രോഗികൾക്ക് ദയാവദം തിരഞ്ഞെടുക്കുന്ന്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധീകരിക്കാൻ 2014 ഡിസംബർ 15 ന് ഭരണഘടനാ കോടതി ആരോഗ്യ, സാമൂഹിക സംരക്ഷണ മന്ത്രാലയത്തിന് 30 ദിവസത്തെ സമയം നൽകിയിരുന്നു.[16]
ജർമ്മൻ ഭരണഘടനാ നിയമത്തിലെ വ്യക്തിപരമായ സ്വത്വത്തിനുള്ള അവകാശത്തിൽ (Right to personal identity) സ്വയം നിർണ്ണയിക്കാവുന്ന മരണത്തിനുള്ള അവകാശം ഉൾക്കൊള്ളുന്നുവെന്ന് 2020 ഫെബ്രുവരിയിൽ ഫെഡറൽ ഭരണഘടനാ കോടതി വിധിച്ചു, അതിൽ ആത്മഹത്യ ചെയ്യാനുള്ള അവകാശം അടങ്ങിയിരിക്കുന്നു. ഈ അവകാശം മാരകമായ രോഗികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.[17] ഈ വിധി വിവാദത്തിന് ഇടയാക്കിയിരുന്നു.
രോഗിയുടെ (അല്ലെങ്കിൽ ബന്ധുക്കൾ) സമ്മതം, കൂടാതെ രോഗി മസ്തിഷ്ക മരണം സംഭവിച്ചയാളോ പെർസിസ്റ്റന്റ് വെജിറ്റേറ്റീവ് സ്റ്റേറ്റ് (PVS) പോലെയുള്ള അവസ്ഥയിലോ ആയിരിക്കണം എന്നിങ്ങനെയുള്ള കർശനമായ വ്യവസ്ഥകളിൽ, സുപ്രീം കോടതി ഇന്ത്യയിൽ നിഷ്ക്രിയ ദയാവധം 2018 മുതൽ നിയമവിധേയമാക്കി.
2002 ൽ നെതർലാൻഡ്‌സ് സ്വമേധയായുള്ള ദയാവധം നിയമവിധേയമാക്കി. നിലവിലെ ഡച്ച് നിയമപ്രകാരം, ദയാവധവും അസിസ്റ്റഡ് ആത്മഹത്യയും ഡോക്ടർമാർക്ക് മാത്രമേ ചെയ്യാൻ കഴിയൂ. പ്രായോഗികമായി ഇത് ഗുരുതരവും ഭേദപ്പെടുത്താനാവാത്തതുമായ മെഡിക്കൽ അവസ്ഥകൾ ( മാനസികരോഗങ്ങൾ ഉൾപ്പെടെ) അനുഭവിക്കുന്നവർക്കും വേദന, ഹൈപ്പോക്സിയ അല്ലെങ്കിൽ ക്ഷീണം പോലുള്ള ഗണ്യമായ കഷ്ടപ്പാടുകൾ ഉള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. നിലവിലെ ഡച്ച് ദയാവധ നിയമത്തിന്റെ യോഗ്യതകൾ പാലിക്കാതെ ആരെയെങ്കിലും ആത്മഹത്യ ചെയ്യാൻ സഹായിക്കുന്നത് നിയമവിരുദ്ധമാണ്.[18] ഈ മാനദണ്ഡങ്ങൾ രോഗിയുടെ അഭ്യർത്ഥന, രോഗിയുടെ കഷ്ടപ്പാടുകൾ (അസഹനീയമായത്), രോഗനിർണയം (പ്രതീക്ഷയില്ലാത്തത്), രോഗിക്ക് നൽകിയ വിവരങ്ങൾ, ന്യായമായ ബദലുകളുടെ അഭാവം, മറ്റൊരു ഡോക്ടറുടെ കൂടിയാലോചന, ജീവിതം അവസാനിപ്പിക്കുന്നതിനുള്ള പ്രായോഗിക രീതി എന്നിവയെല്ലാം പരിഗണിക്കുന്നു.
ഗുരുതര രോഗങ്ങളാൽ പീഡിപ്പിക്കപ്പെടുന്നവർക്കോ, ആഗ്രഹമോ അഭിലാഷമോ ഉത്തരവാദിത്തങ്ങളോ ഇല്ലാത്തവർക്കോ സ്വയം മരണം തിരഞ്ഞെടുക്കാനുള്ള അവകാശം ഹിന്ദുമതത്തിൽ ഉണ്ട്. എന്നിരുന്നാലും, ഉപവാസം പോലുള്ള അഹിംസാത്മക മാർഗങ്ങളിലൂടെള്ള മരണമാണ് അനുവദനീയമായത്.[19] ജൈനമതത്തിൽ, സന്താര എന്ന സമാനമായ ഒരു സമ്പ്രദായമുണ്ട്. ആത്മഹത്യയെക്കുറിച്ചുള്ള മറ്റ് മതങ്ങളുടെ വീക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. കത്തോലിക്കാ വിശ്വാസത്തിൽ ആത്മഹത്യ ഗുരുതരമായ പാപമായി കണക്കാക്കപ്പെടുന്നു.[20]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.