Remove ads
From Wikipedia, the free encyclopedia
കൊല്ലവർഷം 300 മുതൽ[1] (പൊതുവർഷം പന്ത്രണ്ടാം നൂറ്റാണ്ടുമുതൽ) കേരളത്തിൽ പ്രചാരമുള്ള ഒരു ആഭിചാരക്രിയയാണു് നിഴൽക്കുത്ത്. വേലസമുദായത്തിൽ പെട്ട മന്ത്രവാദികൾ അനുഷ്ഠിച്ചുവന്നിരുന്ന ഈ മന്ത്രവാദാചാരം അത്യന്തം അപകടകരവും മരണസാദ്ധ്യതയുള്ളതും ആണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും നിലവിലുണ്ടായിരുന്ന ഒടിയൻ, മാട്ട് തുടങ്ങിയ മന്ത്രവാദക്രിയകൾക്കു് ഏറെക്കുറെ സമാനമാണു് നിഴൽക്കുത്തും. ഇരയുടെ നിഴലിനെ ലക്ഷ്യമാക്കി മന്ത്രം ചൊല്ലിയ അമ്പെയ്തു് ഇരയെത്തന്നെ കൊല്ലുക എന്ന സങ്കൽപ്പമാണു് ഈ ക്രിയയുടെ മൂലതത്വം.
മഹാഭാരതത്തിലെ ഒരു ഉപകഥ അടിസ്ഥാനമാക്കിയാണു് നിഴൽക്കുത്ത് എന്ന പേരു പ്രയോഗത്തിലായതെന്നു കരുതപ്പെടുന്നു. ഒരിക്കൽ ദുര്യോധൻ ഒരു വേലനെക്കൊണ്ട് പാണ്ഡവന്മാരുടെ നിഴലിനെ ലക്ഷ്യമാക്കി അമ്പെയ്യിക്കുകയും അതുവഴി പാണ്ഡവന്മാരെ ഒന്നടങ്കം വധിക്കുകയും ചെയ്തുവത്രേ. ഇതറിഞ്ഞുവന്ന വേലത്തി എതിർമന്ത്രം ചൊല്ലി പാണ്ഡവരെ പുനർജ്ജീവിപ്പിച്ചു എന്നാണു് കഥ.[2]
(ഈ കഥയുടെ കഥകളി ആവിഷ്കരണം സംഗ്രഹിക്കപ്പെട്ട രൂപത്തിൽ ഈ ലേഖനത്തിൽ വായിക്കാം).
വേലർ, പാണർ, പുള്ളുവർ എന്നിങ്ങനെ പല വർഗ്ഗക്കാരും കേരളത്തിലെ പുരാതന സാമൂഹ്യക്രമത്തിലെ സജീവ ഘടകങ്ങളായിരുന്നു. കുടുംബങ്ങളിലെ സുസ്ഥിതിയും സൗഖ്യവും പരിപാലിക്കാൻ ഈവക വർഗ്ഗക്കാരുടെ സേവനങ്ങൾ ആവശ്യമായി കണക്കാക്കിയിരുന്നു. ശത്രുദോഷം ഒഴിവാക്കാനുള്ള വേലൻ പ്രവൃത്തി (നിഴൽക്കുത്ത്), സർപ്പദോഷം പോക്കാനുള്ള പുള്ളുവൻപാട്ട് മുതലായി പലതും പ്രചരിച്ചു വന്നത് അവയുടെ പ്രയോക്താക്കളായ പ്രത്യേക വർഗ്ഗക്കാർക്ക് ഉപജീവനമാർഗ്ഗങ്ങളായിട്ടുകൂടിയായിരുന്നു. ഇത്തരം ഓരോ സമുദായങ്ങൾക്കും അവരുടേതായ ഇതിഹാസങ്ങളും ക്രിയാപദ്ധതികളും ഉണ്ടായിരുന്നു. അവയോടനുബന്ധിച്ച് തനതു ശൈലികളിൽ പല ഗാനങ്ങളും അവർ പാടി വന്നു. അക്കാലത്തെ കേരളത്തിലെ ജീവിതരീതികളുടേയും ആചാരങ്ങളുടേയും വിവിധവശങ്ങളെ പ്രതിബിംബിപ്പിക്കുന്ന അപരിഷ്കൃതമെങ്കിലും ചൈതന്യപൂർണ്ണമായ ചിത്രങ്ങളാണ് ഇത്തരം പാട്ടുകളും ഗാനങ്ങളും. അവയുടെ ഭാഷാരീതികളും വൃത്തരൂപങ്ങളും ഭാഷയുടെ പരിണാമനിരൂപണത്തിൽ ഉപയോഗിക്കാവുന്ന വിലയേറിയ ചരിത്രസാമഗ്രികൾ കൂടിയാണ്. നിഴൽക്കുത്തിനോടനുബന്ധിച്ച് ‘ചാറ്റാൻ’(മന്ത്രോച്ചാരണം നടത്താൻ) ഉപയോഗിച്ചിരുന്ന പ്രത്യേക പാട്ടുകളാണ് നിഴൽക്കുത്തുപാട്ടുകൾ. "ഭൂഷണങ്ങളെ എന്തു ചെയ്വ്തിതെന്നുടൻ ദുരിയോധനൻ ദൂരെ നിന്നൊരു ശകുനിയോടു വിളിച്ചു മെല്ലെ പറഞ്ഞുടൻ...' എന്നാണ് മിക്കവാറും നിഴൽക്കുത്തുപാട്ടുകൾ തുടങ്ങുന്നത്. കരുണരസപ്രധാനങ്ങളാണ് ഇത്തരം പാട്ടുകൾ[1]. വേലർപാട്ട് എന്നും കുറവർപാട്ട് എന്നും ചിലയിടങ്ങളിൽ അറിയപ്പെടുന്നു.
മിക്കവാറും നിഴൽക്കുത്തുപാട്ടുകളെല്ലാം തന്നെ മഹാഭാരതം കഥയെ അടിസ്ഥാനമാക്കിയാണു രചിക്കപ്പെട്ടിരിക്കുന്നത്. മൂലമഹാഭാരതകഥയിൽ നിന്നും കുറേയൊക്കെ വ്യത്യാസത്തോടെയാണ് കഥാതന്തുക്കൾ പ്രാചീനമായ ഒരു ഗ്രാമീണ ശൈലിയിൽ ഇവയിൽ പ്രത്യക്ഷപ്പെടുന്നത്. പ്രൗഢമായ മഹാഭാരതകഥ കേരളത്തിൽ വ്യാപകമായി പ്രചരിക്കുന്നതിനുമുമ്പോ അഥവാ ഐതിഹ്യമായി മാത്രം കേൾക്കപ്പെട്ടിരുന്നപ്പോഴോ അവ്യുൽപ്പന്നനായ ഏതെങ്കിലും ഗ്രാമീണകവിയായിരിക്കാം ഇത്തരം പാട്ടുരൂപങ്ങൾ ആദ്യം നിർമ്മിച്ചത്. ഇതനുസരിച്ച് കുന്തി കുരുനാട്ടിലെ റാണിയാണ്. ഗാന്ധാരി കരുനാട്ടിലേയും. പാണ്ഡവരിൽ ഏറ്റവും ഇളയ ആൾ കുഞ്ചുപീമൻ ആണു്. കൗരവരാകട്ടെ, ആകെ 99 പേരേയുള്ളൂ.[2]
പ്രാക്തനകാലത്ത് കർശനമായ അനുഷ്ഠാനാംശമായി, ചാറ്റുപാട്ടുകൾ മാത്രമായി ഒതുങ്ങിനിന്നിരുന്ന നിഴൽക്കുത്തുപാട്ടുകൾ ക്രമേണ ഉപജീവനമാർഗ്ഗത്തിന്റെ പരിമിതികൾ മൂലം നാട്ടാചാരങ്ങളിൽ പെട്ട് അയഞ്ഞ നിയമക്രമങ്ങൾ സ്വീകരിക്കുകയും കേരളത്തിലെ പ്രാചീനനാടൻപാട്ടുസാഹിത്യത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. വേലൻപാട്ടിൽ, പിണി ബാധിച്ച സ്ത്രീയുടെ ദോഷം തീർന്നുകിട്ടാൻ ഇലഞ്ഞിത്തോൽ ഉഴിഞ്ഞുകൊണ്ട് വേലൻ പാടുന്ന പാട്ടുകളിൽ ഒന്ന് ഇപ്രകാരമാണ്:[2]
“ | “അരിയാണേ പിണിയരം വരിക-ഏ |
” |
നിഴൽക്കുത്തുപാട്ട് മേവാരതം പാട്ട് എന്നും വേലർപാട്ട്, കുറവർപാട്ട് എന്നും പലയിടങ്ങലിലും വ്യത്യസ്തനാമങ്ങളിൽ അറിയപ്പെടുന്നുണ്ടു്.
മറ്റു പല കലാരൂപങ്ങളും ആചാരസങ്കൽപ്പങ്ങളും പോലെത്തന്നെ, നിഴൽക്കുത്തും അതിന്റെ പ്രാചീനസ്വാധീനം പിൽക്കാലത്ത് വിവിധ കലകളിലേക്കു് സന്നിവേശിപ്പിച്ചിട്ടുണ്ടു്. കഥകളിയിൽ പന്നിശ്ശേരി നാണുപിള്ള എഴുതി ചിട്ടപ്പെടുത്തിയ നിഴൽക്കുത്തു് എന്ന കഥ തെക്കൻ ചിട്ടയിൽ ഏറെ പ്രചാരമുള്ളതും മറ്റു കഥകളുടെ ആര്യപ്രഭാവങ്ങളിൽനിന്നു് ഏറെ വഴിമാറിനിൽക്കുന്നതുമാണു്.
സമകാലീനഭാരതത്തിലെ ചലച്ചിത്രരംഗത്ത് പ്രഗല്ഭനായ അടൂർ ഗോപാലകൃഷ്ണൻ ഒരു ആരാച്ചാരുടെ ജീവിതം ആസ്പദമാക്കി നിഴൽക്കുത്ത് എന്ന പേരിൽ ചിത്രമെടുത്തിട്ടുണ്ടു്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.