From Wikipedia, the free encyclopedia
മുൻകാലങ്ങളിൽ നിലനിന്നിരുന്ന ഒരു ശിക്ഷാരീതിയാണ് നാടുകടത്തൽ. ഒരു വ്യക്തിയെ വിവിധ കാരണങ്ങൾ കൊണ്ട് അയാൾ വസിക്കുന്ന പ്രദേശത്തുനിന്നോ രാജ്യത്തുനിന്നുതന്നെയോ നിർബന്ധമായി പുറത്താക്കുന്ന സമ്പ്രദായമാണ് നാടുകടത്തൽ. മുൻകാലങ്ങളിൽ കുറ്റവാളികളോടും രാജ്യതാത്പര്യങ്ങൾക്ക് അനഭിമതരാകുന്നവരോടുമാണ് ഭരണകൂടമോ ഭരണത്തലവനോ ഇത്തരം ശിക്ഷ വിധിച്ചിരുന്നത്.
ഗോത്രവർഗങ്ങൾക്കിടയിൽ നിന്നും ഉടലെടുത്ത ഒരു ശിക്ഷാരീതിയായിട്ടാണ് ചരിത്രകാരന്മാർ നാടുകടത്തലിനെ വിലയിരുത്തുന്നത്. പണ്ടുകാലങ്ങളിൽ ഗോത്രാചാരങ്ങളോ നിയമങ്ങളോ ലംഘിക്കുന്നവർക്കു നേരെ ഗോത്രത്തലവൻ കല്പിക്കുന്ന ശിക്ഷാവിധിയായിരുന്നു നാടുകടത്തൽ. പ്രാചീനകാലങ്ങളിൽ രാഷ്ട്രീയമോ മതപരമോ ആയ കാരണങ്ങളാണ് നാടുകടത്തലിന് കാരണമാകാറുണ്ടായിരുന്നത്. രാജ്യങ്ങളിൽ ഇത് പതിവായി നിലനിന്നിരുന്നു. ചില സന്ദർഭങ്ങളിൽ നാടുകടത്തപ്പെടുന്നവരെ അടിമകളാക്കി വിൽക്കുമായിരുന്നു. റോമൻ കാലഘട്ടത്തിൽ സമാധാനത്തിനു ഭംഗം വരുത്തുന്നവർ എന്ന കാരണം കാട്ടി ജൂതന്മാരെ കൂട്ടത്തോടെ നാടുകടത്തിയിരുന്നു.[1]
ഗ്രീസിലും പഴയകാലറോമിലും വധശിക്ഷയിൽ നിന്നുള്ള ഇളവായിട്ടാണ് നാടുകടത്തൽ കണക്കാക്കപ്പെട്ടിരുന്നത്; കുറ്റവാളികളിൽ നിന്ന് പൌരത്വം പിൻവലിക്കുകയും അവരെ ഏറെ അകലെയുള്ള ഒറ്റപ്പെട്ട ദ്വീപുകളിലേക്ക് തള്ളുകയും ചെയ്തിരുന്നതോടൊപ്പം സ്വത്ത് പൊതുഖജനാവിലേക്ക് കണ്ടുകെട്ടുകയും ചെയ്തിരുന്നു. പിൽക്കാല യൂറോപ്യൻ രാജ്യങ്ങളിൽ നാടുകടത്തപ്പെടുന്നവരേറെയും രാഷ്ട്രീയ കുറ്റവാളികളായിരുന്നു. ശിക്ഷിക്കപ്പെട്ടിരുന്നവരെ സാമ്രാജ്യത്വഭരണകൂടങ്ങൾക്കു കീഴിലുള്ള വിവിധ കോളിനികളിലേക്കാണ് നാടുകടത്തിയിരുന്നത്.[2]
ചൈനയിൽ ചേരിപ്രദേശമായ കിഴക്കു പടിഞ്ഞാറൻ പ്രവിശ്യകളിലേക്കും ജപ്പാനിൽ ഹോക്കാജിയോ ദ്വീപുകളിലേക്കും ആണ് നാടുകടത്തിയിരുന്നത്.[3]
ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണകൂടം രാഷ്ട്രീയതടവുകാരെ ആൻഡമാൻ ദ്വീപുകളിലെ ജയിലുകളിലേക്ക് നാടുകടത്തിയിരുന്നതായി കാണാം.[4]
ഇംഗ്ലണ്ടിലെ എലിസബത്തീയൻ കാലഘട്ടത്തിൽ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു ലഭിക്കുന്നവരെയാണ് നാടുകടത്തലിന് വിധേയരാക്കിയിരുന്നത്. അനഭിമതരായ വ്യക്തികളെ വെസ്റ്റിൻഡീസിലേക്കും വടക്കേ അമേരിക്കൻ രാഷ്ട്രങ്ങളിലേക്കും നാടുകടത്തി.[5]
അമേരിക്കൻ ഐക്യനാടിന്റെ സ്വാതന്ത്ര്യത്തോടെ ബ്രിട്ടൺ തങ്ങളുടെ കുറ്റവാളികളെ ആസ്ട്രേലിയ, നോർഫോക്ക് ദ്വീപ്, താൻസാനിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്കായി നാടുകടത്തൽ. 19-ആം നൂറ്റാണ്ടിലെ ആദ്യ പകുതിയിൽ ഒന്നരലക്ഷത്തോളം തടവുകാരെയാണ് ഇത്തരത്തിൽ നാടുകടത്തിയത്. എന്നാൽ 1853-ലെയും 1857-ലെയും നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ബ്രിട്ടണിൽ നാടുകടത്തലിന് അന്ത്യം കുറിക്കപ്പെട്ടു.[6]
15-ആം നൂറ്റാണ്ടിൽ പോർച്ചുഗൽ, കുറ്റവാളികളെ തങ്ങളുടെ കോളനികളിലേക്കും സ്പെയിൻ ഭരണകൂടം അമേരിക്കയിലുള്ള തങ്ങളുടെ ഡൊമൈനുകളിലേക്കും നാടുകടത്തിയിരുന്നു. പിന്നീട് അത് മൊറോക്കോയിലേക്കും വടക്കേ അമേരിക്കൻ തീരപ്രദേശങ്ങളിലേക്കുമായി വ്യാപിപ്പിച്ചു.[7]
ഫ്രാൻസിൽ 17-ആം നൂറ്റാണ്ടിന്റെ അന്ത്യനാളുകളിൽ ഏതാനും രാഷ്ട്രീയത്തടവുകാരെ ഫ്രഞ്ച് ഗയാനയിലേക്ക് നാടുകടത്തിയിട്ടുണ്ട്. വലിയതോതിലുള്ള വിമർശനങ്ങൾക്ക് അത് ഇടവരുത്തി. 19-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഈ സമ്പ്രദായം നിർത്തലാക്കുകയും ചെയ്തു. ഫ്രഞ്ച് ഗയാനയിലെ കടുത്ത കാലാവസ്ഥ നാടുകടത്തപ്പെടുന്നവരുടെ ജീവൻ അപഹരിക്കും വിധമായിരുന്നു. ഫ്രാൻസിലെ ഭീകരകുറ്റവാളിയായ കാപ്റ്റൻ ആൽഫ്രഡ് ഡ്രേഫസ് വർഷങ്ങളോളം ഡെവിൾസ് ഐലന്റ് എന്നറിയപ്പെട്ടിരുന്ന ദ്വീപിലായിരുന്നു. 1938-ൽ ഫ്രാൻസിൽ നാടുകടത്തൽ നിർത്തലാക്കി.[8]
19-ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ, ഇറ്റലിയുടെ ഏകീകരണം സാധ്യമാകുംമുമ്പ് വിവിധ കാരണങ്ങളാൽ ശിക്ഷിക്കപ്പെടുന്ന കുറ്റവാളികളെ നാടുകടത്തലിന് വിധേയരാക്കിയിരുന്നു. ഫാസിസ്റ്റ് കാലഘട്ടമായ 1930-കളിൽ രാഷ്ട്രീയത്തടവുകാരെ കിഴക്കൻ ഇറ്റലിയിലെ ദ്വീപുകളിലേക്ക് നാടുകടത്തുകയും കടുത്ത ശിക്ഷയ്ക്ക് വിധേയരാക്കുകയും ചെയ്തു.[9]
റഷ്യയിൽ 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സർ ചക്രവർത്തി പീറ്റർ ദ് ഗ്രേറ്റ് രാഷ്ട്രീയത്തടവുകാരെയും കുറ്റവാളികളെയും സൈബീരിയയിലേക്ക് നാടുകടത്തി. ഇത്തരം ആളുകളുടെ എണ്ണം സെർബിയയിൽ കൂടിവന്നതിനെത്തുടർന്ന് തർക്കെസ്താനിലേക്കും ഏഷ്യയിലേക്കും സക്കാലിൻ ദ്വീപുകളിലേക്കുമായി നാടുകടത്തൽ.
സ്റ്റാലിന്റെ ഭരണകാലത്ത് റഷ്യയിൽ ലക്ഷക്കണക്കിന് വ്യക്തികളെ സൈബീരിയയിലേക്കു നാടുകടത്തിയിരുന്നു. ഇവരിലേറെപ്പേരും രാഷ്ട്രീയകാരണങ്ങളാൽ മാത്രം കുറ്റാരോപിതരായവരാണ്. സ്റ്റാലിന്റെ മരണത്തിനു ശേഷംപോലും ഇവർക്ക് സ്വന്തം മണ്ണിലേക്ക് തിരികെപോകാനായില്ല.[10]
പുതിയ കാലഘട്ടത്തിൽ സ്വന്തം രാജ്യം ഉപേക്ഷിച്ച് അന്യരാജ്യങ്ങളിൽ പ്രവാസജീവിതം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. ഇങ്ങനെ പ്രവാസജീവിതം സ്വയം സ്വീകരിച്ച് വന്നെത്തുവർ പ്രസ്തുത രാജ്യത്തിന്റെ ഐക്യത്തിനോ സമാധാന അന്തരീക്ഷത്തിനോ വിഘാതം സൃഷ്ടിക്കുകയോ ഇതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുകയാണെങ്കിൽ അവരെ ശിക്ഷിക്കുകയും ജന്മദേശത്തേക്കു നിയമപരമായി തിരികെ അയയ്ക്കുകയും ചെയ്യുന്ന രീതിയും നാടുകടത്തലിന്റെ ഒരു രൂപഭേദമാണെന്നു കാണാം.
ചരിത്രത്തിൽ പ്രവാസജീവിതം തിരഞ്ഞെടുത്ത ഒട്ടേറെ മഹാന്മാരും ഭരണാധികാരികളുമുണ്ട്. ഡാന്റേ, മാക്യവല്ലി, നെപ്പോളിയൻ, കാറൽമാർക്സ്, തോമസ് മൻസ, പാബ്ലോ കസൽസ്, ട്രോട്സ്കി തുടങ്ങിയവർ.
തന്റെ പ്രവർത്തനങ്ങൾ അഥവാ സർഗപ്രക്രിയ സ്വന്തം രാജ്യത്തെ ഭരണകൂടത്തിനും ഭരണസംവിധാനത്തിനും സ്വീകാര്യമല്ലാതെ വരികയും ഭരണകൂടത്തിൽ നിന്നുതന്നെ ഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റൊരു രാജ്യം അഭയകേന്ദ്രമായി സ്വീകരിക്കുവാൻ രാഷ്ട്രീയപ്രവർത്തകരും എഴുത്തുകാരും നിർബന്ധിതരാകാറുണ്ട്.
എഴുത്തിന്റെ മേഖലയിൽ സ്വന്തം രാജ്യത്തിന് അനഭിമതയായ തസ്ലിമാ നസ്റിനും, രാഷ്ട്രീയകാരണത്താൽ തിബത്തിലെ ദലൈലാമയ്ക്കും ഇന്ത്യ അഭയം നൽകിയിരുന്നു.
നാടുകടത്തൽ സംബന്ധിച്ച അമേരിക്കയിലെ ആദ്യത്തെ നിയമം 1798-ൽ നിലവിൽ വന്നു. ഒരു വ്യക്തി തങ്ങളുടെ രാജ്യത്തിന് അപകടകരാരിയാണെങ്കിൽ അയാളെ തിരികെ പറഞ്ഞയയ്ക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഈ നിയമം പരക്കെ പ്രതിഷേധത്തിന് വഴിവച്ചു. തുടർന്ന് 1881, 1891 വർഷങ്ങളിലെ നിയമങ്ങളിൽ അത് അന്യായമായി അഥവാ നിയമം ലംഘിച്ച് അമേരിക്കയിൽ പ്രവേശിക്കുന്നവരെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്നു എന്ന നിലയിലേക്ക് പരിഷ്കരിക്കപ്പെട്ടു.
20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വിദേശപൌരന്മാരെ സംബന്ധിക്കുന്ന പുതിയ രണ്ട് നിയമങ്ങൾകൂടി അമേരിക്കയിൽ നിലവിൽ വന്നു. 1917-ലെ ഇമിഗ്രേഷൻ ആക്ടും 1918-ലെ അനാർക്കിസ്റ്റ് ആക്ടും. 1940-ലെ എലീൻ രജിസ്ട്രേഷൻ ആക്ട് പ്രകാരം ഭരണകൂടത്തെയും രാഷ്ട്രീയ സംവിധാനങ്ങളെയും അട്ടിമറിക്കാൻ ശ്രമിക്കുന്ന സംഘടനകളുമായിച്ചേർന്ന് പ്രവർത്തിക്കുന്നവരെ നാടുകടത്തലിന് വിധേയരാക്കുവാൻ അനുമതി നൽകുന്നു. 1950-ലെ ആഭ്യന്തര സുരക്ഷാ ആക്ട്, കമ്യൂണിസ്റ്റ് പാർട്ടിയിൽ നിലനിൽക്കുന്നവരെയും, മുൻകാലങ്ങളിൽ അതിൽ അംഗത്വമുണ്ടായിരുന്ന വിദേശപൌരന്മാരെയും അമേരിക്കയിൽ നിന്നു പറഞ്ഞുവിടണമെന്ന് സ്പഷ്ടമായി പ്രതിപാദിക്കുന്നു.[11]
സാധാരണഗതിയിൽ കുറ്റവാളികളെ അവരുടെ ജന്മദേശത്തേക്കു തന്നെ മടക്കി അയയ്ക്കുകയാണ് പതിവ്. അതേസമയം ആ വ്യക്തി മറ്റൊരു രാജ്യം തിരഞ്ഞെടുക്കുകയും പ്രസ്തുത രാജ്യം അയാളെ സ്വീകരിക്കുവാൻ തയ്യാറാവുകയുമാണെങ്കിൽ അതും അമേരിക്കൻ നിയമം അംഗീകരിക്കുന്നുണ്ട്. നാടുകടത്തലിന്റെ പല നടുക്കുന്ന ഉദാഹരണങ്ങളും കേരളത്തിലും കാണാവുന്നതാണ്. അതിലൊന്നാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ നാടു കടത്തൽ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.