Remove ads
മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
1969 ൽ സുപ്രിയ പിക്ചേഴ്സിനു വേണ്ടി ഹരി പോത്തൻ നിർമ്മിച്ചു എ. വിൻസെന്റ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നദി. പി.ജെ. ആന്റണിയുടെ രചനക്ക് തോപ്പിൽ ഭാസിയാണ് തിരക്കഥ എഴുതിയത്. പ്രേം നസീർ, ശാരദ, മധു, തിക്കുറിശ്ശി, അംബിക, പി.ജെ. ആന്റണി, അടൂർ ഭാസി, ശങ്കരാടി, കവിയൂർ പൊന്നമ്മ, ടി.ആർ. ഓമന, അടൂർ ഭവാനി, ജെസ്സി, ബേബി സുമതി എന്നിവരായിരുന്നു അഭിനേതാക്കൾ. സുപ്രിയാ റിലിസ് വിതരണം നടത്തിയ ഈ ചിത്രം1969 ഒക്ടോബർ 24-ന് കേരളമൊട്ടാകെ പ്രദർശനംതുടങ്ങി.[1]
നദി | |
---|---|
സംവിധാനം | എ. വിൻസെന്റ് |
നിർമ്മാണം | ഹരി പോത്തൻ |
രചന | പി.ജെ. ആന്റണി |
തിരക്കഥ | തോപ്പിൽ ഭാസി |
അഭിനേതാക്കൾ | പ്രേം നസീർ മധു തിക്കുറിശ്ശി ശാരദ അംബിക |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
വിതരണം | സുപ്രിയ റിലീസ് |
റിലീസിങ് തീയതി | 24/10/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഒരു ക്രിസ്ത്യൻ കൺവെൺഷനു വരുന്ന രണ്ട് കുടുംബങ്ങൾ താമസിക്കുന്നത് രണ്ട് കെട്ടുവള്ളങ്ങളിലാണ്. സിനിമയിലെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചത് ഈ കെട്ടുവള്ളങ്ങളിലാണ്. ബാക്കിയുള്ള ഭാഗങ്ങൾ നദീതീരത്തും. അതിലൂടെ പറയുന്ന പ്രണയകഥ ആയിരം പാദസരങ്ങൾ കിലുങ്ങി എന്ന ഗാനം പോലെ മറക്കാനാവില്ല.
പ്രേംനസീർ , മധു, തിക്കുറിശ്ശി, പി.ജെ. ആന്റണി, അടൂർഭാസി, ശങ്കരാടി, നെല്ലിക്കോടു ഭാസ്ക്കരൻ, ആലുംമൂടൻ, ചാച്ചപ്പൻ, ഡി. കെ. ചെല്ലപ്പൻ, ശങ്കർ മേനോൻ, ശാരദ, അംബിക, കവിയൂർ പൊന്നമ്മ, ടി.ആർ. ഓമന, അടൂർ ഭവാനി, ജസ്സി, ബേബി സുമതി എന്നിവർ അഭിനയിച്ച ഈ ചിത്രത്തിൻറെ കഥ പി.ജെ. ആന്റണിയും, സംഭാഷണം തോപ്പിൽ ഭാസിയും എഴുതി. നദിയിലെ ആറു ഗാനങ്ങൾ യേശുദാസ്, പി.സുശീല എന്നിവർ പിന്നണിയിൽ പാടി.
ഹരിതവശ്യതയാർന്ന കേരളത്തിന്റെ ശീതളസ്വാന്തങ്ങളായ കുഞ്ഞലകൾ പുളകച്ചാർത്തണിയിച്ചു്, അവിരാമം വഴിഞ്ഞൊഴുകുന്ന പെരിയാറ്റിൽ കുളിക്കുവാനും അതിന്റെ തീരത്തെ മണൽപ്പരപ്പിൽ ഉല്ലസിക്കുവാനും കെട്ടുവള്ളങ്ങളിൽ ആലുവായിലെത്തുന്ന മൂന്നു കുടുംബങ്ങൾ. മാട്ടുമ്മൽ തൊമ്മൻ (തിക്കുറിശ്ശി), അയാളുടെ അമ്മ, ഭാര്യ ത്രേസ്യ (കവിയൂർ പൊന്നമ്മ), മകൻ ജോണി (പ്രേംനസീർ), വള്ളക്കാരൻ പൈലി (ആലുമ്മൂടൻ) എന്നിവർ വന്നടുത്തത്, തൊമ്മന്റെ കുടുംബവിരോധിയായ മുല്ലക്കൽ വർക്കിയുടെ (പി.ജെ. ആൻ്റണി) വള്ളത്തിനടുത്താണു്. വർക്കിയുടെ വിധവയായ മൂത്ത മകൾ ലീലയുടെ (അംബിക) മകൾ ബേബി (ബേബി സുമതി) ജോണിയുടെ കൂട്ടുകാരിയായി. ലീലയുടെ അനുജത്തി സ്റ്റെല്ല (ശാരദ), സഹോദരൻ സണ്ണി (മധു), അവരുടെ അമ്മ മറിയ (ടി.ആർ. ഓമന), വള്ളക്കാരൻ ലാസർ (അടൂർഭാസി) എന്നിവർ എപ്പോഴും തൊമ്മന്റെ വീട്ടുകാരുടെ കുറ്റം പറഞ്ഞു വിരോധത്തിനു് വീറു കൂട്ടിവന്നു. മറ്റൊരു വള്ളത്തിൽ അവിടെ എത്തിയിരിക്കുന്ന ചിട്ടിക്കാരൻ ഔസേപ്പ് (ശങ്കരാടി), ഭാര്യ കുഞ്ഞേലി (അടൂർ ഭവാനി) എന്നിവരുടെ മകനും സ്റ്റെല്ലയുമായുള്ള വിവാഹം നിശ്ചയിക്കപ്പെട്ടിരിക്കുകയാണു്.
ജോണിയും ബേബിമോളും എപ്പോഴും ഒന്നിച്ചു കളിച്ചും രസിച്ചും കഴിഞ്ഞുവന്നു. ഒരു ദിവസം ബേബിമോൾ കൊണ്ടുവന്ന ജോണിയുടെ ഫോട്ടോ സ്റ്റെല്ലയുടെ പുസ്തകത്തിലായി. അതുകണ്ടു് വർക്കിക്കു കലിയിളകി. സണ്ണി സ്റ്റെല്ലയുടെ കരണത്തടിച്ചു. താൻ കാരണം സ്റ്റെല്ല വേദന സഹിക്കേണ്ടി വന്നതിൽ ജോണി അവളോടു് മാപ്പുചോദിച്ചു. ഈ രംഗം കണ്ട സണ്ണി ജോണിയുമായി ഏറ്റുമുട്ടി. ഈ സംഭവങ്ങൾ സ്റ്റെല്ലയുടെയും ജോണിയുടെയും ഹൃദയത്തിൽ പ്രേമത്തിന്റെ വേലിയേറ്റം സൃഷ്ടിച്ചു. അവർ അറിയാതെ ഹൃദയങ്ങൾ തമ്മിലടുത്തു. വീണ്ടും അവർ കണ്ടുമുട്ടി.
സ്റ്റെല്ലയും ജോണിയും പ്രേമബന്ധത്തിലാണെന്ന വാർത്തയറിഞ്ഞ ചിട്ടിക്കാരൻ മകന്റെ വിവാഹാലോചന വേണ്ടെന്നറിയിച്ചു് യാത്രയായി. ആ സംഭവത്തിൽ മനഃപ്രയാസം തോന്നിയ വർക്കി അമിതമായി കുടിച്ചു. ബോധം നശിച്ച വർക്കി ഭ്രാന്തിളകി മരണവെപ്രാളം കാട്ടി ബഹളമുണ്ടാക്കി. തക്കസമയത്തു് ഡോക്ടർ വന്നതിനാൽ ജീവൻ രക്ഷപെട്ടു. വീണ്ടും കുടിക്കരുതെന്നു് താക്കീതും നൽകി ഡോക്ടർ പോയി. അവർ സുഖവാസം അവസാനിപ്പിച്ചു് യാത്രയ്ക്കൊരുങ്ങി.
ജോണിയുടെ കൊച്ചുകൂട്ടുകാരി ബേബിമോളെ, പിരിയുന്നതോർത്തു് അവൻ വല്ലാതെ വിഷമിച്ചു. അപ്പോഴാണു് ഒരു ബഹളം കേൾക്കുന്നതു്. ബേബിമോളെ കാണാനില്ല. ഉല്ലാസയാത്രക്കാരുടെ കണ്ണിലുണ്ണിയായ അവളെ എല്ലാവരും കൂടി തിരഞ്ഞു. ഒടുവിൽ ജോണി അവളുടെ നിർജ്ജീവമായ ഓമനശരീരം വർക്കിയുടെ വള്ളത്തിൽ കൊണ്ടുവന്നു വെച്ചു. വെള്ളത്തിൽ വീണു മരണമടഞ്ഞ ബേബിമോളുടെ ശവം അടക്കുന്നതിനുവേണ്ട ജോലികൾ ആ വിരോധികളായ വീട്ടുകാർ യോജിച്ചുചെയ്തു. തൊമ്മന്റെ കാപ്പി വർക്കി കുടിച്ചു. ജോണിയാണു് ശവപ്പെട്ടി വാങ്ങിക്കൊണ്ടുവന്നതു്.
ബേബിമോൾടെ ശരീരവുമായി ആ വിലാപയാത്ര പള്ളിയിലേക്കുനീങ്ങി. വൈരികളായി തമ്മിലടിച്ച ജോണിയും സണ്ണിയും ആ ശവപ്പെട്ടിയുടെ രണ്ടറ്റത്തും കൈകൾ കൊടുത്തുനടന്നു. ശോകം കുറയ്ക്കാൻ മദ്യം കഴിച്ച വർക്കിക്കു് ഇതിനിടയിൽ പഴയ ഭ്രാന്തിളകി. ജോണിയാണു് ബേബിയെ കൊന്നതെന്നു് അയാളുടെ മനസ്സു മന്ത്രിച്ചു. അയാൾ തിരിച്ചുപോയി തോക്കുമായി പള്ളിയിലേക്കോടി. ബേബിമോൾടെ ശവപ്പെട്ടി കുഴിയിലേക്കു താഴ്ത്തുന്ന നേരം വർക്കി അലറിക്കൊണ്ടവിടെയെത്തി തോക്കിന്റെ നിറയൊഴിച്ചു. ജോണിയുടെ നേർക്കുവെച്ച വെടി ഇടയിൽ ചാടിവീണ സണ്ണിയുടെ നെഞ്ചിലാണു് കൊണ്ടതു്. അന്ത്യനിമിഷങ്ങളിലേക്കു നീങ്ങിയ സണ്ണി, സ്റ്റെല്ലയുടെ കൈപിടിച്ചു് ജോണിയുടെ കൈകളിൽ ഏല്പിച്ചശേഷം മരണമടയുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.