മധ്യോത്തരകേരളത്തിൽ പാലക്കാട് ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് പട്ടാമ്പിയ്ക്കടുത്ത് തൃത്താല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് തൃത്താല മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിയ്ക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രമാണിത്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ മഹാദേവക്ഷേത്രത്തിലെ തേവർ "തൃത്താലയപ്പൻ" എന്ന പേരിൽ അറിയപ്പെടുന്നു.[2]. പാർവ്വതീസമേതനായ ശിവനാണ് ഇവിടെയുള്ളതെന്നാണ് സങ്കല്പം. കൂടാതെ തുല്യപ്രാധാന്യത്തിൽ മഹാവിഷ്ണുവും ഉപദേവതകളായി ഗണപതി, ശാസ്താവ്, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരും ഇവിടെയുണ്ട്. ധനുമാസത്തിലെ തിരുവാതിരയും കുംഭമാസത്തിലെ ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കോഴിക്കോട് സാമൂതിരി രാജാവാണ് ക്ഷേത്രഭരണം നടത്തുന്നത്.
ഐതിഹ്യം
പാലക്കാട് ജില്ലയിലെ തൃത്താലയിലെ ശിവക്ഷേത്രം പെരുമ കൊണ്ട് ഭാരത പ്രശസ്തി നേടിയ ക്ഷേത്രങ്ങളിൽ ഒന്നാണ്. പരശുരാമ പ്രാതിഷ്ഠിതമെന്നു പറയപ്പെടുമ്പോഴും കൂടുതൽ വിശ്വാസ്യമായ പ്രചാരത്തിലുള്ള ക്ഷേത്രോത്പത്തി സംബന്ധമായ ഐതിഹ്യം ഇപ്രകാരമാണ്. പന്തിരുകുലത്തിലെ പ്രഥമ ഗണ്യനായ മേഴത്തോൾ അഗ്നിഹോത്രിയുടെ കുട്ടിക്കാലത്ത് ഒരിക്കൽ അദ്ദേഹം കുളിക്കാനായി എണ്ണ നിറച്ച ഒരു കിണ്ണവുമായി ഭാരതപ്പുഴയിലേക്ക് പോകുകയും, എണ്ണതേച്ചു കഴിഞ്ഞപ്പോൾ കിണ്ണത്തിൽ നനഞ്ഞ മണ്ണു വച്ച് ശിവലിംഗമുണ്ടാക്കുകയും പിന്നീട് അത് കരയ്ക്കു വച്ച് പുഴയിൽ കുളിക്കാനിറങ്ങുകയും ചെയ്തു. കുളി കഴിഞ്ഞ് പോകാൻ നേരം മേഴത്തോൾ കിണ്ണം എടുക്കാൻ ശ്രമിച്ചുവെങ്കിലും ഉയർത്താൻ കഴിഞ്ഞില്ല. അതിൽ വന്ന ശിവചൈതന്യം അദ്ദേഹം മനസ്സിലാക്കുകയും പിന്നീട് അവിടെ ശിവക്ഷേത്രം നിർമ്മിക്കുകയും ചെയ്തുവെന്നും ഐതിഹ്യം. തിരുത്താലത്തിലപ്പൻ എന്നായിരുന്നുവത്രേ ക്ഷേത്രേശന്റെ ആദ്യത്തെ പേര്. പിന്നീട് ആ പേരു ലോപിച്ച് തൃത്താലയപ്പൻ എന്നാവുകയും, ആ ദേശം തൃത്താല എന്നറിയപ്പെടുകയും ചെയ്തു.
ക്ഷേത്ര നിർമ്മാണം
ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ശിവക്ഷേത്രമാണിത്.[3] ശ്രീകോവിലും ശിവലിംഗവും സാമാന്യം വലുതാണ്. ദേവദർശനം കിഴക്കോട്ടാണ്; കിഴക്കേ നടയിൽ സാമാന്യം വലിയ ഗോപുരം പണിതീർത്തിട്ടുണ്ട്.
ശിവലിംഗം
ക്ഷേത്രത്തിലെ വിഗ്രഹം ഉറപ്പിച്ചിരിക്കുന്ന പ്രതലം മണൽ കൂട്ടിയതിനു സമാനമായാണ് ഇരിക്കുന്നത്. പണ്ട് വേമഞ്ചേരി മനയിലെ അഗ്നിഹോത്രി പുഴയിലെ മണലിനാൽ തീർത്ത ശിവലിംഗമായതിനാലാണ് ഇങ്ങനെയെന്നും ഐതിഹ്യം. മണൽ കൊണ്ടുള്ള ശിവലിംഗമായതിനാൽ അഭിഷേകം നടത്താറില്ല. ശിവലിംഗം അല്പം ചരിഞ്ഞാണ് ഇരിയ്ക്കുന്നത്. അഗ്നിഹോത്രിയുടെ അമ്മ നടത്തിയ ബലപ്രയോഗത്തിലാണ് ഇത് സംഭവിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു.
പൂജാവിധികൾ
എല്ലാ മഹാക്ഷേത്രത്തിലുള്ളതു പോലെ ഇവിടെയും അഞ്ചു പൂജകളായിരുന്നു പണ്ട് നിത്യേന പതിവുണ്ടായിരുന്നത്. പക്ഷേ കാലാന്തരത്തിൽ അതു നിന്നുപോയി. ഇപ്പോൾ നിത്യേന മൂന്നു പൂജകൾ പതിവുമുണ്ട്.
ക്ഷേത്ര തന്ത്രം
കാലടി പടിഞ്ഞാറേടത്ത് മനയ്ക്ക് നിക്ഷിപ്തമാണ് തൃത്താല ക്ഷേത്ര തന്ത്രം.
ഉപദേവന്മാർ
- മഹാവിഷ്ണു
- ശ്രീകൃഷ്ണൻ
- ഗണപതി
- അയ്യപ്പൻ
- ഭഗവതി
മഹാവിഷ്ണുവിനെ പ്രത്യേകം ശ്രീകോവിലിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. തെക്കു-കിഴക്കേ കോണിലാണ് വിഷ്ണുക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
വിശേഷ ദിവസങ്ങൾ
തിരുവുത്സവം
ധനുമാസത്തിലെ തൃത്താല ഉത്സവം കേൾവികേട്ടതാണ്. പത്തു ദിവസം നീളുന്ന ഉത്സവത്തിലെ മുഖ്യമായ വിശേഷ ദിവസങ്ങൾ തിരുവാതിരയും ആറാട്ടുമാണ്. ഭാരതപ്പുഴയിലാണ് ആറാട്ട്. കുംഭമാസത്തിൽ ശിവരാത്രിയും വിശേഷമാണ്.
ക്ഷേത്രത്തിൽ എത്തിച്ചേരാൻ
തൃശ്ശൂരിൽ നിന്നും കുന്നംകുളം വഴി എടപ്പാളിലേക്കുള്ള വഴി തൃത്താല - പട്ടാമ്പി റൂട്ടിൽ തൃത്താല സ്റ്റോപ്പിലിറങ്ങിയാൽ ക്ഷേത്രത്തിൽ എത്തിച്ചേരാം. ഇവിടെ തൃത്താലയിൽ അല്പം കിഴക്കു മാറി ഭാരതപ്പുഴയുടെ കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.