From Wikipedia, the free encyclopedia
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ ചേർപ്പ് പഞ്ചായത്തിൽ പെരുമ്പിള്ളിശ്ശേരി ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താക്ഷേത്രം. പൂർണ്ണ, പുഷ്കല എന്നീ രണ്ട് പത്നിമരോടുകൂടിയ സ്വയംഭൂവായ ശാസ്താവാണ് ഇവിടെ മുഖ്യപ്രതിഷ്ഠ. എന്നാൽ, വിദ്യാദേവതയായ സരസ്വതിയുടെ ശക്തമായ സാന്നിദ്ധ്യവും ക്ഷേത്രത്തിൽ സങ്കല്പിച്ചുവരുന്നുണ്ട്. തന്മൂലം ഇവിടെ ശാസ്താവ് വിദ്യാകാരകനായി കണക്കാക്കപ്പെടുന്നു. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ശാസ്താവിന് ഉപദേവനായി ഗണപതി മാത്രമേയുള്ളൂ. കേരളത്തിൽ വിദ്യാരംഭത്തിന് പേരുകേട്ട ക്ഷേത്രങ്ങളിലൊന്നാണിത്. മീനമാസത്തിലെ അത്തം നാളും മഹാനവമിയുമൊഴികെയുള്ള എല്ലാ ദിവസവും ഇവിടെ വിദ്യാരംഭമുണ്ടാകാറുണ്ട്. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകൾ ഇവിടെ ആദ്യാക്ഷരം കുറിച്ചവരിൽ പെടും. നവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷം. ഒമ്പതുദിവസവും ഇവിടെ അതിപ്രാധാന്യത്തോടെ ആചരിച്ചുവരുന്നു. കൂടാതെ, മീനമാസത്തിൽ വരുന്ന ആറാട്ടുപുഴ പൂരവും അതിവിശേഷമായി ആചരിച്ചുവരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തിവരുന്നത്.
തിരുവുള്ളക്കാവ് ക്ഷേത്രോത്പത്തിയെക്കുറിച്ച് അധികം കഥകളൊന്നും ലഭ്യമല്ല. സ്വയംഭൂസങ്കല്പത്തിലുള്ള ശാസ്താവായതിനാൽ ക്ഷേത്രം നിൽക്കുന്ന സ്ഥലം ഒരുകാലത്ത് വനമായിരുന്നിരിയ്ക്കാനും അവിടെ പുല്ലുചെത്താൻ വന്ന ആരെങ്കിലും ഇവിടെയുള്ള ശിലയിൽ കൊത്തിയപ്പോൾ രക്തപ്രവാഹമുണ്ടായതാകാനും തുടർന്ന് വിവരമറിഞ്ഞെത്തിയ നാട്ടുപ്രമാണിമാർ ക്ഷേത്രം പണിതതാകാനുമാണ് സാധ്യത. ക്ഷേത്രത്തിന്റെ പേരിന്റെ കൂടെ 'കാവ്' എന്നുള്ളത് ഈ വിശ്വാസം ബലപ്പെടുത്തുന്നു.
പരശുരാമൻ സ്ഥാപിച്ച പുരാതനകേരളത്തിലെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഗ്രാമമായിരുന്ന പെരുവനം ഗ്രാമത്തിലെ പ്രധാന ക്ഷേത്രമാണ് തിരുവുള്ളക്കാവ്. പെരുവനം ഗ്രാമത്തിന്റെ രക്ഷകന്റെ ഭാവത്തിലാണ് ശാസ്താവ് ആരാധിയ്ക്കപ്പെടുന്നത്. പെരുവനത്തെ ഗ്രാമക്ഷേത്രമായ പ്രസിദ്ധമായ ശിവക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ഇരട്ടയപ്പന്റെ പുത്രനായാണ് ശാസ്താവിനെ കാണുന്നത്. ഇരട്ടയപ്പന്റെ ഉള്ളംകയ്യിലുള്ള ശാസ്താവ്, തന്മൂലം, തിരുവുള്ളക്കാവ് ശാസ്താവ് എന്നറിയപ്പെട്ടു എന്നാണ് വിശ്വാസം.
മറ്റുള്ള ശാസ്താക്ഷേത്രങ്ങളിൽ നിന്ന് ഒരുപാട് വ്യത്യാസമുള്ള ഒരു സങ്കല്പമാണ് ഇവിടെയുള്ളത്. വിദ്യാകാരകനായ ശാസ്താവ് എന്ന സങ്കല്പം തന്നെയാണ് അത്. സാധാരണയായി വിദ്യാഭ്യാസത്തിന്റെയും ബുദ്ധിവർദ്ധനവിന്റെയും ദേവതകളായി ആരാധിച്ചുവരാറുള്ളത് ഗണപതി, സരസ്വതി, ദക്ഷിണാമൂർത്തി തുടങ്ങിയവരെയാണ്. ഇവിടെയുള്ള ശാസ്താവിന് വിദ്യാകാരകത്വം ലഭിച്ചതിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട്. അതിങ്ങനെ:
ദീർഘകാലം ക്ഷേത്രത്തിലെ ശാന്തിക്കാരനായി സേവനമനുഷ്ഠിയ്ക്കുകയായിരുന്ന പട്ടത്ത് വാസുദേവൻ ഭട്ടതിരി, തീർത്തും മന്ദബുദ്ധിയും സംസാരിയ്ക്കാൻ ബുദ്ധിമുട്ടനുഭവിച്ചിരുന്ന വ്യക്തിയുമായിരുന്നു. ഇതുമൂലം മറ്റുള്ള ബ്രാഹ്മണർ അദ്ദേഹത്തെ അപമാനിയ്ക്കാൻ കിട്ടുന്ന ഒരവസരവും വെറുതെയാക്കിയിരുന്നില്ല. കാണുമ്പോഴെല്ലാം അവർ 'വാതു' എന്നുവിളിച്ച് ഭട്ടതിരിയെ കളിയാക്കുമായിരുന്നു. ഇതെല്ലാം കൊണ്ട് ദുഃഖിതനായ ഭട്ടതിരി, ഒരു ദിവസം ക്ഷീണിച്ച് ഊട്ടുപുരയിൽ തന്നെ കിടന്നുറങ്ങി. ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഒരു കദളിപ്പഴം കാണാനിടയായ അദ്ദേഹം, അത് കഴിച്ചാണ് കിടന്നുറങ്ങിയത്.
പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഭട്ടതിരി, തികച്ചും അദ്ഭുതകരമായ ഒരു വസ്തുതയാണ് ശ്രദ്ധിച്ചത്: തന്റെ ബുദ്ധിയ്ക്ക് കൂടുതൽ തെളിച്ചമുണ്ടായിരിയ്ക്കുകയും സംസാരിയ്ക്കാനുള്ള ബുദ്ധിമുട്ട് നീങ്ങുകയും ചെയ്തിരിയ്ക്കുന്നു! മാത്രമല്ല, സ്വന്തമായി ശ്ലോകങ്ങൾ സൃഷ്ടിയ്ക്കാനും കഴിവുണ്ടായിരിയ്ക്കുന്നു! ആ സമയത്ത് കത്തിക്കൊണ്ടിരുന്ന വിറകടുപ്പ് കാണാനിടയായ ഭട്ടതിരി അപ്പോൾത്തന്നെ ഒരു ശ്ലോകം സൃഷ്ടിച്ചു. അത് ഇപ്രകാരമായിരുന്നു:
“ | വിറകെടുപ്പാൻ വിറകെടുത്തു
വിറ കെടുത്തൂ വിറ കെടുത്തി! |
” |
ഭട്ടതിരി ഇപ്രകാരം ശ്ലോകം ചൊല്ലുന്നത് ക്ഷേത്രത്തിന്റെ കഴകക്കാരിയായ ഒരു വാരസ്യാർ കേൾക്കാനിടയായി. സംഭവമറിഞ്ഞ് ഊട്ടുപുരയിലെത്തിയ അവർ ഇതിന്റെ രഹസ്യം അന്വേഷിച്ചപ്പോഴാണ് ഭട്ടതിരി കഴിച്ച പഴത്തിന്റെ തൊലി കാണാനിടയായത്. ഇതായിരിയ്ക്കും കാരണമെന്ന് വിചാരിച്ച വാരസ്യാർ, ആ പഴത്തൊലി അകത്താക്കുകയും അവരും പണ്ഡിതയായിത്തീരുകയും ചെയ്തു. പിന്നീട് ഭട്ടതിരിയെ കാണാനിടയായ മറ്റുള്ള ബ്രാഹ്മണർ അദ്ദേഹത്തെ പതിവുപോലെ കളിയാക്കിയപ്പോൾ അവരുടെ വാക്കുവച്ച് ശ്ലോകമുണ്ടാക്കി അദ്ദേഹം അവരെ ഞെട്ടിച്ചു! തങ്ങളെക്കാൾ വലിയ പണ്ഡിതനായി ഭട്ടതിരി മാറിയെന്ന് മനസ്സിലാക്കിയ അവർ അദ്ദേഹത്തിനുമുന്നിൽ സാഷ്ടാംഗം പ്രണമിച്ചു. അങ്ങനെ മഹാപണ്ഡിതനായി മാറിയ ഭട്ടതിരിയാണ് പിന്നീട് യമകകവിതകൾ രചിയ്ക്കുന്നതിൽ അതിവിദഗ്ധനായി മാറിയ വാസുദേവകവി.
ഈ സംഭവം പിന്നീട് കൂടുതൽ ആളുകൾക്കിടയിൽ പ്രസിദ്ധമായതോടെ തിരുവുള്ളക്കാവ് ശാസ്താവിന് വിദ്യാകാരകത്വമുണ്ടെന്നൊരു വിശ്വാസം പരക്കേ പടർന്നു. അതോടെ ക്ഷേത്രത്തിൽ നിത്യേന വിദ്യാരംഭം തുടങ്ങി. ഭട്ടതിരി കഴിച്ച പഴത്തിന്റെ തൊലി കഴിച്ച് പണ്ഡിതയായി മാറിയ വാരസ്യാരുടെ പിന്മുറക്കാർക്കാണ് കുട്ടികളെ എഴുതിയ്ക്കാനുള്ള അവകാശം. പ്രശസ്തരും അപ്രശസ്തരുമായ നിരവധി ആളുകൾ ഇവിടെ നിത്യേന വന്ന് വിദ്യാരംഭം കുറിച്ചിട്ടുണ്ട്. പ്രശസ്ത കവികളായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള, പി. ഭാസ്കരൻ, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ തുടങ്ങിയവരെ എഴുത്തിനിരുത്തിയത് ഇവിടെ വച്ചാണ്. ഇവരെല്ലാവരും അതിപ്രസിദ്ധരായിത്തീരുകയും ചെയ്തു. ഔപചാരികമായ വിദ്യാരംഭത്തിനുപുറമേ ക്ഷേത്രമതിലകത്തും പുറത്തുമുള്ള ചുവരുകളിലും വിദ്യാരംഭമന്ത്രവും അക്ഷരമാലയും അക്കങ്ങളും കുറിച്ചുവയ്ക്കുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്. വർഷത്തിൽ 363 ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രമാണിത്. മീനമാസത്തിലെ അത്തം നാളും മഹാനവമിയും മാത്രമാണ് ഇവിടെ വിദ്യാരംഭമില്ലാത്ത ദിവസങ്ങൾ. മീനമാസത്തിലെ അത്തം നാളിൽ ശാസ്താവ് ഗ്രാമരക്ഷയ്ക്ക് പോകുന്നതുകൊണ്ടും മഹാനവമി അടച്ചുപൂജാദിവസമായതുകൊണ്ടുമാണ് അന്നേദിവസങ്ങളിൽ വിദ്യാരംഭമില്ലാത്തത്. വിജയദശമിനാളിൽ ഇവിടെ വൻ തിരക്കാണുണ്ടാകുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.