From Wikipedia, the free encyclopedia
കേരളത്തിലെ വയനാട് ജില്ലയിലെ പ്രശസ്തമായ ഒരു ഹൈന്ദവ ക്ഷേത്രമാണ് തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. മരിച്ചു പോയവരുടെ ആത്മശാന്തിക്കായി നടത്തപ്പെടുന്ന ബലിപൂജകൾക്കാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി. കർണാടക അതിർത്തിയിൽ, ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം, ബ്രഹ്മഗിരി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ആമലക ക്ഷേത്രമെന്നും ഈ ക്ഷേത്രത്തിനു പേരുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ ഭഗവാൻ മഹാവിഷ്ണുവാണ്. ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിൽ പരമശിവന്റെ സാന്നിധ്യവുമുണ്ട്. ഇവിടെ ശിവലിംഗ പ്രതിഷ്ഠ കാണാം. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലെ കറുത്തവാവ്]] ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ദിനങ്ങൾ. ക്ഷേത്രത്തിലെ പ്രധാന ഉത്സവം മേടമാസത്തിൽ വിഷുവിളക്കായി നടത്തുന്നു. "ദക്ഷിണകാശി" എന്നും "ദക്ഷിണ ഗയ" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
ശ്രീ തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | തിരുനെല്ലി |
മതവിഭാഗം | ഹിന്ദുയിസം |
ജില്ല | വയനാട് |
സംസ്ഥാനം | കേരളം |
രാജ്യം | ഇന്ത്യ |
വാസ്തുവിദ്യാ തരം | പരമ്പരാഗത കേരളാ-ദ്രാവിഡശൈലി |
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം. വർഷം മുഴുവൻ എല്ലാ ദിവസവും ഇവിടെ മരിച്ചവർക്ക് വേണ്ടിയുള്ള ബലിതർപ്പണം നടക്കാറുണ്ട് എന്നൊരു പ്രത്യേകതയും ഉണ്ട്. എന്നിരുന്നാലും മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി ദിവസങ്ങളിൽ ആണ് പ്രധാനമായും ബലി ഇടുക. ആ ദിവസങ്ങളിൽ ധാരാളം ഭക്തർ ഇവിടെ എത്തിച്ചേരുന്നു. ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് സ്വർഗ്ഗപ്രാപ്തി നേടുമെന്നും അല്ലെങ്കിൽ ഭഗവാനിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്നും, വൈകുണ്ഠ പ്രാപ്തി നേടുമെന്നും വിശ്വാസമുണ്ട്. അതിനാൽ അനേകരാണ് ഇവിടെ പിതൃബലി, തിലഹവനം, പിതൃപൂജ എന്നിവ നടത്താൻ എത്തിച്ചേരുന്നത്. സമീപത്തുള്ള തൃശ്ശിലേരി ക്ഷേത്രത്തിലെ മഹാദേവന് വിളക്കുവച്ച്, പാപനാശിനി എന്ന അരുവിയിൽ കുളിച്ചു പിതൃക്കൾക്ക് ബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ മഹാവിഷ്ണുവിനെ വണങ്ങുന്നതാണ് പഴയരീതി. ഇന്ന് ചുരുക്കം ചിലർ മാത്രമാണ് ഈ ശൈലി പിന്തുടരുന്നത്.
തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരായ ഭാസ്കര രവിവർമ്മൻ I, II എന്നിവരുടെ ചെമ്പ് ആലേഖനങ്ങളിൽ കാണാം. തിരുനെല്ലി ഗ്രാമത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ ഈ ചെമ്പുതകിടുകൾ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. 9-ആം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകൾക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകൾ അനുസരിച്ച് തിരുനെല്ലി 16-ആം നൂറ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.
ഭാസ്കര രവിവർമ്മന്റെ കാലത്ത് ഈ ക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു. അന്നത്തെ നാണയം ആയ 12 ‘രാശി‘കൾ ഉപയോഗിച്ച് കൊത്തുപണിചെയ്ത കല്ലുകൾ ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്.
ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസർഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നു. കൂർഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കൽപ്രതിമകളുടെ അവശിഷ്ടങ്ങൾ കൂർഗ്ഗ് രാജാക്കന്മാർ നിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീർത്ഥ ഗ്രാമം എന്നീ രണ്ടു ഗ്രാമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാൽ (മിക്കവാറും ഒരു പകർച്ചവ്യാധിയാൽ) ഈ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ മാനന്തവാടിക്ക് അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങൾ തങ്ങളുടെ തായ്വഴികൾ ഈ ഗ്രാമങ്ങളിൽ നിന്ന് ആണെന്നു പറയുന്നു.ഈ ക്ഷേത്രത്തിൽ കിണർ ഇല്ല
ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് മഹാവിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക് തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. അതിന് ശെഷം ഒരു അശിരീരി കേൾക്കുകയും ഈ സ്ഥലത്ത് പരബ്രഹ്മസ്വരൂപികളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഉണ്ടെന്നും; "തിരുനെല്ലി" എന്ന് നാമകരണം ചെയ്യണമെന്നും ഇനി മറ്റ് സ്ഥലങ്ങളിൽ തീർഥാടനം നടത്തേണ്ടതില്ലെന്നും അറിയിച്ചു. ഇതിനാൽ ഇവർ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാളമായി കാണാം. നെല്ലിമരത്തിൽ ലക്ഷ്മിനാരായണ സാന്നിധ്യം ഉള്ളതായി വിശ്വസിക്കപ്പെടുന്നു..
ഈ ക്ഷേത്രത്തിൽ നിന്ന് അൽപം അകലെയാണ് പാപനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.
ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്നാട്ടിലെ മുതുമലയും സ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്റെ ഒരു പ്രധാന ഭാഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം.
സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്. കടൽനിരപ്പിൽ നിന്നും 1740 മീറ്റർ ഉയരമുള്ള ഇവിടെ എത്തുവാൻ കേരള വനം വകുപ്പിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.
മാനന്തവാടിക്ക് 30 കിലോമീറ്റർ വടക്കുകിഴക്കായി ആണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.