Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ കോട്ടയം ജില്ലയിൽ താഴത്തങ്ങാടിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തളിക്കോട്ട മഹാദേവക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രം തെക്കുംകൂർ രാജാക്കന്മാരുടെ കുലദൈവമായി പൂജിക്കപ്പെട്ടിരുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന നാലു തളിക്ഷേത്രങ്ങളിൽ (തളി ശിവക്ഷേത്രം, കോഴിക്കോട്, കടുത്തുരുത്തി തളി മഹാദേവക്ഷേത്രം, കീഴ്ത്തളി മഹാദേവക്ഷേത്രം കൊടുങ്ങല്ലൂർ, തളിക്കോട്ട മഹാദേവക്ഷേത്രം, കോട്ടയം) ഒരു തളിയാണ് ഈ മഹാദേവക്ഷേത്രം. [2].
തളിക്കോട്ട മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 9°40′25″N 76°33′36″E |
പേരുകൾ | |
മറ്റു പേരുകൾ: | Thalikotta Mahadeva Temple |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | കേരളം |
ജില്ല: | കോട്ടയം |
പ്രദേശം: | താഴത്തങ്ങാടി |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | തിരുവിതാംകൂർ ദേവസ്വം ബോർഡ് |
കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല എന്നീ പ്രദേശങ്ങളും മുണ്ടക്കയം, കാഞ്ഞിരപ്പള്ളി തുടങ്ങിയ ഹൈറേഞ്ച് പ്രദേശങ്ങളും അടങ്ങിയതായിരുന്നു പതിനൊന്നാം നൂറ്റാണ്ടിലെ തെക്കുംകൂർ രാജ്യം. വെമ്പലനാടിൻറെ തെക്കുഭാഗം തെക്കുംകൂറും. വടക്കുഭാഗം വടക്കുംകൂറുമായിരുന്നു. വെന്നിമല, മണികണ്ഠപുരം, ചങ്ങനാശ്ശേരി എന്നിവയ്ക്കു ശേഷം തളിക്കോട്ട തെക്കുംകൂറിൻറെ രാജധാനിയായി മാറി.
തൊടുപുഴ കുടമുരുട്ടി മലയിൽ നിന്നും ഉൽഭവിച്ച ഗൗണാർ (മീനച്ചിലാർ) ഈ പ്രദേശത്തിലൂടെ ഒഴുകുന്നു. ഗൗണമഹർഷിയുടെ കമണ്ഡലു മറിഞ്ഞുണ്ടായ നദിയാണ് ഗൗണാർ. ഗൗണാറിനെ പിന്നീട് കവണാർ എന്നും പറഞ്ഞുപോന്നിരുന്നു. കാഞ്ചനപ്പള്ളിയായ കാഞ്ഞിരപ്പള്ളിയിലേക്കും അവിടെ നിന്നും പൂഞ്ഞാറിലേക്കും കാർഷികവൃത്തിക്കും കച്ചവടത്തിനും കുടിയേറിയ ശൈവപ്പിള്ളമാർ മധുരമീനാക്ഷി ക്ഷേത്രങ്ങൾ രണ്ടിടത്തും നിർമ്മിച്ചതോടെ പ്രദേശം മീനച്ചിൽ ആയി. നദി മീനച്ചിലാറും.
ക്ഷേത്രത്തിൽ എണ്ണ നൽകാനായി കടുത്തുരുത്തിയിൽ നിന്നും ഉപ്പൂട്ടിൽ എന്ന ക്രിസ്ത്യൻ കുടുംബത്തെ തെക്കുംകൂർ രാജാവ് ഇവിടെ കൊണ്ടുവന്നു എന്നു പറയപ്പെടുന്നു. കൊല്ലവർഷം 725 ൽ അവർക്കു പള്ളി പണിയാൻ സ്ഥലം നൽകിയെന്നും അതാണ് ക്നാനായക്കാരുടെ വലിയപള്ളിയെന്നും കരുതുന്നു. ഈ പള്ളിയിൽ വിചിത്രാകൃതിയിലുള്ള രണ്ടു കരിങ്കൽ കുരിശുകളുണ്ട്. പല്ലവി ലിപിയിലുള്ള എഴുത്തും ഇവയിലുണ്ട്. അതുപോലെതന്നെ തളിക്കോട്ട ക്ഷേത്രത്തിൽ കേരളര് കോതവർമ്മര് എന്ന തെക്കുംകൂർ രാജാവിൻറെ പേരു കൊത്തിയ മിഴാവ് ഉണ്ട്. ചരിത്രാന്വേഷികൾക്ക് ധാരാളം ഉത്തരങ്ങൾ നൽകാൻ ഇവയ്ക്കൊക്കെയാവും.
മീനച്ചിലാറിന്റെ തീരത്ത് കുറച്ചു മുകളിലായാണ് അതിപുരാതനമായ ഈ മഹാദേവ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തെക്കുംകൂറിൻറെ രാജഭരണകാലത്ത് കോട്ടകൾക്കും കൊത്തളങ്ങൾക്കും അകത്തായിരുന്നു ഈ ക്ഷേത്രം. അതിനാൽ തളിക്കോട്ട ക്ഷേത്രം എന്നറിയപ്പെട്ടു. ക്ഷേത്രത്തിനു വടക്കായിരുന്നു കോവിലകവും, കച്ചേരിയും, ഠാണാവും (കാരാഗൃഹം) സ്ഥിതിചെയ്യതിരുന്നത്. തളി ശിവക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഒരു മേജർ ക്ഷേത്രമാണിത്.
ചതുരാകൃതിയിൽ രണ്ടു നിലയിൽ പണിതീർത്തിരിക്കുന്ന ഇവിടുത്തെ ശ്രീകോവിൽ ചെമ്പു മേഞ്ഞിട്ടുണ്ട്. അതിന്റെ പുറംഭിത്തി ധാരാളം ചുവർ ചിത്രങ്ങളാൽ നിബിഢമാണ്. പലതും ഇപ്പോൾ മനസ്സിലാക്കാൻ പറ്റാത്തവണ്ണം മാഞ്ഞുപോയിരിക്കുന്നു. വടക്കുവശത്ത് ഒട്ടകത്തിൻറെ ചിത്രം ഉണ്ട്. ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്.
തളിക്കോട്ടയിൽ പ്രധാനമൂർത്തി അത്യുഗ്രമൂർത്തിയായ പരമശിവനാണ്. അഞ്ചു പൂജയും മൂന്നു ശീവേലിയും നിത്യേന ഇവിടെ പതിവുണ്ട്. വിസ്താരമുള്ള ക്ഷേത്രമതിൽക്കകം, കരിങ്കൽപാകിയ പ്രദക്ഷിണവഴി, പടിഞ്ഞാറേനടയിലെ ആനക്കൊട്ടിൽ, വലിപ്പമേറിയ നാലമ്പലം, വിസ്താരമുള്ള ബലിക്കൽപ്പുര, ബലിക്കല്ലിൽ മുൻപിലുള്ള വലിപ്പമേറിയ നിത്യവും തെളിഞ്ഞു നിൽക്കുന്ന തൂക്കുവിളക്ക് എല്ലാം മഹാക്ഷേത്ര നിർമ്മിതി. നാലമ്പലത്തിനു പുറത്തു തെക്കു-കിഴക്കായി ഭഗവതി പ്രതിഷ്ഠയുണ്ട്. മറ്റു ശിവക്ഷേത്രങ്ങളിൽ പതിവില്ലാത്ത ഭദ്രകാളിയുടെ ദാരുബിംബമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പടിഞ്ഞാറേ നടയിലായി വലിപ്പമേറിയ ഗോപുരം പണിതീർത്തിട്ടുണ്ട്. ഗണപതി, അയ്യപ്പൻ, വിഷ്ണു തുടങ്ങിയവർക്കും പ്രതിഷ്ഠകളുണ്ട്.
തളിക്കോട്ട മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം മേടമാസത്തിലെ തിരുവാതിര നക്ഷത്രം ആറാട്ട് വരത്തക്കവണ്ണം പത്തുനാൾ ആഘോഷിക്കുന്നു.
06:00 ന് ഉഷഃപൂജ
07:00 ന് എതൃത്തപൂജ, ശ്രീബലി
08:30 ന് പന്തീരടിപൂജ
10:00 ന് ഉച്ചപൂജ, ശ്രീബലി
06:30 ന് ദീപാരാധന
07:00 ന് അത്താഴപൂജ, ശ്രീബലി
താഴത്തങ്ങാടി വള്ളംകളി നടക്കുന്നത് ക്ഷേത്രത്തിനടുത്ത് മീനച്ചിലാറിലാണ്.
കോട്ടയം ടൗണിൽ നിന്നും 3 കിലോമീറ്റർ പടിഞ്ഞാറു മാറിയാണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.