From Wikipedia, the free encyclopedia
കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ, അറബിക്കടലിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് തലശ്ശേരിക്കോട്ട. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാർ തീരത്ത് തങ്ങളുടെ സൈനിക ശക്തി പ്രബലമാക്കുന്നതിനായി 1708-ൽ സ്ഥാപിച്ചതാണ് ഈ കോട്ട.
തലശ്ശേരി കോട്ട | |
---|---|
തലശ്ശേരി, കണ്ണൂർ ജില്ല | |
കോട്ടയുടെ കവാട ദൃശ്യം | |
Site information | |
Open to the public |
അതെ |
Site history | |
Built | 1705 |
നിർമ്മിച്ചത് | ബ്രിട്ടീഷ് |
ചതുരാകൃതിയിൽ പണിത കോട്ടക്ക് രണ്ടു കൊത്തളങ്ങളും അതിമനോഹരമായ കാവടവുമുണ്ട്. തുടക്കത്തിൽ ഒരു കച്ചവട കേന്ദ്രമായി പ്രവർത്തിച്ച കോട്ട പിന്നീട് സൈനിക കേന്ദ്രമായും കാരാഗൃഹമായും മാറുകയുണ്ടായെന്ന് കോട്ടകളെകുറിച്ച് പഠനം നടത്തിയ സി പി എഫ് വേങ്ങാട് ' കേരളത്തിലെ കോട്ടകൾ' എന്ന തന്റെ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു.
1781-ൽ ഈ കോട്ട പിടിച്ചടക്കുവാനായി മൈസൂരിലെ രാജാവായ ഹൈദരലി വിഫലമായ ഒരു ശ്രമം നടത്തി. മലബാർ പിടിച്ചടക്കുവാനായി ഉള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു അത്. അദ്ദേഹത്തിന്റെ പിൻഗാമിയും മകനുമായ ടിപ്പുസുൽത്താന് മൂന്നാം ആംഗ്ലോ-മറാത്ത യുദ്ധത്തിന്റെ അവസാനത്തിൽ മലബാർ ജില്ല ബ്രിട്ടീഷുകാർക്ക് അടിയറ വെയ്ക്കേണ്ടി വന്നു.
തലശ്ശേരിയിൽ വെറും കുരുമുളകുവ്യാപാരികളായി വന്ന ഇംഗ്ലീഷുകാർ ഒരു നൂറ്റാണ്ടുകാലത്തിനിടയിൽ നാട്ടിലെ ഭരണാധികാരികളായിത്തീർന്ന ചരിത്രത്തിന്റെ പ്രതീകമാണു ഈ കോട്ട. തലശ്ശേരിയിൽ ആദ്യമായി ഒരു മൺകോട്ട കെട്ടിയ ഫ്രഞ്ചുകാർക്ക് ഇംഗ്ലീഷുകാരുടെ വരവോടെ സ്ഥലം വിട്ടൊഴിഞ്ഞു പോവേണ്ടിവന്നു. ഇംഗ്ലീഷുകാർ തിരുവിതാം കൂറിൽ അഞ്ചുതെങ്ങും, മലബാറിൽ തലശ്ശേരിയും കേന്ദ്രമാക്കിക്കൊണ്ടു കച്ചവടം തുടങ്ങുകയും, പടിപടിയായി അഭിവൃദ്ധിപ്പെടുകയുമാണുണ്ടായത്. ഇതേ തലശ്ശേരി കേന്ദ്രികരിച്ചു കൊണ്ട് അന്ന് ശക്തമായതും കാര്യക്ഷമവുമായ തീയർ പട്ടാളം പോലും ഇവിടെ കമ്പനിയുടെ കീഴിൽ ഉണ്ടായിരുന്നു.
മലബാറിൽ ഈസ്റ്റിന്ത്യാ കമ്പനി 1683-ൽ തുടങ്ങിവെച്ചത് ഒരു പാണ്ടികശാലയായിരുന്നു. (കച്ചവട ആവശ്യത്തിനായി കെട്ടിയുണ്ടാക്കുന്ന ഷെഡ്) ഈ പാണ്ടികശാലയുടെയും കച്ചവടത്തിന്റെയും സുരക്ഷിതത്വത്തിന്നായി സ്ഥലത്ത് ഒരു കോട്ടകൂടി വേണമെന്ന് ബ്രിട്ടീഷുകാർക്ക് തോന്നി. അതിന്ന് ഒരു കാരണമുണ്ടായി. കോട്ടനിൽക്കുന്ന സ്ഥലത്തിന്ന് തക്കതായ പ്രതിഫലം ലഭിച്ചില്ല എന്നു പറഞ്ഞ്, സ്ഥലമുടമസ്ഥനും നാടുവാഴിയുമായിരുന്ന കുറുങ്ങോട്ടുനായരും കുറെ പടയാളികളുമായിവന്ന് 1704-ൽ പാണ്ടികശാല കയ്യേറി. അന്ന് നാട്ടിലെ പരമാധികാരിയായിരുന്ന ചിറയ്ക്കൽ രാജാവിന്റെ മുമ്പിൽകമ്പനി സങ്കടമുണർത്തിക്കുകയും, മേലിൽ ഉണ്ടായേക്കാവുന്ന ഇത്തരം അക്രമണങ്ങൾക്ക് തടയിടാനൊരു കോട്ട നിർമ്മിക്കാൻ അനുവാദം വാങ്ങുകയുമുണ്ടായി. തമ്പുരാനനുവാദം കൊടുക്കുകയും കോട്ടയുടെ പണിതുടങ്ങുന്നതിനു മുമ്പായി ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു കൊടുക്കുകയുമുണ്ടായി. പൊനത്തു പൊതുവാളിന്റെയടുത്തുനിന്ന് ഒരു വീട്ടുപറമ്പും, വല്ലുറ തങ്ങളുടെ പക്കൽ നിന്ന് തിരുവല്ലപ്പൻ കുന്നും വിലയ്ക്കുവാങ്ങിയിട്ടാണു കോട്ടയുടെ പണിയാരംഭിച്ചത്.
ചതുരാകൃതിയിലുള്ള ഭീമാകാരമായ ഈ കോട്ടയ്ക്ക് വലിയ മതിലുകളും കടലിലേയ്ക്കുള്ള രഹസ്യ തുരങ്കങ്ങളും വിദഗ്ദമായി ചിത്രപ്പണിചെയ്ത വാതിലുകളുമുണ്ട്. ഒരുകാലത്ത് തലശ്ശേരിയുടെ വികസനത്തിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഈ കോട്ടയായിരുന്നു. ഇന്ന് ഇതൊരു ചരിത്ര സ്മാരകമാണ്. ഈ കോട്ടയെ കേന്ദ്രീകരിച്ചാണു തലശ്ശേരി പട്ടണം വളരാൻ തുടങ്ങിയത്.
തുടക്കത്തിൽ 2 കാപ്റ്റന്മാരും 422 പട്ടാളക്കാരും ഇവിടെ നിയമിക്കപ്പെട്ടിരുന്നു. എന്നാൽ ചുരുങ്ങിയ കാലയളവിന്നുള്ളിൽ കാരണമില്ലാതെ കലഹിച്ചിരുന്ന നാടുവാഴികളെ തമ്മിലടിപ്പിച്ചുകൊണ്ട്, സമർത്ഥമായി ഇംഗ്ലീഷുകാർ ഈ കോട്ട കേന്ദ്രമാക്കി ശക്തിയാർജ്ജിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.