ജോഷ്വാ ട്രീ ദേശീയോദ്യാനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് ജോഷ്വാ ട്രീ ദേശീയോദ്യാനം. 1994-ൽ യു.എസ്. കോൺഗ്രസ് കാലിഫോർണിയ മരുഭൂമി സംരക്ഷണ നിയമം (പബ്ലിൿ ലോ103-433) പാസാക്കിയതോടുകൂടിയാണ് ഇതിന് യു.എസ്. ദേശീയോദ്യാന പദവി ലഭിക്കുന്നത്. ഇതിനു മുമ്പ് 1936മുതൽക്കെ ഈ പ്രദേശത്തെ യു.എസ്. ദേശീയ സ്മാരകമായി സംരക്ഷിച്ചുവന്നിരുന്നു.തദ്ദേശീയമായി കാണപ്പെടുന്ന ജോഷ്വാ മരങ്ങളിൽനിന്നുമാണ് (Yucca brevifolia) ഈ ദേശീയോദ്യാനത്തിന് അതിന്റെ പേര് ലഭിച്ചിരിക്കുന്നത്. 790,636 ഏക്കർ (1,235.37 ച മൈ; 3,199.59 കി.m2)[1] ആണ് ദേശീയോദ്യാനത്തിന്റെ ആകെ വിസ്തൃതി. ഇതിൽ 429,690 ഏക്കർ (173,890 ഹെ), വനഭൂമിയായി പ്രഖ്യാപിച്ചിരിക്കുന്നു.
ജോഷ്വാ ട്രീ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | റിവർസൈഡ് കൗണ്ടി, സാൻ ബെർണാർഡിനൊ കൗണ്ടി, കാലിഫോർണിയ |
Nearest city | യൂക്ക വാലി, സാൻ ബെർണാർഡിനൊ |
Coordinates | 33.7883944°N 115.8982222°W |
Area | 790,636 ഏക്കർ (319,959 ഹെ)[1] |
Established | 31 ഒക്ടോബർ 1994 |
Visitors | 2,505,286 (in 2016)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Website | ജോഷ്വാ ട്രീ നാഷണൽ പാർക്ക് |
സാൻ ബെർണാർഡിനൊ, റിവർസൈഡ് എന്നീ കൗണ്ടികളിലായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൽ രണ്ട് മരുപ്രദേശങ്ങൾ സ്ഥിതിചെയ്യുന്നു. ഇവരണ്ടും രണ്ട് ഉന്നതികളിലായതിനാൽ, അവയുടെ ആവാസവ്യവസ്ഥകളിലും ഈ വ്യത്യാസം പ്രകടമാണ്. ഉയരത്തിലായി മോജേവ് മരുഭൂമിയും, താഴെയായി കൊളറാഡൊ മരുഭൂമിയുമാണ് ഈ ദേശീയോദ്യാനത്തിൽ പെടുന്നത്. ദേശീയോദ്യാനത്തിന്റെ തെക്ക്-പടിഞ്ഞാറേ വക്കിലായി ലിറ്റിൽ സാൻ ബെർണാർഡിനൊ മലനിരകളും അതിരിടുന്നു.[3]
BCE 8000 നും 4000 നും ഇടയിൽ ഇവിടെ അധിവസിക്കുകയും വേട്ടയാടുകയും ചെയ്ത പിന്റോ സംസ്കാരത്തിലെ ജനങ്ങളാണ് പിൽക്കാലത്ത് ജോഷ്വ ട്രീ ദേശീയോദ്യാനമായി മാറിയ സ്ഥലത്തും പരിസരത്തുമുണ്ടായിരുന്ന ആദ്യകാല താമസക്കാർ.[4] 1930 കളിൽ പിന്റോ ബേസിനിൽ നിന്ന് കണ്ടെത്തിയ അവരുടെ ശിലായുധങ്ങളും കുന്തമുനകളും സൂചിപ്പിക്കുന്നത് അവർ വിനോദത്തിനായുള്ള വേട്ടയാടൽ നടത്തുകയും കാലികമായി വളരുന്ന സസ്യങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുവെന്നാണെങ്കിലും അവയെക്കുറിച്ച് വളരെക്കുറച്ച് അറിവുകളേയുള്ളൂ.[5] പിൽക്കാല നിവാസികളിൽ സെറാനോ, കഹ്വില്ല, ചെമെഹ്വേവി അമരിന്ത്യൻ ജനതകൾ ഉൾപ്പെടുന്നു. മൂന്നുകൂട്ടരും ആദിവാസികളല്ലാത്തവർ, പിന്നീട് ട്വന്റൈനൈൻ പാംസ് എന്ന് വിളിച്ചിരുന്നിടത്തെ, പ്രത്യേകിച്ച് ഒയാസിസ് ഓഫ് മാരയിലെ ജലാശയങ്ങൾക്കു സമീപത്തുള്ള ചെറിയ ഗ്രാമങ്ങളിൽ താമസിച്ചിരുന്നു. വേട്ടയാടി ഉപജീവനം കഴിച്ചിരുന്ന അവർ പ്രധാനമായും സസ്യഭക്ഷണങ്ങളെ ആശ്രയിച്ചിക്കുകയും അനുബന്ധമായി ചെറിയ വേട്ടമൃഗങ്ങൾ, ഉഭയജീവികൾ, ഉരഗങ്ങൾ എന്നിവയെ ഭക്ഷണമാക്കുകയും മരുന്നുകൾ, വില്ലുകൾ, അമ്പുകൾ, കൊട്ടകൾ, ദൈനംദിന ജീവിതത്തിലെ മറ്റ് വസ്തുക്കൾ എന്നിവ നിർമ്മിക്കുന്നതിന് മറ്റ് സസ്യങ്ങളേയും ഉപയോഗിച്ചിരുന്നു.[6] നാലാമത്തെ ഗ്രൂപ്പായ മൊജാവെസ് കൊളറാഡോ നദിക്കും പസഫിക് തീരത്തിനുമിടയിലുള്ള പാതകളിലൂടെ സഞ്ചരിക്കുമ്പോൾ പ്രാദേശിക വിഭവങ്ങൾ ഉപയോഗിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ദേശീയോദ്യാനത്തിനു സമീപത്തുള്ള പ്രദേശത്ത് ട്വന്റിനയൻ പാംസ് ബാൻഡ് ഓഫ് മിഷൻ ഇന്ത്യൻസ് എന്ന പേരിൽ ഈ നാല് വിഭാഗം ജനങ്ങളിൽ ചെറിയൊരു വിഭാഗം താമസിക്കുന്നതോടൊപ്പം ചെമെഹുവേവി വർഗ്ഗക്കാരുടെ പിൻഗാമികൾക്ക് ട്വന്റിനയൻ പാംസിൽ ഒരു റിസർവേഷൻ സ്വന്തമായുമുണ്ട്.[7]
1772-ൽ പെഡ്രോ ഫേജസിന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം സ്പെയിൻകാർ, സാൻ ഡീഗോയിലെ ഒരു മിഷനിൽനിന്ന് ക്രിസ്തുമതത്തിലേയ്ക്കു പരിവർത്തനം ചെയ്യുന്നതിനിടെ ഓടിപ്പോയ തദ്ദേശീയരെ പിന്തുടരുന്നതിനിടെയാണ് ജോഷ്വ ട്രീ പ്രദേശം ആദ്യമായി യൂറോപ്യൻ കുടിയേറ്റക്കാരുടെ കാഴ്ചയിൽപ്പെട്ടത്. 1823 ആയപ്പോഴേക്കും മെക്സിക്കോ സ്പെയിനിൽ നിന്ന് സ്വാതന്ത്ര്യം നേടുകയും, അന്നത്തെ അൾട്ടാ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ നിന്നുള്ള ഒരു മെക്സിക്കൻ പര്യവേഷണ സംഘം ഈഗിൾ പർവതനിരകൾ വരെ കിഴക്ക് ഭാഗത്തേക്ക് പര്യവേക്ഷണം നടത്തിയതായി കരുതപ്പെടുന്നു. മൂന്നു വർഷത്തിനുശേഷം, ഒരു കൂട്ടം അമേരിക്കൻ രോമവ്യാപാരികളേയും പര്യവേക്ഷകരേയും നയിച്ചുകൊണ്ട് ജെഡെഡിയ സ്മിത്ത് അടുത്തുള്ള മൊജാവേ ട്രയലിലുടനീളം സഞ്ചരിക്കുകയും താമസിയാതെ മറ്റുള്ളവരും ഇതിനെ പിന്തുടർന്ന് എത്തുകയും ചെയ്തു. അതിനുശേഷം രണ്ട് പതിറ്റാണ്ടിനുശേഷം, മെക്സിക്കൻ-അമേരിക്കൻ യുദ്ധത്തിൽ (1846-48) അമേരിക്ക മെക്സിക്കോയെ പരാജയപ്പെടുത്തുകയും കാലിഫോർണിയയും ഭാവിയിലെ ദേശീയോദ്യാനപ്രദേശവും ഉൾപ്പെടെയുള്ള മെക്സിക്കോയുടെ യഥാർത്ഥ പ്രദേശത്തിന്റെ പകുതിയോളം ഏറ്റെടുക്കുകയും ചെയ്തു.[8]
നിരവധി ജീവജാലങ്ങൾ ഈ ദേശീയോദ്യാനത്തിൽ വസിക്കുന്നുണ്ട്. വിവിധയിനം പക്ഷികൾ, പല്ലികൾ, അണ്ണാന്മാർ തുടങ്ങിയവയെ പകൽസമയത്ത് അനായാസമായി കാണാൻ സാധിക്കും. എന്നിരുന്നാലും മരുപ്രദേശങ്ങളിൽ മൃഗങ്ങൾ കൂടുതൽ സജീവമാകുന്നത് രാത്രികാലങ്ങളിലാണ്. ഇത്തരം നിശാജീവികളിൽ പ്രധാനമായും പാമ്പുകൾ, ബിഗ് ഹോൺ ഷീപ്പ്, കംഗാരു എലികൾ, സൊയോട്ട്, ലിൻക്സ്, കറുത്തവാലൻ ജാക്ക്രാബിറ്റ് മുതലായവ ഉൾപ്പെടുന്നു.[9]
ജോഷ്വാ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന ജീവികൾ ഉയർന്ന വേനലിനേയും, തീവ്രമായ ജലദൗർലഭ്യത്തെയും അതിജീവിക്കാൻ പ്രാപ്തരാണ്. ചെറിയ സസ്തനികളും, പാമ്പുകളും ഉയർന്ന താപനിലയിൽനിന്നും രക്ഷനേടാൻ ഭൂമിക്കടിയിൽ അഭയം പ്രാപിക്കുന്നു. ഇത്തരം ജീവികൾ തങ്ങളുടെ ശരീരത്തിലെ ജലവും വളരെ കാര്യക്ഷമമായി ഉപയോഗിക്കാൻ പ്രാപ്തരാണ്. എന്നിരുന്നാലും ഇവിടത്തെ ചെറു അരുവികളും ഉറവകളും മറ്റും അനേകം മൃഗങ്ങളുടെ നിലനിൽപ്പിന് അത്യാവശ്യമായി വരുന്നുണ്ട്.[10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.