Remove ads
From Wikipedia, the free encyclopedia
തേയിലയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു തരം പാനിയമാണ് ചായ. വെള്ളം തിളപ്പിച്ച് തേയിലപ്പൊടിയും ആവശ്യമെങ്കിൽ പാലും പഞ്ചസാരയും സുഗന്ധദ്രവ്യങ്ങളും ചേർത്തും ചായ തയ്യാറാക്കാം. ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് പൊതുവേ വിശ്വസിക്കപ്പെടുന്നു[2]. മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ് ചായയെ വിളിക്കുന്നത്. ചാ (茶) എന്ന ചൈനീസ് വാക്കിൽ നിന്നാണ് ഈ പേരിന്റെ ഉൽഭവം. ലോകത്ത് ഏറ്റവും കൂടുതൽ കഴിക്കുന്ന പാനീയമാണ് ചായ. ലോകത്തിൽ ഏറ്റവും അധികം തേയില ഉൽപ്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്[3][4].
ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് (Shen Nung) ഒരു വേനല്‍ക്കാലത്ത് കാട്ടിൽ വേട്ടക്കു പോയ സമയത്തു കുറച്ചു വെള്ളം ചൂടാക്കാനായി വെയ്ക്കുകയും തിളച്ചുകൊണ്ടിരുന്ന അവസരത്തിൽ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ആ വെള്ളം തവിട്ടുനിറത്തിലാകുകയും ചെയ്തു. ഈ വെള്ളംകുടിച്ച അദ്ദേഹത്തിനു ഉന്മേഷം തോന്നുകയും അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് ഐതിഹ്യം[5]. ചായയുടെ പാനീയമൂല്യം തിരിച്ചറിഞ്ഞത് ചൈനാക്കാരാണ്.
ചൈനീസ് സംസ്കാരത്തോടൊപ്പം ചായയുടെ ഉപഭോഗവും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിപ്പെട്ടു. എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു (Lu Yu) ചായയെ കുറിച്ച് വിശദമായ പുസ്തകം പുറത്തിറക്കി[6]. അനാഥനായിരുന്ന ഇദ്ദേഹം ചൈനയിലെ ബുദ്ധവിഹാരങ്ങളിലൂടെ (Monasteries) വളർന്നു വലുതായി. അക്കാദമിക് തലങ്ങളിൽ അന്നുണ്ടായിരുന്നതിൽ അഗ്രഗണ്യന്മാരിലൊരാളായി. വളരെ വർഷങ്ങൾ നീണ്ടു നിന്ന ഗവേഷണങ്ങൾക്കു ശേഷം അദ്ദേഹം പുരാതന ചൈനയിൽ എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കി. വളരെക്കാലം നീണ്ടുനിന്ന ഈ ഗവേഷണത്തിനൊടുവിൽ അദ്ദേഹം ചക്രവർത്തിയുടെ ബഹുമാനത്തിനു പാത്രമായി. സെൻ ബുദ്ധിസത്തിന്റെ (Zen Buddhism) വക്താവായിരുന്ന ഇദ്ദേഹം ചായകുടി അതിന്റെ ഒരു ഭാഗമാക്കി മാറ്റുകയുണ്ടായി. പില്ക്കാലത്തു സെൻ ബുദ്ധ സന്യാസിമാരിലൂടെ അതു ജപ്പാനിലെത്തിച്ചേർന്നു.
ജപ്പാനിലേക്കു തേയിലച്ചെടി ആദ്യമായി കൊണ്ടു വരുന്നതു യിസൈ (Yeisei) എന്ന ബുദ്ധ സന്യാസിയാണ്. അദ്ദേഹം ചായയുടെ പിതാവായി ജപ്പാനിൽ അറിയപ്പെടുന്നു. ചായ ഒരു രാജകീയ വിഭവമായി ജപ്പാനിലെ ബുദ്ധവിഹാരങ്ങളിലും, കോടതികളിലും മറ്റും നല്കി വന്നിരുന്നു. ചായ സല്കാരം ഒരു ചടങ്ങായി ജപ്പാനിൽ ചാ-നൊ-യു ("Cha-no-yu" "the hot water for tea) എന്നപേരിലറിയപ്പെടുന്നു. ഇതിനെകുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം ഐറിഷ്- ഗ്രീക്ക് സഞ്ചാരിയായിരുന്ന ലഫ്കാഡിയൊ ഹേം(Lafcadio Hearn) നല്കുന്നു. അദ്ദേഹം ഇങ്ങനെ പറയുന്നു. ചായ സല്‍ക്കാരം എന്നുള്ളത് വർഷങ്ങൾ നീണ്ട ഒരു ഒരു പരിശീലനത്തിനുശേഷം ചെയ്യുന്ന ഒരു പ്രവൃത്തിയായിരുന്നു, ഇതിൽ ചായ ഉണ്ടാക്കുകയൊ കുടിക്കുകയൊ എന്നുള്ളതിനേക്കാളുപരി ഒരു മതാചാരം പോലുള്ള ചടങ്ങായിരുന്നു അത്. വളരെ ബഹുമാനത്തോടുകൂടി, അനുഗ്രഹിക്കപ്പെട്ട ഒരു ചടങ്ങായി അത് ആചരിച്ചു പോന്നു.
ജപ്പാനിലെ ചായസൽക്കാരത്തിനു ബഹുമാന്യ പദവി നൽകുവാനായി പരിശ്രമിച്ചിരുന്നവർ ഇവരാണ്.
ചായയുടെ ഉപഭോഗം ചൈനയിലും ജപ്പാനിലും വർദ്ധിച്ചുകൊണ്ടിരുന്ന അവസരത്തിൽ യൂറോപ്യന്മാർ സഞ്ചാരികളിലൂടെയും മറ്റും ചായ എന്ന പാനീയത്തെ പറ്റി അറിഞ്ഞു തുടങ്ങി[10], എന്നാൽ ഇതെന്താണെന്നൊ ഇതെങ്ങനെയാണ് ഉപയോഗിക്കുന്നതെന്നൊ യാതൊരു വിവരവും അവർക്കുണ്ടായിരുന്നില്ല. ചിലരുടെ അഭിപ്രായത്തിൽ ഇത് ഉപ്പിലിട്ടു തിളപ്പിച്ച്,വെണ്ണയോടൊപ്പം കഴിക്കേണ്ട ഒരു പാനീയമെന്നായിരുന്നു!1560 ൽ പോർച്ചുഗീസ് ജസ്യൂട്ട് പാതിരിയായിരുന്ന ജാസ്പർ ഡി ക്രുസ് ( Jasper De Cruz) ആയിരുന്നു ഇതിനെക്കുറിച്ച് അറിയുകയും വിശദമായി എഴുതുകയും ചെയ്ത ആദ്യത്തെ യൂറോപ്യൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കപ്പൽവ്യൂഹം വഴി വിജയകരമായി ചായയുടെ വ്യാപാരം ചൈനയുമായി വാണിജ്യാടിസ്ഥാനത്തിൽ ആരംഭിക്കുകയും ചെയ്തു.
അതിനുശേഷം പോർച്ചുഗിസുകാർ ചായ ലിസ്ബണിലെക്ക് കൊണ്ടു വരികയും അവിടെ നിന്നും ഡച്ചുകപ്പലുകളിൽ ഫ്രാൻസ്,ഹോളണ്ട്, ബാൾടിക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുകയും ചെയ്തു. (ആ കാലഘട്ടത്തിൽ പോർട്ടുഗീസുകാരും ഹോളണ്ടും തമ്മിൽ രാഷ്ട്രീയമായി ഒരു കൂട്ടുകെട്ടുണ്ടായിരുന്നു.1600 കളിൽ ഈ ബന്ധം ശക്തമാകുകയും ഈ രണ്ടു രാജ്യങ്ങളുടേയും ശക്തമായ കപ്പൽപട വഴി പസഫിക്ക് വഴിയുള്ള വ്യാപാരം ഇവരുടെ നിയന്ത്രണത്തിൽ വരികയും ചെയ്തു അങ്ങനെ ചായ യൂറോപ്പിലെത്തിച്ചേരുകയും ചായ എന്നുള്ളതു ഡച്ച് സമൂഹത്തിലെ ഒരു ആഡംബരമായി മാറുകയും ചെയ്തു. അതുമാത്രമല്ല ചായക്ക് സ്വർണ്ണത്തിനേക്കാൾ വിലയുമായിരുന്നു അക്കാലത്തു യൂറോപ്പിൽ. കുറച്ചു കാലത്തിനുള്ളിൽ തേയിലയുടെ വ്യാപാരത്തിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കുതിച്ചുകയറുകയും ചെയ്തു.
എന്നാൽ ഇറക്കു മതി വർദ്ധിച്ചതോടെ 1675 കളിൽ ഹോളണ്ടിലെ സാധാരണ കടകളിൽ തേയില ലഭ്യമായിത്തുടങ്ങി. ഡച്ച് സമൂഹത്തില്‍ തേയിലയുടെ ഉപഭോഗം വർദ്ധിച്ചതോടെ ഡോക്ടർമാരും, വിദ്യാഭ്യാസ അധികാരികളും ചായയുടെ ഗുണദോഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സെമിനാറുകളും , ഡിബേറ്റുകളും സംഘടിപ്പിക്കാനും തുടങ്ങി.ഇവരെ ടി ഹെറെടിക്സ്(Tea Heretics) എന്ന പേരിലറിയപ്പെട്ടു. 1635 മുതൽ 1657 കാലഘട്ടത്തിലാണ് ഇതിനെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഏറ്റവും കൂടുതലായി നടന്നത്. ഈ കാലഘട്ടത്തിൽ ഫ്രാൻസും ഹോളണ്ടുമായിരുന്നു യൂറോപ്പിൽ ഏറ്റവും കൂടുതൽ തേയില ഉപഭോഗം നടത്തിയിരുന്ന രാജ്യങ്ങൾ. ഈ ഭ്രാന്തമായ ഒരു ആവേശത്തിനു ശേഷം തേയില യൂറോപ്പിലെ നിത്യേനയുള്ള ഒരു ശീലമായി മാറി.
1680 കളിൽ സാമൂഹ്യ പ്രവർത്തകരായിരുന്ന മാരി ഡി റാബുടിനും(Marie de Rabutin) മർക്വേസ് ഡി സെവന് (Marquise de Seven ) ആദ്യമായി പാല് കൂട്ടി ചേർത്ത് ചായ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചു. അതേ കാലഘട്ടത്തിൽ തന്നെ ഡച്ച് ഇന്‍ (Dutch inns ) എന്ന റെസ്റ്റാറണ്ടിൽ ചായ വിളമ്പിത്തുടങ്ങി. എന്നാൽ ഏകദേശം അമ്പതു വർഷക്കാലം മാത്രമെ ഫ്രാൻസിൽ ചായയുടെ ഉപഭോഗം നല്ല രീതിയിൽ ഉണ്ടായിരുന്നുള്ളു. അതിനു ശേഷം അതിന്റെ സ്ഥാനം വൈനും ചോക്കലേറ്റും കയ്യടക്കി.
1650 കളോടെ ഡച്ചുകാർ തേയിലയുടെ വ്യാപാരം തെക്കോട്ടു വ്യാപിപ്പിച്ചു. പീറ്റർ സ്റ്റുവാസന്റ് (Peter Stuyvesant) ആദ്യമായി തേയില അമേരിക്കയിലെ അവരുടെ കോളനിയായിരുന്ന ന്യൂ ആംസ്റ്റർഡാമിലേക്കു കയറ്റിഅയച്ചു( പിന്നീട് ഈ സ്ഥലം ന്യൂയോർക്ക് എന്ന പേരിലറിയപ്പെട്ടു)[10]. അവിടെ കോളനി സ്ഥാപിച്ചിരുന്ന ഇംഗ്ലീഷുകാർ അങ്ങനെ ആദ്യമായി ചായയുടെ രുചി അറിഞ്ഞു. ആ സമയത്തു ഗ്രേറ്റ് ബ്രിട്ടൻ Stuarts and the Cromwellian എന്നറിയപ്പെട്ട യുദ്ധം വഴി ചൈനയിലേക്കും ഈസ്റ്റ് ഇന്ഡ്യയിലെക്കുമുള്ള വാണിജ്യ പാതയിൽ ആധിപത്യം സ്ഥാപിച്ചിരുന്നു.
1652 നും 1654 നും ഇടക്ക് ഇംഗ്ലണ്ടിൽ ആദ്യമായി തേയില എത്തി. വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ചായ ഇംഗ്ലണ്ടിന്റെ ദേശീയ പാനീയമായി മാറി. അതേകാലയളവിൽ തന്നെ ഹോളണ്ടിലെ രാജാവായിരുന്ന കിങ് ചാൾസ് രണ്ടാമനും (King Charles II ) പോർട്ടുഗീസ് രാജകുമാരിയായിരുന്ന കാതറീൻ ഡി ബ്രഗാൻസ (Catherine de Braganza) യും തമ്മിലുള്ള വിവാഹം നടന്നു. അതോടുകൂടി ഡച്ച് സാമ്രാജ്യം വിപുലമായി ബ്രിട്ടണുമായുള്ള തേയില വ്യാപാരം ആരംഭിക്കുകയും ചെയ്തു. അതിനുമുൻപ് 1600 കളിൽ ഏഷ്യന്‍ വ്യാപാരം വർദ്ധിപ്പിക്കുന്നതിനായി എലിസബത്തു രാജ്ഞി (Elizabeth I) ജോൺ കമ്പനി (John company ) സ്ഥാപിച്ചിരുന്നു. കാതറീന് ഡി ബ്രഗാൻസക്കു ടാഞ്ചിയറും, ബോംബെയും (ഇപ്പോഴത്തെ മുംബൈ) സ്ത്രീധനമായി നല്‍കുകയും ജോൺ കമ്പനിക്കു പെട്ടെന്നു തന്നെ അവരുടെ വ്യാപാരത്തിനായി ഒരു അടിത്തറ അതുമൂലം ലഭിക്കുകയും ചെയ്തു. അതിലൂടെ ജോൺ കമ്പനിക്കു ഗുഡ് ഹോപ്പു മുനമ്പിലുടെയുള്ള അനിഷേധ്യമായ വ്യാപാരമനുമതി ലഭിക്കുകയും നിയന്ത്രണങ്ങളില്ലാത്ത അധികാരം ലഭിക്കുകയും ചെയ്തു. അവർക്കു പ്രവിശ്യകൾ ഉണ്ടാക്കാനും,ഭരിക്കുവാനും നാണയങ്ങള്‍ അച്ചടിക്കാനും, കോട്ടകള്‍ നിർമ്മിക്കാനും, യുദ്ധം പ്രഖ്യാപിക്കാനും,നിയമനിർമ്മാണം നടത്തുവാനുമുള്ള അധികാരങ്ങൾ ലഭിക്കുകയും ചെയ്തു. ഇതായിരുന്നു അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ അധികാരകേന്ദ്രം, ഇതെല്ലാം നിലനിന്നിരുന്നത് തേയിലയുടെ ഇറക്കുമതി മൂലമായിരുന്നു. അപ്പോഴാണ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപമെടുക്കുന്നതും അവർക്കു ഇൻഡ്യയിലും ചൈനയിലും വ്യാപാരം നടത്താനുള്ളതുമായ അധികാരം ബ്രിട്ടീഷ് പാർലമെന്റ് നല്‍കുന്നതും,. ജോൺ കമ്പനി ഈസ്റ്റ് ഇൻഡ്യാ കമ്പനിയിൽ ലയിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തേയിലയുടെ വില കുതിച്ചുകയറുകയും ബ്രിട്ടിഷ് സാമ്രാജ്യത്തെ പോലും സ്വാധിനിക്കുവാനും അവർക്ക് ഇതുവഴി കഴിഞ്ഞു.
അങ്ങനെ ചായ ബ്രിട്ടിഷ് സാമ്രാജ്യത്തിൽ ഒഴിച്ചുകുടാന് കഴിയാത്ത ഒരു അവശ്യവസ്തുവായി മാറി. 1699 ൽ ബ്രിട്ടനിലേക്കുള്ള തേയിലയുടെ ഇറക്കുമതി 40000 പൌണ്ടും, 1708 ആയപ്പോഴേക്കും അതു 240000 പൌണ്ടുമായി വർദ്ധിച്ചു. സമൂഹത്തിൽ എല്ലാതരത്തിലുമുള്ള ആൾക്കാരും ഉപയോഗിക്കുന്ന ഒരു വസ്തുവായി അപ്പോഴേക്കും തേയില മാറിയിരുന്നു.
കൊഫീഹൗസുകൾ എന്നറിയപ്പെട്ടിരുന്ന ഇത്തരം റസ്റ്റോറന്റുകളിൽ ചായ ആയിരുന്നു ഏറ്റവും കൂടുതൽ വിളമ്പിയിരുന്നത്. കോഫീഹൗസുകൾ ഇംഗ്ലണ്ടിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. ഈ കോഫീഹൗസുകൾ പെനി യൂണിവേഴ്സിറ്റി (Penny Universities) എന്ന അപരനാമധേയത്തിലും അറിയപ്പെട്ടു. അതിനു കാരണമായത്, ഒരു പെനി കൊടുത്താൽ ചായയും ന്യൂസ്പേപ്പറുകളും ലഭിക്കുകയും , കൂട്ടുകാരുമൊത്തു സല്ലപിക്കാനും ഇവിടെ സാധിച്ചിരുന്നു. വക്കീലന്മാരും, എഴുത്തുകാരും, പട്ടാളക്കാരുമെല്ലാം ഇവിടങ്ങളിലെ നിത്യസന്ദർശകരായിരുന്നു.
ഡച്ച് ടാവേം ഗാർഡൺ ടീസിന്റെ (Dutch Tavern Garden Teas) മാതൃകയിൽ ഇംഗ്ലീഷുകാർ തേയില ഉദ്യാനങ്ങൾ ഉണ്ടാക്കി തുടങ്ങി. ഗായകസംഘങ്ങളും, ചീട്ടുകളികളും, വെടിക്കോപ്പുകളും ഇതിനു കൊഴുപ്പുകൂട്ടി. നെപ്പോളിയനെ കീഴടക്കിയ ലോഡ് നെത്സൻ അദ്ദേഹത്തിന്റെ ജീവിത സഖിയായിരുന്ന എമ്മയെ കണ്ടുമുട്ടിയതു ഇത്തരമൊരു ഗാർഡനിൽ വെച്ചായിരുന്നു. ഒരു ഉപഭോക്താവിന് ചായ ആവശ്യമാണെന്നുണ്ടെങ്കിൽ വെയിറ്ററെ വിളിച്ചു താലത്തിൽ ഒരു പെനി വച്ചു കൊടുക്കുകയും ആ വെയിറ്റർ വളരെ വേഗത്തിൽ ഉപഭോക്താവിനു വേണ്ട സേവനങ്ങളും മറ്റും ചെയ്യുമായിരുന്നു. ഇതിൽ നിന്നുമാണ് ടിപ്സ് (TIPS-To ensure prompt service) വാക്കുണ്ടായത്
1650കളിൽ തന്നെ റഷ്യൻ സാമ്രാജ്യം ജപ്പാനും ചൈനയുമായി തേയിലവ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ ശ്രമിക്കുകയായിരുന്നു, റഷ്യയുടെ ചായഭ്രമം തുടങ്ങുന്നതു മോസ്കോയിലെ ചൈനീസ് എംബസി റഷ്യന്‍ ചക്രവർത്തിയായിരുന്ന സർഅലെക്സിസിനു കുറച്ചു തേയിലപ്പെട്ടികൾ സമ്മാനിക്കുന്നതോടെയാണ്. 1689 ലെ വ്യാപാര ഉടമ്പടി പ്രകാരം ചൈനയും റഷ്യയും അങ്ങോട്ടുമിങ്ങോട്ടുമുള്ള ചരക്കു നീക്കം ആരംഭിച്ചു. പക്ഷെ വ്യാപാരം അത്രക്കു സുഗമമായിരുന്നില്ല, ആ വ്യാപാരയാത്ര 11000 മൈലുകൾ നീണ്ടതും ആറുമാസത്തിലേറെ സമയമെടുക്കുന്നതുമായിരുന്നു. 200 മുതൽ 300 ഒട്ടകങ്ങളെ ഈ ചരക്കു നീക്കത്തിനായി ഉപയോഗിച്ചിരുന്നു. ഇതിന്റെ അനന്തരഫലം തേയിലയുടെ ഉപയോഗം സമ്പന്നർക്കുമാത്രമായി ചുരുങ്ങി എന്നതായിരുന്നു.
1796 ൽ കാതറീൻ രാജ്ഞി അന്തരിച്ചതോടെ തേയിലയുടെ നികുതി എടുത്തുകളയുകയും തേയിലയുടെ ഉപയോഗം റഷ്യയിൽ വർദ്ധിക്കുകയും ചെയ്തു. സമൊവറുകളാണ് റഷ്യയിൽ ചായ ഉണ്ടാക്കുവാനായി ഉപയോഗിച്ചിരുന്നത് . ഒരേ സമയം 40 കപ്പു ചായ വരെ ഉണ്ടാക്കുവാനും ദീർഘ നേരം അതിന്റെ ചൂടു നിലനിർത്താനും സാധിക്കുമായിരുന്നു എന്നുള്ളതായിരുന്നു ഇതിന്റെ ഗുണം. റഷ്യക്കാർ ചായയിൽ പഞ്ചസാരയും, തേനും,ജാമുമൊക്കെ ചേർത്തുപയോഗിച്ചു.
ആയിരത്തിതൊള്ളായിരത്തൊടു കുടി ട്രാൻസ് സൈബീരിയൻ റെയിൽ വേ പാത നിലവിൽ വരികയും ഒട്ടകങ്ങള്‍ വഴിയുള്ള ചരക്കു നീക്കം നിർത്തുകയും ചെയ്തു. ഒപ്പം തന്നെ റഷ്യന്‍ വിപ്ലവം ആവിർഭവിക്കുകയും, റഷ്യന്‍ സമൂഹം വോഡ്കയൊടുകൂടി ചായ ഉപയോഗിച്ചു തുടങ്ങുകയുംചെയ്തു. ഇപ്പോഴും റഷ്യയുടെ ദേശിയ പാനീയം ചായ ആണ്.
അമേരിക്കൻ വിപ്ലവത്തിന്റെ തുടക്കം ബോസ്റ്റൺ ടീപാർട്ടിയോടുകൂടിയായിരുന്നു[11]. തേയിലക്കേർപ്പെടുത്തിയെ നികുതിക്കെതിരെ ജനങ്ങള്‍ ഇളകുകയും ഒരു ഡിസംബർ 16-ന് വിപ്ലവകാരികള്‍ ബോസ്റ്റണ്‍ തുറമുഖം ആക്രമിക്കുകയും തേയിലപ്പെട്ടികൾ കടലിൽ വലിച്ചെറിയുകയും ചെയ്തു. സാമുവൽ ആഡംസും (Samuel Adams) , ജോൺ ഹാനോക്കുമായിരുന്നു (John Hanock) ഇതിനു നേതൃത്യംനല്കിയതു. ഇതോടുകൂടി ബോസ്റ്റണ്‍ തുറമുഖം അടച്ചിടുകയും ബ്രീട്ടീഷ് റോയൽ ആർമി തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കയും ചെയ്തു. അതോടുകൂടി അമേരിക്കൻ വിപ്ലവം ആരംഭിക്കുകയും ചെയ്തു. വളരെക്കാലം തേയില ലഭിക്കാതിരുന്ന അമേരിക്കക്കാർ പകരമായി കാപ്പി ഉപയോഗിക്കാൻ തുടങ്ങീ. താമസിയാതെ അമേരിക്കക്കാർ കാപ്പിയുടെ വൻഉപയോക്താക്കളായിത്തീർന്നു.
നിയന്ത്രണമില്ലാത്ത തേയിലയുടെ ഇറക്കുമതി ഇംഗ്ലണ്ടിനെ സാമ്പത്തികാവസ്ഥയെ ദുർബലപ്പെടുത്തുകയുണ്ടായി. തേയിലക്കു ഡച്ചുകാരിൽ നിന്നും അമിതവിലകൊടുത്തു വാങ്ങിയതുമൂലമുണ്ടായ ഈ സാമ്പത്തികപ്രതിസന്ധി നേരിടാന്‍ ഇൻഡ്യയിലും അഫ്ഗാനിസ്ഥാനിലും ഉല്പാദിപ്പിക്കുന്ന കറുപ്പ് ചൈനയിൽ വിറ്റഴിക്കുകയും ചൈനീസ് ഭരണാധികാരികൾ അതിനെ തടയുകയും ചെയ്തതിനെ തുടർന്നാണ് ചൈനയും ബ്രിട്ടണുമായിയുദ്ധം ആരംഭിക്കുകയുണ്ടായത്.എന്നാൽ സൈനികമായി ശക്തമായിരുന്ന ഇംഗ്ലണ്ട് ചൈനയെ യുദ്ധത്തിൽ തോല്‍പ്പിക്കുകയും 1842 മുതല്‍ 1908 വരെ ഒരു തടസ്സവുമില്ലാതെ കറുപ്പ് വിറ്റഴിക്കുകയും ചെയ്തു.
കേരളത്തിലേതിൽ നിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ചായയിൽ, ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർക്കുന്നത് പതിവാണ്. കേരളത്തിലെ ചായ പാൽ, വെള്ളം എന്നിവ സമ അനുപാതത്തിലാണെങ്കിൽ തമിഴ്നാട്ടിൽ പാൽ കൂടുതലായാണ് ഉപയോഗിക്കാറ്. കർണ്ണാടകയിൽ പാലിൽ പൊടിയിട്ട് കഴിക്കുന്ന രീതിയാണെങ്കിലും ചായ ഒരു ഗ്ലാസ്സിന്റെ പകുതിയാണ് ഉണ്ടാവുക.
പാൽ ചേർക്കാത്ത ചായയാണ് കട്ടൻ ചായ എന്ന പേരിൽ അറിയപെടുന്നത്. കേരളത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കട്ടൻ ചായ സുലൈമാനി എന്ന പേരിലും അറിയപ്പെടുന്നു. ഈ ജില്ലകളിൽ കല്യാണത്തിന് ഭക്ഷണത്തിന് ശേഷം ഒഴിച്ച് കൂടാൻ പറ്റാത്ത ഒന്നു ആണ് ചെറുനാരങ്ങനീർ ചേർത്ത കട്ടൻ ചായ. ഇംഗ്ലീഷിൽ ബ്ലാക്ക് ടീ എന്ന് ആണ് അറിയപ്പെടുന്നത്. മറ്റു ചായകളെ അപേഷിച്ചു ശരീരത്തിന് ഗുണകരമായ ആന്റി ഓക്സിഡന്റ്സ് കട്ടൻ ചായയിൽ കൂടുതൽ ആണ്.
ചായയുടെ അമിതോപയോഗം ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ചായയിലടങ്ങിയ ഫ്ലൂറൈഡുകൾ അസ്ഥികൾക്ക് ദോഷകരമാണെന്ന് ലണ്ടനിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിരുന്നു[12][13].
എല്ലാ വർഷവും മെയ് 21ന് അന്താരാഷ്ട്ര തേയില ദിനമായി ആചരിക്കുന്നു.[14] ഇതു സംബന്ധിച്ച പ്രമേയം ഐക്യരാഷ്ട്രസഭ 2019 ഡിസംബർ 20 ന് അംഗീകരിച്ചു.[15] ഈ ദിനം മുമ്പ് ആചരിച്ചിരുന്നത് ഡിസംബർ 15 നായിരുന്നു. 2005 മുതൽ തേയില ഉല്പാദക രാജ്യങ്ങളായ ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, വിയറ്റ്നാം, ഇൻഡോനേഷ്യ, കെനിയ, മലാവി, മലേഷ്യ, ഉഗാണ്ട, ടാൻസാനിയ തുടങ്ങിയവ ചായ ദിനം ആഘോഷിച്ചു വരുന്നു.[16]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.