'ബുദ്ധൻ' എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ. From Wikipedia, the free encyclopedia
ബുദ്ധൻ(ശ്രീബുദ്ധൻ) എന്നു പിന്നീടു നാമധേയം സിദ്ധിച്ച ഗൗതമസിദ്ധാർത്ഥൻ ബുദ്ധമതസ്ഥാപകനായ ആത്മീയ നേതാവാണ്. ശ്രീബുദ്ധനാണ് ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ബുദ്ധനെന്ന് എല്ലാ ബുദ്ധമതാനുയായികളും വിശ്വസിക്കുന്നു. സിദ്ധാർത്ഥൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമഥേയം. ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978ൽ പ്രസിദ്ധീകരിച്ച പുസ്തകം . ഈ പട്ടികയിൽ നാലാം സഥാനം ഗൗതമ ബുദ്ധനാണ്.
| |
---|---|
ധാർമ്മിക മതങ്ങൾ | |
സ്ഥാപനം | |
ചതുര സത്യങ്ങൾ | |
പ്രധാന വിശ്വാസങ്ങൾ | |
ജീവൻറെ മൂന്ന് അടയാളങ്ങൾ | |
പ്രധാന വ്യക്തിത്വങ്ങൾ | |
ഗൗതമബുദ്ധൻ | |
Practices and Attainment | |
ബുദ്ധൻ · ബോധിസത്വം | |
ആഗോളതലത്തിൽ | |
തെക്കുകിഴക്കനേഷ്യ · കിഴക്കനേഷ്യ | |
വിശ്വാസങ്ങൾ | |
ഥേർവാദ · മഹായാനം · നവായാനം | |
ബുദ്ധമത ഗ്രന്ഥങ്ങൾ | |
പാലി സംഹിത · മഹായാന സൂത്രങ്ങൾ | |
താരതമ്യപഠനങ്ങൾ | |
|
വജ്ജി സംഘത്തിലെ ശാക്യഗണത്തിലാണ് (പാലിയിൽ ശക) ബുദ്ധൻ ജനിച്ചത്[1]. ശാക്യവംശത്തിൽ പിറന്നതിനാൽ അദ്ദേഹം ശാക്യമുനി എന്നറിയപ്പെട്ടു. ഗോതമ എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബപ്പേര്. അതിനാൽ അദ്ദേഹം ഗൗതമൻ എന്നും അറിയപ്പെട്ടു.
മനുഷ്യജീവിതം ദുഃഖവും ബുദ്ധിമുട്ടുകളും കൊണ്ടു നിറഞ്ഞതാണെന്നും, മനുഷ്യന്റെ ആശകളും ഒടൂങ്ങാത്ത ആഗ്രഹങ്ങളുമാണ് ഈ ദുഃഖങ്ങൾക്കു കാരണം എന്നും ബുദ്ധൻ പഠിപ്പിച്ചു. ഈ ആഗ്രഹങ്ങളെ ബുദ്ധൻ തൻഹ എന്നു വിളിച്ചു. എല്ലാ കാര്യങ്ങളിലും മിതത്വം പുലർത്തി ഈ ആഗ്രഹങ്ങളിൽ നിന്നും മോചനം നേടണമെന്നും അദ്ദേഹം ഉപദേശിച്ചു[1].
മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവിതത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ ഈ ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
തന്റെ ചിന്തകൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുന്നതിന് സാധാരണ ജനങ്ങളുടെ സംസാരഭാഷയായിരുന്ന പ്രാകൃതഭാഷയിലായിരുന്നു ഗൗതമബുദ്ധൻ തന്റെ പ്രഭാഷണങ്ങൾ നടത്തിയിരുന്നത്. തന്റെ ഭാഷണങ്ങൾ അതേപടി ഉൾക്കൊള്ളുന്നതിനു പകരം അതിനെപ്പറ്റി ചിന്തിച്ച് വിലയിരുത്താനും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു[1].
ധർമ്മപദത്തിൽ ഇരുപത്തിനാലദ്ധ്യായങ്ങളിൽ ബുദ്ധമതത്തിന്റെ സാരം അടങ്ങിയിരിയ്ക്കുന്നു. ബുദ്ധമതം എന്നു വെച്ചാൽ ബുദ്ധൻ പ്രസംഗിച്ച പ്രകാരത്തിലുള്ള തത്ത്വങ്ങളും ആദികാലങ്ങളിൽ ധർമ്മം എന്ന വിശേഷനാമത്തോടുകൂടിയുള്ള മതവുമാകുന്നു. "പാപത്തെ ദൂരെ ത്യജിക്കുകയും, പുണ്യത്തെ എല്ലായ്പോഴും ചെയ്യുകയും, പ്രാണികളിൽ സ്നേഹം, സത്യം, ക്ഷമ, ശുദ്ധി, ഇവയോടും കൂടി ഇരിയ്ക്കുകയുമാകുന്നു" ധർമ്മം എന്നതിന്റെ സാരാർത്ഥം എന്ന് അശോകൻ പറയുന്നു.
ബുദ്ധമത തത്ത്വചിന്തയുടെ ഒരു പ്രധാനപ്പെട്ട തത്ത്വമാണ് ചതുര സത്യങ്ങൾ എന്നറിയപ്പെടുന്നത്. ദുഃഖം, ദുഖ കാരണം, ദുഖനിവാരണം, ദുഖ നിവാരണമാർഗ്ഗം എന്നിവ ചതുര സത്യങ്ങളായി അറിയപെടുന്നു. [2]
ക്രിസ്താബ്ദത്തിന്ന് 563 കൊല്ലം മുന്പ്, കപിലവസ്തുവിനു സമീപം ലുംബിനി ഉപവനത്തിൽ ജനിച്ചു. എന്നിരുന്നാലും ശ്രീബുദ്ധന്റെ ജനനത്തെപ്പറ്റി ആധികാരികമായ രേഖകൾ ഇല്ല. മിക്ക ചരിത്രകാരന്മാരും പല അവലംബം ഉപയോഗിച്ച് വ്യത്യസ്തമായ കാലഘട്ടങ്ങളാണ് സൂചിപ്പിക്കുന്നത്. ക്രി.മു. 400 ന് മുന്നായിരിക്കണം അദ്ദേഹം ജനിച്ചത് എന്ന് ഒരു വിഭാഗം വിചാരിക്കുന്നു [3]
ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് 6 ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു. പതിനാറാമത്തെ വയസ്സിൽ അദ്ദേഹം തന്റെ ദായാദിജയായ യശോദരയെ വിവാഹം ചെയ്തു.
ഇരുപത്തഞ്ചു കൊല്ലത്തോളം സിദ്ധാർത്ഥൻ വളരെ സുഖത്തോടുകൂടി വാണു. അക്കാലം അദ്ദേഹം ജീവിതദശയുടെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ടു് അദ്ദേഹം ക്ലേശിയ്ക്കുകയും, അതു കാരണമായി ജീവകാര്യങ്ങളെപ്പറ്റി ആലോചിയ്ക്കുവാൻ തുടങ്ങുകയും ചെയ്തു. പീഡകളുടേയും വ്യസനങ്ങളുടെയും ഉൽപത്തിയേയും, അവകളെ നശിപ്പിയ്ക്കുവാനുള്ള മാർഗ്ഗങ്ങളെയും കണ്ടറിയുവാനുള്ള ബലമായ ആഗ്രഹം ഹേതുവായി ഇരുപത്തൊൻപതാമത്തെ വയസ്സിൽ, സകല കുടുംബബന്ധങ്ങളേയും ഉപേക്ഷിച്ചു് വനത്തിലേയ്ക്കു പോയി, രണ്ടു ബ്രാഹ്മണഗുരുനാഥന്മാരുടെ ജ്ഞാനോപദേശത്തിൻ കീഴിൽ ഇരുന്നു. ഇവരിൽ ഒരാൾ സാംഖ്യമതക്കാരനും, മറ്റെയാൾ വൈശേഷികമതക്കാരനും ആയിരുന്നു. ഇവരുടെ ഉപദേശങ്ങൾ അദ്ദേഹത്തിന്നു തൃപ്തിയായില്ല. അതുകൊണ്ട് അദ്ദേഹം പിന്നെ ക്ഷേത്രങ്ങളിലെ തന്ത്രികളുടെ അടുക്കൽ ചെന്നു. അവിടങ്ങളിൽ ദേവന്മാരുടെ പീഠങ്ങളിന്മേൽ ചെയ്തിരുന്ന ക്രൂരമനുഷ്യബലികൾ ഗൌതമന്റെ ആർദ്രസ്വഭാവമുള്ള മനസ്സിൽ എത്രയും വെറുപ്പിനെ ജനിപ്പിച്ചു.
അതുകൊണ്ടു് അവിടെനിന്നും ദൂരത്തേയ്ക്ക് അദ്ദേഹം സഞ്ചരിച്ച്, ഗയയ്ക്കു സമീപമുള്ള ഉറുവിലേയ്ക്കു നേരെ പോയി. ഇവിടെ വച്ച് അദ്ദേഹം അഞ്ചു കൊല്ലം കഠിനമായ തപസ്സു ചെയ്തു.[൧]
ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു. ഗൗതമ സിദ്ധാർത്ഥൻ ബോധോദയം ലഭിച്ച് ശ്രീബുദ്ധനായിത്തീർന്ന ദിവസം ബോധോദയ ദിന (Bodhi Day)മായി ആഘോഷിക്കുന്നു.[4]
മനുഷ്യവർഗ്ഗത്തിനു തന്നാൽ ചെയ്യുവാൻ കഴിയുന്നതായ എത്രയും വലുതായ ഉപകാരം, ദുഃഖസംസാരസാഗരത്തിൽ കിടന്നു പിടയ്ക്കുന്ന ജീവികളെ കരയേറ്റുകയാണെന്ന് അദ്ദേഹം തീരുമാനിച്ചു. ഈ തീർച്ചയോടുകൂടി അദ്ദേഹം കാശിയിലേയ്ക്കു പുറപ്പെട്ടു. കാശിക്കടുത്തുള്ള സാരാനാഥിൽ വച്ചാണ് ഗൗതമബുദ്ധൻ തന്റെ ആദ്യപ്രഭാഷണം നടത്തിയത്. [1]
അവിടെവച്ചു തന്റെ അഞ്ചു പൂർവ്വസ്നേഹിതന്മാരെ കണ്ടു. ഒന്നാമതായി അവരോടു ധർമ്മത്തെപ്പറ്റി പ്രസംഗിച്ചു. ബുദ്ധമതത്തിൽ ചേർന്നവരുടെ എണ്ണം വേഗത്തിൽ വർദ്ധിയ്ക്കുകയും, അവരിൽ അറുപതു പേരെ തന്റെ മതത്തെ പ്രസംഗിയ്ക്കുവാനായി പല ദിക്കിലേയ്ക്കും അയയ്ക്കുകയും ചെയ്തു. തന്റെ ജീവകാലത്തു തന്നെ ബുദ്ധൻ, ധനവാന്മാർ, ദരിദ്രന്മാർ, വിദ്വാന്മാർ, മൂഢന്മാർ, ജൈനർ, ആജീവകർ, ബ്രാഹ്മണർ, ചണ്ഡാളർ, ഗൃഹസ്ഥന്മാർ, സന്യാസിമാർ, പ്രഭുക്കന്മാർ, കൃഷിക്കാർ മുതലായ പലേതരക്കാരായ അനവധി പുരുഷന്മാരെയും സ്ത്രീകളെയും തന്റെ മതത്തിൽ ചേർത്തു. ഈ കൂട്ടത്തിൽ തന്റെ അച്ഛനും, മകനും, ഭാര്യയും, മാതൃസഹോദരിയും ചേർന്നു. തന്റെ ദായാദനായ ആനന്ദനും, മൗദ്ഗലായനനും, ശാരീപുത്രനും തന്റെ ശിഷ്യന്മാരിൽ യോഗ്യന്മാരുടെ കൂട്ടത്തിലായിരുന്നു.[൨]
തന്റെ മതം പ്രസംഗിച്ചും, ജനങ്ങളെ അതിൽ ചേർത്തുകൊണ്ടും എൺപതു വയസ്സുവരെ ഈ മഹാനായ ഗുരു ജീവിച്ചിരുന്നു. തന്റെ ഒടുവിലത്തെ പ്രസംഗയാത്രയിൽ അദ്ദേഹം പാവ എന്ന നഗരത്തിൽ ചെല്ലുകയും, അവിടെ ചണ്ഡൻ എന്നു പേരായ ഒരു ലോഹപ്പണിക്കാരന്റെ ഗൃഹത്തിൽ നിന്ന് ഭക്ഷണം കഴിയ്ക്കുകയും ചെയ്തു. ആ ഭക്ഷണം അദ്ദേഹത്തിനു സുഖക്കേടുണ്ടാക്കി. എങ്കിലും അദ്ദേഹം കിഴക്കെ നേപ്പാളിലെ കുശീനഗരം എന്ന സ്ഥലത്തേയ്ക്കു തന്റെ യാത്ര തുടർന്നു. അവിടെവച്ചു് അസുഖം മൂർഛിച്ച് ബി.സി.ഇ.483-ലോ അതിനു ഏതാണ്ട് അടുത്തോ മരണമടഞ്ഞു.[൩]
"നാശം എല്ലാ പദാർത്ഥങ്ങൾക്കും സഹജമായിട്ടുള്ളതാണ്. അറിവിനെ തേടി, ശ്രദ്ധയോടുകൂടി മോക്ഷത്തിനായി പ്രയത്നംചെയ്യുക" എന്നായിരുന്നു ശിഷ്യന്മാരോടുള്ള അദ്ദേഹത്തിന്റെ ഒടുവിലത്തെ വാക്കുകൾ.
കുശീനഗരത്തിലെ മല്ലർ ഗൌതമന്റെ മൃതശരീരം ദഹിപ്പിയ്ക്കുകയും, ശേഷിച്ച അസ്ഥികളും മറ്റും ഭാരതവർഷത്തിലെ പല ഭാഗങ്ങളിലേയ്ക്കും അയയ്ക്കുകയും ചെയ്തു.
ഇന്ത്യയിലെ പ്രശസ്തമായ നാല് ബുദ്ധമതകേന്ദ്രങ്ങളിൽ ഒന്നാണ് സാരാനാഥ്. ഉത്തർപ്രദേശ് സംസ്ഥാനത്ത് വാരാണസിക്ക് സമീപത്തായാണ് സാരാനാഥ്. ഗൗതമബുദ്ധൻ തന്റെ ധർമപ്രചരണം ആരംഭിച്ച സ്ഥലമാണിത്. മഹാനായ അശോകചക്രവർത്തി സ്തൂപങ്ങളും അശോകസ്തംഭവും സ്ഥാപിച്ച സ്ഥലമാണ് സാരാനാഥ്. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിൽ നമുക്ക് നാലുസിംഹത്തലയോട് കൂടിയ ഈ അശോകസ്തംഭവും കാണാം. 24 ആരക്കാലുകളോട് കൂടിയ ചക്രം ദേശീയപതാകയിലും ആലേഖനം ചെയ്തിരിക്കുന്നു[5].
ബുദ്ധമതത്തിന്റെ അടിസ്ഥാനം അഷ്ടമാർഗ്ഗങ്ങളിൽ അധിഷ്ഠിതമാണ്. ലോകം ദുഃഖമയമാണ്. തൃഷ്ണ, ദുർമോഹം, കാമം, സ്വാർത്ഥം എന്നിവയാണ് ദുഃഖകാരണങ്ങൾ. ഇവയിൽ നിന്നും മുക്തി നേടുന്നതിനുള്ളതാണ് അഷ്ടമാർഗ്ഗങ്ങൾ. സമ്യൿദൃഷ്ടി, സമ്യൿസങ്കൽപം, സമ്യൿവാക്ക്, സമ്യൿകാമം, സമ്യൿആജീവം, സമ്യൿവ്യായാമം, സമ്യൿസ്മൃതി, സമ്യൿസമാധി എന്നിവയാണിവ.[6]
ഉത്തരേന്ത്യൻ ഹിന്ദുക്കൾ ബുദ്ധനെ സാക്ഷാൽ മഹാവിഷ്ണുവിന്റെ അവതാരമായി കണക്കാക്കുന്നു. അവർ ബലരാമനെ അനന്തനാഗത്തിന്റെ അവതാരമായി കരുതുന്നു. ഭാഗവതത്തിൽ ബുദ്ധൻ, കൽക്കി എന്നീ അവതാരങ്ങളെക്കുറിച്ചുള്ള പ്രവചനം മാത്രമേയുള്ളു. ആദ്യത്തേത് കലിയുഗം നടന്നുകൊണ്ടിരിക്കുമ്പോഴും രണ്ടാമത്തേത് കലിയുഗത്തിന്റെ അന്ത്യത്തിലും സംഭവിക്കും എന്ന പ്രവചനം ഭാഗവതത്തിൽ കാണാം എന്നാൽ, അത് ഈ ബുദ്ധനാണെന്നു ഉറപ്പില്ലാത്ത കാര്യമാണ്. മേൽപ്പത്ത്തൂരിന്റെ നാരായണത്തിലും ഈ രണ്ടു അവതാരങ്ങളെ പരാമർശിച്ചിട്ടില്ല
എന്നാൽ ബുദ്ധമതത്തെ ഹൈന്ദവതയാണ് തകർത്തത് എന്ന വാദവും പ്രബലമാണ്. ആര്യാധിനിവേശം പൂർണ്ണമായ ശേഷം അധികാരത്തിന്റെ കാര്യത്തിൽ സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ ശക്തമായി. ആര്യനിസം ഹൈന്ദവ ഇസമായി മാറിക്കഴിഞ്ഞ ആധുനിക കാലത്ത് ബുദ്ധമതത്തെ പൂർണ്ണമായി ഇല്ലാതാക്കാനായിരുന്നു ഹൈന്ദവത ശ്രമിച്ചത്. ബുദ്ധ മതക്കാരുടെ കയ്യിലുണ്ടായിരുന്ന വൈദ്യ പാരമ്പര്യം ഹൈന്ദവപാരമ്പര്യത്തിലേക്ക് വഴിമാറിയത് ആര്യാധികാര പ്രയോഗത്തിലൂടെയാണ്. ആലപ്പുഴയിലും മറ്റും ഇന്ന് കിണറുകുഴിക്കുമ്പോഴും മണ്ണെടുക്കുമ്പോഴും കണ്ടെത്തിയ ബുദ്ധ പ്രതിമകൾ ആര്യൻ ആക്രമണത്തിന്റെ ബാക്കി പത്രങ്ങളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.