Remove ads
From Wikipedia, the free encyclopedia
12 -13 നൂറ്റാണ്ടുകളിൽ ഒറീസ്സയിൽ ജീവിച്ചിരുന്ന ജയദേവൻ എഴുതിയ സംസ്കൃത കാവ്യ പ്രബന്ധമാണ് ഗീതഗോവിന്ദം. ഇത് കേരളത്തിൽ അഷ്ടപദി എന്ന പേരിലും അറിയപ്പെടുന്നു. ജയദേവസരസ്വതി എന്നും ഗീതഗോവിന്ദത്തെ വിളിക്കാറുണ്ട്. ഇതിലെ ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതമുള്ളതിനാലാണ് ഈ കൃതിക്ക് അഷ്ടപദി എന്ന പേര് സിദ്ധിച്ചത്. കേരളീയ ക്ഷേത്രങ്ങളിൽ കൊട്ടിപ്പാടിസേവ, സോപാന സംഗീതം, എന്നിവയ്ക്ക് ഗീതഗോവിന്ദത്തിലെ ഗീതങ്ങളാണ് പ്രധാനമായും പാടുന്നത്.
ഇന്നത്തെ ഒറീസാ സംസ്ഥാനത്തിലെ ഖുർദ ജില്ലയിലെ കെന്ദുലി എന്ന ഗ്രാമത്തിലാണ് ജയദേവൻ ജനിച്ചത്. ജയദേവ ഗോസ്വാമി എന്നായിരുന്നു യഥാർത്ഥനാമം. 12 -13 നൂറ്റാണ്ടുകളാണ് ഇദ്ദേഹത്തിന്റെ ജീവിത കാലഘട്ടം എന്ന് കരുതപ്പെടുന്നു. ജയദേവന്റെ മാതാ പിതാക്കൾ ഭോജദേവനും വാമദേവിയുമായിരുന്നു. കൃഷ്ണഭക്തനായിരുന്ന ജയദേവൻ പുരി ജഗന്നാഥ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു എന്ന് പറയപ്പെടുന്നു. ഏഴാമത്തെ അഷ്ടപദിയിലെ എട്ടാമത്തെ പദത്തിലെ "കിന്ദുവില്വസമുദ്ര സംഭവരോഹിണീരമണേന" എന്ന പ്രയോഗം കൊണ്ട് ജയദേവ കവി ജനിച്ചത് "കിന്ദുവില്വം" എന്ന സ്ഥലത്താണെന്നു സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. 12 -ആം നൂറ്റാണ്ടിൽ വംഗദേശം (ബംഗാൾ) ഭരിച്ചിരുന്ന ലക്ഷ്മണ സേനന്റെ സദസ്യരായിരുന്ന "പഞ്ചരത്നകവികളിൽ" ഒരാളായിരുന്നു ജയദേവകവി.ജയദേവൻ ജനിച്ചത് ഒരു ബുദ്ധ കുടുംബത്തിലായിരുന്നു എന്നും ഒരു വാദമുണ്ട്. കൊണാർക്ക് സൂര്യ ക്ഷേത്രത്തിനു സമീപമുള്ള കൂർമ്മപടക എന്ന സ്ഥലത്ത് നിന്നാണ് ജയദേവന് വിദ്യാഭ്യാസം സിദ്ധിച്ചത് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നു. ഒരു ദേവദാസി ആയിരുന്ന പദ്മാവതിയെയാണ് ജയദേവൻ വിവാഹം കഴിച്ചത്.തന്നേക്കാൾ കൃഷ്ണഭക്തയായിരുന്ന പദ്മാവതിയോടുള്ള ബഹുമാനാർത്ഥം, ജയദേവൻ "പദ്മാവതീ ചരണ ചാരണ ചക്രവർത്തീ" എന്നു സ്വയം വിശേഷിപ്പിക്കുന്നുണ്ട്. അദ്ദേഹം "അജോയ്" എന്നു പേരുള്ള നദീതീരത്തു വച്ച് സമാധിയടയുകയാണുണ്ടായത്.
ശ്രീ മഹാ ഭാഗവതത്തിലെ ദശമ സ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസ ലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഗീതഗോവിന്ദം തുടങ്ങുന്നത് "മേഘൈർമേദുരമംബരം " എന്ന ശ്ലോകത്തോടു കൂടിയാണ്. ഗർഗ്ഗസംഹിത ഗോലോക ഖണ്ഡം പതിനാറാം അദ്ധ്യായത്തിൽ നിന്നുള്ള "മേഘൈർഭൂന്മേദുരമംബരം ച തമാലനീപദ്രുമപല്ലവൈശ്ച" എന്ന ശ്ലോകത്തിന്റെ അനുകരണമാണിത്. തന്റെ തോഴനായ കൃഷ്ണൻ മറ്റു ഗോപികമാരുടെ കൂടെ രാസ ക്രീഡയിൽ ഏർപ്പെടുന്നത് കണ്ട് അത്യന്തം ദുഖിതയും ഗർവിതയുമായ രാധയെ കൃഷ്ണൻ വിട്ടു പിരിഞ്ഞു പോകുന്നു. എന്നാൽ വിരഹം സഹിക്ക വയ്യാതെ കൃഷ്ണൻ തിരികെയെത്തി രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു. ഒരു രാത്രിയോളം പിണങ്ങി നിന്ന രാധയെ പ്രേമം കൊണ്ട് വീർപ്പുമുട്ടിച്ച് കൃഷ്ണൻ ആനന്ദഭരിതയാക്കുന്നു. അങ്ങനെ ഇരുവരും പുന: സംഗമിക്കുന്നു. ഇതാണ് കഥാ സന്ദർഭം.
മഴപെയ്യാനായി ആകാശം ഇരുളുന്നതും മേഘാവൃതമാകുന്നതും, തമാല വൃക്ഷങ്ങൾ നിറഞ്ഞു നിൽക്കുന്നതും കാണുമ്പോൾ പേടിക്കുന്നവനും സ്വതേ ഒരു ഭീരുവുമാണ് കൃഷ്ണനെന്ന് അറിയാവുന്ന നന്ദഗോപർ കൃഷ്ണനെ വേഗം കൂട്ടികൊണ്ടു വരാൻ രാധയോട് ആവശ്യപ്പെടുന്നു. അങ്ങനെ ഗൃഹത്തിലേക്ക് മടങ്ങുന്ന കൃഷ്ണനും രാധയും ഇടയ്ക്ക് കാണുന്ന വള്ളിക്കുടിലുകളിൽ കയറി രാസ ക്രീഡയിൽ ഏർപ്പെടുന്നു. ഈ കേളികൾ സർവോത്കർഷേണ വിജയിക്കുന്നു.ഇതാണ് മംഗള ശ്ലോകത്തിലെ പ്രസ്താവം. ശൃംഗാര രസമാണ് ഈ കൃതിയിൽ അടങ്ങിയിട്ടുള്ളത്. പ്രേമ പാരവശ്യതയാണ് ഇതിലെ സാർവത്രിക ഭാവം.
ഈ പ്രബന്ധത്തിന് 12 സർഗങ്ങളാണുള്ളത്. 93 ശ്ലോകങ്ങളും എട്ടു പദങ്ങൾ(വരികൾ) വീതമുള്ള 24 ഗീതങ്ങളും ഗീതഗോവിന്ദത്തിലുണ്ട്. എന്നാൽ ഒന്നാമത്തെ അഷ്ടപദിയിൽ 11 പദങ്ങളും പത്താം അഷ്ടപദിയിൽ 5 പദങ്ങളുമാണുള്ളത്. ബാക്കിയുള്ള എല്ലാ അഷ്ടപദികളിലും എട്ട് പദങ്ങൾ വീതമുണ്ട്. വൃത്ത നിബദ്ധങ്ങളായ ഈ ഗീതങ്ങൾ അഥവാ അഷ്ടപദികൾ പാടേണ്ടുന്ന രാഗങ്ങളെക്കുറിച്ചും ഇതിൽ പറയുന്നുണ്ട്. ഇതിലെ പന്ത്രണ്ടു സർഗങ്ങൾക്കും ഉചിതമായ ശീർഷകങ്ങൾ കൊടുത്തിട്ടുണ്ട്. ഇത് കഥാ സന്ദർഭത്തിന് ചേരും വിധമാണ്.
എന്നിവയാണ് 12 സർഗങ്ങൾ.
"പ്രളയ പയോധി ജലേ" എന്ന് തുടങ്ങുന്ന ആദ്യത്തെ ഗീതം ദശാവതാര വർണനയാണ്.... ഇതിൽ എട്ടാമത്തെ അവതാരമായി ബലരാമനെയും ഒൻപതാമത്തെ അവതാരമായി ശ്രീ ബുദ്ധനെയും കണക്കാക്കുന്നു. എന്നാൽ ശ്രീ കൃഷ്ണൻ ഈ പത്ത് അവതാരങ്ങളിൽ പെടുന്നില്ല. ജയദേവ കവി, ദശാവതാരം എന്നത് മഹാവിഷ്ണുവിന്റെ വിവിധങ്ങളായ പത്തു രൂപങ്ങളാണ് എന്ന സിദ്ധാന്തത്തിനു പകരം, ശ്രീകൃഷ്ണന്റെ അവതാരങ്ങളാണ് ദശവിധ രൂപങ്ങൾ എന്ന് സമർത്ഥിക്കുന്നു. മഹാവിഷ്ണുവിനെക്കുറിച്ച് ഇവിടെ പരാമർശമില്ല.
"ശ്രിതകമലാകുചമണ്ഡല" എന്ന് തുടങ്ങുന്ന രണ്ടാമത്തെ ഗീതത്തിൽ ഏതാനും ചില അവതാരങ്ങളെക്കുറിച്ചു മാത്രമുള്ള വർണനയും ഭഗവത് സ്തുതിയുമാണുള്ളത്.
"ലളിതവംഗലതാപരിശീലന" എന്നു തുടങ്ങുന്ന മൂന്നാം ഗീതത്തിൽ ശ്രീകൃഷ്ണൻ ഗോപികമാരുമായി ക്രീഡിക്കുന്നുവെന്നു രാധയോട് സഖി പറയുന്നു.
"ചന്ദനചർച്ചിത നീലകളേബര" എന്നു തുടങ്ങുന്ന നാലാം ഗീതത്തിൽ ഗോപികമാരോടൊത്തുള്ള കൃഷ്ണന്റെ ശൃംഗാര ചേഷ്ടകൾ രാധയ്ക്കു സഖി വർണ്ണിച്ചു കൊടുക്കുന്നു.
"സഞ്ചരധരസുധാമധുരധ്വനി" എന്നു തുടങ്ങുന്ന അഞ്ചാം ഗീതത്തിൽ ഗോപികമാരുമായുള്ള കൃഷ്ണലീലകൾ രാധ മനസ്സിൽ സങ്കല്പിക്കുന്നു.
"നിഭൃതനികുഞ്ജഗൃഹം" എന്നു തുടങ്ങുന്ന ആറാം അഷ്ടപദിയിൽ കൃഷ്ണനെ തന്റെ കൂടെ രമിപ്പിക്കുവാനായി രാധ, സഖിയോടു പറയുന്നു.
"മാമിയംചലിതാവിലോക്യ" എന്നു തുടങ്ങുന്ന ഏഴാം ഗീതത്തിൽ രാധ പരിഭവിച്ചു പോകുമ്പോൾ തടയാഞ്ഞതിനാൽ ശ്രീകൃഷ്ണൻ പശ്ചാത്തപിക്കുന്നു.
"നിന്ദതി ചന്ദനമിന്ദുകിരണമനുവിന്ദതി" എന്നു തുടങ്ങുന്ന എട്ടാം ഗീതത്തിൽ വിരഹിണിയായ രാധയുടെ കഥ സഖി കൃഷ്ണനോടു പറയുന്നു.
"സ്തനവിനിഹിതമപി ഹാരമുദാരം" എന്നു തുടങ്ങുന്ന ഒൻപതാം ഗീതത്തിലും ഖിന്നയായ രാധയെക്കുറിച്ചുള്ള സഖിയുടെ വർണനയാണ്.
"വഹതി മലയസമീരേ" എന്നു തുടങ്ങുന്ന പത്താം ഗീതത്തിൽ സഖി, കൃഷ്ണൻ അനുഭവിക്കുന്ന വിരഹ വേദന രാധയോടു പറയുന്നു.
"രതിസുഖസാരേ ഗതമഭിസാരേ" എന്നു തുടങ്ങുന്ന പതിനൊന്നാം ഗീതത്തിൽ സഖി, രാധയെ കൃഷ്ണസമീപത്തേക്കു ചെല്ലാൻ പ്രേരിപ്പിക്കുന്നു.
"പശ്യതി ദിശി ദിശി രഹസി ഭവന്തം" എന്നു തുടങ്ങുന്ന പന്ത്രണ്ടാം ഗീതത്തിൽ രാധയുടെ ദയനീയാവസ്ഥ സഖി കൃഷ്ണനെ ധരിപ്പിക്കുന്നു.
"കഥിതസമയേപി ഹരിരഹഹ" എന്നു തുടങ്ങുന്ന പതിമൂന്നാം ഗീതത്തിൽ രാധ വിരഹ ദുഃഖത്താൽ വിലപിക്കുന്നു.
"സ്മരസമരോചിത വിരചിതവേഷാ" എന്നു തുടങ്ങുന്ന പതിനാലാം ഗീതത്തിൽ ശ്രീകൃഷ്ണൻ മറ്റൊരു ഗോപികയുമായി ക്രീഡിക്കുന്നതായി സങ്കല്പിച്ചു രാധ സഖിയോടു പരിഭവം പറയുന്നു.
"സമുദിതമദനേ രമണീവദനേ" എന്നു തുടങ്ങുന്ന പതിനഞ്ചാം ഗീതത്തിലും ശ്രീകൃഷ്ണൻ മറ്റൊരു ഗോപികയെ ക്രീഡിക്കുന്നതായി സങ്കല്പിച്ചുള്ള രാധയുടെ സങ്കടമാണ്.
"അനില തരള കുവലയ നയനേന" എന്നു തുടങ്ങുന്ന പതിനാറാം ഗീതത്തിൽ ശ്രീകൃഷ്ണൻ തന്റെ സമീപത്തു വരാത്തിൽ രാധ പരാതി പറയുന്നു.
"രജനിജനിതഗുരുജാഗരരാഗകഷായിതമലസനിമേഷം" എന്ന പതിനേഴാം ഗീതത്തിൽ രാധ,കൃഷ്ണനെ തിരസ്കരിക്കുന്നു.
"ഹരിരഭിസരതി വഹതി മധുപവനേ" എന്നു തുടങ്ങുന്ന പതിനെട്ടാം ഗീതത്തിൽ രാധയെ സഖി സാന്ത്വനപ്പെടുത്താൻ ശ്രമിക്കുന്നു.
"വദസി യദി കിംചിദപി ദന്തരുചികൌമുദീ എന്നു തുടങ്ങുന്ന പത്തൊൻപതാം ഗീതത്തിൽ ശ്രീകൃഷ്ണൻ രാധയെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നു.
"വിരചിതചാടുവചനരചനം ചരണേ" എന്നു തുടങ്ങുന്ന ഇരുപതാം ഗീതത്തിൽ തോഴി,രാധയെ പ്രേരിപ്പിക്കുകയാണ്, കൃഷ്ണ സമീപത്തു ചെല്ലാൻ.
"മഞ്ജുതരകുഞ്ജതലകേളിസദനേ വിലസ" എന്നു തുടങ്ങുന്ന ഇരുപത്തൊന്നാം ഗീതത്തിൽ രാധ വീണ്ടും വീണ്ടും സഖിയാൽ കൃഷ്ണ സമീപത്തു ചെല്ലാൻ നിർബന്ധിക്കപ്പെടുന്നു.
"രാധാവദനവിലോകനവികസിതവിവിധവികാരവിഭങ്ഗം" എന്നു തുടങ്ങുന്ന ഇരുപത്തി രണ്ടാം ഗീതത്തിൽ കവി കൃഷ്ണനെ വർണിക്കുന്നു.
"ഗതവതി സഖീവൃന്ദേഽമന്ദത്രപാഭരനിർഭര" എന്നു തുടങ്ങുന്ന ഇരുപത്തി മൂന്നാം ഗീതത്തിൽ ശ്രീകൃഷ്ണൻ രാധയെ ക്രീഡയ്ക്ക്കായി ക്ഷണിക്കുന്നു.
"കുരു യദുനന്ദന ചന്ദനശിശിരതരേണ" എന്നു തുടങ്ങുന്ന ഇരുപത്തി നാലാം ഗീതത്തിൽ കാമകേളികളാൽ തളർന്ന തന്നെ കാത്തുകൊള്ളുവാൻ രാധ, കൃഷ്ണനോട് ആവശ്യപ്പെടുന്നു.
ഒരോ ഗീതത്തിന്റെയും അവസാന പദം കവിയുടെ പേരിനെ ഉൾകൊള്ളുന്നു. ഉദാഹരണത്തിന് ഒന്നാം ഗീതം അവസാനിക്കുന്നത് "ശ്രീജയദേവ കവേരിദമുദിതമുദാരം" എന്ന പദത്തോടെയാണ്.
എല്ലാ അഷ്ടപദികളിലും ഓരോ പദത്തിന്റെയും വരികളുടെ അവസാനം അന്ത്യപ്രാസം ചേർത്തിട്ടുണ്ട്. ഓരോ അഷ്ടപദിയുടേയും ആദ്യം കഥാസന്ദർഭവും രംഗവും വിശദീകരിക്കുന്ന ഓരോ ശ്ലോകങ്ങൾ വീതമുണ്ട്.
കൂടാതെ എല്ലാ സർഗ്ഗത്തിന്റെയും അവസാനവും ഓരോ ശ്ലോകങ്ങൾ വീതം ചേർത്തിട്ടുണ്ട്. ഇത് മിക്കവാറും ആശംസാ രൂപത്തിലോ പ്രാർത്ഥനാരൂപത്തിലോ ആണ്.
തന്റെ കൃതിയിലെ അമിത ശൃംഗാര പ്രയോഗങ്ങൾ അരോചകമാകാതെയിരിക്കാനും കാര്യമാത്രപ്രസക്തമായ അർത്ഥം മാത്രമുള്ളതിനാൽ അർത്ഥ ദാരിദ്ര്യം ഇല്ലാത്തതെന്നും കാണിക്കാൻ കവി തന്നെ ചില മുൻ കരുതലുകൾ എടുത്തിരിക്കുന്നതായി കാണാം. പ്രധാന രസം ശൃംഗാരമായതിനാൽ അതിൽ താല്പര്യമുള്ളവർ മാത്രം ഇവ വായിച്ചാലോ കേട്ടാലോ മതിയെന്ന് കവി സൂചിപ്പിക്കുന്നു.മാംസള പ്രണയത്തിലൂടെ ഭക്തിയും അതിലൂടെ മോക്ഷ സാക്ഷാത്കാരവുമാണ് ജയദേവൻ ഈ കൃതിയിലൂടെ വ്യക്തമാക്കുന്നത്. മാംസത്തോടുള്ള അഭിനിവേശം, ജീവാത്മാവിന്റെ ബാലിശമായ, പരമാത്മാവിനോട് കൂടിചേരാനുള്ള കേവലം വെമ്പലാണെന്നു കവി സമർഥിക്കുന്നു.മാംസ നിബദ്ധ ശൃംഗാരം കേവലം ഉപരിപ്ലവമായ ഉർവരതയോ പൂർണതയിലെത്താനുള്ള ജീവാണുവിന്റെ അഭിസരണ പ്രക്രിയയോ ആണ്.
വിവിധങ്ങളായ സംസ്കൃത വൃത്തങ്ങളാൽ സമ്പുഷ്ടമാണ് ഈ കൃതി. സന്ദർഭോചിതമായ രാഗങ്ങളാണ് ഗാനങ്ങളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ സീമാതീതങ്ങളായ വിവിധ വികാരങ്ങൾക്ക് അനുസൃതമായ പദ പ്രയോഗങ്ങളും രാഗതാളാനാവരണങ്ങളും ഇതിനെ മറ്റു സംഗീത പ്രധാനമായ സംസ്കൃത കൃതികളേക്കാൾ ഉത്കൃഷ്ട കൃതിയായി മാറ്റി നിര്ത്തുന്നു.ഓരോ ഗാനവും പാടേണ്ട രാഗങ്ങൾ കവി തന്നെ നിഷ്കർഷിച്ചിട്ടുണ്ട്. ഇതിൽ ഉപയോഗിച്ചിരിക്കുന്ന 20 രാഗങ്ങളും താളങ്ങളും ഇവയാണ്:
കർണാടക സംഗീതത്തിലും കേരളീയ സംഗീതത്തിലും ഗീതഗോവിന്ദം സൃഷ്ടിച്ചത് ഒരു വൻ സംഗീത വിപ്ലവമാണ്. എന്നു മുതലാണ് ഈ കൃതി കേരളീയ സംഗീത രംഗത്ത് ഉപയോഗിച്ചു തുടങ്ങിയത്, അതിനു ഉപോൽബലകമായ സാഹചര്യം എന്നിവ അജ്ഞാതമായ കാര്യങ്ങളാണ്. ഈ കൃതിക്ക് ഒരു കേരളീയ കവിയുടേതല്ലാതിരുന്നിട്ടുകൂടി ഇവിടെ ലഭിച്ചിട്ടുള്ള പ്രചാരം അത്ഭുതാവഹവും ആശ്ചര്യജനകവുമാണ്. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിലും, മഹാവിഷ്ണുവിനോ വൈഷ്ണവാവതാരങ്ങൾക്കോ പ്രാധാന്യമുള്ള ക്ഷേത്രങ്ങളിലും കൊട്ടിപ്പാടി സേവക്കു ഗീതഗോവിന്ദമാണ് ഉപയോഗിക്കുന്നത്. എന്നാൽ വൈഷ്ണവേതര മൂർത്തികളുള്ള ക്ഷേത്രങ്ങളിലും ഗീതാഗോവിന്ദം പാടാറുണ്ട്. ക്ഷേത്ര സോപാന നടയിൽ നിന്ന് പാടുന്നതിനാൽ ഇവ സോപാനസംഗീതം എന്നറിയപ്പെടുന്നു. സോപാനസംഗീതത്തിൽ മാത്രമല്ല, കഥകളിയുടെ സാഹിത്യ രൂപമായ ആട്ടക്കഥയിലും ഗീതഗോവിന്ദത്തിന്റെ പ്രഭാവം കാണാവുന്നതാണ്. ജയദേവ ശൈലിയെ അനുകരിച്ച് ധാരാളം ആട്ടക്കഥകൾ ഉണ്ടായിട്ടുണ്ട്. കഥകളിയുടെ ഒരു പ്രധാനപ്പെട്ട ചടങ്ങായ 'മേളപ്പദത്തിൽ' പാടുന്നത് "മഞ്ജുതര കുഞ്ജതല കേളി സദനേ" എന്ന് തുടങ്ങുന്ന 21-ആം അഷ്ടപദിയാണ്. കൂടാതെ അഷ്ടപദിയാട്ടം എന്ന കലാരൂപം കേരളത്തിൽ കൃഷ്ണനാട്ടത്തിനും രാമനാട്ടത്തിനും മാർഗദർശമായിത്തീർന്ന കലയാണ്. കഥകളിയെന്ന നാട്യരൂപം ആവിർഭവിക്കുന്നതിനും മുൻപായിരുന്നു ഇത് കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്.
കേരളത്തിൽ മാത്രമല്ല ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഗീതഗോവിന്ദത്തിന്റെ സ്വാധീന ശക്തി പടർന്നിട്ടുണ്ട്. സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിൽ ഗീതഗോവിന്ദത്തിലെ ചില ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഒഡീസ്സി നൃത്തത്തിൽ ഗീതഗോവിന്ദത്തിന്റെ ചില ഒഴിച്ചു കൂടാനാവാത്ത ബന്ധങ്ങൾ കാണാൻ കഴിയും. ഒഡീസ്സി നൃത്തത്തിന്റെ പശ്ചാത്തല സംഗീതം ഗീതഗോവിന്ദമാണ്. കൂടാതെ പഹാരി, പദ ചിത്ര എന്നീ ചിത്ര നിർമ്മാണ ശൈലികളിൽ അഷ്ടപദിയുടെ പ്രഭാവം കാണാവുന്നതാണ്. ബംഗാളിലെ ജാത്ര നാടകം ഗീതഗോവിന്ദത്തിന്റെ വരവോടെ പ്രസിദ്ധിയാർജിച്ച ഒരു നാടക രൂപമാണ്. അഷ്ടപദിയുടെ സ്വാധീന ശക്തി പല പുതിയ ദൃശ്യ കാവ്യ പ്രസ്ഥാനങ്ങൾക്ക് രൂപം നൽകുകയോ പഴയവയ്ക്കു പുരോഗതി നൽകുകയോ ചെയ്തിട്ടുണ്ട്.
1807 ൽ സർ വില്യം ജോൺസും, എഡ്വിൻ ആർനോൾഡും ഗീതഗോവിന്ദം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തി. ലെറോ ഏണസ്റ്റ്, കൌർടില്ലിയേർസ് എന്നിവർ ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം നൽകി. പ്രശസ്ത ജർമൻ സാഹിത്യകാരനായ ഗെയ്ഥെ, ഇത് ജർമൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ ശ്രമിച്ചുവെങ്കിലും വേറൊരു ഭാഷയിലും ഇത്രകണ്ട് ഭംഗി സന്നിവേശിപ്പിക്കാനാവില്ല എന്ന് കണ്ടു പിന്തിരിയുകയാണുണ്ടായത്. ഗീതഗോവിന്ദത്തിനുണ്ടായ ചില സംസ്കൃത വ്യാഖ്യാനങ്ങൾ ഇവയാണ്:
മലയാളത്തിലുള്ള വ്യാഖ്യാനങ്ങൾ ഇവയാണ്:
ആദ്യ സർഗ്ഗമായ സാമോദദാമോദരത്തിലെ "മേഘൈർമേദുരമംബരം" എന്ന ശ്ലോകത്തിനു ചങ്ങമ്പുഴ നൽകിയ ഭാഷ്യം ഇപ്രകാരമാണ്:
“ | കോടക്കാറിടതൂർന്നതാണു ഗഗനം
ക്കാടൊട്ടുക്കിരുളാർന്നതാണു നിശയാ-
വീടെത്തിച്ചിടുകാകയാലിവനെ നീ-
കൂടിച്ചേർന്നുഗമിച്ചു മാധവനുമ-
|
” |
നൂറ്റാണ്ടുകളേറെ കഴിഞ്ഞിട്ടും അതീവ ശ്രവ്യ, സാഹിത്യ ചാരുതയുള്ള ഈ കാവ്യപ്രബന്ധം സർവർക്കും ശ്രവണ സുഖം നൽകിക്കൊണ്ട് ഇന്നും ഭാരതീയ കലാരംഗത്ത് സമുന്നത സ്ഥാനത്തോടെ നില നിൽക്കുന്നു
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.