കശുമാവ്
മരം From Wikipedia, the free encyclopedia
കേരളത്തിൽ വളരെ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു വൃക്ഷമാണ് കശുമാവ് (ശാസ്ത്രീയനാമം: Anacardium occidentale). കശുമാവ്, പറുങ്ങാവ്, പറങ്കിമൂച്ചി, പറങ്കിമാവ്, കപ്പൽ മാവ് എന്നീ പേരുകളിൽ ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്ന ഈ ഉഷ്ണമേഖലാ നിത്യഹരിത വൃക്ഷത്തിന്റെ പോഷക സമൃദ്ധവും രുചികരവുമായ വിത്താണ് സാധാരണ ഉപയോഗിക്കുന്നത്. തികച്ചും ആരോഗ്യകരവും പോഷകങ്ങൾ നിറഞ്ഞതുമാണ് ഇതിന്റെ വിത്തും ഫലവും. ഈ വൃക്ഷത്തിന് 14 മീറ്റർ (46 അടി) വരെ ഉയരത്തിൽ വളരാൻ കഴിയും, എന്നാൽ 6 മീറ്റർ (20 അടി) വരെ വളരുന്ന കുള്ളൻ കശുവണ്ടി നേരത്തേയുള്ള വളർച്ചയെത്തലും കൂടുതൽ വിളവും കാരണമായി കൂടുതൽ ലാഭം തെളിയിച്ചിട്ടുണ്ട്. കശുവണ്ടി പലപ്പോഴും പാചക അർത്ഥത്തിൽ ഒരു കായയായി കണക്കാക്കപ്പെടുന്നതിനാൽ; ഈ കശുവണ്ടി നേരിട്ടു കഴിക്കുകയോ പാചകത്തിൽ ഉപയോഗിക്കുകയോ, അല്ലെങ്കിൽ കശുവണ്ടി നെയ് അല്ലെങ്കിൽ കശുവണ്ടി വെണ്ണയായി സംസ്ക്കരിച്ചെടുക്കുകയോ ചെയ്യുന്നു. ഇതിന്റെ കായ പലപ്പോഴും കശുവണ്ടി എന്ന് വിളിക്കപ്പെടുന്നു. മധ്യ ദക്ഷിണ അമേരിക്ക ജന്മദേശമായുള്ള ഈ വൃക്ഷം[1] കേരളത്തിൽ എത്തിച്ചത് പറങ്കികളാണ്.
കശുമാവ് | |
---|---|
![]() | |
കശുമാങ്ങയും കശുവണ്ടിയും. | |
Scientific classification | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. occidentale |
Binomial name | |
Anacardium occidentale | |
Synonyms | |
|





വടക്കുകിഴക്കൻ ബ്രസീൽ ഉൾപ്പെടെ മധ്യ അമേരിക്ക, കരീബിയൻ ദ്വീപുകൾ, വടക്കൻ തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ തദ്ദേശിയാണ് ഈ വൃക്ഷം.[2][3][4] ബ്രസീലിലെ പോർച്ചുഗീസ് കോളനിക്കാർ 1550 കളിൽത്തന്നെ കശുവണ്ടി അവിടെനിന്നു കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു.[5] 2017 ൽ വിയറ്റ്നാം, ഇന്ത്യ, ഐവറി കോസ്റ്റ് എന്നിവയായിരുന്നു ഇതിന്റെ പ്രധാന ഉൽപാദകർ.
കശുവണ്ടി വിത്തിന്റെ തോട് രണ്ടാം ലോക മഹായുദ്ധത്തിന്റെ ആരംഭംമുതൽക്കുതന്നെ ലൂബ്രിക്കന്റുകൾ, വാട്ടർപ്രൂഫിംഗ്, പെയിന്റുകൾ, ആയുധ ഉൽപാദനം എന്നിവ ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്നതായ ഉപോത്പന്നങ്ങൾ നൽകിയിരുന്നു.[6] കശുമാമ്പഴം ഇളം ചുവപ്പ് മുതൽ മഞ്ഞ നിറംവരെയുള്ള വർണ്ണങ്ങളിൽ കാണപ്പെടുന്ന ഒരു പഴമാണ്, ഇതിന്റെ കാമ്പിൽനിന്ന് മധുരവും ചവർപ്പുരസം നിറഞ്ഞതുമായ പാനീയം സംസ്ക്കരിച്ചെടുക്കാം അല്ലെങ്കിൽ വാറ്റിയെടുത്ത് മദ്യമാക്കി ഉപയോഗിക്കാം.
പേരിനു പിന്നിൽ
പോർത്തുഗീസ് ഭാഷയിലെ കാശു (Caju) വിൽ (Portuguese pronunciation: [kaˈʒu]) നിന്നാണ് കശുമാവ് എന്ന വാക്ക് ഉണ്ടായത്.[7] അകാജു എന്നും അറിയപ്പെടുന്ന ഇത് ടുപിയൻ പദമായ അകാജിൽ നിന്നാണ്, അക്ഷരാർത്ഥത്തിൽ "സ്വയം ഉത്പാദിപ്പിക്കുന്ന നട്ട്".[8] പോർത്തുഗീസുകാർ കൊണ്ടുവന്ന മാവ് എന്നർത്ഥത്തിൽ പറങ്കിമാവ് എന്നും വിളിക്കുന്നു. കശുമാങ്ങയ്ക്ക് 'ചേരുംപഴം' എന്നും വിത്തിന് 'ചേരണ്ടി' എന്നും ചില പ്രദേശങ്ങളിൽ വിളിക്കുന്നുണ്ട്[9].
അനകാർഡിയം എന്ന പൊതുനാമം ഗ്രീക്ക് ഉപസർഗ്ഗം അന- (പുരാതന ഗ്രീക്ക്: ἀνά- aná "up, upward"), ഗ്രീക്കിലെ കാർഡിയ (പുരാതന ഗ്രീക്ക്: καρδία kardía "heart"), പുതിയ ലാറ്റിൻ പ്രത്യയം-യം എന്നിവ ഉൾക്കൊള്ളുന്നതാണ്. ഇത് ഒരുപക്ഷേ പഴത്തിന്റെ ഹൃദയാകാരത്തെ,[10] "പഴത്തിന്റെ തണ്ടിന്റെ മുകൾഭാഗത്തെ"[11] അല്ലെങ്കിൽ വിത്തിനെ[12] സൂചിപ്പിക്കുന്നു. കാൾ ലിനേയസ് കാഷ്യൂ എന്നാക്കി മാറ്റുന്നതിനുമുമ്പ്, രണ്ട് സസ്യങ്ങളും ഒരേ കുടുംബത്തിലാണെങ്കിൽപ്പോലും അനകാർഡിയം എന്ന പദത്തെ സെമെകാർപസ് അനകാർഡിയത്തെ (അലക്കുചേര്) സൂചിപ്പിക്കാൻ നേരത്തേ ഉപയോഗിച്ചിരുന്നു.[13] ഓക്സിഡന്റേൽ എന്ന വിശേഷണം പാശ്ചാത്യ ലോകത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്.[14]
സവിശേഷതകൾ
Anacardiaceae സസ്യകുടുംബത്തിൽപ്പെട്ട ഈ സസ്യത്തിന്റെ ശാസ്തീയനാമം Anacardium occidentale എന്നാണ് [15]. ഇത് ഇന്ത്യയ്ക്ക് പുറമേ, വെസ്റ്റ് ഇൻഡീസ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കാണപ്പെടുന്നു[16].
ഇടത്തരം വൃക്ഷമായ ഇത് 15 മീറ്റർ മുതൽ 25 മീറ്റർ വരെ ഉയരത്തിൽ വളരുന്നതുമാണ്. ഇലകൾ ഓവൽ ആകൃതിയിലുള്ളതും പൂക്കൾക്ക് റോസ് നിറവുമാണ്[16].
വിത്തുകൾ നട്ടാണ് പ്രധാനമായും ഇവയുടെ തൈകൾ ഉൽപാദിപ്പിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിലുള്ള കശുമാവ് കൃഷിക്ക് ബഡിംഗ് മൂലം ഉല്പാദിപ്പിച്ച തൈകൾ ഉപയോഗിക്കുന്നു. കാലതാമസം കൂടാതെ ഫലലഭ്യത ഉറപ്പ് വരുത്തുന്നതിനാണിത്. കശുവണ്ടിയുടെ തോടിലെ കറ ശരീരത്തിൽ പൊള്ളലുണ്ടാക്കും.
ഉത്പാദനം
2017 ൽ, കശുവണ്ടിയുടെ ആഗോള ഉത്പാദനം (കുരുവായി) 3,971,046 ടണ്ണായിരുന്നു. വിയറ്റ്നാം, ഇന്ത്യ, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളായിരുന്നു യഥാക്രമം 22%, 19%, 18% എന്നിങ്ങനെ ആഗോളതലത്തിൽ ഉത്പാദനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ബെനിൻ, ഗ്വിനിയ-ബിസാവു, കേപ് വേർഡ്, ടാൻസാനിയ, മൊസാംബിക്ക്, ഇന്തോനേഷ്യ, ബ്രസീൽ എന്നിവിടങ്ങളിലും കശുവണ്ടിയുടെ ഗണ്യമായ ഉൽപാദനം ഉണ്ടായിരുന്നു.
2014-ൽ ഐവറി കോസ്റ്റിലെ കശുവണ്ടി കൃഷിയുടെ ദ്രുതഗതിയിലുള്ള വളർച്ച ഈ രാജ്യത്തെ ആഫ്രിക്കൻ കയറ്റുമതിയിൽ മുൻപന്തിയിലാക്കിയിരുന്നു.[17] ലോക വിപണി വിലയിലെ ഏറ്റക്കുറച്ചിലുകൾ, മോശം തൊഴിൽ സാഹചര്യങ്ങൾ, പ്രാദേശിക വിളവെടുപ്പിനു നൽകപ്പെടുന്ന കുറഞ്ഞ വേതനം എന്നിവ കശുവണ്ടി വ്യവസായ മേഖലയിലെ അതൃപ്തിക്ക് കാരണമായിത്തീർന്നു.[18][19][20]
പോഷകങ്ങൾ
കശുവണ്ടിപ്പരിപ്പ് പോഷക സമൃദ്ധവും ആരോഗ്യദായകവുമാണ്. മഗ്‌നീഷ്യം, അയൺ, ഫൈബർ, വിറ്റാമിൻ, പ്രോട്ടീൻ എന്നിവയുടെ ഒരു പ്രധാന ശ്രോതസാണ് കശുവണ്ടി. അസംസ്കൃത കശുവണ്ടിയിൽ 5% ജലം, 30 കാർബോഹൈഡ്രേറ്റ്, 44% കൊഴുപ്പ്, 18% പ്രോട്ടീൻ (പട്ടിക) എന്നിവയാണുള്ളത്. 100 ഗ്രാം കശുവണ്ടിയിൽ പ്രോട്ടീൻ 36%, കാൽസ്യം 3%, ഇരുമ്പ് 37%, വിറ്റാമിൻ B6 20%, മഗ്‌നീഷ്യം 73%, പൂരിത കൊഴുപ്പ് 40%, കൊളെസ്ട്രോൾ ഇല്ല, പൊട്ടാഷ്യം 18%, നാരുകൾ (ഫൈബർ) 13%, സിങ്ക് 6%, പഞ്ചസാര 6%.
ഉപയോഗങ്ങൾ
കശുവണ്ടിപ്പരിപ്പ് പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുവാണ്.
കശുവണ്ടിത്തോടിൽ നിന്നും എടുക്കുന്ന എണ്ണ വാർണിഷ്, പെയിൻറ് എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്നു.
ഗോവയിൽ ഈ പറങ്കിപ്പഴം ഉപയോഗിച്ച് ഫെനി എന്ന മദ്യം ഉണ്ടാക്കിവരുന്നു.
കശുമാങ്ങയുടെ നീരിൽ അല്പം കഞ്ഞിവെള്ളം ചേർത്ത് നന്നായി ഇളക്കി കുറച്ചു നേരം വച്ചാൽ അതിലുള്ള കറ അടിയും. തെളി ഊറ്റിയെടുത്ത് അല്പം പഞ്ചസാര ചേർത്താൽ നല്ല ഒരു പാനീയമാണ്.

രസാദി ഗുണങ്ങൾ
രസം :മധുരം
ഗുണം :ഗുരു, രൂക്ഷം
വീര്യം :ഉഷ്ണം
വിപാകം :മധുരം [21]

ഔഷധയോഗ്യ ഭാഗം
മരപ്പട്ട, ഫലം, കറ[21]
ആരോഗ്യ ഗുണങ്ങൾ
പ്രോട്ടീൻ, ഫൈബർ, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. കശുവണ്ടി തികച്ചും ആരോഗ്യകരവും പോഷകഗുണമുള്ളതും പഞ്ചസാര കുറവുള്ളതുമായ ഒരു ഭക്ഷ്യ വിഭവമാണ്. ചെമ്പിന്റെ സാന്നിധ്യം കൊണ്ട് സമ്പന്നമായ ഇവ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും മസ്തിഷ്ക വികസനത്തിനും ഉത്തമമാണ്.
കശുവണ്ടിയുടെ ആരോഗ്യപരമായ ചില ഗുണങ്ങൾ ഇതാ.
*കൊളസ്ട്രോൾ നിയന്ത്രിക്കുന്നു
കശുവണ്ടി പതിവായി കഴിക്കുന്നത് ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കുന്ന സ്റ്റിയറിക് ആസിഡ് ഇവയിൽ അടങ്ങിയിരിക്കുന്നു. പൊതുവേ ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് പരിപ്പുകൾ. ഇവ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇതു മിതമായി കഴിച്ചാൽ കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കില്ല.
- കണ്ണുകളുടെ ആരോഗ്യത്തിന് നല്ലത്
കശുവണ്ടിയിൽ റെറ്റിനയെ സംരക്ഷിക്കുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുകയും ചെയ്യുന്നു.
- മസിലുകളുടെ വളർച്ചയ്ക്ക്
പേശികൾ വളർത്താൻ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടി. നമുക്ക് ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം ആവശ്യമുണ്ട്. ഇത് കാൽസ്യം ആഗിരണം സാധ്യമാക്കുന്നു. ഇതിന് സഹായിക്കുന്ന ഒന്നു കൂടിയാണ് കശുവണ്ടിപ്പരിപ്പ്.
*ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു
ഒമേഗ 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമായ കശുവണ്ടി ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു, അതുവഴി ശരീരഭാരം കുറയ്ക്കാനും, ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കിലും നാരുകളും മാംസ്യവും ഉള്ളതിനാൽ പൊണ്ണത്തടി കുറയ്ക്കാൻ കശുവണ്ടി സഹായിക്കുന്നതായി പഠനങ്ങൾ വെളിപ്പെടുത്തുന്നു. വറുത്ത് കഴിയ്ക്കാതിരിയ്ക്കുകയെന്നത് പ്രധാനം. വറുത്തു കഴിച്ചാൽ ഗുണം ലഭിയ്ക്കാതെ പോകും.
*ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു
കശുവണ്ടിയിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയ സംബന്ധമായ രോഗങ്ങൾ തടയാൻ സഹായിക്കുന്നു. കശുവണ്ടിക്ക് വീക്കം തടയുന്നതിനുള്ള ഗുണങ്ങളുണ്ട്. ഒപ്പം, വിറ്റാമിനുകളും ഫൈബറും ധാതുക്കളും അടങ്ങിയ ഇവ ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു. കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്.
*പ്രമേഹത്തെ നിയന്ത്രിക്കുന്നു
മറ്റ് നട്ട്സുകളെ അപേക്ഷിച്ച് കശുവണ്ടിയിൽ കാർബോഹൈഡ്രേറ്റ് താരതമ്യേന കുറവാണ്. കൂടാതെ, അവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയുന്നു. അതുവഴി കശുവണ്ടി പ്രമേഹത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കാൻ കശുവണ്ടി വളരെ നല്ലതാണ്.
- ലൈംഗിക-പ്രത്യുത്പാദന ആരോഗ്യത്തിന്
കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന സിങ്ക് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താനും, ലൈംഗിക-പ്രത്യുത്പാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും, ശരിയായ ലൈംഗിക-പ്രത്യുത്പാദന ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
കശുവണ്ടി
ചരിത്രം
പോർച്ചുഗലിൽ നിന്ന് "വാസ്കോ ഡ ഗാമ" യുടെ പിൻഗാമിയായി പുറപ്പെട്ട് ഇന്ത്യയിലെത്തിയ നാവികൻ പെഡ്രോ അൽവാരിസ് കബ്രാളിനൊപ്പമാണ് കശുവണ്ടി കടൽ കടന്നു കേരളത്തിലെത്തിയത് .
പോർച്ചുഗൽ രാജാവ് മാനുവൽ ഒന്നാമന്റെ നിർദ്ദേശാനുസരണം AD-1500 -ൽ കബ്രാളിന്റെ കപ്പൽ വ്യൂഹം ഇന്ത്യയിലേക്ക് പുറപ്പെട്ടെങ്കിലും വഴിതെറ്റി ബ്രസീലിലെത്തി. അങ്ങനെ ബ്രസീലിൽ എത്തുന്ന ആദ്യ യൂറോപ്യനായി കബ്രാൾ മാറി. ബ്രസീലിനെ പോർച്ചുഗലിന്റെ കോളനി ആക്കിയ ശേഷം ബ്രസീലിൽ സുലഭമായി ഉണ്ടായിരുന്ന കശുവണ്ടിയുമായി കബ്രാൾ കോഴിക്കോട്ടെത്തി. അങ്ങനെ കബ്രാളിലൂടെ കശുവണ്ടി മലയാളിയ്ക്ക് പ്രിയപ്പെട്ടതായി !
[(കടപ്പാട് : മനോരമ ആഴ്ചപ്പതിപ്പ് - 08 സെപ്റ്റംബർ 2018 (page -44)]
കശുമാവിൽ ഉണ്ടാകുന്ന കശുമാങ്ങയിലെ വിത്താണ് കശുവണ്ടി (ഇംഗ്ലീഷ്: Cashew nut). പറങ്കിയണ്ടി എന്ന പേരിലും അറിയപ്പെടുന്നു. കേരളത്തിൽ കൊല്ലം ജില്ലയിലാണ് ഇത് ഏറ്റവും കൂടുതൽ സംസ്കരിക്കപ്പെടുനത് .[അവലംബം ആവശ്യമാണ്] കണ്ണൂർ കാസർഗോഡ് ജില്ലകളിൽ നിന്നുമാണ് കേരളത്തിലെ ഏറ്റവും മുന്തിയിയ ഇനം കശുവണ്ടികൾ ഉല്പാദിപ്പിക്കപ്പെടുന്നത്.[അവലംബം ആവശ്യമാണ്] കേരളത്തിൽ നിന്നും പല വിദേശരാജ്യങ്ങളിലേക്കും കശുവണ്ടി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്..
പോർച്ചുഗീസ് അധിനിവേശക്കാലത്ത് കപ്പൽ കയറി വന്ന ഒരു വിത്തായതു് കൊണ്ട് പറങ്കിയണ്ടി, കപ്പലണ്ടി എന്നൊക്കെ കശുവണ്ടി അറിയപ്പെടുന്നു .
ദേശീയ കശുവണ്ടി ദിനം
നവമ്പർ 23 ദേശീയ കശുവണ്ടി ദിനമായി ആചരിക്കുന്നു.[22]
കശുമാവിന്റെ തടി
ചതുപ്പു നിലങ്ങളും കായലുകളും നികത്തുന്നതിന് പ്രത്യേകിച്ച് ദ്വീപുകൾ കൃത്രിമമായി നിർമ്മിക്കുന്നതിന് കശുമാവിന്റെ തടി വ്യാപകമായി ഉപയോഗിക്കുന്നു.[അവലംബം ആവശ്യമാണ്]
ചിത്രശാല
- പൂവ്
- കശുമാവിന്റെ ഇല
- കശുവണ്ടി പരിപ്പ്
- പൂവ്
- പുത്തുനിൽക്കുന്ന കശുമാവിന്റെ ചില്ല
- വറുത്ത കശുവണ്ടിപ്പരിപ്പ്
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.