മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മധു കൈതപ്രം സംവിധാനവും സി.വി. ബാലകൃഷ്ണൻ രചനയും നിർവഹിച്ച് 2011-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഓർമ്മ മാത്രം (ഇംഗ്ലീഷ്: Memories Only).[1] ദിലീപ് വക്കീൽ ഗുമസ്തനായി വേഷമിടുന്ന ചിത്രത്തിൽ പ്രിയങ്ക നായർ, മാസ്റ്റർ സിദ്ധാർത്, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, നെടുമുടി വേണു, സലീം കുമാർ, ഹരിശ്രീ അശോകൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഗാനങ്ങൾക്ക് കൈതപ്രം വിശ്വനാഥൻ സംഗീതം പകരുന്നു. എം. ജെ. രാധാകൃഷ്ണനാണ് ക്യാമറ. ഹൊറൈസൺ ഇൻറർനാഷണലിന്റെ ബാനറിൽ എം. രാജൻ തളിപ്പറമ്പ് ചിത്രം നിർമിച്ചിരിക്കുന്നു. ഏകാന്തം, മധ്യവേനൽ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മധു കൈതപ്രത്തിന്റെ മൂന്നാമത്തെ ചിത്രമാണ് ഓർമ്മ മാത്രം.[2]
ഓർമ്മ മാത്രം | |
---|---|
സംവിധാനം | മധു കൈതപ്രം |
നിർമ്മാണം | രാജൻ തളിപ്പറമ്പ് |
കഥ | റഹീം കടവത്ത് |
തിരക്കഥ | സി.വി. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | ദിലീപ് പ്രിയങ്ക നായർ |
സംഗീതം |
|
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | രഞ്ജിൻ എബ്രഹാം |
സ്റ്റുഡിയോ | ഹൊറൈസൺ എന്റർടെയ്ൻമെന്റ് |
വിതരണം | ഹൊറൈസൺ എന്റർടെയ്ൻമെന്റ് റിലീസ് |
റിലീസിങ് തീയതി | 2011 ജൂലൈ 29 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന വാര്യർ വക്കീൽ എന്ന കഥാപാത്രത്തിൻറെ ഗുമസ്തനാണ് പ്രദീപ് (ദിലീപ്). പാരമ്പര്യമായി കിട്ടിയതാണ് പ്രദീപിന് ഈ വക്കീൽഗുമസ്തപ്പണി. പ്രദീപിന് അച്ഛനായിരുന്നു ഗുമസ്തൻ വാര്യർ. വാര്യർ വക്കീൽ പിന്നെ അത് മകനെ ഏൽപിച്ചു. മട്ടാഞ്ചേരിയിലെ ഒരു തെരുവിലാണ് പ്രദീപിന്റെ താമസം. അതും വാര്യർ വക്കീൽ ഏർപ്പാടാക്കി കൊടുത്തതാണ്. അച്ഛനും അമ്മയും ഭാര്യയും മകനും മാത്രമടങ്ങുന്നതായിരുന്നു അജയന്റെ കുടുംബം. വ്യത്യസ്തമതവിഭാഗങ്ങളിൽ നിന്നും വിവാഹിതരായതാണ് അജയനും സഫിയയും. അതിനാൽ ഇവർക്ക് ബന്ധുക്കളിൽ നിന്നുള്ള സംരക്ഷണം നഷ്ടപ്പെടുന്നു. ചികിത്സിച്ചു ഭേദമാക്കാനാവാത്തതും പതിയെ കാഴ്ച്ച നഷ്ടപ്പെടുന്നതുമായ ഒരു നേത്രരോഗത്തിന്റെ പിടിയിലുമാണ് പ്രദീപ്.
ദീപ (പ്രിയങ്ക) ആണ് പ്രദീപിന്റെ ഭാര്യ, അഞ്ചു വയസുകാരൻ ദീപു (മാസ്റ്റർ സിദ്ധാർത്) മകനും. ജീവനുതുല്യം അവർ മകനെ സ്നേഹിച്ചു. രണ്ടാമതൊരാൾ തങ്ങളുടെ സ്നേഹം പങ്കിടാതിരിക്കാനായി മറ്റൊരു കുട്ടിക്കുള്ള വാതിൽപോലും കൊട്ടിയടച്ചു. അതിനായി ഗർഭം അലസിപ്പിക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നോക്കമായിരുന്നു പ്രദീപിന് ന്കുടുംബം . ദീപുവിനെ ഒരു ഹൈക്കോടതി ജഡ്ജിയാക്കണമെന്നായിരുന്നു പ്രദീപിന്റെ ആഗ്രഹം. ഒരു പ്രശ്നവുമില്ലാതെ മുമ്പോട്ടു പോയിക്കൊണ്ടിരുന്ന ആ കുടുംബത്തിന് അജയുടെ തിരോധാനം എന്ന ദുരന്തത്തെ നേരിടേണ്ടിവരുന്നു.
ദീപുവിന് തൃശൂർ മൃഗശാല കാണിക്കുവാനായി കൊണ്ടുപോയി തിരിച്ചു വരുമ്പോളുണ്ടാകുന്ന ബോംബ് സ്ഫോടനത്തിലെ ജനപ്രവാഹത്തിൽ പ്രദീപിന് മകനെ നഷ്ടപ്പെടുന്നു. പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും ആശാവഹമായ മറുപടി ലഭിക്കുന്നില്ല. മകനില്ലാതെ പ്രദീപ് ഭവനത്തിൽ തിരികെയെത്തുന്നു. പിന്നീട് അന്വേഷണത്തിനായി പ്രദീപ് നാടോടി മേഖലകളിലും ജോത്സ്യന്റെ നിർദ്ദേശപ്രകാരം തമിഴ്നാട് പ്രദേശങ്ങളിലും സ്വയം അന്വേഷണം നടത്തുന്നു. പല പ്രദേശങ്ങളിൽ നിന്നും പലരിൽ നിന്നുമുള്ള അറിയിപ്പുകളാൽ അജയൻ പല സ്ഥലങ്ങളിലെത്തിപ്പെട്ടെങ്കിലും അവരൊന്നും തന്റെ മകനല്ലെന്നു തിരിച്ചറിഞ്ഞു പ്രദീപ് വിഷമിച്ചു യാത്രയാകുന്നു.
പിന്നീട് പോലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ച് പ്രദീപും ഭാര്യയും വാര്യരും സ്റ്റേഷനിലെത്തിയെകിലും കിട്ടിയത് തന്റെ മകനല്ലെന്നു തിരിച്ചറിയുന്നു. എന്നാൽ അല്പസമയത്തോളം മാനസികവിഭ്രാന്തിയാൽ അത് തന്റെ മകനാണെന്നു പ്രദീപ് തെറ്റിദ്ധരിക്കുന്നു. വിഭ്രാന്തിയിൽ നിന്നും മോചിതനായ പ്രദീപ് അവനെ തന്റെ മകനായി സ്വീകരിക്കാൻ തയ്യാറാണെന്നു പോലിസിനെ അറിയിക്കുന്നു. എന്നാൽ അതു പൂർത്തിയാക്കാനുള്ള നിയമനടപടികൾ ദുർഗ്ഗരമാണന്നു പോലീസ് പ്രദീപിനെ അറിയിച്ചു. പിന്നെ അടുത്ത ദിവസം തന്നെ അതേ കുട്ടിയെ വഴിവക്കിൽ വച്ചു കാണുകയും പ്രദീപ് കുട്ടിയെ വാരിപ്പുണരുകയും ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
അണിയറപ്രവർത്തനം | നിർവഹിച്ചത് |
---|---|
സംവിധാനം | മധു കൈതപ്രം |
നിർമ്മാണം | രാജൻ തളിപ്പറമ്പ് |
ബാനർ | ഹൊറൈസൺ എന്റർടെയ്ൻമെന്റ് |
വിതരണം | |
സംഗീതം | കൈതപ്രം വിശ്വനാഥൻ |
പശ്ചാത്തലസംഗീതം | ജോൺസൺ |
ആനിമേഷൻ | |
ഛായാഗ്രഹണം | എം. ജെ. രാധാകൃഷ്ണൻ |
എഡിറ്റിംഗ് | |
ശബ്ദലേഖനം | |
സംഘട്ടനം | |
കഥ | റഹീം കടവത്ത് |
തിരക്കഥ | സി. വി. ബാലകൃഷ്ണൻ |
സംഭാഷണം | സി. വി. ബാലകൃഷ്ണൻ |
കല | രാജീവ് കിത്തോ |
നിർമ്മാണ നിയന്ത്രണം | വിനോദ് ഷൊർണ്ണൂർ |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് | മനോജ് പൂങ്കുന്നം, അനിൽ അങ്കമാലി |
പ്രൊഡക്ഷൻ ഡിസൈനർ | അനീഷ് രാജു |
പ്രൊഡക്ഷൻ മാനേജർ | സുജിത് ഐനിക്കൽ |
ഗാനരചന | കൈതപ്രം വിശ്വനാഥൻ |
ചമയം | പട്ടണം ഷാ |
വസ്ത്രാലങ്കാരം | |
നൃത്തം | |
അസ്സോ. ഡയറക്ടർ | സതീഷ് കുമാർ |
സംവിധാന സഹായികൾ | ജിൽജിത്ത്, സന്തോഷ്, ഷിജോയ്, ഷൈജു |
നിശ്ചലഛായഗ്രഹണം | രാംദാസ് മാഥുർ |
വാർത്താവിതരണം | വാഴൂർ ജോസ് |
മധു കൈതപ്രത്തിന്റെ സുഹൃത്തായ റഹീം കടവത്തിന്റെ കഥയാണ് ചിത്രത്തിന് പ്രേരണയായത്. സി. വി. ബാലകൃഷ്ണൻ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നു.[2] കഥയുടെ സാമൂഹിക പ്രസക്തിയാണ് തന്നെ ആകർഷിച്ചതെന്ന് മധു പറയുന്നു.[1] നൂറു ശതമാനവും ഒരു കുടുംബചിത്രമാണ് മധു കൈതപ്രം ഇതിലൂടെ അവതരിപ്പിക്കുന്നത്.[3]
ചിത്രത്തിന്റെ പൂജ 2010 നവംബർ 1-ന് കൊച്ചിയിലെ അവന്യു റസിഡന്റ് ഹോട്ടലിൽ നടന്നു. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പേരുടെയും ബന്ധുമിത്രാദികളുടെയും അണിയറപ്രവർത്തകരുടെയും സാന്നിധ്യത്തിൽ പ്രശസ്ത സംവിധായകൻ ജയരാജ് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് നിർമാതാവ് എം. രാജനും ഭാര്യ രജിതാരാജനും രാംദാസ് തളിപ്പറമ്പ്, ബാബു ചെറിയാൻ, മനോജ് കെ. ജയൻ, ലാലു അലക്സ്, കെ. ബാബു എം.എൽ.എ. എന്നിവർ ചേർന്നു പൂർത്തീകരിച്ചു. ദിലീപ്, പ്രിയങ്ക, പ്രമോദ് പപ്പൻ, രഞ്ജിത് ശങ്കർ, ഇടവേള ബാബു, മമ്മി സെഞ്ച്വറി, കെ. മോഹൻ (സെവൻ ആർട്സ്) ജഗദീഷ് ചന്ദ്രൻ, ദിലീപ് കുന്നത്ത്, വ്യാസൻ എടവനക്കാട്, എം.ജെ. രാധാകൃഷ്ണൻ, കൈതപ്രം വിശ്വനാഥ്, അനിൽ മുഖത്തല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.[4]
തിരക്കഥ പൂർത്തിയായ ഉടൻ തന്നെ മധു കൈതപ്രം ദിലീപിന്റെ മുന്നിൽ കഥ അവതരിപ്പിച്ചു. ദിലീപ് ഡേറ്റ് നൽകിയതിന് ശേഷം മാത്രമാണ് മറ്റു താരനിർണയം ആരംഭിച്ചത്.[2] ടി. വി. ചന്ദ്രന്റെ കഥാവശേഷന് ശേഷം ഒരു ആർട്ട് ഹൗസ് ചിത്രത്തിൻറെ ഭാഗമാകുകയാണ് ദിലീപ്.[5] കഥയുടെ ഉള്ളടക്കവും കെട്ടുറപ്പുമാണ് തന്നെ ആകർഷിച്ചതെന്ന് ദിലീപ് പറയുന്നു. ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന തന്റെ ഇഷ്ടചിത്രത്തിന്റെ രചന നിർവ്വഹിച്ച സി. വി. ബാലകൃഷ്ണന്റെ തിരക്കഥയിൽ അഭിനയിക്കുകയെന്നത് തന്റെ ഏറെ നാളത്തെ ആഗ്രഹായിരുന്നെന്നും ദിലീപ് പറയുന്നു.[3] നീണ്ട ഇടവേളക്കു ശേഷമാണ് സംസ്ഥാന അവാർഡ് നേടിയ പ്രിയങ്ക വീണ്ടുമൊരു മലയാളചിത്രത്തിൽ അഭിനയിക്കുന്നത്.[2] സർവ്വം എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയ വേഷം ചെയ്ത മാസ്റ്റർ സിദ്ധാർത് ദിലീപിന്റെ മകന്റെ വേഷം ചെയ്യുന്നു.[6] ധന്യാ മേരി വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗതി ശ്രീകുമാർ, മനോജ് കെ. ജയൻ, നെടുമുടി വേണു, ലാലു അലക്സ്, സലീം കുമാർ, ഹരിശ്രീ അശോകൻ, ടിനിടോം, ജയരാജ് വാര്യർ, കലാഭവൻ ഷാജോൺ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.[3] കൂടാതെ കേരളത്തിലെ പ്രമുഖ നാടക കലാകാരന്മാരെയും ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.[2]
2011 ജനുവരിയിൽ ഫോർട്ട് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.[3] എറണാകുളം, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രീകരണം പൂർത്തിയായത്.[2][5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.