From Wikipedia, the free encyclopedia
മയ്യഴി വിമോചനസമര നേതാവ്. (1903 സെപ്റ്റംബർ 17 - ജൂലൈ 26 1999) കേരളത്തിലെ സ്വാതന്ത്രസമരചരിത്രത്തിൽ ഒരു സുവർണ്ണ അദ്ധ്യായം അദ്ദേഹം രചിച്ചു, മാഹിയിലെ ആദ്യത്തെ Administrator ഐ. കെ കുമാരൻ ആയിരുന്നു. ഇദ്ദേഹം മയ്യഴി ഗാന്ധി എന്ന പേരിലും അറിയപ്പെടുന്നു.[1] മയ്യഴിയുടെ വിമോചനത്തിന് നേതൃത്വം നല്കിയ മഹാജനസഭയുടെ നേതാവ് ഐ.കെ. കുമാരനായിരുന്നു.[2]
ഐ.കെ. കുമാരൻ | |
---|---|
ജനനം | മയ്യഴി | സെപ്റ്റംബർ 17, 1903
മരണം | ജൂലൈ 26, 1999 95) | (പ്രായം
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | മയ്യഴി ഗാന്ധി |
മയ്യഴിയിലെ സാമാന്യം സമ്പന്ന തീയ്യർ കുടുംബമായ കുന്നത്തൊടത്തിൽ ജനിച്ച ഐ.കെ.കുമാരന്റെ പിതാവ് കുങ്കൻ ജന്മി ഒരു കള്ളുഷാപ്പുടമയുമായിരുന്നു. മാതാവ് ഈരായി കുങ്കിച്ചി. മയ്യഴിയിലെ ബാസൽ മിഷ്ൻ സ്കൂളിലും കൽവേ ബ്രാഞ്ച് സ്കൂളിലും പഠനം പൂർത്തിയാക്കിയിനുശേഷം തലശ്ശേരി ബാസൽ മിഷ്ൻ സ്കൂളിൽ നിന്ന് സ്കൂൾ ഫൈനൽ പരീക്ഷ പാസ്സായി. തുടർന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പാസ്സായി.
ബ്രീട്ടീഷ് ഇന്ത്യയിലെ സബ് ഇൻസ്പെക്ടറാകാൻ പരീക്ഷയെഴുതി ജയിച്ചെങ്കിലും ഫ്രഞ്ച് പ്രജയായതിനാൽ ജോലി നിഷേധിക്കപ്പെട്ടു. തുടർന്ന് 1928മുതൽ ചൂടിക്കോട്ട മദ്രസയിലും ഒറ്റപ്പിലാക്കൂൽ മാപ്പിള സ്കൂളിലും അധ്യാപകനായിജോലിനോക്കി. ഈ കാലയളവിലാണ് മുച്ചിക്കൽ പത്മനാഭന്റെ പ്രേരണയാൽ ഐ.കെ.കുമാരൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങിയത്. യൂത്ത് ലീഗ് എന്ന പ്രസ്ഥാനത്തിലൂടെയായിരുന്നു ഐ.കെ കുമാരൻ മാസ്റ്റർ സാമൂഹിക, രാഷ്ട്രീയ രംഗത്തേക്കെത്തിയത്.1933മുതൽ കോൺഗ്രസ്സ് അംഗമായി. കേളപ്പജിയുടെ കടുത്ത അനുയായിയായിരുന്നു. രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകാൻ വേണ്ടി 1940ൽ ജോലി രാജിവച്ചു. തുടർന്ന് വടകരയിൽ കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ടായി. കോട്ടയം താലൂക്കിൽ കോൺഗ്രസ്സ് പുനസ്സംഘടനയ്ക്കുവേണ്ടി സജീവമായി രംഗത്തിറങ്ങി. യൂത്ത് ലീഗ് പ്രസിഡണ്ടായും കുറേക്കാലം പ്രവർത്തിച്ചു. രാഷ്ട്രീയരംഗത്തുമാത്രമല്ല അയിത്തോച്ചാടനം, മിശ്രഭോജനം, ഭൂദാനം, ഹരിജനോദ്ധാരണം, ഖാദിപ്രചാരണം, മദ്യനിരോധനം തുടങ്ങിയ വിവിധ സാമൂഹ്യപ്രവർത്തനമേഖലകളിലും കുമാരൻ മാസ്റ്റർ വ്യക്തിമുദ്രപതിപ്പിച്ചിരുന്നു.[3]
1939ലാണ് യൂത്ത്ലീഗ് മയ്യഴി മഹാജനസഭ എന്ന പേരിൽ രാഷ്ടീയരംഗത്തേക്കിറങ്ങിയത്. കല്ലാട്ട് അനന്തൻമാസ്റ്റർ പ്രസിഡണ്ടും സി.ഇ.ഭരതൻ സെക്രട്ടറിയുമായിരുന്നു. അനന്തൻ മാസ്റ്റർക്ക് പ്രസിഡണ്ടായി തുടരാനാകാതെ വന്നപ്പോൾ ഐ.കെ.കുമാരൻ മാസ്റ്ററെ ആ സ്ഥാനത്തേക്ക് ക്ഷണിക്കുകയായിരുന്നു. കുമാരൻ മാസ്റ്ററുടെ സാരഥ്യത്തിലാണ് മഹാജനസഭ മയ്യഴി വിമോചനസമരചരിത്രത്തിലെ നേതൃസ്ഥാനത്തേക്കുയരുന്നത്.
1942ൽ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റുവരിക്കുകയുണ്ടായി. രണ്ടുവർഷക്കാലം ആലിപ്പുറം ജയിലിൽ കഴിയേണ്ടിവന്നു. ഇവിടെവച്ച് ഇദ്ദേഹത്തിന് പോലീസുകാരുടെ ക്രൂരമർദ്ദനം നേരിടേണ്ടിവന്നു. മഹാജനസഭയ്ക്ക് എതിരായി ഫ്രഞ്ച് ഗവൺമെന്റിന്റെ ഒത്താശയോടെ രൂപംകൊണ്ട ഫ്രാങ്കോ- ഇന്ത്യൻ കക്ഷി പ്രവർത്തകരുമായുള്ള കശപിശയെത്തുടർന്ന് മൂന്നുമാസം ജയിലിൽകിടക്കേണ്ടിവന്നതാണ് ഇദ്ദേഹത്തിന്റെ ആദ്യ ജയിൽ വാസം. ഈ തടവുകാലത്ത് ജയിലിൽ തടവുകാർക്ക് ലഭിച്ചിരുന്ന പരിമിതമായ സൗകര്യങ്ങൾക്കെതിരെ ഇദ്ദേഹം സത്യാഗ്രഹമനുഷ്ഠിച്ചിട്ടുണ്ട്. [3]
1944ൽ ഇദ്ദേഹം ജയിൽ മോചിതനായി. 1946ൽ മയ്യഴി നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ടും ഇന്ത്യൻ യൂണിയനിൽ ലയിക്കാതിരുന്ന മയ്യഴിയിൽ ജനഹിതപരിശോധനയ്ക്ക് നേതൃത്വം നല്കി. എന്നാൽ 1947 ഒക്ടോബർ 21ന്, ജനഹിതപരിശോധനയ്ക്ക് തയ്യാറാകാതെ ഒരുവിഭാഗം ഫ്രഞ്ച് അനുകൂലികൾ കൂമാരൻ മാസ്റ്ററെ അപായപ്പെടുത്താൻ ശ്രമിച്ചു. ഇതിൽ പ്രതിഷേധിച്ച് ക്ഷുഭിതരായ ജനക്കൂട്ടം മയ്യഴി മുൻസിപ്പാലിറ്റിയും പോലീസ് സ്റ്റേഷനും പിടിച്ചടക്കി. സായുധ സമോരത്തിലൂടെ മയ്യഴിയെ മോചിപ്പിക്കാൻവേണ്ടി വിപ്ലവസമിതിയുണ്ടാക്കി. കുമാരൻ മാസ്റ്ററായിരുന്നു അതിന്റെ പ്രസിഡണ്ട്. എന്നാൽ ഫ്രഞ്ച് സൈന്യത്തിന്റെ ഇടപെടൽ മൂലം ഇത് നടന്നില്ല. അട്ടിമറിക്ക് ശ്രമിച്ചതിന് കുമാൻമാസ്റ്ററെ ഇരുപത് കൊല്ലം തടവിനും ആയിരം രൂപ പിഴയൊടുക്കാനും പട്ടാളക്കോടതി ശിക്ഷിച്ചു. ഇതോടെ പട്ടാളത്തിനു പിടികൊടുക്കാതെ ഇദ്ദേഹം മയ്യഴിക്ക് വെളിയിൽ ഒളിവിൽ പോയി. അഞ്ചുവർഷക്കാലം ഒളിവിലിരുന്നുകൊണ്ടാണ് ഇദ്ദേഹം മയ്യഴി വിമോചനസമരത്തിന് നേതൃത്വം നല്കിയത്.[3]
Seamless Wikipedia browsing. On steroids.