Remove ads
എദേസ്സയിൽ രൂപപ്പെട്ട പുരാതന ക്രൈസ്തവ ആചാരക്രമം From Wikipedia, the free encyclopedia
കിഴക്കിന്റെ സഭയിൽ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പൗരസ്ത്യ ക്രിസ്തീയ ആചാരക്രമമാണ് (റീത്ത്) പൗരസ്ത്യ സുറിയാനി ആചാരക്രമം, അഥവാ കൽദായ ആചാരക്രമം. അസ്സീറിയൻ ആചാരക്രമം, എദേസ്സൻ ആചാരക്രമം, പേർഷ്യൻ ആചാരക്രമം, സെലൂക്യൻ ആചാരക്രമം, അല്ലെങ്കിൽ നെസ്തോറിയൻ ആചാരക്രമം എന്നും ഇത് അറിയപ്പെടാറുണ്ട്. പൗരസ്ത്യ സുറിയാനി ഭാഷയാണ് ഈ ആചാരക്രമത്തിലെ ആരാധനാ ഭാഷ. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ (റീത്തുകൾ) ഒന്നാണിത്. മറ്റൊന്ന് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം (പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം) ആണ്.[1][2][3][4]
അരമായ യഹൂദ പാരമ്പര്യത്തിലും തോമ്മാശ്ലീഹായുടെയും അദ്ദായി, മാറി എന്നിവരുടെയും ശ്ലൈഹിക പൈതൃകത്തിലും വേരൂന്നിയ ആചാരക്രമമാണ് എദേസ്സയിൽ വികസിച്ച കൽദായ ആരാധനാക്രമം.[5] കൽദായ ആചാരക്രമത്തിലെ ആരാധനാക്രമം കിഴക്കിന്റെ സഭയിൽ നിന്ന് രൂപപ്പെട്ട സഭകളിൽ ഇപ്പോഴും ഉപയോഗത്തിലുണ്ട്. ഇതിലെ പ്രധാന അനാഫൊറ അദ്ദായിയുടെയും മാറിയുടെയും അനാഫൊറ ആണ്. കിഴക്കിന്റെ അസ്സീറിയൻ സഭ (ഇന്ത്യയിലെ ഇവരുടെ അതിരൂപതയായ കൽദായ സുറിയാനി സഭ ഉൾപ്പെടെ), കിഴക്കിന്റെ പുരാതന സഭ എന്നിവ മാത്രമല്ല പൗരസ്ത്യ കത്തോലിക്കാ സഭകളായ ഇറാഖിലെ കൽദായ കത്തോലിക്കാസഭയും ഇന്ത്യയിലെ സീറോ-മലബാർ സഭയും ഈ ആചാരക്രമം തന്നെയാണ് ഉപയോഗിക്കുന്നത്.
കിഴക്കിന്റെ സഭയെ സൂചിപ്പിക്കുന്ന പൗരസ്ത്യ സുറിയാനി എന്ന വാക്കും ആചാരരീതി അല്ലെങ്കിൽ ആചാരക്രമം എന്നു സൂചിപ്പിക്കുന്ന റീത്തൂസ് (ritus) എന്ന ലത്തീൻ പദത്തിന്റെ മലയാള രൂപമായ റീത്ത് എന്ന വാക്കും ചേർന്നതാണ് പൗരസ്ത്യ സുറിയാനി ആചാരക്രമം അല്ലെങ്കിൽ പൗരസ്ത്യ സുറിയാനി റീത്ത് പ്രയോഗം.[6] റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തിന് ചിലർ ലിറ്റർജിയെന്നും (ആരാധനാ ക്രമം) പറയാറുണ്ട്. റീത്ത് എന്ന പദത്തിന് ബാഹ്യമായ ആചാരവിധികൾ എന്ന അർത്ഥമാണുള്ളത്. ഒരു ക്രൈസ്തവ സമൂഹത്തിന് പ്രത്യേകമായ ആരാധനാരീതി, ഭക്ത്യാഭ്യാസങ്ങൾ, ആദ്ധ്യാത്മിക വീക്ഷണം, സഭാ ഭരണസമ്പ്രദായങ്ങൾ, കർമാനുമാനുഷ്ഠാന വിധികൾ മുതലായവയെല്ലാം കുറിയ്ക്കാൻ 'റീത്ത് ' എന്ന പദം പില്ക്കാല കൈസ്തവർ ഉപയോഗിച്ചതുടങ്ങി.[7]
ഈ ആചാരക്രമത്തെ കുറിക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദങ്ങൾ കിഴക്കിന്റെ സഭയുടെ സങ്കീർണ്ണമായ ചരിത്രത്തെയും സഭയുടെ തുടർച്ചയായി നിലവിൽ വന്ന വിഭാഗങ്ങളുടെ വൈവിധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ ആചാരക്രമത്തിന്റെ ആരാധനാക്രമങ്ങൾ സുറിയാനി ഭാഷയുടെ കിഴക്കൻ രൂപഭേദത്തിൽ ഉള്ളതായതുകൊണ്ട് "കിഴക്കൻ സുറിയാനി ആചാരക്രമം" എന്ന് പൊതുവായി അറിയപ്പെടുന്നു. സസ്സാനിദ് പേർഷ്യൻ സാമ്രാജ്യത്തിൽ വികാസം പ്രാപിച്ചതായതുകൊണ്ട് ആചാരക്രമത്തെ പേർഷ്യൻ ആചാരക്രമം എന്നും വിളിക്കുന്നു.
പശ്ചിമേഷ്യയിലെ കൽദായ കത്തോലിക്കരും ഇന്ത്യയിലെയും സീറോ-മലബാർ സുറിയാനി കത്തോലിക്കരും പൊതുവേ 'കൽദായ ആചാരക്രമം' അഥവാ 'കൽദായ റീത്ത്' എന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. കൽദായ എന്ന പദത്തിന് സുറിയാനി ഭാഷയിൽ 'മാന്ത്രികൻ' അല്ലെങ്കിൽ 'ജ്യോത്സ്യൻ' എന്നാണ് അർത്ഥമാക്കുന്നത്. എങ്കിലും ലത്തീൻ, ഗ്രീക്ക് എന്നിവ ഉൾപ്പെടെ പല യൂറോപ്യൻ ഭാഷകളിലും ഈ പദം സുറിയാനിക്കാരെയും സുറിയാനി ഭാഷ അഥവാ അറമായ ഭാഷയെയും ആണ് സൂചിപ്പിക്കുന്നത്. അറമായ ഭാഷയിൽ ഇത് പ്രത്യേകിച്ച് ദാനിയേലിൻ്റെ പുസ്തകത്തിലെ ചില അധ്യായങ്ങളിൽ കാണപ്പെടുന്ന രൂപത്തെ സൂചിപ്പിക്കുന്നു. 17ാം നൂറ്റാണ്ടിൽ മൊസൂളിൽ പ്രവർത്തിച്ചിരുന്ന ലത്തീൻ മിഷണറിമാരാണ് ഈ പദം കിഴക്കിന്റെ സഭയുടെ പൈതൃകം പിന്തുടരുന്ന പൗരസ്ത്യ കത്തോലിക്കാ സഭാംഗങ്ങളെ മാത്രം ഉദ്ദേശിക്കുന്നതിന് ഉപയോഗിക്കാൻ തുടങ്ങിയത്. സ്വതന്ത്ര പൗരസ്ത്യ സുറിയാനി സഭയായ അസ്സീറിയൻ സഭയുടെ അംഗങ്ങളെ 'നെസ്തോറിയർ' എന്നും ഇവർ വിശേഷിപ്പിച്ചു. പാശ്ചാത്യ സുറിയാനി (അന്ത്യോഖ്യൻ) ആചാരപാരമ്പര്യം പിന്തുടരുന്ന സുറിയാനി ഓർത്തഡോക്സ് സഭയിലെ അംഗങ്ങളെയും ആ സഭയിൽ നിന്ന് കത്തോലിക്കാ സഭയിലേക്ക് വന്ന സുറിയാനി കത്തോലിക്കരെയും ആണ് ഇവർ 'സുറിയാനിക്കാർ' എന്ന് വിളിച്ചിരുന്നത്. ബ്രിട്ടീഷ് മ്യൂസിയം അതിന്റെ 'ആരാധനക്രമങ്ങളുടെ കാറ്റലോഗിൽ' ഈ സാധാരണ റോമൻ കത്തോലിക്കാ നാമകരണ രീതി തന്നെയാണ് സ്വീകരിച്ചതായി കാണുന്നത്.
അതേസമയം സ്വതന്ത്ര പൗരസ്ത്യ സുറിയാനി സഭക്കാർ 'നെസ്തോറിയർ' എന്ന വിശേഷണത്തെ പൂർണ്ണമായി എതിർത്തിർക്കാറില്ല. എങ്കിലും ലത്തീൻ കത്തോലിക്കാ, ഗ്രീക്ക് ഓർത്തഡോക്സ്, യാക്കോബായ, മാറോനായ എന്നീ വിഭാഗങ്ങളിൽപെട്ടവരിൽ നിന്നും തിരിച്ചറിയുന്നതിന് അവർ സ്വയം ഉപയോഗിച്ചിരുന്ന പദപ്രയോഗം പ്രധാനമായും 'കിഴക്കിന്റെ സഭക്കാർ' എന്നതോ 'പൗരസ്ത്യർ' എന്നോ മാത്രം ആയിരുന്നു.[8]
19ാം നൂറ്റാണ്ടിൽ ആംഗ്ലിക്കൻ സഭയിൽ പെട്ട ബ്രിട്ടീഷ് മിഷനറിമാർ സ്വതന്ത്ര പൗരസ്ത്യ സുറിയാനിക്കാരെ വിശേഷിപ്പിക്കുന്നതിന് "അസീറിയൻ സഭ" എന്നും അസ്സീറിയൻ വിഭാഗക്കാർ എന്നും വിളിക്കാൻ ആരംഭിച്ചു. ഈ പദപ്രയോഗം പ്രധാനമായും ഈ ജനവിഭാഗത്തിന്റെ വംശീയതയെ സൂചിപ്പിക്കുന്നതാണ്. ഇന്ന് പ്രധാനമായും കിഴക്കിന്റെ അസ്സീറിയൻ സഭയാണ് ഈ പദപ്രയോഗം ഔദ്യോഗികമായി ഉപയോഗിക്കുന്നത്. എങ്കിലും കൽദായ കത്തോലിക്കരും പുരാതന പൗരസ്ത്യരും അതോടൊപ്പം ഇറാഖിലെ സുറിയാനി ഓർത്തഡോക്സ് (യാക്കോബായ), സുറിയാനി കത്തോലിക്ക വിഭാഗക്കാരും പോലും ഈ പദപ്രയോഗം തങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഒരു വംശീയ സംജ്ഞയായി ഇപ്പോൾ ഉപയോഗിക്കുന്നത് പതിവാണ്.[8] ഗ്രീക്ക്, റഷ്യൻ കിഴക്കൻ ഓർത്തഡോക്സ് സഭകളിലേക്ക് പരിവർത്തനം ചെയ്ത ചില പൗരസ്ത്യ സുറിയാനിക്കാരും അസീറിയൻ എന്ന പദപ്രയോഗം തങ്ങളുടെ വംശീയതയെ കുറിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്.
കൽദായ സുറിയാനി ആചാരക്രമം ഉത്ഭവിച്ചത് വടക്കൻ മെസപ്പൊട്ടാമിയയ്ക്ക് സമീപമായി സ്ഥിതി ചെയ്തിരുന്ന എദേസ്സ എന്ന രാജ്യത്താണ്. സസ്സാനിയൻ സാമ്രാജ്യം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന കിഴക്കിന്റെ സഭയുടെ അഥവാ കൽദായ സുറിയാനി സഭയുടെ ഔദ്യോഗിക ആചാരക്രമം ആയി ഇത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭ ആയിരുന്ന കിഴക്കിന്റെ സഭയ്ക്ക് റോമാ സാമ്രാജ്യത്തിന് കിഴക്കുള്ള സസ്സാനിയൻ അധീനപ്രദേശങ്ങൾക്ക് പുറമേ മദ്ധ്യേഷ്യയിലും ചൈനയിലും ദക്ഷിണേന്ത്യയിലും ഉൾപ്പെടെ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്നു. സ്വാഭാവികമായും ഈ പ്രദേശങ്ങളിലേക്കും കൽദായ ആചാരക്രമം വ്യാപിച്ചു. യേശുക്രിസ്തുവിന്റെ 12 ശിഷ്യന്മാരിൽ ഒരാളായിരുന്ന തോമാ ശ്ലീഹയുടെയും അദ്ദേഹത്തിൻറെ ശിഷ്യനും യേശുക്രിസ്തുവിന്റെ 60 ശിഷ്യന്മാരിൽ ഒരാളും ആയിരുന്ന അദ്ദായിയുടെയും അദ്ദായിയുടെ ശിഷ്യനായ മാറിയുടെയും പ്രവർത്തനഫലമായാണ് ഈ സഭ രൂപപ്പെട്ടത് എന്നതാണ് പാരമ്പര്യം.[9] പരമ്പരാഗത വിവരണങ്ങൾ അനുസരിച്ച്, തോമാശ്ലീഹാ തെക്കുപടിഞ്ഞാറൻ ഇന്ത്യയിലെ മലബാർ തീരം വരെ സഞ്ചരിച്ചതായി വിശ്വസിക്കപ്പെടുന്നു.[10][11][12][13] ഇന്ത്യയിലെ ഒരു സംഘടിത ക്രിസ്ത്യൻ സാന്നിധ്യത്തിൻ്റെ കൃത്യമായ വിവരണം ഏറ്റവും ആദ്യമായി നടത്തിയത് ആറാം നൂറ്റാണ്ടിലെ അലക്സാണ്ട്രിയൻ ഗ്രീക്ക് സഞ്ചാരി കോസ്മാസ് ഇൻഡിക്കോപ്ല്യൂസ്റ്റെസ് ആണ്.[14][15][16][17]
കൽദായ ആചാരക്രമത്തിൻ്റെ അവാന്തര രൂപങ്ങൾ കിഴക്കിന്റെ സഭയുടെ പൈതൃകം പിന്തുടരുന്ന സഭകൾ നിലവിൽ ഉപയോഗിക്കുന്നു:
കൽദായ ആചാരക്രമം അന്തർദേശീയ അക്കാദമിക തലങ്ങളിൽ പൊതുവേ കിഴക്കൻ സുറിയാനി അഥവാ പൗരസ്ത്യ സുറിയാനി ആചാരക്രമം എന്നാണ് അറിയപ്പെടുന്നത്. പേർഷ്യൻ ആചാരക്രമം എന്നും വ്യാപകമായി അറിയപ്പെടുന്നുണ്ട്. ഇത് സാധാരണ രീതിയിൽ വർഗ്ഗീകരിക്കപ്പെടുന്നത് താഴെപ്പറയുന്ന വിഭാഗങ്ങളായാണ്.
കൽദായ-അസ്സീറിയൻ ആചാരക്രമ വിഭാഗം പൊതുവേ ഇറാഖ്, സിറിയ, ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ പ്രദേശത്താണ് ഉപയോഗിക്കപ്പെടുന്നത്. ഇവയിൽ കൽദായ കത്തോലിക്കാ സഭയുടെ ആരാധനക്രമം സാധാരണ നിലയിൽ അറബി ഭാഷയിലാണ്. അസ്സീറിയൻ, പുരാതന സഭകൾ പൊതുവേ പൊതുവേ ആധുനിക അറമായ സുറിയാനി ഭാഷകളാണ് ആരാധനക്രമത്തിന് ഉപയോഗിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്കൻ ഐക്യനാടുകളിലും ഓസ്ട്രേലിയയിലും ഉള്ള പ്രവാസി സമൂഹങ്ങളിൽ ഇംഗ്ലീഷ് ഭാഷയും ഉപയോഗിക്കപ്പെടുന്നു.
സീറോ-മലബാർ ആചാരക്രമ വിഭാഗം മലയാളികളായ സീറോ-മലബാർ സുറിയാനി കത്തോലിക്കരാണ് ഉപയോഗിക്കുന്നത്. ഏതാണ്ട് പൂർണ്ണമായും മലയാള ഭാഷയാണ് സീറോ മലബാർ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലും സീറോ മലബാർ ആരാധനാക്രമം ഉപയോഗിക്കപ്പെടുന്നുണ്ട്.
കൽദായ, ബാബിലോണിയൻ, എദേസ്സൻ, അസ്സീറിയൻ, പേർഷ്യൻ, നെസ്തോറിയൻ എന്നിങ്ങനെ ഈ റീത്ത് അറിയപ്പെടാറുണ്ട്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ നെസ്തോറിയൻ സഭ എന്നറിയപ്പെട്ട കിഴക്കിന്റെ സഭയിൽ വികസിതമായ ആരാധനാക്രമമാണിത്. ഈ സഭ 1964-68 മുതൽ കിഴക്കിന്റെ അസ്സീറിയൻ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), കിഴക്കിന്റെ പുരാതന സഭ എന്നിങ്ങനെ രണ്ടായി നില്ക്കുന്നു. എദേസ്സൻ ദൈവശാസ്ത്രകേന്ദ്രമാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. പൗരസ്ത്യ സുറിയാനിയാണ് പ്രധാന ആരാധനാ ഭാഷയും ആരാധനാക്രമ ഗ്രന്ഥങ്ങളുടെ മൂലഭാഷയും. കൽദായ ആചാരക്രമത്തിൽ മൂന്ന് അനാഫൊറകൾ ഉണ്ട്. ഒന്ന് മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറ. തെയോദോറിന്റെ അനാഫൊറ നെസ്തോറിയസിന്റെ അനാഫൊറ എന്നിവയാണവ. സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ എന്നിവ പൗരസ്ത്യ സുറിയാനി ആചാരക്രമം വിവിധങ്ങളായ രീതിയിൽ പിന്തുടരുന്നു.
അച്ചടിച്ച ആരാധനാക്രമ പുസ്തകങ്ങളിൽ ഭൂരിഭാഗവും പൗരസ്ത്യ കത്തോലിക്കാ സഭകളുടേതാണ്. ഇവയിൽ തക്സ (ക്രമം) എന്നറിയപ്പെടുന്ന പരിശുദ്ധ കുർബാന ക്രമവും ഇതര കൂദാശകളുടെയും മറ്റ് ആചാര അനുഷ്ഠാനങ്ങളുടെയും ക്രമങ്ങളും ഹുദ്ര (വൃത്തം) എന്നറിയപ്പെടുന്ന യാമ നമസ്കാരങ്ങളുടെയും ക്രമങ്ങളും ഉൾപ്പെടുന്നു.[8]
കുർബാന ക്രമത്തിൽ മൂന്ന് കൂദാശ ക്രമങ്ങളാണ് (അനാഫൊറകൾ) ഉള്ളത്; അദ്ദായിയുടെയും മാറിയുടെയും കൂദാശക്രമം (അദ്ദായി, മാറി ശ്ലീഹന്മാരുടെ അനാഫൊറ), തിയദോറിന്റെ കൂദാശക്രമം (മോപ്സുവേസ്ത്യായിലെ തിയദോറിന്റെ പേരിലുള്ളത്), നെസ്തോറിയസ്സിന്റെ കൂദാശക്രമം എന്നിവയാണ് അവ. ഇതിൽ ഒന്നാമത്തേതാണ് ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. അനാഫൊറകളിൽ ഉള്ളടക്കം കൊണ്ട് ഏറ്റവും വലുതായ നെസ്തോറിയസ്സിന്റെ അനാഫൊറ ദനഹാപ്പെരുന്നാളിനും യോഹന്നാൻ മാംദാന (സ്നാപക യോഹന്നാൻ), ഗ്രീക്ക് മല്പാന്മാൻ (ദിയദോർ, തിയദോർ, നെസ്തോറിയസ്) എന്നിവരുടെ ഓർമ്മ പെരുന്നാളുകളിലും നിനവേക്കാരുടെ ഉപവാസത്തിന്റെ (മൂന്ന് നോമ്പ്) അവസാന ദിവസവും പെസഹാ വ്യാഴാഴ്ചയും എന്നിങ്ങനെ ആരാധനാവത്സരത്തിലെ ചില പ്രധാന തിരുനാളുകളിൽ മാത്രമാണ് അനുഷ്ഠിക്കപ്പെടുന്നത്. തിയദോറിന്റെ അനാഫൊറ മംഗളവാർത്തക്കാലം ആരംഭിക്കുന്നത് മുതൽ ഓശാന ഞായറാഴ്ച വരെയുള്ള മറ്റ് ദിവസങ്ങളിൽ ഉപയോഗിക്കുന്നു. അനാഫൊറയ്ക്ക് മുൻപും ശേഷവും ഉള്ള ഭാഗങ്ങൾ മൂന്ന് ക്രമങ്ങളിലും ഒരേപോലെയാണ്.[8]
വിശുദ്ധ കുർബാന അർപ്പണത്തിന് മുൻപ് അർപ്പണത്തിനുള്ള അപ്പം ഉണ്ടാക്കുന്നതിനും പാകം ചെയ്യുന്നതിനും വേണ്ടിയുള്ള അനുബന്ധ ശുശ്രൂഷാക്രമം ഉണ്ട്. ആഘോഷപൂർവ്വമായി ഗോതമ്പുമാവ് കുഴയ്ക്കുന്നതും പ്രത്യേക ആകൃതിയിൽ അത് ചുട്ടെടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. പരമ്പരാഗതമായി വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്നത് പുളിപ്പിച്ച അപ്പമാണ്. മാവ് അൽപം വിശുദ്ധ തൈലവും വിശുദ്ധ മൽക്കയും ചേർത്താണ് തയ്യാറാക്കുന്നത്. മുമ്പ് കുർബാനയ്ക്ക് ഉപയോഗിച്ച വിശുദ്ധ അപ്പത്തിന്റെ ഒരു ഭാഗം പൊടിച്ച് സൂക്ഷിക്കുന്നതാണ് വിശുദ്ധ മൽക്ക എന്നറിയപ്പെടുന്നത്. പാരമ്പര്യമനുസരിച്ച്, മാർ തോമാശ്ലീഹ, മാർ അദ്ദായി, മാർ മാറി എന്നിവരിൽ നിന്ന് കൈമാറി കിട്ടിയതാണ് വിശുദ്ധ തൈലവും വിശുദ്ധ മൽക്കയും എന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധ മൽക്ക വിശുദ്ധ പുളിപ്പ് എന്നുകൂടി അറിയപ്പെടുന്നുണ്ടെങ്കിലും മാവ് പുളിപ്പിക്കുന്നതിന് യഥാർത്ഥത്തിൽ പ്രയോജനപ്പെടുത്തുന്നത് ഹമീറ എന്നറിയപ്പെടുന്ന പുളിമാവ് ആണ്. മുൻപ് കുർബാന അർപ്പണത്തിനായി തയ്യാറാക്കിയ പുളിപ്പിച്ച മാവിൻറെ ഒരു ഭാഗമാണ് ഹമീറ. ഈ പരമ്പരാഗത രീതികൾ ഇന്ന് പ്രധാനമായും സ്വതന്ത്ര പൗരസ്ത്യ സുറിയാനി മാത്രമാണ് തുടർന്ന് പോരുന്നത്. കൽദായ കത്തോലിക്കാ സഭയിലും സീറോ-മലബാർ സഭയിലും ലത്തീൻ വൽക്കരണം മൂലം പുളിപ്പിക്കാത്ത അപ്പമാണ് നിലവിൽ പൊതുവേ ഉപയോഗിക്കുന്നത്.[8]
കുർബാന ക്രമം ആരംഭിക്കുന്നത് അത്യുന്നതങ്ങളിൽ ദൈവത്തിന് പുകഴ്ച എന്ന് തുടങ്ങുന്ന മാലാഖമാരുടെ കീർത്തനത്തോടും സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന് തുടങ്ങുന്ന കർതൃ പ്രാർത്ഥനയോടും കൂടിയാണ്. കർതൃ പ്രാർത്ഥനയോട് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്നുള്ള ത്രൈശുദ്ധ കീർത്തനവും ചേർക്കുന്നു. പ്ശീത്താ ബൈബിളിലുള്ള കർതൃപ്രാർത്ഥനയുടെ രൂപമാണ് ആരാധനാക്രമത്തിൽ ഉപയോഗിക്കുന്നത്. കുർബാന ക്രമത്തിൽ മാത്രമല്ല മറ്റു പ്രാർത്ഥനാക്രമങ്ങളിലും ഇതേ രീതി തന്നെയാണ് അനുവർത്തിക്കപ്പെടുന്നത്. കൽദായ-അസ്സീറിയൻ ഉപയോഗശൈലിയിൽ കുർബാന ക്രമത്തിൽ ഈ പ്രാരംഭ പ്രാർത്ഥനകൾക്ക് മുമ്പായി ത്രിത്വ സ്തുതിയും ചേർക്കുന്നത് പതിവാണ്. സീറോ മലബാർ ശൈലിയിൽ ഔദ്യോഗികമായും സാധാരണയായും പുഖ്ദാൻകോൻ ('അന്നാപ്പെസഹാ') എന്ന് തുടങ്ങുന്ന കീർത്തനം ആണ് ആമുഖമായി ഉപയോഗിക്കുന്നത്. ത്രിത്വ സ്തുതി ഉപയോഗിക്കുന്ന രീതിയും ചിലയിടങ്ങളിൽ നിലവിൽ ഉണ്ട്. തുടർന്നുള്ള ഭാഗങ്ങൾ താഴെ പറയുന്നവയാണ്:[8]
ആരംഭത്തിലെ ആമുഖ പ്രാർത്ഥനകളും മദ്ബഹാഗീതവും ഒഴികെ ഇതേ പ്രാർത്ഥനകൾ തന്നെയാണ് യാമനമസ്കാരങ്ങളിലും ഉപയോഗിക്കുന്നത്.
വിശുദ്ധ ഗ്രന്ഥത്തിൽ നിന്നുള്ള നാല് വായനകളാണ് കുർബാന ക്രമത്തിൽ ഉള്ളത്. നിയമഗ്രന്ഥം, പ്രവാചകഗ്രന്ഥം, ഏങ്കർത്താ, ഏവൻഗേലിയോൻ എന്നിവയാണവ. ഒരോ ദിവസവും വായിക്കേണ്ട ഭാഗങ്ങൾ ആരാധാക്രമവത്സരവും തിരുനാളുകളും അനുസരിച്ച് നിയതമായി നിശ്ചയിക്കപ്പെട്ടവയാണ്. വചനശുശ്രൂഷയുടെ ആമുഖമായി മാറ്റമില്ലാത്ത ഒരു പ്രാർത്ഥനയും ഉണ്ട്. ഈ സമയത്ത് മദ്ബഹാവിരി അടയ്ക്കുന്നു.
കൽദായ ആചാരക്രമത്തിൽ മൂന്ന് കൂദാശക്രമങ്ങൾ നിലവിലുണ്ട്. മൂന്നിന്റെയും പൊതു ഘടന ഒന്നുതന്നെയാണ്. എന്നാൽ പ്രാർത്ഥനകളിലും ഉള്ളടക്കത്തിന്റെ വലുപ്പത്തിലും വ്യത്യാസമുണ്ട്. അദ്ദായിയുടെയും മാറിയുടെയും അനാഫൊറ ആണ് താരതമ്യേന ചെറുത്. ഇതിൽ സ്ഥാപനവിവരണം ഇല്ല. അതേസമയം പൗരസ്ത്യ കത്തോലിക്കാ സഭകൾ ലത്തീൻവൽക്കരണത്തിന്റെ ഭാഗമായി ഇത് കൂട്ടിച്ചേർത്തിട്ടുണ്ട്. തിയദോറിന്റെയും നെസ്തോറിയസ്സിന്റെയും അനാഫൊറകളിൽ സ്ഥാപനവിവരണവും ചേർത്തിട്ടുണ്ട്. നെസ്തോറിയസ്സിന്റെ അനാഫൊറയാണ് ഏറ്റവും വലുത്. കൂശാപ്പാ (യാചന), ഗ്ഹാന്താ (പ്രണാമജപം), കാനോന (വാഴ്ത്തൽ), പ്രാർത്ഥനാഭ്യർത്ഥന എന്നിങ്ങനെ ക്രമീകരിക്കപ്പെട്ട നാലോ അഞ്ചോ വൃത്തങ്ങളാണ് ഒരോ കൂദാശക്രമത്തിലും ഉള്ളത്.
മൂന്ന് അനാഫൊറുകളുടെയും പൊതു ഘടന താഴെപ്പറയുന്ന വിധത്തിലാണ്:
ആരാധനാ സമൂഹത്തിന്റെ പൊതുവായ പാപമോചനത്തിനായി പ്രാർത്ഥിക്കുന്ന ഭാഗമാണ് ഇത്.
കൽദായ ആചാരക്രമത്തിലെ യാമ നമസ്കാരങ്ങളുടെ മർമ്മം സങ്കീർത്തനങ്ങൾ ആണ്. മൂന്നു മണിക്കൂറുകൾ ചേരുന്നതാണ് ഒരു യാമം. ഓരോ യാമത്തിലും ചൊല്ലേണ്ട പ്രാർത്ഥന യാമനമസ്കാരം എന്ന് അറിയപ്പെടുന്നു. യഹൂദ പാരമ്പര്യം പോലെ പൊതുവേ സുറിയാനി ക്രിസ്തീയതയിലും ഒരു സൂര്യാസ്തമയം മുതൽ തൊട്ടടുത്ത സൂര്യാസ്തമയം വരെയാണ് ദിവസം കണക്കാക്കുന്നത്. ഔദ്യോഗികമായി ഒരു ദിവസം 7 സാധാരണ യാമ നമസ്കാരങ്ങളും അവസാന യാമത്തിന് ഒരു അസാധാരണ നമസ്കാരവും ആണ് ഉള്ളത്. ഇവ താഴെപ്പറയുന്നവയാണ്:
എന്നാൽ ഇവ കൃത്യമായി അനുഷ്ഠിക്കുന്നത് ആശ്രമങ്ങളിലും മഠങ്ങളിലും മറ്റുമായിരിക്കും. പള്ളികളിൽ സാധാരണ മൂന്ന് യാമ നമസ്കാരങ്ങൾ മാത്രമേ നടത്താറുള്ളൂ (റംശ, ലെലിയ, സപ്ര). എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് വൈകുന്നേരത്തിലെ റംശയും രാവിലത്തെ സപ്രയും ആണ്. ഏറ്റവും കൂടുതൽ ജനപങ്കാളിത്തം ഉണ്ടാകുന്നതും ഇവയ്ക്കാണ്. അതേസമയം ആചാരനിഷ്ഠ പാലിക്കുന്ന ആശ്രമങ്ങളിൽ 7 യാമ നമസ്കാരങ്ങളും നിറവേറ്റുന്നതിൽ വീഴ്ച വരുത്താറില്ല. ഓരോന്നിലും മൂന്ന് ഹൂലാലെകൾ (ഒരു ഹൂലാല: 9 സങ്കീർത്തനങ്ങൾ) ഉണ്ടാകും. അങ്ങനെ ഒരു ദിവസം കൊണ്ട് സങ്കീർത്തന പുസ്തകം മുഴുവനും പാടി തീർക്കുന്ന രീതിയാണ് ആശ്രമങ്ങളിൽ പിന്തുടരുന്നത്. സാധാരണ പള്ളികളിൽ മൂന്നു നോമ്പിന്റെ ദിവസങ്ങളിൽ ഈ രീതി പാലിക്കാറുണ്ട്.[8]
സങ്കീർത്തനങ്ങൾക്ക് പുറമേ കാലങ്ങൾക്കും തിരുനാളുകൾക്കും അനുസരിച്ച് മാറിവരുന്ന പ്രാർത്ഥനകളും ഗാനങ്ങളും യാമനമസ്കാരങ്ങളുടെ ഭാഗമാണ്. പ്രത്യുത്തരങ്ങളായി ചൊല്ലുന്ന ഭാഗങ്ങൾ ഖദം (മുമ്പ്), വാത്തർ (ശേഷം) എന്നിങ്ങനെ രണ്ട് ഗണങ്ങളായി തിരിച്ചിരിക്കുന്നു. ഇതിനായി രണ്ട് വ്യത്യസ്ത ഗണം ഗായകരും ഉണ്ടാകും. രണ്ടാഴ്ചകൾ ഒരേ പ്രാർഥന ക്രമം തുടരുന്നു. അതിൽ ആദ്യത്തേതിൽ രണ്ട് ഗായകസംഘങ്ങളിൽ ഖദം വിഭാഗക്കാരും രണ്ടാമത്തെ ആഴ്ചയിൽ വാത്തർ വിഭാഗക്കാരും പ്രാർത്ഥനകളുടെ ആദ്യഭാഗം ചൊല്ലുന്നു. ഇക്കാരണത്താൽ യാമ നമസ്കാരങ്ങളുടെ പുസ്തകം "ക്സാവാ ദ് ഖദം ഒ വാത്തർ" (ആദ്യത്തേതിൻറെയും ശേഷത്തിന്റെയും പുസ്തകം) എന്നാണ് അറിയപ്പെടുന്നത്.[8]
വർഷത്തെ എകദേശം ഏഴ് ആഴ്ചകൾ വീതമുള്ള ശാവൂഎ (കാലങ്ങൾ) ആയി തിരിച്ചിരിക്കുന്നു. ഇവ താഴെപ്പറയുന്നവയാണ്:
ഇവയിൽ മൂശെ, പള്ളിക്കൂദാശ എന്നീ കാലങ്ങളിൽ നാല് ആഴ്ചകളിൽ അധികം ഉണ്ടാകാറില്ല. അതേസമയം ഏലിയാ സ്ലീവാ കാലത്തിൽ 7 ആഴ്ചകളിൽ അധികം ഉണ്ടാകാറുണ്ട്. വർഷത്തിലെ ഓരോ ദിവസവും ഓരോ കാലത്തിൻറെ പേരിലാണ് അറിയപ്പെടുന്നത്. ഉദാഹരണത്തിന് ദനഹാക്കാലത്തിലെ ആദ്യ ഞായർ ദനഹായുടെ ഒന്നാം ഞായർ എന്ന് അറിയപ്പെടുന്നു. ക്രിസ്തുമസ് (ഡിസംബർ 25) കഴിഞ്ഞ് വരുന്ന മംഗളവാർത്ത കാലത്തിലെ ദിവസങ്ങൾ പിറവിക്കാലം എന്ന് അറിയപ്പെടുന്നു. ഏലിയാ സ്ലീവാ കാലത്തിൽ വിശുദ്ധ സ്ലീവാ കണ്ടെത്തിയതിന്റെ തിരുനാളിന് (സെപ്റ്റംബർ 13) മുൻപുള്ള ദിവസങ്ങൾ ഏലിയായുടെ പേരിലും ശേഷമുള്ള ദിവസങ്ങൾ സ്ലീവായുടെ പേരിലും അറിയപ്പെടുന്നു. പ്രധാനമായും ഉയർപ്പ് തിരുന്നാൾ (ഈസ്റ്റർ) അനുസരിച്ചാണ് കൽദായ ആരാധനാക്രമൗവത്സരവും ക്രമീകരിക്കപ്പെടുന്നത്.
ഓരോ കാലത്തിലും ആരാധനാക്രമത്തിൽ ഉപയോഗിക്കുന്ന പ്രാർത്ഥനകളും ഗാനങ്ങളും വ്യത്യസ്തമാണ്. കൽദായ ആചാര ക്രമത്തിൽ മാത്രം കാണപ്പെടുന്ന തിരുനാളുകൾ ഈ കാലങ്ങൾക്ക് അനുസൃതമാണ്. ഇവ ഓരോ കാലത്തിലെയും ആഴ്ചയിലെ ഓരോ ദിവസങ്ങളിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഞായറാഴ്ചകൾ, വെള്ളിയാഴ്ചകൾ എന്നിവയാണ് ഇത്തരത്തിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന സാധാരണ ദിവസങ്ങൾ. എന്നാൽ ക്രൈസ്തവരുടെ ഇടയിൽ എല്ലായിടത്തും ഒരുപോലെ ആചരിക്കപ്പെടുന്ന ചില പ്രമുഖ തിരുനാളുകൾ പ്രത്യേക തീയതികൾ അനുസരിച്ച് വരുന്നവയാണ്.[8]
തിരുനാളുകളെ പെരുന്നാളുകളും ഓർമ്മ ദിവസങ്ങളും ആയി തരംതിരിച്ചിരിക്കുന്നു. പെരുന്നാളുകൾ പ്രധാനമായും യേശുക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഇവയെ മാറാനായ തിരുനാളുകൾ എന്നാണ് പൊതുവേ വിളിക്കുന്നത്. ഇവ താഴെപ്പറയുന്നവയാണ്:
നോമ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടത് വലിയ നോമ്പ് ആണ്. യേശുക്രിസ്തുവിന്റെ ഉയർപ്പ് പെരുന്നാളിന് മുൻപായി ആചരിക്കപ്പെടുന്നതും അദ്ദേഹത്തിന്റെ 40 ദിവസം ഉപവാസത്തിന്റെ അനുസ്മരണവുമാണ് ഇത്. ഇതിന് പുറമേ പ്രാധാന്യമുള്ളതും അപ്രധാനവുമായ നിരവധി നോമ്പുകളും കൽദായ ആചാരക്രമത്തിൽ നിലവിലുണ്ട്. പാരമ്പര്യപരമായി നോമ്പിൽ എല്ലാവിധത്തിലുമുള്ള മാംസാഹാരവും, മുട്ട, മത്സ്യം, പാലും എല്ലാത്തരം ക്ഷീരോത്പന്നങ്ങളും ഉൾപ്പെടെ ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നു. ഇതിന് പുറമേ മദ്യപാനം, ലഹരി ഉപയോഗം, കള്ളം എന്നിവ കർശനമായി വിലക്കുന്നു. ലൈംഗിക ബന്ധവും നോമ്പ് കാലഘട്ടത്തിൽ അനുവദനീയല്ല.
വലിയ നോമ്പ് 50 ദിവസം നീണ്ടുനിൽക്കുന്ന കാലഘട്ടമാണ്. ഇതാണ് കൽദായ ആചാരക്രമത്തിലെ പ്രധാന നോമ്പ് കാലഘട്ടം. നോമ്പുകാലത്തിലെ ആദ്യത്തെ ഞായറാഴ്ച പേത്തുർത്താ എന്ന് അറിയപ്പെടുന്നു. അന്നേദിവസം വൈകുന്നേരം (അഥവാ ആചാരക്രമപരമായി തിങ്കളാഴ്ച) ആണ് നോമ്പ് ആരംഭിക്കുന്നത്. 40 ദിവസങ്ങൾക്ക് ശേഷം നോമ്പ് ഔദ്യോഗികമായി അവസാനിക്കുന്നെങ്കിലും ഭക്ഷണ-ജീവിതരീതികളിൽ മാറ്റം വരുത്താതെ തുടരുന്നു. അന്നേദിവസം ലാസറിന്റെ വെള്ളി എന്നാണ് അറിയപ്പെടുന്നത്. യേശുക്രിസ്തു മരിച്ച ലാസറിനെ സന്ദർശിക്കുന്നതിന് ബേസ് അനിയായിൽ പോയതിന്റെ ഓർമ്മയാചരണമാണ് അന്ന്. പിറ്റേദിവസം കൊഴുക്കട്ട ശനി എന്ന പേരിൽ ആണ് ആചരിക്കപ്പെടുന്നത്. ലാസർ ഉയർപ്പിക്കപ്പെട്ടതിന്റെ അനുസ്മരണമായി മധുരപലഹാരങ്ങൾ (പ്രത്യേകിച്ച് കേരളത്തിൽ അരി കൊണ്ടുള്ള കൊഴുക്കട്ട) അന്നേദിവസം പാകം ചെയ്തു കഴിക്കുന്ന പാരമ്പര്യം ഉണ്ട്. എന്നാൽ നോമ്പ് ഈ ദിവസങ്ങളിലും തുടർന്ന് ഉയർപ്പുതിരുനാളിന്റെ തലേദിവസം വരെ ആചരിക്കുന്ന രീതിയാണ് നിലവിലുള്ളത്.
കൽദായ ആചാരക്രമത്തിൽ വലിയ നോമ്പിന് പുറമേയുള്ള പ്രധാന നോമ്പുകൾ താഴെപ്പറയുന്നവയാണ്:
കൽദായ ആചാരക്രമത്തിലെ നിലവിലിരിക്കുന്ന ഭൂരിഭാഗം കയ്യെഴുത്തുപ്രതികളും 17, 18 നൂറ്റാണ്ടുകളിൽ നിന്നുള്ളവയാണ്. അതേസമയം 15ാം നൂറ്റാണ്ടിനു മുൻപുള്ള ചില കയ്യെഴുത്ത് പ്രതികൾ ബ്രിട്ടീഷ് മ്യൂസിയത്തിലും വത്തിക്കാൻ മ്യൂസിയത്തിലും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ആരാധനാക്രമ പുസ്തകങ്ങൾ പ്രധാനമായും താഴെപ്പറയുന്നവയാണ്:[8]
സ്വതന്ത്ര കിഴക്കിന്റെ സഭയിൽ 1964-68 കാലത്ത് ആരാധനാക്രമവർഷം ഗ്രിഗോറിയൻ പഞ്ചാംഗം പ്രകാരം ആചരിക്കാനുള്ള മാർ ഈശായി ശിമോൻ ഇരുപത്തിരണ്ടാമൻ പാത്രിയർക്കീസിന്റെ തീരുമാനത്തെ തുടർന്ന് പുതിയ പഞ്ചാംഗ കക്ഷിയും പഴയ പഞ്ചാംഗ കക്ഷിയും എന്നിങ്ങനെ സഭ വീണ്ടും പിളർന്നു. പുതിയ (ഗ്രിഗോറിയൻ) പഞ്ചാഗ കക്ഷി അസ്സീറിയൻ പൗരസ്ത്യ സഭയെന്നും പഴയ (ജൂലിയൻ) പഞ്ചാംഗ കക്ഷി പുരാതന പൗരസ്ത്യ സഭയെന്നും അറിയപ്പെടുന്നു. നിലവിൽ രണ്ട് വിഭാഗങ്ങൾക്കും പഞ്ചാംഗത്തിലോ ആരാധനാക്രമത്തിലോ യാതൊരു വ്യത്യാസവും ഇല്ല.
കിഴക്കിന്റെ സഭയിൽ നിന്ന് 1552ൽ ഒരു വിഭാഗം കത്തോലിക്കാ സഭയിൽ ചേർന്നു. ഇറാക്കിൽ 1830 മുതൽ ഈ വിഭാഗം കൽദായ കത്തോലിക്കാ സഭ എന്ന പേരിലും 1923 മുതൽ കേരളത്തിലെ വിഭാഗം സിറോ-മലബാർ സഭ എന്ന പേരിലും വ്യത്യസ്ത പൗരസ്ത്യ കത്തോലിക്കാ സഭകളായി നിലകൊള്ളുന്നു. ഈ രണ്ട് പൗരസ്ത്യ കത്തോലിക്കാ സഭകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആചാരക്രമത്തിൽ കത്തോലിക്കാ സഭയുടെ പലകാലങ്ങളിലുള്ള പൊതുനിലാപാടിന് അനുസരിച്ചുള്ള ഭേദഗതികളോടെ അനുഷ്ഠിച്ചുവരുന്നു.
കൽദായ ആചാരക്രമത്തിലെ പ്രധാന അനാഫൊറ അദ്ദായിയുടെയും മാറിയുടെയും അനാഫറയിൽ സ്ഥാപനവിവരണം ഉൾച്ചേർക്കപ്പെട്ടിട്ടില്ല. എന്നാൽ ഇത് ഉപയോഗിച്ചുവരുന്ന രണ്ട് പൗരസ്ത്യ കത്തോലിക്കാ സഭകളും സ്ഥാപനവിവരണം കൂടി കൂട്ടി ചേർത്താണ് ഉപയോഗിച്ച് വരുന്നത്.
1994ൽ വത്തിക്കാനിൽ വച്ച് അസ്സീറിയൻ പാത്രിയാർക്കീസ് മാർ ദെൻഹ 4ാമനും ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇതു സഭകളുടെയും ക്രിസ്തുവിജ്ഞാനീയം പരസ്പരം ഔദ്യോഗികമായി ശരിവെച്ചുകൊണ്ട് ഒരു പൊതു പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ക്രി. വ. 431-ൽ എഫേസൂസ് സൂനഹദോസ് മൂലം ഉണ്ടായ സഭാ പിളർപ്പ് "വളരെയധികം തെറ്റിദ്ധാരണകൾ മൂലമാണ്" എന്ന് ഈ പ്രമാണത്തിൽ ഇരു വിഭാഗവും അംഗീകരിച്ചു. "ക്രിസ്തു സത്യദൈവവും യഥാർത്ഥ മനുഷ്യനുമാണ്" എന്ന് ഇരു സഭകളും ഒരേ പോലെ ഏറ്റു പറയുന്നു എന്നും, "പരസ്പരം സഹോദരി സഭകളായി" അംഗീകരിക്കുകയും വിവിധ വിഷയങ്ങളിൽ ആവശേഷിക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ കൂടി പരിഹരിക്കാൻ പ്രതിജ്ഞയെടുക്കുകയും അതിനുവേണ്ട പഠനങ്ങളും സംഭാഷണങ്ങളും നടത്തുന്നതിന് ഒരു സമിതി സ്ഥാപിക്കുകയും ചെയ്തു. 2001ൽ ഈ സമിതി, കൽദായ കത്തോലിക്കാ സഭയും കിഴക്കിന്റെ അസീറിയൻ സഭയും തമ്മിൽ വിശ്വാസികൾ വിശുദ്ധ കുർബാനയിൽ പരസ്പരം പങ്കെടുക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കി.[18][19]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.