From Wikipedia, the free encyclopedia
ഉത്തമ ചോളൻ (മധുരാന്തകചോളൻ) പരാന്തക ചോള രണ്ടാമന്റെ പിൻഗാമിയായി സി.ഇ 970 ൽ അധികാരത്തിലെത്തി. രാജേന്ദ്രചോളന്റെ തിരുവാലങ്ങാട് ഫലകങ്ങൾ അനുസരിച്ച്, മധുരാന്തക ഉത്തമചോളന്റെ ഭരണം ആദിത്യൻ രണ്ടാമനുശേഷമാണ്. ആദിത്യചോളൻ സുന്ദര ചോളന്റെ മകനായിരുന്നു. ഭരണം ഏൽക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചുവെന്ന് കരുതപ്പെടുന്നു. [1] ഉത്തമചോളൻ സെമ്പിയൻ മഹാദേവിയുടേയും ഗന്ധരാദിത്യന്റേയും മകനായിരുന്നു . [2] [3]
ഉത്തമചോളൻ | |
---|---|
ഭരണകാലം | 970–985 CE |
മുൻഗാമി | പരാന്തക ചോളൻ രണ്ടാമൻ |
പിൻഗാമി | രാജരാജ ചോളൻ ഒന്നാമൻ |
രാജ്ഞി | സൊരബൈയർ ത്രിഭുവന മഹാദേവി, കാടുവെട്ടിഗൾ നന്ദിപ്പൊട്ടൈരയർ സിദ്ധവദവൻ സുത്തിയാർ |
മക്കൾ | |
മധുരാന്തകൻ | |
പിതാവ് | ഗന്ധരാദിത്യൻ |
ഉത്തമചോളൻ സിംഹാസനം കയറിയ സാഹചര്യങ്ങൾ വ്യക്തമല്ല. ഗന്ധരാദിത്യന്റേയും രാജ്ഞിയായ സെമ്പിയൻ മഹാദേവിയുടേയും മകനായിരുന്നു ഉത്തമൻ. [4] ഗന്ധരാദിത്യന്റെ മരണസമയത്ത് ഉത്തമൻ വളരെ ചെറിയ കുട്ടിയായിരിക്കണം. പക്വതയില്ലായ്മ കാരണം ചോള സിംഹാസനത്തിനുള്ള അദ്ദേഹത്തിന്റെ അവകാശങ്ങൾ മാറ്റിവച്ച്, ഗന്ധരിദിത്യന്റെ ഇളയ സഹോദരൻ അറിഞ്ചയൻ രാജാവായി കിരീടമണിഞ്ഞു. [5]
അറിഞ്ചയൻ വളരെ ചുരുങ്ങിയ കാലം ഭരിച്ചു - ഒരുപക്ഷേ ഒരു വർഷത്തിൽ താഴെ കാലം. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകൻ പരാന്തകൻ രണ്ടാമൻ ( സുന്ദര ചോളൻ ) അധികാരമേറ്റു. [6] കിരീടം അവകാശപ്പെടാൻ മധുരാന്തകനു പ്രായമാകുമ്പോഴേക്കും സുന്ദര ചോളന് രണ്ട് ആൺമക്കളുണ്ടായിരുന്നു - ആദിത്യ കരികാലൻ, അരുൾമൊഴിവർമൻ എന്നിവർ.
ഗന്ധരദിത്യചോളന്റെ മകൻ ഉത്തമ ചോളന് സിംഹാസനത്തിന് കൂടുതൽ അവകാശമുണ്ടെങ്കിൽകൂടി പരാന്തകസുന്ദരചോളന്റെ ഭരണകാലത്ത് അദ്ദേഹത്തിന്റെ മകൻ ആദിത്യൻ രണ്ടാമനെ ചോളസിംഹാസനത്തിനു അവകാശിയാക്കി . 969 സി.ഇ യിൽ ആദിത്യൻ രണ്ടാമൻ വധിക്കപ്പെട്ടു. [7] [8] രാജേന്ദ്ര ചോളൻ ഒന്നാമന്റെ തിരുവലങ്ങാട് ഫലകൾ അനുസരിച്ച് കിരീടാവകാശത്തെക്കുറിച്ച് തർക്കമുണ്ടായിരുന്നതായി കരുതുന്നു. പിൽക്കാലത്ത് രാജരാജൻ ഒന്നാമൻ എന്ന പേരു സ്വീകരിച്ച അരുൾമൊഴിവർമൻ തന്റെ പിതാമഹന്റെ സഹോദരപുത്രനായ മധുരാന്തകനു വേണ്ടി മാറിനിൽക്കാൻ തീരുമാനിച്ചു. [1]
രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനാൽ ചില വ്യക്തികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി രാജരാജന്റെ കാലത്തെ ഒരു ലിഖിതത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു. ആദിത്യൻ രണ്ടാമനെ വധിക്കാനുള്ള ഗൂഢാലോചനയിൽ ഈ വ്യക്തികൾക്കു ഉള്ള പങ്കും ഈ ലിഖിതം ചൂണ്ടിക്കാണിക്കുന്നു. രാജരാജ ചോളന്റെ രണ്ടാം വർഷത്തിൽ എഴുതിയ ഉദയാർഗുഡിയിൽ നിന്നുള്ള ലിഖിതത്തിൽ രാജ്യദ്രോഹക്കുറ്റത്തിനും ആദിത്യൻ രണ്ടാമന്റെ വധത്തിനും കാരണക്കാരായ സോമൻ, രവിദാസൻ, പരമേശ്വരൻ, മലയനൂർ രേവദാസ ക്രമവിത്തൻ, രേവദാസന്റെ പുത്രൻ, അമ്മ എന്നിവരുടെ ഭൂമിയും സ്വത്തും കണ്ടുകെട്ടിയതായി സൂചിപ്പിക്കുന്നു. ഇവരിൽ രവിദാസനും പരമേശ്വരനും സർക്കാർ ഉദ്യോഗസ്ഥരായിരുന്നു [9] [7] [8] ക്രി.വ. 969-ൽ ആദിത്യൻ രണ്ടാമൻ കൊല്ലപ്പെട്ടുവെങ്കിലും, കുറ്റവാളികൾക്ക് നീതി ലഭ്യമാക്കാൻ ഉത്തമചോളന്റെ ഭരണകാലത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതിനു ഈ ലിഖിതം തെളിവായി കണക്കാക്കുന്നു .
എന്നിരുന്നാലും, പിൽക്കാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ അവകാശവാദം തെറ്റായിരിക്കാമെന്നും തമിഴ് ലിഖിതങ്ങളെ തെറ്റായി വ്യാഖ്യാനിച്ചിരിക്കാമെന്നും ആണ്. ഉത്തമ ചോളനെതിരെ എന്തെങ്കിലും തെളിവുകൾ ഉണ്ടായിരുന്നെങ്കിൽ രാജരാജന്റെ മകൻ രാജേന്ദ്രൻ കിരീടധാരണനാമമായി മധുരാന്തകൻ രണ്ടാമൻ എന്ന പേരു ഏറ്റെടുക്കുമായിരുന്നില്ല എന്നു കരുതപ്പെടുന്നു.
ഉത്തമചോളൻ മതവിശ്വാസിയായിരുന്നുവെന്നുള്ളതിനു ധാരാളം തെളിവുകളുണ്ട്. കടുത്ത ശിവഭക്തനായിരുന്ന (തിരുനല്ലം എന്നും അറിയപ്പെടുന്ന കൊന്നേരിരാജപുരം, കാഞ്ചീപുരം എന്നിവിടങ്ങളിലെ ലിഖിതങ്ങളിൽ കാണപ്പെടുന്നതു പോലെ) ഉത്തമചോളനാണ്, തന്റെ അമ്മയുടെ മാർഗ്ഗനിർദ്ദേശത്തിൽ, ക്ഷേത്രരീതികൾ, ക്ഷേത്രലിഖിതങ്ങൾ, കല, ശിൽപ്പകല, ഭരണപരമായ രേഖകളുടെ സംരക്ഷണം എന്നിവ ക്രോഡീകരിച്ചത്.
ഉത്തമചോളന്റെ സൈനികനീക്കങ്ങളെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭ്യമല്ല, എന്നാൽ അദ്ദേഹത്തിന്റെ കാലമായപ്പോഴേക്കും തോണ്ടൈമണ്ഡലത്തിന്റെ ഭൂരിഭാഗവും രാഷ്ട്രകൂടന്മാരിൽ നിന്ന് തിരിച്ചുപിടിച്ചിരുന്നു. [10] അദ്ദേഹത്തിന്റെ ആധിപത്യത്തിൽ കാഞ്ചി, തിരുവണ്ണാമല എന്നിവയും ഉൾപ്പെട്ടിരുന്നു. [11] അദ്ദേഹത്തിന്റെ പല ലിഖിതങ്ങളും ചിംഗ്ലെപുട്ട്, നോർത്ത് ആർക്കോട്ട് ജില്ലകളിൽ കാണപ്പെടുന്നു. ഉത്തമചോളന്റെ സമയത്ത് ചോള സൈന്യം പാണ്ഡ്യരുമായും അവരുടെ സഖ്യകക്ഷിയായ സിംഹളന്മാരുമായും ഈഴത്തിലോ ശ്രീലങ്കയിലോ തുടർച്ചയായ പോരാട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഉത്തമചോളന്റെ നിരവധി നാണയങ്ങൾ പാണ്ഡ്യ രാജ്യത്തും ഈഴത്തിലും കണ്ടെത്തിയിട്ടുണ്ട്. [12]
ഉത്തമചോളൻ ഗുണനിലവാരത്തിലും സംഘടനയിലും സൈന്യത്തിന്റെ കാര്യക്ഷമത ഉയർത്തിയെന്നുള്ള സൂചനകൾ ലഭ്യമാണ്. ഉത്തമചോളന്റെ കാലം മുതൽ യോദ്ധാക്കൾക്ക് അരക്കെട്ടിനുള്ള കവചം നൽകിയിട്ടുണ്ടെന്ന് ലിഖിതങ്ങളിലൂടെ അറിയപ്പെടുന്നു.
സുന്ദരചോളന്റെ കീഴിൽ സേവനമനുഷ്ഠിച്ച പാലുവേട്ടയ്യാർ മറവൻ കണ്ടനാർ ആയിരുന്നു അദ്ദേഹത്തിന്റെ ഭരണകാലത്തെ ഒരു പ്രധാന സൈന്യാധിപൻ. അദ്ദേഹത്തിന്റെ മകൻ കുമാരൻ മറവാനും ഉത്തമ ചോളനെ സേവിച്ചു. [13]
സെമ്പിയൻ മഹാദേവിയുടെയും ഗന്ധരാദിത്യചോളന്റെയും മകനായിരുന്നു ഉത്തമ ചോളൻ. മലവരയർ തലവന്റെ മകളായിരുന്നു സെമ്പിയൻ മഹാദേവി. [14] ഉത്തമ ചോളന് നിരവധി രാജ്ഞിമാരുണ്ടായിരുന്നു. ഒറട്ടനാൻ (ഉറാട്ടയാന) സോരബ്ബയ്യാർ ത്രിഭുവന-മഹാദേവിയാർ (മുഖ്യ രാജ്ഞി), കാടുവെട്ടിഗൽ നന്ദിപ്പൊട്ടൈരായർ (പല്ലവ രാജകുമാരിയാണെന്നു കരുതപ്പെടുന്നു), സിദ്ധവദവൻ സുത്തിയാർ എന്നിവർ അവരിൽ ചിലരാണ്. [15]
ഒരു ശൈവഭക്തനായിരുന്നെങ്കിലും ഉത്തമചോളൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങൾ സംഭാവന വിഷ്ണു ക്ഷേത്രങ്ങൾക്കു സംഭാവന നൽകി, പ്രത്യേകിച്ച് ഉള്ളഗലദർ ക്ഷേത്രത്തിന്. രാജ്യത്തിലെ ജില്ലകൾക്ക് വലിയ തോതിൽ സ്വയംഭരണവും ഉത്തമചോളൻ നൽകി. കച്ചിപീഡ് (ആധുനിക കാഞ്ചീപുരം) അദ്ദേഹത്തിന്റെ കീഴിലെ പ്രധാന നഗരങ്ങളിലൊന്നാണ്. ആധുനിക കുംഭകോണം, തിരുനല്ലം (ആധുനിക കൊന്നേരിരാജപുരം), തിരുവല്ലാറൈ, തിരുപ്പട്ടുറൈ, തിരുനേദുഗളം, തിരുവീസലൂർ, തിരുനാരൈയൂർ, തിരുവലങ്ങാട്, തിരുക്കോടിക്ക എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലേക്കു പണം, കന്നുകാലികൾ, ആടുകൾ എന്നിവ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.
ഇഷ്ടിക, ചുണ്ണാമ്പ്, മരം എന്നിവ കൊണ്ടുള്ള കെട്ടിടങ്ങളെ കല്ലിലാക്കുന്ന മാറ്റത്തിനു ഉത്തമ ചോളന്റെ അമ്മ തുടക്കമിട്ടു. ഈ ശ്രമത്തിൽ അദ്ദേഹം തന്റെ അമ്മയ്ക്ക് സജീവമായി ധനസഹായം നൽകി എന്നതിന് ലിഖിത തെളിവുകൾ ഉണ്ട്. [16]
കുംഭകോണത്തിനടുത്തുള്ള കൊന്നേരരാജപുരം (തിരുനല്ലം) ക്ഷേത്രത്തിന്റെ അകത്തെ പ്രകാരത്തിന്റ തെക്കേ മതിലിൽ ഉത്തമ ചോളന്റേയും (മധുരാന്തക ദേവർ) അമ്മയുടെയും ശില്പങ്ങൾ കാണപ്പെടുന്നു.
ഉത്തമചോളൻ 985 സി.ഇ യിൽ അന്തരിച്ചു. അദ്ദേഹത്തിന് ഒരു മകനുണ്ടായിരുന്നുവെങ്കിലും (മധുരാന്തക ഗന്ധരാദിത്യൻ), പിന്തുടർച്ചാവകാശം പരാന്തകൻ രണ്ടാമന്റെ കുടുംബത്തിലേക്ക് തിരിച്ചുപോയി. രാജരാജ ചോള ഒന്നാമൻ ചോള ചക്രവർത്തിയായി. രാജരാജന്റെ കൊട്ടാരത്തിൽ മധുരാന്തക ഗന്ധരാദിത്യൻ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.