From Wikipedia, the free encyclopedia
പരാന്തക ചോളൻ രണ്ടാമൻ (957–970 സി.ഇ) പന്ത്രണ്ടു വർഷത്തോളം ഭരിച്ച ഒരു ചോള രാജാവായിരുന്നു. പരാന്തക സുന്ദര ചോളൻ, എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. [1] [2] [3] അറിഞ്ചയചോളന്റേയും വൈടുംബകുലത്തിലെ രാജകുമാരിയായിരുന്ന കല്യാണിയുടേയും മകനായിരുന്നു പരാന്തകൻ രണ്ടാമൻ.[4] ഗണ്ഡരാദിത്യന്റെ ( അരിഞ്ചയന്റെ ജ്യേഷ്ഠൻ) മകൻ ഉത്തമ ചോളനു ചോളസിംഹാസനത്തിനു തുല്യമായ അവകാശമുണ്ടായിരുന്നുണ്ടെങ്കിലും പരാന്തകൻ രണ്ടാമൻ ചോളസിംഹാസനത്തിൽ കയറി. [5]
സുന്ദര ചോളൻ (പരാന്തക രണ്ടാമൻ) சுந்தர சோழன் | |
---|---|
രാജകേസരി | |
ഭരണകാലം | ?957 – ?970 സി.ഇ |
Nationality | ചോള |
മുൻഗാമി | അറിഞ്ചയ |
പിൻഗാമി | ഉത്തമചോളൻ |
രാജ്ഞി | വനവന്മഹാദേവി, പരാന്തകൻ ദേവി |
മക്കൾ | |
ആദിത്യ രണ്ടാമൻ (കരികാല) അരുൾമൊഴിവർമ്മൻ കുന്ദവൈ | |
പിതാവ് | അറിഞ്ചയ |
പരാന്തകചോളൻ രണ്ടാമൻ രാജാവായപ്പോളേക്കും ചോള രാജ്യം ഒരു ചെറിയ പ്രവിശ്യയുടെ വലിപ്പത്തിലേക്ക് ചുരുങ്ങിയിരുന്നു. തെക്കുഭാഗത്തുള്ള പാണ്ഡ്യന്മാർ ചോള സൈന്യത്തെ പരാജയപ്പെടുത്തുകയും അവരുടെ ഭൂപ്രദേശം കൈവശപ്പെടുത്തുകയും ചെയ്തിരുന്നു.
പരാന്തക രണ്ടാമന്റെ ഭരണകാലം ഭാവിയിലെ ചോളസാമ്രാജ്യത്തിന്റെ വിജയങ്ങൾക്കുള്ള അടിത്തറയിട്ടു. അദ്ദേഹം വടക്കുള്ള ഏതാനും പ്രദേശങ്ങൾ വീണ്ടെടുക്കുകയും പാണ്ഡ്യഭരണാധികാരി വീര പാണ്ഡ്യനെ പരാജയപ്പെടുത്തി മധുര പിടിച്ചെടുക്കുകയും ചെയ്തു. ശ്രീലങ്കയുടെ നിയന്ത്രണം നേടുന്നതിനായി ഒരു യുദ്ധപര്യടനം നടത്തിയെങ്കിലും അത് വിജയിച്ചില്ല. [6]
ചോള രാജാവായ ഉടനെ, പരാന്തക രണ്ടാമന്റെ ശ്രദ്ധ തെക്ക് പാണ്ഡ്യരുടെ വർദ്ധിച്ചുവരുന്ന ശക്തിയിലേക്കായിരുന്നു. പാണ്ഡ്യ രാജ്യത്ത് ചോള മേധാവിത്വം പുനസ്ഥാപിക്കാനുള്ള ഗണ്ഡരാദിത്യന്റെ ശ്രമങ്ങളെ ചെറുത്തുനിന്ന വീരപാണ്ഡ്യൻ സ്വതന്ത്രരാജ്യമായി തന്റെ പ്രദേശങ്ങൾ ഭരിക്കുകയായിരുന്നു. ചോളസൈന്യവും പാണ്ഡ്യസൈന്യവും ചെവൂരിൽ ഏറ്റുമുട്ടി. പരാന്തകചോളനും ഇളയ മകൻ ആദിത്യ കരികാലനും (ആദിത്യ രണ്ടാമൻ എന്നും അറിയപ്പെടുന്നു) വീരപാണ്ഡ്യനെ പരാജയപ്പെടുത്തുകയും വീരപാണ്ഡ്യൻ യുദ്ധക്കളത്തിൽ നിന്നു പലായനം ചെയ്തുവെന്ന് ലിഖിതങ്ങളിൽ പരാമർശിക്കപ്പെടുന്നു. [7]
ചെവൂർ യുദ്ധത്തിനുശേഷം, പരാന്തക രണ്ടാമന്റെ സൈന്യം പാണ്ഡ്യരാജ്യത്തിനുള്ളിലേക്ക് ആക്രമണം തുടർന്നു. സിംഹളരാജാവായ മഹിന്ദ നാലാമൻ പാണ്ഡ്യരാജാവിന്റെ സഖ്യകക്ഷിയായിരുന്നു. ലങ്കൻ സൈന്യം പാണ്ഡ്യസൈന്യത്തെ യുദ്ധക്കളത്തിൽ പിന്തുണച്ചു. ഈ പിന്തുണ നിർവീര്യമാക്കാൻ പരാന്തക രണ്ടാമന്റെ സൈന്യം ലങ്കയെ ആക്രമിച്ചു. പരാന്തകസുന്ദര ചോളൻ മത്സ്യചിഹ്നം, സിംഹാസനം, രത്നം പതിച്ച കിരീടം, പുരാതനമായ മുത്ത് മാല തുടങ്ങിയ പാണ്ഡ്യന്മാരുടെ രാജകീയ ചിഹ്നങ്ങൾ പിടിച്ചെടുത്തു.
പാണ്ഡ്യന്മാർക്കുമേലേയുള്ള യുദ്ധത്തിന്റെ സ്മരണക്കായി സുന്ദരചോളൻ മധുരൈക്കൊണ്ട രാജകേസരി എന്ന് സ്വയം വിശേഷിപ്പിച്ചു. [8] ചെവൂർ യുദ്ധത്തിൽ ചോളസൈന്യം വിജയിച്ചെങ്കിലും പാണ്ഡ്യഭൂമികളിൽ ചോളന്മാരുടെ അധികാരം പുനസ്ഥാപിക്കുന്നതിൽ പരാന്തക രണ്ടാമൻ വിജയിച്ചില്ല.
സുന്ദരചോളൻ ശ്രീലങ്കയിലെ ഭരണാധികാരിക്കെതിരെ യുദ്ധം നടത്തി. യുദ്ധത്തിനു നേതൃത്വം നൽകിയത് അദ്ദേഹത്തിന്റെ ജനറലും ബന്ധുവും ആയ പരാന്തക സിരിയവേലർ ആയിരുന്നു. സിരിയവേലരും ചോളരാജാവിന്റെ ഭാര്യാസഹോദരനുമായ ബാണമേധാവിയും യുദ്ധത്തിൽ മരിച്ചതിനാൽ ഈ യുദ്ധപര്യടനം ചോളന്മാർക്ക് നന്നായി പര്യവസാനിച്ചില്ല. [9] [10]
പരാന്തക രണ്ടാമന്റെ അവസാനകാലം സന്തോഷകരമായിരുന്നില്ല. കിരീടാവകാശിയായിരുന്ന ആദിത്യ രണ്ടാമൻ ഗൂഢാലോചനക്കാരാൽ വധിക്കപ്പെട്ടു. തമിഴ്നാട്ടിലെ ഉദയാർകുഡി ക്ഷേത്രത്തിൽ കണ്ടെത്തിയ ലിഖിതങ്ങളിലൊന്നിൽ രാജരാജചോളൻ ഗൂഢാലോചനക്കാരായ ചില വ്യക്തികളുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയതായി പരാമർശിക്കുന്നുണ്ട്.
ആദിത്യ രണ്ടാമന്റെ വധത്തിനുശേഷം ഉത്തമചോളൻ കിരീടാവകാശിയായി. അധികാരമേറ്റെടുത്തതിനുശേഷം മധുരാന്തക എന്നും അറിയപ്പെട്ടിരുന്ന ഉത്തമചോളൻ പരാന്തകൻ രണ്ടാമന്റെ രണ്ടാമത്തെ മകനായ അരുൾമൊഴിവർമ്മനെ (രാജരാജചോളൻ) രാജ്യവകാശിയാക്കി എന്ന് തിരുവലങ്ങാട് താമ്രഫലകത്തിലെ ലിഖിതത്തിൽ പറയുന്നു.
പരാന്തക രണ്ടാമൻ കാഞ്ചിപുരത്ത് അദ്ദേഹത്തിന്റെ സ്വർണ്ണക്കൊട്ടാരത്തിൽ വച്ച് മരിച്ചു (973 സി.ഇ). അതിനുശേഷം അദ്ദേഹം " പൊൻ മാളിഗായ് തൂഞ്ചിന തേവർ " - "സുവർണ്ണകൊട്ടാരത്തിൽ മരിച്ച രാജാവ്" എന്നറിയപ്പെട്ടു. [11] ഭരണനിർവഹണത്തിലെ ചോളപാരമ്പര്യം പരാന്തകൻ പിൻതുടർന്നു. അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ മകൻ ആദിത്യ കാരികാലൻ രണ്ടാമന്റെയും പല ലിഖിതങ്ങളും രാജകീയസമിതി, പട്ടാളം, കപ്പൽപ്പട എന്നിവയിലുണ്ടായ പരിഷ്ക്കാരങ്ങളെ വിവരിക്കുന്നു.
മലൈയമ്മൻ ഗോത്രത്തിലെ രാജകുമാരിയും അദ്ദേഹത്തിന്റെ ഒരു രാജ്ഞിയായിരുന്ന വനവന്മഹാദേവി, രാജാവിന്റെ മരണശേഷം സതി അനുഷ്ഠിച്ചു. മകൾ കുന്ദവൈ അവരുടെ ചിത്രം തഞ്ചാവൂർ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചുവെന്നു കരുതപ്പെടുന്നു. [12] ഒരു ചേരരാജകുമാരിയായിരുന്ന മറ്റൊരു രാജ്ഞി 1001 സി.ഇ വരെ ജീവിച്ചിരുന്നു.
പരാന്തക രണ്ടാമന്റെ ഭരണകാലത്ത് സംസ്കൃത, തമിഴ് സാഹിത്യങ്ങൾക്ക് പ്രോത്സാഹനം ലഭിച്ചു. തമിഴ് വ്യാകരണത്തെപ്പറ്റിയുള്ള ബുദ്ധമതകൃതിയായ വിരസൊലിയം അദ്ദേഹത്തെ ബുദ്ധമതത്തിന്റേയും സാഹിത്യത്തിന്റേയും രക്ഷാധികാരിയായി പ്രകീർത്തിക്കുന്നു.
Seamless Wikipedia browsing. On steroids.