Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ് ഉണ്ണിമേനോൻ എന്ന പേരിലറിയപ്പെടുന്ന നമ്പലാട്ട് നാരായണൻകുട്ടി മേനോൻ (ജനനം: ഡിസംബർ 2 1955). തമിഴ്,തെലുങ്ക്,മലയാളം എന്നീ തെന്നിന്ത്യൻ ഭാഷകളിലായി 500 ൽ പരം ഗാനങ്ങൾ ആലപിച്ചു. സംഗീതജീവിതത്തിലെ ആദ്യകാലങ്ങളിൽ അധികമൊന്നും അറിയപ്പെടാതിരുന്ന ഉണ്ണിമേനോന്റെ ഗാനാലാപന ജീവിതത്തിൽ വഴിത്തിരിവായത് മണിരത്നത്തിന്റെ 1992 ലെ റോജ എന്ന തമിഴ് ചിത്രത്തിലെ എ.ആർ. റഹ്മാൻ സംഗീതം നൽകിയ "പുതു വെള്ളൈ മഴൈ..." എന്ന ഗാനമായിരുന്നു. എ.ആർ. റഹ്മാനുമായി കൂട്ടുചേർന്ന് 'കറുത്തമ്മ'(1994) മുതൽ 'മിൻസാര കനവ്'(1997) ഉൾപ്പെടെ ഏകദേശം 25 ൽ പരം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
1955 ഡിസംബർ 2-ന് തൃശ്ശൂർ ജില്ലയിലെ ക്ഷേത്രനഗരിയായ ഗുരുവായൂരിലാണ് ഉണ്ണിമനോന്റെ ജനനം. അച്ഛൻ വി.കെ.എസ്. മേനോൻ. അമ്മ മാലതി. ഗുരുവായൂരിലും പാലക്കാട്ടെ ബി.ഇ.എം. ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ചെറുപ്പത്തിലേ സംഗീതത്തിൽ പ്രതിഭ പ്രകടിപ്പിച്ച ഉണ്ണിമേനോൻ, സ്കൂൾ ,കോളേജ് പഠനകാലത്തെ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.[1] .
ചെന്നൈലേക്ക് പോയ ഉണ്ണിമേനോൻ ആവടിയിലെ ഹെവി വെഹിക്കിൾ ഫാക്ടറിയിൽ ജോലിചെയ്തു വന്നു. അക്കാലത്ത് തെന്നിന്ത്യയിലെ നിരവധി പ്രമുഖ റെക്കോർഡിംഗ് സ്റ്റുഡിയോകൾ ചെന്നൈ ആസ്ഥാനമായാണ് നിലകൊണ്ടിരുന്നത്. സംഗീതത്തിലുള്ള അദ്ദേഹത്തിന്റെ താല്പര്യം ഈ സ്റ്റുഡിയോകൾ ഇടക്കിടെ സന്ദർശിക്കാനും കെ.ജെ. യേശുദാസ് പോലുള്ള പ്രമുഖരായ കലകാരന്മാരുമായി പരിചയപ്പെടാനും കാരണമായി. വൈകാതെ പ്രഗല്ഭരായ ഗായകരുടെ ട്രാക്ക്പാടാൻ അദ്ദേഹം യോഗ്യതനേടുകയും പിന്നീട് നിരവധി സംഗീതസംഗീതസംവിധായകർ തങ്ങളുടെ ഗാനങ്ങൾക്ക് നിർദ്ദേശിക്കുന്ന ഗായകരിൽ ഒരാളായി മാറുകയും ചെയ്തു.[2] 1981-ൽ ശ്യാമിന്റെ ഈണത്തിൽ 'ഓളങ്ങൾ താളം തുള്ളുമ്പോൾ' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് അദ്ദേഹം പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഒരുപാട് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.
1980-കളിൽ ഇളയരാജയുടെ 'ഒരു കൈതിയിൻ ഡയറി' പൊലുള്ള വളരെ ചെറിയ ഹിറ്റുകൾ മാത്രമാണ് തമിഴിൽ ഉണ്ണിമേനോനെ തേടിയെത്തിയത്. 1992-ൽ എ.ആർ. റഹ്മാന്റെ സംഗീതത്തിലുള്ള "പുതു വെള്ളൈ മഴൈ.." എന്നു തുടങ്ങുന്ന ഗാനമാലപിക്കാൻ ക്ഷണിക്കപ്പെട്ടതോടെയാണ് ഉണ്ണിമേനോൻ പ്രശസ്തിയിലേക്ക് ഉയർന്നത്. വൻ ഹിറ്റായ ആ ഗാനത്തിനു ശേഷം നിരവധി ഗാനങ്ങൾ അദ്ദേഹം ആലപിച്ചു.
2003-ൽ 'സ്ഥിതി' എന്ന ചിത്രത്തിൽ അഭിനയിക്കുകയും സംഗീതം നൽകുകയും ചെയ്തതുവഴി തന്റെ കലാജീവിതത്തിന് ഒരു പുതിയമാനം നൽകി ഉണ്ണിമേനോൻ. ഈ ചിത്രത്തിലെ ഗാനമാലപിച്ചതും അദ്ദേഹം തന്നെയായിരുന്നു. 2009-ൽ പുറത്തിറങ്ങിയ 'ശരണമന്ത്രം' എന്ന ഭക്തിഗാന ആൽബത്തിലെ മുഖ്യ ഗായകനും ഉണ്ണിമേനോൻ ആണ്.[1]
സുശീലയാണ് ഉണ്ണിമേനോന്റെ ഭാര്യ. ഇവർക്ക് അങ്കുർ, ആകാശ് എന്നിങ്ങനെ രണ്ടുമക്കളുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.