Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ നഗരം From Wikipedia, the free encyclopedia
10.1167°N 76.3500°E കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ നഗരമാണ് ആലുവ. പെരിയാറിന്റെ തീരത്തുള്ള ആലുവാ മണപ്പുറത്തെ മഹാശിവരാത്രി പ്രശസ്തമാണ്. എറണാകുളം നിന്ന് 20km അകലെയാണ് ആലുവ സ്ഥിതി ചെയ്യുന്നത്.
നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 കിലോമീറ്റർ തെക്ക് ഭാഗത്താണ് ആലുവ സ്ഥിതിചെയ്യുന്നത്. പല അദ്വൈത ആശ്രമങ്ങളും ആലുവയിൽ ഉണ്ട്. ഫെഡറൽ ബാങ്കിന്റെ ആസ്ഥാനവും ആലുവയാണ്. തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും ആലുവയിലുണ്ട്. എങ്കിലും ആലുവയെ പ്രശസ്തമാക്കുന്നത് ആലുവാ തീരത്തുകൂടെ ശാന്തമായൊഴുകുന്ന പെരിയാറാണ്. ഇന്ത്യയിലെ തന്നെ രണ്ടു നഗരങ്ങൾക്കിടയ്ക്ക് ഏറ്റവും കൂടുതൽ ബസ്സ് സർവീസുകൾ ഉള്ളത് ആലുവയ്ക്കും കൊച്ചിക്കും ഇടയ്ക്കാണ്. [അവലംബം ആവശ്യമാണ്]. കൊച്ചിമെട്രോ റെയിൽ ആരംഭിക്കുന്നതു ആലുവയിൽ നിന്നാണ്.
ആലുവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളുമായി വിമാനമാർഗ്ഗവും (നെടുമ്പാശ്ശേരി വിമാനത്താവളം), റെയിൽ മാർഗ്ഗവും റോഡ് മാർഗ്ഗവും കടൽമാർഗ്ഗവും (കൊച്ചി തുറമുഖം വഴി) ബന്ധപ്പെട്ടിരിക്കുന്നു. 2018 ഓഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച നഗരം കൂടിയാണ് ആലുവ.
ആലുവ ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുള്ള ആൽമരത്തിൽ നിന്നാണ് ആലുവ എന്ന പേരുവന്നതെന്ന് ഒരു വിശ്വാസമുണ്ട്. ആലിൻ്റെ വായ എന്നത് ആലുവയായി. വില്വമംഗലം സ്വാമിയാരാണ് ഈ ആൽ വച്ചുപിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു. വിശ്വവിജ്ഞാനകോശത്തിലും ഇത് ഉദ്ധരിച്ച് കാണുന്നുണ്ട്. [1] എന്നാൽ ആലല്ല ശിവക്ഷേത്രം തന്നെയാണ് സ്ഥലനാമോല്പത്തിക്ക് കാരണമെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു.
മധുര കേന്ദ്രീകരിച്ച് വികസിച്ച് ശൈവ മതപ്രസ്ഥാനം പടിഞ്ഞാറോട്ട് വികസിക്കുകയും ആദ്യം തൃക്കരിയൂർ ശിവക്ഷേത്രം സ്ഥാപിക്കപ്പെടുകയും ചെയ്തു. പിന്നീട് ആലുവയിലും ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. മധുരയിലെ ശിവക്ഷേത്രത്തെ ആലവായിൽ എന്ന് വിളിച്ചിരുന്നത് അനുകരിച്ച് ഈ പ്രതിഷ്ഠക്കും ആലവായിൽ എന്ന് വിളിക്കുകയും അത് പിന്നീട് ആലുവാ എന്നാകുകയും ചെയ്തു. [2]
മറ്റൊരു സിദ്ധാന്തം ബുദ്ധമതക്കാരെ ഉന്മൂലനം ചെയ്യാൻ കഴുവിലേറ്റിയിരുന്ന ശൈവമതത്തിന്റെ സ്വാധീനത്തിൽ നിന്നുണ്ടായതാണീ പേരെന്നാണ്. ഇളവാങ്ക് അഥവാ ഇലവാ എന്ന ഇരുമ്പ് ആയുധം ഉപയോഗിച്ചാണ് ബൗദ്ധരുടെ പുറത്ത് തൂക്കം കയറ്റിയിരുന്നത്. [3] ഇതിനെ ചിത്രവധം എന്നാണ് വിളിച്ചിരുന്നത്. [4]
ആലുവായ-നടുങ്ങല്ലൂർ-തിരുവാല്ലൂർ-ചെറിയത്ത് എന്നിങ്ങനെ പക്ഷിശ്രേഷ്ഠനായ ജടായു, രാവണൻ സീതാദേവിയെ ലന്കയിലേക്ക് തട്ടികൊണ്ട് പോകവെ ഈ പ്രദേശത്തു വച്ച് രാമഭക്തനായ ജടായു രാവണനെ തടുക്കുകയും തുടർന്നുളള യുദ്ധത്തിൽ രാവണൻ ജടായുവിനെ മൃതശരീരനാക്കുകയും ചെയ്തു,,,, ആ പകഷ്ിശ്രേഷ്ഠൻറെ വായയും, നടുഭാഗവും, വാൽഭാഗവും വീണ 4 പ്രദേശങ്ങൾ ആലുവ മഹാദേവക്ഷേത്രം(തലഭാഗം), കടുങ്ങല്ലൂർ നരസിംഹസ്വാമീ ക്ഷേത്രം(നടുഭാഗം), തിരുവാലൂർ മഹാദേവ ക്ഷേത്രം(വാൽഭാഗം),ചെറിയത്ത് നരസിംഹ സ്വാമി ക്ഷേത്രം,ദേശം ശ്രീ ചെറിയത്ത് മഹാവിഷ്ണു ക്ഷേത്രം (ചിറകുഭാഗം) എന്നിങ്ങനെ ഉണ്ടായവയാണ് എന്ന് ഒരു ഐതിഹ്യവും കഥയും ആലുവഭാഗത്തു പ്രചാരത്തിലുണ്ട്.ആലുവ നഗരത്തിലും, നഗരപരിധിയിലും സ്ഥിതി ചെയ്യുന്ന ഈ 4 മഹാക്ഷേത്രങ്ങളുടെ സ്ഥാനവും ഏതാണ്ട് ഒരേ നേർരേഖയിലാണ് എന്നത് അത്ഭുതാവഹമാണ്...
കേരളത്തിൽ പ്രാചീന ശിലായുഗമില്ല എന്ന് വാദിച്ചവർക്ക് മറുപടിയായി ആദ്യമായി അതിന് തെളിവുകൾ ലഭിച്ചത് ആലുവയിൽ നിന്നാണ്. [5] തെന്മലക്കടുത്തുള്ള ചെന്തരുണിമലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെടുത്തത്. [6] ക്രി.വ. 1343 ലെ പെരിയാർ വെള്ളപ്പൊക്കത്തിൽ ആദ്യപ്രതിഷ്ഠ നിലനിന്നിരുന്ന ക്ഷേത്രം നശിച്ചു പോവുകയും പകരം വടക്ക് വശത്തുള്ള ഉയർന്ന കരയിൽ പുതിയ ക്ഷേത്രം സ്ഥാപിക്കുകയും ചെയ്തു. എങ്കിലും എല്ലാവർഷവും ശിവരാത്രിക്ക് പഴയ ശിവപ്രതിഷ്ഠ നിലകൊണ്ട സ്ഥാനത്ത് താൽകാലിക ക്ഷേത്രം നിർമ്മിക്കുകയും അത് വെള്ളത്തിൽ ലയിച്ച് ചേരുകയും ചെയ്യുന്നു. ചേരരാജാക്കന്മാരുടെ കാലത്തേ തന്നെ പ്രധാനപ്പെട്ട ഒരു വാണിജ്യോത്സവമായി ആലുവാശിവരാത്രി കൊണ്ടാടിയിരുന്നു. ഒരു വർഷത്തേക്ക് വേണ്ട ഗൃഹോപകരണങ്ങൾ, പണിയായുധങ്ങൾ, കാർഷിക വിത്തുകൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഇവിടെ വില്പനക്കെത്തിയിരുന്നു. പിന്നീട് കൊച്ചി രാജ്ഞിയാണ് ആലുവ ചന്ത നിർമ്മിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി പണ്ടാരം വകയിൽ നിന്ന് സ്ഥലവും വിട്ടുകൊടുത്തു. ഈ ചന്തയെ ചുറ്റിപ്പറ്റിയാണ് നഗരം വികസിച്ചത് തന്നെ. [7]
വേനലിന് ചൂടുവർദ്ധിച്ചിരുന്നത് കുറക്കാൻ ക്രി.വ. 16 ശതകത്തിൽ പോർട്ടുഗീസുകാർ ഇവിടെ സുഖവാസകേന്ദ്രം പണിയുകയുണ്ടായി. ആലുവാപ്പുഴയിൽ കുളിച്ച് താമസിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു. ഫിറാ ഡി ആൽവാ എന്നായിരുന്നു അവരുടെ സ്നാനകേന്ദ്രത്തിന്റെ പേർ. പിന്നീട് ഡച്ചുകാരും ഈ പതിവ് പിന്തുടർന്നു. 1789-ൽ തിരുവിതാംകൂർ മഹാരാജാവ് ആലുവാ മണപ്പുറത്ത് വച്ച് യാഗം നടത്തിയതായി രേഖകൾ ഉണ്ട്.
ആലുവയിലുള്ള പ്രശസ്തമായ ക്ഷേത്രങ്ങൾ
ആലുവയിലുള്ള പ്രശസ്തമായ മുസ്ലിം പള്ളികൾ '
പല ക്രിസ്ത്യൻ പള്ളികളും സെമിനാരികളും ആലുവയിലുണ്ട്. ആലുവയിലെ തൃക്കുന്നത്തു സെമിനാരി പ്രശസ്തമാണ്. മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലാണ് ഈ സെമിനാരി. ആലുവയിലെ പ്രധാന മുസ്ലീം ദേവാലയമായ സെൻട്രൽ ജുമാ മസ്ജിദും വളരെ പ്രശസ്തമാണ്. ശ്രീകൃഷ്ണസ്വാമിക്ഷേത്രവും സെന്ട്രൽ മസ്ജിദും ഒരു മതിലിനിരുപുറവുമായി നിലകൊള്ളുന്നു.
ആലുവയിലെ ഏറ്റവും പഴക്കം ചെന്ന സ്കൂൾ "ആലുവ ബോയ്സ്" എന്നറിയപ്പെടുന്ന ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ,ആലുവ ആണ് . ഈ സ്കൂൾ സ്ഥാപിക്കപ്പെട്ടത് 1908 ൽ ആണ് . ആലുവായിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സെന്റ് മേരീസ് ഹൈസ്കൂൾ 1909 ലാണ് സ്ഥാപിക്കപ്പെട്ടത് . ആദ്യ കാലത്ത് പെൺകുട്ടികൾക്ക് മാത്രം പ്രവേശനം നൽകിയിരുന്ന കേരളത്തിലെ തന്നെ പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ക്രൈസ്തവ മഹിളാലയം ഹയർ സെക്കന്ററി സ്കൂൾ . തദ്ദേശവാസികൾ ഇതിനെ 'മഹിളാലയം' എന്നും വിളിക്കുന്നു. ഒരു മലമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഈ വിദ്യാലയം വയലേലകളിലേക്കും കൃഷിയിടങ്ങളിലേക്കും ഒരു രമണീയ ദൃശ്യം നൽകുന്നു. ഒരുപാടു വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വളർച്ചയ്ക്ക് ഈ പ്രശസ്ത വിദ്യാലയം കളമൊരുക്കിയിട്ടുണ്ട്.
മറ്റു പ്രധാന വിദ്യാലയങ്ങൾ വിദ്യാധിരാജ വിദ്യാഭവൻ, നിർമ്മല, സെന്റ്. ജോൺ ബാപ്റ്റിസ്റ്റ് സ്കൂൾ, സെന്റ് ഫ്രാൻസിസ്, ആലുവ സെറ്റിൽമെന്റ്, തുടങ്ങിയവയാണ്. ഇവയെല്ലാം തന്നെ വിദ്യാഭ്യാസ, സാംസ്കാരിക, കായിക മണ്ഡലങ്ങളിൽ തങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചവയാണ്.
ആലുവയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്
ആലുവയിലെ യൂണിയൻ ക്രിസ്ത്യൻ കോളേജ് പ്രശസ്തമാണ്. ആലുവയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ വാഴക്കുളം പഞ്ചായത്തിലെ മാറമ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു കലാലയമാണ് എം.ഇ.എസ്. കോളേജ് മാറമ്പള്ളി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.