Remove ads
ഇന്ത്യ ആസ്ഥാനമായ ഒരു ഓറിയന്റൽ ഓർത്തഡോക്സ് സഭ From Wikipedia, the free encyclopedia
കേരളം ആസ്ഥാനമായുള്ള ഒരു സ്വയം ശീർഷക[10] സ്വയംഭരണാധികാര ഓറിയന്റൽ ഓർത്തഡോക്സ് സഭയാണ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (Malankara Orthodox Syrian Church) അഥവാ ഇന്ത്യൻ ഓർത്തഡോക്സ് സഭ (Indian Orthodox Church)[11]. കേരളത്തിലെ മാർ തോമാ നസ്രാണികളിൽ ഒരു വിഭാഗമായ ഈ സഭ തോമാശ്ലീഹായുടെ സുവിശേഷ പ്രചരണകാലത്തോളം പാരമ്പര്യം അവകാശപ്പെടുന്നു. ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ആണ് സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷൻ. പൗരസ്ത്യ കാതോലിക്കോസ്, മലങ്കര മെത്രാപ്പോലീത്ത എന്നീ പദവികൾ ഇദ്ദേഹം വഹിക്കുന്നു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ | |
---|---|
ചുരുക്കെഴുത്ത് | MOSC |
വർഗം | ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ |
വിഭാഗം | പൗരസ്ത്യ ക്രിസ്തീയത |
വീക്ഷണം | സുറിയാനി ക്രിസ്തീയത |
മതഗ്രന്ഥം |
|
ദൈവശാസ്ത്രം | ഓറിയന്റൽ ഓർത്തഡോക്സ് ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
സഭാഭരണം | മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് |
പരമാധ്യക്ഷൻ | ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ |
സഭാ സംസർഗ്ഗം | ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ |
പ്രദേശം | ഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ, ഓഷ്യാനിയ, യൂറോപ്പ്യൻ യൂണിയൻ, യു. കെ, കാനഡ, പേർഷ്യൻ ഗൾഫ് തുടങ്ങിയ പ്രവാസീ മേഖലകളും |
ഭാഷ | സുറിയാനി, മലയാളം, ഇംഗ്ലീഷ്, തമിഴ്, ഹിന്ദി, കൊങ്കണി[2], കന്നഡ |
ആരാധനാക്രമം | അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം - മാർ യാക്കോബിന്റെ ആരാധനാക്രമം. |
മുഖ്യകാര്യാലയം | കാതോലിക്കേറ്റ് അരമന, ദേവലോകം, കോട്ടയം |
ഭരണമേഖല | ലോകവ്യാപകം |
അധികാരമേഖല | ലോകവ്യാപകം |
സ്ഥാപകൻ | മാർത്തോമാശ്ലീഹാ (പാരമ്പര്യം അനുസരിച്ച്), വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് |
ഉത്ഭവം | ക്രി. വ. 52 (പാരമ്പര്യം അനുസരിച്ച്) 1912[3][4] നിരണം |
മാതൃസഭ | സുറിയാനി ഓർത്തഡോക്സ് സഭ |
ഉരുത്തിരിഞ്ഞത് | മാർ തോമാ ക്രിസ്ത്യാനികളിൽ നിന്ന്[5][6][7][8] |
പിളർപ്പുകൾ | മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ (1912, 1976)[3] മലങ്കര സുറിയാനി കത്തോലിക്കാ സഭ (1930) |
അംഗങ്ങൾ | 5 ലക്ഷം[9] |
മറ്റ് പേരുകൾ | ഇന്ത്യൻ ഓർത്തഡോക്സ് മലങ്കര ഓർത്തഡോക്സ് മെത്രാൻ കക്ഷി |
വെബ്സൈറ്റ് | mosc.in |
കേരളത്തിലെ ക്രൈസ്തവ സഭ പേർഷ്യൻ സഭയുമായുള്ള ബന്ധത്തിൽ നിലനിന്നിരുന്നതായി കരുതപ്പെടുന്നു. ആറാം നൂറ്റാണ്ടു[12] മുതലെങ്കിലും പേർഷ്യൻ സഭയുടെ വൈദിക മേൽനോട്ടത്തിലായിരുന്നു കേരളത്തിലെ സഭയെന്ന് പറയാം. കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ പൗരസ്ത്യ സുറിയാനി ആരാധനാക്രമങ്ങളും പാരമ്പര്യങ്ങളും നിലവിൽ വരുവാൻ ഈ ബന്ധം കാരണമായി. ആത്മീയ മേൽനോട്ടം പേർഷ്യയിൽ നിന്നുള്ള മെത്രാന്മാർ നിർവ്വഹിച്ചിരുന്നപ്പോഴും സാമുദായിക നേതൃത്വം അർക്കദിയാക്കോൻ അഥവാ ജാതിക്കു കർത്തവ്യൻ എന്ന പദവിയിലുള്ള നാട്ടുക്രിസ്ത്യാനി തലവനായിരുന്നു. 16-ആം നൂറ്റാണ്ടിൽ ഉദയംപേരൂർ സുന്നഹദോസിലൂടെ കേരളത്തിലെ ക്രൈസ്തവ സഭ ലത്തീൻ സഭയുടെ ഭാഗമായെങ്കിലും 1653-ൽ കൂനൻകുരിശ് സത്യത്തിലൂടെ മാർത്തോമാ ക്രിസ്ത്യാനികളിൽ ഒരു ഭാഗം ഈ ബന്ധം തള്ളിക്കളയുകയും അന്നത്തെ അർക്കദിയാക്കോനായിരുന്ന തോമസിനെ മെത്രാനാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1653 മേയ് 22-ന് ആലങ്ങാട്ട് വെച്ച് 12 വൈദികർ ചേർന്ന് മാർത്തോമാ ഒന്നാമൻ എന്ന പേരിൽ ഇദ്ദേഹത്തെ മെത്രാനായി വാഴിച്ചു. മാർത്തോമാ ഒന്നാമനോടൊപ്പം നിന്ന വിഭാഗം മലങ്കര സഭ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടു.
എന്നാൽ ഈ രീതിയിലുള്ള മെത്രാൻ സ്ഥാനാരോഹണം അപ്പോസ്തോലിക പിന്തുടർച്ച പ്രകാരം അംഗീകൃതമല്ലെന്നുള്ള മറുവിഭാഗത്തിന്റെ ആക്ഷേപവും അധികാരപരമായും സാമുദായികവുമായുമുള്ള അസ്ഥിരതകളും അലക്സാന്ത്ര്യ, അന്ത്യോഖ്യ തുടങ്ങിയ സ്ഥലങ്ങളിലെ പൗരസ്ത്യ സഭാതലവന്മാരുമായി ബന്ധം സ്ഥാപിക്കുവാൻ മലങ്കര സഭയെ പേരിപ്പിച്ചു. അതിൻ പ്രകാരം 1665-ൽ യരുശലേമിലെ ഓർത്തഡോൿസ് സഭയുടെ പാത്രിയാർക്കീസ് ഗ്രിഗോറിയോസ് അബ്ദൽ ജലീൽ കേരളത്തിലെത്തുകയും മാർത്തോമാ ഒന്നാമന്റെ സ്ഥാനാരോഹണം ക്രമപ്പെടുത്തുകയും ചെയ്തു. സുറിയാനി ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തിലൂടെ മലങ്കര സഭയിൽ പാശ്ചാത്യ സുറിയാനിയിലുള്ള ആരാധനാക്രമവും ആചാരങ്ങളും പ്രചാരത്തിലെത്തി. പകലോമറ്റം തറവാട്ടിലെ അംഗമായിരുന്ന മാർത്തോമാ ഒന്നാമനെ തുടർന്നു മാർത്തോമാ ഒൻപതാമൻ വരെ പകലോമറ്റം കുടുംബത്തിൽ നിന്നു തന്നെയുള്ള എട്ടു പേർ കൂടി മാർത്തോമാ മെത്രാൻ എന്ന സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1816-ൽ മാർത്തോമാ പത്താമനായി നേതൃസ്ഥാനത്തെത്തിയ ദീവന്ന്യാസിയോസ് രണ്ടാമൻ എന്ന പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസിന്റെ കാലം മുതൽ മാർത്തോമാ മെത്രാൻ എന്നതിനു പകരമായി മലങ്കര മെത്രാപ്പോലീത്ത എന്ന് ഈ സ്ഥാനം അറിയപ്പെടുവാൻ തുടങ്ങി.
19-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലങ്കര സഭ ഇംഗ്ലണ്ടിൽ നിന്നുള്ള സി.എം.എസ്സ് മിഷണറിമാരുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ ആരംഭിച്ചു. 1815-ൽ ആരംഭിച്ച കോട്ടയം പഴയ സെമിനാരിയെ ഒരു മികച്ച വിദ്യാഭ്യാസ സ്ഥാപനമാക്കുന്നതിനും മറ്റും ഇവർ യത്നിച്ചിരുന്നു. എന്നാൽ പ്രൊട്ടസ്റ്റന്റ് ചിന്താഗതികൾ നടപ്പിൽ വരുത്തുവാനുള്ള ഇവരുടെ ശ്രമങ്ങൾ മൂലം 1836-ൽ മാവേലിക്കരയിൽ വെച്ച് കൂടിയ മലങ്കര പള്ളി പ്രതിപുരുഷയോഗത്തിലെ തീരുമാനപ്രകാരം ഈ ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടർന്ന് മിഷണറിമാരുടെ ആശയങ്ങളുമായി അടുപ്പമുള്ള ഒരു ചെറിയ വിഭാഗം സഭാംഗങ്ങൾ ആംഗ്ലിക്കൻ സഭയിലേക്ക് മാറുകയും പിൽക്കാലത്ത് ഇവർ സി.എസ്.ഐ. സഭയുടെ ഭാഗമാവുകയും ചെയ്തു. ഈ വേർപിരിയലിനു പുറമേ മലങ്കര സഭയുടെ വിശ്വാസങ്ങളിലും ആരാധനാരീതികളിലും നവീകരണത്തിന്റെ ആവശ്യകതയുണ്ടെന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കൂടി ഉടലെടുക്കുകയും അത് മാർത്തോമ്മാ സഭയുടെ രൂപീകരണത്തിന് കാരണമാവുകയും ചെയ്തു.
1911-ൽ മലങ്കര മെത്രാപ്പോലീത്തയും അന്ത്യോക്യയിലെ പാത്രിയർക്കീസുമായും ഉണ്ടായ അധികാരതർക്കങ്ങൾ മലങ്കര സഭയിൽ പിളർപ്പിന് കാരണമായി. ഈ തർക്കങ്ങളിൽ മലങ്കര മെത്രാപ്പോലീത്തയെ അനുകൂലിച്ച വിഭാഗം മെത്രാൻ കക്ഷി (ഇപ്പോഴത്തെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ) എന്നും സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായ പാത്രിയർക്കീസ് ബാവായെ അനുകൂലിച്ച വിഭാഗം ബാവാ കക്ഷി (ഇപ്പോഴത്തെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ) എന്നും അറിയപ്പെട്ടു. 1958-ൽ ഇരുവിഭാഗങ്ങളും ഒന്നായെങ്കിലും 1975-ൽ വീണ്ടും രണ്ടു വിഭാഗങ്ങളായി.1912-ൽ മുറിമറ്റത്തിൽ പൗലോസ് മാർ ഈവാനിയോസിനെ ബസേലിയോസ് പൗലോസ് പ്രഥമൻ എന്ന പേരിൽ പൗരസ്ത്യ കാതോലിക്കയായി വാഴിച്ചതോടെ മലങ്കര ഓർത്തഡോക്സ് സഭയിൽ കാതോലിക്കോസ് സ്ഥാനം നിലവിൽ വന്നു. ആദ്യകാലങ്ങളിൽ കാതോലിക്കോസ് സ്ഥാനവും മലങ്കര മെത്രാപ്പോലീത്ത സ്ഥാനവും രണ്ട് വ്യത്യസ്ത അധികാര സ്ഥാനങ്ങളായിരുന്നെങ്കിലും 1934 മുതൽ രണ്ടു സ്ഥാനങ്ങളും ഒരാൾ തന്നെ വഹിക്കുന്ന പതിവാണുള്ളത്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രവർത്തനം 1934ൽ രൂപീകൃതമായ സഭാ ഭരണഘടന അനുസരിച്ചാണ്.
ഇതര ഓറിയന്റൽ ഓർത്തഡോക്സ് സഭകളെ പോലെ മലങ്കര ഓർത്തഡോക്സ് സഭയും നിഖ്യാ, കുസ്തന്തീനോനോപ്പൊലീസ്, എഫേസുസ് എന്നിവിടങ്ങളിൽ വെച്ചു നടന്ന ആദ്യത്തെ മൂന്ന് പൊതു സുന്നഹദോസുകളെ മാത്രം അംഗീകരിക്കുന്നു.
ആരാധനാഭാഷ 1875 വരെ പൗരസ്ത്യ സുറിയാനി. പിന്നീട് 1876 മുളന്തുരുത്തി സുന്നഹദോസ് മുതൽ പാശ്ചാത്യ സുറിയാനി. 20-ആം നൂറ്റാണ്ടിന്റെ ആദ്യപാദം മുതൽ മലയാളം പ്രധാന ആരാധനാഭാഷയായി ഉപയോഗിച്ചു തുടങ്ങി. വട്ടശേരിൽ മാർ ദിവന്നാസിയോസ്, കോനാട്ട് മാത്തൻ മല്പാൻ തുടങ്ങിയവർ ഇതിന് നേതൃത്വം നല്കി. 1872 മുതൽ കുർബാനയർപ്പണത്തിനുള്ള പ്രാർത്ഥനാക്രമം പ്രധാനമായും വി.യാക്കോബിന്റെ തക്സ എന്ന പ്രാർത്ഥനക്രമത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിരിക്കുന്നു.[14]
ആരാധനാവർഷത്തെ ആറ് കാലങ്ങളായി തിരിച്ചിരിക്കുന്നു. 'സഭയുടെ ശുദ്ധീകരണം' എന്നർത്ഥമുള്ള കൂദാശ് ഈത്ത ഞായർ മുതലാണ് സഭയുടെ ആരാധന വർഷം ആരംഭിക്കുന്നത്. ഒക്ടോബർ 30 മുതൽ നവംബർ 5 വരെയുള്ള ദിനങ്ങളിൽ ആദ്യം വരുന്ന ഞായറാഴ്ച കൂദാശ് ഈത്ത ഞായർ ആയി ക്രമീകരിച്ചിരിക്കുന്നു.[15]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.