നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ അഥവാ എൻ.ബി.എ. പുരുഷന്മാർക്കുള്ള ലോകത്തെ ആദ്യ പ്രഫഷണൽ ബാസ്ക്കറ്റ്ബോൾ ലീഗും വടക്കേ അമേരിക്കയിലെ നാലു പ്രധാന കായിക ലീഗുകളിൽ ഒന്നുമാണ്.
ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ഓഫ് അമേരിക്ക എന്ന പേരിൽ 1946 ജൂൺ ആറിനു ന്യൂയോർക്കിലാണ് ലീഗ് തുടക്കം കുറിച്ചത്. മറ്റൊരു പ്രഫഷണൽ ലീഗായ നാഷണൽ ബാസ്ക്കറ്റ്ബോൾ ലീഗുമായി ലയിച്ചതിനെത്തുടർന്ന് 1949 മുതൽ പേര് എൻ.ബി.എ. എന്നായി. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടനകളിൽ ഒന്നാണിത്. ന്യൂയോർക്ക് നഗരത്തിൽ ആസ്ഥാനമുള്ള എൻ.ബി.എയ്ക്ക് സ്വന്തമായി ടെലിവിഷൻ ചാനലും വീഡിയോ പ്രൊഡൿഷൻ വിഭാഗവുമുണ്ട്. അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമായി 30 ടീമുകൾ എൻ.ബി.എയിൽ പങ്കാളികളാണ്.
ടീമുകൾ
11 ടീമുകളുമായാണ് ലീഗ് ആരംഭിച്ചത്. ഇതര ലീഗുകളുമായുള്ള ലയലനത്തിലൂടെയും മറ്റും ഇന്ന് 30 ടീമുകളിലെത്തി നിൽക്കുന്നു. ഇതിൽ 29 എണ്ണവും അമേരിക്കൻ ഐക്യനാടുകളിൽതന്നെയാണ്. ഒരെണ്ണം കാനഡയിലും.
16 തവണ ജേതാക്കളായ ബോസ്റ്റൺ സെൽറ്റിക്സ് ആണ് ലീഗിലെ ഏറ്റവും വിജയ റെക്കോർഡുള്ള ടീം. മാജിക് ജോൺസലൂടെ പ്രശസ്തമായ ലൊസ് ഏഞ്ചൽസ് ലേയ്ക്കേഴ്സ് 14 തവണ ജേതാക്കളായിട്ടുണ്ട്. മൈക്കൽ ജോർദ്ദന്റെ മികവിൽ 1990കളിൽ പ്രശസ്തമായ ഷിക്കാഗോ ബുൾസ് ആറു തവണ ലീഗ് കിരീടം ചൂടിയിട്ടുണ്ട്. 2006ൽ ജേതാക്കളായ മയാമി ഹീറ്റ് ആണ് ലീഗിലെ നിലവിലുള്ള ജേതാക്കൾ.
കിഴക്കും പടിഞ്ഞാറുമായി രണ്ടു കോൺഫറൻസുകളായി ടീമുകളെ തിരിച്ചാണ് എൻ.ബി.എ. മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇരു കോൺഫറൻസിലെയും ജേതാക്കൾ ലീഗ് കിരീടത്തിനായി മത്സരിക്കുന്നു. ഒരോ കോൺഫറൻസിനെയും അഞ്ചു ടീമുകൾ വീതമുള്ള മൂന്നു ഡിവിഷനുകളായും വിഭജിച്ചിട്ടുണ്ട്. ഇപ്രകാരം വിഭജിച്ചിട്ടുണ്ടെങ്കിലും എല്ലാ ടീമുകളും പരസ്പരം മത്സരിക്കുന്ന വിധത്തിലാണ് എൻ.ബി.എ. മത്സരക്രമം.
ഈസ്റ്റേൺ കോൺഫറൻസ്
ഡിവിഷൻ | ടീം | ആസ്ഥാന നഗരം | നിറങ്ങൾ | വേദി | സ്ഥാപിത വർഷം |
---|---|---|---|---|---|
അറ്റ്ലാന്റിക് | ബോസ്റ്റൺ സെൽറ്റിക്ക്സ് | ബോസ്റ്റൺ, മസാച്യുസെറ്റ്സ് | പച്ച, വെളുപ്പ് | ടിഡി ബാങ്ക്നോർത്ത് ഗാർഡൻ | 1946 |
ന്യൂജേഴ്സി നെറ്റ്സ് | ന്യൂവാർക് , ന്യൂജേഴ്സി | നീല, ചുവപ്പ്, വെള്ളി | പ്രുടെൻഷ്യൽ സെൻറെർ | 1967* | |
ന്യൂയോർക്ക് നിക്ക്സ് | ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക് | ഓറഞ്ച്, നീല, കറുപ്പ്, വെളുപ്പ് | മാഡിസൺ സ്ക്വയർ ഗാർഡൻ | 1946 | |
ഫിലാഡെൽഫിയ സെവന്റിസിക്സേഴ്സ് | ഫിലാഡെൽഫിയ, പെൻസിൽവേനിയ | കറുപ്പ്, ചുവപ്പ്, സ്വർണ്ണം, നീല | വക്കോവിയ സെൻറർ | 1939* | |
ടൊറന്റോ റാപ്റ്റേഴ്സ് | ടൊറന്റോ, കാനഡ | ചുവപ്പ്, കറുപ്പ്, വെള്ളി, പർപ്പിൾ | എയർ കാനഡ സെൻറർ | 1995 | |
സെൻട്രൽ | ഷിക്കാഗോ ബുൾസ് | ഷിക്കാഗോ, ഇല്ലിനോയി | ചുവപ്പ്, കറുപ്പ്, വെളുപ്പ് | യുണൈറ്റഡ് സെൻറർ | 1966 |
ക്ലീവ്‌ലൻഡ് കവലിയേഴ്സ് | ക്ലീവ്‌ലൻഡ്, ഒഹായോ | വീഞ്ഞു നിറം, സ്വർണ്ണം, കടും ചുവപ്പ് | ക്വിക്കൻ ലോൺസ് എറീന | 1970 | |
ഡിട്രോയിറ്റ് പിസ്റ്റൺസ് | ഓബേൺ ഹിൽസ്, മിഷിഗൺ | ചുവപ്പ്, വെളുപ്പ്, നീല | ദ് പാലസ് ഓഫ് ഓബേൺ ഹിൽസ് | 1941* | |
ഇൻഡ്യാന പേസേഴ്സ് | ഇൻഡ്യാനാപൊളിസ്, ഇൻഡ്യാന | നാവിക നീല, മഞ്ഞ, ചാരം | കോൺസികോ ഫീൽഡ്‌ഹൌസ് | 1967 | |
മില്വാക്കീ ബക്ക്സ് | മില്വാക്കീ, വിസ്കോൺസിൻ | പച്ച, ചുവപ്പ്, വെള്ളി | ബ്രാഡ്ലി സെൻറർ | 1968 | |
സൗത്ത് ഈസ്റ്റ് | അറ്റ്‌ലാന്റ്റ ഹോക്ക്സ് | അറ്റ്‌ലാന്റ്റ, ജോർജിയ | ചുവപ്പ്, കറുപ്പ്, മഞ്ഞ | ഫിലിപ്സ് എറീന | 1946* |
ഷാർലൊറ്റ് ബോബ്‌ക്യാറ്റ്സ് | ഷാർലൊറ്റ്, നോർത്ത് കരോളിന | ഓറഞ്ച്, നീല, കറുപ്പ്, രജതം | ഷാർലൊറ്റ് ബോബ്‌ക്യാറ്റ്സ് അവന്യൂ | 2004 | |
മയാമി ഹീറ്റ് | മയാമി, ഫ്ലോറിഡ | കറുപ്പ്, ചുവപ്പ്, വെളുപ്പ് | അമേരിക്കൻ എയർലൈൻസ് എറീന | 1988 | |
ഒർലാന്റോ മാജിക് | ഒർലാന്റോ, ഫ്ലോറിഡ | നീല, കറുപ്പ്, രജതം | ആംവേ എറീന | 1989 | |
വാഷിംഗ്ടൺ വിസാർഡ്സ് | വാഷിംഗ്ടൺ ഡി.സി. | നീല, കറുപ്പ്, വെങ്കലം | വെറൈസൺ സെൻറർ | 1961* |
വെസ്റ്റേൺ കോൺഫറൻസ്
ഡിവിഷൻ | ടീം | ആസ്ഥാന നഗരം | നിറങ്ങൾ | വേദി | സ്ഥാപിത വർഷം |
---|---|---|---|---|---|
സൗത്ത് വെസ്റ്റ് | ഡാലസ് മാവറിക്ക്സ് | ഡാലസ്, ടെക്സാസ് | നാവിക നീല, രാജകീയ നീല, രജതം, പച്ച | അമേരിക്കൻ എയർലൈൻസ് സെൻറർ | 1980 |
ഹ്യൂസ്റ്റൺ റോക്കറ്റ്സ് | ഹ്യൂസ്റ്റൺ, ടെക്സാസ് | ചുവപ്പ്, വെളുപ്പ്, രജതം | ടൊയോട്ടാ സെൻറർ | 1967* | |
മെംഫിസ് ഗ്രിസ്‌ലൈസ് | മെംഫിസ്, ടെന്നിസി | നാവിക നീല, ഇളം നീല, ഹിമ നീല, തങ്കം | ഫെഡെക്ക്സ് ഫോറം | 1995* | |
ന്യൂ ഓർലിയൻസ് ഹോണെറ്റ്സ് | ന്യൂ ഓർലിയൻസ്, ലൂസിയാന | ടീൽ, പർപ്പിൾ, തങ്കം | ഫോർഡ് സെൻറർ | 1988* | |
സാൻ അന്റോണിയോ സ്പഴ്സ് | സാൻ അന്റോണിയോ, ടെക്സാസ് | കറുപ്പ്, രജതം | എറ്റി&റ്റി സെൻറർ | 1967* | |
നോർത്ത് വെസ്റ്റ് | ഡെൻവർ നഗറ്റ്സ് | ഡെന്‌വർ, കൊളറാഡോ | ഇളം നീല, തങ്കം, കൊബാൾട്ട് നീല | പെപ്സി സെൻറർ | 1967 |
മിനെസോട്ടാ ടിമ്പർവൂൾഫ്സ് | മിന്യാപോളിസ്, മിനെസോട്ടാ | നീല, കറുപ്പ്, രജതം, പച്ച | ടാർഗെറ്റ് സെൻറർ | 1989 | |
പോർട്ട്‌ലാൻഡ് ട്രയൽ ബ്ലേസേഴ്സ് | പോർട്ട്‌ലാൻഡ്, ഒറിഗൺ | കറുപ്പ്, ചുവപ്പ്, രജതം | റോസ് ഗാർഡൻ എറീന | 1970 | |
സിയാറ്റിൽ സൂപ്പർസോണിക്ക്സ് | സിയാറ്റിൽ, വാഷിങ്ടൺ | പച്ച, തങ്കം | കീ എറീന | 1967 | |
യൂറ്റാ ജാസ് | സോൾട്ട് ലേക്ക് സിറ്റി, യൂറ്റാ | നാവിക നീല, ഹിമ നീല, രജതം | എനർജി സൊല്യൂഷൻസ് എറീന | 1974* | |
പെസഫിക് | ഗോൾഡൻ സ്റ്റേറ്റ് വാരിയേഴ്സ് | ഓൿലാൻഡ്, കാലിഫോർണിയ | നാവിക നീല, ഓറഞ്ച്, തങ്കം | ഓറക്കിൾ എറീന | 1946* |
ലൊസ് ഏഞ്ചൽസ് ക്ലിപ്പേഴ്സ് | ലൊസ് ഏഞ്ചൽസ്, കാലിഫോർണിയ | ചുവപ്പ്, നീല | സ്റ്റേപ്പിൾസ് സെൻറർ | 1970* | |
ലൊസ് ഏഞ്ചൽസ് ലേയ്ക്കേഴ്സ് | ലൊസ് ഏഞ്ചൽസ്, കാലിഫോർണിയ | പർപ്പിൾ, തങ്കം, വെളുപ്പ് | സ്റ്റേപ്പിൾസ് സെൻറർ | 1946* | |
ഫീനിക്ക്സ് സൺസ് | ഫീനിക്ക്സ്, അരിസോണ | പർപ്പിൾ, ഓറഞ്ച്, ചാരം | യു.എസ്. എയർവേസ് സെൻറർ | 1968 | |
സാക്രമെന്റോ കിങ്സ് | സാക്രമെന്റോ, കാലിഫോർണിയ | പർപ്പിൾ, കറുപ്പ്, രജതം, വെളുപ്പ്, തങ്കം | ആർകോ എറീന | 1945* |
മത്സരക്രമം
റെഗുലർ സീസൺ, പ്ലേ ഓഫ് എന്നിങ്ങനെ രണ്ടു ഘട്ടങ്ങളാണ് എൻ.ബി.എ. ചാമ്പ്യൻഷിപ്പിനുള്ളത്. നവംബർ മുതൽ ജൂൺ വരെയാണ് സാധാരണഗതിയിൽ ഒരു എൻ.ബി.എ. സീസൺ അരങ്ങേറുന്നത്.
റെഗുലർ സീസൺ
വേനൽക്കാല അവധിക്കുശേഷം ഒക്ടോബർ മാസത്തിൽ ടീമുകൾ നടത്തുന്ന പരിശീലന ക്യാമ്പോടെയാണ് എൻ.ബി.എ. സീസൺ തുടങ്ങുന്നത്. ഈ പരിശീലന ക്യാമ്പിൽ പുതുതായി ഉൾപ്പെടുത്തിയ താരങ്ങളുടെ പ്രകടനവും നിരീക്ഷിച്ചശേഷം ടീമുകൾ അവരുടെ പന്ത്രണ്ടംഗ സംഘത്തെ തിരഞ്ഞെടുക്കുന്നു. ഇതിനുശേഷം ഏതാനും പരിശീലന മത്സരങ്ങളും അരങ്ങേറും. നവംബർ ആദ്യവാരത്തോടെയാണ് റെഗുലർ സീസൺ ഔദ്യോഗികമായി തുടങ്ങുന്നത്.
റെഗുലർ സീസണിൽ ഓരോ ടീമും 82 മത്സരങ്ങൾ വീതം കളിക്കും. ഇതിൽ പകുതി ആതിഥേയ മത്സരങ്ങളാണ്. 82 മത്സരങ്ങൾ കളിക്കുമെങ്കിലും എല്ലാ ടീമുകളുടെയും മത്സരക്രമം ഒരുപോലെ എളുപ്പമാകണമെന്നില്ല. സ്വന്തം ഡിവിഷനിലെ എതിരാളികളെ ഒരു ടീം നാലുതവണ നേരിടണം. കോൺഫറൻസിലുള്ള ഇതര ഡിവിഷനിലെ ടീമുകളെ മൂന്നോ നാലോ തവണയും ഇതര കോൺഫറൻസിലെ ടീമുകളെ രണ്ടു തവണയും. ഇപ്രകാരം ശക്തമായ ഡിവിഷനുകളിൽ ഉൾപ്പെട്ട ടീമുകൾക്ക് താരതമ്യേന പ്രയാസമേറിയ മത്സരങ്ങളായിരിക്കുമെന്നു ചുരുക്കം. വടക്കേ അമേരിക്കയിലെ കായിക ലീഗുകളിൽ എല്ലാ ടീമുകളും പരസ്പരം ഒരു തവണയെങ്കിലും മത്സരിക്കുന്ന ഒരേയൊരു സംവിധാനം എൻ.ബി.എ. റെഗുലർ സീസണാണ്. ഒരു ടീം 82 മത്സരങ്ങൾ കളിക്കുമെങ്കിലും ഓരോ മത്സരവും നിർണ്ണായകമാകത്തക്കവിധത്തിലാണ് എൻ.ബി.എ. പ്ലേ ഓഫ് മത്സരങ്ങളിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുന്നത്. ഇതുമൂലം സീസൺ മുഴുവൻ മത്സരങ്ങൾ ആവേശകരമാകുന്നു. ഏപ്രിൽ മാസത്തോടെ റെഗുലർ സീസൺ അവസാനിക്കും.
പ്ലേഓഫ് മത്സരങ്ങൾ
റെഗുലർ സീസണു ശേഷം ഏപ്രിൽ മാസത്തിലാണ് പ്ലേഓഫ് മത്സരങ്ങൾ തുടങ്ങുന്നത്. ഓരോ കോൺഫറൻസിലെയും എട്ടു ടീമുകളാണ് പ്ലേഓഫിൽ മത്സരിക്കുന്നത്. ഓരോ കോൺഫറൻസിലെയും മൂന്നു ഡിവിഷനുകളിലെ ജേതാക്കൾക്ക് അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യ മൂന്നു റാങ്കുകൾ നൽകുന്നു. പ്രസ്തുത കോൺഫറൻസിലെ എല്ലാ ഡിവിഷനുകളും മൊത്തമായെടുക്കുമ്പോൾ മികച്ച റെക്കോർഡുള്ള അഞ്ചു ടീമുകളെക്കൂടി തിരഞ്ഞെടുത്താണ് പ്ലേഓഫ് മത്സരങ്ങൾ ക്രമീകരിക്കുന്നത്. ഏറ്റവും ഉയർന്ന റാങ്കിൽ എത്തുക വളരെ പ്രധാനമാണ്. കാരണം ഒന്നാം റാങ്കിലുള്ള ടീമിന്റെ പ്ലേഓഫ് മത്സരങ്ങൾ എട്ടാം റാങ്കുകാരുമായാവും. അതായത് സീഡിങ്ങിൽ മുന്നിലെത്തു തോറും ദുർബലരായ എതിരാളികളെ ലഭിക്കുന്നു.
പ്ലേഓഫിൽ ഓരോ ടീമും സീഡിങ്ങിലൂടെ നിശ്ചയിക്കപ്പെട്ട ടീമുമായി ഏഴു മത്സരങ്ങൾ കളിക്കുന്നു. കൂടുതൽ മത്സരങ്ങൾ ജയിക്കുന്ന ടീം അടുത്ത റൌണ്ടിലെത്തും. പരാജയപ്പെട്ട ടീം പ്ലേഓഫിൽനിന്നും പുറത്താവുകയും ചെയ്യും. തുടർന്നുള്ള റൌണ്ടുകളിലും ഇതേ മത്സരക്രമമായിരിക്കും. ഇപ്രകാരം രണ്ടു കോൺഫറൻസുകളിലെയും ജേതാക്കൾ എൻ.ബി.എ. ഫൈനലിൽ മത്സരിക്കുന്നു. ഫൈനലിലും ഏഴു കളികളാണ്. മികച്ച സീഡിങ്ങ് ഉള്ള ടീമുകൾക്ക് പ്ലേഓഫ് മത്സരങ്ങളിൽ സ്വന്തം കളിക്കളത്തിന്റെ പ്രയോജനം ലഭിക്കും. അതായത് ആദ്യ മത്സരവും അവസാന മത്സരവുമുൾപ്പടെ ഏഴു കളികളിൽ നാലെണ്ണം സ്വന്തം സ്ഥലത്ത് കളിക്കാൻ അവസരമൊരുങ്ങുന്നു. എൻ.ബി.എ. മത്സരങ്ങളിലെ കാണികളിലധികവും കളിക്കുന്ന ടീമിന്റെ ആരാധകരയാതിനാൽ ആതിഥേയ ടീമിനു കൂടുതൽ കാണികളുടെ പിന്തുണ ലഭിക്കുന്നു. ഇക്കാരണത്താൽ ഫൈനൽവരെയുള്ള ഓരോ ഘട്ടത്തിലും സീഡിങ്ങിൽ മുന്നിൽ നിൽക്കാനാകും ഓരോ ടീമും ശ്രമിക്കുന്നത്. ആദ്യ മത്സരം മുതൽ ഫൈനൽ വരെ വാശിചോരാതെ സൂക്ഷിക്കാൻ ഈ മത്സരക്രമം സഹായകമാകുന്നുണ്ട്.
ലാറി ഒബ്രിയാൻ ചാമ്പ്യൻഷിപ് ട്രോഫി എന്നാണ് ഫൈനൽ ജേതാക്കൾക്കു ലഭിക്കുന്ന ട്രോഫിയുടെ പേര്. ട്രോഫിക്കുപുറമേ ഫൈനൽ ജേതാക്കളായ ടീമംഗൾക്കും പരിശീലകനും ജനറൽ മാനേജർക്കും ചാമ്പ്യൻഷിപ്പ് മോതിരവും ലഭിക്കും. ഫൈനൽ പരമ്പരയിലെ മികച്ച കളികാരനും പ്രത്യേക പുരസ്കാരം (ഫൈനൽ എം.വി.പി.) നൽകും.
ഇതര മേഖലകൾ
എൻ.ബി.എ. ഡ്രാഫ്റ്റ്
എൻ.ബി.എ. ലീഗിൽ കളിക്കാനുള്ള താരങ്ങളെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയയ്കാണ് എൻ.ബി.എ. ഡ്രാഫ്റ്റ് എന്നു പറയുന്നത്. ലീഗിൽ കളിക്കുന്ന എല്ലാ ടീമുകൾക്കും ഏതെങ്കിലും കാലഘട്ടത്തിൽ ഒരു മികച്ച പുതുമുഖ താരത്തെ ലഭിക്കുന്ന വിധത്തിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ഒരു സീസണിലെ പ്ലേ ഓഫ് മത്സരങ്ങളിൽ കളിക്കാനാവാതെ പുറത്തായ പതിനാലു ടീമുകളിൽ മൂന്നെണ്ണത്തിനാണ് ഏറ്റവും മികച്ച താരങ്ങളെ ലഭിക്കുന്നത്. ഇതിലൂടെ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. അമേരിക്കയിലെ കോളജ് ബാസ്ക്കറ്റ്ബോൾ ലീഗിൽ കളിക്കുന്ന താരങ്ങളാണ് സാധാരണയായി എൻ.ബി.എ. ഡ്രാഫ്റ്റിലെത്തുന്നത്. എന്നാൽ അടുത്ത കാലത്തായി ഇതിനു മാറ്റം വന്നുതുടങ്ങിയിട്ടുണ്ട്. വിദേശ താരങ്ങളും ഹൈസ്ക്കൂൾ താരങ്ങളും ഡ്രാഫ്റ്റിൽ പങ്കെടുക്കുന്നുണ്ട്. എൻ.ബി.എ. ഡ്രാഫ്റ്റിന്റെ ആദ്യ റൌണ്ടുകളിൽ നിന്നും ലഭിച്ച താരങ്ങൾ ടീമുകളുടെ പ്രകടനത്തിൽ നിർണ്ണായക ഘടകമാകുന്നുണ്ട്. 1984ലെ എൻ.ബി.എ. ഡ്രാഫ്റ്റിൽ ആദ്യ റൌണ്ടിലെ മൂന്നാമത്തെ താരമായി തിരഞ്ഞെടുക്കപ്പെട്ട മൈക്കൽ ജോർദ്ദാൻ 1990കളിൽ ഷിക്കാഗോ ബുൾസിനെ ഏറ്റവും മികച്ച ടീമാക്കി ഉയർത്തിയതു തന്നെ ഉദാഹരണം. ഏതെങ്കിലും ടീമിന്റെ സ്ഥിരാധിപത്യം എൻ.ബി.എ. ലീഗിൽ സാധ്യമല്ലാതാക്കുന്നതിന്റെ പ്രധാന ഘടകവും എൻ.ബി.എ. ഡ്രാഫ്റ്റാണ്.
ഡി-ലീഗ്
എൻ.ബി.എ. ലീഗിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന യുവകളിക്കാരുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള സംവിധാനമാണ് എൻ.ബി.എ. ഡെവലെപ്മെന്റൽ ലീഗ് അഥവാ ഡി ലീഗ്. എൻ.ബി.എ. ഡ്രാഫ്റ്റിലൂടെയും അല്ലാതെയും ടീമുകൾ തിരഞ്ഞെടുക്കുന്ന യുവകളിക്കാരാണ് ഡി ലീഗിലെ ടീമുകളിൽ കളിക്കുന്നത്. 2006-07 ലെ ഡി-ലീഗിൽ 12 ടീമുകൾ കളിക്കുന്നുണ്ട്.
ആഗോള പ്രചാരം
1990കൾ മുതൽ എൻ.ബി.എ. ആഗോളതലത്തിൽ പ്രശസ്തമാകാൻ തുടങ്ങി. 1992ലെ ഒളിമ്പിക്സിൽ അമേരിക്ക എൻ.ബി.എ. താരങ്ങളെ പങ്കെടുപ്പിച്ചതാണ് ഇതിനു പ്രധാനകാരണം. മൈക്കൽ ജോർദ്ദാൻ, മാജിക് ജോൺസൺ, ലാറി ബേഡ് എന്നിവരടങ്ങിയ സ്വപ്നടീമിലൂടെ ലോകം എൻ.ബി.എ. ലീഗിനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. തൊണ്ണൂറുകൾക്കു ശേഷം ലീഗിൽ കൂടുതൽ വിദേശ താരങ്ങളും കളിക്കാനെത്തിയതോടെ ലീഗിന്റെ ആഗോള പ്രചാരം വർദ്ധിച്ചു. 212 രാജ്യങ്ങളിൽ എൻ.ബി.എ. മത്സരങ്ങളുടെ ടെലിവിഷൻ സംപ്രേഷണം ഉണ്ട് എന്നുള്ളതു തന്നെ ലീഗിന്റെ ആഗോളപ്രചാരം വ്യക്തമാക്കുന്നു.
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.