കൊടുങ്ങല്ലൂർ

From Wikipedia, the free encyclopedia

കൊടുങ്ങല്ലൂർ
Remove ads

തൃശൂർ ജില്ലയുടെ തെക്കുപടിഞ്ഞാറൻ അതിർത്തിയിലുള്ള പുരാതനമായ പട്ടണമാണ് കൊടുങ്ങല്ലൂർ‌ (ഇംഗ്ലീഷ്- Kodungallore അഥവാ Cranganore). നിറയെ തോടുകളും ജലാശയങ്ങളും നദികളും ഉള്ള ഈ സ്ഥലത്തിന്റെ പടിഞ്ഞാറെ അതിർത്തി അറബിക്കടലാണ്‌. ചേരമാൻ പെരുമാൾമാരുടെ തലസ്ഥാനമായിരുന്നു കൊടുങ്ങല്ലൂർ. ജൂത-ക്രൈസ്തവ-ഇസ്ലാം മതക്കാരുടെ ആദ്യത്തെ സങ്കേതങ്ങളും ദേവാലയങ്ങളും ഇവിടെയാണ്‌ സ്ഥാപിതമായത്. പ്രശസ്ത നിമിഷകവിയായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കൊടുങ്ങല്ലൂരാണ് ജീവിച്ചിരുന്നത്. ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായ ചേരമാൻ ജുമാ മസ്ജിദ്, തോമാശ്ലീഹ ആദ്യമായി വന്നിറങ്ങിയ എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം, കേരളത്തിലെ ശാക്തേയ ആരാധനയുടെ കേന്ദ്രവും ഭഗവതിയുടെ മൂലസ്ഥാനവുമായ ചേരൻ ചെങ്കുട്ടുവൻ നിർമ്മിച്ച അതിപുരാതനമായ ശ്രീ കുരുംബ ഭഗവതി ക്ഷേത്രം, ഇവിടുത്തെ ഭരണി, കൊടുങ്ങല്ലൂർ താലപ്പൊലി ഉത്സവം എന്നിവയാൽ കൊടുങ്ങല്ലൂർ പ്രശസ്തമാണ്. വഞ്ചി, മുസിരിസ്, മുചിരി, മുചരിപട്ടണം, ഷിംഗ്‍ലി, മഹോദയപുരം, മകോതൈ, ക്രാങ്കന്നൂർ എന്നൊക്കെയായിരുന്നു പഴയ പേരുകൾ. കോടിലിംഗപുരം, കൊടും കാളിയൂർ എന്നി അപര നാമങ്ങളുമുണ്ട്. സി’നോർ (C’nore) എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.

വസ്തുതകൾ കൊടുങ്ങല്ലൂർ, Country ...
Remove ads

പേരിനു പിന്നിൽ

കൊടുങ്ങല്ലൂരിന്റെ ഏറ്റവും പ്രാചീനമായ പേര് മുചിരി എന്നാണ്. അക്കാലത്ത് എറ്റവും വലിയ തുറമുഖം അഥവാ മുന്തിയ ചിറ അഥവാ മുന്തിയ തുറൈ, മുതുനീർ മുന്തുറൈ എന്നൊക്കെയാണ് പഴം തമിഴ് പാട്ടുകളിൽ വിവരിക്കപ്പെടുന്നത്. വിദേശീയർ ഇതിനെ മുസിരിസ് എന്നു വിളിച്ചു. മുസിരിസ് ഇന്ത്യയിലെ എറ്റവും പ്രധാനപ്പെട്ട തുറമുഖം (Premium Emporium Indiac) ആണെന്നു പ്ലിനി രേഖപ്പെടുത്തിയിട്ടുണ്ട്‌.[1] വാല്മീകി രാമായണത്തിൽ സുഗ്രീവൻ മുരചിപട്ടണം എന്നു വിശേഷിപ്പിച്ചതും ഇതു തന്നെയെന്നു കരുതുന്നു.[2] സംഘകാല കൃതികളിൽ ഇതു മുചിരിപട്ടണമായും കുലശേഖരൻ‌മാരുടെ കാലത്ത്‌ മഹോദയപുരം എന്നും തമിഴർ മകോതൈ, മഹൊതേവർ പട്ടിനം എന്നുമെല്ലാമായിരിക്കാം വിളിച്ചിരുന്നത്‌ എന്നു ചരിത്രകാരന്മാർ വിശ്വസിക്കുന്നു. മഹത്തായ കോട്ട നിലനിന്നിരുന്നതിനാൽ കോട്ടയുടെ പേരിൽ മാകോതൈ (കോട്ടൈ) എന്നും അതിന്റെ അധിപനെ കോതൈ, കോട്ടയ്യൻ എന്നും വിളിച്ചിരുന്നു എന്നും കരുതുന്നവരുണ്ട്. കോട്ട നിലവിൽ വരുന്നതിനു മുൻപ് വേലി ആയിരുന്നു ഇതെന്നും പറയപ്പെടുന്നു. ഇക്കാരണത്താലാണ് ആദികാല ചേരരാജാവിനെ മാവേലിക്കരയുടെ അധിപൻ എന്ന രീതിയിൽ മാവേലി എന്നും വിളിക്കുന്നത്. എന്നാൽ ഇന്നത്തെ പേരായ കൊടുങ്ങല്ലൂർ എങ്ങനെ ഉണ്ടായി എന്നതിന് നിരവധി വ്യാഖ്യാനങ്ങൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ടത് താഴെ കൊടുക്കുന്നു.

  • കാവ്- നിന്നിരുന്ന ഈ സ്ഥലത്ത് കോഴിയെ കൊന്ന് (ബലി) കല്ല് മൂടുന്ന ചടങ്ങ് നടത്താറുണ്ട്. അത്തരം കല്ലുമായി ബന്ധപ്പെട്ട് കൊടും കല്ലൂർ എന്ന പേരാണ് ഇങ്ങനെയായത്.[3]
  • കാളിയുടെ പ്രതിഷ്ഠയുള്ള ക്ഷേത്ര നിർമ്മാണത്തിനു ശേഷം ഇതു കൊടുംകാളിയൂരായും പിന്നീടു വന്ന വിദേശീയർ ക്രാങ്കനൂരായും അടുത്തിടെ കൊടുങ്ങല്ലൂരായും മാറി [2]
  • കണ്ണകിയുടെ സാന്നിധ്യം മൂലം കൊടും നല്ലൂർ എന്നു വിളിച്ചിരുന്നത് കൊടുങ്ങല്ലൂർ ആയി.
  • ഭയങ്കരമായ കൊലക്കളം എന്ന നിലയിൽ, (അതായത് സാമൂതിരിയും കൊച്ചീരാജാവും തമ്മിൽ) 'കൊടുംകൊലൈയൂർ' എന്ന തമിഴ് വാക്കിൽ നിന്നുമാണെന്ന് മറ്റൊരു വിശ്വാസം.[4]
  • പ്രാചീന സമുദ്രസഞ്ചാരികളുടെ വർഗ്ഗമായ കോളുകൾ ഇവിടെ ധാരാളമായി കുടിയേറി പാർത്തിരുന്നു, അങ്ങനെ കൊടും കോളൂർ കൊടുങ്ങല്ലൂർ ആയി പരിണമിച്ചു. [5]
  • എന്നാൽ ചരിത്രകാരനായ വി.വി.കെ. വാലത്തിന്റെ അഭിപ്രായത്തിൽ കണ്ണകിയുടെ പ്രതിഷ്ഠ നടത്താൻ ചേരൻ ചെങ്കുട്ടുവൻ ഹിമാലയത്തിൽ നിന്ന് കൊണ്ടുവന്നു എന്നു പറയുന്ന കൊടും കല്ല് അഥവാ പാറയിൽ നിന്നോ, ജൈനക്ഷേത്രങ്ങൾക്ക് പൊതുവേ പറയുന്ന കല്ല് എന്ന വാക്കിൽ നിന്നോ ആയിരിക്കണം(കല്ല് എന്നാൽ ക്ഷേത്രം- ജൈന ക്ഷേത്രങ്ങളിൽ വച്ചേറ്റവും വലുത് കൊടും കല്ല്) കൊടുങ്ങല്ലൂർ ഉണ്ടായത്. [6]
  • നിരവധി ശിവലിംഗങ്ങൾ ഉണ്ടായിരുന്നതിനാൽ കോടി ലിംഗപുരം എന്ന് പേരുണ്ടായിരുന്നു. അത് ലോപിച്ചാണ്‌ കൊടുങ്ങല്ലൂരായത്[അവലംബം ആവശ്യമാണ്]
  • ചേര ചക്രവർത്തിയുടെ പേരിൽ കൊടുങ്കോനല്ലൂർ എന്നും പേരുണ്ടായിരുന്നുവെന്നും അത് ലോപിച്ചാണ് കൊടുങ്ങല്ലൂർ ആയതെന്നും ചിലർ വാദിക്കുന്നു. ചേരരാജാക്കന്മാരുടെ പേരിനു കൂടെ മഹാരാജാവ് എന്ന അർത്ഥത്തിൽ കൊടുങ്കോ എന്ന ചേർക്കാറുണ്ട്. കൊടുംകോൻ ഊർ കൊടുങ്ങല്ലുർ ആയതാവാനാണു സാധ്യത.
  • ചങ്ങല പോലെ നിരവധി ചെറിയ തുരുത്തുകൾ ചേർന്ന് ബന്ധിപ്പിച്ച അഴി ( ചങ്ങലാഴി) എന്നർത്ഥത്തിൽ യവനർ ഷിംഗ്‌ലി എന്നു വിളിച്ചു.
Thumb
പ്യൂട്ടിങ്ങർ ടേബിൾ- മുസിരിസാണ്‌ പ്രധാന തുറമുഖമായി ചിത്രീകരിച്ചിരിക്കുന്നത്
Remove ads

ചരിത്രം

പഴയകാലത്തെ തുറമുഖമായിരുന്ന മുസിരിസ് കൊടുങ്ങല്ലൂരായിരുന്നു എന്ന് ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു. 1945-ലും 1967-ലും നടന്ന ഗവേഷണങ്ങളിൽ നിന്നും 12 ആം നൂറ്റാണ്ടിലെ തെളിവുകൾ ലഭിച്ചു. [7] തമിഴ് സംഘസാഹിത്യത്തിലെ മുഴിരിയും ജൂത ശാസനത്തിലെ മുയിരിക്കോടും കൊടുങ്ങല്ലൂർ തന്നെ എന്ന് സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വഞ്ചിയും കരവൂരും കൊടുങ്ങല്ലൂരിന്റെ പര്യായം തന്നെ എന്നും ചരിത്രകാരന്മാർ ഇന്ന് ഏകാഭിപ്രായത്തിൽ എത്തിയിരിക്കുന്നു. [8]

ആദിചേരന്മാരുടെ സാമ്രാജ്യം

ആദി ചേരന്മാരുടെ ആസ്ഥാനമായിരുന്നു മുചിരി അഥവാ കൊടുങ്ങല്ലൂർ. സംഘകാല കാവ്യങ്ങളിൽ ഇതിനെക്കുറിച്ച് നിരവധി പരാമർശങ്ങൾ കാണുവാൻ സാധിക്കും. ഇവരിൽ പ്രസിദ്ധനായിരുന്നു ചേരൻ ചെങ്കുട്ടുവൻ. മുചിരി ആസ്ഥാനമാക്കി കടൽ കൊള്ളക്കാരിൽ നിന്നും അക്കാലത്തെ കപ്പൽ വ്യാപാരങ്ങളെ സംരക്ഷിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി യുദ്ധങ്ങൾ ജയിച്ച മഹാരാജാവായിരുന്നു അദ്ദേഹം. കപ്പൽ മാർഗ്ഗം ഹിമാലയത്തിൽ വരെ പോയി യുദ്ധം ചെയ്തിരുന്നു എന്നു കാവ്യ വർണ്ണനയുണ്ട്. അദ്ദേഹത്തിന്റെ കാലത്ത് കടൽ അല്പം പിറകോട്ട് വലിഞ്ഞ് പുതിയ കടൽ വയ്പുകൾ ഉണ്ടായി. അതു കൊണ്ട് കടൽ പിറകോട്ടിയ ചെങ്കുട്ടുവൻ എന്നു പര്യായം സിദ്ധിച്ചു. ചെങ്കുട്ടുവന്റെ പൂർവികനായിരുന്ന പെരുഞ്ചോറ്റുതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പോരാളികൾക്ക് ദേഹണ്ഡം ചെയ്തു എന്നു ഐതിഹ്യം ഉണ്ട്. ഇമയവരമ്പൻ നെടുഞ്ചോരലാതൻ, ചേൽകെഴു കുട്ടുവൻ, നാർമുടിച്ചേരൽ, ആടു കോട് പാട്ടു ചേരലാതൻ, ചെല്‌വകടുംകോ, പെരുഞ്ചേരൽ ഇരുംപുറൈം ഇളഞ്ചേരൽ ഇരുമ്പുറൈ, പെരും കടുംകോ എന്നീ രാജാക്കന്മാരെ പറ്റി സംഘ സാഹിങ്ങളിൽ (പ്രധാനമായും പതിറ്റുപത്ത്) നിന്ന് വിവരം ലഭിക്കുന്നു. പഴന്തമിഴ് പാട്ടുകൾക്കു പുറമെ യവന നാവികരുടെ കുറിപ്പുകൾ ( പെരിപ്ലസ്) പ്രകാരം അഴിമുഖത്തു നിന്ന് 20 സ്റ്റേഡിയ ഉള്ളിലേക്ക് നീങ്ങി ആറ്റുവക്കത്താണ് മുചിറി എന്നു വിശദീകരിച്ചിരിക്കുന്നു. [9] പശ്ചിമഘട്ടത്തിനപ്പുറം കൊങ്ങുനാട്ടിലെ കരൂരും ചെരന്മാർക്കു തലസ്ഥാനമുണ്ടായിരുന്നു. കൊടുങ്ങല്ലൂരും കരൂരും തമ്മിൽ നദി മാർഗ്ഗം അന്ന് നിലവിലുണ്ടായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂർ അതി സമ്പന്നമായ നാടായിരുന്നു എന്നു ചില കൃതികളിൽ സൂചനയുണ്ട്. പുറനാനൂറ് എന്ന ഗ്രന്ഥത്തിലെ രചയിതാവ് പരണർ വിശദീകരിക്കുന്നു.

എന്ന പരണരുടെ പുകഴത്തലിൽ നിന്ന് തന്നെ കൊടുങ്ങല്ലൂരിന്റെ അക്കാലത്തെ സമ്പദ്ഘടനയെക്കുറിച്ച് ഊഹം ലഭിക്കുന്നു. ക്രിസ്തുമതവും ജൂതമതവും കേരളത്തിലെത്തുന്നത് ഇവരുടെ കാലത്താണ്.

Thumb
യവനർ പണ്ട് ഇന്ത്യയിൽ വന്നിരുന്ന പാതയുടെ ഏകദേശരൂപം

കേരളവുമായി റോമാക്കാരും, ഈജിപ്ത്യരും, യവനരും കൊല്ലവർഷാരംഭത്തിനു 1000 വർഷം മുന്നേ തന്നെ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തിൽ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവർ വാങ്ങിയിരുന്നത്‌. കുരുമുളകിന് യവനപ്രിയ എന്ന പേർ വന്നത് അതുകൊണ്ടാണ്. വളരെ നേർത്ത തുണിത്തരങ്ങളും കൊടുങ്ങല്ലൂരിൽനിന്നും കയറ്റി അയച്ചിരുന്നു. അറബിനാട്ടിൽ നിന്നും പ്രധാനമായും കുതിരകളെയാണ് ഇറക്കുമതി ചെയ്തിരുന്നത്.

ചേരനാടായിരുന്നു മറ്റ്‌ തമിഴ്‌ രാജ്യങ്ങളെക്കാൾ കൂടുതൽ ഫലഭൂയിഷ്ഠവും സമാധാനപൂർണവും. [10] ആദ്യമായി മുസിരിസിനെ കുറിച്ച് പരാമർശം വരുന്നത് ക്രി.വ. 45 നോടടുത്ത് ഹിപ്പാലസ് വഴിയാണ്. ക്രി.വ. 225 ആവുന്നതോടെ റോമാക്കാരുടെ പ്രധാന വാണിജ്യ സങ്കേതമായി മുസിരിസ് പരിണമിക്കുന്നു. റോമാക്കാരുടെ വക അഗസ്റ്റസിന്റെ ദേവാലയവും 2000 ത്തോളം വരുന്ന സ്ഥിരം പട്ടാളക്കാരുടെ കേന്ദ്രവും അവർ ഇവിടെ പണിഞ്ഞു എന്ന് ടോളമിയും സൂചിപ്പിക്കുന്നുണ്ട്‌. [11] [12] പാശ്ചാത്യർക്ക്‌ എളുപ്പം എത്തിച്ചേരാൻ കഴിയുന്നതുമായ രാജ്യമെന്ന്‌ വാമിംഗ്‌ടൻ തന്റെ 'ഇന്ത്യയും റോമുമായുള്ള വാണിജ്യബന്‌ധം' എന്ന കൃതിയിൽ പറയുന്നു. അടുത്തുള്ള കോയമ്പത്തൂരിൽ നിന്നും മറ്റും മുത്ത്‌, വൈഡൂര്യം എന്നിവയും ഇവിടെയെത്തിയിരുന്നു. ക്രി.മു. 40 മുതൽ ക്രി.പി. 68 വരെ, അതായതു നീറോ ചക്രവർത്തിയുടെ കാലം വരെ വ്യാപാരങ്ങൾ സമൃദ്ധമായി നടന്നിരുന്നു. എന്നാൽ കറക്കുളയുടെ (കലിഗുള) കാലത്ത്‌, ക്രി.വ. 217-ഓടെ വ്യാപാരബന്ധങ്ങൾ തീരെ ഇല്ലാതാവുകയും പിന്നീട്‌ ബൈസാന്റിയൻ കാലത്ത്‌ വിണ്ടും പച്ച പിടിയ്ക്കുകയും ചെയ്തു. അക്കാലത്തെല്ലാം ഇതു തമിഴ്‌ ചേര രാജാവായിരുന്ന കേരബത്രാസിന്റെ ഭരണത്തിനു കീഴിലായിരുന്നു. ഇവരുടെ സാമന്തന്മാരായി പലരും ഇവിടം നോക്കി നടത്തിയിരുന്നു. [13] മേൽ പറഞ്ഞവ കൂടാതെ ആനക്കൊമ്പ്‌, പട്ടുതുണികൾ, വെറ്റില, അടയ്ക്ക, ആമത്തോട്‌ എന്നിവയും ഇവിടെനിന്ന് കയറ്റി അയച്ചിരുന്നു. ഇതിൽ ചില ചരക്കുകൾ പാണ്ടിനാട്ടിൽനിന്ന്‌ വന്നിരുന്നവയാണ്‌. [14]

Thumb
ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി ക്രൈസ്തവ മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

കൊടുങ്ങല്ലൂരു നിന്നു കോയമ്പത്തൂരിലേയ്ക്കും ചേര തലസ്ഥാനമായ കരൂരിലേക്കും വർത്തക ഗതാഗതച്ചാലുകൾ അക്കാലത്തു നിലവിൽ നിന്നിരുന്നു. മണിമേഖല എന്ന സംഘകാലം കൃതിയിൽ ചേരർ മധുരയിലേക്ക് നടത്തിയിരുന്ന യാത്രയെയും പറ്റി വിശദീകരിക്കുന്നു. അടുത്തുള്ള മറ്റൊരു തുറമുഖമായിരുന്നു തിണ്ടിസ്‌. ഇവിടെ നിന്നും ചരക്കുകൾ കയറ്റി അയക്കപ്പെട്ടിരുന്നു. മുസിരിസ് തുറമുഖം 1341-42 ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തെതുടർന്ന് അഴിമുഖത്ത് മണൽ വന്നു നിറഞ്ഞ് ഉപയോഗശൂന്യമായി.[15] അക്കാലത്തെ മറ്റു തുറമുഖങ്ങൾ നെൽക്കിണ്ട (നീണ്ടകര), ബറക്കേ (പുറക്കാട്‌), ബലൈത (വർക്കലയോ വിഴിഞ്ഞമോ), നൗറ(കണ്ണൂർ?), വാകൈ, പന്തർ എന്നിവയായിരുന്നു. [16] [13]

രണ്ടാം ചേരസാമ്രാജ്യകാലം

രണ്ടാംചേര രാജാക്കന്മാർ നേരിട്ടു ഭരണം നടത്താതെ നാടുവാഴികളെക്കൊണ്ടും മറ്റും ഭരണം നടത്തുകയും തുടർന്നു വ്യാപാര ബന്ധങ്ങൾ മുറിഞ്ഞതോടെ അപ്രസക്തമായ ഇവിടം പിന്നീട്‌ ചേര രാജാക്കന്മാരുടെ സാമന്തന്മാർ കുലശേഖരൻ എന്ന സ്ഥാനപ്പേരു സ്വീകരിച്ചു ഭരണം തുടർന്നിരിക്കാം എന്നും വിശ്വസിക്കുന്നു. കുലശേഖര ആഴ്‌വർ തൊട്ട്‌ രാമവർമ്മ കുലശേഖരൻ വരെ പതിമൂന്നു കുലശേഖരന്മാരാണ്‌ മൂന്നു നൂറ്റാണ്ടുകാലം ഇവിടം ഭരിച്ചിരുന്നത്‌.[17] (ക്രി.പി.800-1102) സുന്ദരമൂർത്തി നായനാരുടെ കാലത്ത് മഹോദയപുരം അയിരുന്നു ആസ്ഥാനം. ഇതിനിടക്കുള്ള സ്ഥലമായ തിരുവഞ്ചിക്കുളം ശുകസന്ദേശത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഇതിനും വടക്കായാണ് (9 കി. മീ.) തൃക്കണാമതിലകം (ഇന്ന് മതിലകം)സ്ഥിതിചെയ്യുന്നത്. ചിലപ്പതികാരം എഴുതിയ ഇളങ്കോവടികൾ ജീവിച്ചിരുന്നതിവിടെയാണ്.

ചോളന്മാരുടെ ആക്രമണങ്ങളെ തുരത്താൻ ചാവേറ്റു പടയെ സൃഷ്ടിച്ചത്‌ അവസാനത്തെ കുലശേഖരനായിരുന്ന രാമവർമ്മ കുലശേഖരനായിരുന്നു. ഇദ്ദേഹം പിന്നീട്‌ കൊല്ലം ആസ്ഥാനമാക്കി പുതിയൊരു രാജ്യം ആരംഭിയ്ക്കുകയും പിൽക്കാലത്തു വേണാട്‌ എന്നറിയപ്പെടുകയ്യും ചെയ്തു.

Thumb
മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ
Thumb
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളിയാണ് ചേരമാൻ പള്ളി - (മാതൃക പുതുക്കി പണിയുന്നതിനു മുന്ന്- കേരളീയ വാസ്തു ശില്പകലയുടെ മാതൃക കാണാം

പ്രവാചകനായ മുഹമ്മദ് നബിയുടെ കാലത്തിനു മുൻപേ തന്നെ അറബികൾ കേരളത്തിൽ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കൊടുങ്ങല്ലൂരായിരുന്നു. ഒടുവിലത്തെ രാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മതം സ്വീകരിക്കുകയും ഹജ്ജിനു പോകുകയും ചെയ്തു എന്നും ഐതിഹ്യമുണ്ട്‌. പ്രവാചകനു ശേഷം കേരളത്തിലെത്തിയ മാലിക് അബ്നു ദിനാർ നിർമ്മിച്ച ചേരമാൻ ജുമാ മസ്ജിദ്‌ അന്നത്തെ ചേര രാജാവിന്റെ കോവിൽ തന്നെയായിരുന്നു. ഇതാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി. ഇത് കേരളീയ ശൈലിയും പാരമ്പര്യവും ഉൾക്കൊണ്ടുകൊണ്ടാണു നിർമ്മിക്കപ്പെട്ടിരുന്നത്. അറേബ്യയിൽ നിന്നു വന്ന മാലിക് ഇബ്നു ദീനാർ എന്ന മുസ്ലീം സിദ്ധൻ പെരുമാളിന്റെ സഹായത്തോടെ നിർമ്മിച്ചതാണിത്‌. അദ്ദേഹം നിർമ്മിച്ചു എന്നു കരുതുന്ന മറ്റു എട്ടു പള്ളികൾ കൊല്ലം, കാസർഗോഡ്‌, ശ്രീകണ്ഠേശ്വരം, വളർപട്ടണം, മടായി, ധർമ്മടം, പന്തലായിനിക്കൊല്ലം, ചാലിയം എന്നിവിടങ്ങളിലാണ്‌ [16]

വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും കുരുമുളക് പോലുള്ള സുഗന്ധദ്രവ്യങ്ങൾ വ്യാപരം ചെയ്യുന്നതിനുമായി 1498-ൽ കേരളത്തിലെത്തിയ പോർട്ടുഗീസുകാർ 1503-ൽ കൊച്ചിരാജാവിന്റെ സഹായത്തോടേ കോട്ടപ്പുറം, പള്ളിപ്പുറം എന്നിവിടങ്ങളിൽ കോട്ടകൾ പണിതു. മറ്റു രാജ്യക്കാരും കടൽ കൊള്ളക്കാരെയും പ്രതിരോധിക്കാനായിരുന്നു ഇത്. ഇതിന് നേതൃത്വം നൽകിയത് വാസ്കോ ഡ ഗാമ എന്ന പ്രസിദ്ധ വൈസ്രോയിയാണ്. ഇത് 17-ആം നൂറ്റാണ്ടിൽ ഡച്ചുകാരുടെ കയ്യിലായി. കൊച്ചിയെ സംരക്ഷിക്കുന്നതിനായി നിർമ്മിച്ച നെടുങ്കോട്ട ആരംഭിക്കുന്നത് കൊടുങ്ങല്ലൂരു നിന്നാണ്. പ്രശസ്ത ഡച്ചു കാപ്റ്റൻ ഡിലനോയ് ആണ് കൊടുങ്ങല്ലൂരു നിന്നും ആരംഭിച്ച് സഹ്യപർവ്വതം വരെ നീളുന്ന ബൃഹത്തായ ഈ കോട്ട രൂപകല്പന ചെയ്തത്. ഹലാക്കിന്റെ കോട്ട എന്നു ടിപ്പു സുൽത്താൻ പരാമർശിച്ചതായി രേഖകൾ ഉണ്ട്. പിന്നീട് 1790-ൽ ടിപ്പു സുൽത്താൻ വളരെയധികം ശ്രമപെട്ട് നെടുങ്കോട്ട പിടിച്ചെടുക്കുകയും കൊള്ളയടിക്കുകയും ഏതാണ്ട് ഒരു പരിധിവരെ നശിപ്പിക്കുകയും ചെയ്തു. പിന്നീട് സാമൂതിരിയും ഈ കോട്ട നശിപ്പിച്ചവരുടെ കൂട്ടത്തിൽ പെടുന്നു. ഇന്ന് ജീർണ്ണിച്ച അവസ്ഥയിലായി കോട്ടയെ പുരാവസ്തുവകുപ്പ് സംരക്ഷിത സ്മാരകമായി കണക്കാക്കി സംരക്ഷിച്ചുവരുന്നു.

യഹൂദ കുടിയേറ്റം ഉണ്ടായതിനുശേഷം വളരെക്കാലം യഹൂദരുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്നു കൊടുങ്ങല്ലൂർ. കൊടുങ്ങല്ലൂരിൻടുത്തുള്ള മാളയിൽ യഹൂദരുടെ കുടിയിരുപ്പ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇന്ന് അവിടെയുള്ള യഹൂദശ്മശാനം മറ്റൊരു സംരക്ഷിതസ്മാരകമാണ് 1565യഹൂദന്മാർ പോർച്ചുഗീസുകാരുടെ ഉപദ്രവം സഹിക്കവയ്യാതായപ്പോൾ കൊടുങ്ങല്ലൂർ വിട്ട്‌ കൊച്ചിയിലേക്ക്‌ പൊയി. ഈ കുടിമാറ്റത്തിനു ശേഷമാണു മട്ടാഞ്ചേരിയിലെ പ്രസിദ്ധമായ ജൂത സിനഗോഗ്‌ (1567)നിർമ്മിക്കപ്പെട്ടിരിക്കുന്നത്‌.

ക്രിസ്തീയ ചരിത്രത്തിൽ പ്രമുഖസ്ഥാനമുള്ള ഉദയംപേരൂർ സുന്നഹദോസ്‌(1559) നടന്നത് കൊടുങ്ങല്ലൂരിനു തെക്കാണ്‌. ഇക്കാലത്ത് ‌ ഒരു വിഭാഗം ക്രിസ്ത്യാനികൾ പോർച്ചുഗീസുകാരുടെ സ്വാധീനത്തിലായിരുന്നു, കേരളത്തിലെ മറ്റൊരു വിഭാഗം ക്രിസ്ത്യാനികളെ കത്തോലിക്ക സഭയിലേക്ക് ചേർക്കാൻ ഈ സുന്നഹദോസിന് സാധിച്ചു.

Remove ads

കൊടുങ്ങല്ലൂർ കോട്ട

Thumb
പോർട്ടുഗീസുകാർ 1503-ൽ കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് നദിയുടെ തീരത്ത് നിർമ്മിച്ച കോട്ടയുടെ അവശിഷ്ടങ്ങൾ, പശ്ചാത്തലത്തിൽ കോട്ടപ്പുറം പുഴയും കാണാം

[18]1523-ൽ പോർട്ടുഗീസുകാർ നിർമ്മിച്ച കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട. കോട്ടപ്പുറം എന്ന സ്ഥലത്താണിത് കോട്ടപ്പുറം കോട്ട, ക്രാങ്കന്നൂർ കോട്ട എന്നും അറിയപ്പെടുന്നു. കൊച്ചിയിൽ പോർച്ചുഗീസ്‌ മേധാവിത്വത്തിന്റെ മുന്നു നെടും തൂണുകളിലൊന്നാണിത്‌. മറ്റു രണ്ടെണ്ണം 1503-ൽ നിർമിച്ച ഇമ്മാനുമൽ കോട്ടയും, 1507-ലെ പള്ളിപ്പുറം കോട്ടയും (അയീകോട്ട) ആണ്‌.

കര-കടൽ മൂലമുള്ള ആക്രമണങ്ങളെ സമർത്ഥമായി ചെറുക്കാൻ സാധ്യമായ സ്ഥലത്താണ്‌ ഇത്‌ നിർമ്മിച്ചത്‌. നിർത്തലാക്കിയ കോട്ടപ്പുറം ജെട്ടിക്ക്‌ അൽപം കിഴക്കായി കൃഷ്ണങ്കോട്ടയുടെ പടിഞ്ഞാറായി ഒരു കോണിലാണ്‌ ഇതിന്റെ സ്ഥാനം. ഒരു ചെറിയ കുന്നിൻ പുറം ഉൾപ്പെടുന്ന തരത്തിലാണ്‌ ഇതിന്റെ നിർമ്മാണം. അകത്ത്‌ കൊത്തളങ്ങളും വെടിക്കോപ്പുശാലയും ഉണ്ട്‌.

വാസ്തുവിദ്യ

  • നിർമ്മാണ വസ്തുക്കൾ: പ്രാദേശികമായി ലഭിക്കുന്ന കരിങ്കല്ലും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് കോട്ട നിർമ്മിച്ചിരുന്നത്.
  • ഘടന: കോട്ടയ്ക്ക് ഉയരമുള്ള മതിലുകളും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ കൊത്തളങ്ങളും (Bastions) ഉണ്ടായിരുന്നു. കടൽ, കായൽ, നദി എന്നിവയെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് ഇതിന്റെ പ്രതിരോധ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരുന്നത്.

കൊടുങ്ങല്ലൂർ കോട്ടയെക്കുറിച്ചുള്ള (Fort Cranganore) വിശദമായ വിവരങ്ങൾ താഴെ നൽകുന്നു:


കൊടുങ്ങല്ലൂർ കോട്ട (Cranganore Fort)

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിനടുത്ത് അഴീക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമുള്ള ഒരു കോട്ടയാണ് കൊടുങ്ങല്ലൂർ കോട്ട. ഇതിന് ക്രങ്ങനൂർ കോട്ട (Fort Cranganore), അഴീക്കോട്ട എന്നിങ്ങനെയും പേരുകളുണ്ട്. കേരളത്തിന്റെ ചരിത്രത്തിലും വാണിജ്യത്തിലും വിദേശാധിപത്യത്തിലും ഈ കോട്ടയ്ക്ക് സുപ്രധാനമായ സ്ഥാനമുണ്ട്.

ചരിത്രവും നിർമ്മാണവും

Thumb
കൊടുങ്ങല്ലൂർ മുനമ്പം
  1. പോർച്ചുഗീസ് നിർമ്മാണം: 1523-ലാണ് പോർച്ചുഗീസുകാർ ഈ കോട്ട നിർമ്മിച്ചത്. അറബിക്കടലിൽ നിന്നും പെരിയാർ നദിയിലേക്കും അവിടെ നിന്ന് inland ജലപാതകളിലേക്കും പ്രവേശിക്കാനുള്ള കവാടം നിയന്ത്രിക്കുക എന്നതായിരുന്നു ഇതിന്റെ പ്രധാന ലക്ഷ്യം.
  2. തന്ത്രപരമായ പ്രാധാന്യം: കോട്ട സ്ഥിതി ചെയ്യുന്ന അഴീക്കോട് പ്രദേശം കേരളത്തിലെ പ്രധാന തുറമുഖങ്ങളിലൊന്നായ മുസിരിസിന് അടുത്തായിരുന്നു. അതിനാൽ, വാണിജ്യപാതകളിൽ ആധിപത്യം സ്ഥാപിക്കാൻ ഈ കോട്ട സഹായിച്ചു.
  3. ഡച്ച് അധിനിവേശം: 1663-ൽ ഡച്ചുകാർ ഈ കോട്ട പോർച്ചുഗീസുകാരിൽ നിന്ന് പിടിച്ചെടുത്തു. തുടർന്ന് അവർ ഈ കോട്ട ശക്തിപ്പെടുത്തുകയും തങ്ങളുടെ സൈനിക കേന്ദ്രമാക്കി മാറ്റുകയും ചെയ്തു.
  4. ടിപ്പുവിന്റെ ആക്രമണം: 1789-ൽ മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താൻ ഡച്ചുകാരുമായി യുദ്ധം ചെയ്യുകയും കോട്ട തകർക്കുകയും ചെയ്തു.

വാസ്തുവിദ്യ

  • നിർമ്മാണ വസ്തുക്കൾ: പ്രാദേശികമായി ലഭിക്കുന്ന കരിങ്കല്ലും ചുണ്ണാമ്പുകല്ലും ഉപയോഗിച്ചാണ് കോട്ട നിർമ്മിച്ചിരുന്നത്.
  • ഘടന: കോട്ടയ്ക്ക് ഉയരമുള്ള മതിലുകളും തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ കൊത്തളങ്ങളും (Bastions) ഉണ്ടായിരുന്നു. കടൽ, കായൽ, നദി എന്നിവയെ അഭിമുഖീകരിക്കുന്ന വിധത്തിലാണ് ഇതിന്റെ പ്രതിരോധ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്തിരുന്നത്.

നിലവിലെ അവസ്ഥ

ടിപ്പു സുൽത്താന്റെ ആക്രമണത്തിലും പിന്നീട് നടന്ന പ്രാദേശിക ആവശ്യങ്ങൾക്കായുള്ള പാറ പൊട്ടിക്കലുകളിലും കോട്ടയുടെ ഭൂരിഭാഗവും നശിച്ചുപോയി. നിലവിൽ, കോട്ടയുടെ ചില അവശിഷ്ടങ്ങൾ (Ruins) മാത്രമേ ഇവിടെ കാണപ്പെടുന്നുള്ളൂ. പുരാവസ്തു ഗവേഷണ കേന്ദ്രത്തിന്റെ സംരക്ഷണയിലാണ് ഈ അവശിഷ്ടങ്ങൾ ഇപ്പോഴുള്ളത്.

പ്രാധാന്യം

  • സംഘർഷങ്ങളുടെ കേന്ദ്രം: പോർച്ചുഗീസുകാർ, ഡച്ചുകാർ, മൈസൂർ സൈന്യം, തിരുവിതാംകൂർ സൈന്യം എന്നിവർ തമ്മിലുള്ള അധികാര വടംവലിക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് കൊടുങ്ങല്ലൂർ കോട്ട.
  • മുസിരിസ് പൈതൃക പദ്ധതി: ഈ കോട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങൾ കേരള സർക്കാർ നടപ്പിലാക്കുന്ന മുസിരിസ് പൈതൃക പദ്ധതിയുടെ (Muziris Heritage Project) ഭാഗമാണ്. കേരളത്തിന്റെ പ്രാചീന വാണിജ്യ-ചരിത്ര പശ്ചാത്തലം പുനഃസൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.[19]
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads