Remove ads
From Wikipedia, the free encyclopedia
പ്രകൃതിദത്തമായ ഒരുതരം മാംസ്യനാരാണ് സിൽക്ക് അഥവാ പട്ട്. പൊതുവേ അറിയപ്പെടുന്ന തരം പട്ട് പട്ടുനൂൽപ്പുഴുവിന്റെ കൊക്കൂണിൽ നിന്നുമാണ് നിർമ്മിക്കുന്നത്. തുണി നെയ്യുന്നതിനാണ് പട്ട് പൊതുവേ ഉപയോഗിക്കുന്നത്. മിക്ക സമൂഹങ്ങളിലും വളരെ വിലമതിക്കുന്ന തുണിയാണ് പട്ട്. പട്ടുനൂൽപ്പുഴുവിന്റെ കൊക്കൂണിൽ നിന്നുമെടുക്കുന്ന അസംസ്കൃത പട്ടിനെ നൂറ്റ് നൂലാക്കി ഈ നൂലുകൊണ്ടാണ് പട്ടുതുണി നെയ്യുന്നത്[1].
ബി.സി.ഇ. 5000 ആണ്ടിനടുത്ത് ചൈനയിലാണ് പട്ട് നിർമ്മാണം ആദ്യമായി തുടങ്ങിയത്. ആയിരക്കണക്കിന് വർഷങ്ങളോളം പട്ട് നിർമ്മാണത്തിനുള്ള ഈ വിദ്യ ചൈനക്കാർ അതീവരഹസ്യമായി സൂക്ഷിച്ചുപോന്നു[1].
ചൈനയിൽ നിന്നുമുള്ള ചില സഞ്ചാരികൾ അവരുടെ യാത്രയിൽ പട്ട് കൈയിൽ കരുതിയിരുന്നു. ചൈനീസ് സഞ്ചാരികളുടെ ഈ പാതകൾ കാലക്രമേണ പട്ടുപാത (സിൽക്ക് റൂട്ട്) എന്ന് അറിയപ്പെട്ടു
ചൈനയിലെ ഭരണാധികാരികൾ, ഇറാനിലേയും പശ്ചിമേഷ്യയിലേയും രാജാക്കന്മാർക്ക് പട്ട് സമ്മാനമായി കൊടുത്തയച്ചിരുന്നു. അവിടെ നിന്നും പട്ടിന്റെ പ്രസിദ്ധി യുറോപ്പിലേക്കും വ്യാപിച്ചു. ക്രിസ്തുവർഷാരംഭമായപ്പോഴേക്കും റോമിലെ ഭരണാധികാരികളുടേയും ധനികരുടേയും ഇടയിൽ പട്ടുവസ്ത്രം ആഢ്യതയുടെ പ്രതീകമായി. ചൈനയിൽ നിന്നും റോം വരെ ദുർഘടമായ പാതയിലൂടെ എത്തിക്കേണ്ടിയിരുന്നതിനാൽ ഇവിടെ പട്ട് വളരെ വിലപിടിച്ച ഒന്നായിരുന്നു. ഇതിനു പുറമേ പട്ടുപാതയിലുടനീളം കച്ചവടക്കാർ കടന്നുപോകുന്നതിന് തദ്ദേശീയർ പ്രതിഫലം വാങ്ങുകയും ചെയ്തിരുന്നു. ചില രാജാക്കന്മാർ ഈ പാതയുടെ വലിയ ഭാഗങ്ങളുടെ നിയന്ത്രണം കൈയടക്കുകയും കച്ചവടക്കാരിൽ നിന്നും നികുതിപിരിക്കുകയും ചെയ്തിരുന്നു. പകരം അവരുടെ അതിർത്തി കടക്കുന്നതു വരെ കച്ചവടക്കാർക്ക് സംരക്ഷണം നൽകുകയും ചെയ്തു.[1].
പട്ടുപാത നിയന്ത്രണം കൈയാളിയിരുന്നവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ക്രിസ്ത്വാബ്ദത്തിന്റെ തുടക്കത്തിൽ മദ്ധ്യേഷ്യയും വടക്കുപടിഞ്ഞാറൻ ഇന്ത്യയും ഭരിച്ചിരുന്ന കുശാനരായിരുന്നു. പട്ടുപാതയുടെ പ്രധാനമാർഗം, ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കുള്ള പ്രദേശങ്ങളായ പുരാതന സോഗ്ദിയയിലൂടെയായിരുന്നെങ്കിലും (ഇന്നത്തെ നഗരങ്ങളായ സമർഖണ്ഡ്, ബുഖാറ തുടങ്ങിയവ ഈ പ്രധാന പാതയിൽ നിലകൊള്ളുന്നു)[2] കുശാനരുടെ ഭരണകാലത്ത് പട്ടുപാതയുടെ ഒരു ശാഖ മദ്ധ്യേഷ്യയിൽ നിന്നും തെക്കോട്ട് അതായത് സിന്ധൂനദിയുടെ അഴിമുഖത്തുള്ള തുറമുഖങ്ങളിലേക്ക് നീണ്ടു. ഈ തുറമുഖങ്ങളിൽ നിന്നും ഈജിപ്ഷ്യൻ ചെങ്കടലിലൂടെ റോമാസാമ്രാജ്യത്തിലേക്ക് പട്ടും മറ്റു ചരക്കുകളും കപ്പൽ വഴി കയറ്റി അയച്ചിരുന്നു[1]. റോമൻ സാമ്രാജ്യവും പാർത്തിയയുമായുള്ള യുദ്ധകാലത്ത് കടൽമാർഗ്ഗമുള്ള ഈ പാതയുടെ പ്രാധാന്യം ഗണ്യമായി വർദ്ധിച്ചു[2].
പതിനാറാം നൂറ്റാണ്ടീൽ യൂറോപ്പും ഏഷ്യയും തമ്മിൽ കടൽമാർഗ്ഗം തുറക്കപ്പെട്ടതോടെ പട്ടുപാതയുടെ പ്രാധാന്യം കുറഞ്ഞു.[3]
ഇന്ത്യയിൽ ബനാറസ്, കാഞ്ചീപുരം തുടങ്ങിയ സ്ഥലങ്ങളിൽ പണ്ടുതന്നെ പട്ടുതുണി നിർമ്മാണം വേരോടി വളർന്നുകഴിഞ്ഞിരുന്നു. ബ്രിട്ടിഷുകാർ ഇന്ത്യയിലെ പട്ടുതുണി നിർമ്മാണത്തെ തളർത്താനായി ഇവിടത്തെ പട്ടുനെയ്ത്തുകാരുടെ വിരലുകൾ മുറിച്ചുകളയുകവരെ ചെയ്തിട്ടുണ്ട്[അവലംബം ആവശ്യമാണ്].
പട്ടുതുണികളുടെ ഏറ്റവും വലിയ ഗുണം അവയുടെ നേർമ്മയാണ്. തീരെ ഭാരം കുറഞ്ഞതുമാണ് അത്. പട്ട്തുണികൾക്ക് സ്വാഭാവികമായിത്തന്നെ നല്ല പകിട്ടും തിളക്കവും ഉണ്ട്. നിറങ്ങൾ ചേർക്കുമ്പോഴും ഈ ഗുണങ്ങൾ നഷ്ടപ്പെടുകയുമില്ല.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.