From Wikipedia, the free encyclopedia
ഹാരി പോട്ടർ മാന്ത്രിക കഥകളുടെ സ്രഷ്ടാവാണ് ജെ.കെ. റൗളിങ് അഥവാ ജോവാൻ റൌളിംഗ് [1][2]. 1990- ൽ മാഞ്ജസ്റ്ററിൽ നിന്നും ലണ്ടൻ വരെ നടത്തിയ തീവണ്ടി യാത്രയ്ക്കിടയിലാണ് കഥ എഴുതാനുള്ള പ്രചോദനം റോളിങ്ങിനു ലഭിച്ചത്, . ഹാരി പോട്ടർ പുസ്തകങ്ങൾ ഇന്ന് ലോകപ്രശസ്തമാണ്. 40 കോടി ഹാരി പോട്ടർ പുസ്തകങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്.[3]. ഈ പുസ്തകങ്ങൾ സിനിമകളായും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്. ഇവയിൽ ആദ്യ രണ്ടു ചലച്ചിത്രങ്ങളിൽ കലാസംവിധാനം നിർവഹിച്ചത് റൌളിംഗ് തന്നെ ആയിരുന്നു.[4][5]
ജെ.കെ. റൗളിംഗ് CH OBE | |
---|---|
ജനനം | Joanne Rowling 31 ജൂലൈ 1965 Yate, Gloucestershire, England |
തൂലികാ നാമം |
|
തൊഴിൽ |
|
പഠിച്ച വിദ്യാലയം |
|
Period | 1997–present |
Genre |
|
പങ്കാളി |
|
കുട്ടികൾ | 3 |
കയ്യൊപ്പ് | |
വെബ്സൈറ്റ് | |
jkrowling |
ദാരിദ്ര്യത്തിൽ നിന്നും കോടിപതിയായി മാറിയ അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് റൌളിംഗ്. മാർച്ച് 2010 ൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം ഒരു ബില്ലിയൻ ഡോളർ ആണ് റൌളിംഗിന്റെ ആസ്തി.[6] 2008 ൽ സുണ്ടായ് ടൈംസ് നൽകിയ പട്ടികയിൽ ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ റോളിങ്ങിനു പന്ത്രണ്ടാം സ്ഥാനം നൽകിയിരുന്നു.[7] 2007 ൽ ഫോർബ്സ് മാസിക റോളിങ്ങിനെ ലോകത്തിൽ ഏറ്റവും പ്രതാതപഃശക്തിയുള്ള നാൽപത്തെട്ടാമത്തെ വ്യക്തിയായി തിരഞ്ഞെടുത്തു.[8] ടൈംസ് മാസിക റൌളിംഗിനെ 2007-ലെ മികച്ച രണ്ടാമത്തെ വ്യക്തിത്വമായി തിരഞ്ഞെടുത്തു. ഇവരുടെ സാമൂഹ്യ സേവന പ്രവർത്തനങ്ങളും, ഹാരി പോട്ടർ കഥകളുടെ പ്രശസ്തിയും കണക്കിലെടുത്തുകൊണ്ടാണ് അവർക്ക് ഈ ബഹുമതി സമ്മാനിക്കപ്പെട്ടത്.[9]. മൾട്ടിപ്പിൾ സ്ക്ലീറോസിസ് ബാധിച്ചവർക്കായും, ഒറ്റയ്ക്ക് ജീവിക്കുന്ന അമ്മമാർക്ക് വേണ്ടിയും പ്രവർത്തിക്കുന്ന സംഘടനകൾക്ക് റൌളിംഗ് വലിയ തുകകൾ സംഭാവനയായി നൽകിവരുന്നുണ്ട്.
2012 സെപ്റ്റംബർ 27-നു് ജെ.കെ. റൗളിംഗ് എഴുതിയ മുതിർന്നവർക്കു വേണ്ടിയുള്ള ആദ്യ നോവൽ ദ കാഷ്വൽ വേക്കൻസി ലിറ്റിൽ ബ്രൗൺ ആന്റ് ദ കമ്പനി പ്രസിദ്ധീകരിച്ചു.[10]
ജെ.കെ. റൌളിംഗ് എന്ന തൂലികാനാമത്തിലാണ് അറിയപ്പെടുന്നതെങ്കിലും ശരിയായ പേര് ജോവാൻ റൌളിംഗ് എന്നാണ്.[11] റൗളിങ്ങിന്റെ പ്രസാധകരായ ബ്ലൂംസ് ബെറിയുടെ നിർദ്ദേശപ്രകാരമാണ് പേര് ജെ.കെ.റൌളിംഗ് എന്നാക്കി മാറ്റിയത്. ഒരു സ്ത്രീ എഴുതിയ നോവൽ വായിക്കാൻ ആൺകുട്ടികൾക്ക് താല്പര്യക്കുറവുണ്ടാകുമെന്നു കരുതി, എഴുത്തുകാരിയുടെ ഒന്നാം പേര് പുറത്തുവിടാൻ ബ്ലൂംസ്ബെറി വിമുഘത കാണിക്കുകയായിരുന്നു. ഉൽപമായ 'കെ' എന്നത് മുത്തശിയായ കാതലീൻ അഡ ബല്ഗെന്റെ ആദ്യ പേരിന്റെ ആദ്യ അക്ഷരമാണ്.;[12]. കാതലീൻ എന്നത് ഒരിക്കലും അവരുടെ ശരിയായ പേരിന്റെ ഭാഗമായിരുന്നില്ല. അവർ ജോ എന്ന് വിളിക്കുന്നതാണ് ഇഷ്ട്ടപ്പെട്ടിരുന്നത്.[13] ജോ എന്നാണു അവരെ വീട്ടിൽ വിളിച്ചിരുനത്.വിവാഹത്തിനു ശേഷം ജോവാൻ മുറേ എന്ന പേരാണ് അവർ സ്വീകരിച്ചത്..[14][15]
31 ജൂലൈ 1965 ൽ പീറ്റർ ജെയിംസ് റൌളിംഗിന്റെയും ആനി റൌളിംഗിന്റെയും മകളായി ജനിച്ചു. ബ്രിസ്റ്റോളിൽ നിന്നും പത്തു കിലോ മീറ്റർ വടക്ക് മാറി യേറ്റ് എന്ന സ്ഥലത്താണ് റൌളിംഗ് ജനിച്ചത്.[16] റൌളിംഗിന്റെ അനുജത്തി ഡയാന (ഡി) 1967 ജൂൺ 28 നാണ് ജനിച്ചത്.[17] അനിയത്തി ജനിക്കുമ്പോൾ റോളിങ്ങിനു പ്രായം വെറും 23 മാസങ്ങളായിരുന്നു. റൌളിംഗിന് വെറും നാല് വയസ്സ് പ്രായമുള്ളപ്പോൾ അവരുടെ കുടുംബം വിന്റെർബേൻ എന്ന ഗ്രാമത്തിലേക്ക് താമസം മാറി.[18] സെന്റ്. മൈക്കിൾ പ്രൈമറി വിദ്യാലയത്തിലായിരുന്നു അവരുടെ പ്രാഥമിക വിദ്യാഭ്യാസം.[19][20] ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്ന അല്ബെർട്ട് ഡൺ ആണ് പിൽക്കാലത്ത് ഹാരി പോട്ടറിന്റെ പ്രധാനാധ്യാപകനായിരുന്ന ആൽബസ് ഡമ്ബിൾഡോർ എന്ന കഥാപാത്രത്തെ മെനഞ്ഞെടുക്കാൻ പ്രചോദനമേകിയത് എന്ന് റൌളിംഗ് പറയുകയുണ്ടായി.[21]
കുട്ടിയായിരിക്കെത്തന്നെ മാന്ത്രിക കഥകളെഴുതുകയും അവ അനുജത്തിക്ക് വായിച്ചു കേൾപ്പിച്ചു കൊടുക്കുയും ചെയ്യുമായിരുന്നു ജോ. അവർ ആദ്യമായി എഴുതിയ കഥ 'റാബിറ്റ്' ആയിരുന്നു. ഈ കഥ ഒരു മുയലും അതിന്റെ കുടുംബും സ്ട്രോബറികൾ കഴിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു. മീസിൽസ് രോഗം ബാധിച്ച മുയലിനെ ശ്രീമതി.തേനീച്ച എന്ന തടിയൻ ഈച്ച കാണാൻ വരുന്നതായിരുന്നു കഥാതന്തു. ഈ കഥ എഴുതുമ്പോൾ ജോവിനു അഞ്ചോ ആറോ വയസ്സായിരുന്നു പ്രായം.[11] ഒൻപതാം വയസ്സിൽ വയില്സിലെ ടുത്സ്ഹിൽ എന്ന സ്ഥലത്തേക്ക് ജോ മാറിത്താമസിച്ചു. കൌമാരപ്രായത്തിലെത്തിയ ജോവിനെ അവളുടെ അമ്മായിയാണ് ക്ലാസിക്കുകളെ അവളെ പരിചയപ്പെടുത്തിയത്. ജെസ്സിക്ക മിറ്സ്ഫോർഡിന്റെ ആത്മകഥ വായിക്കാൻ നൽകിയതും അവർ തന്നെ. '[22] ഈ പുസ്തകം വായിച്ചു കഴിഞ്ഞതിനു ശേഷം ജോ ജെസ്സിക്കയുടെ ഒരു ആരാധകയായി മാറുകയും ചെയ്തു.പിന്നീട് ഈ എഴുത്തുകാരിയുടെ മുഴുവൻ പുസ്തകങ്ങളും ജോ വായിക്കുകയുണ്ടായി.[23]
ഹൈസ്ക്കൂൾ വിദ്യാഭ്യാസം വൈഡൻ സ്കൂളിലും കോളേജിലും വച്ചായിരുന്നു. ഇതേ കോളേജിൽ ശാസ്ത്ര വകുപ്പിന് കീഴെ ജോയുടെ അമ്മ ടെക്നീഷ്യനായി ജോലി നോക്കിപ്പോന്നു.[24] ഹെമൈണി ഗ്രാന്ജർ എന്ന ഹാരി പോട്ടർ കഥാപാത്രം സ്വന്തം കൌമാരത്തെ ഓർമ്മിപ്പിക്കുന്നു എന്ന് റൌളിംഗ് പിന്നീട് പറയുകയുണ്ടായി.[25] താൻ പതിനൊന്നു വയസ്സുകാരി ആയിരുന്നപ്പോഴുള്ള അതെ വ്യക്തിത്വമാണ് ഹെമൈണിക്കുള്ളതെന്നും അവർ വെളിപ്പെടുത്തി. സീൻ ഹാരിസ് എന്ന ആത്മ സുഹൃത്ത് ഫോർഡ് ആജ്ലിയ എന്ന കാറിന്റെ ഉടമയായിരുന്നു. ഇത് തന്റെ പുസ്തകത്തിന് പ്രചോദനമായിട്ടുണ്ട് എന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. റൊൺ വീസ്ലി എന്ന് പേരുള്ള ഹാരിയുടെ ആത്മ മിത്രം സീനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു സൃഷ്ട്ടികപ്പെട്ടതാണത്രേ.[26] ദ സ്മിത്ത്, ദ ക്ലാഷ് എന്നിവയാണ് അവരുടെ ഇഷ്ട്ടപ്പെട്ട സംഗീത ട്രൂപ്പുകൾ.[27] പാരിസിൽ ഒരു വർഷം പഠിച്ച ശേഷം ലണ്ടനില്ലെ ആമ്നെസ്ടി ഇന്റെർ നാഷണലിൽ ഗവേഷകയായും ദ്വിഭാഷാ സെക്രട്ടറിയായും അവർ സേവനമനുഷ്ടിച്ചു.[28]
1990-ൽ നാല് മണിക്കൂർ വൈകി ഓടിയ മാഞ്ജസ്റ്റർ-ലണ്ടൻ യാത്രയിലാണ് മായാജാലം പഠിക്കുന്ന കൌമാരപ്രായക്കാരനായ ബാലനെ കുറിച്ച് എഴുതാൻ റൌളിംഗിന് പ്രചോദനം ലഭിച്ചത്.[29] ബോസ്റ്റൺ ഗ്ലോബിനോട് അവർ ഇങ്ങനെ പറഞ്ഞിട്ടുണ്ട് : "ഈ ആശയം എനിക്ക് എങ്ങനെ കിട്ടി എന്നത് അറിയില്ല. ഹാരിയാണ് എല്ലാത്തിനും തുടക്കം. മറ്റു കഥാപാത്രങ്ങൾ പൊടുന്നനെ എന്റെ മനസ്സിലേക്ക് വരികയായിരുന്നു.[16][29] ട്രെയിൻ ഇറങ്ങിയതും അവർ നേരെ ഫ്ലാറ്റിലേക്ക് പോയി എഴുത്ത് ആരംഭിക്കുകയായിരുന്നു.[16][30]
“ | ആറാം വയസ് മുതൽ ഞാൻ തുടർച്ചയായി എഴുതാറുണ്ട്. എന്നാൽ ഒരു ആശയത്തേക്കുറിച്ച് ഞാൻ ഒരിക്കലും ഇത്ര ആവേശം കൊണ്ടിട്ടില്ല. ഞാൻ നാല് മണിക്കൂർ സമയം (വൈകിയോടിയ ട്രെയിൻ) ഇരുന്ന് ചിന്തിച്ചു. ഓരോ വിശദാംശങ്ങളും എന്റെ തലച്ചോറിൽ പൊട്ടിമുളച്ചു. താൻ ഒരു മാന്ത്രികനാണെന്നറിയാത്ത കണ്ണടയിട്ട കറുത്ത മുടിയുള്ള മെലിഞ്ഞ ആ ആൺകുട്ടി എനിക്ക് കൂടുതൽ കൂടുതൽ യഥാർത്ഥ്യമായിക്കൊണ്ടിരുന്നു. | ” |
അതെ വർഷം ഡിസംബർ മാസത്തിൽ റൌളിംഗിന്റെ അമ്മ മൾട്ടിപ്പിൾ സ്ക്ലീരോസിസ് വന്നു മരണമടഞ്ഞു.[16] ഇതേപ്പറ്റി റൌളിംഗ് പിന്നീട് പറഞ്ഞത് :"അമ്മ മരിച്ചുകൊണ്ടിരിക്കുന്ന നേരത്ത് ഞാൻ ഹാരി പോട്ടർ രചനയിലായിരുന്നു. അവരോടു ഞാൻ ഹാരിയെ പറ്റി ഒരിക്കലും പറഞ്ഞിരുന്നില്ല.[15] ഈ മരണം റൌളിംഗിനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്.[15][31] ഈ സംഭവം കാരണം ആദ്യത്തെ പുസ്തകത്തിൽ ഹാരിയുടെ നഷ്ടങ്ങൾ തന്മയത്വതോട് കൂടി അവതരിപ്പിക്കാൻ അവർക്ക് സാധിച്ചു.[32] റൌളിംഗ് പിന്നീട് പോർച്ചുഗലിലെ പോർട്ടോ എന്ന സ്ഥലത്ത് ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്തു.[23] ഈ കാലയളവിൽ പോർച്ചുഗീസ് മാധ്യമപ്രവർത്തകനായിരുന്ന ജോർജ് ആരാന്റാസ്സിനെ പരിചയപ്പെട്ടു. 16 ഒക്ടോബർ 1992-ൽ അവർ വിവാഹിതരായി. അവരുടെ മകൾ ജസ്സിക്ക ഇസബെൽ റൌളിംഗ് ആരാന്റസ് ജൂലൈ 27, 1993-ൽ ജനിച്ചു. 1993-ൽ അവർ ഈ ബന്ധം വേർപിരിഞ്ഞു.ഇതേ വർഷം ഡിസംബർ മാസത്തിൽ അവർ മകളോടൊപ്പം എടിൻബറോയിലുള്ള അനിജത്തിയുടെ വസതിയിലേക്ക് താമസിക്കാൻ പോയി.[16] ഇക്കാലത്ത് റൌളിംഗിന് നിരാശാരോഗം പിടിപെട്ടു.[33] ഈ കാലയളവിലുള്ള അനുഭവങ്ങളാണ് ആത്മാവ് വലിച്ചെടുക്കുന്ന ഭീകര ജന്തുക്കളായ ഡിമെന്റർമാരെ സൃഷ്ടിക്കാൻ റൌളിംഗിന് പ്രചോദനമായത്.[34] ജസ്സിക്കയുടെ ജന്മത്തിനും ഭർത്താവുമായുള്ള വേർപാടിനും ശേഷം അവർ പോർച്ചുഗൽ വിടുകയും തുടർന്ന് അവർ PGCE(postgraduate certificate of education) എന്ന കോഴ്സ് പഠിക്കുവാൻ ചേർന്നു. സ്കോട്ട്ലാൻഡിൽ അധ്യാപികയാവണമെങ്കിൽ ഈ ബിരുദം നിർബന്ധമാണ് എന്നതായിരുന്നു കാരണം. 1995 ഓഗസ്റ്റ് മാസത്തിൽ അവർ പഠനം തുടങ്ങി.[35] കുറച്ചു കാലം സർക്കാർ ഒറ്റ അമ്മമാർക്ക് നൽകിവരുന്ന തുച്ചമായ തുക കൊണ്ടാണ് അവർ അരിഷ്ടിച്ചു ജീവിച്ചു പോന്നത്.[36] സ്കോട്ട്ലാൻഡിലെ കാപ്പിക്കടകലിളിരുന്നാണ് റൌളിംഗ് ഹാരി പോട്ടർ പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങൾ എഴുതിയത്. ഒരു കൊച്ചു ഫ്ലാറ്റ് മുറിയിലായിരുന്നു അക്കാലത്ത് അവരുടെ താമസം. മകളെ ഉറക്കാൻ കിടത്തിയ ശേഷം കിട്ടുന്ന വളരെ കുറച്ചു സമയത്തായിരുന്നു എഴുത്ത്.[16][37][38] 2001-ൽ ബി.ബി.സി. ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ തണുപ്പിൽ നിന്നും രക്ഷ നേടാനാണ് കാപ്പിക്കടകളിൽ അഭയം പ്രാപിച്ചത് എന്ന പരദൂഷണം അവർ തള്ളിക്കളഞ്ഞു. പിന്നീട് ഒരു അമേരിക്കൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മകളെ ഉറക്കാനുള്ള എളുപ്പം കണക്കിലെടുത്താണ് കപ്പിക്കടകളിലേക്ക് നടന്നിരുന്നതെന്നു അവർ വെളിപ്പെടുത്തി.[38]
1995ൽ ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ പൂർത്തിയായി. ഒരു പഴയ ടൈപ്പ് റൈററ്റിൽ വളരെ കഷ്ടപ്പെട്ടാണ് പുസ്തകത്തിന്റ രണ്ടു പ്രതികൾ അവർ ടൈപ്പ് ചെയ്തു എടുത്തത്. റൗളിങ് പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി ഏജന്റുമാർക്കയച്ചു. റൗളിങ് ശ്രമിച്ച രണ്ടാമത്തെ ഏജന്റ് അവരെ പ്രതിനിധീകരിച്ച് പുസ്തകത്തിന്റെ കൈയെഴുത്ത്പ്രതി ബ്ലൂംസ്ബെറിക്ക് അയക്കാമെന്ന് സമ്മതിച്ചു. എട്ട് പ്രസാധകർ ഫിലോസഫേഴ്സ് സ്റ്റോൺ നിരസിച്ചശേഷം ബ്ലൂംസ്ബേറി മുൻകൂർ പ്രതിഫലമായി £2,500 നൽകിക്കൊണ്ട് പുസ്തകം പ്രസിദ്ധീകരണം ഏറ്റെടുത്തു.[40]
ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയപ്പോൾ അത് ഏത് പ്രായക്കാരെ ഉദ്ദേശിച്ചാണ് എന്നൊന്നും റൗളിങ് ചിന്തിച്ചിരുന്നില്ല. എങ്കിലും പ്രസാധകർ ഒമ്പത് മുതൽ പതിനൊന്നു വയസുവരെയുള്ള കുട്ടികളെയാണ് കേന്ദ്രീകരിച്ചത്.[41] 1997 ജൂലൈയിൽ ബ്ലൂംസ്ബെറി യുണൈറ്റഡ് കിങ്ഡത്തിൽ ആദ്യ ഹാരി പോട്ടർ പുസ്തകം പ്രസിദ്ധീകരിച്ചു. അമേരിക്കയിൽ പുസ്തകത്തിന്റെ പ്രസിദ്ധീകരണാവകാശം 105,000 ഡോളറിന് സ്കോളാസ്റ്റിക്സ് നേടി. അറിയപ്പെടാത്ത ഒരു ബാലസാഹിത്യകാരിക്ക് (അന്ന്) സാധാരണ ലഭിക്കുന്നതിലും വളരെയധികമായിരുന്നു ആ തുക.[42] 1998 സെപ്റ്റംബറിൽ അമേരിക്കയിൽ പുസ്തകം പുറത്തിറങ്ങി. ഫിലോസഫേഴ്സ് സ്റ്റോൺ എന്നത് ആൽക്കെമിയുമായി ബന്ധപ്പെട്ടതായതിനാൽ അമേരിക്കക്കാർ അങ്ങനെയൊരു പേര് മായാജാലം എന്ന വിഷയവുമായി ചേർത്തുകാണില്ല എന്ന് പ്രസാധകർ ഭയന്നു. അതിനാൽ അമേരിക്കയിൽ പുസ്തകത്തിന് ഹാരി പോട്ടർ ആന്റ് ദ സോഴ്സറേഴ്സ് സ്റ്റോൺ എന്ന പേര് സ്വീകരിക്കാൻ സ്കോളാസ്റ്റിക് തീരുമാനിച്ചു.
1998, ജൂലൈ 2-ന് പ്രസിദ്ധീകരിക്കപ്പെട്ടു. ലോകവ്യാപകമായി ഈ പുസ്തകത്തിന്റെ 12 കോടി പതിപ്പുകൾ ഇതുവരെ വിറ്റഴിഞ്ഞിട്ടുണ്ട്. 1998-ലെ ഏറ്റവും മികച്ച ബാലസാഹിത്യ പുസ്തകത്തിനുള്ള ബ്രിട്ടീഷ് ബുക്ക് അവാർഡ് ഉൾപ്പെടെ റൌളിംഗ് പല പുരസ്കാരങ്ങൾ നേടി. ഈ പുസ്തകത്തോടെ റൌളിംഗ് കൂടുതൽ പ്രശസ്തയായി.
1999, ജൂലൈ 8-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1999-ലെ കോസ്റ്റ ബുക്ക് അവാർഡ്, ബ്രാം സ്റ്റോക്കർ അവാർഡ് എന്നിവ ഉൾപ്പെടെ പല പുരസ്കാരങ്ങൾ നേടി. സ്മാർട്ടീസ് പ്രൈസ് മൂന്നാം തവണയും റൌളിംഗ് ഈ പുസ്തകത്തോടെ നേടി. മറ്റു പുസ്തകങ്ങൾക്ക് ഈ അവാർഡ് നേടിക്കൊടുക്കാൻ വേണ്ടി റൌളിംഗ് മനഃപൂർവം ഈ പുസ്തകം എൻട്രികളിൽ നിന്നും പിൻവലിക്കുകയായിരുന്നു. ലോകവ്യാപകമായി ഇതിന്റെ 6.1 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.ഈ പുസ്തകം റൌളിംഗിനെ ധനികയാക്കി.
2000, ജൂലൈ 8-ന് വൻ പ്രചാരണത്തോടെ പ്രസിദ്ധീകരിക്കപ്പെട്ടു. കഥയിൽ ഒരാൾ കൊല്ലപ്പെടും എന്ന് പ്രസിദ്ധീകരണത്തിനു മുമ്പേ റൗളിങ് നടത്തിയ പ്രസ്താവന ഈ പുസ്തകം കൂടുതൽ ശ്രദ്ധിക്കപ്പെടാൻ കാരണമായി. 2001-ലെ ഹ്യൂഗോ അവാർഡ് നേടി. ലോകമൊട്ടാകെ ഇതിന്റെ 6.6 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്.
ലോകവ്യാപകമായി ഇതിന്റെ 5.5 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകം വളരെ വലുതായി പോയി എന്ന് റൌളിംഗ് പിന്നീട് അഭിപ്രായപ്പെട്ടു. ഒരുപാട് ഭാഗങ്ങൾ വെട്ടിച്ചുരുക്കാമായിരുന്നു എന്ന് റൌളിംഗ് അഭിപ്രായപ്പെട്ടു. ഈ പുസ്തകത്തിന്റെയും സീരീസിലെ മുൻപത്തെ പുസ്തകത്തിന്റെയും ഇടയ്ക്ക് മൂന്നു വർഷത്തെ ഇടവേള വന്നു.
2005, ജൂലൈ 16-ന് പ്രസിദ്ധീകരിക്കപ്പെട്ടു. പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ 90 ലക്ഷം പതിപ്പുകളാണ് വിറ്റഴിയപ്പെട്ടത്. അപ്പോൾ ഇത് ഒരു റെക്കോർഡായെങ്കിലും ഈ പരമ്പരയിലെ അവസാന പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ് തന്നെ ഈ റെക്കോർഡ് പിന്നീട് തകർത്തു. ഈ പുസ്തകത്തിന്റെ ആദ്യ രണ്ടു അധ്യായങ്ങൾ ശ്രേണിയിലെ മൂന്നാം പുസ്തകമായ ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ എന്ന പുസ്തകത്തിൽ ചേർക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്ന് റൌളിംഗ് പിന്നീട് പറയുകയുണ്ടായി. ഇത് എഴുതുന്നതിനു മുൻപ് റൌളിംഗ് രണ്ടു മാസം കഥ വീണ്ടും വീണ്ടും ആവർത്തിച്ചു മനസ്സിൽ ഉറപ്പിച്ചു കൊണ്ടേ ഇരുന്നു.
ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടർ പരമ്പരയിലെ ഏഴാമത്തേതും അവസാനത്തേതുമായ പുസ്തകമാണ് ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസ്. 2007, ജൂലൈ 21-നാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകവ്യാപകമായി ഇതിന്റെ 4.4 കോടി പതിപ്പുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമ്പരയിലെ ഏറ്റവും കുറവ് പതിപ്പുകൾ വിൽക്കപ്പെട്ട പുസ്തകം ഇതാണ്.പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം 24 മണിക്കൂറിനുള്ളിൽ 1.1 കോടി പതിപ്പുകളാണ് വിറ്റഴിയപ്പെട്ടത്. ഇത് ഒരു റെക്കോർഡാണ്. ഈ പുസ്തകം എഴുതിക്കൊണ്ടിരുന്ന വേളയിൽ റൌളിംഗ് തന്നെപ്പറ്റി ഒരു ഡോക്യുമെന്ററി ചിത്രീകരിക്കാൻ സമ്മതം നൽകി. അതിനായി അവർ താൻ പണ്ട് താമസിച്ചിരുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുക ഉണ്ടായി. ഈ അനുഭവം അവരെ കണ്ണീരണിയിപ്പിച്ചു.
പരമ്പരയിലെ അവസാന പുസ്തകം 2006-ൽ എഴുതുമെന്ന്, തന്റെ വെബ്സൈറ്റിലൂടെ 2005 ഡിസംബറിൽ റൗളിങ് പ്രഖ്യാപിച്ചു. അതിനുശേഷം അവരുടെ ഓൺലൈൻ ഡയറിയിൽ ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസിന്റെ എഴുത്തിലെ പുരോഗതിയേക്കുറിച്ച് വിവരങ്ങൾ വന്നുകൊണ്ടിരുന്നു. 2007 ജൂലൈ 11 പുസ്തകത്തിന്റെ പ്രസിദ്ധീകരണ തിയതിയായി തീരുമാനിച്ചു.
എഡിൻബർഗിലെ ബാൽനൊരാൽ ഹോട്ടലിൽവച്ച് 2007 ജനുവരി 11ന് പുസ്തകം പൂർത്തിയായി. പുസ്തകം പൂർത്തീകരിച്ച മുറിയിലെ ഒരു ഹേംസ് ശില്പപത്തിന് പുറകിൽ റൗളിങ് ഇങ്ങനെ ഒരു കുറിപ്പ് എഴുതിവച്ചു. "ജെ.കെ. റൗളിങ്, ഈ മുറിയിൽവച്ച് (652) 2007 ജനുവരി 11-ന്, ഹാരി പോട്ടർ ആന്റ് ദ ഡെത്ലി ഹാലോസിന്റെ എഴുത്ത് പൂർത്തീകരിച്ചു."
ഏഴാം പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിന്റെ പൂർത്തീകരണം ഏകദേശം 1990-ൽത്തന്നെ കഴിഞ്ഞുവെന്ന് റൗളിങ് പറഞ്ഞിട്ടുണ്ട്.
2006 ജൂണിൽ ബ്രിട്ടീഷ് അഭിമുഖ പരിപാടിയായ റിച്ചാഡ്&റൂഡിയിൽ പങ്കെടുത്ത റൗളിങ് പുസ്തകത്തിന്റെ അവസാന അദ്ധ്യായത്തിൽ താൻ ചില മാറ്റങ്ങൾ വരുത്തിയതായി പറഞ്ഞു. ആദ്യമെഴുതിയപ്പോൾ കൊല്ലപ്പെട്ടതായി ചിത്രീകരിച്ച ഒരു കഥാപാത്രം മരിക്കാതിരിക്കുകയും അതോടൊപ്പം തുടർന്ന് ജീവിക്കുന്നതായി മുമ്പ് ചിത്രീകരിച്ചിരുന്ന രണ്ട് കഥാപാത്രങ്ങളെ കൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ് ആ മാറ്റങ്ങൾ എന്ന് റൗളിങ് പ്രസ്താവിച്ചു. ഹാരിയുടെ ഹോഗ്വാർട്ട്സിലെ പഠനം കഴിഞ്ഞുള്ള ജീവിതത്തേക്കുറിച്ച് മറ്റ് എഴുത്തുകാർ കഥയെഴുതാതിരിക്കുന്നതിനായി ഹാരിയെ "കൊല്ലുന്നതിലെ" യുക്തി താൻ മനസ്സിലാക്കുന്നുവെന്നും അവർ പറഞ്ഞു.
മാർച്ച് 28 2007ന് ബ്ലൂംസ്ബെറിയുടെ മുതിർന്നവർക്കും കുട്ടികൾക്കും ഉള്ള പതിപ്പുകളുടേയും യുഎസിൽ പുറത്തിറക്കുന്ന സ്കോളാസ്റ്റിക് പതിപ്പിന്റേയും മുഖചിത്രങ്ങൾ പ്രസിദ്ധീകരിച്ചു.
പതിനേഴ് വർഷം കൊണ്ടാണ് റൗളിങ് ഏഴ് ഹാരി പോട്ടർ പുസ്തകങ്ങൾ എഴുതിയത്. 2000ൽ ഹാരി പോട്ടറിന്റെ അമേരിക്കൻ പ്രസാധകരായ സ്കോളാസ്റ്റിക്സിന് നൽകിയ അഭിമുഖത്തിൽ, മാന്ത്രിക ലോകത്തിൽ ഹോഗ്വാർട്ട്സിനുശേഷം ഒരു സർവകലാശാല ഇല്ല എന്ന് റൗളിങ് പറഞ്ഞു. ഏഴാം പുസ്തകം കഴിഞ്ഞും പരമ്പര തുടരുന്ന കാര്യത്തേക്കുറിച്ച് അവർ ഇങ്ങനെ പറഞ്ഞു "ഒരിക്കലും എഴുതില്ല എന്നു ഞാൻ പറയുന്നില്ല. എന്നാൽ എട്ടാം പുസ്തകം എഴുതാൻ ഇപ്പോൾ പദ്ധതിയില്ല." എട്ടാമത് ഒരു പുസ്തകം എഴുതുകയാണെങ്കിൽ അതിലെ പ്രധാന കഥാപാത്രം ഹാരി ആയിരിക്കില്ല എന്നും അങ്ങനെയൊരു പുസ്തകം കുറഞ്ഞത് പത്ത് വർഷത്തിന് ശേഷമേ ഉണ്ടാകൂ എന്നും റൗളിങ് പിന്നീട് പറഞ്ഞു.
കാരുണ്യപ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കുന്നതിനായി ക്വിഡിച്ച് ത്രൂ ഏജസ്, ഫന്റാസ്റ്റിക് ബീസ്റ്റ്സ് ആന്റ് വേർ റ്റു ഫൈന്റ് ദെം എന്നിവപോലുള്ള പുസ്തകങ്ങൾ എഴുതുന്ന കാര്യം പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് റൗളിങ് പറഞ്ഞു. പരമ്പരയിൽ ഉൾപ്പെടാത്ത വിവരങ്ങളും ഉൾപ്പെടുത്തി ഒരു ഹാരി പോട്ടർ വിജ്ഞാനകോശം നിർമ്മിക്കുക എന്നതാണ് മറ്റൊരു നിർദ്ദേശം.
2007 ഫെബ്രുവരിയിൽ പരമ്പരയുടെ പൂർത്തീകരണത്തെക്കുറിച്ച് റൗളിങ് തന്റെ വെബ്സൈറ്റിൽ ചില കാര്യങ്ങൾ എഴുതി. പരമ്പര പൂർത്തീകരിച്ചപ്പോഴുണ്ടായ മിശ്രിത വികാരങ്ങളെ 1850-ൽ ചാൾസ് ഡിക്കൻസ്, ഡേവിഡ് കോപ്പർഫീൽഡിന്റെ ആമുഖത്തിൽ പ്രകടിപ്പിച്ച വികാരത്തോടാണ് അവർ താരതമ്യം ചെയ്തത്.
ഹാരി പോട്ടർ ലോകത്തെ സംബന്ധിച്ച ഒരു വിജ്ഞാനകോശം താൻ "മിക്കവാറും" എഴുതും എന്ന് 2004 ജൂലൈ 24ന് ഒരു ആഭിമുഖത്തിൽ റൗളിങ് പറഞ്ഞു.
പുസ്തകമെഴുതിലൂടെ ബില്ല്യൻ ഡോളറോളം സമ്പാദിച്ച ഏക വ്യക്തി റൌളിംഗ് ആണെന്ന് ഫോർബ്സ് മാസിക കണ്ടെത്തി.[43] ലോകത്തിലെ ഏറ്റവും കൂടുതൽ പണമുള്ളവരിൽ റൌളിംഗിന് 1,062 ആണ് സ്ഥാനം.[44] 2004ൽ റൌളിംഗിനെ ബില്ലിയണെയർ ആയി പ്രഖ്യാപിച്ച ഫോർബ്സ് മാസികയോട്, താൻ ബില്ലിയണെയർ അല്ലെന്നും, പക്ഷേ ധാരാളം പണം കയ്യിലുണ്ടെന്നും അവർ വെളിപ്പെടുത്തി.[45] സണ്ടേ ടൈംസ് എന്ന മാധ്യമം അവർക്ക് ബ്രിട്ടനിലെ പണക്കാരുടെ പട്ടികയിൽ നൽകിയത് 144 ആം സ്ഥാനമാണ്.[7] 2001-ൽ അവർ സ്കോട്ട്ലണ്ടിലെ ടേ നദിക്കരയിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു ആഡാംബര വീട് വിലയ്ക്കുവാങ്ങി.[46] പിന്നീട് കെന്സിങ്ങ്സ്റ്റൺ എന്ന സ്ഥലത്ത് ഒൻപതു മില്ല്യൻ ഡോളർ വിലമതിക്കുന്ന ഒരു വില്ലയും സ്വന്തമാക്കി.[46] ഈ വീടിനു 24 മണിക്കൂറും അംഗ രക്ഷകരുടെ സേവനവും അവർ ലഭ്യമാക്കി.[47]
2001 ഡിസംബർ 26 ന് മൈക്കിൾ മുറേ എന്ന ഡോക്റ്ററെ അവർ വിവാഹം ചെയ്തു.[48] മൈക്കിളിന്റെയും റൌളിംഗിന്റെയും രണ്ടാം വിവാഹമായിരുന്നു അത്. മൈക്കിൾ ഡോ.ഫിയോണാ ഡംകൻ എന്ന ആദ്യ ഭാര്യയോടു വേർപിരിഞ്ഞാണ് റൌളിംഗുമായുള്ള വിവാഹം തീരുമാനിച്ചത്. റൌളിംഗിന്റെയും മുറേയുടെയും മകൻ ഡേവിഡ് ഗോർഡൻ റൌളിംഗ് മുറേ 2003 മാർച്ച് 24 ന് ജനിച്ചു.[49] മകനെ പരിപാലിക്കേണ്ടതുള്ളതുകൊണ്ട് റൌളിംഗ് കഥ എഴുത്ത് കുറച്ചു കാലത്തേക്ക് നിർത്തി വച്ചു. പരമ്പരയിലെ ആറാമത്തെ പുസ്തകം വൈകാനുള്ള കാരണം ഇതാണെന്ന് പറയപ്പെടുന്നു.[49] റൌളിംഗിന്റെ അവസാന പുത്രി മേക്കാൻസീ 2005 ജനുവരി 23 നാണ് ജനിച്ചത്.[50]
ബ്രിട്ടിഷ് പ്രധാനമന്ത്രി ആയിരുന്ന ഗോർഡൻ ബ്രൌണിൻറെ പത്നി സാറാ ബ്രൌൺ റൌളിംഗിന്റെ അടുത്ത സുഹൃത്താണ്. ഒരു ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി ജോലി ചെയ്യുന്നതിനിടെ ആണ് രണ്ടു പേരും പരിചയപ്പെടുന്നത്.ബ്രൌൺ കുടുംബത്തിന്റെ ആദ്യ മകൻ ഫ്രേസർ ജനിച്ചപ്പോൾ ആശുപത്രിയിൽ വച്ച് അവരെ സന്ദർശിച്ച ആദ്യ വ്യക്തികളിൽ ഒരാൾ റൌളിംഗ് ആയിരുന്നു.[51]
റൌളിംഗ് സെന്റ്.ആൻഡ്രൂസ് സർവകലാശാലയിൽ നിന്നും, എഡിൻബറോ സർവകലാശാലയിൽ നിന്നും, അബ്രദീൻ സർവകലാശാലയിൽ നിന്നും, നേപിയർ സർവകലാശാലയിൽ നിന്നും ഓണററി ഡോകറ്ററേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.[52][53] 2008 ജൂണിൽ ഹാർവാർഡ് സർവകലാശാലയിൽ നിന്നും ഓണററി ഡോകറ്ററേറ്റ് ലഭിച്ചു.[54] 2009-ൽ ഫ്രഞ്ച് സർക്കാർ അവരെ ആദരിച്ചു. ഈ വേളയിൽ, തന്റെ തായ്വഴിയിലെ മുത്തച്ഛൻ ഫ്രെഞ്ച്കാരനായിരുന്നെന്നും, ഒന്നാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്തിരുന്നെന്നും അവർ വെളിപ്പെടുത്തി.[55]
ട്രാൻസ്ജെൻഡറുകളെ വേദനിപ്പിക്കുന്ന ട്വീറ്റ് വളരെയധികം വിവാദം സൃഷ്ടിച്ചു. ആർത്തവശുചിത്വം സംബന്ധിച്ച ലേഖനത്തിന്റെ തലക്കെട്ടിനെ കളിയാക്കിയതും വിമർശനമു ണ്ടായപ്പോൾ സ്വയം ന്യായീകരിക്കാൻ ശ്രമിച്ചതുമാണു റോളിങ്ങിനു വിനയായത്.പീപ്പിൾ ഹൂ മെൻസ്ട്രുവേറ്റ്’ (ആർത്തവമുള്ള ആളുകൾ) എന്ന പ്രയോഗത്തിനു പകരം സ്ത്രീകൾ എന്നു പറഞ്ഞാൽ പോരേയെന്നു പരിഹാസത്തോടെ ചോദിച്ചുള്ള നോവലിസ്റ്റിന്റെ ട്വീറ്റിനു വിമർശനവുമായി ആരാധകരുൾപ്പെടെ രംഗത്തെത്തി. സ്ത്രീകൾക്കു മാത്രമല്ല, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും ആർത്തവമുണ്ടാകുമെന്ന് പ്രതിഷേധ ക്കാർ ചൂണ്ടിക്കാട്ടി.[56]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.