From Wikipedia, the free encyclopedia
ഇംഗ്ലണ്ടിലെ ഔദ്യോഗിക സഭയും ആഗോള ആംഗ്ലിക്കൻ സഭാസംസർഗ്ഗത്തിന്റെ മാതൃസഭയുമാണ് ചർച്ച് ഓഫ് ഇംഗ്ലണ്ട് അഥവാ ആംഗ്ലിക്കൻ സഭ.[3] ഈ സഭ തങ്ങളെ പാശ്ചാത്യ ക്രൈസ്തവ പാരമ്പര്യപ്പെട്ടതായും കാന്റർബറിയിലെ വിശുദ്ധ അഗസ്റ്റിന്റെ ഇംഗ്ലണ്ടിലെ പ്രേഷിതപ്രവർത്തനകാലഘട്ടത്തോളം (ക്രി വ 597) പൗരാണികതയുളളതായും കരുതുന്നു.
ചർച്ച് ഓഫ് ഇംഗ്ലണ്ട് | |
---|---|
ചുരുക്കെഴുത്ത് | C of E |
വിഭാഗം | പ്രൊട്ടസ്റ്റന്റ് |
വീക്ഷണം | പാശ്ചാത്യ ക്രിസ്തീയത |
ദൈവശാസ്ത്രം | ആംഗ്ലിക്കൻ വിശ്വാസം |
സഭാ സംവിധാനം | എപ്പിസ്ക്കോപ്പൽ |
പരമോന്നത ഭരണാധികാരി | ചാൾസ് മൂന്നാമൻ |
ആർച്ച്ബിഷപ്പ് | ജസ്റ്റിൻ വെൽബി |
സംഘടനകൾ | വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്[1] |
സഭാ സംസർഗ്ഗം | ആംഗ്ലിക്കൻ സഭാ സംസർഗ്ഗം |
പ്രദേശം | ഇംഗ്ലണ്ട് |
മുഖ്യകാര്യാലയം | ചർച്ച് ഹൗസ്, വെസ്റ്റ്മിൻസ്റ്റർ, ഇംഗ്ലണ്ട് |
സ്ഥാപകൻ | കാന്റർബറിയിലെ അഗസ്റ്റിൻ (പാരമ്പര്യം അനുസരിച്ച്) ഹെൻറി എട്ടാമൻ (മാർപ്പാപ്പയുടെ അധികാരപരിധിയിൽ നിന്ന് സഭയെ വേർപെടുത്തി) |
ഉത്ഭവം | 1534 |
മാതൃസഭ | റോമൻ കത്തോലിക്കാ സഭ (1534) |
അംഗങ്ങൾ | 2.6 കോടി (ജ്ഞാനസ്നാന ചെയ്യപ്പെട്ടവർ) 944,000 പള്ളികളിൽ കൃത്യമായി എത്തുന്നവർ[2] |
വെബ്സൈറ്റ് | churchofengland.org |
അഗസ്റ്റിന്റെ ദൗത്യത്തിന്റെ ഫലമായി ഇംഗ്ലണ്ടിലെ സഭ റോമൻ കത്തോലിക്കാ സഭയുടെ അവിഭാജ്യ ഭാഗമായിത്തീരുകയും മാർപ്പാപ്പയുടെ മേലധികാരം അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഇംഗ്ലണ്ടിലെ രാജാവായ ഹെൻറി എട്ടാമന്റെ വിവാഹമോചനത്തിന്റെ കാനോനികത അഥവാ സഭാ വിശ്വാസപരമായ സാധുതയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടും റോമൻ കത്തോലിക്കാ സഭയുമായുള്ള ബന്ധം മുറിയുവാനിടയാവുകയും 1534-ലെ 'മേലധികാര നിയമം' (Act of Supremacy) വഴിയായി ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മേലധികാരം ഇംഗ്ലണ്ട് രാജാവ് സ്വായത്തമാക്കുകയും ചെയ്തു. പിന്നീടുണ്ടായ സംഭവപരമ്പരകൾ 'ഇംഗ്ലീഷ് സഭയിലെ നവീകരണം' (English Reformation) എന്നറിയപ്പെടുന്നു. ഇക്കാലയളവിൽ സഭയിലെ കത്തോലിക്കാ-നവീകരണ പക്ഷങ്ങൾ വിശ്വാസസംഹിതകളും ആരാധനാരീതികളും തങ്ങളുടെ ചിന്താഗതിക്കനുസരണമാക്കുവാനായി മത്സരിച്ചു കൊണ്ടിരുന്നു. എലിസബേത്തിന്റെ ഉടമ്പടി (Elizabethan settlement) എന്നറിയപ്പെടുന്ന ഒത്തുതീർപ്പു വഴിയാണ് ഈ മാത്സര്യങ്ങൾക്ക് ഒരു താത്കാലിക വിരാമമിടാനായത്. സഭ ഒരേ സമയം കാതോലികവും(Catholic) എന്നാൽ നവീകരിക്കപ്പെട്ടതുമാണ് (Reformed) എന്നതായിരുന്നു പ്രധാന ഒത്തുതീർപ്പു പ്രഖ്യാപനം:[4]
17-ആം നൂറ്റാണ്ടിൽ ഉടലെടുത്ത രാഷ്ട്രീയവും മതപരവുമായ തർക്കങ്ങൾ പ്യൂരിറ്റൻ, പ്രെസ്ബിറ്റേറിയൻ തുടങ്ങിയ വിഭാഗങ്ങൾ ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയന്ത്രണം ഏറ്റെടുക്കാവാൻ കാരണമായെങ്കിലും ഇവ പുന:സ്ഥാപന(Restortion) കാലത്ത് അവസാനിപ്പിക്കുവാൻ സാധിച്ചു. സമകാലിക സഭയിലും പഴയകാല വിഭാഗീയതകളെ അനുസ്മരിപ്പിക്കും വിധം ആംഗ്ലോ-കാത്തലിക്, ഇവാൻജലിക്കൽ എന്നിങ്ങനെ അറിയപ്പെടുന്ന ഉൾപ്പിരിവുകൾ നിലനിൽക്കുന്നുണ്ട്. ആധുനിക കാലത്ത് ഈ സഭയിലെ യാഥാസ്ഥിതിക ദൈവശാസ്ത്രജ്ഞരും പുരോഗമനവാദികളും തമ്മിൽ വനിതാ പൗരോഹിത്യം, സ്വവർഗ്ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിൽ തികഞ്ഞ ആശയവ്യത്യാസങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. 1994 മുതൽ സ്ത്രീകൾക്കും ചർച്ച് ഓഫ് ഇംഗ്ലണ്ട് പൗരോഹിത്യം നൽകി വരുന്നു. സ്ത്രീകളെ ബിഷപ്പുമാരായി വാഴിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സജീവമായി പുരോഗമിക്കുന്നുമുണ്ട്.
ഇടവകകളും, പല ഇടവകകൾ ചേർന്ന ബിഷപ്പ് അധ്യക്ഷനായുള്ള മഹായിടവകകളും (dioceses) ചേർന്നതാണ് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ഭരണസംവിധാനം. കാന്റർബറി ആർച്ച്ബിഷപ്പാണ് സഭയുടെ ആത്മീയ മേലധ്യക്ഷൻ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആംഗ്ലിക്കൻ സഭകൾ ഇദ്ദേഹവുമായി കൂട്ടായ്മ പുലർത്തിവരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.