ഇന്ത്യയിലെ മുഗൾ വംശത്തിലെ രണ്ടാമത്തെ ചക്രവർത്തിയാണ് ഹുമയൂൺ (1508 മാർച്ച് 8 – 1556 ഫെബ്രുവരി 22), (ഭരണകാലം: 1530-40, 1555-56) ബാബറിന്റെ പുത്രൻ. ദില്ലി കീഴടക്കി മുഗൾ സാമ്രാജ്യം സ്ഥാപിക്കുന്നതിൽ ബാബറിനോടൊപ്പം തന്നെ ഹുമയൂൺ യുദ്ധത്തിൽ പങ്കെടുത്തു. പിതാവിന്റെ മരണശേഷം സിംഹാരോഹണം ചെയ്യുമ്പോൾ വെറും 23 വയസ്സേ ഹുമായൂണിനുണ്ടായിരുന്നുള്ളൂ. ഭാഗ്യവാൻ എന്നാണ് പേരിന്റെ അർത്ഥം എങ്കിലും അധികാരത്തിൽ വന്നതിനുശേഷം വളരെയധികം കഷ്ടതകൾ അനുഭവിക്കേണ്ടി വന്നു. ഇടയ്ക്ക് വച്ച് ഷേർഷാ ഭരണം പിടിച്ചെങ്കിലും പേർഷ്യക്കാരുടെ സഹായത്തോടെ വീണ്ടും ഭരണം പിടിച്ചെടുത്തു.
ജീവചരിത്രം
ബാബറിന് തന്റെ പ്രധാനഭാര്യ മാഹിം ബീഗത്തിലുണ്ടായ പുത്രനായിരുന്നു ഹുമയൂൺ. 1506-ൽ കാബൂളിൽ വച്ചാണ് ഹുമയൂൺ ജനിച്ചത്[1]. തുടക്കത്തിൽ ബാബറിന്റെ നിയന്ത്രണത്തിലായിരുന്ന ബദാഖ്ശാനിൽ ഹുമായൂൺ ആയിരുന്നു ഭരണം നടത്തിയിരുന്നത്. ഫൈസാബാദിൽ നിന്നാണ് ഇദ്ദേഹം ഭരണം നടത്തിയിരുന്നത്.[2]
പിതാവിനൊപ്പം ഇന്ത്യയിലേക്ക്
ബാബർ, ഉത്തരേന്ത്യ കീഴടക്കിയ പ്രധാനപ്പെട്ട യുദ്ധമായ പാനിപ്പത്ത് യുദ്ധത്തിൽ ഹുമയൂൺ നിർണ്ണായകപങ്കുവഹിച്ചിരുന്നു. ഈ സമയത്ത് ഹുമയൂണിന് 17 വയസു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.
ഇന്ത്യ പിടിച്ചടക്കിയതിനു ശേഷം, സമർഖണ്ഡ് പിടീച്ചടക്കുന്നതിനായി ബാബർ, ഹുമായൂണിനെ ബദാഖ്ശാനിലേക്ക് തിരിച്ചയച്ചെങ്കിലും ഈ നടപടി പരാജയത്തിൽ കലാശിച്ചു. ഹുമയൂൺ തന്റെ പിതാവിന്റെ മരണത്തിന് കുറച്ചുമാസങ്ങൾക്കുമുൻപ് ആഗ്രയിൽ തിരിച്ചെത്തി.[2]
പരാജയങ്ങളുടെ ആദ്യഘട്ടം
1530 ഡിസംബറിൽ, ഹുമയൂണിന്റെ 23-ആം വയസിൽ ബാബർ മരണമടഞ്ഞു. ബാബറിന്റെ മരണശേഷം, തന്റെ പിതാവിന്റെ ആഗ്രഹപ്രകാരം സാമ്രാജ്യത്തിന്റെ ഓരോ പ്രവിശ്യകൾ തന്റെ സഹോദരന്മാർക്ക് ഹുമായൂൺ വീതിച്ചു നൽകി[3]. കുറേക്കാലത്തോളം, തന്റെ പിതാവ് പിടിച്ചെടുത്ത പ്രദേശങ്ങൾ നിലനിർത്തുക എന്നതായിരുന്നു ഹുമയൂണിന്റേയും സഹോദരന്മാരുടേയും പ്രധാനകർത്തവ്യം. അഫ്ഘാനികൾക്കെതിരായുള്ള ഹുമായൂണിന്റെ നീക്കങ്ങൾക്ക് സഹോദരൻ മിർസാഖാന്റെ ഇടപെടലുകൾ മൂലം ശക്തിക്ഷയം സംഭവിച്ചു.
1537/38-ൽ ഇറാനിലെ സഫവികൾ കന്ദഹാർ ആക്രമിച്ചു കീഴടക്കി. എന്നാൽ ഉടൻ തന്നെ ഹുമയൂണീന് ഇത് തിരിച്ചുപിടിക്കാനായെങ്കിലും ഇന്ത്യയിലെ ഇദ്ദേഹത്തിന്റെ സ്ഥാനം, മേഖലയിൽ അപ്പോഴും ശക്തരായിരുന്ന പഴയ പഷ്തൂൺ നേതാക്കൾ വെല്ലുവിളിച്ചു[1].
1539-ൽ ചൗസയിൽ വച്ചും 40-ൽ കാനൂജിൽ വച്ചും ഷേർഷ ഹുമയൂണിനെ പരാജയപ്പെടുത്തി[3] ഇതിനെത്തുടർന്ന് ഹുമായൂൺ ദില്ലിവിട്ട് പലായനം ചെയ്തു. സിന്ധ്, ബലൂചിസ്താൻ വഴി 1543-ൽ കന്ദഹാറിലെത്തിയ ഹുമായൂണിനെ സ്വന്തം സഹോദരനും കന്ദഹാറിലെ ഭരണാധികാരിയുമായിരുന്ന അസ്കാരി മിർസ പോലും നഗരത്തിൽ പ്രവേശിക്കാനനുവദിച്ചില്ല.
തിരിച്ചുവരവ്
സഹോദരന്മാർ പോലും അഭയം തരാതിരുന്ന അവസരത്തിൽ, ഹുമയൂൺ, തങ്ങളുടെ ശത്രുക്കളായിരുന്ന ഇറാനിലെ സഫവി ഷാ താഹ്മാസ്പിനടുത്ത് അഭയം തേടി. താഹ്മാസ്പിന്റെ സഹായത്തോടെ ഹുമയൂൺ ഒരു സൈന്യം രൂപവത്കരിക്കുകയും 1545 സെപ്റ്റംബറിൽ തന്റെ സഹോദരൻ അസ്കാരിയിൽ നിന്നും കന്ദഹാർ പിടിച്ചെടൂക്കുകയും ചെയ്തു.
കന്ദഹാർ കൈപ്പിടീയിലാക്കുന്നതിന് സഫവികൾക്കും അതിയായ താല്പര്യമുണ്ടായിരുന്നു. എന്നാൽ ഹുമായൂൺ സമർത്ഥമായി ഇറാനികളെ ഇതിൽ നിന്നും അകറ്റി കന്ദഹാർ സ്വന്തം നിയന്ത്രണത്തിലാക്കി. 1546-ൽ തന്റെ മറ്റൊരു സഹോദരനായിരുന്ന കമ്രാന്റെ നിയന്ത്രണത്തിലായിരുന്ന കാബൂളും ഹുമായൂൺ കൈയടക്കി. ഈ വർഷം തണുപ്പുകാലത്ത് കമ്രാൻ അപ്രതീക്ഷിതനീക്കത്തിലൂടെ കാബൂൾ തിരിച്ചുപിടിച്ചെങ്കിലും 1547-ൽ ഹുമായൂൺ വീണ്ടും ഇവിടം സ്വന്തമാക്കി. ഇത്തരത്തിൽ ഒരിക്കൽക്കൂടി ആവർത്തിച്ചെങ്കിലും 1553-ൽ ഹുമയൂൺ, കമ്രാനെ തടവുകാരനായി പിടിക്കുകയും അയാളെ അന്ധനാക്കുകയും ചെയ്തു. 1555 ജൂലൈ മാസം ഹുമായൂൺ ദില്ലിയും തിരിച്ചു പിടിച്ചു.[1]
അന്ത്യം
എന്നാൽ ഈ യുദ്ധവിജയങ്ങൾ ആഘോഷിക്കാൻ തന്റെ പിതാവിനെപ്പോലെത്തന്നെ ഹുമായൂണിനും സാധിച്ചില്ല. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടിൽ നിന്നും കാൽ തെന്നിവീണ് പരിക്കേറ്റ ഹുമായൂൺ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരി 24ൽ മരണപ്പെട്ടു. ഇതിനു പിന്നാലെ ഹുമയൂണിന്റെ പുത്രൻ ജലാൽ അൽ ദീൻ മുഹമ്മദ് എന്ന അക്ബർ 13-ആം വയസിൽ അധികാരമേറ്റു[1].
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.