മലയാള സാഹിത്യകാരൻ From Wikipedia, the free encyclopedia
പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനാണ് സഞ്ജയൻ. സഞ്ജയൻ എന്നത് തൂലികാനാമമാണ്, യഥാർത്ഥ നാമം മാണിക്കോത്ത് രാമനുണ്ണി നായർ (എം. ആർ. നായർ) എന്നാണ്. (ജനനം: 1903 ജൂൺ 13 - മരണം: 1943 സെപ്റ്റംബർ 13). തലശ്ശേരിക്കടുത്ത് 1903 ജൂൺ 13-നു ജനിച്ചു.[1] തന്റെ കൃതികളിൽ സഞ്ജയൻ, പാറപ്പുറത്തു സഞ്ജയൻ, പി.എസ്. എന്നിങ്ങനെ പലപേരിലും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നുണ്ട്.
സഞ്ജയൻ | |
---|---|
തൊഴിൽ | സാഹിത്യകാരൻ |
ദേശീയത | ഭാരതീയൻ |
1903 ജൂൺ 13-ന് തലശ്ശേരിക്കടുത്ത് ഒതയോത്ത് തറവാട്ടിൽ മാടാവിൽ കുഞ്ഞിരാമൻ വൈദ്യരുടെയും പാറുവമ്മയുടെയും മകനായാണ് സഞ്ജയൻ ജനിച്ചത്. പിതാവ് തലശ്ശേരി ബാസൽ മിഷൻ ഹൈ സ്കൂളിൽ മലയാളം വിദ്വാനായിരുന്നു. കടത്തനാട്ടു രാജാവ് കല്പിച്ചുകൊടുത്ത സ്ഥാനപ്പേരായിരുന്നു വൈദ്യർ എന്നത്. കവിയും ഫലിതമർമ്മജ്ഞനും സംഭാഷണചതുരനുമായിരുന്ന കുഞ്ഞിരാമൻവൈദ്യർ നാല്പത്തിരണ്ടാം വയസ്സിൽ മരിച്ചുപോയി. അച്ഛന്റെ കാലശേഷം രാവുണ്ണിയും സഹോദരങ്ങൾളുംമാടാവ് വിട്ട് ഒതയോത്തേക്കു മടങ്ങി.
വൈദ്യരുടെ രണ്ടാമത്തെ പുത്രനായിരുന്നു രാമുണ്ണി. രണ്ടു വയസ്സിനു മൂപ്പുള്ള, മൂത്തമകൻ കരുണാകരൻനായർ റവന്യൂ വകുപ്പിൽ തഹസീൽദാരായിരുന്നു. നല്ല കവിതാവാസനയുണ്ടായിരുന്ന കരുണാകരൻ നായർ രാമുണ്ണിനായർ മരിക്കുന്നതിനു് ഒന്നര വർഷം മുമ്പേ മരിച്ചുപോയി.
എം.ആറിന്റെ ഇളയ സഹോദരിയായിരുന്നു പാർവ്വതി എന്ന പാറുക്കുട്ടി. എം. ആറിനു വളരെയധികം വാത്സല്യമുണ്ടായിരുന്ന അനുജത്തിയെ പി. കുട്ടി എന്നായിരുന്നു അദ്ദേഹം വിളിച്ചിരുന്നതു്. കോഴിക്കോട്ടു സാമൂതിരി ഹൈ സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന പി. കുഞ്ഞിരാമൻനായരായിരുന്നു പാറുക്കുട്ടിയുടെ ഭർത്താവു്.
വൈദ്യരുടെ അകാലചരമത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞപ്പോൾ, വേണ്ടപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി സഞ്ജയന്റെ അമ്മ പിണറായി പുതിയ വീട്ടിൽ ഡോ. ശങ്കരൻ നായരെ പുനർവിവാഹം ചെയ്തു. ഇങ്ങനെ കുഞ്ഞിശങ്കരൻ, ബാലകൃഷ്ണൻ, ശ്രീധരൻ എനീ പേരുകളിൽ മൂന്നു് അനുജന്മാരെക്കൂടി രാമുണ്ണിയ്ക്ക് ലഭിച്ചു.
തലശ്ശേരി ബ്രാഞ്ച് സ്കൂൾ, തലശ്ശേരി ബ്രണ്ണൻ കോളേജ്, പാലക്കാട് വിക്ടോറിയാ കോളേജ്, ചെന്നൈ ക്രിസ്ത്യൻ കോളേജ്, തിരുവനന്തപുരം ലോ കോളേജ് എന്നവിടങ്ങളിലാണ് പഠിച്ചത്. 1919-ൽ പാലക്കാട് വിക്ടോറിയാ കോളേജിൽ അദ്ദേഹം ഇന്റർമീഡിയറ്റിനു ചേർന്നു.
1927-ൽ ലിറ്ററേച്ചർ ഓണേഴ്സ് ജയിച്ച സഞ്ജയൻ 1936-ലാണ് പ്രശസ്തമായ "സഞ്ജയൻ" എന്ന ഹാസ്യസാഹിത്യമാസിക ആരംഭിക്കുന്നത്[2]. 1938 മുതൽ 1942 വരെ മലബാർ ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായിരുന്ന കാലത്താണ് വിശ്വരൂപം എന്ന ഹാസ്യസാഹിത്യമാസിക പ്രസിദ്ധീകരിക്കുന്നത്. 1935 മുതൽ 1942 വരെ കോഴിക്കോട് കേരളപത്രികയുടെ പത്രാധിപനായിരുന്ന സഞ്ജയന്റെ പ്രധാനകൃതികൾ സാഹിത്യനികഷം (രണ്ട് ഭാഗങ്ങൾ), സഞ്ജയൻ (ആറ് ഭാഗങ്ങൾ), ഹാസ്യാഞ്ജലി, ഒഥല്ലോ (വിവർത്തനം) തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ സഞ്ജയോപഖ്യാനമെന്ന കവിതയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർക്കു ശേഷമുള്ള മലയാളത്തിലെ വലിയ ഹാസ്യസാമ്രാട്ടായിട്ടാണ് സഞ്ജയൻ അറിയപ്പെടുന്നത്. കവി, പത്രപ്രവർത്തകൻ, നിരൂപകൻ, തത്ത്വചിന്തകൻ, ഹാസ്യപ്രതിഭ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. പരിഹാസപ്പുതുപനിനീർച്ചെടിക്കെടോ ചിരിയത്രേ പുഷ്പം,ശകാരം മുള്ളു താൻ എന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം.
1943 സെപ്റ്റംബർ 13-ന് കുടുംബസഹജമായിരുന്ന ക്ഷയരോഗം മൂർച്ഛിച്ച് സഞ്ജയൻ അന്തരിച്ചു. 40 വയസ്സേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.