From Wikipedia, the free encyclopedia
ലൈംഗിക സമ്പർക്കം പണത്തിനു പകരമായി നൽകുന്നവരാണ് ലൈംഗിക തൊഴിലാളി എന്നറിയപ്പെടുന്നത്. ആംഗലേയത്തിൽ 'സെക്സ് വർക്കർ' എന്നറിയപ്പെടുന്നു (English:Sex Worker). ആൺ-പെണ്-ട്രാൻസ്ജെന്ഡറുകളും ലൈംഗിക തൊഴിലിൽ ഏർപ്പെടാറുണ്ട്. പൊതുവേ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന ആളുകളാണ് ഇക്കൂട്ടരെ സമീപിക്കാറുള്ളത്. ചരിത്രത്തിലെ ഏറ്റവും പുരാതനമായ തൊഴിൽ എന്ന് ലൈംഗികത്തൊഴിൽ അഥവാ ‘സെക്സ് വർക്ക് (Sex Work)‘ അറിയപ്പെടുന്നു. ലോകത്ത് എല്ലായിടത്തും ലൈംഗികത്തൊഴിലാളികളെ കാണാം[1]. ഒരു പുരുഷനുമായി മാത്രം ലൈംഗികാസ്വാദനം നടത്തുകയും മറ്റുള്ളവരെ ആശ്രയിക്കാതിരിക്കുകയും ചെയ്യുന്ന സ്ത്രീകളെ വെപ്പാട്ടി എന്നാണ് വിളിച്ചിരുന്നത്. അതും ലൈംഗികത്തൊഴിലാളിയുടേതുപോലുള്ള പ്രവർത്തനം ആണെങ്കിലും തൊഴിൽ എന്നു വിളിക്കാനാവില്ല. പൊതുവേ സമൂഹത്തിൽ പ്രബലരായ പുരുഷന്മാരാവും ഇത്തരം ബന്ധങ്ങൾ സ്ഥാപിച്ചു കാണപ്പെടുന്നത്[2].
ലോകത്തിലെ പല സ്ഥലങ്ങളിലും ലൈംഗിക തൊഴിലാളികളുടെ സ്വാഭിമാന ഘോഷയാത്ര നടക്കുന്നതായി കാണാറുണ്ട്. പല രാജ്യങ്ങളിലും ലൈംഗികതൊഴിൽ നിയമം മൂലം വിലക്കിയിട്ടുണ്ടെങ്കിലും അനേകം രാജ്യങ്ങളിൽ ഇത് നിയമപരമായി അനുവദിനീയമാണ്. ലൈംഗികദാരിദ്ര്യം മൂലം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങളും, മനുഷ്യാവകാശങ്ങളും, ലൈംഗികനീതിയും, ആരോഗ്യസംരക്ഷണവും, വിനോദസഞ്ചാരവും ഒക്കെ പരിഗണിച്ചാണ് ഇത്തരം നിയമങ്ങൾ അവിടങ്ങളിൽ നടപ്പിലാക്കിയിട്ടുള്ളത്. തായ്ലൻഡ്, ഫിലിപ്പിൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ലൈംഗികതൊഴിൽ വിദേശനാണ്യം നേടുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. സെക്സ് ടൂറിസം അല്ലെങ്കിൽ റൊമാന്റിക് ടൂറിസം വളർന്ന രാജ്യങ്ങളും ധാരാളം[3][4]. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എയ്ഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത് ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്[5].
പുല്ലിംഗം ഇല്ലാത്ത പദങ്ങളിൽ ഒന്നാണ് "വേശ്യ. ഇംഗ്ലീഷിൽ പ്രൊസ്റ്റിട്യൂട്ട് (Prostitute)". വേശ്യ എന്നത് ഏകപക്ഷീയമായി സ്ത്രീകളെ അപമാനിക്കാൻ വേണ്ടിയുള്ള ഒരു നീച വാക്കായി ആണ് ഉപയോഗിച്ചിരുന്നത്. "ലൈംഗികത്തൊഴിലാളി" എന്ന പദമാണ് ഇന്ന് സാർവത്രികമായി ഉപയോഗിച്ചു വരുന്നത്[6]. "ജിഗ്ളോ (Gigolo)" എന്ന ഇംഗ്ലീഷ് വാക്ക് പുരുഷ ലൈംഗിക തൊഴിലാളിയെ ഉദ്ദേശിച്ചുള്ളതാണ്[7] ധാരാളം പുരുഷന്മാരും ഈ തൊഴിലിൽ ഏർപ്പെടുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. ലൈംഗികാസ്വാദനം ആഗ്രഹിക്കുന്ന സ്ത്രീകളും സ്വവര്ഗാനുരാഗികളും ഇവരെ സമീപിക്കാറുണ്ട്[8].
തല കൊണ്ട് ജോലി ചെയ്യുന്ന ഒരു ശാസ്ത്രജ്ഞനും, വാ കൊണ്ട് പഠിപ്പിക്കുന്ന ഒരു അധ്യാപകനും, കായികമായി അദ്വാനിക്കുന്ന ഒരു കൃഷിക്കാരനെയും പോലെ ശരീരം കൊണ്ട് ജോലി ചെയ്യുന്നവർ തന്നെയാണ് ലൈംഗിക തൊഴിലാളികൾ (നളിനി ജമീലയുടെ "ഒരു ലൈഗീക തൊഴിലാളിയുടെ ആത്മ കഥ "). എന്നാൽ ഒരു കപട സദാചാര സമൂഹത്തിൽ പ്രസ്തുത തൊഴിലിനു വേണ്ടത്ര അംഗീകാരം കിട്ടാതെ പോകുന്നു. പുരുഷൻ പലപ്പോഴും അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഒരു വലിയ കാര്യമായി കരുതുകയും അതേ സമയം ലൈംഗിക തൊഴിലാളിയായ സ്ത്രീയെ ഒരു തെറ്റുകാരിയായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണത യാഥാസ്ഥികമോ പുരുഷാധിപത്യപരമോ ആയ സമൂഹങ്ങളിൽ കാണാറുണ്ട്. ലൈംഗികത്തൊഴിലാളികൾ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്ന് നളിനീ ജമീല ചൂണ്ടിക്കാട്ടുന്നു[9].
അവിവാഹിതർ അഥവാ ലൈംഗിക പങ്കാളി ഇല്ലാത്തവർ, വിഭാര്യർ, വിധവകൾ, വിവാഹം കഴിക്കാൻ സാഹചര്യം ഇല്ലാത്തവർ, ലൈംഗികജീവിതം നിഷേധിക്കപെട്ടവർ, ലൈംഗിക സംതൃപ്തി ലഭിക്കാത്തവർ, അമിത ലൈംഗികതാല്പര്യം ഉള്ളവർ, ദാമ്പത്യത്തിൽ വിരസത അനുഭവപ്പെടുന്നവർ, ലൈംഗിക ജീവിതത്തിൽ വ്യത്യസ്തത ആഗ്രഹിക്കുന്നവർ, കൗതുകം കൂടുതലുള്ള ചില കൗമാര പ്രായക്കാർ, വൃദ്ധർ, ഭിന്നശേഷിയുള്ളവർ തുടങ്ങി സമൂഹത്തിന്റെ വിവിധ ശ്രേണികളിലുള്ളവർ വരെ ലൈംഗികത്തൊഴിലാളികളെ സമീപിക്കാറുണ്ട് എന്ന് വിലയിരുത്തപ്പെടുന്നു. ജനതികപരമായി ബഹുപങ്കാളികളെ തേടുന്ന മനുഷ്യർ തങ്ങളുടെ ലൈംഗിക സംതൃപ്തിക്കായി ലൈംഗികത്തൊഴിലാളികളെ തേടിപ്പോകാൻ സാധ്യതയുണ്ട്. എന്നിരുന്നാലും വിവാഹേതര ലൈംഗികബന്ധം പാപമായി കാണുന്ന സമൂഹങ്ങളിൽ ലൈംഗികത്തൊഴിലാളികൾക്ക് പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അതിനാൽ അത്തരം സമൂഹങ്ങളിൽ രഹസ്യസ്വഭാവത്തോടെയാവും ഇത് നടക്കാറുണ്ടാവുക[10].
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി/എയ്ഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റെറ്റിസ് ബി തുടങ്ങിയ എസ്ടിഡി രോഗങ്ങളുടെ ഭീഷണി നേരിടുന്നവരിൽ ഭൂരിപക്ഷവും ലൈംഗിക തൊഴിലാളികളാണ്. അതിനാൽ പല രാജ്യങ്ങളിലും ഗർഭനിരോധന ഉറകളും ഹെൽത്ത് ചെക്കപ്പും ലൈംഗികത്തൊഴിലാളികൾക്ക് സർക്കാർ ലഭ്യമാക്കാറുണ്ട്. എയ്ഡ്സ് പോലെയുള്ള രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനത്തിന് ലൈംഗിക തൊഴിലാളികൾ പ്രധാനപെട്ട പങ്കു വഹിക്കാറുണ്ട്. ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ ഇടപാടുകാരെ പ്രേരിപ്പിക്കാനും ഇവർക്ക് സാധിക്കാറുണ്ട്. ഇന്ത്യയിൽ സുരക്ഷാ ക്ലിനിക് എന്ന പേരിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ എയ്ഡ്സ് കണ്ട്രോൾ ഓർഗണൈസേഷൻ (NACO) എച്ഐവി ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ നിയന്ത്രിക്കാൻ പ്രത്യേക ആരോഗ്യപദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ലൈംഗിക തൊഴിലാളികൾ ഇതിന്റെ ഭാഗമായി നല്ല പ്രവർത്തനം കാഴ്ചവച്ചു വരുന്നുണ്ട്. എയ്ഡ്സ്, എസ്ടിടി ബോധവൽക്കരണം, ഗർഭനിരോധന ഉറ ഉപയോഗം, രോഗ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇവരുടെ സേവനം ആരോഗ്യവകുപ്പ് ഉപയോഗപ്പെടുത്തി വരുന്നു. അതിനുവേണ്ടി പ്രത്യേക സംവിധാനം തന്നെ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. ധാരാളം സ്വകാര്യ ഏജൻസികളും ഇത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. കേരളത്തിലും സുരക്ഷാ പദ്ധതി വിജയകരമായി നടന്നു വരുന്നു. [11][12][13][14][15][16].
പ്രാചീന ഭാരതത്തിൽ ലൈംഗിക തൊഴിൽ ഒരു പുണ്യ കർമ്മമായി അനുവർത്തിച്ചു വന്നിരുന്നു. ദേവദാസികൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് നിലയിൽ വന്ന വിക്ടോറിയൻ സദാചാരത്തിന്റെ തീവ്രതയിൽ ഇന്ത്യയിൽ ലൈംഗിക സ്വാതന്ത്ര്യം കുറഞ്ഞു വന്നു [17]. കൽക്കട്ട, മുംബൈ തുടങ്ങിയ മഹാനഗരങ്ങളിൽ ലൈംഗിക തൊഴിലാളികൾ താമസമാക്കിയ നിരവധി തെരുവുകൾ കാണാൻ സാധിക്കും. അതിനാൽ ഈ നഗരങ്ങളിൽ ലൈംഗിക അതിക്രമങ്ങൾ താരതമ്യേനെ കുറവാണ് എന്ന് ചിലർ അഭിപ്രായപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STDs) തടയാനും ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടിയും ആരോഗ്യവകുപ്പും സന്നദ്ധ സംഘടനകളും ഇവിടങ്ങളിൽ പ്രവർത്തിച്ചു വരുന്നുണ്ട്[18].
ലൈംഗികത്തൊഴിൽ ഇന്ത്യയിൽ നിയമപരമായി അംഗീകാരമുള്ളതാണ്. ഇത് സംബന്ധിച്ച് നിർണായക ഉത്തരവ് പരമോന്നത കോടതിയായ സുപ്രീം കോടതി മെയ് 2022 ൽ പുറപ്പെടുവിച്ചു. ലൈംഗികത്തോഴിൽ ഒരു തൊഴിലാണെന്നും (പ്രൊഫഷൻ) ലൈംഗികത്തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യപരിരക്ഷയ്ക്കും അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളികളെ ശല്യപ്പെടുത്താൻ പാടില്ലെന്നും അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കാൻ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രായപൂർത്തിയായതും, സ്വമേധയാ ലൈംഗിക തൊഴിൽ ചെയ്യുന്നവർക്കുമാണ് ഈ നിയമം ബാധകമാവുക. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങൾക്കായി ആറ് നിർദേശങ്ങളും കോടതി പുറപ്പെടുവിച്ചു. ലൈംഗികത്തൊഴിലാളികൾക്കും നിയമത്തിന്റെ തുല്യ സംരക്ഷണത്തിനുള്ള അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രായത്തിന്റെയും സമ്മതത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ കേസുകളിലും ക്രിമിനൽ നിയമം ഒരുപോലെ ബാധകമാകണം. ലൈംഗികത്തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെന്നും വ്യക്തമായാൽ അതിൽ ഇടപെടുന്നതിൽ നിന്നോ ക്രിമിനൽ നടപടിയെടുക്കുന്നതിൽ നിന്നോ പൊലീസ് വിട്ടുനിൽക്കണം.
തൊഴിൽ എന്തുതന്നെയായാലും, ഈ രാജ്യത്തുള്ള ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരമുള്ള മാന്യമായ ജീവിതത്തിന് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ലൈംഗിക തൊഴിലാളിയെ അറസ്റ്റ് ചെയ്യുകയോ, കുറ്റം സ്ഥാപിക്കുകയോ, ശല്യം ചെയ്യുകയോ, റെയിഡിലേ ഇരയാക്കിയോ മറ്റോ ചിത്രീകരിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, ലൈംഗിക തൊഴിൽ കേന്ദ്രങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
ലൈംഗിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു എന്നതിന്റെ പേരിൽ സ്വന്തം കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്താൻ പാടില്ലെന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കുന്നു. മനുഷ്യന്റെ മാന്യതയുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ബാധകമാണെന്നും സുപ്രീം കോടതി നിർദ്ദേശിക്കുന്നു. അതേസമയം, പ്രായപൂർത്തിയാകാത്ത ഒരാൾ വേശ്യാലയത്തിൽ താമസിക്കുന്നതായോ ലൈംഗിക തൊഴിലാളിയുടെ ഒപ്പം താമസിക്കുന്നതായോ കണ്ടെത്തിയാൽ അത് കടത്തപ്പെട്ട കുട്ടിയാണെന്ന് വിധിയെഴുതാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. പരാതി നൽകുവാൻ എത്തുന്ന ലൈംഗിക തൊഴിലാളിയോട് വിവേചനപൂർവം പെരുമാറരുതെന്നും കോടതി നിർദ്ദേശിക്കുന്നു. അതിന്പുറമെ, ലൈംഗികാതിക്രമത്തിന് ഇരയായ ലൈംഗികത്തൊഴിലാളികൾക്ക് ഉടനടി വൈദ്യ-നിയമസഹായം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും നൽകണമെന്നും കോടതി ഉത്തരവിൽ നിർദ്ദേശിക്കുന്നു[19][20][21][22].
നിയമപരമായി 1956ൽ നടപ്പാക്കിയ ഇമ്മോറൽ ട്രാഫിക്ക് സപ്രഷൻ ആക്ട് വഴി വേശ്യാവൃത്തി ഇന്ത്യയിൽ നിയന്ത്രിച്ചിട്ടുണ്ട്. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് തന്റെ ശരീരത്തെ സ്വകാര്യ, വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാം. പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് പ്രായപൂർത്തിയായ മറ്റൊരു വ്യക്തിയുമായി ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിലേർപ്പെടാൻ ഇന്ത്യയിൽ അവകാശമുണ്ട്. എന്നാൽ വേശ്യാലയം നടത്തുക, മറ്റുള്ളവരെ വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുക അഥവാ നിർബന്ധിക്കുക, ഇടനിലക്കാരനായി പ്രവർത്തിക്കുക, പെൺവാണിഭം നടത്തുക എന്നിവ കുറ്റകരമാണ്. ഇടപാടുകാരെയും ശിക്ഷിക്കാൻ വ്യവസ്ഥയുണ്ട്.
ഇന്ത്യയിലെ ഒരു നിയമപ്രകാരവും ലൈംഗികത്തൊഴിൽ കുറ്റകരമല്ല, പ്രായപൂർത്തിയായവർക്ക് അവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് താമസിക്കാനും, സഞ്ചരിക്കാനും, ഇഷ്ടമുള്ള ജോലി ചെയ്യാനും ഭരണഘടന അധികാരം നൽകുന്നുണ്ട്. ലൈംഗികത്തൊഴിൽ ആരോപിച്ച് തടങ്കലിൽ വെച്ച സ്ത്രീകളെ മോചിപ്പിക്കാൻ ഉത്തരവിട്ട് സെപ്റ്റംബർ 2020-തിൽ മുംബൈ ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കി.
വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെടാതെ രാജ്യത്തെ ലൈംഗിക തൊഴിലാളികൾക്ക് കൊറോണ സമയത്ത് ആവശ്യമായ റേഷനും, സൗകര്യങ്ങളും ഉടൻ നൽകണമെന്ന് ഉത്തരവിട്ട സുപ്രീംകോടതി വിധിയും മുംബൈ ഹൈക്കോടതി ചൂണ്ടിക്കാണിച്ചു[23][24].
എയർലൈൻ, ടാക്സി, റസ്റ്റോറന്റ്, ഹോട്ടൽ വ്യവസായങ്ങൾ തുടങ്ങിയ സേവന വ്യവസായങ്ങൾക്ക് നേരിട്ട് പ്രയോജനം നൽകുന്ന ഒരു മൾട്ടി-ബില്യൺ ഡോളർ വ്യവസായമായാണ് സെക്സ് ആൻഡ് റൊമാന്റിക് ടൂറിസം അറിയപ്പെടുന്നത്. ഏഷ്യൻ രാജ്യങ്ങളായ തായ്ലാന്റ് (പ്രധാനമായും ബാങ്കോക്ക്, പട്ടായ, ഭുക്കറ്റ് തുടങ്ങിയവ), ഫിലിപ്പീൻസ് (പ്രധാനമായും മനില, ബൊറാകേ, ഒലൊംഗാപ്പോ സിറ്റി, എയ്ഞ്ചൽസ് സിറ്റി എന്നിവ), വിയറ്റ്നാം, കംബോഡിയ, നേപ്പാൾ കൂടാതെ മധ്യ- തെക്കൻ അമേരിക്കൻ രാജ്യങ്ങളായ മെക്സിക്കോ, ബ്രസീൽ തുടങ്ങിയവ ലോകത്തിൽ സെക്സ് അല്ലെങ്കിൽ റൊമാന്റിക് ടൂറിസത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളാണ്. യൂറോപ്പിൽ നെതർലന്റ്സ് (പ്രത്യേകിച്ച് ആംസ്റ്റർഡാം), സ്പെയിൻ,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ ഇക്കാര്യത്തിൽ മുൻപിലാണ്. കൊളംബിയ, ക്യൂബ, ഇന്തോനേഷ്യ (പ്രത്യേകിച്ച് ബാലി), കെനിയ, ഡൊമിനിക്കൻ റിപ്പബ്ലിക്, മലേഷ്യ (പെനാങ്ക്, ക്വാല ലമ്പുർ, ഇപോഹ് തുടങ്ങിയവ), ഉൾപ്പെടെ നിരവധി രാജ്യങ്ങൾ സെക്സ് ടൂറിസത്തിന്റെ ജനപ്രിയ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ലൈസൻസ് ഉള്ള ലൈംഗികത്തൊഴിലാളികൾ പല രാജ്യങ്ങളിലും കാണപ്പെടുന്നു. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ തടയാൻ പുരുഷന്മാർക്കുള്ള ഗർഭനിരോധന ഉറ അഥവാ കോണ്ടം, സ്ത്രീകൾക്കുള്ള കോണ്ടം അഥവാ ആന്തരിക കോണ്ടം, റബ്ബർ ദന്തമൂടികൾ തുടങ്ങിയ സുരക്ഷാമാർഗങ്ങളും ഇവിടങ്ങളിൽ സർക്കാർ ആരോഗ്യ വകുപ്പ് മുഖേന നൽകി വരുന്നുണ്ട്. ലൈംഗികത്തൊഴിൽ നിയമപരമാക്കിയ രാജ്യങ്ങളിൽ ലൈംഗികദാരിദ്ര്യം അനുഭവിക്കുന്ന സമൂഹങ്ങളിൽ നിന്ന് ധാരാളം വിനോദ സഞ്ചാരികൾ എത്താറുണ്ട്. ഇതുവഴി വലിയ വരുമാനമാണ് ഈ രാജ്യങ്ങൾക്ക് ലഭിക്കുന്നത്. സെക്സ് ടൂറിസം ഇത്തരം രാജ്യങ്ങളിൽ വികസിച്ചിട്ടുണ്ട്. ന്യൂസിലാൻഡ്, ഓസ്ട്രേലിയ, ബെൽജിയം, ഡെൻമാർക്ക്, ഇക്വഡോർ, ജർമ്മനി, ഗ്രീസ്, ഇന്തോനേഷ്യ, നെതർലൻഡ്സ്, കാനഡ, ഫ്രാൻസ്, ബംഗ്ലാദേശ് തുടങ്ങിയ ധാരാളം രാജ്യങ്ങളിൽ ലൈംഗിക തൊഴിൽ നിയമപരമായി അനുവദിനീയമാണ്. ചില രാജ്യങ്ങളിൽ ഇവർക്ക് കൃത്യമായ ആരോഗ്യപരിരക്ഷയും പെൻഷനും ലഭ്യമാണ്. അത്തരം രാജ്യങ്ങളിൽ ഇതൊരു സാധാരണ തൊഴിൽ കൂടിയായി കണക്കാക്കപ്പെടുന്നു. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ലൈംഗികത്തൊഴിൽ അനുവദിക്കുമ്പോഴും ഇടനിലക്കാരായി പ്രവർത്തിക്കുക അഥവാ പിമ്പിങ് ഒരു കുറ്റകൃത്യമായി നിലനിർത്തിയിട്ടുണ്ട്[25][26][27].
RED LIGHT DISTRICT എന്നതിനു സമാനമായ മലയാള പദം. ലൈംഗികത്തൊഴിൽ ചെയ്യുന്ന സ്ത്രീകൾ തിങ്ങിപ്പാർക്കുന്ന വലിയ തെരുവ് ആണിത്. ഇവ വൻനഗരങ്ങളോടു ചേർന്നുള്ള ഇവ പൊതുവെ ചേരി പ്രദേശങ്ങളായിരിക്കും[28]. ഭാരതത്തിൽ സോണാഗച്ചി, കാമാത്തിപുര തുടങിയവ ഉദാഹരണങ്ങളാണ്.ദില്ലി, ഗ്വാളിയോറ്, സൂറത്ത് എന്നീ നഗരങ്ങളിലും ചുവന്ന തെരുവുകളുണ്ട്[29].
ജൂൺ 2 അന്താരാഷ്ട ലൈംഗിക തൊഴിലാളി ദിനമായി ആചരിക്കുന്നു. ലൈംഗിക തൊഴിലാളികളെ ആദരിക്കാനും, അവരുടെ അവകാശങ്ങൾക്ക് വേണ്ടിയും, ദുരിതപൂർണമായ ഇവരുടെ തൊഴിൽ സാഹചര്യങ്ങളെ മെച്ചപ്പെടുത്തുവാൻ വേണ്ടിയുള്ള ബോധവൽക്കരണം നടത്തുവാനും ഇതുമായി ബന്ധപെട്ടു പ്രവർത്തനങ്ങൾ നടന്നു വരുന്നു[30].[31]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.