വി.ഡി. സാവർക്കർ
ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ(pronunciationⓘ). 1922-ൽ രത്നഗിരിയിൽ തടവിലാക്കപ്പെട്ട സമയത്താണ് സവർക്കർ ഹിന്ദുത്വയുടെ ഹിന്ദു ദേശീയ രാഷ്ട്രീയ പ്രത്യയശാസ്ത്രം വികസിപ്പിച്ചെടുത്തത്[1][2]. അദ്ദേഹം ഹിന്ദു മഹാസഭയിലെ പ്രമുഖനായിരുന്നു[3]. തന്റെ ആത്മകഥ എഴുതിയത് മുതൽ "ധീരൻ" എന്നർത്ഥമുള്ള വീർ എന്ന വിശേഷണം അദ്ദേഹം സ്വയം ഉപയോഗിക്കാൻ തുടങ്ങി[4][5]. സവർക്കർ ഹിന്ദു മഹാസഭയിൽ ചേരുകയും ഭാരതത്തിന്റെ (ഇന്ത്യ) സത്തയായി ഒരു "ഹിന്ദു" സ്വത്വം സൃഷ്ടിക്കുന്നതിനായി ചന്ദ്രനാഥ് ബസു മുമ്പ് സൃഷ്ടിച്ച[6] ഹിന്ദുത്വ (ഹിന്ദുത്വം) എന്ന പദം ജനകീയമാക്കുകയും ചെയ്തു[7]. സവർക്കർ ഒരു നിരീശ്വരവാദിയായിരുന്നു[8] എങ്കിലും ഹിന്ദു തത്ത്വചിന്തയുടെ പ്രായോഗിക പരിശീലകനായിരുന്നു.
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
വിനായക് ദാമോദർ സാവർക്കർ | |
---|---|
ജനനം | (1883-05-28)28 മേയ് 1883 |
മരണം | 26 ഫെബ്രുവരി 1966(1966-02-26) (പ്രായം 82) |
മരണ കാരണം | നിരാഹാരം |
ദേശീയത | ഇന്ത്യ |
കലാലയം | മുംബൈ സർവ്വകലാശാല ഗ്രേസ് ഇൻ |
അറിയപ്പെടുന്നത് | ഹിന്ദുത്വം, ഹിന്ദു ദേശീയത |
രാഷ്ട്രീയ കക്ഷി | ഹിന്ദു മഹാസഭ |
ജീവിതപങ്കാളി(കൾ) | യമുനാഭായി
(m. 1902; died 1963) |
കുട്ടികൾ | 3 |
ബന്ധുക്കൾ | ഗണേഷ് ദാമോദർ സവർക്കർ (സഹോദരൻ) |
ഹൈന്ദവ സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ തുറന്നെതിർത്ത അദ്ദേഹം ഹിന്ദുമതത്തിൽ നിന്ന് മറ്റു മതങ്ങളിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരെ തിരിച്ച് ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനും മനുസ്മൃതിയിൽ അധിഷ്ഠിതമായ ഒരു ഹിന്ദു രാഷ്ട്രത്തിനും ആഹ്വാനം ചെയ്തു[1][2]. സവർക്കർ ഹിന്ദുത്വം എന്ന വാക്കിനെ ഒരു സംയുക്തമായ ഹിന്ദു മേൽവിലാസമായിക്കണ്ട് ഇതിനെ ഒരു "സങ്കല്പിത രാഷ്ട്രമായി" വിഭാവനം ചെയ്തു. ഇദ്ദേഹത്തിന്റെ രാഷ്ട്രീയ തത്ത്വചിന്തയിൽ പ്രയോജനവാദം, യുക്തിവാദം, പോസിറ്റിവിസം, മാനവികത, സാർവത്രികത്വം, പ്രായോഗികതാവാദം, യാഥാർത്ഥ്യം എന്നീ ഘടകങ്ങൾ അടങ്ങിയിരുന്നു.[9] സവർക്കറുടെ ഇത്തരം നിലപാടുകൾ, രാജ്യത്തിന്റെ ഐക്യം മുന്നോട്ടുവച്ചായിരുന്നുവെങ്കിലും[അവലംബം ആവശ്യമാണ്] ഇന്ത്യൻ ദേശീയതയിൽ മറ്റു മതങ്ങളെ അദ്ദേഹം ഒഴിവാക്കി.[10] ഹിന്ദു സാംസ്കാരികതയെ ദേശീയതയായി മാറ്റാൻ ശ്രമിച്ചു എന്ന നിലയിലാണ് പൊതുവെ അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്. കടുത്ത വർഗ്ഗീയവാദി എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു.[11][12][13] അവിഭക്ത ഇന്ത്യയിൽ ദ്വിരാഷ്ട്ര സിദ്ധാന്തം മുന്നോട്ട് വെച്ചത് സവർക്കറായിരുന്നു. പിന്നീട് മുഹമ്മദാലി ജിന്ന പാകിസ്താൻ വാദം ഉന്നയിച്ചപ്പോൾ ഹിന്ദുവും മുസ്ലിമും വ്യത്യസ്ത ദേശീയതകളാണെന്നും[14], ജിന്നയുടെ വാദം അംഗീകരിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം എഴുതി[15][16][17][18].
ഇന്ത്യയിലും ഇംഗ്ലണ്ടിലുമായി വിദ്യാഭ്യാസം നടത്തുന്ന കാലത്താണ് വി.ഡി. സാവർക്കർ ഹിന്ദുത്വവിപ്ലവത്തിന്റേതായ പാത സ്വീകരിക്കുന്നത്. ഇക്കാലഘട്ടത്തിൽ അദ്ദേഹം, അഭിനവ് ഭാരത് സൊസൈറ്റി, ഫ്രീ ഇന്ത്യ സൊസൈറ്റി എന്നീ രണ്ടു സംഘടനകൾ സ്ഥാപിച്ചു.[19][20] ഇന്ത്യാ ഹൌസ് എന്ന വിപ്ലവപാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ 1911 ൽ അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. നാസിക് കളക്ടറായിരുന്ന ജാക്സനെ വിധിക്കാൻ ശ്രമിച്ചതിനും, ബ്രിട്ടീഷ് രാജകുടുംബത്തിനെതിരേ ഗൂഢാലോചനനടത്തിയതിനു 50 കൊല്ലത്തെ തടവു ശിക്ഷക്കു വിധിക്കപ്പെടുകയും ശിക്ഷ അനുഭവിക്കാൻ സവർക്കറെ ആന്റമാൻ നിക്കോബാർ ദ്വീപുകളിലുള്ള ജയിലിലടക്കുകയും ചെയ്തു.
ജയിലിൽവെച്ച് അദ്ദേഹം ഹിന്ദുത്വത്തെ നിർവചിയ്ക്കുന്ന നിരവധി ലേഖനങ്ങളെഴുതിയിരുന്നു. 13 വർഷം ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സാവർക്കർ, താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായി[21]. 1920 മുതലാണ് വീർ എന്ന വിശേഷണം സവർക്കറിന്റെ പേരിനോട് ചേർക്കപ്പെട്ടത്. ആദ്യമായി സവർക്കറെ വീർ എന്ന് വിശേഷിപ്പിച്ചത് ഭോപട്കർ ആണെന്ന് കരുതപ്പെടുന്നു. [15] പിന്നീട് ദേശീയത പ്രചരിപ്പിക്കാൻ അദ്ദേഹം രാജ്യമൊട്ടാകെ സഞ്ചരിച്ചു. കോൺഗ്രസ്സിന്റെ നയങ്ങളെ പലപ്പോഴും നഖശിഖാന്തം എതിർത്ത സാവർക്കർ ഒപ്പം ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെയും എതിർത്തിരുന്നു[22]. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായെങ്കിലും, തെളിവുകളുടെ അഭാവത്തിൽ അദ്ദേഹം വിട്ടയക്കപ്പെട്ടു. പീന്നിട് കപൂർ കമ്മീഷൻ ഗാന്ധിവധത്തിലെ ഗൂഢാലോചനയിൽ അദ്ദേഹത്തിനുണ്ടായിരുന്ന പങ്ക് സ്ഥിരീകരിച്ചിട്ടുണ്ട്.[23] [24][25] 1966 ഫെബ്രുവരി 26 ന് തന്റെ 82 ആം വയസ്സിൽ അദ്ദേഹം മരണപ്പെട്ടു.