From Wikipedia, the free encyclopedia
വില്ലെം ഡി കൂനിംഗ് (ഏപ്രിൽ 24, 1904 – മാർച്ച് 19, 1997) ഡച്ച്-അമേരിക്കൻ ചിത്രകാരനായിരുന്നു. നെതർലാൻഡ്സിലെ റോട്ടർഡാമിൽ 1904 ഏ. 24-ന് ജനിച്ചു. 12-ആം വയസ്സിൽ, സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം വാണിജ്യാടിസ്ഥാനത്തിൽ ചിത്രങ്ങൾ വരയ്ക്കുന്ന ഒരു സ്ഥാപനത്തിൽ ചേർന്നു.
1916 മുതൽ 24 വരെ റോട്ടർ ഡാമിലെ അക്കാഡമി ഒഫ് ഫൈൻ ആർട്ട്സിലെ സായാഹ്നക്ലാസ്സിൽ പഠനം നടത്തുകയും അതിനു ശേഷം 1924-ൽ ബെൽജിയത്തിലെത്തുകയും ബ്രാസ്സൽസിലേയും ആന്റ്വെർപ്പിലേയും ചിത്രശാലകളിൽ ചേർന്നു കൂടുതൽ പരിശീലനം നേടുകയും ചെയ്തു. 1926-ൽ അമേരിക്കയിൽ സ്ഥിരതാമസമാക്കി. അവിടെ വീടുകൾ പെയിന്റു ചെയ്താണ് ഉപജീവനം നടത്തിയത്. എക്സ്പ്രഷണിസ്റ്റ് ചിത്രകാരനായ ആർഷിൽ ഗോർക്കിയുമായുളള സൌഹൃദം തന്റെ മനസ്സിലുളള ചിത്രങ്ങൾ രചിക്കുന്നതിന് ഇദ്ദേഹത്തെ പ്രചോദിപ്പിച്ചു. അങ്ങനെ ഗൗരവമായ ചിത്രകലയിലേക്ക് ഇദ്ദേഹം കാലൂന്നി. 1935 മുതൽ 1939 വരെ ഫെസാൽ ആർട്ട്സ് പ്രോജക്റ്റിനു വേണ്ടി നിരവധി ചുമർ ചിത്രങ്ങൾ വരച്ചു. 1940 വരെയുളള മറ്റു ചിത്രങ്ങളിൽ മുഖ്യമായും ഛായാചിത്രങ്ങളും പരിസരദൃശ്യങ്ങളുമാണുളളത്. എങ്കിലും മുപ്പതുകളിൽത്തന്നെ അമൂർത്തമായ ചിത്രങ്ങൾ ഇദ്ദേഹം വരച്ചുതുടങ്ങിയിരുന്നു. ഒരു തരം അമൂർത്ത രേഖാ ചിത്രണമായിരുന്നു 40 കളിൽ നടത്തിയിരുന്നത്. പെയിന്റിംഗ് (1948) അവയുടെ പ്രാതിനിധ്യ സ്വഭാവം പ്രദർശിപ്പിക്കുന്ന ഒരു ചിത്രമാണ്.
1948-ലാണ് ഇദ്ദേഹം തന്റെ പ്രഥമ ചിത്രപ്രദർശനം നടത്തിയത്. 1950 ആയപ്പോഴേക്കും അമൂർത്തതയുടെ പുതിയ ഭാവതലങ്ങളുമായി കൂനിംഗ് തന്റേതായ ഒരു ശൈലിക്ക് രൂപം നൽകി. അത് ഇദ്ദേഹത്തെ അമേരിക്കൻ ചിത്രകലയിലെ "അബ്സ്ട്രാക്ട് എക്സ്പ്രഷണിസത്തിന്റെ പ്രവാചകനാക്കി മാറ്റി. ആ ശൈലി പിൽക്കാലത്ത് ന്യൂയോർക്ക് സ്കൂൾ എന്ന പേരിലും അറിയപ്പെട്ടു.
1952 മുതൽ ഇദ്ദേഹം വരച്ച സ്ത്രീകളുടെ ചിത്രങ്ങൾ വിവിധ ഭാവങ്ങളെ മനോഹരമായി ആവിഷ്കരിച്ചവയാണ്. അതിൽ അധീശത്വം പുലർത്തുന്ന സ്ത്രീയും, ഉർവരതയുടെ പ്രതീകമായ സ്ത്രീയും രതിചിഹ്നമാക്കപ്പെട്ട സ്ത്രീയുമൊക്കെയുണ്ട്. 1952-ലെ വുമൺ ആണ് അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത്. അമൂർത്തമായ വരകൾക്കും സ്ത്രീരൂപങ്ങൾക്കുമിടയിൽ ചാഞ്ചാടുന്ന ഒരു കലാശൈലിയായിരുന്നു ഇദ്ദേഹം സ്വായത്തമാക്കിയിരുന്നത്. 1997 മാർച്ച് 19 ന് ന്യൂയോർക്കിലുള്ള ലോംഗ് ഐലണ്ടിൽ ഇദ്ദേഹം നിര്യാതനായി.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡി കൂനിംഗ്, വിലെം (1904 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.