From Wikipedia, the free encyclopedia
1987-ൽ ഒരുതവണ വധശിക്ഷ നിറുത്തലാക്കിയ ശേഷം രണ്ടാമതും തുടങ്ങുകയും 2006-ൽ വീണ്ടും നിറുത്തലാക്കുകയും ചെയ്ത ചരിത്രമാണ് ഫിലിപ്പീൻസിനുള്ളത്.
ഫിലിപ്പീൻസിലെ പലരും മതപരവും മനുഷ്യത്വപരവുമായ കാരണങ്ങളാൽ വധശിക്ഷയെ എതിർക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളെ തടയാനുള്ള മാർഗ്ഗമായിക്കണ്ട് ഇതിനെ അനുകൂലിക്കുന്നവരുമുണ്ട്.
സ്പാനിഷ് കോളനി ഭരണകാലത്ത് ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷയായിരുന്നു സാധാരണ ശിക്ഷാ മാർഗം. സൈനികക്കുറ്റങ്ങൾക്കും രാജ്യദ്രോഹത്തിനും വെടിവച്ച് കൊല്ലലായിരുന്നു ശിക്ഷ. ഗരോട്ട് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചും ശിക്ഷ നടപ്പാക്കിയിരുന്നു.
ഹോസെ റിസാൽ എന്നയാളെ 1896 ഡിസംബർ 30-ന് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വെടിവച്ച് കൊല്ലുകയുണ്ടായി. [1]
1926-ൽ വൈദ്യുതക്കസേര ഉപയോഗിച്ചുള്ള വധശിക്ഷ നടപ്പിൽ വന്നു.
ഫിലിപ്പീൻസിന്റെ സ്വാതന്ത്ര്യത്തിനു ശേഷം നിയമപ്രകാരം വധശിക്ഷയർഹിക്കുന്ന കുറ്റങ്ങൾ കൊലപാതകം, ബലാത്സംഗം, രാജ്യദ്രോഹം എന്നിവയായിരുന്നു. 1972 മേയ് മാസത്തിൽ ജൈം ഹോസെ, ബാസിലിയോ പിനേഡ, എഡ്ഗാർഡോ അക്വിനോ എന്നിവരെ മാഗി ഡെലാ റിവ എന്ന അഭിനേത്രിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ഒരുമിച്ച് വൈദ്യുതക്കസേര ഉപയോഗിച്ച് വധിച്ചു.
1976 വരെ വൈദ്യുതക്കസേര ഉപയോഗത്തിലുണ്ടായിരുന്നു. അതിനു ശേഷം ശിക്ഷാരീതി ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ മാത്രമായി. മാർകോസിന്റെ ഭരണകാലത്ത് അസംഖ്യം ആൾക്കാരെ ഭരണകൂടം ഭേദ്യം ചെയ്യുകയും വധിക്കുകയും മറ്റും പതിവായിരുന്നു.
1986-ൽ മാർകോസ് പുറത്തായ ശേഷം പുതുതായി നിലവിൽ വന്ന ഭരണഘടന വധശിക്ഷ ചില കുറ്റങ്ങൾക്കായി പരിമിതപ്പെടുത്തി. പ്രായോഗികമായി വധശിക്ഷയ്ക്ക് നിരോധനമായിരുന്നു ഫലം.
പ്രസിഡന്റ് ഫിഡൽ വി. റാമോസ് തിരഞ്ഞെടുപ്പിൽ വാഗ്ദാനം ചെയ്തപോലെ വധശിക്ഷ വീണ്ടും കൊണ്ടുവന്നു. കൊലപാതകം മുതൽ കാറുമോഷണം വരെയുള്ള കുറ്റകൃത്യങ്ങളെ ഹീനമായ കുറ്റങ്ങൾ എന്ന് വിശേഷിപ്പിച്ച് പുതിയ നിയമമനുസരിച്ച് അവയ്ക്കെല്ലാം വധശിക്ഷ നൽകാൻ തുടങ്ങി.
ഈ നിയമം വിഷം കുത്തിവച്ചുള്ള വധശിക്ഷയാണ് തിരഞ്ഞെടുത്തത്. ഗാസ് ചേമ്പർ നിർമ്മിക്കും വരെ ഇത് തുടരാനന്യിരുന്നു തീരുമാനം.
റാമോസിന്റെ പിൻഗാമി ജോസഫ് എസ്ട്രാഡയുടെ ഭരണകാലത്താണ് വിഷം കുത്തിവച്ചുള്ള ആദ്യ വധശിക്ഷ നടപ്പിലായത്. യേശുക്രിസ്തുവിന്റെ ജനനത്തിന്റെ രണ്ടായിരത്താണ്ട് പൂർത്തിയായതിന്റെ ബഹുമാനാർത്ഥം എസ്ട്രാഡ വധശിക്ഷ താത്കാലികമായി നിറുത്തലാക്കി. [2] ഒരു വർഷത്തിനു ശേഷം വധശിക്ഷകൾ പുനരാരംഭിച്ചു.
2006 ഏപ്രിൽ 15-ന് ഫിലിപ്പീൻസിൽ വധശിക്ഷ കാത്തു കഴിയുകയായിരുന്ന 1,230 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കപ്പെട്ടു. ആംനസ്റ്റി ഇന്റർനാഷണലിന്റെ അഭിപ്രായത്തിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ വധശിക്ഷയൊഴിവാക്കൽ നടപടിയായിരുന്നു. [3]2006 ജൂൺ 24-ന് പ്രസിഡന്റ് ഗ്ലോറിയ മകാപഗൽ-അറോയോ റിപ്പബ്ലിക് ആക്റ്റ് 9346 പ്രകാരം വധശിക്ഷ നിറുത്തലാക്കി. ഫിലിപ്പീൻസിലെ കോൺഗ്രസിൽ നടന്ന വോട്ടെടുപ്പിനു ശേഷമാണ് നിയമം പാസായത്. [4] വധശിക്ഷ കാത്തു കഴിഞ്നിരുന്ന ആയിരക്കണക്കിന് പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി കുടയ്ക്കപ്പെട്ടു. [5] ജീവപര്യന്തം തടവോ കുറഞ്ഞത് 30 വർഷം തടവോ മരണശിക്ഷയ്ക്ക് പകരം നൽകാനാണ് പുതിയ നിയമം വിഭാവനം ചെയ്യുന്നത്. [6] കത്തോലിക്കാ സഭയെ പ്രീണിപ്പിക്കാനുള്ള ഒരു നടപടിയാണിതെന്നാണ് എതിർക്കുന്നവർ പറയുന്നത്.
2007-ൽ അഴിമതിക്ക് ശിക്ഷിക്കപ്പെട്ട മുൻ പ്രസിഡന്റ് ജോസഫ് എസ്ട്രാഡ ഉൾപ്പെടെ പല ജയിൽപ്പുള്ളികൾക്കും പ്രസിഡന്റ് ഗ്ലോറിയ അരോയോ മാപ്പുനൽകി. ബെനീഞോ അക്വിനോ ജൂനിയറെ വധിച്ച കേസിൽ കുറ്റം ചുമത്തപ്പെട്ട് കോടതി ശിക്ഷിച്ചവരും ഇത്തരത്തിൽ മാപ്പു നൽകപ്പെട്ടവരിൽ പെടുന്നു. [7][8]
അമേരിക്കൻ ഐക്യനാടുകളല്ലാതെ വൈദ്യുതക്കസേര ഉപയോഗിച്ച ഒരേ ഒരു രാജ്യം ഫിലിപ്പീൻസാണ് (1926–1976). ഫെർഡിനന്റ് മാർകോസിന്റെ ഭരണകാലത്ത് മയക്കുമരുന്നു കടത്ത് ഫയറിംഗ് സ്ക്വാഡുപയോഗിച്ച് വധശിക്ഷ നൽകത്തക്ക കുറ്റമായിരുന്നു. ലിം സെങ് എന്നയാളെ ഇപ്രകാരം വധിച്ചിട്ടുണ്ട്.
1993-ൽ വധശിക്ഷ പുനരാരംഭിച്ചശേഷം വിഷം കുത്തിവച്ചുള്ള വധശിക്ഷയാണ് ഫിലിപ്പീൻസ് ശിക്ഷാമാർഗ്ഗമായി സ്വീകരിച്ചത്. 1999-ൽ ഈ രീതി സ്വീകരിച്ചു. [9] മരണശിക്ഷ പിന്നീട് ഇല്ലാതെയാക്കി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.