മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ് റോഹിംഗകൾ From Wikipedia, the free encyclopedia
റോഹിംഗ്യൻ ജനങ്ങൾ (/roʊˈɪndʒə, -hɪn-, -ɪŋjə/) റോഹിംഗാഭാഷ സംസാരിക്കുന്നവരും ഇസ്ലാം മതം പിന്തുടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന മ്യാന്മാറിലെ ഒരു വംശീയ ജനവിഭാഗമാണ്.[21][22][23][24][25] ചരിത്രപരമായി അരക്കാനീസ് ഇന്ത്യൻസ് [26][27] എന്നറിയപ്പെടുന്ന ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യയിൽനിന്നുള്ള രാജ്യമില്ലാത്തവരെന്നു വിശേഷിപ്പിക്കപ്പെടുന്ന [28] ഇന്തോ-ആര്യൻ ജനതയാണ്. 2016-17 പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ ഏകദേശം ഒരു ദശലക്ഷം റോഹിങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി കണക്കുകൾ കാണിക്കുന്നു.[29] ലോകത്തിലെ ഏറ്റവും വലയി പീഡിത ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽ ഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹിങ്ക്യൻ ജനതയ്ക്ക് [30][31][32] 1982 ലെ മ്യാൻമർ ദേശീയ നിയമപ്രകാരം [33][34][35] പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹ്യൂമൻ റൈറ്റ്സ് വാച്ചിൻറെ നിരീക്ഷണമനുസരിച്ച്, 1982 ലെ മ്യാൻമർ ദേശീയ നിയമം, റോഹിൻക്യൻ ജനതയുടെ പൗരത്വം സമ്പാദിക്കാനുള്ള സാധ്യതകളെ ഫലപ്രദമായി പ്രതിരോധിക്കുന്നു. എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്രത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിംഗ്യകളെ അവിടുത്ത് എട്ട് ദേശീയ ദേശീയ വംശങ്ങളിൽ ഒന്നായി അംഗീകരിക്കാറില്ല.[36] സഞ്ചാര സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാസം, സിവിൽ സർവീസ് ജോലികളിൽ എന്നിവയിൽ നിന്നും ഈ ജനങ്ങൾ മാറ്റിനിർത്തപ്പെട്ടിരിക്കുന്നു.[37][38] തിരിച്ചറിയൽ കാർഡോ ജനനസർട്ടിഫിക്കറ്റുകളോ പോലും ഇവർക്ക് സർക്കാർ നിഷേധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ ജനത അവിടെ പരമ്പരാഗതമായി തന്നെ ഇവിടെ വിവേചനത്തിനിരയാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക് സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല. മ്യാൻമറിലെ റോഹിൻഗ്യകൾ നേരിടുന്ന നിയമപരമായ ഇന്നത്തെ അവസ്ഥയെ വർണ്ണവിവേചനവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്.[39][40][41][42][43][44][45]
Ruáingga ရိုဟင်ဂျာ ﺭُﺍَࣺﻳﻨڠَ | |
---|---|
Total population | |
1,547,778[1]–2,000,000+[2] | |
Regions with significant populations | |
Bangladesh, Myanmar (Rakhine State), Pakistan, Thailand, Malaysia, India, United States, Indonesia, Nepal, Saudi Arabia | |
Bangladesh | 900,000+[3][4] (September 2017) |
Myanmar | c. 580,000[5][6]–880,000[7][8][9][6] (September 2017) |
Saudi Arabia | 400,000[10] (2015) |
Pakistan | 200,000[11][12][13] |
Thailand | 100,000[14] |
Malaysia | 40,070[15] |
India | 40,000 (September 2017)[16][17] |
USA | 12,000+ (Sepember 2017)[18] |
Indonesia | 11,941[19] |
Nepal | 200 (September 2017)[20] |
Languages | |
Rohingya | |
Religion | |
Majority Islam, minority Hinduism |
1978, 1991–1992,[46] 2012, 2015 and 2016–2017 എന്നീ വർഷങ്ങളിലായി റോഹിംഗ്യർ സൈനിക അടിച്ചമർത്തൽ നേരിട്ടുവരുന്നു. മ്യാൻമാറിലെ റോഹിങ്ക്യകൾക്കെതിരായ സൈനിക പീഡനങ്ങളെ വംശീയ ശുദ്ധീകരണമെന്ന് യു.എൻ. ഉദ്യോഗസ്ഥരും ഹ്യൂമൻ റൈറ്റ്സ് വാച്ചും വിശേഷിപ്പിച്ചിട്ടുണ്ട്.[47][48]
മ്യാൻമറിലെ യു.എൻ. മനുഷ്യാവകാശ പ്രതിനിധി "റോഹിങ്ക്യ വംശത്തിനെതിരായ വിവേചനവും പീഡനങ്ങളുടേയും നീണ്ട ചരിത്രം മാനവികതക്കെതിരായ കുറ്റകൃത്യങ്ങൾക്ക് കാരണമാകുമെന്ന്" റിപ്പോർട്ട് ചെയ്തിരിക്കുന്നു.[49] സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു.[50] മ്യാൻമാറിലെ യു.എൻ പ്രത്യേക അന്വേഷകനായ യാങ്ഘീ ലീ, രാജ്യത്തുനിന്ന് റോഹിങ്ക്യ ജനതയെ മുഴുവനായി പുറത്താക്കാൻ മ്യാൻമർ ആഗ്രഹിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്.[51]
അറബികൾ, മുഗളൻമാർ, പോർച്ചുഗീസ് പാരമ്പര്യമുള്ളതും പടിഞ്ഞാറൻ മ്യാൻമറിൽ തദ്ദേശീയമായി ഒരു സഹസ്രാബ്ദത്തിലധികം കാലങ്ങളായി നിലനിൽക്കുന്ന ഒരു പൈതൃകത്തിന്റെ പീന്തുടർച്ചക്കാരാണ് എന്ന നിലപാടാണ് റോഹിംഗ്യകൾക്കുള്ളത്. കൊളോണിയൽ കാലഘട്ടത്തിനു മുമ്പും ശേഷവുമുള്ള അരാഖൻ ജനങ്ങളുടെ പിൻതലമുറക്കാരായിട്ടാണ് സമൂഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രപരമായി ഈ പ്രദേശം തെക്കുകിഴക്കൻ ഏഷ്യക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഒരു സ്വതന്ത്ര രാജ്യമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പീഡനകാലം കാലഘട്ടം മൂർദ്ധന്യതയിലാകുന്നതുവരെ മ്യാൻമറിലെ പാർലമന്റ് സ്ഥാനത്തേക്ക് റോഹിങ്ക്യ പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻകാലങ്ങളിൽ റോഹിങ്ക്യ എന്ന പദത്തിന്റെ അസ്തിത്വം സ്വീകരിച്ചിരുന്നെങ്കലും,[52][53], മ്യാൻമർ സർക്കാരിന്റെ നിലവിലെ ഔദ്യോഗിക നിലപാടുകൾപ്രകാരം റോഹിൻഗ്യ വംശജർ ദേശീയ ജനതയല്ല, അയൽദേശമായ ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായി കണക്കാക്കപ്പെടുന്നു. മ്യാൻമർ സർക്കാർ "റോഹിങ്ക്യ" എന്ന വാക്ക് അംഗീകരിക്കുന്നത് നിർത്തിവയ്ക്കുകയും ഈ സമൂഹത്തെ ബംഗാളികൾ എന്നു സംബോധന ചെയ്യുന്നതിൽ ഊത്സുക്യം കാണിക്കുകയും ചെയ്യുന്നു.[54] റോഹിൻഗ്യ ക്യാമ്പൈൻ ഗ്രൂപ്പുകൾ, പ്രത്യേകിച്ച് അറഖാൻ റോഹിങ്ക്യ നാഷനൽ ഓർഗനൈസേഷൻ, മ്യാൻമാറിനുള്ളിൽ സ്വയം നിർണയാവകാശം ആവശ്യപ്പെടുന്നു.[55]
ഐക്യരാഷ്ട്രസഭയുടെ സസൂക്ഷനിരീക്ഷണത്തിൽ, റോഹിൻഗ്യകൾക്കെതിരെ "തീവ്രവാദ ദേശീയവാദികളായ ബുദ്ധമതക്കാർ" വിദ്വേഷവും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്നതിന്റെ തെളിവുകൾ അംഗീകരിക്കുന്നുണ്ട്. അതേസമയം മ്യാൻമർ സുരക്ഷാസൈന്യം വധശിക്ഷകൾ, നിർബന്ധിത അപ്രത്യക്ഷമാകലുകൾ, ഏകപക്ഷീയ അറസ്റ്റുകളും തടഞ്ഞുവയ്ക്കലുകളും, തടവുകാരുടെ മേലുള്ള ക്രൂരമായ ദണ്ഡനങ്ങളും മോശം പേരുമാറ്റങ്ങളും നിർബന്ധിത തൊഴിലെടുപ്പിക്കൽ എന്നീ നടപടികളുമായി സമാനതകളില്ലാത്ത ക്രൂരതകൾക്ക് നേതൃത്വം കൊടുക്കുന്നു.[56][57] ഐക്യരാഷ്ട്രസംഘടനയുടെ അഭിപ്രായപ്രകാരം റോഹിംഗ്യകൾക്കു മേലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ, മനുഷ്യവർഗ്ഗത്തിനെതിരെയുള്ള കുറ്റകൃത്യങ്ങൾ തന്നെയാണെന്നാണ്.[58][59] 2015-ലെ റോഹിങ്ക്യ അഭയാർത്ഥി പ്രതിസന്ധിക്കും 2016-ലും 2017-ലും ഉണ്ടായ സൈനിക ആക്രമണത്തിനും മുമ്പ് മ്യാൻമറിലെ റോഹിങ്ക്യൻ ജനതസംഖ്യ 1.1 മുതൽ 1.3 ദശലക്ഷംവരെയായിരുന്നു, പ്രത്യേകിച്ച് വടക്കൻ റഖീൻ പട്ടണങ്ങളിൽ 80-98 ശതമാനം വരെ രോഹിങ്ക്യൻ ജനങ്ങൾ ആയിരുന്നു.[60] 900,000 ത്തിനു മേൽ റോഹിങ്ക്യ അഭയാർത്ഥികൾ തെക്ക് കിഴക്കൻ ബംഗ്ലാദേശിലേക്കും ചുറ്റുമുള്ള മറ്റു രാജ്യങ്ങളിലേക്കും പ്രധാന മുസ്ലീം രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ട്.[61][62][62][63][64].[65] മ്യാൻമറിൽ ഒരു ലക്ഷത്തോളം രോഹിങ്ക്യകൾ ആഭ്യന്തരമായി പുറന്തള്ളപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു.[66][67] 2017 ആഗസ്റ്റ് 25 നുണ്ടായ റോഹിങ്ക്യൻ റിബൽ ആക്രമണത്തിൽ 12 സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതിന്റെ ഫലമായി, സൈനികർ ക്ലിയറൻ ഓപ്പറേഷനുകൾ നടത്തുകയും 400 മുതൽ 3000 വരെ റോഹിൻഗ്യകൾ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും, പീഡനം, ബലാൽക്കാരം എന്നിവയ്ക്കു വിധേയരാകുകയും, ഒട്ടനവധി ഗ്രാമങ്ങൾ കത്തിക്കപ്പെടുകയും ചെയ്തു. ഇക്കാലത്ത് ഏകദേശം 400,000 റോഹിങ്ക്യക്കാരും (മ്യാന്മറിലെ ബാക്കിയുള്ള റോഹിങ്ക്യകളിൽ ഏകദേശം 40% ) ബംഗ്ലാദേശിലേയ്ക്ക് ഓടിപ്പോയി.[68][69][70][71][72] [73]
സാമ്പത്തികപ്രതിസന്ധിക്ക് സമാനമായ അവസ്ഥാവിശേഷങ്ങൾ മ്യാൻമർ ഭരണകൂടത്തെ ജനങ്ങളെ തമ്മിലടിപ്പിക്കാൻ പ്രേരിപ്പിച്ചിരിക്കാമെന്നാണ് യൂറോപ്യൻ രോഹിങ്ക്യ കൗൺസിൽ അഭിപ്രായപ്പെടുന്നത്. മ്യാൻമറിൽ അധികാരം തങ്ങളുടെ കയ്യിലുള്ള അധികാരം ഏതുവിധേനയും നിലനിർത്തുന്നതിനായി ഭരണകൂടവും സൈന്യവും മുസ്ലിംകൾക്കെതിരായി ബുദ്ധമതവിശ്വാസികളെ തിരിച്ചുവിടുകയാണ് ചെയ്തതെന്ന് കൗൺസിലിന്റെ ചെയർമാൻ ഖൈറുൽ അമീൻ ആരോപിക്കുന്നത്. വംശീയഉന്മൂലനത്തിന്റെ അടിസ്ഥാനകാരണം അന്വേഷിക്കുന്നവർക്ക് അതിൻറ പ്രധാനകാരണം രാജ്യത്തിന്റെ സാമ്പത്തികപ്രതിസന്ധിയാണെന്ന് മനസ്സിലാക്കാനാകുന്നതാണ്.
പുതിയ പുതിയ കലാപങ്ങൾക്ക് സർക്കാർ സംവിധാനങ്ങൾ ബോധപൂർവം കരുക്കൾ നീക്കുന്നു. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായിരുന്ന രാഖൈൻമേഖല ഇന്ന് ബർമ്മയിലെ ഏറ്റവും പിന്നാക്കാവസ്ഥയിലാണെന്നുള്ളതാണ് സത്യം. അതിനാൽത്തന്നെ അവിടത്തെ തദ്ദേശീയജനതയെ തങ്ങൾക്ക് ഒരു ഭാരമായിട്ടാണ് സമ്പന്നവർഗ്ഗങ്ങൾക്കു തോന്നിയത്. മേഖലയിലെ കുറഞ്ഞ തൊഴിലവസരങ്ങളും അപൂർവ്വമായ വ്യവസായ സംരംഭങ്ങളും തങ്ങളുടെമാത്രം വരുതിയിലാക്കുവാൻ ബർമയിലെ വരേണ്യവർഗ്ഗം എപ്പോഴും ശ്രമിച്ചുകൊണ്ടിരുന്നു. തത്ഫലമായി ഭൂരിപക്ഷ ബുദ്ധമതവിശ്വാസികളെ മുസ്ലിം ജനവിഭാഗങ്ങൾതിരെ തിരിച്ചുവിടുകയെന്ന കുത്സിതബുദ്ധിയാണ് ഭരണകൂടം പ്രയോഗിച്ചത്. അതിനാൽ തന്നെ ഈ പ്രദേശത്തെ കലഹങ്ങൾ മതപരം എന്നതിലുപരി രാഷ്ട്രീയപരവും സാമ്പത്തികവുമായ മാനങ്ങളുമുള്ളതായി മാറുന്നു.
പട്ടാളത്തിനു മുൻതൂക്കമുള്ള ഭരണകൂടത്തിന്റെ ഒത്താശയോടെ ബുദ്ധിസ്റ്റുകളാലും സൈന്യങ്ങളാലും ബലാത്സംഗമുൾപ്പടെയുള്ള നീചമായ പീഡനങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടിരിക്കുന്ന അരാക്കൻ സ്ത്രീകളുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. പുറം ലോകത്തിന്റെ കണ്ണിൽ മ്യാൻമർ ഒട്ടേറെ മാറിക്കഴിഞ്ഞുവെന്ന പ്രതീതിയാണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് നാമമാത്രമായ പ്രവർത്തന സ്വാതന്ത്ര്യം ഇക്കാലത്ത് അനുവദിക്കപ്പെട്ടിരിക്കുന്നു. പട്ടാള ഭരണകൂടത്തിന് അഭിമതനായ പ്രസിഡന്റ് തീൻ സീൻ പുരോഗമനപരമായ നിരവധി പരിഷ്കാരങ്ങൾക്ക് നേതൃത്വം നൽകുന്നുവെന്നും നൊബേൽ സമ്മാന ജേതാവും ജനാധിപത്യ നേതാവുമായ ആംഗ് സാൻ സൂക്കി പാർലിമെന്റംഗമായി എന്നു പറയുമ്പോഴും ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വംശീയശുദ്ധീകരണത്തിന്റെ കൂരിരുൾ ഈ പരിഷ്കാരങ്ങളുടെ ശോഭ കെടുത്തുന്നു.
ബംഗ്ലാദേശ് അതിർത്തി പ്രവിശ്യയായ രാഖൈനിൽ വസിക്കുന്ന റോഹിംഗ്യാ വംശജരെ മ്യാൻമർ ഭരണകൂടവും പൊതു സമൂഹവും ഒന്നടങ്കം ആട്ടിയോടിക്കുകയെന്ന കൊടുംക്രൂരതയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അവരുടെ പൗരത്വം വകവെച്ചു കൊടുക്കുന്നില്ല എന്നതുപോകട്ടെ, സഞ്ചാര സ്വാതന്ത്ര്യം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയിൽനിന്നെല്ലാം അവർ വിലക്കപ്പെട്ടിരിക്കുന്നു. കുട്ടികളെ വിദ്യാലയങ്ങളിൽ ചേർക്കുന്നതിന് റോഹിംങ്ക്യകൾക്ക് പ്രത്യേക ചേർക്കാൻ തിരിച്ചറിയൽ കാർഡ് ആവശ്യമുണ്ട്. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം പലതവണ ആവശ്യപ്പെട്ടിട്ടുപോലും ഏഴര ലക്ഷത്തിലധികം വരുന്ന ഈ ജനതക്ക് പ്രഥാമിക അംഗീകാരം പോലും നൽകാൻ മ്യാൻമർ സർക്കാർ തയ്യാറാകുന്നില്ല.
വിവാഹം കഴിക്കുന്നതിനും സന്താനലബ്ധിക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവർ രോഹിങ്കയകളുടെയിടയിൽ നിയന്ത്രണമേർപ്പെടുത്തി. പെർമിറ്റില്ലാതെ ഈ ജനതയ്ക്കു വിവാഹം കഴിക്കുക അസാദ്ധ്യം. പെർമിറ്റിന് അപേക്ഷിക്കണമെങ്കിൽ സ്വന്തമായി സ്വത്തുവകകൾ ഉണ്ടെന്നു സർക്കാരിനുമുന്നിൽ തെളിയിക്കേണ്ടതുണ്ട്. ബുദ്ധമതത്തിലേക്ക് പരിവർത്തനത്തിന് തയ്യാറായാൽ നിയന്ത്രണങ്ങളുടെ ചങ്ങല അഴിയുമെന്നു കരുതിയാൽത്തന്നെ, മതപരിവർത്തനത്തിനു വിധേയരായവർ മൂന്നാം കിടക്കാരായി ഗണിക്കപ്പെടുന്ന അവസ്ഥയാണ്. സർക്കാരിന്റെ അനുമതിയില്ലാതെ നടക്കുന്ന രോഹിംഗ്യാ വിഭാഗത്തിന്റെ വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ളവർക്കെതിരെ കേസെടുക്കുകയും ജനിക്കുന്ന കുട്ടി നിയമവിരുദ്ധമായുട്ടുള്ളതാണെന്നു പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. ഈ കുട്ടികളെ സ്കൂളിൽ ചേർക്കാൻ സാധിക്കാറില്ല. 1950 ൽ ഏകദേശം 2.2 മില്യൺ ഉണ്ടായിരുന്ന ഈ വിഭാഗം പ്രകൃതിനിയമമനുസരിച്ച് ഇരട്ടിയാകേണ്ടതായിരുന്നുവെങ്കിലും ജനനനിയന്ത്രണത്തിന്റെ ഫലമായി ഇന്ന് ഒരു മില്യണിൽതാഴെ മാത്രമാണ് അവരുടെ അംഗസംഖ്യ. പൌരത്വെന്നല്ല, അവർക്ക് മനുഷ്യനെന്ന പരിഗണന പോലും ലഭിക്കാറില്ല.
ഇവരുടെ കൈവശമുള്ള ഭൂമിക്ക് രേഖകളൊന്നു കാണാറില്ല. ഏത് നിമിഷവും കൈയേറ്റവും കുടിയൊഴി പ്പിക്കലുകളും നടക്കാവുന്ന അവസ്ഥയാണ് രാഖൈൻ പ്രവിശ്യയിലുടനീളം നിലനിൽക്കുന്നത്. അടിസ്ഥാനപരമായി രോഹിങ്ക്യൻ ജനത കൃഷിക്കാരാണ്. എന്നാൽ മേഖലയിലെ ഭൂരിപക്ഷം ഭൂമിയും സർക്കാറോ ഭൂരിപക്ഷ വിഭാഗമോ കൈയടക്കിവച്ചതോടെ തങ്ങളുടെ കാർഷിക പാരമ്പര്യം ഉപേക്ഷിക്കാൻ അവർ നിർബന്ധിതരായിത്തീർന്നു. പിന്നെയുള്ള അവരുടെ ഉപജീവനമാർഗ്ഗം മീൻ പിടിത്തമാണ്. എന്നാൽ റോഹിംഗ്യാകൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് കമ്പോളത്തിൽ ഒരിക്കലും ന്യായമായ വില കിട്ടാറില്ല. റോഡുകളുടേയും റെയിൽവേ, വൈദ്യുതി നിലയങ്ങൾ തുടങ്ങിയവയുടെ നിർമ്മാണജോലികൾക്ക് റോഹിംഗ്യൻ യുവാക്കളെ ബലമായി പിടിച്ചു കൊണ്ടു പോകുക സർവ്വസാധാരണമാണ്. കുറഞ്ഞ കൂലി, അല്ലെങ്കിൽ കൂലിയില്ലാത്ത അവസ്ഥ. ചൈനയുടെ സഹായത്തോടെ നടക്കുന്ന നിരവധി സംരംഭങ്ങളിൽ രോഹിങ്ക്യൻ യുവാക്കളെ ഈ അടിമത്ത ജോലികൾ ചെയ്യിക്കുന്നു.
വീട് വെക്കാനുളള അവകാശം ഇവർക്കു നൽകാറില്ല. അനുമതിയില്ലാതെ നിർമ്മിക്കുന്ന വീടുകൾ അധികൃതരെത്തി പൊളിച്ചു നീക്കുകയാണ് പതിവ്. സാമൂഹ്യവിരുദ്ധരായി ഗണിക്കപ്പെടുന്ന ഭൂരിപക്ഷം രോഹിങ്ക്യകളും വെള്ളമോ വെളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന ടെന്റുകളിലാണ് താമസിക്കുന്നത്.
ഇവരിൽ ചിലർ അക്രമാസക്തമായി ദുർബലമായ ചെറുത്തു നിൽപ്പുകൾ നടത്തി പ്രതികരിക്കുന്നുണ്ടെന്നത് ശരിയായ വസ്തുത. തുടർച്ചയായുള്ള വിവേചനവും പീഡനവുമേൽക്കേണ്ടിവരുന്ന ഒരു ജനതയുടെ സ്വാഭാവിക പ്രതികരണമായേ ഇതിനെ കാണുവാൻ സാധിക്കുകയുള്ളൂ., തുടർച്ചയായ അവഗണനയേയും അപമാനത്തേയും ചോദ്യം ചെയ്യുന്നവരെ തീവ്രവാദികളായി മുദ്രകുത്തുകയെന്ന തന്ത്രമാണ് പതിവുതന്ത്രമാണ് രാഖൈൻ പ്രവിശ്യയിൽ ഭരണകൂടം വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ഈ പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം അരാക്കൻ വംശജരായ ബുദ്ധമതക്കാരാണ്. മറ്റു വിഭാഗങ്ങളോട് അങ്ങേയറ്റത്തെ അസഹിഷ്ണുതയാണ് ഇവർ കാട്ടുന്നത്. നൂറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയ ആട്ടിയോടിക്കൽ അനവരതം തുടരുന്നു. സമ്പൂർണ്ണമായ വംശീയ ശുദ്ധീകരണം സാധ്യമാകും വരെ പീഡിപ്പിച്ചും ചൂഷണം ചെയ്തും അപമാനിച്ചും റൊഹിംഗ്യാകളെ മുച്ചൂടും മുടിക്കുമെന്ന ദൃഢപ്രതിജ്ഞതിയിലാണ് മ്യാൻമറിലെ ഭരണകൂടത്തിന്റെ പിന്തുണയുള്ള ഭൂരിപക്ഷമതം.
രോഹിങ്ക്യൻ പ്രശ്നത്തിൽ കൃത്യമായി ഇടപെടാൻ ജനാധിപത്യത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ആംഗ് സാൻ സൂകിയോ അവരുടെ പാർട്ടിയോ പോലും ഇനിയും തയ്യാറായിട്ടില്ല എന്നത് അത്യന്തം ലജ്ജാകരമായ അവസ്ഥയാണ്. മ്യാൻമാർ രാജ്യത്തിന് അധികപ്പറ്റാണ് റോഹിങ്ക്യകൾ എന്ന നിലപാടാണ് സൂകിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി പോലും കരുതുന്നതെന്നുവേണം വിചാരിക്കാൻ
രാഖൈൻ പ്രവിശ്യയിൽ ഇതരമത വിശ്വാസിയായ ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് സമീപകാലത്തു പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ഇനിയും പൂർണ്ണശമനമായിട്ടില്ല. ഈ കുറ്റം രോഹിങ്ക്യൻ മുസ്ലിം വിഭാഗത്തിലെ മൂന്നു പേരുടെ തലയിൽ ചാർത്തി അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അവസരം പാർത്തിരുന്ന തീവ്രവാദ സംഘങ്ങൾ അതേദിവസം 10 രോഹിങ്ക്യകളെ ചുട്ടുകൊല്ലുകയും രോഹിങ്ക്യകളുടെ വാസസ്ഥലങ്ങൾ വ്യാപകമായി കയ്യേറ്റം ചെയ്യപ്പെടുകയും ചെയ്തു. ഈ കലാപത്തിലകപ്പെട്ട നിരപരാധികളുടെ എണ്ണം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സൂകി അപ്പോഴും മൌനത്തിന്റെ വാത്മീകത്തിലൊളിച്ചു കഴിഞ്ഞതേയുള്ള.
കിരാത ഭരണകൂടത്തിന്റെ ഒത്താശയോടെ മതതീവ്രവാദികൾ പ്രധാനമായി ലക്ഷ്യം വെക്കാറുള്ളത് സ്ത്രീകളെയാണ്. ഒരു സമൂഹത്തെ ഒന്നായി അപമാനിക്കാനുള്ള ഏറ്റവും നല്ല വഴി അവരിലെ സ്ത്രീകളെ അപമാനിക്കലാണെന്ന് അവർക്ക് നന്നായറിയാം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ പലരും പാലായനത്തിനു നിർബന്ധിതരാകുന്നു. ഏറ്റവും അപകടകരമായ ഈ പലായനങ്ങൾ ബൊട്ടുകൾ വഴി സമുദ്രം താണ്ടി തായ്ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കു നടത്തുന്ന യാത്രകൾ മിക്കവാറും ലക്ഷ്യം കാണാറില്ല. ലക്ഷ്യത്തിലെത്തുന്നവതന്നെ കൂടുതൽ ദുരിതങ്ങളിലേയ്ക്കവും എത്തിച്ചേരുക. അവിടെ തായ്സൈന്യം മലേഷ്യൻ സൈന്യങ്ങളും സ്ത്രീകളെ ഉൾപ്പെടെ അവരുടെ കൈവശമുള്ള തട്ടിയെടുക്കുകയും വീണ്ടും കടലിലേക്കു ആട്ടിയിറക്കുകയും ചെയ്യുന്നു. രോഹിങ്ക്യാ അഭയാർത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നതിനായി യു.എൻ. ബംഗ്ലാദേശ്, മലേഷ്യ, തായ്ലാന്റ് തുടങ്ങിയ രാജ്യങ്ങൾക്ക് വൻതുക സാമ്പത്തികസഹായം ചെയ്യുന്നു. ദുരിതപൂർണമായ ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം റോഹിംഗ്യാകൾ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് കണക്ക്. ഇനിയും പുതിയ അഭയാർഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ്. അതുപോലെ മലേഷ്യ, തായ്ലാൻഡ് എന്നീ രാജ്യങ്ങളും ഇതേ നിലപാട് പിന്തുടരുന്നവരാണ്. ഒരു രാജ്യത്തിന്റെയും പൌരത്വമില്ലാത്ത ഈ മനുഷ്യർ അന്താരാഷ്ട്ര നിയമപരിരക്ഷകരുടെ കണ്ണിൽപ്പെടുന്നില്ല എന്നുള്ളതാണ് സത്യം.
ആധുനിക കാലഘട്ടത്തിൽ റോഹിംഗ്യ എന്ന പദം ആവർഭവിച്ചത്, കൊളോണിയൽ കാലഘട്ടത്തിനു മുമ്പും ശേഷവുമുള്ള റൂയിംഗ, റുവാൻഗ്യ എന്നീ പദങ്ങളിൽനിന്നാണ്.[74] റോഹിംഗ്യകൾ സ്വയമായി അവരെ Ruáingga /ɾuájŋɡa/ എന്ന് വിശേഷിപ്പിക്കുന്നു. ഈ പ്രദേശത്തെ പ്രധാന ഭാഷകളിൽ, അവർ rui hang gya ( MLCTS) പിന്തുടർന്ന്) എന്ന് അറിയപ്പെടുന്നു. ഇതിൻറെ ബർമ്മീസ്: ရိုဟင်ဂျာ /ɹòhɪ̀ɴd͡ʑà/ എന്നും Rohingga ബംഗാളി: রোহিঙ্গা /ɹohiŋɡa/ എന്നുമാണ്. "രോഹിൻഗ്യ" എന്ന വാക്ക് വന്നത് രഖാൻഗ അല്ലെങ്കിൽ രോഷൻഗ എന്നീ അരക്കാൻ സംസ്ഥാനത്തെ വാക്കിൽ നിന്നായിരിക്കാം. റോഹിൻഗ്യ എന്ന വാക്കിനർത്ഥം "രോഹാൻഗ് നിവാസി" എന്നാണ്, ഇത് അരകാന്റെ ആദ്യകാല മുസ്ലിം പേരായിരുന്നു.[75][76][77] ആൻഡ്രൂ ടാൻ ഇത് അറബി ഭാഷയിലെ റഹാം (ദൈവത്തിന്റെ അനുഗ്രഹം) ൽ നിന്നും ഉരുത്തിരിഞ്ഞുവന്നതാണെന്നു വാദിക്കുന്നു. അരകാനിൽ വസിച്ചിരുന്ന ആദ്യകാല മുസ്ലീങ്ങൾ "ദൈവത്തിന്റെ അനുഗൃഹീത ജനത" എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നു.[78]
റോഹിൻഗ്യ ജനത തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു തീരദേശ മേഖലയായ അരകാൻ എന്ന പ്രാചീന ഭൂവിഭാഗത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. അരകാൻ പ്രദേശത്തെ യഥാർത്ഥ കുടിയേറ്റക്കാർ ആരാണെന്ന് വ്യക്തമല്ല. 3000 BCE മുതൽ രാഖൈനിൽ അരക്കാൻ ജനത വസിച്ചിരുന്നതായി പുരാവസ്തുശാസ്ത്രമനുസരിച്ച് തെളിവുകളില്ല എന്നാണ് ബർമ്മയിലെ ദേശീയ വാദികൾ വാദിക്കുന്നത്. നാലാം നൂറ്റാണ്ടായപ്പോൾ തെക്ക് കിഴക്ക് ഏഷ്യയിലെ ഏറ്റവും പുരാതനമായ ഇന്ത്യൻ സാമ്രാജ്യങ്ങളിൽ ഒരാളായിരുന്നു അരകാൻ. ആദ്യ അരാക്കനീസ് സംസ്ഥാനം അഭിവൃദ്ധിപ്രാപിച്ചത് ധന്യവാദിയിൽ ആയിരുന്നു. ശക്തികേന്ദ്രം പിന്നീട് വൈതാലി നഗരത്തിലേക്ക് മാറ്റി. ഈ പ്രദേശത്തുള്ള പുരാതന സംസ്കൃത ലിഖിതങ്ങൾ സൂചിപ്പിക്കുന്നത് ആദ്യത്തെ അരക്കനീസ് രാജ്യങ്ങളുടെ സ്ഥാപകർ ഇന്ത്യക്കാരാണെന്നാണ്. അക്കാലത്ത് അരക്കാൻ ഭരിച്ചിരുന്നത് ചന്ദ്ര വംശമായിരുന്നു.[79] ബ്രിട്ടീഷ് ചരിത്രകാരനായ ഡാനിയൽ ജോർജ് എഡ്വേർഡ് ഹാൾ ഇങ്ങനെ പ്രസ്താവിക്കുന്നത് ബർമൻ വംശജർ അരകാനിൽ പത്താം നൂറ്റാണ്ടിന്റെ അവസാനത്തിൽ വരെ താമസിച്ചിരുന്നതായി തോന്നുന്നില്ല എന്നാണ്. അതിനാൽ, മുൻകാല രാജവംശങ്ങൾ ഇന്ത്യൻ വംശജരായരുന്നുവെന്നും ബംഗാളിലെ ജനസംഖ്യയുടെ അത്രയുമുള്ള ഒരു ജനവിഭാഗത്തെ ഭരിച്ചിരുന്നതായും കരുതപ്പെടുന്നു. ചരിത്രത്തിൽ അറിയപ്പെടുന്ന എല്ലാ തലസ്ഥാനങ്ങളും കിഴക്ക് ആധുനിക അക്യാബിനടുത്തുള്ള ഭാഗത്തായിരുന്നു.[80]
ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശമായതിനാൽ, മൗര്യ സാമ്രാജ്യകാലം മുതൽത്തന്നെ ബർമൻ പ്രദേശങ്ങളും പുറംലോകവും തമ്മിലുള്ള സമുദ്ര വ്യാപാരത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും ഒരു പ്രധാന കേന്ദ്രമായിരുന്നു അരാകാൻ.[81] അറേബ്യൻ വ്യാപാരികൾ അരകാനുമായി മൂന്നാം നൂറ്റാണ്ട് മുതൽ ബന്ധപ്പെടുകയും അരകാനിലേക്ക് ബംഗാൾ ഉൾക്കടൽ വഴി എത്തിച്ചേരുകയും ചെയ്തു.[82] എട്ടാം നൂറ്റാണ്ടിൽ തുടങ്ങി, അറബ് വ്യാപാരികൾ മിഷനറി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ധാരാളം നാട്ടുകാർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.[83] ഇന്ത്യയിലേയ്ക്കും ചൈനയിലേയ്ക്കും യാത്രകൾ നടത്താൻ ഈ മേഖലയിലെ വാണിജ്യ മാർഗ്ഗങ്ങൾ മുസ്ലീങ്ങൾ ഉപയോഗിച്ചുവെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം.[84] സിൽക്ക് റോഡിന്റെ ഒരു തെക്കൻ ശാഖ, അക്കാലത്തെ ഇന്ത്യ, ബർമ്മ, ചൈന എന്നിവയെ ബന്ധിപ്പിച്ച് നിയോലിത്തിൽ കാലഘട്ടംമുതൽ നിലനിന്നിരുന്നു.[85][86] ഒൻപതാം നൂറ്റാണ്ടു മുതൽ അരക്കാൻ അതിർത്തിയിലുള്ള തെക്കൻ ബംഗാൾ തീരപ്രദേശങ്ങൾ അറേബ്യൻ കച്ചവടക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്.[87] റോഹിങ്ക്യ ജനത അവരുടെ ചരിത്രത്തെ ഈ കാലഘട്ടത്തിൽ കണ്ടെത്തുന്നു.[88] നാട്ടുകാരെ ഇസ്ലാമിലേയ്ക്കാ ആകർഷിക്കുന്നതിനുപുറമേ അറബ് വ്യാപാരികൾ പ്രാദേശിക വനിതകളെ വിവാഹം കഴിക്കുകയും അരകാനിൽ സ്ഥിരതാമസം തുടങ്ങുകയും ചെയ്തു. വിവാഹവും മതപരിവർത്തനവും മൂലം, അറഖാനിലെ മുസ്ലീം ജനസംഖ്യ ക്രമേണ വർധിച്ചു.[89] ആധുനികകാല രോഹിങ്ക്യ ജനത ആദ്യകാല മുസ്ലിം അധിവാസകരുടെ പന്തുടർച്ചക്കാരെന്നു വിശ്വസിക്കുന്നു.
ബർമ്മൻ പിയു നഗര-സംസ്ഥാനങ്ങളിലെ ഗോത്രക്കാരായിരുന്നു രാഖിൻസ്. ഒൻപതാം നൂറ്റാണ്ടിൽ അറഖാൻ പർവതനിരകളിലൂടെ അറഖാൻ പ്രദേശത്തിലേക്ക് ഇവർ കുടിയേറ്റം നടത്തി. ലെമ്രോ നദിയുടെ താഴ്വരയിൽ സാമ്പാവാക്ക് I, പയിൻസ, പരീൻ, ഹ്ക്രിറ്റ്, സാമ്പാവാക് II, മ്വോഹ്വാങ്, ട്വൊൻഗൂ, ലൌൻഗ്രെറ്റ് എന്നിങ്ങനെ അവർ നിരവധി പട്ടണങ്ങൾ സ്ഥാപിച്ചു. രാഖിൻ പട്ടണങ്ങൾ 1406 ൽ ബർമൻ സൈന്യത്തിന്റെ ആക്രമണത്തിനിരയായി.[90] ബർമീസ് അധിനിവേശം റഖീൻ ഭരണാധികാരികളെ വടക്ക് ഭാഗത്ത് അയൽ ബംഗാളിൽ നിന്നും സഹായം തേടാൻ നിർബന്ധിതരാക്കി.[91]
അറഖാനിലെ ബംഗാൾ മുസ്ലീം കുടിയേറ്റത്തിന്റെ ആദ്യകാല തെളിവുകൾ, മ്രാവുക് യു രാജ്യത്തിലെ മിൻ സോ മോൻ (1430-34) രാജാവിന്റെ കാലത്തു തുടങ്ങുന്നു. 24 വർഷത്തെ ബംഗാൾ പ്രവാസകാലത്തിനു ശേഷം, 1430-ൽ ബംഗാൾ സുൽത്താനേറ്റിന്റെ സൈനിക സഹായത്തോടെ അരാക്കൻ സിംഹാസനം അദ്ദേഹം തിരിച്ചുപിടിച്ചു. അദ്ദേഹത്തോടൊപ്പമെത്തിയ ബംഗാളി വംശജർ ഈ പ്രദേശത്ത് സ്വന്തം കുടിയേറ്റകേന്ദ്രം രൂപപ്പെടുത്തി.[92][93]
1430 കളിൽ നിർമ്മിക്കപ്പെട്ട ശാന്തികാൻ മോസ്ക്, വടക്കു നിന്ന് തെക്കോട്ട് നിന്നും 65 അടിയും കിഴക്ക് മുതൽ പടിഞ്ഞാറ് വരെ 82 അടി വിസ്താരവുമുള്ള അങ്കണം ഉൾപ്പെട്ടതായിരുന്നു. ഈ ദേവാലയം ദീർഘചതുരാകൃതിയിലുള്ള 33 മുതൽ 47 അടിവരെ ഉയരമുള്ള ഒരു കൂറ്റൻ കെട്ടിടമായിരുന്നു.[94]
മിൻ സോ മോൻ രാജാവ് ബംഗാളിലെ സുൽത്താന് ചില പ്രദേശങ്ങൾ വിട്ടുകൊടുക്കുകയും ആ പ്രദേശങ്ങളിൽ അദ്ദേഹത്തിന്റെ പരമാധികാരം അംഗീകരിച്ചു കൊടുക്കുകയും ചെയ്തു. രാജകുടുംബത്തിന്റെ വാസൽ പദവിയ്ക്ക് അംഗീകാരം ലഭിച്ചതനുസരിച്ച്, അറഖാനിലെ ബുദ്ധ രാജാക്കന്മാർ ഇസ്ലാമിക സ്ഥാനപ്പേരുകൾ സ്വീകരിക്കുകയും ബംഗാളി സ്വർണ ദിനാർ രാജ്യത്തിനുള്ളിൽ നാണയമായി ഉപയോഗിച്ചുവരുകയും ചെയ്തു. ഒരു വശത്ത് ബർമൻ അക്ഷരമാലയും, മറുവശത്ത് പേർഷ്യൻ അക്ഷരമാലയുമുള്ള സ്വന്തം നാണയങ്ങളും മിൻ സോ മോൻ അച്ചടിച്ചിരുന്നു.[93] അരക്കാന്റെ ബംഗാളുമായുള്ള ആശ്രിതാവസ്ഥയ്ക്ക് ആയുസു കുറവായിരുന്നു.
1433 ൽ സുൽത്താൻ ജലാലുദ്ദീൻ മുഹമ്മദ് ഷായുടെ മരണത്തിനു ശേഷം, നരമെയ്ഖ്ലായുടെ പിൻഗാമികൾ ബംഗാൾ ആക്രമിക്കുകയും, 1437 ൽ രാമു ഉപാസിലയും 1459 ൽ ചിറ്റഗോംഗും ആക്രമിച്ചു കീഴടക്കുകയും ചെയ്തു. 1666 വരെ അറഖാൻ ചിറ്റഗോംഗിന്റെ നിയന്ത്രണത്തിലായിരുന്നു. ബംഗാളിലെ സുൽത്താന്മാരിൽ നിന്ന് സ്വാതന്ത്ര്യത്തിന് ശേഷവും, അരക്കാനീസ് രാജാക്കന്മാർ മുസ്ലീം സ്ഥാനപ്പേരുകൾ നിലനിർത്തിയുള്ള സമ്പ്രദായം തുടർന്നിരുന്നു.[95] ബുദ്ധമത രാജാക്കന്മാർ ബംഗാൾ സുൽത്താനുമായി സ്വയം താരതമ്യപ്പെടുത്തുകയും, മുഗൾ ഭരണാധികാരികളെ അനുകരിച്ചുള്ള വേഷവിധാനങ്ങൾ ധരിക്കുകയും ചെയ്തു. അവർ രാജഭരണത്തിൻകീഴിലെ അഭിമാനകരമായ സ്ഥാനങ്ങളിൽ മുസ്ലിംകളെ നിയമിക്കുന്നതു തുടരുകയും ചെയ്തു.[96]അവരിൽ ചിലർ അരാക്കാനീസ് കോടതികളിൽ ബംഗാളി, പേർഷ്യൻ, അറബിക് എഴുത്തുകാർ ആയി പ്രവർത്തിച്ചു. ബാക്കിയുള്ള ബുദ്ധമതക്കാരും സമീപ ബംഗ്ലാദേശ് സുൽത്താനത്തിൽ നിന്നും ഇസ്ലാമിക ഫാഷൻ സ്വീകരിച്ചു.[96][92] അരക്കാനീസ് ആക്രമണകാരികൾ അടിമകളായി കൊണ്ടുവന്നവരും, പോർട്ടുഗീസ് കുടിയേറ്റക്കാർ ബംഗാളിൽ ആക്രമണം നടത്തുന്നതു തുടരുകയും ചെയ്തതിന്റെ ഫലമായി പതിനേഴാം നൂറ്റാണ്ടിൽ ജനസംഖ്യ വീണ്ടും വർദ്ധിച്ചു.[96][97][92] അടിമകളിൽ മുഗൾ ഭരണത്തിലെ ഉന്നതരിലെ അംഗങ്ങളും ഉൾപ്പെട്ടിരുന്നു. അർകോനീസ് രാജസഭയിലെ അറിയപ്പെടുന്ന ഒരു കവിയായിരുന്ന അലാവോൾ ഒരു പ്രമുഖ രാജകുടുബത്തിലെ അടിമയായിരുന്നു. രാജാവിന്റെ സേന, വാണിജ്യം, കൃഷിയ ഉൾപ്പെടെ വിവിധതരം തൊഴിലുകളിൽ അടിമത്തൊഴിലാളികളെ ഉപയോഗിച്ചിരുന്നു.[98][99][100]
1660 ൽ മുഗൾ ബംഗാളിലെ ഗവർണ്ണറും മയൂര സിംഹാസനത്തിൻറെ അവകാശികളിലൊരാളുമായിരുന്ന ഷാ ഷുജ, അദ്ദേഹത്തിന്റെ സഹോദരൻ ഔറംഗസേബിനാൽ കജ്വാ യുദ്ധത്തിൽ പരാജയപ്പെടുകയും കുടുംബാംഗങ്ങളുമായി അരകാനിലേക്ക് ഓടിപ്പോകുകയും ചെയ്തു. 1660 ഓഗസ്റ്റ് 26-ന് ഷാ ഷൂജയും അദ്ദേഹത്തിന്റെ അനുചര സംഘവും അരാകനിൽ എത്തി.[101] സാന്ത തുധമ്മ രാജാവ് അദ്ദേഹത്തിന് അഭയം നൽകി. 1660 ഡിസംബറിൽ അരക്കാനീസ് രാജാവ് ഷാ ഷുജയുടെ സ്വർണ്ണവും ആഭരണങ്ങളും കണ്ടുകെട്ടുകയും ഇത് രാജകീയ മുഗൾ അഭയാർഥികളുടെ ഒരു കലാപത്തിന് വഴിവെക്കുകയും ചെയ്തു. വ്യത്യസ്തങ്ങളായ വിവരങ്ങളനുസരിച്ച് ഷാ ഷുജയുടെ കുടുംബം അരാക്കൻ സേനയാൽ കൊല്ലപ്പെട്ടുവെന്നും ഷാ ഷുജ മണിപ്പൂരിലെ ഒരു രാജ്യത്തേക്ക് പലായനം ചെയ്തുവെന്നും കരുതപ്പെടുന്നു. എന്നിരുന്നാലും, ഷാ ഷൂജയുടെ പരിവാരങ്ങളിലുൾപ്പെട്ട അംഗങ്ങൾ അരാകനിൽ തന്നെ തുടരുകയും വില്ലാളികളായും കൊട്ടാരത്തിന്റെ കാവൽക്കാരായും ഉൾപ്പെടെയുള്ള ജോലികളിൽ രാജകീയ സൈന്യം അവരെ നിയമിക്കുകയും ചെയ്തു. ബർമീസ് സൈന്യം കീഴടക്കുന്നതുവരെ അവർ അരാഖാൻ രാജാവിനെ അധികാരത്തിലേക്കുയർത്തുവാനും ഇറക്കുവാനും കഴിവുള്ളവരായി പ്രവർത്തിച്ചു.[102] അറക്കാനികൾ മുഗൾ ബംഗാളിലെ അവരുടെ ആക്രമണങ്ങൾ തുടരുകയും 1625 ൽ ധാക്ക ആക്രമിക്കുകയും ചെയ്തു.[103] ഔറംഗസേബ് ചക്രവർത്തി മുഗൾ ബംഗാളിലെ ഗവർണറായിരുന്ന ഷയിസ്ത ഖാനോട് അരക്കാനീസ്-പോർച്ചുഗീസ് ആക്രമണകാരികളെ അമർച്ച ചെയ്യുവാൻ ഉത്തരവു നൽകി.[104][105]
1666 ൽ ചിറ്റഗോംഗിനെ മ്രാവുക് യു രാജ്യത്തിൽനിന്നു തിരിച്ചു പിടിക്കുവാൻ ഷയിസ്ത ഖാന്റെ നേതൃത്വത്തിൽ 6000 സൈനികരും 288 യുദ്ധക്കപ്പലുകളുമടങ്ങിയ സേന ഒരുക്കം തുടങ്ങി.[106] കലഡാൻ നദി വരെ മുഗൾ സേനയുടെ പര്യടനം തുടർന്നു. മുഗളന്മാർ അരക്കാന്റെ വടക്കൻ ഭാഗങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലും ആശ്രിതഭരണത്തിലുമാക്കി.[107] വടക്കൻ അരകനിലേയ്ക്ക് മുസ്ലീം ജനസംഖ്യ കേന്ദ്രീകരിക്കപ്പെട്ടു. 1960 ൽ ബർമ്മയിലെ ആരോഗ്യമന്ത്രി സുൽത്ത മഹ്മൂദ്, കലദാൻ നദി, റോഹിങ്ക്യയും റഖീൻ മേഖലയും തമ്മിലുള്ള അതിർത്തിയായി ചൂണ്ടിക്കാട്ടിയിരുന്നു.[108]
1785-ൽ കൊൻബൌങ് രാജവംശം അർക്കാൻ പിടിച്ചടക്കുകയും റാഖൈൻ സംസ്ഥാനത്തിലെ ഏകദേശം 35,000 ആൾക്കാർ ബാമർ ജനങ്ങളിൽനിന്നുള്ള പീഡനങ്ങളിൽനിന്നു രക്ഷതേടി ബ്രിട്ടീഷ് ബംഗാളിലെ ചിറ്റഗോംഗ് പ്രദേശത്തേയ്ക്കു രക്ഷപ്പെട്ടു.[109]ബാമർ ജനങ്ങൾ ആയിരക്കണക്കിന് പുരുഷൻമാരെ വധശിക്ഷയ്ക്ക് വിധിക്കുകയും റഖീനിൽ നിന്നുള്ള ഒരു വലിയ ഭാഗം ജനങ്ങളെ മധ്യ ബർമ്മയിലേക്കുള്ള നാടുകടത്തുകയും ചെയ്തു. ബ്രിട്ടീഷുകാർ പിടിച്ചടക്കിയകാലത്ത് അരാഖാൻ വളരെ കുറവു ജനസംഖ്യയുള്ള ഒരു പ്രദേശം ആയിരുന്നു.[110]1799 ൽ ബ്രിട്ടീഷുകാരനായ ഫ്രാൻസിസ് ബുക്കാനാൻ-ഹാമിൽട്ടന്റെ "ബർമ്മ സാമ്രാജ്യം" എന്ന ആനുകാലികത്തിൽ പ്രസിദ്ധീകരിച്ച ലേഖനം അനുസരിച്ച്, "അറഖാനിൽ ഏറെക്കാലം അധിവസിച്ചിരുന്ന മുഹമ്മദീയർ, സ്വയം "റൂയിംഗ", അല്ലെങ്കിൽ തദ്ദേശീയ അറാക്കാനുകൾ എന്നു വിശേഷിപ്പിച്ചിരുന്നു.[111] എന്നിരുന്നാലും, ഡെറക് ടോക്കിൻ പറയുന്നതനുസരിച്ച്, ഹാമിൽട്ടൺ ഈ പദം പിന്നീടുള്ള തന്റെ പ്രസിദ്ധീകരണങ്ങളിൽ ആരക്കാനിലെ മുസ്ലീങ്ങളെ പരാമർശിക്കുന്നതിനായി ഉപയോഗിച്ചിരുന്നില്ല.[112] സർ ഹെൻട്രി യൂലെ ബർമൻ തലസ്ഥാനമായിരുന്ന ആവായിലേക്കുള്ള തന്റെ ഒരു നയതന്ത്ര ദൗത്യത്തിൽ, നിരവധി നപുംസകങ്ങളായ മുസ്ലിംകൾ കൊൺബൌങ് രാജവംശത്തിൽ സേവനം നടത്തിയിരുന്നത് കണ്ടിരുന്നതായി പറയപ്പെടുന്നു.[113][114]
ഇന്ത്യയിലെ ബ്രിട്ടീഷ് നയം ബംഗാൾ നിവാസികളെ അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് അക്കാലത്ത് ജനസംഖ്യ വളരെ കുറവായിരുന്നതും ഫലഭൂയിഷ്ടവുമായിരുന്ന അരാക്കൻ താഴ്വരയിലേയ്ക്കു കർഷകത്തൊഴിലാളികളായി കുടിയേറുവാൻ പ്രോത്സാഹിപ്പിച്ചു. ഈസ്റ്റ് ഇന്ത്യാ കമ്പനി അരാക്കനിലേയ്ക്ക് ബംഗാൾ പ്രസിഡൻസി വിപുലപ്പെടുത്തി. അക്കാലത്ത് ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന ബംഗാളും അരക്കാനും തമ്മിൽ അന്തർദേശീയ അതിർത്തിയോ അങ്ങോട്ടുമിങ്ങോട്ടുമുള്ള കുടിയേറ്റത്തിന് നിയന്ത്രണങ്ങളോ ഇല്ലായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ചിറ്റഗോങ്ങ് പ്രദേശത്തുനിന്നും ആയിരക്കണക്കിന് ബംഗാളികൾ അരാകനിലേയ്ക്ക് ജോലി തേടി പോയി.[115] പതിനെട്ടാം നൂറ്റാണ്ടിൽ ബർമീസ് പിടിച്ചടക്കൽ സമയത്ത് ബംഗാളിലെ ചിറ്റഗോംഗിലേക്ക് നാടുകടത്തപ്പെട്ട ജനവിഭാഗം പിന്നീട് ബ്രിട്ടീഷ് നയത്തിന്റെ ഫലമായി അരക്കാനിലേയ്ക്കു തിരിച്ചു പോയതാണോ അരക്കാനിൽ പൂർവ്വികബന്ധമില്ലാത്ത ബംഗാളിൽനിന്നുള്ള പുതിയ കുടിയേറ്റക്കാരാണോ ഇവർ എന്ന് തിരിച്ചറിയുക തികച്ചും പ്രയാസമാണ്.[116]
1872 ലെ ബ്രിട്ടീഷ് സെൻസസ് പ്രകാരം അക്യാബ് ജില്ലയിലെ മുസ്ലിം ജനങ്ങളുടെ എണ്ണം 58,255 ആയിരുന്നു. 1911 ആയപ്പോഴേക്കും മുസ്ലിം ജനസംഖ്യ 178,647 ആയി വർദ്ധിച്ചു.[117]
ബ്രിട്ടീഷ് ഇന്ത്യയിൽ നിന്നു നെൽപ്പാടങ്ങളിൽ ജോലി ചെയ്യാനുള്ള കുറഞ്ഞ വേതനമുള്ള തൊഴിലാളികളുടെ ആവശ്യകതയാണ് പ്രധാനമായി കുടിയേറ്റത്തിന്റെ തരംഗങ്ങൾ ഉണർത്തിവിട്ടത്. ഇക്കാലത്ത് പ്രധാനമായും ചിറ്റഗോംഗ് മേഖലയിൽ നിന്നുള്ള ബംഗാളി കുടിയേറ്റക്കാർ പടിഞ്ഞാറൻ ടൗൺഷിപ്പായ അരാക്കനിലേക്ക് ഒഴുകിയെത്തി. ബ്രിട്ടീഷ് ഇന്തയുടെ ഭാഗമായിരുന്ന ആരാക്കാൻ ഉൾപ്പെടെയുള്ള ബർമ്മൻ പ്രദേശത്തേയ്ക്കുള്ള കുടിയേറ്റം അക്കാലത്ത് രാജ്യവ്യാപകമായ ഒരു പ്രതിഭാസമായിരുന്നു.[118] ഈ കാരണങ്ങളാൽ 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ കൂടുതൽ റോഹിങ്ക്യ വംശജരും ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കൊപ്പം എത്തിയതാണെന്നു ചരിത്രകാരന്മാർ വിശ്വസിച്ചിരുന്നു.[119] ചരിത്രകാരനും പ്രസിഡന്റ് തെയിൻ സെയിനിന്റെ ഉപദേശകനുമായിരുന്ന താന്റ് മയിന്റ്-യു പറയുന്നതനുസരിച്ച്, "ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, ചുരുങ്ങിയത് വർഷത്തിൽ 1/4 മില്യൺ ഇന്ത്യക്കാർ ബർമ്മൻ പ്രദേശങ്ങളിൽ എത്തിച്ചേർന്നുവെന്ന് വിലയിരുത്തപ്പെടുന്നു. കുടിയേറ്റം കുത്തനെ ഉയർന്ന 1927 വരെ ഇത് 480,000 ആളുകളിൽ എത്തിച്ചേരുകയും ലോകത്തിലെ ഏറ്റവും വലിയ കുടിയേറ്റ തുറമുഖ നഗരമായ ന്യൂയോർക്ക് നഗരത്തെ റംഗൂൺ മറികടക്കുകയും ചെയ്തു. അപ്പോഴേക്കും ബർമയിലെ യംഗോൺ, സിറ്റ്വെ, പാഥേൻ, മാവ്ലാമ്വൈൻ എന്നീ വലിയ നഗരങ്ങളിൽ ഇന്ത്യൻ കുടിയേറ്റക്കാർ ജനസംഖ്യയിൽ ഭൂരിഭാഗമായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ ബർമ നിസ്സഹായമായിരുന്നു, ശ്രേഷ്ഠതയും ഭയവും കൂടിച്ചേർന്ന തരം വംശീയതയിലൂന്നിയുള്ള പ്രതികരണങ്ങൾ ഇക്കാലത്ത് പുറത്തുവന്നിരുന്നു.[120] ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആൻഡ്രൂ സേൽത്ത് എഴുതിയതനുസരിച്ച് 15, 16 നൂറ്റാണ്ടുകളിൽ അരകാനിൽ ജീവിച്ചിരുന്ന മുസ്ലിംകൾക്ക് അവരുടെ പൂർവികരെ കണ്ടെത്താനായെങ്കിലും മിക്ക റോഹിംഗ്യന്മാരും 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകൾക്കൊപ്പം എത്തിയവരായിരുന്നു.[121][122]
ബ്രിട്ടീഷ് കുടിയേറ്റ നയത്തിന്റെ സ്വാധീനം തീവ്രമായിരുന്നു, പ്രത്യേകിച്ച് അരാക്കാനിൽ. അത് കൊളോണിയൽ സമ്പദ്വ്യവസ്ഥയെ ഉയർത്തിയിരുന്നെങ്കിലും പ്രാദേശിക അരക്കാനികളെ അത് രോഷാകുലരാക്കി.[123]
ചരിത്രകാരനായ ക്ളിവ് ജെ. ക്രിസ്റ്റിയുടെ അഭിപ്രായത്തിൽ, ഈ പ്രശനത്തിന് ബർമീസ് ദേശീയവാദികൾ അടിസ്ഥാന പ്രാധാന്യം നൽകി. 1930-31 കാലഘട്ടങ്ങളിൽ ലോവർ ബർമയിൽ ഗുരുതരമായ ഇന്ത്യൻ വിരുദ്ധ അസ്വാസ്ഥ്യങ്ങൾ ഉണ്ടായിരുന്നു. എന്നാൽ 1938 ൽ കലാപങ്ങൾ ഇന്ത്യൻ മുസ്ലിം സമുദായത്തിനെതിരായിമാറി. രണ്ടാം ലോകമഹായുദ്ധത്തിനു മുൻപ് ബർമീസ് ദേശീയത്വം ദൃഢമായിത്തീരുകയും ഇന്ത്യൻ സാന്നിദ്ധ്യവും ഇന്ത്യൻ മുസ്ലിംകൾവഴി ഇറക്കുമതി ചെയ്ത മതവും ആക്രമണങ്ങൾക്കു വിധേയമായി. വടക്കൻ അരാക്കനിലെ തദ്ദേശീയരായ മുസ്ലീങ്ങളും ഈ പോരാട്ടത്തിന്റെ ഇരകളായി മാറി.
അറഖാൻ പ്രദേശം കടൽ വഴി പ്രവേശിക്കുവാൻ കൂടുതൽ എളുപ്പമുള്ളതായിരുന്നു.[124] I ബ്രിട്ടീഷ് ആരകൻ ഡിവിഷനിൽ, അക്യാബ് തുറമുഖത്ത് ഫെറി സർവ്വീസുകൂടാതെ ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോംഗ്, നാരായൺഗഞ്ച്, ധാക്ക, കൊൽക്കത്ത തുടങ്ങിയ തുറമുഖങ്ങളുമായും ഒപ്പം റംഗൂണുമായും സമ്പന്നമായ വ്യാപാരം നടന്നിരുന്നു.[125][126] യൂറോപ്പിൽ നിന്നും ചൈനയിൽ നിന്നുമുള്ള കപ്പൽ വ്യൂഹങ്ങൾ എത്തിയിരുന്ന അക്യാബ് അക്കാലത്ത് ലോകത്തിലെ ഒരു പ്രമുഖ അരിവ്യാപാര തുറമുഖങ്ങളിലൊന്നായിരുന്നു.[127] പല ഇന്ത്യാക്കാരും അക്യാബിൽ താമസമുറപ്പിക്കുകയും തുറമുഖത്തും പശ്ചാത്തല പ്രദേശങ്ങളിലും സ്വാധീനവുമുറപ്പിക്കുയും ചെയ്തിരുന്നു.1931 ലെ ഒരു സെൻസസ് പ്രകാരം അക്യാബിൽ താമസിച്ചിരുന്ന ഇന്ത്യാക്കാരുടെ എണ്ണം 500,000 ആയിരുന്നു.[128]
ബർമയിലെ നിയമസഭാ കൗൺസിലിലും ബർമയിലെ നിയമനിർമ്മാണസഭയിലുമുൾപ്പെടെ ബർമയിലെ തദ്ദേശീയ സീറ്റുകളിലേയ്ക്ക് ധാരാളം അരാക്കൻ ഇന്ത്യക്കാർ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1936 ലെ ബർമീസ് പൊതുതിരഞ്ഞെടുപ്പിൽ അക്യാബ് വെസ്റ്റിൽ നിന്നും അഡ്വക്കേറ്റ് യു ഫോ ഖൈനെയും മൗംഗ്ഡാവ്-ബുധിദൗങ്ങിൽ നിന്ന് ഗണി മാർക്കനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1939-ൽ മാംഗ്ഡാവ്-ബുധിദൗങിൽ നിന്നും യു തൻവി മാർക്കാൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബർമ്മയിലെ തദ്ദേശീയ വിഭാഗത്തിൽനിന്നുള്ള അവരുടെ തിരഞ്ഞെടുപ്പ്, കുടിയേറ്റക്കാരായ ഇന്ത്യൻ സമാജികരിൽനിന്ന് അവരെ വേർപെടുത്തിയിരുന്നു.[129]
രണ്ടാം ലോക മഹായുദ്ധസമയത്ത് ഇംപീരിയൽ ജപ്പാനീസ് സൈന്യം (IJA) ബ്രിട്ടീഷ് നിയന്ത്രിത ബർമയിലേക്ക് പ്രവേശിച്ചിരുന്നു.
1940 കളിലെ പാകിസ്താൻ പ്രക്ഷോഭ സമയത്ത് പടിഞ്ഞാറൻ ബർമയിലെ റോഹിങ്ക്യ മുസ്ലിംകൾ ഈ പ്രദേശം കിഴക്കൻ പാകിസ്താനിലേക്ക് ലയിപ്പിക്കാൻ ഒരു വിഘടനവാദ പ്രസ്ഥാനത്തിന് രൂപം നൽകിയിരുന്നു. [114] യുദ്ധാനന്തരമുള്ള മുസ്ലിംകളുടെ അവസ്ഥയെക്കുറിച്ച് ബ്രിട്ടീഷുകാർക്കുള്ള ഉത്തരവാദിത്തം വ്യക്തമല്ലായിരുന്നു. മറ്റു ന്യൂനപക്ഷങ്ങൾക്കൊപ്പം മുസ്ലിം വിഭാഗത്തിന് അവരുടെ വിശ്വസ്തതയ്ക്ക് തക്കതായ പ്രതിഫലം നൽകണമെന്ന് ആൻഡ്രൂ ഇർവിനെപ്പോലെയുള്ള വി ഫോഴ്സ് ഓഫീസർമാർക്ക് തോന്നിയിരുന്നു. ബ്രിട്ടീഷുകാർ മാംഗ്ഡാവ് മേഖലയിൽ അവർക്ക് ഒരു 'മുസ്ലിം ദേശീയ മേഖല' നൽകുമെന്ന് മുസ്ലീം നേതാക്കൾ വിശ്വസിച്ചിരുന്നു. ഭാവിയിലെ ബുദ്ധമതക്കാർക്ക് ഭൂരിപക്ഷമുള്ള ഒരു ഭരണകൂടത്തെ അവർ ഭയന്നിരുന്നു. 1946 ൽ പാകിസ്താനിലേയ്ക്കു ചേർത്ത് പ്രദേശം സ്വതന്ത്രമാക്കാനും ഒരു സ്വതന്ത്ര രാജ്യത്തിനുവേണ്ടിയും ആഹ്വാനമുണ്ടായിരുന്നു.[130][131] 1948 ജനുവരിയിൽ ബ്രിട്ടീഷ് ഇന്ത്യയിൽനിന്നു വേർപെടുത്തി ബർമ്മയ്ക്കു സ്വാതന്ത്ര്യം നൽകുന്നതിനു മുമ്പ്, ആർക്കാനിലെ മുസ്ലീം നേതാക്കൾ, പാകിസ്താൻ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയെ അഭിസംബോധന ചെയ്യുകയും കിഴക്കൻ പാകിസ്താനുമായുള്ള അവരുടെ മതപരമായ ബന്ധവും, ഭൂമിശാസ്ത്രപരമായ സമീപനവും കണക്കിലെടുത്ത്, മയൂ പ്രവിശ്യ പാകിസ്താനിലേക്ക് സംയോജിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സഹായം തേടിയിരുന്നു.[114] രണ്ടു മാസത്തിനുശേഷം അക്യാബിൽ (ആധുനിക സിറ്റ്വെ) വടക്കൻ അരാക്കാൻ മുസ്ലീം ലീഗ് സ്ഥാപിക്കപ്പെട്ടു.[114]ബർമൻ വിഷയങ്ങളിൽ ഇടപെടാൻ തയ്യാറാകാത്ത നിലയിലാണെന്ന പ്രഖ്യാപനത്തോടെ ഈ വിഷയം ജിന്ന തള്ളിക്കളഞ്ഞതുകൊണ്ട് നിർദ്ദേശം ഒരുക്കലും പ്രാവർത്തികമായില്ല.[114]
ബംഗ്ലാദേശിൽ നിന്നുള്ള സ്വാതന്ത്ര്യാനന്തര കുടിയേറ്റത്തിന്റെ വ്യാപ്തിയും എണ്ണവും വിവാദങ്ങൾക്കും ചർച്ചകൾക്കും വിധേയമാണ്.
1955 ൽ സ്റ്റാൻഫോർഡ് സർവകലാശാല പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വെർജീനിയൻ തോംസൺ, റിച്ചാർഡ് അഡ്ലോഫ് തുടങ്ങിയ എഴുത്തുകാർ ഇപ്രകാരം എഴുതി. "യുദ്ധാനന്തര കാലം (രണ്ടാം ലോകമഹായുദ്ധം) ഈ പ്രദേശത്തേയ്ക്കുള്ള ചിറ്റഗോണികളുടെ അനധികൃത കുടിയേറ്റം വലിയ അളവിൽ ആയിരുന്നു, മൗങ്ഡോ, ബുഥിഡൌങ് എന്നീ മേഖലകളിൽനിന്ന് അരക്കാനികൾ തള്ളി മാറ്റിപ്പെട്ടു".[132]
ഇന്റർനാഷണൽ ക്രൈസിസ് ഗ്രൂപ്പ് (ICG) റിപ്പോർട്ട് അനുസരിച്ച്, ഈ കുടിയേറ്റക്കാർ യഥാർത്ഥത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്ത് സ്ഥലം മാറ്റപ്പെട്ട റോഹിംഗ്യകൾ ആയിരുന്നു. അവർ ബർമയുടെ സ്വാതന്ത്ര്യത്തിനുശേഷം അറഖാനിലേക്ക് മടങ്ങിപ്പോകുകയും എന്നാൽ അനധികൃത കുടിയേറ്റക്കാരായി മുദ്രകുത്തപ്പെടുകയും ചെയ്തു. മറ്റു പലർക്കും മടങ്ങിയെത്താൻപോലുമായില്ല.[133]
ബർമ്മയുടെ തനതായ വംശീയ ഗ്രൂപ്പായി റോഹിങ്ക്യൻ സമുദായം അംഗീകരിക്കപ്പെട്ടിരുന്നു. ബർമ്മയിലെ പാർലമെന്റ് പ്രതിനിധികൾ, മന്ത്രിമാർ, പാർലമെന്ററികാര്യ സെക്രട്ടറിമാർ, സർക്കാരിലെ മറ്റ് ഉന്നത പദവികൾ എന്നിവയൊക്കെ അവയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ 1962 ൽ ബർമയിലെ സൈനിക ഭരണകൂടം രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം റോഹിങ്ക്യക്കാരുടെ രാഷ്ട്രീയ അവകാശങ്ങൾ വ്യവസ്ഥാപിതമായി നഷ്ടപ്പെടുത്തിപ്പെട്ടു.[134]
1962-ലെ ബർമീസ് പട്ടാള അട്ടിമറിക്ക് ശേഷം ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധമുള്ള ആളുകൾക്കെതിരെയുള്ള വംശീയത ആളിക്കത്തിയിരുന്നു. സോഷ്യലിസ്റ്റ് സൈനിക ഗവൺമെന്റ് ബർമീസ് ഇന്ത്യൻ സമൂഹത്തിന്റെ പല സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാ സ്വത്തുക്കളും ദേശസാൽക്കരിച്ചു. 1962 നും 1964 നും ഇടക്കുള്ള കാലത്ത് ഏകദേശം 320,000 ബർമീസ് ഇന്ത്യക്കാർ രാജ്യം വിടാൻ നിർബന്ധിതരായിത്തീർന്നു.[135][136]
രോഹിംഗിയെന്നറിയപ്പെടുന്നവർ സാധാരണയായി ബംഗ്ലാദേശ് അതിർത്തിയോട് ചേർന്നുള്ള അരാക്കനിലെ ഏറ്റവും വടക്കുള്ള പട്ടണങ്ങളിൽ വസിക്കുന്നവരാണ്. അവിടെ 80-98% ജനസംഖ്യയുണ്ട്.
ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ ഉപശാഖയായ ഇന്തോ-ആര്യൻ ഉപഭാഷാ കുടുംബത്തിന്റെ ഭാഗമാണ് റോഹിങ്ക്യ ഭാഷ. ഇത് ബംഗ്ലാദേശിന്റെ ഏറ്റവും തെക്ക് മ്യാന്മറുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തു സംസാരിക്കുന്ന ചിറ്റഗോണിയൻ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു.
റോഹിങ്ക്യക്കാർ സുന്നി ഇസ്ലാം വിഭാഗത്തിൽപ്പെട്ടവരാണ്. സർക്കാർ അവരുടെ വിദ്യാഭ്യാസ അവസരങ്ങൾ നിയന്ത്രിക്കുന്നു; പലരും അടിസ്ഥാന ഇസ്ലാമിക പഠനങ്ങൾ മാത്രമാണ് നടത്തുന്നത്. മതപഠനത്തിനുള്ള സാഹചര്യം പലപ്പോഴും അടയ്ക്കപ്പെട്ടിരിക്കുന്നു. പലകാലങ്ങളിലായി വല്ല വിധേനയും രക്ഷപ്പെട്ട് പുറത്ത് പോയി മതപഠനം കഴിഞ്ഞു തിരിച്ചു വരുന്നവരെ പ്രവിശ്യയിൽ പ്രവേശിക്കാൻ പലപ്പോഴും അനുവദിക്കാറില്ല.
മിക്ക ഗ്രാമങ്ങളിലും പള്ളികളും മദ്രസകളും നിലനിൽക്കുന്നുണ്ട്. പരമ്പരാഗതമായി പുരുഷന്മാർ പള്ളിയിലും സ്ത്രീകൾ വീട്ടിലും പ്രാർത്ഥിക്കുന്നു.
റോഹിങ്ക്യക്കാർ ആരോഗ്യപരിരക്ഷാകാര്യങ്ങളിലും വിവേചനങ്ങളും തടസ്സങ്ങളും നേരിടുന്നു.[137] 'ദ ലാൻസെറ്റ്' എന്ന വൈദ്യശാസ്ത്ര ജേണലിൽ 2016 ൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, ഭാരക്കുറവ്, പോഷകാഹാരക്കുറവ്, വയറിളക്കം, പ്രായപൂർത്തിയെത്തുന്നതിനുള്ള തടസ്സങ്ങൾ എന്നിവ മ്യാൻമറിലെ കുട്ടികൾ നേരിടുന്നു.
റോഹിങ്ക്യ ജനതയെ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ന്യൂനപക്ഷ വിഭാഗങ്ങളിലൊന്നായും ലോകത്തിലെ ഏറ്റവും പീഡിതരായ ആളുകളായും വിശേഷിപ്പിക്കപ്പെടുന്നു.[138][139] റോഹിങ്ക്യകൾക്ക് സ്വതന്ത്ര സ്വാതന്ത്ര്യത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു.[140] ബർമ്മൻ ദേശീയത നിയമം അവതരിപ്പിക്കപ്പെട്ടതോടെ അവർക്ക് ബർമ്മീസ് പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു.[141] അവർക്ക് ഔദ്യോഗിക അനുമതിയില്ലാതെ യാത്രചെയ്യാൻ അനുവാദമില്ല. നിയമത്തിൽ കർശനമായി നടപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും രണ്ട് കുട്ടികളിൽ കൂടുതൽ ഉണ്ടാകരുതെന്നുള്ള പ്രതിജ്ഞാപത്രികയിൽ അവർ ഒപ്പുവയ്ക്കേണ്ടതുണ്ട്. അവ നിരന്തരമായി നിർബന്ധിത തൊഴിലെടുപ്പിക്കലുകൾക്ക് വിധേയരാണ്. (സാധാരണഗതിയിൽ ഒരു റോഹിങ്ക്യക്കാരൻ ആഴ്ചയിൽ ഒരു ദിവസം വീതം നിർബന്ധിതമായി സൈനികോദ്യോഗസ്ഥനോടൊപ്പമോ സൈനിക മന്ത്രാലയത്തിലോ ഗവൺമെൻറ് പ്രോജക്ടുകളിലോ ജോലി ചെയ്യേണ്തുണ്ട്, അതുപോലെ ആഴ്ചയിൽ ഒരു ദിവസം കാവൽപ്പുരയിലും ജോലിചെയ്യണം).[142] റോഹിങ്ക്യകൾക്ക് തങ്ങളുടെ പ്രദേശത്ത് വളരെയധികം കൃഷിചെയ്യുന്നതിനുള്ള ഭൂമി നഷ്ടപ്പെടുന്നു, ഈ ഭൂമി സൈന്യം പിടിച്ചെടുക്കുകയും മ്യാൻമറിലെവിടെ നിന്നെത്തുന്ന ബുദ്ധമതക്കാരായ കുടിയേറ്റക്കാർക്കു നൽകുന്നു.[143][144]
ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നതു പ്രകാരം, റോഹിങ്ക്യക്കാർ 1978 മുതൽ സൈനിക ഏകാധിപത്യത്തിൻകീഴിൽ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായിട്ടുണ്ട്, അതിന്റ ഫലമായി അവരിൽ പലരും ബംഗ്ലാദേശിലേക്ക് ഓടിപ്പോയിരിക്കുന്നു.[145] 2005 ൽ ഐക്യരാഷ്ട്രസംഘടനയുടെ അഭയാർഥികൾക്കായുള്ള ഹൈക്കമ്മീഷണർ ബംഗ്ലാദേശിൽനിന്നുള്ള റോഹിങ്ക്യൻ വംശജരെ പുനരധിവാസത്തിനു സഹായിക്കാനുള്ള പദ്ധതികൾ തയ്യാറാക്കിയെങ്കിലും അഭയാർഥി ക്യാമ്പുകളിലെ മനുഷ്യാവകാശ ലംഘന ആരോപണങ്ങൾ ഈ പരിശ്രമത്തിനു ഭീഷണിയായിത്തീർന്നു.[146] 2012 ലെ വർഗീയ കലാപത്തിന് ശേഷം 140,000 റോഹിങ്ക്യകൾ IDP അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നു.[147] ഐക്യരാഷ്ട്ര സഭ മുൻകൈയെടുത്തു പരിശ്രമിച്ചിട്ടും, 2012 ലെ വർഗീയ ലഹളകളുടേയും മ്യാന്മറിൽ മടങ്ങിയെത്തുമ്പോഴുള്ള പീഡനഭീതികളും കാരണമായി ബംഗ്ലാദേശിലെ റോഹിങ്ക്യ അഭയാർഥികളിൽ ഭൂരിഭാഗവും മ്യാന്മറിൽ മടങ്ങിയെത്തിയില്ല. ബംഗ്ലാദേശിലേക്കുള്ള രോഹിങ്ക്യൻ അഭയാർഥികളുടെ ഒഴുക്കിനു വിരാമമിടുക എന്ന ലക്ഷ്യം മുൻനിറുത്തി ബംഗ്ലാദേശ് ഗവൺമെന്റ് റോഹിങ്ക്യകൾക്കു കൊടുത്തിരുന്ന പിന്തുണയുടെ അളവ് കുറച്ചിരിക്കുന്നു.[148] 2009 ഫെബ്രുവരിയിൽ, കടലിലൂടെ രക്ഷപെടാൻ ശ്രമിച്ച റോഹിങ്ക്യൻ അഭയാർഥികളെ 21 ദിവസങ്ങൾക്കുശേഷം മലാക്ക കടലിടുക്കിലെ ആച്ചെനീസ് നാവികർ രക്ഷപെടുത്തിയിരുന്നു.[149]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.