യോങ്കേഴ്സ്
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
യോങ്കേഴ്സ് (/ˈjɒŋkərz/[5]) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്ക് നഗരം, ബഫല്ലോ, റോച്ചസ്റ്റർ എന്നിവയ്ക്കുശേഷം സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള നാലാമത്തെ നഗരമാണിത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം 195,976 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2018 ൽ 2.5% വർദ്ധിച്ച് 199,663 ആയി ഉയരുമെന്ന് കണക്കാക്കിയിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ ആന്തരിക പ്രാന്തപ്രദേശമായ ഇത് ബ്രോങ്ക്സിനു നേരിട്ട് വടക്കുവശത്തായും, മാൻഹാട്ടന്റെ ഏറ്റം വടക്കേ അറ്റത്ത് നിന്ന് ഏകദേശം രണ്ട് മൈൽ (3 കിലോമീറ്റർ) വടക്കായുമാണ് സ്ഥിതിചെയ്യുന്നത്.
|
മുനിസിപ്പൽ സർക്കാർ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന ഗെറ്റി സ്ക്വയർ എന്നറിയപ്പെടുന്ന പ്ലാസയിലാണ് യോങ്കേഴ്സ് നഗരകേന്ദ്രം. നഗരകേന്ദ്രമേഖലയിൽ കാര്യമായ പ്രാദേശിക വ്യവസായങ്ങൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതു കൂടാതെ, യോങ്കേഴ്സിന്റെയും വടക്കുപടിഞ്ഞാറൻ ബ്രോൻക്സിന്റെയും പ്രധാന ചില്ലറ കേന്ദ്രമായും വർത്തിക്കുന്നു.
നിലവിലെ മാൻഹട്ടൻ-ബ്രോങ്ക്സ് അതിർത്തിയിലെ മാർബിൾ ഹില്ലിൽനിന്ന് വടക്കോട്ട് 12 മൈലും (19 കിലോമീറ്റർ), ഹഡ്സൺ നദി മുതൽ കിഴക്കോട്ട് ബ്രോങ്ക്സ് നദി വരെയുമായി വ്യാപിച്ചു കിടന്നിരുന്ന 24,000 ഏക്കർ (97 ചതുരശ്ര കിലോമീറ്റർ) വിസ്തൃതിയുള്ള കോലൻ ഡോങ്ക് എന്നറിയപ്പെട്ടിരുന്ന ഭൂദാനത്തിന്റെ ഭാഗമായിരുന്നു നഗരം പണിതുയർത്തിയ ഭൂമി. 1645 ജൂലൈയിൽ, ഈ പ്രദേശം കോലൻ ഡോങ്കിന്റെ രക്ഷാധികാരിയായ അഡ്രിയാൻ വാൻ ഡെർ ഡോങ്കിന് നൽകപ്പെട്ടിരുന്നു. വാൻ ഡെർ ഡോങ്കിനെ പ്രാദേശികമായി ജോങ്കീർ അല്ലെങ്കിൽ ജോങ്കർ എന്നാണ് വിളിച്ചിരുന്നത് (പദശാസ്ത്രപരമായി, "യംഗ് ജന്റിൽമാൻ," പഴയ ഡച്ചിലെ ജോങ് (യുവ), ഹീർ ("പ്രഭു"); ഫലത്തിൽ, "എസ്ക്വയർ"), ഈ വാക്കിൽ നിന്ന് " യോങ്കേഴ്സ് "നേരിട്ട് ഉരുത്തിരിഞ്ഞതാണ്.[6] ഇപ്പോൾ 'സോ മിൽ നദി' എന്നറിയപ്പെടുന്ന നെപ്പർഹാൻ ക്രീക്ക് ഹഡ്സൺ നദിയുമായി ചേരുന്ന സ്ഥലത്തിനടുത്ത് വാൻ ഡെർ ഡോങ്ക് ഒരു തടിമിൽ നിർമ്മിച്ചു. ഇന്ത്യൻ വർഗ്ഗക്കാരുമായി നടന്ന പീച്ച് യുദ്ധത്തിൽ വാൻ ഡെർ ഡോങ്ക് കൊല്ലപ്പെട്ടു. ഭാര്യ മേരി ഡൌഗ്ട്ടി ബന്ദിയാക്കപ്പെടുകയും പിന്നീട് മോചനദ്രവ്യം നൽകി വിട്ടയക്കപ്പെടുകയും ചെയ്തു.
വാൻ ഡെർ ഡോങ്കിന്റെ മില്ലിന് സമീപം ഇന്ന് ഒരു മ്യൂസിയമായും ചരിത്രരേഖാശേഖരണ കേന്ദ്രമായും പ്രവർത്തിക്കുന്ന കൊളോണിയൽ കാലഘട്ടത്തിലെ മാടമ്പി ഭവനമായ ഫിലിപ്സ് മാനർ ഹാൾ സ്ഥിതിചെയ്യുന്നു. ഇവിടം അമേരിക്കൻ വിപ്ലവത്തിന് മുമ്പുള്ള ജീവിതത്തെക്കുറിച്ച് നിരവധി കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. 1682 ൽ ഫ്രെഡറിക് ഫിലിപ്സും ഭാര്യ മാർഗരറ്റ് ഹാർഡൻബ്രൂക്കും ചേർന്നാണ് പിൽക്കാലത്ത് വലുതാക്കിയ ഇതിന്റെ യഥാർത്ഥ ഘടന നിർമ്മിച്ചത്. മരണസമയത്ത് ഒരു വലിയ എസ്റ്റേറ്റ് സ്വന്തമായുണ്ടായിരുന്നു ഫ്രെഡറിക് ഒരു ധനികനായ ഡച്ചുകാരനായിരുന്നു. ഈ എസ്റ്റേറ്റ് ആധുനിക നഗരമായ യോങ്കേഴ്സിനെയും മറ്റ് നിരവധി ഹഡ്സൺ റിവർ ടൌണുകളെയും ഉൾക്കൊള്ളുന്നു. അമേരിക്കൻ വിപ്ലവകാലത്ത് ബ്രിട്ടീഷ് കിരീടത്തോട് കൂറുണ്ടായിരുന്ന ഒരു പ്രമുഖ ലോയലിസ്റ്റായിരുന്ന ഫിലിപ്സിന്റെ ചെറുമകനായ ഫ്രെഡറിക് ഫിലിപ്സ് മൂന്നാമൻ, അദ്ദേഹത്തിന്റെ രാഷ്ട്രീയ ചായ്വ് കാരണം ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതനായി. ഫിലിപ്സ് കുടുംബത്തിന്റെ ഭൂമി മുഴുവൻ സർക്കാർ കണ്ടുകെട്ടുകയം വിൽപ്പന നടത്തുകയും ചെയ്തു.
ആദ്യത്തെ 200 വർഷക്കാലം, സജീവമായ ഒരു നദീതടപ്രദേശമുള്ള ഒരു ചെറിയ കാർഷിക നഗരമായിരുന്നു യോങ്കേഴ്സ്. യോങ്കേഴ്സിന്റെ പിൽക്കാല വളർച്ച പ്രധാനമായും ക്രമേണ വളരുന്ന വ്യവസായങ്ങളെ ആശ്രയിച്ചായിരുന്നു. 1853-ൽ എലിഷാ ഓട്ടിസ് ആദ്യത്തെ സുരക്ഷാ എലിവേറ്റർ കണ്ടുപിടിക്കുകയും ഇപ്പോഴത്തെ വാർക്ക് സ്ട്രീറ്റിന് സമീപം ഹഡ്സന്റെ തീരത്ത് ലോകത്തിലെ ആദ്യത്തെ എലിവേറ്റർ ഫാക്ടറിയായ ഓട്ടിസ് എലിവേറ്റർ കമ്പനി ആരംഭിക്കുകയും ചെയ്തു. 1880 കളിൽ ഇത് നഗരത്തിലെ വലിയ ഭാഗങ്ങളിലേക്ക് (ഇപ്പോൾ യോങ്കേഴ്സ് പബ്ലിക് ലൈബ്രറി) മാറ്റിസ്ഥാപിച്ചു. അതേ സമയത്തുതന്നെ, അലക്സാണ്ടർ സ്മിത്ത് ആൻഡ് സൺസ് കാർപെറ്റ് കമ്പനി (സാ മിൽ റിവർ വാലിയിലെ) 45 കെട്ടിടങ്ങളും 800 തറികളും 4,000 ത്തിലധികം തൊഴിലാളികളുമായി പ്രദേശത്തു വ്യാപിക്കുകയും ഇത് ലോകത്തെ പരവതാനി ഉൽപാദിപ്പിക്കുന്ന ആദ്യകാലത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുകയും ചെയ്തു.
1854-ൽ യോങ്കേഴ്സ് പട്ടണത്തിന്റെ വടക്കൻ ഭാഗത്തുള്ള ഒരു ഗ്രാമമായും 1872-ൽ ഒരു നഗരമായും ഈ സമൂഹത്തെ ഉൾപ്പെടുത്തി. 1874-ൽ കിംഗ്സ്ബ്രിഡ്ജ്, റിവർഡേൽ എന്നിവയുൾപ്പെടെയുള്ള പട്ടണത്തിന്റെ തെക്കൻ ഭാഗങ്ങളെ ന്യൂയോർക്ക് നഗരം ദി ബ്രോങ്ക്സ് ആയി കൂട്ടിച്ചേർത്തു. 1898-ൽ യോങ്കേഴ്സ് (ബ്രൂക്ലിൻ, ക്വീൻസ്, സ്റ്റാറ്റൻ ഐലന്റ് എന്നിവയോടൊപ്പം) ന്യൂയോർക്ക് നഗരത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് നിർണ്ണയിക്കാനായി ഒരു ജനഹിതപരിശോധനയിൽ വോട്ട് ചെയ്തു. ഫലങ്ങൾ മറ്റെവിടെയും അനുകൂലമായിരുന്നപ്പോൾ, ജനഹിത പ്രകാരം യോങ്കേഴ്സിലും അയൽപ്രദേശമായ മൌണ്ട് വെർണനിലും പ്രതികൂലം ആയിരിക്കുകയും ഈ രണ്ട് മേഖലകളും ഏകീകൃത നഗരത്തിൽ ഉൾപ്പെടുത്തപ്പെടാതെ, സ്വതന്ത്രമായി തുടരുകയും ചെയ്തു.[7] എന്നിരുന്നാലും, ചില നിവാസികൾ ന്യൂയോർക്ക് നഗര അതിർത്തിയിലെ അതിന്റെ സ്ഥാനം, നഗര സ്വഭാവം, ലയന വോട്ടുകളിലെ പരാജയം എന്നിവ സുചിപ്പിച്ചുകൊണ്ട് നഗരത്തെ "സിക്സ്ത് ബറോ" എന്ന് വിളിക്കുന്നു.
അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് 254 യോങ്കേഴ്സ് നിവാസികൾ കരസേനയിലും നാവികസേനയിലും ചേർന്നു. അവർ പ്രാഥമികമായി നാല് വ്യത്യസ്ത റെജിമെന്റുകളിൽ ചേർന്നു. ആറാമത് ന്യൂയോർക്ക് ഹെവി ആർട്ടിലറി, അഞ്ചാമത് ന്യൂയോർക്ക് വൊളന്റിയർ ഇൻഫൻട്രി, 17-ാമത് ന്യൂയോർക്ക് വോളന്റിയർമാർ, 15-ാമത് NY നാഷണൽ ഗാർഡ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ന്യൂയോർക്ക് സിറ്റി ഡ്രാഫ്റ്റ് ലഹളയ്ക്കിടെ, യോങ്കേഴ്സ് നഗരം ഹോം ഗാർഡുകൾ രൂപീകരിച്ചു. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് പടരുമെന്ന് ഭയന്നിരുന്ന കലാപത്തിൽനിന്ന് യോങ്കേഴ്സ് നഗരത്തെ സംരക്ഷിക്കുന്നതിനാണ് കോൺസ്റ്റബിൾമാരുടെ ഈ സേന രൂപീകരിച്ചത്. കലാപം ഭാഗ്യവശാൽ യോങ്കേഴ്സ് നിവാസികൾക്ക് ഒരിക്കലും ബാധിച്ചില്ല. ആഭ്യന്തരയുദ്ധത്തിൽ പതിനേഴ് യോങ്കേഴ്സ് നിവാസികൾ കൊല്ലപ്പെട്ടിരുന്നു.[8]
ന്യൂയോർക്ക് നഗരവും നോർത്തേൺ റെയിൽവേ കമ്പനിയും (പിന്നീട് ന്യൂയോർക്ക് സെൻട്രൽ റെയിൽറോഡ്) യോങ്കേഴ്സിനെ മാൻഹട്ടനുമായി 1888 ൽ ബന്ധിപ്പിച്ചു. ഗെറ്റി സ്ക്വയറിലേക്ക് മൂന്ന് മൈൽ ദൂരത്തിലൂള്ള ഒരു ഊടുവഴി 1943 വരെ നിലനിന്നിരുന്നു.[9]
ഒരു ഉൽപാദന കേന്ദ്രം എന്നതിനപ്പുറം, അമേരിക്കൻ ഐക്യനാടുകളിലെ വിനോദ വ്യവസായത്തെ വികസിപ്പിക്കുന്നതിലും യോങ്കേഴ്സ് ഒരു പ്രധാന പങ്ക് വഹിച്ചു. 1888-ൽ സ്കോട്ടിഷ് വംശജനായ ജോൺ റീഡ് അമേരിക്കയിൽ ആദ്യത്തെ ഗോൾഫ് കോഴ്സായി സെന്റ് ആൻഡ്രൂസ് ഗോൾഫ് ക്ലബ് യോങ്കേഴ്സിൽ സ്ഥാപിച്ചു.[10]
Seamless Wikipedia browsing. On steroids.